Friday, May 30, 2025

 

പർവൽ



(Photo Courtesy)


മുംബൈയിൽ രാത്രി മുതൽ തോരാത്ത മഴയായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ മഴ മാറി. മകളുടെ വീട്ടിൽ വിരുന്നു വന്ന ഞങ്ങൾ പകൽ മുഴുവൻ ഫ്ളാറ്റിൽ അടച്ച് ഇരുന്നതിനാൽ വൈകുന്നേരം ഒന്ന് നടക്കുവാനായി പുറത്തിറങ്ങി. അടുത്ത് തന്നെ ഒരു ചെറിയ പാർക്ക് ഉണ്ട്. നടക്കുവാനും ചില്ലറ വ്യായാമത്തിനും എല്ലാം ഉള്ള സംവിധാനങ്ങൾ ഉണ്ട് അവിടെ. മഴ നിന്നെങ്കിലും അന്തരീക്ഷം മഴക്കാലത്തിന്റേതായിരുന്നു. ചേമ്പൂരിലെ തെരുവുകൾ ചളിയും വൃത്തികേടും പരന്ന് നനഞ്ഞു കിടന്നു.

റോഡിനിരുവശത്തും ചെറിയ ചെറിയ കടകൾ ഉണ്ട്. എല്ലാം പഴക്കമുള്ളവ. സ്റ്റേഷനറി, ഇംഗ്ളീഷ് മരുന്നുകൾ, ഫാൻസി, ഇലെക്ട്രിക്കൽസ് അങ്ങിനെ എല്ലാം. കൂട്ടത്തിൽ പച്ചക്കറിയും. അപ്പോഴാണ് ഒരു പച്ചക്കറി കടയുടെ മുന്നിൽ ഒരു തട്ടിൽ പർവൽ (Pointed Gourd) കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഇരുപത്തഞ്ചു വർഷങ്ങൾക്ക് മുൻപ് വാരാണസി വാസത്തിനു ശേഷം ഇപ്പോഴാണ് ഈ പച്ചക്കറി കാണുന്നത്. വാങ്ങിയാലോ? ഉഷയ്ക്കും താല്പര്യമാവും.

നാട്ടിൽ കിട്ടാത്ത പച്ചക്കറികൾ പരീക്ഷിച്ചു നോക്കാൻ വാരാണസി ജീവിത കാലത്ത് വലിയ താല്പര്യമായിരുന്നു. എങ്ങിനെ പാചകം ചെയ്യണമെന്ന് അറിയാത്തവയെപ്പറ്റി വർഷങ്ങളായി അവിടെ താമസിക്കുന്ന വീട്ടുടമസ്ഥരോട് ചോദിച്ചു മനസ്സിലാക്കും. അങ്ങിനെ പരിചയപ്പെട്ട് എല്ലാവർക്കും ഇഷ്ടമായ ഒന്നായിരുന്നു പർവൽ. അതിനാൽ ഇടയ്ക്കിടെ പർവൽ തീൻമേശപ്പുറത്ത് എത്തുമായിരുന്നു. എന്നാൽ വാരാണസി വിട്ട ശേഷം അവൻ ഞങ്ങളുടെ ഓർമ്മയിൽ നിന്ന് തന്നെ മാഞ്ഞുപോയി.

പെട്ടെന്ന് വാരാണസിയിൽ ഞങ്ങൾ താമസിച്ച വീട്ടിനടുത്തുള്ള പച്ചക്കറി വില്പനക്കാരി എന്റെ ഓർമ്മയിൽ ഓടിയെത്തി. മാളുകളും ശീതീകരിച്ച കച്ചവട സ്ഥലങ്ങളും ഇല്ലാത്ത കാലമാണ്. ഭേലുപുരയിലെ റോഡരികിൽ പരത്തിവിരിച്ച ചാക്കുകളിലെ ഏതാനും ചെറിയ പച്ചക്കറി കൂനകൾക്കു പിന്നിൽ അവൾ ഇരിക്കും. ഇരു നിറത്തിൽ മെലിഞ്ഞ ചെറുപ്പക്കാരി. കഷ്ടിച്ച് നടക്കാറായ, മുഷിഞ്ഞ കുപ്പായം മാത്രമിട്ട അവളുടെ കുട്ടി അവിടെ മണ്ണിൽ ഇരുന്നും തത്തി നടന്നും കളിക്കുന്നുണ്ടാവും. അവൻ ദൂരേയ്ക്ക് നടക്കുമ്പോൾ അവൾ നീട്ടി വിളിക്കും:  മുന്നാ....

പച്ചക്കറി വാങ്ങിക്കഴിഞ്ഞാൽ അവൾ കണക്ക് കൂട്ടുന്നത് കാണാൻ രസമാണ്. വാങ്ങിയ പച്ചക്കറി ഓരോന്നായി തൊട്ട് ഉറക്കെ പറയും: പാഞ്ച് റുപ്പിയ ഓർ സാഥ് റുപ്പിയാ......ബാരാ റുപ്പിയാ... ബാരാറുപ്പിയാ… പാഞ്ച് റുപ്പിയാ.. സത്രാ റുപ്പിയാ... സത്രാ റുപ്പിയാആട്ട് റുപ്പിയാ...പച്ചീസ് റുപ്പിയാ...

പൈസ വാങ്ങി ചാക്കിനടിയിൽ ഇട്ട് അവിടെ നിന്ന് തന്നെ ബാക്കിയും പെറുക്കി തരും. പിന്നെ കുറച്ച് മല്ലിയിലയും പച്ചമുളകും എടുത്ത് സഞ്ചിയിലേക്കിടും. ധനിയ മിർച്ച, ഫ്രീ.

 

ജീവിത യാത്രയിൽ നമ്മൾ കണ്ടുമുട്ടുന്ന അപ്രസക്ത കഥാപാത്രങ്ങൾ!  അവളും കുട്ടിയും ഇപ്പോൾ എവിടെയോ, എങ്ങിനെയോ എന്തോ!

കാഴ്ചക്ക് കോവക്ക പോലെ തന്നെയാണ് പർവ്വലും. ചെടിയും കോവൽ വള്ളി പോലെ തന്നെ. കായക്ക് തൊലിയും കാമ്പും നല്ല കട്ടിയാണെന്നു മാത്രം. കോവൽ കുടുംബത്തിലെ കാണ്ടാമൃഗം എന്ന് പറയാം. ഉള്ളിലെ കട്ടിയുള്ള കുരുക്കൾ കളഞ്ഞ് ചെറിയ നീണ്ട കഷണങ്ങളാക്കി സബ്ജിയോ സൂഖാ സബ്ജിയോ ഉണ്ടാക്കാം. ചപ്പാത്തിക്കോ ചോറിനോ അകമ്പടി സേവിക്കുവാൻ രണ്ടു പേർക്കും ഒരു വിഷമവുമില്ല. ഒരുപാട് പോഷക മൂല്യങ്ങൾ അടങ്ങിയ ഭക്ഷണമാണ് എന്നും പറയുന്നു. 

പർവൽ കൈസാ ഹൈ ഭായ്? കടക്കാരനോട് ഞാൻ ചോദിച്ചു.

പച്ചീസ് കാ പാവ്. അയാൾ പറഞ്ഞു.

കാൽക്കിലോ ഇരുപത്തഞ്ച് രൂപ. അരക്കിലോ വാങ്ങി. കാൽ നൂറ്റാണ്ടിനു ശേഷം പഴയ രുചികൾ ഒരിക്കൽ കൂടി ആസ്വദിക്കുക തന്നെ.

ഉഷയും മകളുമായുള്ള ഉന്നത തല ചർച്ചയിൽ ചപ്പാത്തിയും ഗ്രേവിയുള്ള സബ്ജിയും ആവാമെന്ന് ധാരണയായി. വളരെക്കാലത്തിനു ശേഷം വരുന്ന അതിഥിയല്ലെ. നിർമ്മാണ പ്രക്രിയയിൽ പങ്കുചേരുവാനും അതിലുപരി നിർമ്മാണ പ്രക്രിയയ്ക്ക് സാക്ഷിയാകുവാനുമായി ഞാനും അടുക്കളയിൽ പരുങ്ങി നിന്നു. പർവൽ പുറം ചുരണ്ടി കുരു കളഞ്ഞ് നീളത്തിൽ കഷണങ്ങളാക്കി. ചൂട് തട്ടിയാൽ കാണ്ടാമൃഗ സ്വഭാവമെല്ലാം വെടിഞ്ഞ് ഇവൻ സൗമ്യനാവും. കൂട്ടിന് അതേ നീളത്തിലുള്ള ഉരുളക്കിഴങ്ങ് കഷണങ്ങളും സൃഷ്ടിക്കപ്പെട്ടു. രണ്ടുപേരെയും പാനിൽ അല്പം എണ്ണയിൽ വാട്ടി എടുത്തു. പിന്നെ ഇഞ്ചിയും സവാള അരിഞ്ഞതും തക്കാളിയും, കറിമസാല മെമ്പർമാരെയും വാട്ടി എടുത്ത് മിക്സിയിൽ അരച്ചെടുത്തു. ചതഞ്ഞരഞ്ഞവർ വീണ്ടും എണ്ണ ഒഴിച്ചു ജീരകം പൊട്ടിച്ച ചൂടുപാനിലേക്ക്. അവരും എണ്ണയും തമ്മിൽ തെറ്റിപ്പിരിയുവാൻ അധികം നേരം വേണ്ടിവന്നില്ല. അതോടെ പർവ്വലും സുഹൃത്തുക്കളും പാനിലേക്കിറങ്ങി. കൂടെ മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപ്പൊടി, മസാലപ്പൊടി തുടങ്ങിയവരും സംഘം ചേർന്ന് സപ്പോർട്ടുമായി ഇറങ്ങുന്ന കാഴ്ചയാണ് പിന്നീട് ഞാൻ കണ്ടത്. ഉപ്പും വെള്ളവും ഒഴിച്ചശേഷം പാൻ അടക്കപ്പെട്ടു. തിളച്ചു മറിയുവാൻ വിധിക്കപ്പെട്ടവർ! ഒടുവിൽ അല്പം കസൂരി മേത്തിയും നനുന്നനെ അരിഞ്ഞ മല്ലിയിലയും കൂടി പാനിലേക്കിറങ്ങി ചെന്നതോടെ അടുക്കളയിൽ ഒരു വശ്യമായ ഗന്ധം പരന്നു. ആഹാ..! അതോടെ കാൽ നൂറ്റാണ്ട് പിറകോട്ട് താണ്ടി ഞാൻ വാരാണസിയിലെത്തി.

എന്ത് അത്ഭുതം!

ഒരു ഗന്ധം, ഒരു ഗാന ശകലം, മിന്നി മറയുന്ന ഒരു ദൃശ്യം, മഴ, മഞ്ഞ് പോലെ കാലാവസ്ഥയിലെ ഒരു ചെറിയ വ്യതിയാനം, ഒരു പ്രത്യേക രുചി.... അങ്ങിനെ എന്തെങ്കിലും ഒന്ന് മാത്രം മതി സമയരഥത്തെ കാൽ നൂറ്റാണ്ട് പുറകോട്ട് കൊണ്ടുപോകാൻ; പഴയ ഓർമ്മച്ചിത്രങ്ങൾ തെളിഞ്ഞു വരാൻ. പർവൽ കണ്ടപ്പോൾ വാരാണസി ദൃശ്യങ്ങൾ എന്നെ ഗ്രസിച്ച പോലെ…. പർവലിന്നു നന്ദി.

NB: ഇതിൽ കൊടുത്ത റെസിപ്പി പരീക്ഷിച്ചു നോക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കും. ആധികാരികതയ്ക്ക് ഞാൻ യൂ ട്യൂബ് റെസീപ്പികൾ ശുപാർശ ചെയ്യുന്നു.




 

നായ്ക്കടി



 

ഏകദേശം നാൽപ്പത് വർഷങ്ങൾക്ക് മുൻപ് വീട്ടിൽ ഒരു നായക്കുട്ടി ഉണ്ടായിരുന്നു. ജനിതക വശാൽ തനി നാടനാണെങ്കിലും പേര് വിദേശി; ടോമി. ഭക്ഷണം കൊടുക്കൽ അമ്മയും മറ്റും ചെയ്തിരുന്നെങ്കിലും അവന്റെ ഓണർഷിപ്പും പൊതുവായുള്ള നടത്തിപ്പും എന്റെ ചുമതലയായിരുന്നു. പകൽ സമയം അവൻ വീടിനടുത്ത ഷെഡ്‌ഡിൽ ബന്ധനസ്ഥനായിരിക്കും. വൈകുന്നേരം അവനെ സ്വതന്ത്രനാക്കുന്നത് ഞാനാണ്. ഷെഡ്ഡിലേക്ക് ഞാൻ കയറുന്നത് കണ്ടാൽ തന്നെ അവൻ വാലാട്ടുവാനും അക്ഷമയോടെ വട്ടംചുറ്റുവാനും തുടങ്ങും. അവന്റെ ഇടുപ്പ് ഉളുക്കുന്ന തരത്തിലായിരിക്കും ആ അതിവേഗ വാലാട്ടൽ. ബെൽറ്റിലെ ചങ്ങലക്കൊക്കി അഴിക്കാൻ സമ്മതിക്കാതെ എന്റെ മേലേക്ക് ചാടി കയറി പരാക്രമം കാണിക്കും. ഒടുവിൽ സ്വതന്ത്രനായാൽ വീടിനു ചുറ്റും ഒന്ന് രണ്ടു വട്ടം കുതിച്ചോടും. സ്വാതന്ത്ര്യ ആഘോഷം ഒന്ന് തണുത്താൽ വീടിന്റെ തുറന്ന കോലായിലേക്കു കയറും.

അങ്ങിനെയിരിക്കെ ഒരു ദിവസം രാവിലെ മുതൽ അവന്റെ പെരുമാറ്റത്തിൽ ചില പിശകുകൾ കണ്ടു തുടങ്ങി. വെറുതെ മുകളിലേക്ക് നോക്കി ഈച്ചയെ പിടിക്കുന്നത് പോലെ വായ്കൊണ്ട് ഗോഷ്ടി കാണിക്കും. ചങ്ങലയിട്ട ശേഷവും അസ്വസ്ഥനായി വട്ടം കറങ്ങും. ആകെക്കൂടി ഒരു പന്തികേട്. ഞാൻ ആകെ പരിഭ്രമത്തിലായി. ഇനി ഇവന്ന് റാബിസോ മറ്റോ ആയോ? മുൻപൊരിക്കൽ ആന്റി റാബീസ് ഇൻജെക്ഷൻ എടുത്തിട്ടുണ്ട് എന്നാണ് ഓർമ്മ. പാലക്കാട് നിന്നും മരുന്ന് വാങ്ങി വന്ന് ഒന്നോ രണ്ടോ ദിവസത്തിന് ശേഷമാണ് കൊടുത്തതെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ അതിന്റെ ഗുണത്തെപ്പറ്റി ഉറപ്പില്ല. 

പരിചയമുള്ള ഒരു മൃഗഡോക്ടറോട് ഞാൻ ഇതേപ്പറ്റി ചോദിച്ചു. ചിലപ്പോൾ വിരശല്യം കൊണ്ടും ഇങ്ങിനെ ഉണ്ടാവാം. എങ്കിലും സൂക്ഷിക്കണം. അദ്ദേഹം പറഞ്ഞു. അടുത്ത് ഇടപഴകിയിട്ടുണ്ട് എന്നതൊഴിച്ചാൽ അവൻ ആരെയും കടിക്കുകയോ മാന്തുകയോ ചെയ്തിട്ടില്ല. എന്നെയും. എങ്കിലും... ചികിത്സയില്ലാത്ത മാരക രോഗമായതിനാൽ ഞാൻ പരിഭ്രമത്തിലായി.

അക്കാലത്ത് നായ കടിച്ചാൽ ചില നാടൻ മരുന്ന് ചികിത്സ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത് എത്രത്തോളം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഗവേഷണങ്ങളും നടന്നിട്ടില്ല. റിസ്ക് എടുത്തുകൂടാ. എന്തായാലും വാക്സിനേഷൻ എടുക്കുക തന്നെ എന്ന് തീരുമാനിച്ചു. പക്ഷെ അക്കാലങ്ങളിൽ വാക്സിൻ കിട്ടണമെങ്കിൽ കൂനൂർ പാസ്ചർ ഇൻസ്റ്റിട്യൂട്ടിൽ പോയി വാങ്ങി വരികതന്നെ വേണം.

പിറ്റേ ദിവസം തന്നെ ഞാൻ രാവിലെ അഞ്ചരയ്ക്കുള്ള ബസ്സിൽ പാലക്കാട്ടേക്ക് പുറപ്പെട്ടു. പിന്നെ കോയമ്പത്തുരിലെത്തണം. അവിടുന്ന് ഊട്ടി പോകുന്ന ബസ്സിൽ കയറി കൂനൂരിലേക്ക്. സ്ഥലങ്ങൾ മുന്പരിചയമൊന്നുമില്ല. ഇൻസ്റ്റിറ്റ്യൂട്ട് കൂനൂരിലാണെന്ന് കേട്ടിട്ടുണ്ട്. വാക്സിൻ വേണമെങ്കിൽ അവിടെ പോകണം എന്നും പറഞ്ഞു കേട്ടു. അത്ര തന്നെ. എല്ലായിടത്തും കാത്തിരുന്നും ആശങ്കപ്പെട്ടും ഒടുവിൽ കോയമ്പത്തൂരിൽ നിന്നും ഊട്ടി ബസ്സിൽ കയറി. മേട്ടുപ്പാളയം കഴിഞ്ഞ് കയറ്റം തുടങ്ങിയപ്പോൾ കണ്ടക്ടറോട് അറിയാവുന്ന തമിഴിൽ ചോദിച്ചു:

പാസ്ചർ ഇൻസ്റ്റിട്യൂട്ടിലേക്ക് എങ്കെ ഇറങ്ങണം?

അദ്ദേഹം ചോദ്യം മനസ്സിലാവാതെ അന്തം വിട്ടു. ഞാൻ ചോദ്യം ആവർത്തിച്ചു. ഞങ്ങളുടെ വിഷമം കണ്ട് അടുത്തിരുന്ന വിദ്യാസമ്പന്നനെന്നു തോന്നിച്ച ഒരു മാന്യൻ തമിഴിൽ അയാളോട് കാര്യം വ്യക്തമാക്കി. കണ്ടക്ടർ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു:

...നായ്ക്കടി ആസ്പത്രിയാ... സിംസ് പാർക്കിലെ ഇറങ്ങിടുങ്കോ... പക്കം താൻ.

അങ്ങിനെ ഞാൻ സിംസ് പാർക്കിൽ ഇറങ്ങി. അടുത്ത് കണ്ട ഒരാളോട് ഇൻസ്റ്റിട്യൂട്ടിനെ പറ്റി ചോദിച്ചു. ഇപ്രാവശ്യം ചോദ്യം ചെയ്യുവാൻ പാസ്ചറെ കയ്യൊഴിഞ്ഞു നായയെ തന്നെ കൂട്ട് പിടിച്ചു:

എന്നാങ്കെ... ഇന്ത നായ്ക്കടി ആസ്പത്രി എങ്കെ ഇരുക്ക്.....?

അയാൾ എന്നെ ഒരു നിമിഷം നോക്കി ചോദിച്ചു: പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് താനേ...?

ഞാൻ തലകുലുക്കി. കഷ്ട്ടം! നാണക്കേട്.

അയാൾ റോഡിന്റെ എതിർ വശത്തേക്ക് കൈ ചൂണ്ടി. അല്പം ദൂരെ ഇൻസ്റ്റിട്യൂട്ടിന്റെ ബോർഡുണ്ടായിരുന്നു. സമാധാനമായി. പോകാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു:

ഇന്ത നേരത്തിലേ യാരും ഇരിക്കാത്. മൂന്നു മണിക്ക് താൻ വര്വോം....

പോരേ മാരണം! സമയം ഉച്ച കഴിഞ്ഞിരുന്നു. തുറക്കാൻ ഏറെ സമയം കഴിയണം. മരുന്നും വാങ്ങി മൂന്നോ അതിലേറെയോ ബസ്സുകളും കയറി, ഇന്നു തന്നെ വീടെത്താൻ പറ്റുമോ? ഏതായാലും ഭക്ഷണം ചെറുതായി കഴിച്ചെന്നു വരുത്തി മൂന്നു മണി വരെ സിംസ് പാർക്കിൽ കേറി ചുറ്റിക്കറങ്ങി. നല്ല ഗാർഡൻ. കാലാവസ്ഥയും കൊള്ളാം. പിന്നെ ആസ്പത്രിയിലേക്ക് തിരിച്ചു.

മൂന്നു മണിക്ക് തന്നെ ഡോക്ടർ വന്നെത്തി. തമിൾ യുവതി. വിവരങ്ങൾ അവരെ ഇംഗ്ളീഷിൽ ധരിപ്പിച്ചു. അവർ പറഞ്ഞു. നായയെ പത്തു ദിവസം കെട്ടിയിടണം. അതിനു ശേഷം അവൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇൻജെക്ഷൻ എടുക്കേണ്ട. അവൻ പരലോകം പൂകിയാൽ മാത്രമേ എടുക്കാവൂ. ഏതായാലും മരുന്ന് കൊണ്ടുപോകാം. അവർ പായ്ക്ക് ചെയ്തുതന്ന മരുന്നും വാങ്ങി ഞാൻ മലയിറങ്ങി. ഒരുവിധത്തിൽ പാലക്കാട്ടു നിന്നും ഉള്ള ഒടുവിലത്തെ ബസ് പിടിച്ച് വീടെത്തി. പത്തു ദിവസത്തിന് ശേഷവും ടോമി ദീർഘായുഷ്മാനായി വിരാജിച്ചു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ സങ്കൽപ്പത്തിലെ ഈച്ച പിടുത്തവും അവസാനിപ്പിച്ചു. അതിനാൽ മരുന്ന് വേണ്ടിവന്നില്ല. സന്തോഷം.

സംഭവത്തിന് ശേഷം ഖേദത്തോടെയാണെങ്കിലും ഞാൻ ശുനക സംസർഗ്ഗം അല്പം പിറകോട്ടാക്കി. പ്രിയപ്പെട്ട മൃഗമേ... നിഷ്കളങ്കരായ നിങ്ങൾക്ക് ദൈവം എന്തിനിങ്ങനെ ഒരു മാരക രോഗം വരുത്തുന്നു! എങ്കിലും കഷ്ടകാലത്തിന് എവിടുന്നെങ്കിലും കടിയേറ്റാലും ജീവൻ രക്ഷിക്കാൻ വാക്സിനുണ്ടല്ലോ, അതും പരിഷ്കരിച്ച ആധുനിക വാക്സിനുകൾ, എന്ന സമാധാനമായിരുന്നു. ലൂയി പാസ്ചർക്ക്നന്ദി. കോടി പ്രണാമം.

എന്നാൽ അടുത്ത കാലത്തായി വാക്സിനേഷൻ എടുത്ത ശേഷവും ചെറിയ കുട്ടികൾ മരണപ്പെട്ടതായി തുടരെത്തുടരെ വാർത്തകൾ വരുന്നത് ആശങ്കാ ജനകമാണ്. ഇതിനുള്ള കാരണങ്ങൾ അടിയന്തിരമായി ആരോഗ്യവകുപ്പ് അന്വേഷണം നടത്തി കണ്ടെത്തി പരിഹാരം കണ്ടേ പറ്റൂ. പുതിയ തരം വാക്സിനുകളുടെ അപര്യാപ്തതയാണോ, നിർമ്മാണത്തിലെ ഗുണമേന്മയില്ലായ്മയാണോ, ട്രാൻസ്പോർട്ടെഷൻ, സ്റ്റോറേജ് തുടങ്ങിയവയിലെ കുഴപ്പമാണോ എന്നിവയെല്ലാം പരിശോധനയ്ക്കും പഠനത്തിനും വിധേയമാകേണ്ടിയിരിക്കുന്നു. അതോ വൈറസ്സുകൾക്ക് മാറ്റം സംഭവിക്കുന്നുണ്ടോ? ഒരു സാധാരണക്കാരന്റെ ആശങ്കകളാണേ!

വിപുലമായ ബോധവൽക്കരണവും ആവശ്യമാണ്. കടിയേറ്റാൽ മുറിവ് സോപ്പും വെള്ളവും (running water) ഉപയോഗിച്ച് ഉടൻ തന്നെ നല്ലപോലെ കഴുകിയാൽ തന്നെ വിഷ ബാധയേൽക്കാനുള്ള സാദ്ധ്യത വളരെ കുറയുമെന്ന് മനസ്സിലാക്കുന്നു. പിന്നീട് എത്രയും വേഗം വിദഗ്ദ്ധ ചികിത്സ കൊടുക്കുകയും വേണം.

തെരുവു നായ ശല്യമാണ് ഇതോടൊപ്പം എടുത്തു പറയേണ്ട ഒരു സംഗതി. നായ്ക്കൾ പൊതു സ്ഥലങ്ങളിൽ വെച്ചും വീട്ടിൽ കയറിയും കുട്ടികളെയും വലിയവരെയും ആക്രമിക്കുന്ന സംഭവങ്ങൾ സർവ്വസാധാരണമായിട്ടും അധികൃതർ നിഷ്ക്രിയരായി മൗനം പാലിക്കുകയാണ്. പൊതു ജനങ്ങൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. ഭക്ഷണ സാധനങ്ങളും ഇറച്ചി മാലിന്യങ്ങളും അലക്ഷ്യമായി റോഡരികിലും കവലകളിലും വലിച്ചെറിയുന്നത് നായ്ക്കൾ ഇവിടം താവളമാക്കാൻ സഹായിക്കുന്നുണ്ട്. സ്കൂൾ തുറക്കുകയാണ്. കുട്ടികൾക്കും മറ്റെല്ലാവർക്കും സുരക്ഷിതമായി റോഡിലൂടെ നടക്കേണ്ടതുണ്ട്. അത് ഉറപ്പു വരുത്തേണ്ടത് ഭരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. കുട്ടികളുടെ ജീവനാണ് അധികൃതരേ.... ഗൗരവമായെടുക്കൂ...

Thursday, May 15, 2025

 

പക്വതയാർന്ന യുദ്ധങ്ങൾ


(Photo Courtesy)


യുദ്ധം ആരാലും ആഗ്രഹിക്കപ്പെടേണ്ട ഒരു സംഗതിയല്ല. ഒരു രാജ്യത്തെസംബന്ധിച്ചിടത്തോളം യുദ്ധം, അത് എത്രതന്നെ ചെറിയ തോതിലായാലും, പൗരന്മാരുടെ ജീവനും സമ്പത്തിനും ഹാനികരം തന്നെയാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും അത് കനത്ത ആഘാതമേല്പിക്കുന്നു. എങ്കിലും ചിലപ്പോൾ മൊത്തത്തിൽ രാജ്യത്തിന് ഹിതകരമാവുന്ന രീതിയിൽ യുദ്ധത്തിലേർപ്പെടുവാൻ രാജ്യം നിർബന്ധിതമായേക്കാം. അത്തരത്തിൽ ഒരു അവസ്ഥയിലേക്കായിരുന്നു പഹൽഗാമിൽ നിസ്സഹായരായ സന്ദർശകർക്ക് നേരെ നിറയൊഴിച്ച ഭീകരർ ഇന്ത്യയെ കൊണ്ടെത്തിച്ചത്.

പഹൽഗാമിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഭീകരർ ഇതിനു മുൻപും പല തവണ ബോംബ് പൊട്ടിച്ചും നിറയൊഴിച്ചും നമ്മുടെ നിരപരാധികളായ പൗരന്മാരെ കൂട്ടക്കൊല ചെയ്തിട്ടുണ്ട്. എന്തിന്, ഇന്ത്യയുടെ പരമോന്നത നിയമ നിർമ്മാണ സഭയെ, പാർലമെന്റ് മന്ദിരത്തെ തന്നെ, ആക്രമിച്ചു എന്ന് പറഞ്ഞാൽ ഭീകരർ ഏതറ്റം വരെ പോകാൻ ധൈര്യപ്പെട്ടെന്നും ഇന്ത്യ കാണിക്കുന്ന സഹിഷ്ണുതയെ അവർ എത്ര പുച്ഛത്തോടെയാണ് വിലയിരുത്തുന്നതെന്നും നമുക്ക് ഊഹിക്കാം. ഈ ഭീകരരെ വക വരുത്തുന്നതിന് പകരം അവർക്ക് വേണ്ട സഹായമെല്ലാം ഒരു അയൽരാജ്യമാണ് ചെയ്തു കൊടുക്കുന്നതെങ്കിൽ എത്ര ഗൗരവമുള്ളതും ഭയാനകവുമാണ് നമ്മുടെ സ്ഥിതി! ലോക രാഷ്ട്രങ്ങൾക്കെല്ലാം വ്യക്തമായ സംഗതിയാണ് പാകിസ്ഥാൻ ഭീകരരെ തീറ്റിപോറ്റുന്ന രാജ്യമാണ് എന്നത്. പഹൽഗാം സംഭവത്തിനു ശേഷംസ്കൈ ന്യൂസ്’ എന്ന ചാനെലുമായുള്ള ഒരു ഇന്റർവ്യൂവിൽ പാകിസ്താന്റെ ഒരു ഉത്തരവാദപ്പെട്ട മന്ത്രി തങ്ങൾക്ക് ഭീകരരുമായി ബന്ധമുണ്ടായിരുന്നെന്ന് തുറന്നു സമ്മതിച്ചു. എപ്പോഴായാലും ഇതിന് ഒരറുതി വരേണ്ടേ? അങ്ങിനെ ഭീകരർക്കെതിരായ യുദ്ധം "ഓപ്പറേഷൻ സിന്ദൂർ" ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമായി.

സമീപ കാലത്ത് നമ്മൾ രണ്ടു യുദ്ധങ്ങൾ കണ്ടിട്ടുണ്ട്. ഉക്രെയിനിന് എതിരെ റഷ്യയുടെ യുദ്ധം. പിന്നെ ഹമാസിന് എതിരെ ഗാസയിൽ നടക്കുന്ന ഇസ്രായേലിന്റെ യുദ്ധം. രണ്ടു യുദ്ധങ്ങളിലും ഉക്രൈയിനിന്റെതായാലും പാലസ്റ്റീൻകാരുടെതായാലും ഉണ്ടായ ജീവഹാനിയ്ക്കും സ്വത്ത് നഷ്ടത്തിനും കയ്യും കണക്കുമില്ല. എതിർഭാഗത്തും കാര്യമായ കഷ്ട നഷ്ടങ്ങൾ ഉണ്ടായി.

എന്നാൽ മെയ് ആറാം തിയ്യതി രാത്രി, ഏഴാം തിയ്യതി അതിരാവിലെ ഇന്ത്യ പാക്കിസ്ഥാനിലും അവർ കയ്യടക്കി വെച്ചിരിക്കുന്ന കാശ്മീരിലും കയറി ഒൻപത് ഭീകര താവളങ്ങൾ തകർത്തത് വളരെ കൃത്യതയോടെ ആയിരുന്നു. സാധാരണ ജനങ്ങളുടെ ജീവനോ സ്വത്തിനോ നാശ നഷ്ടങ്ങൾ ഉണ്ടാക്കാതെ. താവളങ്ങൾ ലോകത്തെ ആശ്ചര്യപ്പെടുത്തുന്ന കൃത്യതയോടെ കണ്ടെത്തി തിരിച്ചറിഞ്ഞ ഉപഗ്രഹ സംവിധാനങ്ങൾക്കും ശാസ്ത്രജ്ഞന്മാർക്കും അവ കൃത്യതയോടെ അടിച്ചു തകർത്ത സൈനിക ഉദ്യോഗസ്ഥർക്കും എത്ര പ്രശംസയും നന്ദിയും അറിയിച്ചാലാണ് മതിയാവുക! ഇതൊരു യുദ്ധമല്ല; പാക്കിസ്ഥാന്റെ ശരീരത്തെ ബാധിച്ച കാൻസറിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതാണ്.

എന്നാൽ മെയ് എട്ടാം തീയ്യതി സന്ധ്യ മയങ്ങിയതോടെ കാശ്മീരിലെയും രാജസ്ഥാനിലേയും പഞ്ചാബിലേയും ഇരുണ്ട ആകാശത്ത് നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും അലയലയായി പറന്നെത്തി. അത് പ്രതീക്ഷിച്ചിരുന്ന നമ്മുടെ സേനയും പ്രതിരോധ സംവിധാനങ്ങളും അവയെ നിലം തൊടീക്കാതെ തകർത്തുകൊണ്ടിരുന്നു. ഏതാനും വിരലിലെണ്ണാവുന്നതൊഴികെ. രാത്രി ദീപാവലി രാവായി മാറി അതിർത്തിയിൽ. ഇത് പ്രതീക്ഷിച്ചതായിരുന്നു. കാരണം പാക്കിസ്ഥാന്ന് അവരുടെ ജനതയുടെ മുന്നിൽ മുഖം രക്ഷിക്കുവാനായി എന്തെങ്കിലും ചെയ്യണമായിരുന്നു. കൃത്യതയോടെ ഒരാക്രമണം നടത്തുവാൻ അവർക്കറിയുമോ എന്ന് നമുക്കറിയില്ല. അറിഞ്ഞാലും എന്തിനു നേരെ? അവരുടെ രാജ്യത്ത് ഭീകര പ്രവർത്തനം നടത്തുന്നവരുടെ ക്യാമ്പുകളോ സംവിധാനങ്ങളോ ഇവിടെയില്ല. അപ്പോൾ ചെയ്യാവുന്നത് കണ്ണും മൂടി സാധാരണക്കാരുടെ വീടിനും കടകൾക്കും നേരെ, സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും നേരെ, ആക്രമണം അഴിച്ചു വിടുകയാണ്. അത് തടയുവാനായി വീണ്ടും ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ വ്യോമ സംവിധാനങ്ങളെ തകർക്കേണ്ടിവന്നു. അതി സാഹസത്തിന് കൊടുക്കേണ്ടി വന്ന വില; അത് പാകിസ്ഥാൻ പ്രതീക്ഷിച്ചതിലധികമായിരുന്നു. നാടൻ ഭാഷയിൽ പറഞ്ഞാൽ കോണകം കൊടുത്ത് പുതപ്പ് വാങ്ങുന്ന സ്ഥിതി.

പാകിസ്ഥാന്റെ പ്രശ്നങ്ങൾ ഇത് മാത്രമായിരുന്നില്ല. അവരുടെ ഏതാണ്ട് പകുതിയോളം വരുന്ന ഭൂവിഭാഗമാണ് ബലൂചിസ്ഥാൻ. അവർക്ക് പ്രത്യേക രാജ്യം വേണമെന്ന് മുറവിളികൂട്ടി അവിടെ ഒരു യുദ്ധം നടക്കുന്നു. പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രക്ഷോഭങ്ങൾ വേറെ. ന്യൂക്ലിയർ ആക്രമണ കഴിവുള്ള രാഷ്ട്രങ്ങളായതിനാൽ പരിഭ്രാന്തരായ മറ്റുരാജ്യങ്ങളുടെ സമ്മർദ്ദവുമുണ്ട്. എല്ലാം കൂടി ചേർന്നപ്പോൾ പാക്കിസ്ഥാൻ വെടി നിറുത്തൽ അഭ്യർത്ഥനയുമായി ഇന്ത്യയ്ക്ക് മുന്നിലെത്തി. വേണ്ട കാര്യങ്ങളെല്ലാം ചെയ്തു കഴിഞ്ഞതിനാൽ ഇന്ത്യയ്ക്കത് സ്വീകാര്യമായിരുന്നു. എന്തായാലും ഇന്നലെ രാത്രി പ്രധാനമന്ത്രി നടത്തിയ രാഷ്ട്രത്തോടുള്ള സംബോധനയോടുകൂടി എപ്പിസോഡ് കഴിഞ്ഞെന്നു പ്രതീക്ഷിക്കാം. തുടർ എപ്പിസോഡുകൾ വേണമോയെന്ന്പാക്കിസ്ഥാന്ന് തീരുമാനിക്കാം.

ആയുധമെടുക്കാതെ ആയുധധാരികളായ ബ്രിട്ടീഷുകാരെ തുരത്തി, സ്വാതന്ത്ര്യം നേടി ലോകത്തിനു മാതൃകയായതാണ് ഭാരതം. ഇപ്പോഴിതാ അത്യാവശ്യത്തിനു മാത്രം ആയുധമെടുത്ത്, ആധുനിക സാങ്കേതിക വിജ്ഞാനം പരമാവധി പ്രയോജനപ്പെടുത്തി, ലോകത്തു നടക്കുന്ന മറ്റു യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായി, സാധാരണക്കാരുടെ ജീവനും സ്വത്തിനും നഷ്ടം വരുത്താതെ, ലോക സമാധാനത്തിനു ഭംഗം വരുത്തുന്നവരെ ഒതുക്കി ഭാരതം വീണ്ടും മാതൃകയാവുന്നു. അത് സാധിച്ചെടുത്ത വൈജ്ഞാനികർക്കും, സേനയ്ക്കും ഭരണകർത്താക്കൾക്കും നമസ്കാരം.

ജയ് ഹിന്ദ്!