Saturday, July 4, 2020


സൂഫിയും സുജാതയും

(Alert: May contain parts of the story)

മറ്റെല്ലാ മേഖലകളെയും പോലെ കൊറോണ വൈറസ് കലാരംഗത്തെയും നിശ്ചലമാക്കി. പ്രത്ത്യേകിച്ചും സിനിമ രംഗത്തെ. സിനിമ നിർമാണമായാലും തിയേറ്റർ റിലീസ് ആയാലും ലോക്ക് ഔട്ട് ഈ രംഗങ്ങളെയെല്ലാം തന്നെ തികച്ചും നിശ്ചലമാക്കി. ഈ ഘട്ടത്തിലാണ് വിജയ് ബാബു   നിർമിച്ച, നരണിപ്പുഴ ഷാനവാസ് എഴുതി സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രം പല വിവാദങ്ങൾക്കും ഒടുവിൽ ആമസോൺ  പ്രൈമിൽ  റിലീസ് ആവുന്നത്.

പ്രണയ കഥകൾ,  പ്രത്ത്യേകിച്ചും നാടകീയതകൾ നിറഞ്ഞ  വ്യത്യസ്ത മതക്കാർ തമ്മിലുള്ള പ്രണയം, സിനിമാക്കാർക്ക് ഏറെ ഇഷ്ടമുള്ള വിഷയമാണ്. "എന്ന് നിന്റെ മൊയ്‌ദീൻ " എന്ന ചിത്രം മികച്ച വിജയം കൊയ്തത് അടുത്ത കാലത്താണല്ലോ. സൂഫിയും സുജാതയും ആ വഴി തന്നെയാണ് പരീക്ഷിക്കുന്നത്. എങ്കിലും മിത്തുകൾ കോർത്തിണക്കി അച്ചടക്കത്തോടെ കഥ പറയുവാനും മികച്ച സംഗീതവും (എം ജയചന്ദ്രൻ) ഛായാഗ്രഹണവും (അനു  മൂത്തേടത്) കാഴ്ച വെക്കുവാനും അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിരിക്കുന്നു.

പത്തുവർഷങ്ങൾക്കുശേഷം സൂഫി തൻ്റെ ഗുരുവായിരുന്ന ഉസ്താദിൻ്റെ ചരമ ദിനത്തിൽ  ഗ്രാമത്തിലേക്ക് വരുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. ഗ്രാമം വർഷങ്ങൾക്ക്‌ ശേഷം സൂഫിയുടെ മാസ്മരിക ശക്തിയുള്ള ബാങ്ക് വിളി കേട്ടുണരുന്നു.എന്നാൽ ആ പ്രഭാതത്തിൽ തന്നെ സൂഫി നിസ്കാരത്തിനിടക്ക് മരണപ്പെടുന്നു. എന്തുകൊണ്ടങ്ങിനെ എന്ന് കഥാകാരനോട് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു: മരണം ചിലപ്പോൾ അങ്ങിനെയാണ്. മരണ വൃത്താന്തം ദുബായിൽ കഴിയുന്ന സുജാതയിലും ഭർത്താവു രാജീവിലും എത്തുന്നതോടെയാണ് സുജാതയും സൂഫിയും തമ്മിലുള്ള ദിവ്യ പ്രണയത്തിന്റെ ചുരുളഴിയുന്നത്.

നല്ലൊരു തറവാട്ടിലെ സന്തതിയായ സുജാത മൂകയാണ്. നൃത്തവും സംഗീതവും ജീവനാണവൾക്ക്. ഗ്രാമത്തിലെ ക്ലാരിനെറ്റ്‌  വാദകനായ വൃദ്ധൻ  ഉസ്താദിൻ്റെ  വീട്ടിലെ പതിവുകാരിയാണവൾ. ഉസ്താദിൻ്റെ ശിഷ്യൻ സൂഫിയെ അവൾ കാണുന്നതും പരിചയപ്പെടുന്നതും അവിടെ വെച്ചാണ്. മാസ്മരിക ശബ്ദത്തിൽ ബാങ്ക് വിളിക്കുന്ന, പെരുവിരലിൽ പമ്പരം പോലെ കറങ്ങി അലൗകിക നൃത്തമാടുന്ന സൂഫി ക്രമേണ അവളുടെ ഹൃദയം കവർന്നു. ഉസ്താദിൻ്റെ ക്ലാരിനെറ്റ്‌  വാദനത്തിനും സൂഫിയുടെ ബാങ്കുവിളിക്കും അനുസരിച്ചു ചുവടുവെച്ചു നൃത്തമാടുന്ന സുജാത ഈ ചിത്രത്തിലെ ഒരു ആകർഷണമാണ്. സംഗീത സാന്ദ്രവും കാവ്യാത്മകവുമായ രീതിയിൽ ആ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു.

സുജാതയുടെ പ്രണയത്തോടു വീട്ടുകാരുടെ എതിർപ്പും സൂഫിയുടെ നാട് വിടലും തുടർന്ന് ദുബൈക്കാരൻ രാജീവുമായുള്ള വിവാഹവുമെല്ലാം ഇത്തരം പ്രണയ കഥകളിൽ   എല്ലാവർക്കും  അറിയാവുന്ന തുടർച്ചകളാണെന്നിരിക്കെ സംവിധായകനും ഞാനും അവ വിസ്തരിക്കുന്നില്ല. കാവ്യാത്മകത കൈ വിട്ടു ചിത്രം ഇനിയങ്ങോട്ട് നാടകീയതയിലേക്കു കടക്കുകയാണ്. ഭാര്യയെ മരിച്ച പഴയ കാമുകനെ ഒരു നോക്ക് കാണിക്കുവാനായി മഹാ മനസ്കനായ രാജീവ് നാട്ടിലേക്കു കൊണ്ടുവരുന്നെങ്കിലും കാണിക്കുവാനായില്ല. അയാൾക്ക്‌ മാത്രമേ ആ ഖബറടക്കൽ ചടങ്ങിൽ  പങ്കെടുക്കാൻ പറ്റിയുള്ളൂ.പിറ്റേന്ന് ദുബായിലേക്ക് തിരിച്ചു പോകാൻ നോക്കുമ്പോഴാകട്ടെ, പാസ്സ്‌പോർട്ടും മറ്റു രേഖകളും കാണുന്നില്ല. ഖബറിനകത്തു  മണ്ണിടുമ്പോൾ പാസ്പോർട് കുഴിയിൽ വീണിരിക്കാം എന്ന സംശയം ബലപ്പെടുന്നു. ചിത്രത്തിന്റെ  പര്യവസാനത്തിനായി ഇനിയുള്ള  രംഗങ്ങൾ ഉദ്യോഗപൂർണമാക്കാനാണ്   തുടർന്ന്‌ സംവിധായകന്റെ  ശ്രമം. ഈ ഉദ്യമത്തിൽ ഒരളവു വരെ അദ്ദേഹം വിജയിക്കുന്നുമുണ്ട്.

വൈകാരികവും ഭാവാഭിനയ പ്രധാനവുമായ മുഹൂർത്തങ്ങൾ കുറഞ്ഞ ഈ  ചിത്രത്തിൽ നായികയായ സുജാതയുടെ റോൾ ഭേദപ്പെട്ട രീതിയിൽ ചെയ്തിരിക്കുന്നത് അദിതി റാവു ഹൈദരി ആണ്. സൂഫിയുടെ റോൾ പുതുമുഖമായ ദേവ് മോഹൻ മോശമാക്കിയില്ല. സുജാതയുടെ ഭർത്താവു രാജീവന്റെ റോളിൽ ജയസൂര്യയും  മാതാ പിതാക്കളുടെ റോളിൽ സിദ്ദിക്കു് കലാരഞ്ജിനി തുടങ്ങിയവരും ഉണ്ട്. മുത്തശ്ശി മരിച്ച രംഗത്തിൽ അദിതിയും മിണ്ടാപ്രാണിയായ ഏക മകൾ സൂഫിക്കൊപ്പം പോകാനായി വീട് വിട്ടിറങ്ങുന്ന രംഗത്തിൽ സിദ്ദിക്കും മികവ് പുലർത്തി. 

ജിഹാദ് വിവാഹങ്ങൾ പോലുള്ള വിവാദങ്ങളിലേക്ക് എളുപ്പം വഴുതിയേക്കാവുന്ന ഇതിവൃത്തം ജാഗ്രതയോടെയാണ്‌ ‌ കൈകാര്യം ചെയ്തിരിക്കുന്നത്; കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ അങ്ങിങ്ങു  ഇവയെ സ്പർശിക്കുന്നുണ്ടെങ്കിലും. ആകെ മൊത്തം നോക്കിയാൽ വളരെക്കാലമായി പുതിയതൊന്നും കാണാനില്ലാതെ വിഷമിച്ചിരുന്ന സിനിമ പ്രേമികൾക്ക് ഇതൊരു ആശ്വാസം തന്നെ. സ്മാർട്ട് ടീവിയും  ഹോം തീയേറ്ററും കൂടി ഉണ്ടെങ്കിൽ ദൃശ്യ ശ്രവ്യ അനുഭവത്തിനും  ഓൺലൈൻ റിലീസിൽ കാര്യമായ കുറവില്ല. തിയേറ്റർ അനുഭൂതിയുടെ അടുത്തൊന്നും വരില്ലെങ്കിലും.