വാരാണസി
1
രമേശ് അഗർവാൾ വാരാണസി
സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ഏതാനും ഫയലുകളും
രണ്ടു ദിവസത്തേക്ക് വേണ്ടുന്ന വസ്ത്രങ്ങളും അടങ്ങിയ പെട്ടിയും തൂക്കി അയാൾ സ്റ്റേഷനിൽ
നിന്നും പുറത്തു കടന്നു. മെയ് മാസത്തിലെ ചൂട് കാറ്റ് ഒരു വർഷത്തിന് ശേഷം
കണ്ടുമുട്ടുന്ന സുഹൃത്തിനെ എന്ന പോലെ അയാളെ വരവേറ്റു. ജനിച്ച മുതൽ അനുഭവിച്ചു
പരിചയിച്ച വാരണാസിയിലെ ചൂടും തണുപ്പും കഴിഞ്ഞ ഒരു വർഷമായി മുംബൈയിൽ സ്ഥിര താമസമാക്കിയ
അയാളുടെ ഓർമകളിൽ ഇടയ്ക്കിടെ ഗൃഹാതുരത്വമായി വന്നെത്താറുണ്ടായിരുന്നു.
സ്റ്റേഷന് പുറത്ത് ഹൈ മാസ്‌റ്റ്
ലൈറ്റിന്റെ വെളിച്ചത്തിൽ എന്നത്തേയും പോലെ തിരക്കായിരുന്നു. വിശാലമായ
മുൻവശത്ത് മുഷിഞ്ഞ വസ്ത്രങ്ങളും
ഭാണ്ഡങ്ങളുമായി ഗ്രാമീണർ നിലത്ത് വിരി വിരിച്ച് ഇരിക്കുകയും കിടക്കുകയും ചെയ്തു.
ഒരരികിലുള്ള ചെറിയ ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ കുറേപ്പേർ ഇരുന്ന് ഭജന
പാടുന്നുണ്ടായിരുന്നു. കുങ്കുമ നിറത്തിലുള്ള
പരന്ന ഫലക ഹനുമാനായിരുന്നു പ്രതിഷ്ഠ. ഭജനക്കാരുടെ ഹാർമോണിയവും കൊട്ടും കൈമണിയും
അന്തരീക്ഷം നിറഞ്ഞു നിന്നു. സ്റ്റേഷനിൽ നിന്നും വരുന്ന ഇടവിട്ട ട്രെയിൻ അന്നൗൺസ്‌മെന്റുകൾ
ഭജനക്കാരുടെ ആവേശത്തിൽ ദുർബലമായി. അന്നൗൺസ്‌മെന്റിന്റെ ബെല്ലും ‘യാത്രിയോം കൃപയാ
ധ്യാൻ ദീജിയെ..’ തുടങ്ങി വൈകിയോടുന്ന ട്രെയിനിന്റെ ‘ആനെ കാ സംഭാവനാ’യുമെല്ലാം വീറോടെയുള്ള ‘സിയാറാം
സിയാറാം’ ഭജനയിൽ മുങ്ങിപ്പോയി.
പ്രതീക്ഷയോടെ സമീപിച്ച
ജാൽമുടിക്കാരനിൽ നിന്നും ഒരു പൊതിയും
വാങ്ങി പൊരിയും കടലയും കൊറിച്ചുകൊണ്ട് രമേശ് അഗർവാൾ റോഡിലേക്കിറങ്ങി. റോഡരികിൽ
നിറുത്തിയിട്ട സൈക്കിൾ റിക്ഷക്കുള്ളിൽ ഉറക്കം തൂങ്ങിയിരുന്ന റിക്ഷാക്കാരനെ
തട്ടിവിളിച്ച് പറഞ്ഞു: "ദശാശ്വമേധ്.......". റിക്ഷാക്കാരൻ ഡ്രൈവർ സീറ്റിലേക്ക് മാറിയപ്പോൾ
അഗർവാൾ പെട്ടിയുമായി സവാരി സീറ്റിലേക്ക് കയറി. റിക്ഷ സീഗര റോഡിലേക്ക് തിരിഞ്ഞു രഥയാത്ര ജംഗ്ഷനെ
ലക്ഷ്യമാക്കി അതിന്റെ പ്രയാണം ആരംഭിച്ചു.
വാരണാസിയിൽ ബനാറസ്
സാരികളുടെ കച്ചവടമായിരുന്നു അഗർവാളിന്. പാരമ്പര്യമായി അച്ഛനിൽ നിന്നും
ഏറ്റുവാങ്ങിയത്. പക്ഷെ ഏക മകൻ ജോലിയുമായി മുംബയിൽ സ്ഥിരതാമസമാക്കിയപ്പോൾ
ബിസിനെസ്സ് തുടരണമോ എന്ന് പലവട്ടം ആലോചിക്കേണ്ടിവന്നു. അഗർവാളിനും ഭാര്യക്കും
പ്രായത്തിന്റേതായ പല അസുഖങ്ങളും തുടങ്ങിയിരുന്നു. ഒരിക്കൽ അഗർവാളിന് ഹാർട്ട് അറ്റാക്കും
ഉണ്ടായി.
ഒടുവിൽ മകന്റെ നിർബന്ധം സഹിക്കാതെ അഗർവാൾ ബിസിനസ് നിറുത്തി. കഴിഞ്ഞ
വർഷം. രാമപുരയിലുണ്ടായിരുന്ന വീട് വിറ്റ്
മുംബയിൽ ഒരു ഫ്ലാറ്റ് വാങ്ങി. താമസം അങ്ങോട്ട് മാറ്റി.
അങ്ങിനെയിരിക്കുമ്പോഴായിരുന്നു ബിസിനസ്സിന്റെ വിൽപ്പന നികുതി സംബന്ധമായി നേരിട്ട്
ഹാജരായി വിശദീകരണം നൽകാനായി നോട്ടീസ് കിട്ടിയത്. നികുതി അടക്കുവാനുള്ളതെല്ലാം അടച്ചിട്ടുണ്ടെന്നും
കണക്കുകളെല്ലാം ശരിയാണെന്നും അഗർവാളിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നാളെ
ഒരു ദിവസം കൊണ്ട് കാര്യം തീർത്ത് തിരിച്ചു പോവാനായി മടക്ക ട്രെയിൻ ടിക്കറ്റും അയാൾ
റിസർവ് ചെയ്തിരുന്നു.
ദശാശ്വമേധിൽ, സുഹൃത്തായ
മിശ്രാജിക്ക് ഒരു ലോഡ്ജ് ഉണ്ട്. ഘാട്ടിനടുത്തു തന്നെ. തനിക്ക് രണ്ടു ദിവസം അവിടെ
താമസിക്കുവാൻ സൗകര്യം ചെയ്യണമെന്ന്
മിശ്രാജിക്ക് ഫോൺ ചെയ്തു പറഞ്ഞിരുന്നു. ഘാട്ടിലേക്ക് ഇറങ്ങുന്നതിനു
മുൻപ് വലത് വശത്തുള്ള ഒരു ഗല്ലിയിലായിരുന്നു മിശ്രാജിയുടെ ലോഡ്ജ്.
റിക്ഷാക്കാരന് പൈസ കൊടുത്ത്
അയാൾ ആ
പഴയ ലോഡ്ജിന്റെ ഇടുങ്ങിയ വാതിൽ കടന്ന് മങ്ങിയ വെളിച്ചമുള്ള ചെറിയ ഹാളിലേക്ക് കയറി.
റിസപ്ഷനിൽ ഉള്ള പയ്യനോട് മിശ്രാജി പറഞ്ഞു വെച്ചിരുന്നു; ഉള്ളതിൽ മികച്ച റൂം തരുവാനായി. രണ്ടു ദിവസത്തെ
പ്രശ്നമല്ലേ. കൂടുതൽ സൗകര്യങ്ങളൊന്നും അഗർവാളും പ്രതീക്ഷിച്ചില്ല.
ID കാർഡിന്റെ
ഫോട്ടോകോപ്പി കൊടുത്ത് ആയിരം രൂപ അഡ്വാൻസിന്റെ രസീദും വാങ്ങി പെട്ടി റിസപ്ഷൻ
പയ്യനെ ഏല്പിച്ച് അഗർവാൾ
ഗല്ലിയിലേക്കിറങ്ങി. എന്തെങ്കിലും കഴിച്ച് അകത്തു കയറിയാൽ പിന്നെ പുറത്തിറങ്ങേണ്ടതില്ലല്ലോ.
ഗല്ലിയിൽ നല്ല തിരക്കായിരുന്നു. നീണ്ട കഷണങ്ങളായി കീറി വെച്ച കുക്കുമ്പർ, മാങ്ങ,
പഴങ്ങൾ, മല്ലിയില കൊണ്ട് അലങ്കരിച്ച് മുകളിൽ
ചന്ദനത്തിരി കൊളുത്തിവെച്ച പുഴുങ്ങിയ കടലക്കൂമ്പാരങ്ങൾ, ചാട്ടും ഗോൾകപ്പയും പാനി പൂരിയും വിൽക്കുന്ന വണ്ടികൾ,
അനാറിന്റെയും മുസംബിയുടെയും ജ്യൂസ് ഉണ്ടാക്കി വിൽക്കുന്നവർ.......
അഗർവാൾ വലിയ ഇരുമ്പു ചീനച്ചട്ടിയിൽ തിളയ്ക്കുന്ന
എണ്ണയിൽ കോരിയെടുത്ത രണ്ടു പൂരിയും ഇലകൾ മടക്കിക്കുത്തിയുണ്ടാക്കിയ ചെറിയ
പാത്രത്തിൽ ഉരുളക്കിഴങ്ങു ബാജിയും വാങ്ങി കഴിച്ചു. ചെറിയ മൺ പാത്രത്തിൽ തന്ന
ചായയും കുടിച്ചു. ഇന്നത്തെ കാര്യം കുശാൽ.
പ്രതീക്ഷിച്ച സൗകര്യങ്ങളൊക്കെ
തന്നെയേ റൂമിൽ ഉണ്ടായിരുന്നുള്ളു. എങ്കിലും വൃത്തിയുണ്ട്.
ചെറിയ നീണ്ടചതുരാകൃതിയിലുള്ള നീല കാർഡ് വെച്ച് കൊതുകിനെ അകറ്റാനുള്ള
യന്ത്രവും പ്ലഗ്ഗിൽ തന്നെ ഉണ്ട്. മതി. അപ്പോഴാണ്
കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിന്നും മണികൾ മുഴങ്ങുവാൻ തുടങ്ങിയത്. നാളെ രാവിലെ നേരെത്തെ എഴുന്നേറ്റാൽ ഗംഗാ സ്നാനം ചെയ്ത് ദർശനവും ചെയ്യാം. അത് കഴിഞ്ഞ് സെയ്ൽസ് ടാക്സ് ഓഫീസിലേക്ക്. അഗർവാൾ ഉറക്കത്തിനു
തയ്യാറെടുത്തു.
“"ഹർ ഹർ മഹാദേവ്.....ഹർ ഹർ മഹാദേവ്..." ശരണം വിളികളുമായി അതിരാവിലെ മൂന്നു
മണി മുതൽ തന്നെ ഭക്ത
ജനങ്ങൾ താഴെ ഗല്ലിയിലൂടെ ഗംഗാ സ്നാനത്തിനായി നടന്നു നീങ്ങാൻ തുടങ്ങി. ഗംഗാ നദിയുടെ മറുകരയിൽ സൂര്യൻ ഉദിച്ചു പൊങ്ങി. പിന്നെ
സ്കൂൾ കുട്ടികളെ വഹിച്ചുള്ള റിക്ഷകളുടെ തിരക്കായി. പച്ചക്കറി
കച്ചവടക്കാർ ആലു, പ്യാജ്, പാലക് തുടങ്ങി പച്ചക്കറികളുടെ പേരുകൾ ഉറക്കെ ഈണത്തിൽ നീട്ടി വിളിച്ച് വണ്ടികളും ഉന്തി
വന്നു തുടങ്ങി. ക്രമേണ ഗല്ലിയിൽ തിരക്ക് കൂടി.
പക്ഷെ രമേശ് അഗർവാൾ മാത്രം എഴുന്നേറ്റില്ല.
2
"രമേശ് അഗർവാൾ അതി
ഭാഗ്യവാനാണ്". മിശ്രാജി പറയുകയായിരുന്നു…..
മിശ്രാജിയും സ്വാമി നിത്യാനന്ദയും
സന്ധ്യക്ക് കേദാർ ഘാട്ടിലെ പടവുകളിൽ ഇരിക്കുകയായിരുന്നു. വാരണാസിയിലെ കേദാർനാഥ ക്ഷേത്രത്തിനു
മുന്നിൽ.
തൊട്ടടുത്ത് തന്നെയാണ് ഹരിശ്ചന്ദ്ര ഘാട്ട്. വാരണാസിയിലെ
ശവദാഹം നടക്കുന്ന രണ്ടു ഘാട്ടുകളിലൊന്ന്. ഇടത്തോട്ട് നോക്കിയാൽ
ദൂരെ രണ്ടാമത്തെ മണികർണികാ ഘാട്ടും കാണാം. ഒരിക്കലും എരിഞ്ഞടങ്ങാത്ത
തീയുമായി. മണികർണികാ ഘാട്ടിൽ തീ എരിഞ്ഞടങ്ങിയാൽ അന്ന് ലോകാവസാനമാണെന്നാണ്
പറയുക.
മുന്നിൽ മറുകര കാണാത്ത വിധം
പരന്ന് ശാന്തമായി ഒഴുകുന്ന ഗംഗ; സന്ദർശകരെയും കൊണ്ട് സഞ്ചരിക്കുന്ന
ബോട്ടുകൾ. നിര നിരയായ ഘാട്ടുകളുടെ നീണ്ടു കിടക്കുന്ന പടവുകളിൽ
സന്ദർശകരുടെയും സന്യാസിമാരുടെയും തിരക്ക്. ഘാട്ടുകൾക്ക് പിറകിൽ
നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ. ശാന്തമായ ഈ അന്തരീക്ഷം
ഉൾക്കൊള്ളാനായി മിക്കവാറും സന്ധ്യകളിൽ അവരവിടെ ഒത്തു ചേരും. ഗൃഹസ്ഥാശ്രമം
ഉപേക്ഷിച്ച് കാട്പ്പാടിയിൽ നിന്നും പളനി വേലു
കാശിയിൽ വന്നത് മുതലുള്ള പരിചയമാണ് മിശ്രാജിയുമായി. വന്ന
കാലത്ത് മിശ്രാജിയുടെ ലോഡ്ജിലായിരുന്നു അയാൾ ഏതാനും ദിവസം താമസിച്ചത്. പിന്നീട് ഒരു മഠത്തിൽ ചേക്കേറിയപ്പോഴും പളനി വേലു സ്വാമി നിത്യാനന്ദയായി മാറിയപ്പോഴും ആ സുഹൃദ്
ബന്ധം തുടർന്നു.
"രമേശ് അഗർവാൾ അതി
ഭാഗ്യവാനാണ്". മിശ്രാജി പറയുകയായിരുന്നു.
രാവിലെ ഏതാണ്ട് എട്ടുമണിയായപ്പോഴാണ് മിശ്രാജി അഗർവാളിനെ
വിളിക്കുന്നത്. താമസത്തിന് പ്രശ്നമൊന്നുമില്ലല്ലോ എന്ന അന്വേഷണത്തിനായി.
പക്ഷെ പല പ്രാവശ്യം വിളിച്ചിട്ടും മറുപടി ഇല്ലാതായപ്പോൾ ലോഡ്ജിലെ പയ്യനോട്
പോയി അന്വേഷിക്കുവാൻ പറഞ്ഞു. അകത്ത്
ആളനക്കം ഇല്ലെന്നു കണ്ടപ്പോൾ പിന്നീട്
റൂമിന്റെ വാതിൽ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു…
"വാരാണസി വിട്ടു
പോയ ഒരാൾ മരണത്തിനായി
തിരിച്ചു വരിക....അതും ദശാശ്വമേധിൽ വെച്ച് ഇഹലോക വാസം വെടിയുക.
ഇതിൽ പരം എന്തു വേണം! മോക്ഷം തന്നെ…. ഇനി രമേശ്ജിക്ക്
ജനന മരണങ്ങളില്ല..."
സ്വാമിക്കും അതറിയാം. വരുണ നദിക്കും അസ്സി ഘാട്ടിനും ഇടക്കുള്ള പുണ്യ ഭൂമി - വാരാണസി. ആ പുണ്യ ഭൂമിയിൽ കിടന്ന് അന്ത്യം വരിച്ചാൽ പിന്നെ
മോക്ഷമാണ്. ആ മോക്ഷം കാംക്ഷിച്ച് ആണ് താനും വർഷങ്ങളായി
ഈ പുണ്യ ഭൂമിയിൽ കഴിയുന്നത്.
“"എല്ലാം ബാബാ വിശ്വനാഥന്റെ
ഇച്ഛ പോലെ. ഭാഗ്യം ചെയ്തവർ ഇവിടം വിട്ടു പോയാലും അന്ത്യ യാത്രാ
സമയമാവുമ്പോൾ തിരിച്ചെത്തുന്നു. ജീവിത കാലം മുഴുവൻ ഇവിടെ കഴിഞ്ഞാലും
ചിലർ ആ സമയത്ത് ഇവിടം വിട്ടു പോകുന്നു. ഒന്നും നമ്മുടെ കയ്യിലല്ലല്ലോ."
മിശ്രാജി നെടുവീർപ്പിട്ടു.
മിശ്രാജിയുടെ വാക്കുകൾ സ്വാമിയെ ചെറുതായി അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. കാരണം നാളെയാണ് സ്വാമിജിക്ക്
വെല്ലൂരിൽ പോകേണ്ടത്. കാട്ട്പാടി വരെ ട്രെയിനിൽ. അവിടെ മരുമകൻ ശരവണൻ കാത്തുനിൽക്കുന്നുണ്ടായിരിക്കും. വർഷങ്ങൾക്ക്
മുൻപ് വീട് വിട്ട് വാരണാസിയിൽ ചേക്കേറിയ ശേഷം നാടുമായുള്ള ഏക ബന്ധം ശരവണനുമായിട്ടാണ്. വെല്ലൂർ ആസ്പത്രിയിൽ
ശസ്ത്രക്രിയയ്ക്കും മറ്റും അവൻ തന്നെയാണ്
ഏർപ്പാട് ചെയ്തത്. കഴിഞ്ഞ പ്രാവശ്യം പോയപ്പോഴേ
തീയതി നിശ്ചയിട്ടുണ്ടായിരുന്നു. പ്രശ്നമൊന്നും ഇല്ല്യ; എല്ലാം സുഖമാവും എന്ന് ഡോക്ടർ സമാധാനിപ്പിച്ചെങ്കിലും തന്നെ
ഗ്രസിച്ചിരിക്കുന്നത് അത്ര നിസ്‌സാരമായ രോഗമല്ലെന്ന് സ്വാമിക്ക് അറിയാം. ശസ്ത്രക്രിയ; പിന്നെ നീണ്ട തുടർ
ചികിത്സ... മോക്ഷം കാംക്ഷിച്ച് ഇത്ര നാളും കാശിയിൽ താമസിച്ച്
ഒടുവിൽ വെല്ലൂരിൽ....
“രാമ നാമ് സത്യ ഹൈ.....രാമ നാമ് സത്യ ഹൈ.....”
ഉച്ചത്തിലുള്ള രാമ നാമ ജപത്തിന്റെ
അകമ്പടിയോടുകൂടി ഹരിശ്ചന്ദ്ര ഘാട്ടിലേക്ക് പട്ടു പുതച്ച്, പൂമാലകൾ ചൂടിയ മറ്റൊരു ശരീരം കൂടി വന്നെത്തുന്നു. ചുമന്നു
കൊണ്ടുവന്ന ഗ്രാമീണർ ഊഴം കാത്ത് ആ അജ്ഞാതന്റെ ശരീരം താഴെ ഇറക്കി വെച്ചു. ഇരുൾ വീണു തുടങ്ങിയിരുന്നു. ദൂരെ മണികർണികാ ഘാട്ടിലെ
ആളുന്ന തീ ഇരുൾ വീണതോടെ ചുവന്നു കനത്തു. മിശ്രാജിയും സ്വാമിയും
എഴുന്നേറ്റു.
" മിശ്രാജീ....... നാളെയാണ് യാത്ര." സ്വാമി യാത്രാമൊഴിയെന്നോണം പതുക്കെ പറഞ്ഞു.
ആകാശത്ത് നക്ഷത്രങ്ങൾ
തെളിഞ്ഞു തുടങ്ങിയിരുന്നു. ഗംഗയുടെ മറുകര ഇരുളിൽ ലയിച്ചു. ഘാട്ടുകളിൽ വെളിച്ചത്തിന്റെ പൊട്ടുകൾ തെളിഞ്ഞു; നീണ്ട സ്വർണ അരഞ്ഞാണം
പോലെ.
സ്വാമി അനന്തതയിലേക്ക് നോക്കി മൗനമായി നിൽക്കുകയായിരുന്നു. ആ മൗനത്തിന്റെ വാചാലത മിശ്രാജിക്കറിയാമായിരുന്നു. വരാണസിയിലേക്കൊരു തിരിച്ചു വരവ് ഉണ്ടാവില്ലേയെന്ന് സ്വാമി ഭയപ്പെടുന്നു. മിശ്രാജി സ്വാമിയുടെ കൈകൾ തന്റെ കൈകൾക്കുള്ളിലാക്കി.
"പോയി വരൂ സുഹൃത്തേ.....ബാബ വിശ്വനാഥൻ എല്ലാം ശരിയാക്കിത്തരും......"
എവിടെ നിന്നോ ശംഖു നാദം
ഉയർന്നു പൊങ്ങി. പിറകിൽ കേദാർനാഥ ക്ഷേത്രത്തിൽ നിന്നും മണിയടികളും ഡ്ഡമരുവിന്റെ ഉഗ്ര
ശബ്ദവും ഉയർന്നു. സന്ധ്യാ ആരതി തുടങ്ങിയിരിക്കുന്നു.
അവർ തിരിച്ചു നടക്കുവാൻ തുടങ്ങി.

