Saturday, November 7, 2020



                           ഹാത്രസും വാളയാറും ഒരു സിനിമയും

 



രാജ്യത്തിൻറെ മനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവമായിരുന്നു നിർഭയ എന്ന പെൺകുട്ടിയുടെ ബലാത്സംഗവും തുടർന്നുള്ള മരണവും. കാര്യക്ഷമമായ അന്വേഷണങ്ങൾക്കൊടുവിൽ ആ കേസിലെ പ്രതികളെ പിടികൂടുവാനും തൂക്കിലേറ്റി മാതൃകാപരമായി ശിക്ഷിക്കുവാനും നിയമ പാലകർക്കു സാധിച്ചു എന്നത് ഇനിയും ഇത്തരം ക്രൂര കൃത്യങ്ങൾ ആവർത്തിക്കാതിരിക്കുവാൻ  കാരണമാകും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ഇതുപോലെയുള്ള സംഭവങ്ങൾ തുടരുന്നു. മാത്രവുമല്ല അതിനു കാരണക്കാരായ പ്രതികൾ നിയമത്തിന്റെ പഴുതുകളിലൂടെയും ജാതീയവും രാഷ്ട്രീയവും ആയ സുരക്ഷാ ഇടനാഴികളിലൂടെയും രക്ഷപ്പെട്ടു സ്വതന്ത്രരായി നടക്കുകയും ചെയ്യുന്നു. സ്വതന്ത്ര ഭാരതത്തിനു അപമാനകരമായ ഇത്തരം രണ്ടു സംഭവങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വലിയ കോലാഹലമുയർത്തുന്നത്.

ഉത്തർപ്രദേശിലെ ഹാത്രസ് എന്ന സ്ഥലത്തു നടന്ന ഒരു ദളിത് പെൺകുട്ടിയുടെ ദുരവസ്ഥയാണ് ഇതിൽ ആദ്യത്തേത്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട  ആ പെൺകുട്ടി ആശുപത്രിയിൽ വെച്ച് മരണത്തിനു കീഴടങ്ങുന്നു. അവളുടെ ഭൗതികാവശിഷ്ടം പോലും വീട്ടുകാർക്ക് മരണാന്തര ക്രിയകൾക്കായി വിട്ടു കിട്ടാതെ ദഹിപ്പിക്കപ്പെട്ടു. കുറ്റാരോപിതനായ  പ്രതി ഉന്നത കുല ജാതനായതുകൊണ്ടു സവർണ്ണർ  അയാൾക്കായി   പ്രതിരോധത്തിന്റെ മതിൽക്കെട്ടുയർത്തി.  നിയമ പാലകർ നീതി നിർവഹണത്തിൽ വീഴ്ച്ച വരുത്തിയതായി ആരോപിക്കപ്പെടുന്നു.  നീതിക്കായി ദളിതരും മാധ്യമങ്ങളും നടത്തുന്ന ശ്രമങ്ങൾ  വൃഥാവിലായികൊണ്ടുമിരിക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ നാട്ടിൽ, വളയാറിലാണ് അടുത്ത സംഭവം. ഇവിടെയും ദുരന്തത്തിനിരയായത് ദളിത് പെൺകുട്ടികൾ തന്നെ. കൗമാരത്തിന്റെ പടിവാതിൽക്കൽ  മാത്രം  എത്തി നിൽക്കുന്ന രണ്ടു സഹോദരിമാരായിരുന്നു ദുരന്തപൂർണ്ണമായ അന്ത്യം ഏറ്റുവാങ്ങിയത്. നിയമ പാലകർ പ്രതിയായി പിടികൂടിയവർ നിയമത്തിന്റെ പഴുതുകളിലൂടെ സ്വതന്ത്രരായി. അതിലേക്കു നയിച്ച  വീഴ്ചകളെ  കുറിച്ച് ചേരി തിരിഞ്ഞു രാഷ്ട്രീയ വിവാദങ്ങൾ കൊഴുപ്പിക്കുമ്പോഴും പെൺകുട്ടികളുടെ മാതാപിതാക്കളുടെ നഷ്ടം  തോരാത്ത കണ്ണുനീരായി, പരിഷ്കൃത സമൂഹത്തിനു കളങ്കമായി നിലകൊള്ളുന്നു.

മുകളിൽ പറഞ്ഞ സംഭവങ്ങളെ കുറിച്ചുള്ള വാർത്തകളും ലേഖനങ്ങളും ആണ്  “ Three Billboards Outside Ebbing, Missourie” എന്ന സിനിമയെ കുറിച്ച് എഴുതുവാൻ എന്നെ പ്രേരിപ്പിക്കുന്നത്. രണ്ടു വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഈ ചിത്രം കാലിക പ്രസക്തിയുള്ള, മുകളിൽ പറഞ്ഞ ദുരന്തങ്ങളിലേക്കു വിരൽ ചൂണ്ടുന്നു. 2017 ൽ  അക്കാഡമി അവാർഡുകൾക്ക് ഈ ചിത്രം നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി.

തന്റെ കൗമാരക്കാരിയായ മകൾ ആൻജെലയെ പീഡിപ്പിച്ചു കൊന്നവരെ  കണ്ടുപിടിക്കാനുള്ള പോലീസിന്റെ ശ്രമം അല്പം പോലും മുന്നോട്ടുപോകാത്തതിൽ കടുത്ത നിരാശയും ദുഖവുമുണ്ട്  അമ്മയായ മിൽഡ്രഡ് ഹെയ്ൻസിന്.  വീടിനടുത്ത്, ഹൈവേയുടെ സമീപമുള്ള മൂന്നു കൂറ്റൻ പരസ്യ ബോർഡുകൾ കണ്ടപ്പോൾ അവർക്ക് ഇക്കാര്യത്തിൽ പ്രതികരിക്കുവാനും പോലീസ് അധികാരികളെ സമ്മർദ്ദത്തിലാക്കുവാനും ഒരു ഉപായം തോന്നി. ഉപയോഗിക്കാതെ കിടന്ന ഈ മൂന്നു ബോർഡുകൾ വാടകക്കെടുത്ത്  അവർ   അവയിൽ    പോലീസുകാരോടായി രണ്ടു ചോദ്യങ്ങൾ എഴുത്തിയിട്ടു - അന്വേഷണ ഉദ്യോഗസ്ഥനായ ചീഫ് വില്ലോബിയുടെ പേര് സഹിതം. “Raped While Dying”,  “And Still No Arrests?”,  “How Come, Chief Willoughby?”  എന്നിങ്ങനെയായിരുന്നു ആ ബോർഡുകൾ.

ഇവ പോലീസിന് തലവേദനയായി എന്ന് പറയേണ്ടതില്ലല്ലോ. ചീഫ് വില്ലൊബിയും കീഴുദ്യോഗസ്ഥനായ ജേസൺ ഡിക്സണും ബോർഡ് മാറ്റുവാൻ  കിണഞ്ഞു പരിശ്രമിച്ചിട്ടും മിൽഡ്രഡ് വഴങ്ങിയില്ല. സമൂഹത്തിലെ മറ്റു പ്രമുഖരും, പള്ളിയിലച്ചനും മറ്റും ശ്രമിച്ചു നോക്കി. മിൽഡ്രഡ് സഹതാപം അർഹിക്കുന്നെങ്കിലും തിരഞ്ഞെടുത്ത ഈ വഴി ശരിയല്ലെന്ന അഭിപ്രായമായിരുന്നു അവർക്ക്. വാടക കൊടുക്കുവാനുള്ള സാമ്പത്തിക ബുദ്ധിമുട്ടും മകന്റെ എതിർപ്പും ഒന്നും മിൽഡ്രെഡിന്റെ  തീരുമാനത്തെ ബാധിച്ചില്ല. വീട്ടിൽ നിന്നും അകന്ന്, മകളുടെ മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടെ കൂടെ കഴിയുന്ന ഭർത്താവിന്റെ എതിർപ്പും ഭീഷണിയും  പോലും വകവെച്ചില്ല  അവർ. കേസന്വേഷിക്കുന്ന വില്ലോബി ഒരു കാൻസർ രോഗിയാണെന്നും അയാളുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുകയാണെന്നതും മിൽഡ്രെഡിനു അല്പം മനഃപ്രയാസമുണ്ടാക്കിയെങ്കിലും അത് ബോർഡുകൾ മാറ്റുവാൻ മാത്രം പര്യാപ്‌തമായിരുന്നില്ല.

ചീഫ് വില്ലൊബി ഒരു ദിവസം ഭാര്യയും തന്റെ രണ്ടു പെണ്മക്കളുമായി പിക്‌നിക്കിന് പോകുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ആസ്വദിച്ച ദിവസമാണതെന്നു ഭാര്യയോട് പറഞ്ഞ അയാൾ അന്ന് രാത്രി തന്നെ സ്വയം   വെടി വെച്ച് ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ഭാര്യക്കും കീഴുദ്യോഗസ്ഥനായ ഡിക്സണും മിൽഡ്രെഡിനും വേറെ വേറെ കത്തുകൾ എഴുതി വെച്ചാണ് അയാൾ   ആത്മഹത്യ ചെയ്യുന്നത്.  

താൻ ആത്മഹത്യ ചെയ്യുന്നത്‌ മിൽഡ്രെഡിന്റെ പരസ്യ ബോർഡ്  കാരണമല്ലെന്നും അസുഖം മൂർച്ഛിക്കുമ്പോൾ ഭാര്യക്കും മക്കൾക്കും ഉണ്ടാവുന്ന വിഷമം ഒഴിവാക്കാനാണെന്നും കത്തുകളിൽ വ്യക്തമാക്കിയിരുന്നു. മിൽഡ്രെഡിന്റെ മകളുടെ ഘാതകനെ കണ്ടെത്തുവാൻ കഴിയാത്തതിൽ അയാൾക്ക്‌ വിഷമം ഉണ്ടായിരുന്നു. ഇത്തരം  തുമ്പുകൾ കിട്ടാത്ത കേസുകളിൽ നാലോ അഞ്ചോ വർഷങ്ങൾക്ക് ശേഷം കുറ്റവാളികൾ പലപ്പോഴും ബാറിലും മറ്റും ചെന്നിരുന്നു മദ്യപിച്ചു തങ്ങളുടെ കുറ്റങ്ങൾ വിളിച്ചു പറയും. അങ്ങിനെ സത്യം പുറത്തു വരും എന്ന് അയാൾ മിൽഡ്രെഡിന് എഴുതി.

വില്ലൊബിയുടെ മരണത്തിൽ ക്രൂദ്ധനായ ഡിക്സൺ മിൽഡ്രെഡിന് ബോർഡ് വാടകക്ക് കൊടുത്ത ചെറുപ്പക്കാരനെ മർദ്ദിച്ചു വീട്ടിനു പുറത്തേക്കെറിയുന്നു. ഇത് കണ്ട പുതിയ ചീഫ് അയാളെ ജോലിയിൽ നിന്നും പുറത്താക്കി. അന്ന് രാത്രി ഡിക്സൺ  തനിക്കുള്ള വില്ലബിയുടെ കത്ത് എടുക്കുവാനായി സ്റ്റേഷനിൽ എത്തുന്നു. ഈ സമയത്താണ് മിൽഡ്രെഡ് ഇന്ധനം നിറച്ച കുപ്പികൾ എറിഞ്ഞു പോലീസ് സ്റ്റേഷൻ കത്തിക്കുന്നത്. അകത്തുണ്ടായിരുന്ന ഡിക്സൺ പൊള്ളലുകളോടെ ഒരു വിധത്തിൽ രക്ഷപ്പെടുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ വില്ലബി കത്തിലൂടെ  നൽകിയ, നല്ല കുറ്റാന്വേഷകനാകാൻ മനസ്സിൽ സ്നേഹമാണ് വേണ്ടത് വെറുപ്പല്ല, എന്ന ഉപദേശം  ഡിക്സനെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്.

കുറെ കാലത്തിനു ശേഷം ഡിക്സൺ ഒരു ദിവസം ബാറിൽ ഇരിക്കുമ്പോൾ പുറകിലിരുന്നു മദ്യപിക്കുന്നവരുടെ   സംഭാഷണം കേൾക്കാൻ ഇടയാവുന്നു.  മിൽഡ്രിഡിന്റെ മകൾ ആൻജെലയുടേതിന് സമാനമായ ഒരു പീഡനം താൻ നടത്തിയതായി അതിൽ ഒരാൾ പറയുന്നു. ഡിസ്‌ക്‌സൺ അയാളുമായി ഏറ്റുമുട്ടുകയും അതി  വിദഗ്ധമായി അയാളുടെ മഖത്തു മാന്തി തൊലിയുടെ സാമ്പിൾ കൈക്കലാക്കുകയും ചെയ്യുന്നു. ഡിക്സണും മിൽഡ്രെഡും അത് ആൻജെലയുടെ ഘാതകൻ തന്നെയെന്ന് കരുതി കാത്തിരുന്നെങ്കിലും തൊലിയുടെ  DNA ടെസ്റ്റ് റിസൾട്ട് അതിനെതിരായിരുന്നു. എന്തായാലും അയാളെ പോയി കാണുവാൻ തന്നെ ഇരുവരും തീരുമാനിക്കുന്നു. എന്ത് തന്നെയായാലും  അയാൾ മറ്റേതോ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന ഘാതകനാണല്ലോ! പോകുന്ന വഴിക്കു തോക്കു കയ്യിൽ കരുതിയ  ഡിക്‌സനോട്  മിൽഡ്രെഡ്   ചോദിക്കുന്നു - താങ്കൾ അയാളെ കൊല്ലുവാൻ തീരുമാനിച്ചോ? ഇല്ലെന്നു പറഞ്ഞെങ്കിലും അതേപ്പറ്റി പോകുന്ന വഴിക്കു തീരുമാനിക്കാം എന്ന് അവർ തമ്മിൽ പറയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

മകളുടെ ദുരന്തത്തിൽ ദുഖവും പ്രതികാര വാഞ്‌ഛയും ഘനീഭവിച്ച മുഖഭാവത്തോടെ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന മിൽഡ്രെഡിനെ അവതരിപ്പിച്ച ഫ്രാൻസിസ് മാക് ഡോർമെൻഡ് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് അർഹയായതിൽ അത്ഭുതമില്ല. മികച്ച സഹനടനുള്ള അവാർഡ് ഡിക്‌സനെ അവതരിപ്പിച്ച സാം റോക്ക്‌വെല്ലിനും ലഭിച്ചു. ഒരിക്കൽ യാത്രപോകുമ്പോൾ സമാനമായ പരസ്യ ബോർഡുകൾ കണ്ടതിൽ നിന്നാണ് ഈ ചിത്രത്തിന്റെ ജനനം എന്ന് സംവിധായകനായ മാർട്ടിൻ മാക് ഡോനാഗ് പറഞ്ഞതായി വായിച്ചു. എന്തായാലും തികച്ചും വ്യത്യസ്തമായ ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. മുഴുനീളം അശ്ലീലം കലർന്ന സംഭാഷണം മാത്രമാണ് ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന ഒരു സംഗതി. അമേരിക്കയിലെ ചില തെക്കൻ ഭാഗങ്ങളിലെ നാടൻ സംഭാഷണ രീതിയാണ് ഇതെന്ന് മനസിലാക്കുന്നു.

യാദൃശ്ചികമായി കണ്ടെത്തിയ കുറ്റവാളി ആഞ്ചേലയുടെ ഘാതകനല്ലെന്നു മനസ്സിലായിട്ടും അയാൾ പീഡിപ്പിച്ചു കൊന്ന മറ്റൊരു പെൺകുട്ടിയുടെ മാതാപിതാക്കളുടെ വികാരം ഉൾക്കൊണ്ട് ശിക്ഷ നടപ്പാക്കാൻ മിൽഡ്രെഡും ഡിക്സണും മുന്നിട്ടിറങ്ങുന്നതോടെയാണ് ചിത്രം പുതിയ തലത്തിലേക്കുയരുന്നതും കാലിക പ്രാധാന്യം കൈവരിക്കുന്നതും. ഹാത്രസ്, വാളയാർ സംഭവങ്ങളെക്കൂടാതെ അറിയപ്പെടാത്ത മറ്റ്  അസംഖ്യം സ്ത്രീ പീഡനങ്ങൾ തുടർക്കഥയായ നാട്ടിൽ നിയമപാലകരെയും ഭരണകൂടത്തെയും അലോസരപ്പെടുത്തുവാനും അവരിൽ  കർത്തവ്യബോധം ഉണർത്തുവാനും   ഇത്തരം പരസ്യ ബോർഡുകൾ ഉയരേണ്ടതു തന്നെ.