ദൃശ്യം
2
Spoiler
alert: Contains part of the film story
രണ്ടര, മൂന്നു
മണിക്കൂറിൽ ഒതുക്കുവാൻ പറ്റാത്തത്ര വലിയ ക്യാൻവാസുകൾ ഉള്ള ചിത്രങ്ങൾക്ക് തുടർ
ചിത്രങ്ങളുണ്ടാവുന്നത് സ്വാഭാവികം. ഫ്രാൻസിസ് കൊപ്പോളയുടെ ചിത്രമായ ദി ഗോഡ് ഫാദറിന് മൂന്നു
തലമുറയുടെ കഥ പറയുവാനായി മൂന്നു തുടർ ചിത്രങ്ങളുണ്ടായി. അടുത്ത
കാലത്തിറങ്ങിയ വൻ വിജയം നേടിയ ബാഹുബലിയും കഥയുടെ ദൈർഘ്യം കൊണ്ട്
രണ്ടുചിത്രങ്ങളായാണ് പുറത്തു വന്നത്. എന്നാൽ അത്തരം ഒരു നീണ്ട കഥയുടെ സ്വാഭാവികത ഇല്ലാതെ, ആദ്യ
ചിത്രം വിജയമായി എന്ന ഒറ്റ കാരണം കൊണ്ടുമാത്രം കൃത്രിമമായി വലിച്ചു നീട്ടിയ
കഥയുമായി, ബോക്സ്
ഓഫീസിൽ വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് പലപ്പോഴും തുടർ ചിത്രങ്ങളുണ്ടാവുന്നത്. ‘ദൃശ്യം 2’ എന്ന തുടർ ചിത്രവും രണ്ടാമത് പറഞ്ഞ വിഭാഗത്തിലാണ്
ഉൾപ്പെടുന്നത്. ചിത്രം റിലീസ് ചെയ്തിരിക്കുന്നത് ആമസോൺ പ്രൈമിൽ.
ആദ്യ
സിനിമയുടെ കഥാന്ത്യത്തിനു ആറു വർഷങ്ങൾക്ക് ശേഷമാണു രണ്ടാം ഭാഗം തുടങ്ങുന്നത്.
നായകനായ ജോർജ് കുട്ടി (മോഹൻ
ലാൽ)
ഇതിനകം സാമ്പത്തികമായി കാര്യമായ ഉന്നമനം കൈവരിച്ചിരിക്കുന്നു. കേബിൾ ടീവി
ഓപ്പറേറ്ററിൽ നിന്നും അയാൾ സിനിമ തീയേറ്റർ ഉടമ എന്ന നിലയിലേക്കെത്തിയിരിക്കുന്നു.
മാത്രവുമല്ല തന്റെ ജീവിതാഭിലാഷമായ സിനിമ നിർമാണത്തിന് വളരെ
അടുത്തെത്തിയിരിക്കുന്നു. പരിചയ സമ്പന്നനായ വിനയ ചന്ദ്രൻ (സായികുമാർ) എന്ന
തിരക്കഥാകൃത്തിനെക്കൊണ്ട് തന്റെ മനസ്സിലുള്ള കഥയ്ക്ക് തിരക്കഥയും എഴുതിച്ചു
കഴിഞ്ഞു. ക്ളൈമാക്സിൽ മാത്രമാണ് ഒരു തീരുമാനമാവാത്തത്.
കാര്യങ്ങൾ
ഇങ്ങിനെയെല്ലാമാണെങ്കിലും ചെയ്തുപോയ തെറ്റിന്റെ കുറ്റ ബോധം ജോർജ് കുട്ടിയെയും
കുടുംബത്തെയും വല്ലാതെ അലട്ടുന്നുണ്ട്. നാട്ടുകാരാവട്ടെ ഇപ്പോൾ പലവിധ കഥകളും പറഞ്ഞു
നടക്കുന്നു. ജോർജ് കുട്ടി കുറ്റവാളിയാണെന്ന്
തന്നെ അവരിപ്പോൾ വിശ്വസിക്കുന്നു. മൂത്ത മകൾ അപസ്മാര രോഗിയായി മാറി. ഭാര്യയും
അവളും സാദാ ഭീതിയിലാണ്. അടുത്ത വീട്ടിലെ
മദ്യപാനിയായ സാബുവിന്റെ
ഭാര്യ സരിത മാത്രമാണ് അവർക്കൊരു കൂട്ട്. ബിസിനെസ്സ് സംബന്ധമായി ജോർജ് കുട്ടി
വീട്ടിലില്ലാത്തപ്പോഴെല്ലാം സരിതയാണ് അവർക്കൊരു ആശ്രയം.
ഇത്രയും
പശ്ചാത്തലം ഒരുക്കുന്നതോടൊപ്പം തിരക്കഥ കേസന്വേഷിക്കുന്ന പോലീസുകാരിലേക്കും ശ്രദ്ധ
തിരിക്കുന്നു. തെളിവുകളൊന്നും ഇല്ലെങ്കിലും വരുണിന്റെ കൊലപാതകത്തിന് കാരണം ജോർജ്
കുട്ടിയും കുടുംബവും തന്നെ എന്ന് പോലീസും വിശ്വസിക്കുന്നു. വരുണിന്റെ
ഭൗതികാവശിഷ്ടം എവിടെ മറവു ചെയ്തിരിക്കുന്നു എന്നത് മാത്രമാണ് അവർക്ക്
കണ്ടുപിടിക്കേണ്ടത്. കേസന്വേഷണത്തിനായി ഐ ജി തോമസ് ( മുരളി ഗോപി) രംഗ പ്രവേശം ചെയ്യുന്നതോടെ ചിത്രത്തിൽ
ഉദ്വേഗം ഉരുണ്ടുകൂടുകയായി.
വരുണിന്റെ
ശവശരീരം പണി നടക്കുന്ന പോലീസ് സ്റ്റേഷന്റെ അടിത്തറയ്ക്കുള്ളിൽ അടക്കം ചെയ്തത്
ഒന്നാം ഭാഗത്തിൽ നമ്മൾ കണ്ടതാണല്ലോ. മറ്റാരും അത് കണ്ടില്ലെന്നാണ് നമ്മളെല്ലാം
വിചാരിച്ചത്. എന്നാൽ സത്യം അതല്ല. കുടുംബ വഴക്കിനിടയിൽ അളിയനെ കൊന്ന് പോലീസിന്റെ
പിടിയിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടയിൽ ജോസ് ജോർജ് എന്ന ഒരാൾ അത് കണ്ടിരുന്നു: പണി നടക്കുന്ന കെട്ടിടത്തിനുള്ളിൽ
നിന്നും രാത്രി കൈക്കോട്ടുമായി ഇറങ്ങി വരുന്ന ജോർജ് കുട്ടിയെ. എന്നാൽ ഉടനെ തന്നെ അയാൾ
പിടിക്കപ്പെട്ടു ജയിലിലായി.
ജോർജ് കുട്ടിയുടെ ഭാഗ്യം
എന്നല്ലാതെ എന്ത് പറയാൻ! പക്ഷെ ആറുവര്ഷങ്ങള്ക്കു ശേഷം ആ ഭാഗ്യം ജോർജ് കുട്ടിയെ
കൈവിടുകയാണ്. ശിക്ഷ ഇളവ് കിട്ടി അയാൾ പുറത്തിറങ്ങി വരുന്നതോടുകൂടി സിനിമയിൽ
ഉദ്വേഗത്തിന്റെ പിരിമുറുക്കം കൂടുകയും ചെയ്യുന്നു.
ജയിലിൽ
പോകും മുൻപ് താൻ കണ്ടത് വരുണിന്റെ
ശവ ശരീരം മറവു ചെയ്തു വരുന്ന ജോർജ് കുട്ടിയെയാണെന്ന് ക്രമേണ ജോസ് ജോർജ്
മനസിലാക്കുന്നു. പൈസക്ക് അത്യാവശ്യമുള്ള അയാൾ അഞ്ചു ലക്ഷം രൂപയ്ക്ക് ആ രഹസ്യം
പൊലീസിന് കൈമാറുന്നു. ചിത്രം
ഇതോടെ ഉദ്വേഗ പൂർണമായ ക്ലൈമാക്സിലേക്ക് കടക്കുകയാണ്.
"ഈ ക്ളൈമാക്സിൽ ഒത്തിരി റിസ്ക് എലിമെൻറ്‌സ് ഉണ്ട്. നായകന് നല്ല ഭാഗ്യവും വേണം." ജോർജുകുട്ടി
നിർമ്മിക്കാനുദ്ദേശിക്കുന്ന സിനിമയുടെ തിരക്കഥാകൃത്ത്, വിനയ ചന്ദ്രൻ, പറയുന്ന വാചകമാണ്
ഇത്. കഥാ അന്ത്യത്തിലേക്ക്
നയിക്കുന്ന സംഭവങ്ങൾ അത്ര
വിശ്വാസ യോഗ്യമല്ലല്ലോ എന്നായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്. അതിനു മറുപടിയായി
ജോർജുകുട്ടി പറയുന്നു: " സിനിമയല്ലേ, സാർ".
സിനിമ കാണുന്ന, സാമാന്യ
ബുദ്ധിക്കു നിരക്കാത്ത കഥാ സന്ദർഭങ്ങളെ ഉൾക്കൊള്ളാനാകാത്ത, പ്രേക്ഷകരോട് രചനയും
സംവിധാനവും നിർവഹിച്ച ജീത്തു ജോസഫ് മുൻകൂർ
ജാമ്യമായി പറഞ്ഞു വെക്കുന്നതായി തോന്നി ഈ സംഭാഷണങ്ങൾ.
ദൃശ്യം
ആദ്യ ഭാഗം ആസ്വാദ്യമായത് അന്ത്യം വരെ കഥയിലെ സസ്പെൻസ് നിലനിറുത്തിയത്
കൊണ്ടായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ ആ ഉദ്യമം അത്ര തന്നെ വിജയമായില്ല. ഒരു
പക്ഷെ ജോർജ് കുട്ടിയുടെ അയൽക്കാരെ സംബന്ധിച്ച ട്വിസ്റ്റ്
ഒഴിച്ചാൽ ബാക്കിയെല്ലാം പ്രേക്ഷകർക്ക് മുൻകൂട്ടി കാണാവുന്ന സംഭവ വികാസങ്ങളായി. കഥ മുന്നോട്ടു
കൊണ്ടുപോകുവാനായി ജോർജ് കുട്ടിയുടെ സിനിമാ കഥയെ മാത്രം ആശ്രയിച്ചതും സ്വാഭാവികത
നഷ്ടപ്പെടുത്തി. എന്നിരുന്നാലും
പ്രേക്ഷകരെ പിടിച്ചിരുത്തിയത് തിരക്കഥയെ മറികടന്നു ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച
അഭിനേതാക്കളാണ്. ഇവരിൽ മോഹൻ ലാൽ, സിദ്ദിഖ്, മുരളി ഗോപി എന്നിവരുടെ അഭിനയം എടുത്തു
പറയേണ്ടിയിരിക്കുന്നു. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം മോശമായില്ല. പശ്ചാത്തല സംഗീതവും
വിനായക് ശശികുമാർ എഴുതിയ ഗാനത്തിന്റെ സംഗീതവും നിർവഹിച്ചിരിക്കുന്നത് അനിൽ ജോൺസൺ
ആണ്. എടുത്തു പറയത്തക്കതായി ഇവയിൽ ഒന്നും ഇല്ല. ഈ ചിത്രത്തിൽ ഗാനം ഉൾപ്പെടുത്തിയത് തന്നെ ചുളുവിൽ മൊബൈൽ
ഫോൺ ഷോപ്പിന്റെ പരസ്യം കാണിക്കാനല്ലേ എന്ന് സംശയിക്കണം. സാരമില്ല. സിനിമയല്ലേ, സാർ!
