യാത്രകൾ
അവസാനിക്കുന്നില്ല
ജോലിയിൽ നിന്നും വിരമിച്ച്
വീട്ടിൽ വന്നപ്പോൾ ഞാൻ വിചാരിച്ചു; കഴിഞ്ഞു……. ഇതോടെ എന്റെ യാത്രകളെല്ലാം അവസാനിച്ചു. അന്യഭാഷാ
നഗരങ്ങളിലൂടെയുള്ള ബസ്സുയാത്രകൾ………..ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആലസ്യത്തിലാണ്ട തീവണ്ടി
യാത്രകൾ......ആഡംബര പൂർണ്ണമായ വിമാന യാത്രകൾ. എല്ലാ യാത്രകൾക്കും വിട. നന്ദി. നമസ്കാരം,
പക്ഷെ ലോകം വളരെ മാറിക്കഴിഞ്ഞിരിക്കുന്നു.
നമ്മുടെ ജോലിയുടെ ഭാഗമായല്ലെങ്കിലും,
ഉല്ലാസ
യാത്രക്കുവേണ്ടിയല്ലെങ്കിലും, മക്കളുടെയോ മരുമക്കളുടെയോ വിദ്യാഭ്യാസത്തിനോ ജോലിക്കോ
വിവാഹത്തിനോ എല്ലാം വേണ്ടി ഇപ്പോൾ ദൂര യാത്രകൾ അനിവാര്യമായിരിക്കുന്നു. കാരണം പുതിയ
തലമുറയുടെ ജോലിയും വിവാഹ ബന്ധങ്ങളുമെല്ലാം ഇപ്പോൾ നാടിന്റെയും ദേശത്തിന്റെയും അതിർത്തികൾ
വിട്ട് അതിവിദൂര സ്ഥലികളിലേക്ക് പടർന്നു കയറുന്നു.
അങ്ങിനെയായിരുന്നു പൂനയിലേക്ക്
ഒരു യാത്ര തരപ്പെട്ടത്.
ഭാര്യയുമൊത്ത്.
റിപ്പബ്ലിക്ക് ദിനമായതിനാൽ മകൾക്കും മരുമകനും
അവധി. കൂടെ ശനിയും ഞായറും. അതിനാൽ എല്ലാവര്ക്കും കൂടി അവിടെ ഒരു ഒത്തുകൂടൽ.
ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്
ചെയ്യാം; മകൾ പറഞ്ഞു.
വേണ്ട. ടു ആൻഡ് ഫ്രോ ട്രെയിനിൽ
റിസെർവ്വ് ചെയ്തു കഴിഞ്ഞു; ഞാൻ പറഞ്ഞു.
ഇരുപത്തഞ്ചു മണിക്കൂർ യാത്രയെ
ഉള്ളൂ. ആലങ്കാരികമായി പറഞ്ഞാൽ വിശ്രമ ജീവിതമായതിനാൽ, നേരെ ചൊവ്വേ പറഞ്ഞാൽ തൊഴിലും പണിയും
ഇല്ലാത്തതിനാൽ, ഇഷ്ടം പോലെ സമയമുണ്ട്. മാത്രവുമല്ല ട്രെയിൻ യാത്ര ആസ്വദിച്ച് വളരെക്കാലമായി. രാത്രി
ഉറങ്ങാൻ കിടക്കുമ്പോൾ ട്രെയിൻ ഇഴഞ്ഞു കയറുന്ന സ്റ്റേഷനിലെ ആളുകളുടെ ഭാഷയും വേഷവുമായിരിക്കില്ല
രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ട്രെയിൻ ഇഴഞ്ഞു കയറുന്ന സ്റ്റേഷനിലെ ആളുകളുടെത്. എന്തത്ഭുതം!
വ്യത്യസ്തമായ ഭാഷ; വേഷങ്ങൾ; ഭക്ഷണങ്ങൾ; കച്ചവടങ്ങൾ.....യഥാർത്ഥ ജീവിതം കാണണമെങ്കിൽ
ട്രെയിനിൽ തന്നെ യാത്ര ചെയ്യണം. ഓരോ ട്രെയിൻ യാത്രയും ഇന്ത്യയെ കണ്ടെത്തലാണ്. ജീവിതകാലം
മുഴുവൻ ഓർത്ത് അയവിറക്കാൻ പറ്റിയ അസുലഭ അനുഭവങ്ങൾ വീണു കിട്ടുന്ന യാത്രകളാണവ. വിമാനയാത്രയാവട്ടെ
നൈമിഷികമായ ഒരാർഭാടം മാത്രവും.
സന്ധ്യക്ക് കയറിയപ്പോൾ കോച്ചിൽ
തിരക്കില്ലായിരുന്നു. സൈഡ് ബർത്തിൽ പാവത്താനെ പോലെ തോന്നിച്ച ഒരാൾ മാത്രമുണ്ട്. മുണ്ടും
ഷർട്ടും വേഷം. ബെർത്തിൽ ചമ്രം പടിഞ്ഞിരുന്ന അയാളുടെ അടുത്ത് തന്നെ സാധനങ്ങൾ നിറച്ച
ഒരു പ്ലാസ്റ്റിക് ബാഗുമുണ്ടായിരുന്നു.
എങ്ങോട്ടാണ്? ഞാൻ ചോദിച്ചു,
പൂനയിലേക്ക്. നിങ്ങളോ? ഞങ്ങളും
അങ്ങോട്ട് തന്നെ എന്ന് ഞാൻ പറഞ്ഞു. അയാൾക്ക് അതിൽ അല്പം സന്തോഷവും ആശ്വാസവും ഉള്ളതായി തോന്നി. പക്ഷെ പിന്നീട് വർത്തമാനത്തിലൊന്നും
താല്പര്യമുള്ളതായി തോന്നിയതുമില്ല.
അയാൾ
തന്റെ ഫോണെടുത്ത് ഉച്ചത്തിൽ ഏതോ രാഷ്ട്രീയ നിരീക്ഷകന്റെ സർക്കാരിനെ കുറിച്ചുള്ള വിമർശനം
കേൾക്കാൻ തുടങ്ങി. ഉച്ചത്തിൽ. ശുദ്ധനാണെങ്കിലും
ദുഷ്ടന്റെ ഫലമാണല്ലോ! പൂന വരെ ഇത് സഹിക്കേണ്ടി വരുമോ എന്ന് ഞാൻ ഭയന്നു.
കയ്യിൽ കരുതിയ ഭക്ഷണവും കഴിച്ച്
ഞങ്ങൾ ഉറങ്ങാൻ കിടന്നു. പാവത്താൻ രാഷ്ട്രീയ വിമർശനം നിറുത്തി ഉറക്കമായിരുന്നു. രാത്രി
എപ്പോഴോ ബെർത്തിനടിയിൽ പൊട്ടിത്തെറി പോലെ ഒരു ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു. കണ്ണ്
തുറന്നപ്പോൾ അജാന ബാഹുവായ ഒരാൾ തന്റെ ലഗേജ് ബെർത്തിനടിയിൽ തള്ളിക്കയറ്റുകയായിരുന്നു.
അയാൾ കുനിഞ്ഞപ്പോൾ മറ്റൊരു ഘടാഘടിയനും എന്റെ കാഴ്ചാ ചതുരത്തിൽ വന്നു നിറഞ്ഞു. രണ്ടുപേരും
മൊട്ടയടിച്ചിരിക്കുന്നു. നെറ്റിയിൽ കുറികളുണ്ട്. തിരുപ്പതിയിൽ ദർശനം കഴിഞ്ഞുള്ള വരവായിരിക്കണം.
കൊങ്കിണി പോലൊരു ഭാഷയിൽ എന്തെല്ലാമോ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. എന്റെ കാഴ്ചക്കപ്പുറത്ത്
മറ്റു സ്ത്രീ ശബ്ദങ്ങളും ഉണ്ട്. അർദ്ധരാത്രിയാണെന്നോ മറ്റുള്ള യാത്രക്കാർ ഉറങ്ങുകയാണെന്നോ
ഉള്ള യാതൊരു പരിഗണനയും ഇല്ലാതെ ആകെ ബഹളം.
ബഹളം അടുത്തൊന്നും അവസാനിക്കുന്ന
ലക്ഷണമില്ലായിരുന്നു. ഒടുവിൽ തമ്മിൽ ചെറുപ്പം തോന്നിച്ച ഘടാഘടിയൻ ഏറ്റവും മുകളിലെ ബെർത്തിൽ
കയറിപ്പറ്റി. അടുത്തയാൾ എനിക്ക് ഉൾക്കിടിലമുണ്ടാക്കി മിഡിൽ ബെർത്തിൽ കയറിപ്പയറ്റുവാൻ
ശ്രമം തുടങ്ങി. കിടക്കുന്നതിനു മുൻപ് ഞാൻ അതിന്റെ ചെയിനിന്റെയും കൊളുത്തിന്റെയും മറ്റും
ബലം പരീക്ഷിച്ചു നോക്കിയിരുന്നു. എങ്കിലും ഇപ്പോൾ എനിക്കത് വലിയൊരാശങ്കയായി മാറി.
F=ma. നാശം! പണ്ട് പണ്ട് പഠിച്ച ഫിസിക്സ് ഫോർമുല അനാവശ്യമായി ഇപ്പോൾ എന്റെ മനസ്സിലേക്ക്
എന്തിനാണ് കയറി വരുന്നത്? സയിൻസല്ല; വിശ്വാസമാണ് ഇപ്പോൾ വേണ്ടത്. കൊളുത്തുകൾക്ക് ഗുരുത്വാകർഷണത്തെ
അതിജീവിക്കാനുള്ള ശക്തി ഉണ്ടാവട്ടെ, ദൈവമേ!
പണ്ട് പണ്ട് വാരാണസി ട്രെയിൻ
തിരുപ്പതി പോകുന്ന കാലം തൊട്ടേ ഉഷ പറയുന്നതാണ്: നമുക്കൊന്ന് തിരുപ്പതി പോകണം എന്ന്.
ഇത്ര കാലവും സാധിച്ചില്ല. ഞങ്ങൾക്ക് അതിനു യോഗമുണ്ടാവട്ടെ! ബാലാജീ! വെങ്കിട്ടരമണാ!
പ്രശാന്തമായ പ്രഭാതത്തിലേക്ക്
ഞാൻ ഉണർന്നെഴുന്നേറ്റു. പാവത്താനൊഴികെ എല്ലാവരും പുതച്ചു കിടന്നുറക്കമാണ്. അയാൾ ചില്ലു
ജാലകത്തിന്റെ കർട്ടൻ നീക്കി ബെർത്തിൽ ചമ്രം പടിഞ്ഞിരിക്കുന്നുണ്ട്. ഞാനും എഴുന്നേറ്റ്
പല്ലു തേച്ച ശേഷം അയാളുടെ ബെർത്തിൽ ഇരുന്നു. പെട്ടെന്ന് അയാൾ ഫോൺ ഓൺ ചെയ്ത് ഒരു ക്രിസ്തീയ
ഭക്തി ഗാനം വെച്ചു. ഉച്ചത്തിലുള്ള പാട്ടു കേട്ട് മുകളിലെ ബെർത്തിൽ ഘടാഘടിയൻ ഒന്ന് തിരിഞ്ഞു
കിടന്നു.
വോളിയം കം കരോ, ഭായി...അയാൾ
ഞരങ്ങി പറഞ്ഞു.
പക്ഷെ പാവത്താൻ അത് കേട്ടതായിപ്പോലും
തോന്നിയില്ല. ഇന്നലെ രാത്രി മറ്റുള്ളവരെ ഉറങ്ങാൻ സമ്മതിക്കാത്തവരാണ്; രാവിലത്തെ പ്രശാന്തത
നഷ്ടപ്പെടുന്നതിൽ എനിക്കും അമർഷമുണ്ടെകിലും ഞാൻ പാവത്താനെ മനസ്സാ അഭിനന്ദിച്ചു. കുറച്ചു
കഴിഞ്ഞപ്പോൾ മുകളിലെ ബെർത്തിൽ നിന്നും പരാതിക്കാരൻ പുതപ്പിനുള്ളിൽ നിന്നും തല പുറത്തിട്ട്
താഴോട്ടു നോക്കി വീണ്ടും വിളിച്ചു പറഞ്ഞു:
വോളിയം കം കരോ ഭായി സാബ്....!
ഇപ്പോഴും പാവത്താൻ ബധിരനെപ്പോലെ
ഇരിക്കുകയാണ്. അങ്ങിനെ ഞാൻ ആ സത്യം മനസ്സിലാക്കി- പാവത്താന്ന് മലയാളമല്ലാതെ മറ്റൊരു
ഭാഷയും അറിയില്ല!
ശബ്ദം ചുരുക്കാനാണ് അയാൾ
പറയുന്നത്. ഞാൻ പാവത്താനോട് പറഞ്ഞു. അബദ്ധം പറ്റിയത് പോലെ അയാൾ പെട്ടെന്ന് ഗാനം ഓഫ്
ചെയ്തു. വീണ്ടും പ്രശാന്തത. ഞാൻ ജാലകത്തിലൂടെ പുറത്തു നോക്കി. തെലുങ്കാനയോ കർണാടകയോ
മറ്റോ ആണ്. സൂര്യൻ ഉദിച്ചു വരുന്നു. പലതരം കൃഷികൾ പരന്നു കിടക്കുന്നു. ഇടയിൽ ഒറ്റപ്പെട്ട
വൃക്ഷങ്ങൾ. അവിടവിടെ ചെറിയ കുന്നുകളും ഉണ്ട്.
ട്രെയിനിന്റെ വേഗത വളരെ കുറഞ്ഞു
വന്നു. എതോ സ്റ്റേഷൻ അടുക്കാറായെന്നു തോന്നുന്നു. ഞാൻ എഴുന്നേറ്റ് ഗ്ലാസ് ഡോർ കടന്ന്
വാതിലിനരികിൽ നിലയുറപ്പിച്ചു.
വിളവെടുക്കാറായ ചോളം, വെള്ളമുള്ളിടത്
നെല്ല്, തക്കാളി, പച്ചക്കറികൾ, കടല അങ്ങിനെ കണ്ടാലറിയുന്നതും അല്ലാത്തതുമായ എന്തെല്ലാം
കൃഷികൾ! ദൂരെ കാളവണ്ടികളും ട്രാക്ടറുകളും വൈക്കോൽ കൂനകളും എല്ലാം കാണാം. അങ്ങിങ്ങ്
ഓടിട്ട ചെറിയ വീടുകൾ. പാടത്ത് പണിയെടുക്കുന്ന സ്ത്രീകളും പരുഷന്മാരും....
മഞ്ഞു തിരശ്ശീല ഇളവെയിലിനു
വഴിമാറുകയായിരുന്നു. പീഠഭൂമിയിലെ ശീതക്കാറ്റ് എന്നെ ചൂഴ്ന്നു. എന്റെ മനസ്സു തെളിഞ്ഞു.
ഞാൻ കൈയുയർത്തി ഉറക്കെ വിളിച്ചു പറഞ്ഞു:
മിടുക്കന്മാരേ...മിടുക്കികളേ......
വേഗം വേഗം പണിയെടുക്കുവിൻ...നന്നായി
കൃഷിചെയ്യുവിൻ.....അങ്ങ് ദൂരെ കേരളത്തിൽ ഞങ്ങൾ മലയാളികൾക്ക് വിശക്കുന്നു...ഞങ്ങൾക്ക്
ഭക്ഷണം വേണം...ഞങ്ങളുടെ കുട്ടികൾ സമരം ചെയ്തും പ്രതിഷേധിച്ചും കരിങ്കൊടി കാണിച്ചും തളർന്നു വരുമ്പോൾ അവർക്ക് ഭക്ഷണം വേണം...ഞങ്ങളുടെ
യുവാക്കൾ രക്ഷാ പ്രവർത്തനം നടത്തി ക്ഷീണിച്ചു വരുമ്പോൾ അവർക്ക് പോഷകാഹാരം വേണം,,, ഞങ്ങളുടെ
നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന പോഷകാഹാരം മാത്രം പോരാ.....പച്ചക്കറിയും പഴങ്ങളും ധാന്യങ്ങളും
ധാരാളം ഉൽപ്പാദിപ്പിക്കുവിൻ...
സഹോദരന്മാരേ..സഹോദരികളേ…..ഉത്സാഹത്തോടെ
പണിയെടുക്കുവിൻ.......
എന്റെ ശബ്ദം ശീതക്കാറ്റിൽ
അലിഞ്ഞില്ലാതായി.
ഉച്ചയോടടുക്കെ ട്രെയിൻ യാദ്ഗിർ
സ്റ്റേഷനിലെത്തി. തിരക്ക് കുറഞ്ഞിരുന്നു. തിരുപ്പതിക്കാർ എഴുന്നേറ്റ് തൊട്ടടുത്ത കംപാർട്മെന്റിൽ
അവരുടെ സ്ത്രീകളോട് സംഘം ചേർന്നു. ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ ഒരു അച്ഛനും അമ്മയും
വളരെ അവശനായ ഒരു കുട്ടിയെ താങ്ങി പ്രയാസപ്പെട്ട് നടത്തിച്ചു കൊണ്ടുവന്നു. അവരോളം തന്നെ
ഉയരമുണ്ടായിരുന്നു ആ കുട്ടിക്ക്. ജന്മനാ ബുദ്ധി വളർച്ചയില്ലെന്ന് വ്യക്തം. വിളറിയ മുഖവും
പ്രതികരണമില്ലാത്ത ശൂന്യമായ കണ്ണുകളും. പാവത്താനോട്
അവർ അയാളുടെ ബെർത്ത് അവർക്കു കൊടുത്ത് മറ്റൊരു ബെർത്തിൽ പോകാമോ എന്ന് ചോദിച്ചു. കാര്യം
മനസ്സിലാകാതിരുന്ന അയാൾക്ക് ഞാൻ മലയാളത്തിൽ പറഞ്ഞു കൊടുത്തു. ഉടനെ തന്നെ ഭാവഭേദം ഏതും
കൂടാതെ അയാൾ ബാഗുമെടുത്ത് യാത്രയായി. കമ്പിളിയും വിരിപ്പും വിരിച്ച് അവർ കുട്ടിയെ അവിടെ
കിടത്തി.
ഞങ്ങൾ അവരെ സഹതാപത്തോടെ നോക്കാതിരിക്കുവാൻ
പണിപ്പെടുകയായിരുന്നു. പക്ഷെ ആ അമ്മ വളരെ പ്രസന്നവതിയായി കാണപ്പെട്ടു. പ്രതികരണമില്ലാത്ത
കുട്ടിയോട് അവർ പലതും പറയുകയും ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തങ്ങൾ കൊണ്ടുവന്ന
ഭക്ഷണം വാരി അവന്റെ വായിൽ കൊടുത്തു. അച്ഛനും
സംഭാഷണ പ്രിയനായിരുന്നു.
മെലിഞ്ഞ
മനുഷ്യൻ. മീശയും അല്പമാത്രമായ തലമുടിയും കറുപ്പ് നിറം തേച്ച് യുവത്വത്തെ തിരികെ പിടിക്കുവാൻ
നടത്തിയ ശ്രമം വലുതായി വിജയിച്ചിട്ടില്ല.
മൊബൈൽ കട നടത്തുകയാണ് അയാൾ.
തെറ്റില്ലാതെ നടന്നു പോകുന്നു. മൂന്നു മക്കളാണ്. രണ്ടുപെണ്ണും ഒരാണും. ആൺകുട്ടിക്കാണ്
ജന്മനാ അസുഖം. ഇരുപത്തി മൂന്നു വർഷമായി ഇതേ അവസ്ഥയിൽ. താഴെയുള്ള പെൺകുട്ടി കടയിൽ സഹായിക്കുന്നു.
അവൾക്ക് കച്ചവടത്തിൽ കഴിവും താല്പര്യവുമുണ്ട്. മൂത്തവൾ പൂനയിൽ ഒരു പ്രൊഫഷണൽ കോളേജിലാണ്.
അവളുടെ കോൺവൊക്കേഷനാണ് അടുത്ത ദിവസം. അതിൽ പങ്കെടുക്കാനായാണ് പൂനയിൽ പോകുന്നത്.
അവർ ഭക്ഷണം കഴിക്കുവാൻ തുടങ്ങി.
അവരോടൊപ്പം ചേരുവാൻ അയാൾ നിർബന്ധിച്ചു. ഞങ്ങൾ കൊണ്ടുവന്ന ഭക്ഷണമുള്ളതിനാൽ അവർക്ക് വിഷമമുണ്ടാക്കാത്ത
തരത്തിൽ ഞങ്ങൾ നിരസിച്ചു. എങ്കിലും വെളുത്ത എള്ളുകൊണ്ടുണ്ടാക്കിയ ബർഫി പോലുള്ള പലഹാരം
അവർ ഞങ്ങളെ കഴിപ്പിച്ചു.
ഖാന ഘർ കാ ബനാ ഹുവാ ഹെ. ഷെയർ
കർ കെ ഖാനെ മേം മജാ ഹെ..
നാ...
ഭക്ഷണം കഴിഞ്ഞപ്പോൾ അയാൾ
ഒരു ചെറിയ പെട്ടി തുറന്ന് ഇൻസുലിൻ സിറിഞ്ജ് പുറത്തെടുത്തു. അയാളുടെ ഭാര്യ അത് അയാളുടെ
ശുഷ്കിച്ച കൈയ്യിൽ കുത്തിവെച്ചു.
അയാളും ഭാര്യയും പിന്നീടും
പലതും സംസാരിച്ചുകൊണ്ടിരുന്നു. മൂളി കേൾക്കുകയും ഇടക്ക് എന്തെങ്കിലും പറയുകയും ചെയ്തുകൊണ്ട്
ഇരുന്നെങ്കിലും എന്റെ മനസ്സ് വിഷാദത്തിൽ ആണ്ടു കിടക്കുകയായിരുന്നു. ഇരുപത്തിമൂന്നു
വർഷമായി ആ കുട്ടിക്കായി ഉഴിഞ്ഞു വെച്ച ജീവിതങ്ങൾ...
രാത്രി ഏറെ വൈകാതെ ട്രെയിൻ
ലക്ഷ്യത്തിലെത്തി. ഇടക്ക് പാവത്താൻ വന്ന് ഈ ട്രെയിനിന്റെ ലാസ്‌റ് സ്റ്റോപ്പ് പൂനയല്ലേ
എന്ന് അന്വേഷിച്ചു പോയിരുന്നു. ഇറങ്ങിയപ്പോൾ അയാൾക്ക് എന്തെങ്കിലും സഹായം വേണമോ ആവോ
എന്ന് ഞാൻ ആലോചിച്ചെങ്കിലും തിരക്കിൽ അയാളെ പിന്നീട് കണ്ടില്ല. സുഖമില്ലാത്ത കുട്ടിയുടെ
സഹോദരി പ്ലാറ്റുഫോമിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾ അച്ഛനെയും അമ്മയെയും സഹോദരനെയും
അത്യാഹ്ളാദത്തോടെ ചിരിച്ചു കെട്ടിപ്പിടിച്ചു. അവളും അമ്മയും അച്ഛനും താങ്ങി പിടിച്ച്
സുഖമില്ലാത്ത കുട്ടിയെ തിരക്കിനിടയിലൂടെ പതുക്കെ നടത്തി. ഞങ്ങളും ലഗേജുമായി തിരക്കിനൊപ്പം
പുറത്തേക്കു നടന്നു; മറ്റൊരു റെയിൽ യാത്രയുടെ അനുഭവങ്ങളും പേറി.