Wednesday, July 26, 2023

 

ഓപ്പൺഹൈമെർ

(സിനിമ ആസ്വാദനം)

(Spoiler Alert: Contains part of the film story)



(poster courtesy)

മനുഷ്യരെ സഹായിക്കാനായി അവർക്ക് തീ സമ്മാനിച്ച്  ഒളിമ്പസ് മലയിലെ ഗ്രീക്ക് ദൈവങ്ങളെ പിണക്കിയ ആളായിരുന്നു, 'പ്രൊമെത്യൂസ്'. മനുഷ്യരെ സംബന്ധിച്ചിടത്തോളം തീ ഉണ്ടാക്കാൻ പഠിച്ചത് അവരുടെ പരിണാമ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരുന്നു. എന്തായാലും ഗ്രീക്ക് ദൈവങ്ങളുടെ രാജാവായ സീയൂസ് പ്രൊമെത്യൂസിനെ കഠിനമായി ശിക്ഷിച്ചു. ഒരു വലിയ പാറക്കല്ലിൽ അദ്ദേഹത്തെ കെട്ടിയിട്ടു. എന്നിട്ട് അദ്ദഹത്തിന്റെ കരൾ കൊത്തിപ്പറിക്കുവാനായി ഒരു കഴുകനെ ദിനവും അദ്ദേഹത്തിനടുത്തേക്ക് പറഞ്ഞുവിട്ടു. കഴുകൻ പകൽ കൊത്തിപ്പറിച്ച കരൾ രാത്രിയിൽ വളർന്ന് പൂർവ സ്ഥിതിയിലാവും. വീണ്ടും അടുത്ത പകൽ കഴുകൻ വന്ന് കൊത്തിപ്പറിക്കും. ഈ ദുരന്തത്തുടർച്ചയിൽ നിന്നും പ്രൊമെത്യൂസിനെ രക്ഷിച്ചത് ഹെറാകെലെസ് എന്ന ഗ്രീക്ക് ഹീറോയായിരുന്നു. (റോമൻ മിത്തോളജി പ്രകാരം ഹെർക്കുലീസ്).

ഇപ്പോൾ പ്രൊമെത്യൂസിനെ ഓർക്കാൻ കാരണമുണ്ട്. 'അമേരിക്കൻ പ്രൊമെത്യൂസ്' എന്ന് വിളിക്കപ്പെട്ട ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ ഉണ്ട്: ജെ റോബർട്ട് ഓപ്പൺഹൈമെർ. പ്രൊമെത്യൂസ് മനുഷ്യന് തീ സമ്മാനിച്ചതുപോലെ ഓപ്പൺഹൈമെർ മനുഷ്യരാശിക്ക് സംഭാവന ചെയ്തത് ആദ്യത്തെ ആറ്റം ബോംബായിരുന്നു. ലഭിച്ച് അധിക ദിവസം കഴിയുന്നതിനു മുൻപ് തന്നെ അമേരിക്കക്കാർ അതിന്റെ പ്രഹര ശേഷി രണ്ടാം ലോക മഹാ യുദ്ധത്തിൽ ജപ്പാനിൽ രണ്ടിടത്ത് രണ്ടു ദിവസങ്ങളിലായി പ്രയോഗിച്ച് ലോകത്തിനു സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പതിനായിരക്കണിക്കിന് ജനങ്ങൾ നേരിട്ടും പിന്നീട് റേഡിയേഷൻ പ്രത്യാഘാതങ്ങൾ മൂലവും മരണപ്പെട്ടു. തന്റെ ഒരു ഉൽപ്പന്നം ഇത്രയും നാശമുണ്ടാക്കിയതിൽ ഓപ്പൺഹൈമെർക്ക് അപ്പോൾ കുറ്റബോധമോ ദുഖമോ ഉണ്ടായിരുന്നെന്ന് പറഞ്ഞുകൂടാ. പിൽക്കാലത്ത് ഉണ്ടായെങ്കിലും.  ലോക മഹായുദ്ധം അവസാനിപ്പിക്കുവാൻ അത് അനിവാര്യമാണെന്ന് അമേരിക്കൻ ഭരണകൂടത്തെപോലെ അദ്ദഹവും വിശ്വസിച്ചു. അമേരിക്കക്കാർ അപ്പോഴത്തെ വിജയ ലഹരിയിൽ ഒപ്പൺഹൈമറെ 'ആറ്റം ബോംബിന്റെ പിതാവ്' എന്ന് സ്നേഹപൂർവ്വം വിളിച്ചു. എന്നാൽ പിന്നീട് ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ വ്യക്തി വിരോധങ്ങൾ അദ്ദേഹത്തെ ആരുമല്ലാതാക്കി. എങ്കിലും വർഷങ്ങൾക്കു ശേഷം, നിരന്തരമായ പുകവലികാരണം പിടിപെട്ട കാൻസർ രോഗം കീഴടക്കുന്നതിനു മുൻപ്, മാറി വന്ന അമേരിക്കൻ ഭരണകൂടം അദ്ദേഹത്തെ 'എൻറികോ ഫെർമി അവാർഡ്' നൽകി ആദരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ജീവിതകഥയായ 'അമേരിക്കൻ പ്രൊമെത്യൂസ്: ദി ട്രയാംഫ് ആൻഡ് ട്രാജഡി ഓഫ് ജെ റോബർട്ട് ഓപ്പൺഹൈമെർ' എന്ന പുസ്തകത്തെ ആസ്പദമാക്കി ഇപ്പോൾ സുപ്രസിദ്ധ ഹോളിവുഡ് സംവിധായകനായ ക്രിസ്റ്റഫർ നോളൻ ഒരു ബയോപിക് അവതരിപ്പിക്കുന്നു - ഓപ്പൺഹൈമെർ.

ന്യൂയോർക്കിൽ ജർമനിയിൽ നിന്നും കുടിയേറിപ്പാർത്ത ജൂത ദമ്പതിമാരുടെ മകനായിട്ടായിരുന്നു ഓപ്പൺഹൈമറുടെ ജനനം. ഹാർവാർഡിൽ നിന്നും ബിരുദം നേടിയ അദ്ദേഹം കേംബ്രിഡ്ജിൽ ഒരു ലാബിൽ പഠിക്കുന്ന സമയത്ത് ഗൃഹാതുരത്വവും മാനസികാസ്വാസ്ഥ്യവും കാരണം തന്റെ അദ്ധ്യാപകന് കഴിക്കുവാൻ വിഷം കലർത്തിയ ആപ്പിൾ വെക്കുന്നിടത്തു നിന്നാണ് നോളൻ സിനിമ ആരംഭിക്കുന്നത്. അത് അബദ്ധത്തിൽ കഴിക്കുന്നതിൽ നിന്നും ഓപ്പൺഹൈമെർക്ക് പ്രിയപ്പെട്ട ശാസ്ത്രജ്ഞൻ നീൽസ് ബൊഹെർ കഷ്ടിച്ച് രക്ഷപ്പെടുന്നു.അതുവഴി ഓപ്പൺഹൈമറും. പിന്നീട് ജർമനിയിൽ നിന്നും ഗവേണ ബിരുദങ്ങൾ നേടിയ ഓപ്പൺഹൈമെർ 'ക്വാണ്ടം ഫിസിക്സ്' ശാഖയിൽ പ്രശസ്തനാവുന്നു.

അമേരിക്കയിലേക്ക് തിരിച്ചുവരുന്ന ഓപ്പൺഹൈമെർ ജീൻ ടാറ്റ്‌ലോക്ക് എന്ന യുവതിയുമായി പരിചയത്തിലാവുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായിരുന്ന അവരുമായുള്ള ബന്ധം ആശയപരമായും ബൗദ്ധികമായും ശാരീരികമായും വളരെ അടുത്തായിരുന്നു. എങ്കിലും പിന്നീട് പരിചയപ്പെട്ട മറ്റൊരു കമ്മ്യൂണിസ്റ്റ് മെമ്പറായ കാത്തറീൻ കിറ്റിയെയായിരുന്നു ഓപ്പൺഹൈമെർ വിവാഹം കഴിച്ചത്. ഓപ്പൺഹൈമെർ ഗവേഷണത്തിനും ജോലിക്കും ജീവിതത്തിൽ മുൻ‌തൂക്കം കൊടുത്തതിനാൽ അവരുടെ വിവാഹജീവിതം എല്ലായ്പ്പോഴും സംഘർഷഭരിതമായിരുന്നു.

രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു അത്. മറ്റാർക്കും നിർമ്മിക്കാനാവാത്തത്ര ശക്തിയേറിയ ബോംബുകൾ നിർമിക്കാനുള്ള ശ്രമത്തിലായിരുന്നു വിവിധ രാജ്യങ്ങൾ. അങ്ങിനെയാണ് അമേരിക്ക അണുബോംബ് നിർമിക്കുവാൻ പദ്ധതിയിടുന്നതും അതിനായി മൻഹാട്ടൻ പ്രൊജക്റ്റ് എന്ന പേരിലുള്ള സംരംഭം തുടങ്ങുന്നതും. അതിന്റെ മുഴുവൻ ഉത്തരവാദിത്വവും ജനറൽ ലെസ്ലീ ഗ്രോവ്‌സിന്റെ പട്ടാള മേൽനോട്ടത്തിന് കീഴിൽ ഓപ്പൺഹൈമെർക്ക് ആയിരുന്നു. ഭരണകൂട സമ്മർദ്ദങ്ങൾക്ക് വഴങ്ങി സമയാധിഷ്ഠിതമായി ആദ്യത്തെ ആറ്റം ബോംബ് നിർമ്മിക്കുവാനും വിജയകരമായി പരീക്ഷിക്കുവാനും അദ്ദേഹത്തിനായി. അങ്ങിനെ അദ്ദേഹം അമേരിക്കക്കാരുടെ കണ്ണിലുണ്ണി ആയി. എന്നാൽ ഉന്നത തല യോഗങ്ങളിലും ചർച്ചകളിലും മറ്റും ആളും തരവും നോക്കാതെയുള്ള അഭിപ്രായ പ്രകടനങ്ങളും തന്റെ പഴയ കമ്മ്യൂണിസ്റ്റ് ബന്ധങ്ങളും ഓപ്പൺഹൈമെറെ ഭരണകൂടത്തിലെ ഉന്നതന്മാരുടെ അപ്രീതിക്കിരയാക്കി. ലെവിസ് സ്‌ട്രോസ് എന്ന സെനറ്റർ ആയിരുന്നു അതിൽ പ്രധാനി. അദ്ദേഹത്തിന്റെ ഗൂഡാലോചനയുടെ ഫലമായി ഓപ്പൺഹൈമെർ സുരക്ഷാ അനുമതി കിട്ടുവാനായി ദീർഘകാലം വിചാരണ ചെയ്യപ്പെട്ടു. ഒടുവിൽ അത് നിഷേധിക്കപ്പെടുകയും ചെയ്തു. ഉന്നത ജോലികൾക്ക് സുരക്ഷാ അനുമതി അനിവാര്യമായിരുന്നതിനാൽ അത്തരം സ്ഥാനങ്ങളിൽ നിന്നെല്ലാം അങ്ങിനെ അദ്ദേഹം ഒഴിവാക്കപ്പെട്ടു.

ദീർഘമായ സുരക്ഷാ വിചാരണയെ അടിസ്ഥാനമാക്കിയാണ് നോളൻ തന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഓപ്പൺഹൈമറുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം വിചാരണ ചെയ്യപ്പെടുന്നതിനനുസരിച്ച് അവ ഫ്ലാഷ് ബാക്കിലൂടെ പ്രേക്ഷകന് മുന്നിലെത്തുന്നു. കറുപ്പ് വെളുപ്പ് വർണ്ണം എന്നീ മാധ്യമങ്ങൾ ഇതിനായി നോളൻ വിദഗ്‌ദ്ധമായി ഇഴ ചേർത്തിരിക്കുന്നു. ഭൂരിഭാഗവും സംഭാഷണങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. ഇത്  ചിത്രത്തെ അല്പം വലിച്ചിഴക്കുന്നുണ്ട്. പ്രത്യേകിച്ചും ആദ്യ പകുതിയെ. നോളന്റെ മുൻ ചിത്രങ്ങളിലുള്ള തരത്തിലുള്ള ചടുലതയേറിയ ആക്ഷൻ രംഗങ്ങൾക്ക് ഈ ചിത്രത്തിൽ സ്ഥാനമില്ല. എന്നിരുന്നാലും ഒരു കലാകാരൻ എത്രയായാലും തന്റെ 'തനിനിറം' കാണിക്കുക തന്നെ ചെയ്യുമല്ലോ. 'ട്രിനിറ്റി' എന്ന് പേരിട്ട ആദ്യത്തെ ആറ്റം ബോംബ് സ്ഫോടന പരീക്ഷണ രംഗത്തിൽ നോളൻ തന്റെ ആ ‘തനിനിറം’ കാണിക്കുക തന്നെ ചെയ്തു. അത്യന്തം ഉദ്വേഗ ജനകമായ രീതിയിൽ ആണ് ആ സീക്വൻസ് ചിത്രീകരിച്ചിട്ടുള്ളത്. യഥാർത്ഥ നോളൻ ടച്ചോടുകൂടി.

ഈ ചിത്രത്തിലെ കാസ്റ്റിംഗും അഭിനയവും എടുത്തു പറയേണ്ടിയിരിക്കുന്നു. യഥാർത്ഥ വ്യക്തികളുമായി അതിശയകരമായ രൂപ സാദൃശ്യത്തോട് കൂടിയാണ് ഓരോ അഭിനേതാവും നമുക്ക് മുന്നിലെത്തുന്നത്. കീലി മർഫി, മാറ്റ് ഡാമ്മൻ, റോബർട്ട് ഡോവ്ണി Jr, എമിലി ബ്ലാൻഡ് തുടങ്ങിയവരെല്ലാം മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.  ചെറിയ റോളുകളിൽ ഗാരി ഓൾഡ്മാനെപ്പോലുള്ളവരുമുണ്ട്. പലരും ഈ ചിത്രത്തിൽ അഭിനയിക്കുവാൻ വേണ്ടി തങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതായി പോലും റിപ്പോർട്ടുകളുണ്ട്. വിഷ്വൽ സാദ്ധ്യതകൾ കമ്മിയായ, ഡയലോഗുകൾ മാത്രമുള്ള രംഗങ്ങളിൽ പശ്ചാത്തല സംഗീതം കൊണ്ടും വിഷ്വൽ സാദ്ധ്യത കൂടിയ ബോംബ് വിസ്ഫോടനം പോലുള്ള രംഗങ്ങളിൽ നിശ്ശബ്ദത കൊണ്ടും വിജയകരമായി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് സംവിധായകനും കൂട്ടരും.

ശാസ്ത്ര സാങ്കേതിക വിദ്യയായാലും മനുഷ്യന്റെ മറ്റെന്തു തന്നെ നേട്ടങ്ങളായാലും അത് അധികാരവും ഭരണവും കയ്യാളുന്നവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് തോന്നിയപോലെ ഉപയോഗിക്കപ്പെടുന്നു. ആ നേട്ടങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ശാസ്ത്രജ്ഞരുടെയും മറ്റും ഭാവിയും വ്യക്തിജീവിതവും അത്തരക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് നിർണ്ണയിക്കപ്പെടുന്നു. ഓപ്പൺഹൈമറുടെ ജീവിതം ഈ സത്യം ഒരിക്കൽ കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു. നോളൻ ഒരുക്കിയ ഈ ചിത്രം റിച്ചാർഡ് ആറ്റൺബോറോയുടെ 'ഗാന്ധി' ക്കു ശേഷമുള്ള ഏറ്റവും മികച്ച ബയോപിക് സിനിമ ആണെന്ന് തന്നെ പറയാം.





 

 

Friday, July 21, 2023

 

വീട്ടേയ് കെട്ടിപ്പാര്….

3


(Picture courtesy)

വിഷു കഴിഞ്ഞു. കനത്ത ചൂടിന്റെ ദിവസങ്ങൾ വരവായി. പക്ഷെ പുലാപ്പറ്റക്കാർക്ക് മിക്ക ദിവസങ്ങളിലും ഉച്ച കഴിഞ്ഞാൽ മഴ കിട്ടും. മൂന്നു മണി കഴിഞ്ഞാൽ കിഴക്ക് ഇരുളുന്ന കല്ലടിക്കോടൻ മല. ഇരുളുന്ന അന്തരീക്ഷവും ചക്രവാളങ്ങളും. മുരളുന്ന ഇടി. പതിയെ തുടങ്ങുന്ന അതിന്റെ മുഴക്കവും ഗാംഭീര്യവും പതുക്കെ പതുക്കെ കൂടിക്കൂടി വരുന്നു. പെട്ടെന്ന് വീടിനെ പിടിച്ചുലയ്ക്കുന്ന പൊട്ടലോടെ ഇടിയും മിന്നലും. പുരപ്പുറത്ത് കല്ലെറിയുന്ന പോലെ വന്നു വീഴുന്ന കനത്ത തുള്ളികൾ. ചിലപ്പോൾ മുറ്റത്തു വീണു ചിതറിത്തെറിക്കുന്ന ഐസു കട്ടകൾ.ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം മഴ ശമിക്കുമ്പോൾ തെളിയുന്ന സാന്ധ്യ ശോഭ. സ്വർണ വെളിച്ചം. അതു കഴിയുമ്പോഴേക്കും മണ്ണിലെ എതെങ്കിലും സുഷിരങ്ങളിലൂടെ പുറത്തു വരുന്ന പാറ്റകൾ. ജീവിതത്തിന്റെ ക്ഷണികതയെ മനുഷ്യരെ ഓർമ്മിപ്പിക്കാനെന്ന പോലെ പറന്നുയരുന്ന ഈയ്യാം പാറ്റകൾ. 

ഒലവക്കോട് ഇക്കാലത്ത് അങ്ങിനെയുള്ള മഴ പതിവില്ല. മഴ തുടങ്ങിയാൽ വീട് പണിയുടെ സൈറ്റിലേക്ക് എത്തിച്ചേരുന്നത് ദുഷ്കരമാണ്. നെൽപ്പാടം ആയിരുന്ന സ്ഥലമാണ്. കോളനിയിൽ ആദ്യമാദ്യം വീട് വെച്ചവർ നിർമ്മിച്ച ഭേദപ്പെട്ട റോഡിൽ നിന്നും നൂറുമീറ്ററോളം ചെളിയിലൂടെ പോകണം. നിർമാണ സാമഗ്രികളും പാറപ്പൊടിയും മറ്റും ഇട്ടതുകാരണം കാല് ചെളിയിൽ പൂന്താതെ നടക്കാമെന്നു മാത്രം. കൂടു തൽ മഴ തുടങ്ങുന്നതിനു മുൻപ് തേപ്പ് തീർക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ പണിക്കാരെ കിട്ടാത്തത് കാരണം അത് പ്രതിസന്ധിയിലായി.

പണി മുടങ്ങി ഇപ്പോൾ മാസങ്ങളായിരിക്കുന്നു. ചന്ദ്രൻറെ മരപ്പണി ഇഴഞ്ഞു നീങ്ങുന്നു. അയാൾക്ക് ഇപ്പോൾ വലിയ മാനസിക പ്രശ്നങ്ങൾ ഇല്ലെങ്കിലും, എപ്പോൾ വേണമെങ്കിലും അത് തല പൊക്കാം. രാജേഷുമായുള്ള കേസ് ആവശ്യമില്ലാത്ത ഒരു പൊല്ലാപ്പായി തോന്നാൻ തുടങ്ങി. പ്രതിയോഗി ഇത്തരം ഒരു പാവത്താനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇതിന് ഇറങ്ങി പുറപ്പെടില്ലായിരുന്നു; എത്ര തന്നെ നഷ്ട്ടമുണ്ടായാലും. എതിരാളി ദുഷ്ടനോ ശക്തനോ അല്ലെങ്കിൽ പിന്നെന്ത് യുദ്ധം! അത് ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധനാണെങ്കിൽപ്പോലുംഅങ്ങിനെ ചിലപ്പോഴെല്ലാം ഞാൻ വല്ലാത്തൊരു ഇരുണ്ട് മൂടിക്കെട്ടിയ മാനസികാവസ്ഥയിൽ അകപ്പെട്ടു. കർക്കിടകത്തിലെ ഇരുണ്ട ദിനങ്ങളെപ്പോലെ. സന്തോഷത്തിന്റെ സൂര്യപ്രകാശമില്ല. കോരിച്ചൊരിയുന്ന മഴയുടെ ദുഃഖക്കണ്ണീരുമില്ല. മനസ്സിൽ കാരണമറിയാത്ത എന്തോ ഒരു ശൂന്യത മാത്രം. 

പണിസ്ഥലത്തിന്റെ ഏറ്റവും അടുത്ത് താമസം തുടങ്ങിയിരിക്കുന്നത് റെയ്ൽവേയിൽ നിന്നും പിരിഞ്ഞ ഒരാളായിരുന്നു. തങ്കപ്പേട്ടൻ. പാലക്കാട്ടുകാരായ അയാളുടെ ബന്ധുക്കൾക്ക്തങ്കപ്പേട്ട’. ഏതാണ്ട് അച്ഛന്റെ പ്രായം വരും. ഉയരം കുറഞ്ഞ് തലയിൽ അല്പം നേർത്ത വെളുത്ത മുടി മാത്രമുള്ള ഒരാൾ. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടെന്ന് തോന്നുന്നു. സംസാരിക്കുമ്പോഴും അപൂർവമായി ചിരിക്കുമ്പോഴും അയാളുടെ കണ്ണിനു താഴെ പേശികൾ വിറകൊണ്ടു. അച്ഛനും ഞാനുമെല്ലാം അയാളുമായി പരിചയത്തിലായി.

വീട് പണിക്ക് പല സഹായങ്ങളും മൂപ്പർ ചെയ്തു തരുമായിരുന്നു. ഏതാനും ചാക്ക് സിമന്റ് ഇറക്കിയത് അയാളുടെ പോർച്ചിൽ മൂടിപ്പുതച്ച് ഉറങ്ങാൻ തുടങ്ങിയിട്ട് ആഴ്ചകളായി; വെള്ളം തളിച്ച് ഉണർത്തി, പഞ്ചസാര പോലുള്ള ഭാരതപ്പുഴ മണൽ ചേർത്തി ചുമരിൽ തേക്കപ്പെടുവാൻ മേസൻമാരുടെ വരവും കാത്ത് കിടക്കുകയാണവ. അവരുടെ കാത്തിരുപ്പ് നീളും തോറും എനിക്ക് അസ്വസ്ഥത വർദ്ധിക്കുകയായിരുന്നു. എത്ര ദിവസം ഒരാളുടെ പോർച്ചിൽ ഇതുപോലൊരു സാധനം സൂക്ഷിക്കും; അവർ മുഖം കറുപ്പിച്ചൊന്നും പറഞ്ഞില്ലെങ്കിലും. അതുകാരണം സൈറ്റിലേക്ക് പോകുവാൻ തന്നെ ഞാൻ ഭയപ്പെട്ടു. തങ്കപ്പേട്ടനെ എങ്ങിനെ അഭിമുഖീകരിക്കും! മുൻപ് ഞാൻ അത്യധികം ആസ്വദിച്ചിരുന്ന സന്ധ്യാ സമയത്തെ ചുരം കാറ്റിന്റെ കുളിരും ദൂരെ ഇഴഞ്ഞു നീങ്ങുന്ന തീവണ്ടികളുടെ സുന്ദരദൃശ്യവും പതുക്കെ പതുക്കെ വിദൂര സ്മൃതികളായി മാറുകയായിരുന്നു.

അങ്ങിനെയിരിക്കെ ഒരു ദിവസം ടൗണിൽ വെച്ച് യാദൃശ്ചികമായി ഞാൻ തങ്കപ്പേട്ടനെ കണ്ടു. ഒരു പെട്ടിക്കടയ്ക്കു മുന്നിൽ ചായ കുടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അയാൾ. എന്നെ കണ്ടപ്പോൾ തങ്കപ്പേട്ടൻ തലകുലുക്കി ക്ഷണിച്ചു: "ചായ കുടിക്കീ..." ഞാൻ അത് സ്നേഹപൂർവം നിരസിച്ചു.

"എന്തണ്… ഞ്ഞിങ്ങടെ പണിക്കാർ ഇഞ്ഞും വന്നില്ലേകാലം കൊറേ ആയല്ലോ. സിമന്റ് മുഴോൻ കട്ട പിടിച്ചിട്ടുണ്ടാവും". തങ്കപ്പേട്ടൻ ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു. ചിരിക്കുമ്പോൾ പതിവുപോലെ അയാളുടെ കണ്ണുകൾ ചെറുതാവുകയും താഴെയുള്ള പേശികൾ വിറകൊള്ളുകയും ചെയ്തു. ചിരിയിൽ പോർച്ചിൽ സ്ഥലം മുടക്കി കിടക്കുന്ന സിമെന്റിനെ പറ്റി പരാതിയോ പരിഭവമോ ഉണ്ടോ എന്ന ഞാൻ സംശയിച്ചു.

ഇല്ല. അതിന്റെ ഒരു ലാഞ്ഛനയും ഇല്ല. എങ്കിലും ഞാൻ അല്പം കുറ്റബോധത്തോടെ എന്റെ വിഷമം മൂപ്പരുടെ മുന്നിൽ അവതരിപ്പിച്ചു. പഴയ പണിക്കാർ ഏതാണ്ട് കൈയൊഴിഞ്ഞ മട്ടാണ്. പുതിയ ആരെയെങ്കിലും കണ്ടുപിടിച്ചേ പറ്റൂ. തങ്കപ്പേട്ടൻ ആലോചനയിലാണ്ടു. 

"കുരുവായുരപ്പൻ ന്നും പറഞ്ഞ് ഒരുത്തൻ ണ്ട് ഇവടെ. അവന്റെ പണിയൊക്കെ വേണ്ട്ല. ഞാൻ വേണെങ്കിൽ അവനോട് ഒന്ന് ചോയ്ച്ച് നോക്കാം. ഞ്ഞിങ്ങ വേഷമിക്കാണ്ടിരിക്കി." 

എനിക്ക് സന്തോഷമായി. ഗുരുവായൂരപ്പനോ, അയ്യപ്പനോ, മുരുകനോ ആരായാലും വേണ്ടില്ല. ഇതൊന്ന് അവസാനിച്ചു കിട്ടിയാൽ മതി. അങ്ങിനെ ഒരു ദിവസം സന്ധ്യക്ക് ഗുരുവായൂരപ്പൻ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. കാർവർണൻ. കൃശഗാത്രൻ. എങ്കിലും ഊർജസ്വലൻ. പണി തീരാത്ത വീടിന്റെ കല്ലും കട്ടയും നിറഞ്ഞ അകത്തളങ്ങളിലൂടെ അയാൾ ഓടി നടന്നു.

"പത്തീസം കൊണ്ട് ഞങ്ങ ഇതെല്ലാം അടിച്ച് പൊറത്തു കടക്കും." മൊത്തത്തിൽ ഉള്ളിൽ ചെയ്യാനുള്ള പണിയെ ഒന്ന് അവലോകനം ചെയ്ത് ഗുരുവായൂരപ്പൻ പറഞ്ഞു.

"ഇവടെ നമ്മക്ക് ഒരു ഇഷ്ടികന്റെ ഡിസൈൻ കൊട്ക്കാം ..."

അയാൾ ഹാളിൽ നിന്നും കിടപ്പു മുറികളിലേക്ക് കടക്കുന്ന കമാനത്തെ വിരൽ ചൂണ്ടി.

"അത് വേണ്ട." ഞാൻ ധൃതിയിൽ പറഞ്ഞു. വ്യക്തത വരുത്താനെന്ന മട്ടിൽ ഗുരുവായൂരപ്പൻ വീണ്ടും ചോദിച്ചു:

"പോലീസ് ട്ടേഷൻ!....വേണ്ടേ?"

പഴയ തമിഴ്, മലയാളം സിനിമകളിൽ കണ്ടു പരിചയിച്ച പോലീസ് സ്റ്റേഷൻ രംഗങ്ങൾ ഞാൻ ഓർത്തു. ഇരുമ്പഴിയിട്ട ലോക്കപ്പിലേക്കു കടക്കുന്ന കമാനത്തിനു മുകളിലെ ഇഷ്ടിക പതിച്ചപോലുള്ള ചുവന്ന 'ഡിസൈൻ'. കുട്ടികൾ വരയ്ക്കുന്ന, രണ്ടു മലകൾക്കിടയിലെ ഉദയ സൂര്യനെപ്പോലെ. അതിന് ഇരുവശവും തോക്ക് നിലത്തു കുത്തി കാവൽ നിൽക്കുന്ന, പാവാട പോലുള്ള ട്രൗസറിട്ട പോലീസുകാർ....

"വേണ്ട..വേണ്ട." ഞാൻ തീർത്തു പറഞ്ഞു. ഗുരുവായൂരപ്പൻ നിശ്ശബ്ദനായി. സൃഷ്ടിയുടെ അവസരം നിഷേധിക്കപ്പെട്ട ഒരു കലാകാരന്റെ ദുഃഖം അയാളുടെ മുഖത്തുണ്ടായിരുന്നു. എന്തായാലും അധികം വൈകാതെ തന്നെ ഗുരുവായൂരപ്പനും സംഘവും പണികൾ തുടങ്ങി. തങ്കപ്പേട്ടനും ഗുരുവായൂരപ്പനും, പിന്നെ സാക്ഷാൽ ഗുരുവായൂരപ്പനും നന്ദി.

അങ്ങിനെയിരിക്കെ പ്രൊമോഷൻ ലിസ്റ്റ് വന്നു. എനിക്കും ഉണ്ട് സ്ഥാനക്കയറ്റം. അങ്ങിനെ രണ്ടു സന്തോഷങ്ങളായി. വീട് പണി പുനരാരംഭിച്ചതും പ്രൊമോഷനും. വാസ്തവത്തിൽ ബാങ്കിൽ പ്രൊമോഷൻ വാർത്ത കൊണ്ടുവരുന്നത് സന്തോഷത്തേക്കാളേറെ ആകാംക്ഷയുടെയും ഉദ്വേഗത്തിന്റെയും ദിനങ്ങളാണ്. കാരണം ബാങ്കിൽ അക്കാലത്ത് പ്രൊമോഷൻ എന്ന് പറഞ്ഞാൽ ഉത്തരായന കാലമാണ്. നിർബന്ധമായും ഉത്തരേന്ത്യയിൽ ആയിരിക്കും പോസ്റ്റിങ്ങ്. മൂന്നു വർഷം. ഉത്തരായന കാലത്ത് കൂടുതൽ അവധി എടുത്താൽ തുടർന്ന് വരാനുള്ള ദക്ഷിണായനം നീണ്ടു നീണ്ടു പോകാം. ചിലപ്പോൾ ചെന്ന് പെടുന്നത് വെള്ളം കിട്ടാത്തതോ അതി ദുർഘടം പിടിച്ചതോ ആയ സ്ഥലങ്ങളിൽ ആവാം. അക്കാര്യത്തിൽ എന്തായാലും ഞാൻ ഭാഗ്യവാനായി. ഗൃഹസ്ഥാശ്രമം തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും യാത്രാനിയോഗം കാശിയിലേക്കായിരുന്നു. വരാണസിയിലേക്ക്.

ആദ്യം ഒറ്റക്കുള്ള യാത്ര. അവിടെ ചെന്ന് വീടെല്ലാം തരപ്പെടുത്തി പിന്നീട് ഒന്നുരണ്ടാഴ്ചക്കുള്ളിൽ കുടുംബത്തെയും കൂട്ടി പോകാം. കുടുംബത്തോടെ ആദ്യമായി വീട്ടിൽ നിന്നും പുറത്തു പോവുകയാണ്. അതിനുള്ള ഒരുക്കങ്ങൾ അച്ഛനും കുടുംബവും ഇപ്പോഴേ തുടങ്ങിയിരിക്കുന്നു. ഇനി നാലഞ്ചു ദിവസമേ ബാക്കിയുള്ളു എനിക്ക് പോകുവാൻ. അപ്പോഴാണ് പരിചയമില്ലാത്ത രണ്ടു പേർ വീട്ടിൽ വരുന്നത്. നല്ല രീതിയിൽ പാന്റും ഷർട്ടും ധരിച്ച യുവാക്കൾ. അതിലൊരാൾ താൻ രാജേഷിന്റെ അനുജനാണ് എന്ന് സ്വയം പരിചയപ്പെടുത്തി.

"രാജേഷിന്റെ പേരിലുള്ള കേസ് ഒന്ന് ഒത്തുതീർപ്പാക്കി തരണം".  അയാൾ അപേക്ഷിച്ചു. വാറന്റിന്റെ ശക്തിയാണ്; ഞാൻ വിചാരിച്ചു. ഇനി ഇത് നീട്ടിക്കൊണ്ടു പോവാൻ എനിക്കും പറ്റില്ല. കാശിക്കു പോവാൻ നാലഞ്ചു ദിവസമേ ബാക്കിയുള്ളു. പിറ്റേന്ന് തന്നെ വക്കീലിന്റെ ഓഫീസിൽ വെച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ഞാൻ അവരെ യാത്രയാക്കി.

പിറ്റേ ദിവസം അങ്ങിനെ വക്കീലിന്റ സാന്നിധ്യത്തിൽ എനിക്ക് ബാക്കി കിട്ടാനുള്ള സംഖ്യ ലഭിച്ചു. ഗൾഫ് നാടുകളിൽ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന   രാജേഷിന്റെ അനുജന് നഷ്ടം വരുത്തി വെച്ചതിൽ എനിക്ക് അനല്പമായ മനഃപ്രയാസമുണ്ടായി. എന്റെ ആലോചനയില്ലായ്മകൊണ്ടാണല്ലോ അയാൾക്ക് നഷ്ടം സംഭവിച്ചത്. അതിന്റെ കുറ്റബോധം ഇപ്പോഴും എന്നെ വേട്ടയാടുന്നു.   രാജേഷിനെ ഗൾഫിലേക്ക് കൂടെ കൊണ്ടുപോവുന്ന കാര്യവും അയാൾ സൂചിപ്പിച്ചു. ദൈവം അയാൾക്ക് നല്ലതു വരുത്തട്ടെ! വക്കീലിന്റെ ഫീസ് ഞാൻ കൊടുത്തു. കേസ് പിൻവലിക്കാൻ വേണ്ടുന്ന കടലാസുകൾ ഒപ്പിട്ടു കൊടുത്തു. പോരാൻ നേരം ജൂനിയർ വക്കീൽ കൂടെയിറങ്ങി.  "സീനിയർ എനിക്കൊന്നും തരില്ല..." അയാൾ ഭവ്യതയോടെ എന്റെ ചെവിയിൽ പറഞ്ഞു. വാസ്തവത്തിൽ കേസിന്റെ എല്ലാ കാര്യങ്ങളും നോക്കിയത് അയാളായിരുന്നു. ഞങ്ങൾ ഏതാണ്ട് സുഹൃത്തുക്കളായി മാറിയിരുന്നു. സീനിയർ വക്കീലിന് കൊടുത്ത തുക തന്നെ ഞാൻ അയാളുടെ കയ്യിൽ വെച്ച് കൊടുത്തു. അയാൾ പ്രത്യക്ഷത്തിൽ തന്നെ വളരെ സന്തുഷ്ടനായി. അങ്ങിനെ എന്റെ ജീവിതത്തിലെ ബുദ്ധിശൂന്യതയുടെ ഒരദ്ധ്യായം അവസാനിച്ചു.

എന്റെ യാത്രക്ക് ഇനി രണ്ടു ദിവസം മാത്രമേ ഉള്ളു. വീടിന്റെ തേപ്പ് ഏതാണ്ട് കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇനിയും നിരവധി പണികൾ ബാക്കിയാണ്. അവയുടെ നടത്തിപ്പും മേൽനോട്ടവും അച്ഛൻ ഏറ്റെടുത്തു. മരാമത്ത് പൊതുവെ തന്നെ അച്ഛന്ന് ഹരമുള്ള സംഗതിയാണ്. അതുകൊണ്ട് കുഴപ്പമില്ല. പണിക്ക് വേണ്ടുന്ന പൈസ കണ്ടെത്തൽ മാത്രമായി എന്റെ തലവേദന. ബാങ്കിൽ നിന്നും അച്ഛന്ന് പൈസ എടുക്കുവാനുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ വരാണസിയിലേക്കുള്ള ട്രെയിനിൽ യാത്രയായി.

ട്രെയിനിന്റെ നിറം മങ്ങിയ ജനലിലൂടെ ഞാൻ പുറത്തേക്കു നോക്കിയിരുന്നു. നിബിഡമായ വാളയാർ കാടുകളിലേക്ക് ചാറ്റൽ മഴ പെയ്തിറങ്ങുകയായിരുന്നു. ഇടയ്ക്ക് തെളിയുന്ന നീല മലനിരകൾക്കു  മുന്നിലൂടെ പുക പോലെ സുതാര്യമായ വെളുത്ത മേഘങ്ങൾ ഒഴുകി നീങ്ങുന്നുഎത്ര സുന്ദരവും ശാന്തി ദായകവുമായ കാഴ്ച! രാജേഷിനെതിരെയുള്ള കേസ് അവസാനിച്ചു; വീട് പണിയുടെ സാമ്പത്തിക ഉത്തരവാദിത്വങ്ങൾ ഉണ്ടെങ്കിലും തൽക്കാലത്തേക്ക് മേൽനോട്ടം ആവശ്യമില്ലഇത് രണ്ടും തന്ന മനഃശാന്തി വളരെ വലിയതായിരുന്നു. പക്ഷെ ഭാവിയിൽ വരാൻ പോകുന്ന ചില യാഥാർഥ്യങ്ങൾ അപ്പോൾ എന്തുകൊണ്ടോ എന്റെ മനസ്സിൽ തെളിഞ്ഞില്ലആവശ്യത്തിനും അനാവശ്യത്തിനും ബാങ്കിൽ നിന്നും വായ്പയെടുത്തു വീഴ്ച വരുത്തിയ അസംഖ്യം രാജേഷുമാരുടെ പിറകെയുള്ള ഓട്ടത്തിന്റെ തുടക്കമാണ് യാത്രയെന്നത്; പിൽക്കാലത്ത് ജോലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളിൽ ഒന്നായി ഭവന വായ്പ്പ കൊടുക്കലും അത് എടുത്തവരുടെ വീടുപണിയുടെ പുരോഗതി വിലയിരുത്തലും മാറുമെന്നത്; രാജേഷുമാരിൽ നിന്നോ വീടുപണിയിൽ നിന്നോ മോചനമില്ലെന്നത്…..

 പിൻകുറിപ്പ്:

മൂന്നു വർഷങ്ങൾക്കു ശേഷം ഞങ്ങൾ തിരിച്ചു വരുമ്പോഴേക്കും വീട് ഒരുവിധം താമസയോഗ്യമായിരുന്നു; ചുറ്റുമതിലടക്കം പല പണികളും ബാക്കിയുണ്ടെങ്കിലും. അച്ഛന് നന്ദി. പിന്നെ തങ്കപ്പേട്ടനും ഗുരുവായൂരപ്പനും നന്ദി. നാല് വർഷം ഞങ്ങൾ അവിടെ താമസിച്ചു. മറ്റൊരു ജോലിസ്ഥലത്ത്, മറ്റൊരു വാടകവീടും തേടി യാത്രതിരിക്കും മുൻപ്. പ്രിയപ്പെട്ട തച്ചന്മാർ ഇന്നില്ല. ഒരാൾ കാലത്തിലും മറ്റൊരാൾ അകാലത്തിലും വിട്ടുപോയി. ചികിത്സാ സൗകര്യങ്ങൾ കൂടി മുൻ നിർത്തിയാണല്ലോ സംരംഭത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷെ അച്ഛന് വന്ന പല അസുഖങ്ങൾക്കും അക്കാലത്തു പാലക്കാട് മതിയായ ചികിത്സയില്ലായിരുന്നു. അതിനായി പല പ്രാവശ്യം തൃശൂരിലേക്ക് പോകേണ്ടതായും വന്നു.

മനുഷ്യർ ചിലത് നിർദ്ദേശിക്കുന്നു; ദൈവം മറ്റുചിലത് തീരുമാനിച്ചു തീർപ്പാക്കുന്നു! ജീവിതം അങ്ങിനെയാണ്.

(അവസാനിച്ചു.)