പടിപ്പുര
തറവാട്ടു
തൊടിയ്ക്ക് പടിഞ്ഞാറ് വശത്ത് ഇരുമ്പു ഗേറ്റും വടക്കു വശത്ത് പടിപ്പുരയുമായിരുന്നു.
ഇരുമ്പ് ഗേറ്റു കടന്നാൽ ഇടവഴിയാണ്. ആ വഴി നൂറു വാര ഇടത്തോട്ടു പോയാൽ പുലാപ്പറ്റയിലെ
ഒരു പ്രധാന മൺപാതയിലെത്തുകയായി. മൺപാത എന്ന് പറഞ്ഞത് ഇപ്പോഴത്തെ കാര്യമല്ല. ഏതാണ്ട്
അൻപത് കൊല്ലം മുൻപുള്ള കാര്യമാണ്. പാതയിലൂടെ ഇടത്തോട്ടു തിരിഞ്ഞു പോയാൽ തോട്ടു പാലം
കടന്ന് പെരിങ്ങോടെത്താം. അതുമല്ലെങ്കിൽ ഉമ്മനഴിയും കോണിക്കഴിയും കഴിഞ്ഞ് സത്രംകാവ്
പുഴവക്ക് വരെ പോകാം. വലത്തോട്ട് തിരിഞ്ഞാൽ മണ്ടഴി, കോളശ്ശേരി എന്നിവ കഴിഞ്ഞ് പടിഞ്ഞാറേ
തോട്ടു വക്കിലും.
വടക്കേ
പടിപ്പുര തുറക്കുന്നത് വിശാലമായ അരിയാനി പാടത്തേക്കായിരുന്നു. പടിപ്പുരക്ക് നേർക്കുള്ള
ചെറിയ വരമ്പ് നടുവരമ്പിൽ ചെന്ന് കയറുന്നു. അവിടെനിന്നും വലത്തോട്ട് പോയാൽ പാടത്തിനറ്റത്തെ
വലിയ അരിയാനികുളം വരെ പോകാം. പിന്നെ ഇടവഴി കയറി ചെട്ടിയന്മാർ താമസിക്കുന്ന മദനശ്ശേരി
അങ്ങാടിയിലേക്കും പഴയ കളരിത്തറയിലേക്കും പോകാം. വടക്കോട്ട് കാരാകുറിശ്ശി പുഴവക്ക് വരെ
പോകുന്ന റോഡിലേക്കും കയറാം. ഇടത്തോട്ടു പോയാൽ നെൽപ്പാടങ്ങൾ താണ്ടി പടിഞ്ഞാറു ഭാഗത്തെ
പുഴവക്കിലെത്താം.
നാൽപ്പത്
വർഷങ്ങൾക്ക് ശേഷം ഈ പടിപ്പുരയുടെ ജീർണിച്ച പടിയിൽ കൊയ്ത്ത് കഴിഞ്ഞ് വരണ്ടുണങ്ങിയ പാടത്തേക്കും
നോക്കി ഇരിക്കുകയാണ് ഞാൻ. ഇരു വശത്തു നിന്നും തോട്ടങ്ങൾ അതിക്രമിച്ചു കയറി പാടത്തെ
ഞെരിച്ചു കളഞ്ഞിരിക്കുന്നു. പാടം മെലിഞ്ഞിരിക്കുന്നു. വളർന്ന് ഉയർന്ന തെങ്ങും കവുങ്ങും
പണ്ട് തെളിഞ്ഞു കണ്ടിരുന്ന പശ്ചിമ ഘട്ടത്തിന്റെ ദൃശ്യം മറച്ചു കളഞ്ഞിരിക്കുന്നു. ഏതാനും
മണിക്കൂറുകൾക്ക് മുൻപ് ഞാൻ ആ യാഥാർഥ്യ ലോകത്തായിരുന്നു. പക്ഷെ ഇപ്പോൾ കാലത്തിന്റെ പാമ്പും
കോണിയും കളിക്കളത്തിൽ ഉയർന്ന കള്ളിയിലുണ്ടായിരുന്ന എന്നെ ഒരു നാഗം വിഴുങ്ങി ഇതാ വളരെ
താഴെയുള്ള ഒരു കള്ളിയിലെത്തിച്ചിരിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുൻപുള്ള കാലം തളം കെട്ടി
കിടക്കുന്ന ഒരു കള്ളിയിൽ….
ദൂരെ,
വടക്കു ഭാഗത്തും കിഴക്കു ഭാഗത്തും, നീലച്ച പശ്ചിമഘട്ട നിരകൾ ഇപ്പോൾ എനിക്ക് കാണാം.
ആ കാണുന്ന നെടുവരമ്പത്തു കൂടിയാണ് ഞങ്ങൾ സ്കൂളിലേക്ക് പോയിരുന്നത്. പാടം കഴിഞ്ഞ് കുഞ്ഞൻ
എഴുത്തശ്ശന്റെ വീടിനരുകിലെ ഇടവഴി കയറിയാൽ സ്കൂൾ പറമ്പിലെത്തുകയായി.
ആമ്പലുകൾ
പൂത്തു നിൽക്കുന്ന അരിയാനി കുളത്തിന്റെ കരയിലൂടെ പോകുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം. ഇളം കാറ്റിൽ അലഞൊറിയുന്ന പച്ച നിറമുള്ള വെള്ളത്തിനും
ആമ്പൽ പൂക്കൾക്കും മേലെ വളഞ്ഞു നിക്കുന്ന തെങ്ങുകൾ…. അവക്കിടയിൽ തിങ്ങി വളരുന്ന കൈതകൾ….
പാറിക്കിടക്കുന്ന ആമ്പൽ ഇലകൾക്ക് മേലെ നടന്നു നീങ്ങുന്ന കുളക്കോഴികൾ……ആ കാഴ്ചകൾ കണ്ട്
ഇടവഴിയിലേക്ക് കയറാം. പക്ഷെ അത് വിലക്കപ്പെട്ട
വഴിയാണ്. പാടത്തിനു നടുവിലൂടെയുള്ള സുരക്ഷിതമായ വഴിയിലൂടെയേ പോകാവൂ. പടിപ്പുരയിലോ കുളപ്പുരയിലോ
നിന്ന് തറവാട്ടിലെ കാര്യസ്ഥന്മാരിൽ ആരെങ്കിലും, കുട്ടൻ മാമനോ കൃഷ്ണൻ മാമനോ പൊന്നമ്പലേട്ടനോ,
ഞങ്ങൾ കുഞ്ഞൻ എഴുത്തശ്ശന്റെ ഇട്ടിലിൽ കയറുന്നതു വരെ നോക്കി നിൽക്കുന്നുണ്ടാവും. റൂട്ട്
മാറുന്നുണ്ടോ എന്നറിയാൻ. നെൽകൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന കൃഷ്ണൻ മാമനും കുട്ടൻ
മാമനും എല്ലായ്പ്പോഴും ആ ഭാഗത്തൊക്കെ തന്നെ കാണും. മൃഗസംരക്ഷണം, വെറ്റില കൃഷി, പച്ചക്കറി
കൃഷി, പൊതു ഭരണം തുടങ്ങിയ വകുപ്പുകൾ കയ്യാളുന്ന പൊന്നമ്പലേട്ടൻ വല്ലപ്പോഴുമേ ഇക്കാര്യത്തിൽ
ഇടപെടാറുള്ളൂ. കൃഷ്ണൻമാമനും പൊന്നമ്പലേട്ടനും പ്രായം അമ്പതിനോടടുക്കും. കുട്ടൻമാമന്ന്
എഴുപതിനോടും. മൂന്നു പേരും അവിവാഹിതർ.
ഈ
പാടവരമ്പിലൂടെ തന്നെയാണ് ആണ് വർഷങ്ങൾക്ക് മുൻപ് അന്ന് പതിനാലു വയസ്സുള്ള അച്ഛമ്മ വിവാഹത്തിനായി
പടിപ്പുര കയറി ഈ വീട്ടിലേക്ക് കയറിവന്നത്. ചെറിയ കുട്ടി അല്ലെ! അച്ഛമ്മയുടെ അമ്മാമൻ
കുറെ ദൂരം എടുത്തു കൊണ്ടുവരുകയായിരുന്നത്രെ. നാദസ്വരത്തിന്റെ അകമ്പടിയോടെ. ബന്ധുക്കളുടെയും
സ്വജനങ്ങളുടെയും അകമ്പടിയോടെ. പതിറ്റാണ്ടുകൾ ദീർഘസുമംഗലിയായിരിക്കാൻ നടക്കുമ്പോൾ മഞ്ചലിന്റെ മൂളൽ പോലെ അവർ ഉരുവിട്ടു:
ആയിര്.....ത്താണ്ടും.....
ബാലശ്രീ പല്ലാണ്ട്.....
നൂറ്റാണ്ടുകൾക്ക് മുൻപ് തമിഴകത്തുനിന്നും പലായനം ചെയ്തെത്തിയ പൂർവികരുടെ വക്കുപൊട്ടിയ ആചാര ശീലുകൾ ആശംസകളായി നീട്ടിപ്പാടി ഇടവഴികളും പാടവരമ്പുകളും താണ്ടി അവർ പടിപ്പുര കടന്ന് വീട്ടിലേക്കു കയറി. കുതിരവട്ടത്ത് സ്വരൂപത്തിലെ ഒരു തമ്പുരാന്റെ കാര്യസ്ഥനായിരുന്ന മുത്തച്ഛനെ പരിണയിക്കുവാൻ.
കൊയ്ത്തു
കഴിഞ്ഞ് രണ്ടുമാസത്തിലേറെയായി.
പാടത്തിനു നടുവിലെ ‘പാറൽ കണ്ടങ്ങൾ’ എന്ന് ഞങ്ങൾ വിളിച്ച
ചതുപ്പു നിലങ്ങൾ ഒഴികെ ബാക്കിയെല്ലാം
വരണ്ടു വിണ്ടുകീറി കിടക്കുന്നു. പാറലിൽ മാത്രം ഒരിക്കലും വെള്ളം വറ്റില്ല. ആ കണ്ടങ്ങളിൽ പോത്തുകളെ കൊണ്ട് പൂട്ടാറില്ല. അവ അടിയിലേക്ക് ആണ്ടു പോവും. വരമ്പിനരികിലൂടെ ഇറങ്ങി കൈക്കോട്ടുകൊണ്ട്
കിളച്ച് ഒരുക്കുകയെ നിവർത്തി ഉള്ളൂ.
"വരമ്പിന്റെ അരികിന്നു ത്തിരി പോവുമ്പൾക്കെന്നെ കാല് ഉള്ളിൽ ന്ന് താഴേക്ക് ങ്ങനെ വലിക്കണ പോലെ ണ്ടാവും. ചേറിന്റെ ഒരു ശക്തിയേയ്!"
പാടത്ത് പണിയെടുക്കുന്ന ചാത്തു
പറയും."
രാത്രി പാടത്തുക്കൂടെ പോവുമ്പോ എത്ര പ്രാവശ്യം അതിന്റെ നടൂന്ന് പൂക്കുറ്റി പോലെ തീ ഉയരണ കണ്ടർക്കുണൂ.."
ഒരു
ദിവസം രാത്രി കൃഷ്ണൻ മാമനും അതുപോലൊന്ന് കണ്ടുവത്രെ. മൂപ്പരുടെ വീട്ടിൽ അന്ന്
കുട്ടിച്ചാത്തൻ
കലശമായിരുന്നു. ഇരട്ട കലശം. എന്ന് പറഞ്ഞാൽ രണ്ടു പൂവൻ കോഴികൾ ആ പൂജയിൽ പങ്കെടുത്തു ജീവൽത്യാഗം ചെയ്തെന്നു സാരം. ബന്ധുക്കളും അയൽക്കാരുമായി ആൾക്കാർ കുറെയുണ്ടല്ലോ. പൂജ
കഴിഞ്ഞ് അവലും പൊരിയും കോഴി ഇറച്ചിയും എല്ലാം കഴിച്ച് കിടക്കാനായി ഇങ്ങോട്ട് വരികയായിരുന്നു. പാടം ഒരു വരമ്പ് മുറിച്ച് കടക്കാനുള്ള ദൂരമേയുള്ളൂ. നിലാവില്ലാത്ത, ഇരുട്ടുള്ള രാത്രി. മഴക്കാലം തുടങ്ങിയിരുന്നു.
പാടത്ത് തവളകളുടെയും ചെറുജീവികളുടെയും
ശബ്ദം മുഴങ്ങുന്നു. മേലെ കണ്ടത്തിൽ നിന്നും താഴെ കണ്ടത്തിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ കളകളാരവം ഉയരുന്നുണ്ട്.
കുറച്ച് ദൂരം പോന്നപ്പോഴുണ്ട് അതാ നെടുവരമ്പത്തൂടെ ആരോ ചൂട്ടു മിന്നിക്കുന്നു.
"ആരാണ്....."
കൃഷ്ണൻ മാമൻ വിളിച്ച് ചോദിച്ചു. ഉത്തരമില്ല. ചൂട്ട് വീണ്ടും മിന്നി മുന്നോട്ടു നീങ്ങി. ചൂട്ടിന്റെ വെളിച്ചം തന്നെ ആണോ അത്? ധൈര്യശാലിയാണെങ്കിലും
കൃഷ്ണൻ മാമന്റെ
ഉള്ളൊന്നു വിറച്ചു. ഈ അസമയത്ത് ആരാണ്? ഒരു നിമിഷം നിന്ന് നോക്കിയപ്പോൾ ആ വെളിച്ചം അകന്നകന്ന് പടിഞ്ഞാറോട്ടു പോയി. പിറ്റേന്ന് ഈ സംഭവം പറഞ്ഞപ്പോൾ കുട്ടമ്മാമൻ ചിരിച്ചു:
"അത് പൊട്ടി
പിശാചാടോ...”
"രാത്രി ഞാൻ കക്കൂസിൽ
പോയി വരുമ്പോ വേലി അരികിൽ കൂടെ വായ പൊളിച്ച് തീ കാണിക്കണത് എത്ര പ്രാവശ്യം കണ്ടർക്കുണൂ...."
പൊന്നമ്പലേട്ടൻ
പറഞ്ഞു.
വീട്ടിൽ
നിന്നും തൊടിയിലൂടെ ഏതാണ്ട് മുന്നൂറു നാനൂറു മീറ്റർ ദൂരം പോകണം കക്കൂസിലേക്ക്. തറവാട്ടിലെ
അലസന്മാരായ അംഗങ്ങൾക്കും നടന്ന് അൽപ സ്വല്പം വ്യായാമം കിട്ടട്ടെ എന്ന് കരുതിയായിരിക്കണം
ഇന്ന് കിടപ്പു മുറിയിലും ഇരിപ്പു മുറിയിലും എല്ലാം സ്ഥാനം പിടിച്ച ഈ അനിവാര്യതയ്ക്ക്
കാരണവന്മാർ ഇത്രയും വിദൂരമായ സ്ഥാനം നിർണ്ണയിച്ചത്.
ഞങ്ങൾ
കുട്ടികൾക്കും അതൊരു വെല്ലുവിളിയായിരുന്നു. രാത്രി ഊണ് കഴിച്ചശേഷമായിരിക്കും ചിലപ്പോൾ
പോകേണ്ടി വരിക. കമ്പിറാന്തലിന്റെ മങ്ങിയ വെളിച്ചത്തിൽ തൊഴുത്തും പിന്നെ വീടിനെ കാഴ്ചയിൽ
നിന്നും മറയ്ക്കുന്ന കൂറ്റൻ വൈക്കോൽ കുണ്ടകളും കടന്നു വേണം ലക്ഷ്യത്തിലെത്തുവാൻ. തൊഴുത്തിലെ
ഇരുട്ടിൽ പോത്തുകൾ വൈക്കോൽ തിന്നുന്നതിനിടയിൽ വലിയ ശബ്ദത്തിൽ ഭീതി ജനകമായി ഇടക്കിടെ
ദീർഘ നിശ്വാസം കഴിക്കുന്നുണ്ടാവും. പെട്ടെന്നായിരിക്കും മേലെ തൊടിയിലെ മുളങ്കൂട്ടങ്ങളിൽ
നിന്നും കുക്കറുക്കന്മാർ സംഘം ചേർന്ന് ഓരിയിടുന്നത്.
ഊണ്
കഴിഞ്ഞ് കമ്പി റാന്തൽ അന്വേഷിക്കുമ്പോഴേ
മുത്തശ്ശൻ പരിഹസിക്കും:
"തനിച്ച പാവ്‌ട്ട
തോക്കുകളെന്നെ....ഹ...ഹ... ഹ...ഹാ....!"
തൊഴുത്തു
വരെ കുട്ടമ്മാമൻ കൂട്ട് വരും. അവിടെത്തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്താനായി ഇടക്കിടെ വിളിച്ചു പറയും:
"ഞാൻ ഇവടെ
ണ്ട് ട്ടോ..പേടിക്കണ്ട.."
എല്ലാവരുടെയും
രാത്രിഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ പോവുമ്പോഴാണ് കമ്പി റാന്തലും ഒരു നീളൻ വടിയുമായി പൊന്നമ്പലേട്ടൻ
തൊടിയിലൂടെ തന്റെ തീർത്ഥയാത്ര തുടങ്ങുന്നത്.
"എന്താ
ബഡെ ഇരിക്കണേയ്...." പാടത്തുകൂടെ അങ്ങാടിയിലേക്ക് പോകുന്ന ആരോ ആണ്. അയാളുടെ ശബ്ദം
എന്നെ ഏതോ അജ്ഞാത കോണി കയറ്റി വർത്തമാനകാല കളത്തിലേക്ക് കൊണ്ടുവന്നു. ഞാൻ വെറുതെ ചിരിച്ച്
പരിചയം നടിച്ചു.
നേരം
സന്ധ്യ ആവാൻ തുടങ്ങിയിരുന്നു. പാടത്തിനു പടിഞ്ഞാറ് വീടുകൾക്കും തൊടികൾക്കും പിറകിൽ
ആകാശം സ്വർണ്ണ വർണ്ണമായി. ചുവന്ന വലിയ സൂര്യൻ സാവധാനം താഴോട്ട് ഊർന്നിറങ്ങി. പാടവും
പടിപ്പുരയും ഇരുളാൻ തുടങ്ങി.
ഞാൻ
പോകാനായി എഴുന്നേറ്റു.
NB:
പാവട്ട തോക്ക്:
കുട്ടികൾക്ക്
കളിക്കുവാനായി
ഇളം മുളന്തണ്ടു കൊണ്ട് ഉണ്ടാക്കിയിരുന്ന
പീച്ചാം കുഴൽ പോലെ ഒരു കളിപ്പാട്ടം. വണ്ണമില്ലാത്ത
ഇളം മുളം തണ്ട് ഒരറ്റം കൂർപ്പിക്കുന്നു.
മറ്റേ അറ്റത്ത് മുളങ്കുഴലിലൂടെ ചുരുട്ടിയ പേപ്പർ ഇട്ട് ചെത്തി പാകത്തിലാക്കിയ ഒരു കമ്പ് കൊണ്ട് കുഴലിലൂടെ പിന്നിൽ നിന്ന് ശക്തിയായി തള്ളുന്നു. പേപ്പർ ഉണ്ട തോക്കിൽ നിന്നെന്ന പോലെ പൊട്ടുന്ന ശബ്ദത്തോടെ പുറത്തേക്ക് തെറിക്കും.

