റാണ് ഓഫ് കച്ച്
(Rann of Kutch)
ഭാഗം 3
ഭുജ്ജും പ്രാന്തപ്രദേശങ്ങളും പിന്നിട്ടതോടെ ഭൂപ്രകൃതിയിൽ കാര്യമായ മാറ്റം പ്രകടമായി. റോഡിന്റെ ഇരുവശത്തും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചതുപ്പു നിലങ്ങൾ മാത്രം. ചെറിയ മുൾച്ചെടികളല്ലാതെ ഉയർന്ന വൃക്ഷങ്ങൾ ഒന്നും തന്നെ കാണാനില്ല. ഉയർന്നു നിൽക്കുന്നത് വരിയായി നീണ്ടുകിടക്കുന്ന ഇലക്ട്രിക് ടവറുകൾ മാത്രം. റോഡിലും ട്രാഫിക് കുറഞ്ഞു. എതിരെ വരുന്നത് ഉപ്പ് ലോറികൾ മാത്രം. നിരന്തരം ഉപ്പുമായുള്ള സമ്പർക്കം കാരണം ആ
ലോറികളുടെ ലോഹ ഭാഗങ്ങൾ ജീർണ്ണിച്ചിരിക്കുന്നത് സാരഥി എന്റെ ശ്രദ്ധയിൽപ്പെടുത്തി.
നൂറ്റാണ്ടുകൾക്ക് മുൻപ് സിന്ധു നദി ഈ പ്രദേശത്തുകൂടി ആയിരുന്നത്രേ ഒഴുകിയിരുന്നത്. 1819 ലെ ഭൂമി കുലുക്കത്തിന് ശേഷം റാണ് ഓഫ് കച്ചിനോട് പിണങ്ങിയ സിന്ധു പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലേക്ക് ഗതി മാറിയൊഴുകി. അങ്ങിനെ ഏഷ്യയിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ ‘ബന്നി പുൽത്തകിടി’ (Banni Grasslands) ഉയർന്നു വന്നു. പലതരം മാനുകൾ, കുറുക്കന്മാർ, മുയലുകൾ, ചെന്നായ്ക്കൾ തുടങ്ങിയ വന്യമൃഗങ്ങൾക്ക് ആവാസസ്ഥലമാണ് ഇവിടം. പലതരം കൊറ്റികളും കൊക്കുകളും ഫ്ലാമിന്ഗോകളും ഇവിടെ കണ്ടുവരുന്നു. ഒരുകാലത്ത് ഇന്ത്യൻ ചീറ്റയുടെ ആവാസസ്ഥലവും ആയിരുന്നു ഇവിടം. നിർഭാഗ്യവശാൽ ഇപ്പോൾ അവയ്ക്ക് പൂർണ്ണമായും വംശ നാശം സംഭവിച്ചിരിക്കുന്നു. പറ്റിയ ആവാസ സ്ഥലമായതിനാൽ വിദേശികളായ ചീറ്റകളെ കൊണ്ടുവന്നു പാർപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ടത്രേ.
ബന്നി ഗ്രാസ്സ്ലാൻഡ്സിൽ പശുക്കളെയും എരുമകളെയും പോറ്റി ഉപജീവനം നടത്തുന്ന ഗോത്രവർഗ്ഗക്കാരുടെ കുഗ്രാമങ്ങളും ഉണ്ട്. ഇരുണ്ട രാത്രികാലങ്ങളിൽ "ചിർ ബത്തി", ഭൂത വെളിച്ചം, എന്ന് ഗ്രാമീണർ
വിളിക്കുന്ന ഒരു നിഗൂഢ വെളിച്ചം ഇവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതായും പറയപ്പെടുന്നു. നിലത്തുനിന്നും നാലഞ്ച് അടി ഉയരത്തിൽ ഗോളാകൃതിയിലുള്ള ഈ വെളിച്ചം നീല, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ നിറം മാറുകയും നീങ്ങിക്കൊണ്ടിരിക്കുകയും ചിലപ്പോൾ നിശ്ചലമായി നിൽക്കുകയും ചെയ്യുമത്രേ. ഗ്രാമീണർക്ക് പുറമെ പക്ഷി നിരീക്ഷണത്തിനായി വരുന്നവരും പാകിസ്ഥാൻ അതിർത്തിയായതിനാൽ ഇവിടുത്തെ സ്ഥിര സാന്നിദ്ധ്യമായ ബി എസ് എഫ് ജവാന്മാരും ഈ നിഗൂഢ വെളിച്ചം കണ്ടതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചതുപ്പു നിലങ്ങളിൽ ഉണ്ടാവുന്ന മീഥേൻ, ഫോസ്ഫേൻ തുടങ്ങിയ വാതകങ്ങൾ അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് ആണ് ഈ പ്രതിഭാസം ഉണ്ടാവുന്നതെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. ആർക്കറിയാം പ്രകൃതിയിലെ നിഗൂഢതകളെപ്പറ്റി!
യാത്ര മുന്നേറുംതോറും റോഡിനിരുവശത്തും വരണ്ട ഭൂമിയായി. നോക്കെത്താദൂരത്തോളം വൃക്ഷങ്ങളോ സസ്യങ്ങളോ ഇല്ലാതെ പരന്നു കിടക്കുന്ന ഭൂമി. രാജസ്ഥാനിലെ ഥാർ മരുഭൂമിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളാണെന്ന് തോന്നുന്നു. ഏതായാലും വലിയ താമസമില്ലാതെ ഞങ്ങൾ ധോർഡോ ഗ്രാമത്തിലെത്തി. ഇവിടെയാണ് ഒന്ന് രണ്ടു മാസം നീണ്ടു നിൽക്കുന്ന "റാണ് ഉത്സവം" നടക്കുന്നത്. താമസിക്കുവാൻ ഇവിടെ ഹോട്ടലുകളോ വലിയ കെട്ടിടങ്ങളോ ഒന്നുംതന്നെ ഇല്ല. റിസോർട്ടുകളാണ് ഉള്ളത്. അവയിൽ താമസത്തിനായി ടെന്റുകളും ഗുജറാത്തി പാരമ്പര്യ രീതിയിലുള്ള ചെറിയ കുടിലുകളുമാണ് ഉള്ളത്. ഞങ്ങൾ ബുക്ക് ചെയ്ത റിസോർട്ടിൽ കുടിലുകളായിരുന്നു.
ചെക്ക് ഇൻ ചെയ്ത് അല്പം വിശ്രമിച്ചശേഷം ഉപ്പു പാടത്തു പോയി സൂര്യാസ്തമനം കാണാം.
വരുന്ന വഴി റാണ് ഉത്സവ മേള കാണാം. തിരിച്ച് റിസോർട്ടിൽ വന്ന് കലാപ്രകടനങ്ങൾ കണ്ട് അത്താഴവും കഴിച്ച് ഇന്നത്തെ ദിവസം അവസാനിപ്പിക്കാം.
സാരഥി ഭാവി പദ്ധതി പ്രഖ്യാപിച്ചു.
രണ്ടു പേർക്ക് കിടക്കാവുന്ന വലിയ കട്ടിലും ആധുനിക
സൗകര്യങ്ങളുള്ള അനുബന്ധ കുളിമുറിയുമായിരുന്നു ഓരോ കുടിലിലും.
വൃത്താകൃതിയിൽ മണ്ണ് കൊണ്ട് നിർമ്മിച്ച് പുല്ലോ വൈക്കോലോ മറ്റോ മേഞ്ഞത്. ഭൂകമ്പ സാദ്ധ്യതാ മേഘലയായതിനാൽ ഇടിഞ്ഞുപൊളിഞ്ഞു വീണാലും വലിയ അപകട സാദ്ധ്യതയില്ല.
ഉള്ളിൽ നിന്നും മുകളിലേക്ക് നോക്കിയാൽ കുടക്കമ്പികൾ പോലെ മരക്കഴുക്കോലുകളുടെ അർദ്ധഗോളം കാണാം.
ചുമരുകളിൽ ഗോത്ര ചിത്രങ്ങൾ പോലെ വർണപ്പകിട്ടാർന്ന ഗുജറാത്തി പാരമ്പര്യ ചിത്രകല.
മഞ്ഞുകാല കുളിരും ശാന്തമായ അന്തരീക്ഷവും.
പാകിസ്ഥാൻ അതിർത്തി പ്രദേശമായതിനാൽ സുരക്ഷാ കാരണങ്ങളാണെന്നു തോന്നുന്നു, ഉപ്പുപാടങ്ങളിലേക്ക് എല്ലാ വാഹനങ്ങൾക്കും പ്രവേശനമില്ല.
എല്ലായിടവും ബി എസ് എഫിന്റെ നിയന്ത്രണത്തിലാണ്.
സർക്കാർ ബസ്സുകളിൽ വേണം രണ്ടു മൂന്നു കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുവാൻ. അസ്തമയത്തിന് മുന്നേ തന്നെ ഞങ്ങൾ അവിടെയെത്തി.
വന്ന റോഡ് ഒഴിച്ചാൽ ഏതാണ്ട് നാല് വശവും ചക്രവാള സീമ വരെ പരന്നു കിടക്കുന്ന വെളുത്ത ഉപ്പുമാത്രം.
ഈ വർഷം വളരെ വൈകി വരെ മഴയുണ്ടായിരുന്നതിനാൽ അങ്ങിങ് വെള്ളം കെട്ടി കിടക്കുണ്ട്.
വെള്ളം പൂർണ്ണമായും വലിഞ്ഞു കഴിഞ്ഞാൽ അനന്തമായ വെളുത്ത പരപ്പ് മാത്രമാകും ഇവിടം.
റോഡിനറ്റത്ത് ഒരു കെട്ടിടത്തിന് മുന്നിൽ ബി എസ് എഫ് ജവാന്മാരുടെ ഒരു കലാപരിപാടി നടക്കുന്നുണ്ടായിരുന്നു.
ഒരിടത്ത് ഗുജറാത്തി വേഷം ധരിച്ച് ഫോട്ടോ എടുക്കേണ്ടവർക്ക് അതിനുള്ള സൗകര്യം ഉണ്ട്.
മറ്റൊരു സ്റ്റേജിൽ പാരമ്പര്യ വേഷമണിഞ്ഞ ഗുജറാത്തി കലാകാരന്മാർ വാദ്യങ്ങളുടെ
അകമ്പടിയോടെ പാടുന്നുണ്ടായിരുന്നു. ഇടയ്ക്കു വെച്ച് ഒന്ന് രണ്ടു സ്ത്രീകൾ അവരോട് ഗുജറാത്തി ഫോക് ഡാൻസ് ഗർബയുടെ താളം കൊട്ടുവാൻ അപേക്ഷിച്ചു.
കൊട്ടിനനുസരിച്ച് അവർ താളം ചവുട്ടിയതോടെ
മറ്റ് ഒരുപാട് പേർ അവരോടൊത്ത് ചുവട് വെക്കുവാൻ തുടങ്ങി.
രസകരമായ ഗർബ ‘ഫ്ളാഷ് മൊബാ’യി അത് മാറി.
അസ്തമയം കാണുവാനായി
റോഡിന്റെ പടിഞ്ഞാറേ അരികിൽ നൂറുകണക്കിന് സന്ദർശകർ തടിച്ചുകൂട്ടിയിട്ടുണ്ട്.
അവരെ സാക്ഷിയാക്കി സൂര്യൻ ഒരു വലിയ ചുവന്ന ഗോളമായി ചക്രവാള സീമയിലേക്ക് അരിച്ചിറങ്ങുവാൻ തുടങ്ങി.
അങ്ങിങ് കെട്ടിനിൽക്കുന്ന വെള്ളത്തിൽ സ്വർണ്ണരശ്മികൾ വെട്ടിത്തിളങ്ങി.
സന്ദർശകർ ഫോട്ടോ എടുത്തും റീൽസുണ്ടാക്കിയും ആ കാഴ്ച ആസ്വദിക്കുന്നതിനിടയിൽ സൂര്യൻ സാവകാശം താഴേക്കിറങ്ങി അപ്രത്യക്ഷമായി.
ഇരുൾ വീഴാൻ തുടങ്ങിയതോടെ സന്ദർശകർ ബസ്സുകളിൽ കയറി മടക്ക യാത്ര ആരംഭിച്ചു.
പൗർണമി രാത്രിയിൽ റാണ് അതിമനോഹര ദൃശ്യമാണെന്ന് ഞാൻ വായിച്ചു മനസ്സിലാക്കിയിരുന്നു.
അന്വേഷിച്ചപ്പോൾ ഏഴര മണിക്ക് ശേഷം തിരിച്ചു പോകാൻ ബസ്സില്ലത്രേ.
പൗർണമി കഴിഞ്ഞ് ഒന്ന് രണ്ടു ദിവസമായതിനാൽ വൈകിയേ ചന്ദ്രൻ ഉദിക്കുകയുള്ളു.
സാരമില്ല; ഞാൻ കിഴക്കോട്ടു നോക്കി. പൂർണ്ണചന്ദ്രൻ ആദ്യം ചുവന്ന വൃത്തമായും പിന്നെപ്പിന്നെ
സ്വർണ്ണ വർണ്ണമായും ഉയർന്നു പൊങ്ങുന്നത് ഭാവനയിൽ കണ്ടാസ്വദിച്ചു.
അതോടെ റാണിന്റെ വെളുത്ത അനന്തതയിൽ നിലാവൊഴുകി പരക്കുന്നു....
മേള നടക്കുന്ന സ്ഥലത്ത് വലിയ തിരക്കില്ലായിരുന്നു. മഴക്കൂടുതൽ കാരണം ഉപ്പ് കാര്യമായി അടിഞ്ഞിട്ടില്ലെന്ന് വാർത്ത പരന്നതിനാൽ സമീപ സ്റ്റേറ്റുകളിൽ നിന്നും ഈ വർഷം അധികം സന്ദർശകർ എത്തുന്നില്ലെന്ന് സാരഥി പറഞ്ഞിരുന്നു. സ്റ്റാളുകൾ വെച്ച് ഇരിക്കുന്ന വിവിധ വ്യാപാരികളെ ഓർത്ത് ഞാൻ ആകുലപ്പെട്ടു. കുറച്ച് ദിവസം കഴിഞ്ഞാൽ സ്ഥിതി മെച്ചമാകുമായിരിക്കും. പരിചയപ്പെട്ട ഒരു കടക്കാരനോടൊപ്പം ഞാനും ആശ്വസിച്ചു.
മേളയിലെ ചെറിയ ഷോപ്പിങ്ങും കഴിഞ്ഞ് ഞങ്ങൾ
തിരിച്ചെത്തിയപ്പോഴേക്കും റിസോർട്ടിലെ കുടിലുകൾക്ക് മുകളിൽ ചന്ദ്രൻ ഉദിച്ചുയർന്നിരുന്നു. സ്റ്റേജിൽ ഗുജറാത്തി ഡ്രസ്സ് ധരിച്ച പെൺകുട്ടികളുടെ നാടോടി നൃത്തവും തുടങ്ങിയിരുന്നു. കൈത്തുന്നലും കണ്ണാടിപ്പൊട്ടുകളും കൊണ്ട് വർണ്ണാഭമായ വസ്ത്രങ്ങൾ. ആകർഷകമായ ചലനങ്ങൾ. താളനിബന്ധമായ വാദ്യസംഗീതം. നിലാവും മഞ്ഞും പെയ്യുന്ന പ്രശാന്ത സുന്ദരമായ രാവ്. ഭക്ഷണവും കഴിഞ്ഞ് ഏറെ വൈകിയായിരുന്നു ഉറങ്ങിയത്. പിറ്റേന്ന് രാവിലെ പ്രാതലും കഴിഞ്ഞ് ഞങ്ങൾ ഉപ്പു പാടങ്ങളോട് വിട പറഞ്ഞു.
ഉച്ചയോടെ ഭുജ്ജിൽ തിരിച്ചെത്തി. ഭക്ഷണ ശേഷം ‘സ്മൃതിവൻ മ്യൂസിയ’വും കണ്ട് ഗാന്ധിധാമിലേക്ക് തിരിച്ചു. നാളെ അതിരാവിലെയാണ് ട്രെയിൻ.
ഭുജ്ജ് കഴിഞ്ഞാൽ റോഡിനിരുവശവും അല്പസ്വല്പം കൃഷികൾ ഉണ്ട്. ആവണക്ക്, ചോളം, പരുത്തി തുടങ്ങിയവ. ഇടവിട്ട് മഞ്ഞ പൂക്കളണിഞ്ഞ കടുകുപാടങ്ങളും ഉണ്ട്. വർഷങ്ങൾക്ക് മുൻപ് യൂപിയിലൂടെ യാത്രചെയ്യുമ്പോൾ മഞ്ഞക്കടൽ പോലെ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന കടുക് പാടങ്ങൾ കണ്ടിട്ടുണ്ട്. അന്ന് ക്യാമറയോ മൊബൈലോ ഉണ്ടായിരുന്നില്ല. യാത്ര ചെയ്യുന്ന വാഹനം ഇഷ്ടാനുസരണം അവിടെ നിറുത്തി ആസ്വദിക്കാനും പറ്റില്ല. അതിനാൽ ആ ചിത്രങ്ങൾ മനസ്സിൽ ക്ലിക്ക് ചെയ്ത് സൂക്ഷിക്കുകയായിരുന്നു. പിന്നീട് പലപ്പോഴും ഹിന്ദി സിനിമകളിൽ ധർമ്മേന്ദ്രയോ ഷാരുഖാനോ ആരെല്ലാമോ ആ പശ്ചാത്തലത്തിൽ പാട്ടുപാടി
നടക്കുന്നത് കണ്ടപ്പോൾ അതോർത്ത് വിഷമിച്ചിട്ടുണ്ട്.
ഇപ്പോഴിതാ
വീണ്ടും കണ്മുന്നിൽ കടുകുപാടങ്ങൾ പൂത്തുലയുന്നു. കയ്യിൽ മൊബൈലുണ്ട്. വാഹനവും നിറുത്താം. ജാതകവശാൽ ഷഷ്ടിപൂർത്തിക്കു ശേഷമായിരിക്കാം ധർമ്മേന്ദ്രായോഗം വരുന്നത്. അത് എന്തിനു വേണ്ടെന്ന് വെക്കണം? ഞാൻ സാരഥിയോട് വാഹനം സൈഡാക്കി നിറുത്തുവാൻ പറഞ്ഞു. മറ്റുയാത്രക്കാർക്ക് അത് അത്ര രസിച്ച മട്ടില്ല.
ഞാൻ പുറത്തിറങ്ങി. പടിഞ്ഞാറ് അസ്തമിക്കാൻ ഒരുക്കം കൂട്ടുന്ന സൂര്യന്റെ സ്വർണ രശ്മികളേറ്റ് കടുകുപാടങ്ങൾ മഞ്ഞക്കടൽ പോലെ തിളങ്ങുന്നു. അതുകണ്ട് എല്ലാവരും പുറത്തിറങ്ങി. ആ പശ്ചാത്തലത്തിൽ ഫോട്ടോകൾ എടുത്ത് ഞങ്ങൾ വീണ്ടും യാത്രയായി. അങ്ങിനെ ആ മോഹവും സഫലമായി. ഇനി ഗാന്ധിധാമിലെ ഹോട്ടലിലെത്തി വിശ്രമം, ഉറക്കം. പിന്നെ
നാളെ അതിരാവിലെ മടക്ക യാത്ര.
നമ്മുടെ നിത്യജീവിതത്തിന്റെ
അവിഭാജ്യ ഘടകമാണ് ഉപ്പ്. തീൻ മേശപ്പുറത്തും അടുക്കളയിലും തരിയായും പരലുകളായും ഈ രാസവസ്തു
നമ്മുടെ ജീവിതത്തിനു രുചികൂട്ടുമ്പോൾ നാം ഓർക്കേണ്ട ചില ജീവിതങ്ങൾ ഉണ്ട്. പട്ടിണിയിലും
രോഗങ്ങളിലും ജീവിച്ചു മരിക്കുന്ന ‘അഗാരിയ’ (Agariya) സമൂ
ഹം. കച്ചിലെ പാരമ്പര്യ ഉപ്പു
തൊഴിലാളികൾ.
രാജ്യത്തെ ആവശ്യകതയുടെ നല്ലൊരു ശതമാനം ഉപ്പ് അവരാണ് ഉത്പാദിപ്പിയ്ക്കുന്നത്.
ഒക്ടോബർ മാസത്തിൽ
ചതുപ്പിൽ വെള്ളം നിറയുന്നതോടെ അവരുടെ വാർഷിക തൊഴിൽ ആരംഭിക്കുന്നു. വലിയ വരമ്പുകളിട്ട്
ഉപ്പുവെള്ളം കെട്ടിനിറുത്തുന്നു. ജനുവരി ആവുന്നതോടെ കണ്ടം വെള്ളം വറ്റി വെള്ള മാർബിൾ
നിലം പോലെ ഉപ്പ് അടിഞ്ഞു കൂടുന്നു. പകൽ കാക്കത്തണൽ പോലുമില്ലാത്ത കൊടും ചൂടിലും രാത്രി
കഠിന തണുപ്പിലും സ്ത്രീകളും കുട്ടികളും അടക്കം സകുടുംബം അത് കോരിക്കൂട്ടി ലോറികളിൽ
നിറച്ച് ഫാക്ടറിയിലേക്ക് യാത്രയാക്കുന്നു. നിരന്തരമായ ഉപ്പു സമ്പർക്കം കൊണ്ട് ത്വക്ക്
രോഗങ്ങളും മറ്റു മാരക രോഗങ്ങളും
അവർക്ക് സാധാരണം. അവരിൽ അറുപത് വയസ്സ് പിന്നിടുന്നവർ വിരളം.
അവരുടെ ത്യാഗം ഓർത്തുകൊണ്ട് ഈ കുറിപ്പുകൾ അവസാനിപ്പിക്കട്ടെ.




