Saturday, July 30, 2022

 

CODA

(ഓസ്കാർ 2022)

(Spoiler alert: Contains part of the story)


(Poster Courtesy)

മികച്ച ചിത്രത്തിനുള്ള തൊണ്ണൂറ്റി നാലാമത് അക്കാദമി അവാർഡ് (ഓസ്കാർ) ലഭിച്ചത് "CODA" എന്ന ചിത്രത്തിനായിരുന്നു. മികച്ച സഹ നടനും മികച്ച തിരക്കഥക്കും (Adapted Screenplay) ഉള്ള അവാർഡുകളും ഈ ചിത്രം തന്നെ കരസ്ഥമാക്കി. CODA എന്നത് ഒരു ചുരുക്കെഴുത്താണ്.  Child of Deaf Adults എന്നാണതിന്റെ പൂർണ രൂപം. മൂകരും ബധിരരുമായ അച്ഛനും അമ്മയും ഒരു മൂത്ത സഹോദരനും ഉള്ള റൂബി റോസ്സി  എന്ന പെൺകുട്ടിയുടെ കഥയാണ് CODA എന്ന ചിത്രം പറയുന്നത്. വീട്ടിൽ അവൾക്കുമാത്രമാണ് കേൾവിയും സംസാര ശേഷിയും ഉള്ളത്. അത് കൊണ്ട് തന്നെ പൊതു ജനങ്ങളുമായി സംവദിക്കുന്നതിന്ന് അവർ അവളെയാണ് ആശ്രയിക്കുന്നത്.

അവളുടെ അച്ഛനും ജ്യേഷ്ഠനും മീൻ പിടുത്തക്കാരനാണ്. സ്വന്തമായുള്ള ബോട്ടിൽ കയറി പുറം കടലിൽ മീൻ പിടിക്കുന്നതിന് പലപ്പോഴും അവളും അവരെ അനുഗമിക്കുന്നു. ഈ കുടുംബ പശ്ചാത്തലം കാരണം സ്കൂളിൽ പലപ്പോഴും അവൾക്ക് സഹപാഠികളിൽ നിന്ന് അവഹേളനം ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. മാത്രവുമല്ല ആധുനിക സമൂഹത്തിന്റെ നാട്യങ്ങളൊന്നും ഇല്ലാത്ത  ശുദ്ധ മനസ്കരായ അച്ഛനമ്മമാരുടെ തുറന്ന പെരുമാറ്റം പലപ്പോഴും മറ്റുള്ളവർക്ക് മുന്നിൽ അവൾക്ക് നാണക്കേടുണ്ടാക്കി. അങ്ങനെയിരിക്കുമ്പോഴാണ് സഹപാഠിയായ മൈൽസിന്റെ കൂടെ അവൾ സംഗീത ക്ലാസ്സിൽ ചേരുന്നത്. ആദ്യമെല്ലാം അവൾ മറ്റു കുട്ടികൾക്ക് മുന്നിൽ പാടുവാൻ പറ്റാതെ ഭയന്നോടിയെങ്കിലും ക്രമേണ ആത്മ വിശ്വാസം വീണ്ടെടുത്തു. അവളുടെ നല്ല ശബ്ദവും പാടുവാനുള്ള കഴിവും മനസ്സിലാക്കിയ മിസ്റ്റർ വി എന്ന പേരിൽ അറിയപ്പെട്ട സംഗീത അധ്യാപകൻ അവൾക്കും മൈൽസിനും പഠനത്തിൽ പ്രത്യേക പരിഗണനയും ശ്രദ്ധയും കൊടുക്കുന്നുണ്ട്. ഹൈസ്‌ക്‌കൂളിനു ശേഷം റൂബിയെ ബേർക്കലീ സംഗീത സ്കൂളിൽ ചേരാൻ അയാൾ പ്രേരിപ്പിക്കുകയും ചെയ്യുന്നു.  എന്നാൽ ഈ ആഗ്രഹം അവതരിപ്പിക്കുന്നതോടു കൂടി പല വിധ പ്രശ്നങ്ങളും എതിർപ്പുകളും പൊങ്ങി വന്നു. ഒരു പക്ഷെ മികച്ച പാട്ടുകാരി ആവുന്നതിൽ അവൾ പരാജയപ്പെട്ടാലോ എന്നായിരുന്നു അമ്മയുടെ പേടി. എന്നാൽ അച്ഛനാവട്ടെ അവളില്ലാതെ അവർക്ക് ജീവിതം തന്നെ ഇല്ലെന്ന നിലപാടായിരുന്നു. കാരണം എക ഉപജീവന മാർഗമായ മീൻ പിടുത്തതിന് ബോട്ടിൽ കേൾവിയും സംസാര ശേഷിയും ഉള്ള ഒരാളെങ്കിലും വേണം. ബോയ്‌ഫ്രണ്ട്‌ ആയ മൈൽസിന്റെ കൂടെ ഒരു ദിവസം ചിലവഴിക്കുവാനായി ബോട്ടിൽ അവൾ പോകാതിരുന്നതുകൊണ്ടു തന്നെ പല പ്രശ്നങ്ങളുണ്ടായി. അച്ഛന്റെ ലൈസൻസ് പോയി. വലിയ പിഴ അടക്കേണ്ടിയും വന്നു. ഒടുവിൽ കുടുംബത്തിന് വേണ്ടി തന്റെ സംഗീത സ്വപ്‌നങ്ങൾ നഷ്ടപ്പെടുത്തുവാൻ തന്നെ റൂബി തീരുമാനിച്ചു. എന്നാൽ അവളുടെ ജ്യേഷ്ഠൻ അതിനോട് യോജിച്ചില്ല.  

ആയിടക്കാണ് എല്ലാ സംഗീത വിദ്യാർത്ഥികളും ചേർന്നുള്ള ഒരു സ്റ്റേജ് പരിപാടിക്ക് റൂബിയുടെ അച്ഛനും അമ്മയും ഏട്ടനും പങ്കെടുക്കുന്നത്. അവളുടെ പാട്ട് അവർക്ക് അന്യമായിരുന്നെങ്കിലും തങ്ങളുടെ മകൾ വളരെ കഴിവുള്ളവളാണെന്ന് മറ്റുള്ളവർ അവൾക്കു കൊടുത്ത പ്രശംസയിൽ നിന്നും അവർ മനസ്സിലാക്കി. അങ്ങിനെ സംഗീത കോളേജിലേക്കുള്ള ഓഡിഷനിൽ അവസാന നിമിഷം അവർ അവളെ പങ്കെടുപ്പിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. അവളില്ലാതെ തന്നെ ജോലിയും  ജീവിതവും മുന്നോട്ടു കൊണ്ടുപോകാമെന്ന ആത്മവിശ്വാസം അവളുടെ ജ്യേഷ്ഠൻ പ്രകടിപ്പിക്കുന്നുണ്ട്. മാത്രവുമല്ല അയാൾക്കൊരു ഗേൾ ഫ്രണ്ട് ഉള്ളതും പ്രേക്ഷകർക്ക് ശുഭ പ്രതീക്ഷ നൽകുന്നു.

പ്രത്യക്ഷത്തിൽ നേരിയ ഒരു കഥാതന്തു ആണെങ്കിലും സംവിധായികയായ സിയാൻ ഹെദർ (Sian Heder)  സംസാര ശേഷിയും കേൾവിശക്തിയും ഇല്ലാത്ത മൂന്നുപേരുടെ ജീവിതത്തിലെ രസകരമായ, എന്നാൽ ഉള്ളിൽതട്ടുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ കോർത്തിണക്കിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കൗമാരക്കാരി റൂബിയുടെ ഉടനീള സാന്നിധ്യമാവട്ടെ ചിത്രത്തെ ആദ്യന്തം ആകർഷകമാക്കി. കൗമാരക്കാരി റൂബിയായി അഭിനയിച്ച എമിലിയ ജോൺസ്‌ പ്രേക്ഷകരുടെ മനം കവരും. സുഹൃത്തുക്കളുടെ മുന്നിൽ അച്ഛന്റെയും അമ്മയുടെയും നിലവാരം കുറഞ്ഞ പെരുമാറ്റത്തിൽ നീറുന്നത്, കുടുംബത്തോടുള്ള ഉത്തരവാദിത്വത്തിൽ കോളേജ് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വരുന്ന ധർമ്മ സങ്കടം, കോളേജിലേക്കുള്ള ഓഡിഷൻ സമയത്ത് അച്ഛനും അമ്മയ്ക്കും ആംഗ്യ ഭാഷയിൽ താൻ പാടുന്ന പാട്ടിന്റെ ആശയ വിനിമയം ചെയ്തു കൊടുക്കുന്നത് തുടങ്ങി ഈ അഭിനേത്രി അഭിനയ മികവ് പുലർത്തിയ മുഹൂർത്തങ്ങൾ ഏറെയുണ്ട് ചിത്രത്തിൽ.    

റൂബിയുടെ ബധിരരായ മാതാ പിതാക്കളെയും ജ്യേഷ്ഠനേയും അവതരിപ്പിക്കുന്നത് യഥാർത്ഥ ജീവിതത്തിലും ബധിരരായ അഭിനേതാക്കളാണ്. അതിൽ അച്ഛന്റെ റോൾ അവതരിപ്പിച്ച ട്രോയ് കൊട്സർ   (Troy Kotsur) അമ്മയായി അഭിനയിച്ച മാർലി മാറ്റലിന് (Marlee Matlin) എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ട്രോയ് കോട്സർ മികച്ച സഹ നടനുള്ള ഓസ്കാർ കരസ്ഥമാക്കുകയും ചെയ്തു. റൂബിയുടെ സംഗീത അധ്യാപകനായി വരുന്ന യൂജിനോ ദർബേസ്ഉം (Eugenio Derbiz) ഈ ചിത്രം ആസ്വാദ്യകരമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

ഓസ്കറിലെ സ്ത്രീ സംവിധായികമാരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ വർഷവും ഈ വർഷവും മികച്ച സംവിധാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത് സ്ത്രീകളായിരുന്നു. ഈ വർഷത്തെ ഈ മികച്ച ചിത്രം തയ്യാറാക്കിയതും ഒരു വനിത തന്നെ. ഒരു ഗായികയുടെ കഥകൂടി ആയതിനാൽ ഉടനീളം സംഗീത സാന്ദ്രമാണ് ഈ ചിത്രം. അവതരണത്തിലെ ലാളിത്യം ഇതിന്റെ മുഖമുദ്രയും.