Wednesday, February 19, 2025

 

ദുബായ് കാഴ്ചകൾ 2

ചിത്രമില്ലാത്ത ചട്ടക്കൂട്



ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ  മീൻപിടുത്തക്കാരും കടലിൽ നിന്നും മുത്തും ചിപ്പിയും വാരുന്നവരും ആയ തദ്ദേശ ഗോത്ര വർഗക്കാർ മാത്രം താമസിക്കുന്ന ഒരു ഗ്രാമമായിരുന്നു ദുബായ്. ആടുകളും ഒട്ടകങ്ങളും ആയിരത്തിൽ താഴെ മാത്രം മനുഷ്യരും വസിക്കുന്ന, മണ്ണ് മതിനിലാൽ ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമം. ആ ഗ്രാമത്തിൽ നിന്നും ഒരു നടപ്പാത ദൂരെ, കടൽ കരയിലേക്ക് നീണ്ടു കയറിക്കിടക്കുന്ന കായലിൽ ചെന്നെത്തുന്നു. ഇപ്പോൾ നമ്മൾ അറിയുന്ന ദുബായ് ക്രീക്ക് ആണ് അത്. മറ്റൊരു നടപ്പാത കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യത്തിൽ എങ്ങോ പോയി ലയിച്ച് ചേരുന്നു. മറ്റ് അറേബിയൻ രാജ്യങ്ങളിലേക്ക് പോകുന്ന കാരവാനുകളും ഒട്ടക സഞ്ചാരികളും പോകുന്ന വഴികൾ...

അബു ദാബിയിലെ ഭരണാധികാരിയുടെ കീഴിലായിരുന്നു ഗ്രാമം. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ അബുധാബിയിൽ ഉണ്ടായ ഗോത്ര സംഘട്ടനത്തെ തുടർന്ന് ഒരു ഒരു ഗോത്രത്തിൽ പെട്ട ആളുകൾ ദുബായിലേക്ക് എത്തി. പിന്നീട് അവരിൽ പ്രബലരായ മഖ്‌തൂം വംശജരായി ദുബായുടെ ഭരണം. അക്കാലത്തും അബുദാബി, ഷാർജ, ദുബായ് തുടങ്ങിയവ കടൽ വഴിയുള്ള വാണിജ്യത്തിന്റെ പ്രമുഖ തുറമുഖങ്ങളായിരുന്നു. ബോബെയിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കപ്പലുകൾ ഈ തുറമുഖങ്ങളിൽ നങ്കൂരമിട്ടു. ബ്രിട്ടനുമായി അവർക്കെല്ലാം സഖ്യവും ഉണ്ടായിരുന്നു. 1901 ൽ ദുബായ് ഒരു ഫ്രീ പോർട്ട് ആയി പ്രഖ്യാപിക്കപ്പെട്ടു. കയറ്റുമതിയ്ക്കും ഇറക്കുമതിയ്ക്കും നികുതി ഇല്ല. കച്ചവടക്കാർക്ക് പ്ലോട്ടുകളും വേണ്ട സംരക്ഷണവും ഉറപ്പുവരുത്തി. അതോടെ ദുബായ് പോർട്ടിന്റെ വളർച്ചയിൽ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടായി.

പക്ഷെ മുത്ത് വ്യാപാരലോകത്ത് വന്ന മാറ്റങ്ങൾ ദുബായിയെ പ്രതികൂലമായി ബാധിച്ചു. ജനങ്ങൾ പട്ടിണിയിലായി. അങ്ങിനെ എണ്ണ പര്യവേക്ഷണത്തിനായി ദുബായ് റോയൽറ്റി കരാറുകളിൽ ഏർപ്പെട്ടു. എന്നാൽ അതും ലോക മഹായുദ്ധങ്ങൾ കാരണം നീണ്ടു പോയി. പക്ഷെ 1960 ന് ശേഷം ഭരണാധികാരിയായ ഷെയ്ക്ക് റാഷിദ് ബിൻ സയീദ് അൽ മഖ്ദൂമിന്ന് (Rashid bin Saeed Al Maktoum) തന്റെ രാജ്യത്തിന് എണ്ണയിൽ നിന്നും ശാശ്വതമായ വരുമാനമുണ്ടാവുമെന്ന് വിശ്വാസമില്ലായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമാണ്:

“എന്റെ മുത്തശ്ശൻ ഒട്ടകപ്പുറത്ത് സവാരി ചെയ്തു. അച്ഛനും ഒട്ടകപ്പുറത്ത് സവാരി ചെയ്തു. ഞാൻ മെഴ്‌സിഡീസിൽ യാത്ര ചെയ്യുന്നു. മകൻ ലാൻഡ് റോവറിലും. അവന്റെ മകനും അതിൽ യാത്ര ചെയ്യും. പക്ഷെ അവന്റെയും മകന്ന് ഒട്ടകപ്പുറത്ത് തന്നെ യാത്ര ചെയ്യേണ്ടി വരും”.

എത്ര ദീർഘ വീക്ഷണമുള്ള വാക്കുകൾ! അതിനാൽ അദ്ദേഹം എണ്ണ വറ്റിയാലും ദുബായിക്ക് നിലനില്പിനുള്ള ഒരു അടിത്തറയിട്ടു. വ്യാപാര വരുമാനം മുഴുവൻ അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവെച്ചു. ദീർഘ വീക്ഷണത്തോടെ പ്ലാൻ ചെയ്ത നഗരവികസനം, വലിയ കെട്ടിടങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളം ദുബായ് ക്രീക്കിന്റെ വികസനം അങ്ങിനെ അങ്ങിനെ ആധുനിക ദുബായ് വളർന്നു വന്നു. ഒരു ഭരണാധികാരിയുടെ നിശ്ചയദാർഢ്യം കേവലം അറുപത്, എഴുപത് വർഷങ്ങൾ കൊണ്ട് ഒരു രാജ്യത്തെ എങ്ങിനെ വൻ സാമ്പത്തിക ശക്തിയും ആർഭാടത്തിന്റെ തലസ്ഥാനവും ആക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ദുബായ്.

ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു. ഞാൻ ഇരുവശത്തുമുള്ള അംബരചുംബികളെ നോക്കിയിരുന്നു. തലയിൽ കൂർത്ത കുന്തമുനയുള്ളതിനാൽ പല ടവറുകളെയും 'സ്കൈ സ്ക്രാപ്പേഴ്‌സ്' എന്ന് ഇംഗ്ളീഷിൽ വിളിക്കുന്നതായിരിക്കും കൂടുതൽ ഉചിതം എന്ന് തോന്നുന്നു. കേവലം അറുപതോ എഴുപതോ വർഷങ്ങൾ.... ആയിരത്തോളം ഗോത്ര വർഗക്കാർ ആട് മേച്ചും മീൻ പിടിച്ചും ഒട്ടകപ്പുറത്ത് അലഞ്ഞു നടന്നിരുന്ന മരുഭൂമി.... 

ദൂരെ കെട്ടിടങ്ങൾക്കിടയിൽ ഒരു സ്വർണ വർണ്ണ ഫോട്ടോ ഫ്രേം ഉയർന്നു നിന്നു. മണി പറഞ്ഞു: അതാണ് "ദുബായ് ഫ്രെയിം". നമ്മൾ അങ്ങോട്ടാണ് പോകുന്നത്. കാർ ചിത്രമില്ലാത്ത ആ ചട്ടക്കൂടിനടുത്തെത്തിയിരുന്നു. ദൂരെയല്ലാതെ പാർക്കിംഗ് സ്ലോട്ട് കിട്ടി. ഫ്രെമിന് മുകളിൽ സൂര്യൻ ജ്വലിക്കുന്നു. മുന്നിൽ നിന്നും ഫോട്ടോ എടുക്കണമെങ്കിൽ ക്യാമറയുടെ ഫ്രെമിൽ ഒതുങ്ങാത്ത കൂറ്റൻ ഫ്രെയിം.

ഒരു എലിവേറ്റർ കമ്പനി നടത്തിയ മത്സരത്തിലൂടെയായിരുന്നു ദുബായ് ഫ്രെമിന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടത്. ഫെർണാണ്ടോ ഡോണിസ് എന്ന ആർകിടെക്ട് ആയിരുന്നു വിജയി. എങ്കിലും ദുബായ് മുനിസിപ്പാലിറ്റി ആ ഡിസൈനിൽ പല മാറ്റങ്ങളും വരുത്തിയായിരുന്നു ഇന്ന് കാണുന്ന 150 മീറ്റർ പൊക്കവും 95 മീറ്റർ വീതിയും ഉള്ള ഫ്രെയിം നിമ്മിച്ചത്. 2018 ൽ സന്ദർശകർക്കായി ഫ്രെയിം തുറന്നു കിട്ടി. ടിക്കറ്റെടുത്ത് അൽപനേരം ക്യൂവിൽ നിന്നു വേണം ഉള്ളിൽ പ്രവേശിക്കുവാൻ. ഒരു സമയം 20 പേർക്കേ കയറുവാൻ പറ്റുകയുള്ളു. ലിഫ്റ്റിൽ കയറുന്നതിനു മുൻപ് പുരാതന ദുബായിയെ ഓർമ്മപ്പെടുത്തുന്ന ഒരു ചെറിയ മ്യൂസിയത്തിനുള്ളിലൂടെ ആണ് പോകേണ്ടത്. ഭൂതകാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം. ഇറങ്ങി വരുന്നതാവട്ടെ, ഭാവി കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിലൂടെയും. അങ്ങിനെ ഭൂതവും ഭാവിയും കടന്ന് ഫ്രെമിനുള്ളിൽ നിന്ന് നിങ്ങൾ വർത്തമാനത്തിലെത്തുന്നു.

ലിഫ്റ്റ് കയറി മുകളിൽ ചെന്നാൽ 95 മീറ്റർ നീളമുള്ള ഇടവഴിയാണ്; ഫ്രെമിന്റെ ഏറ്റവും മുകളിലെ ചട്ടം. ആ ഇടവഴിയുടെ നടുവിലൂടെ ഗ്ലാസ് ആണ് പതിച്ചിരിക്കുന്നത്. നടക്കുമ്പോൾ നിങ്ങൾക്ക് 150 മീറ്റർ താഴെയുള്ള കാഴ്ച്ചകൾ കാൽകീഴിൽ കാണാം. ഇനി അഥവാ വെർട്ടിഗോ പ്രശ്നമുണ്ടെങ്കിൽ ഗ്ളാസ്സില്ലാത്ത അരികിലൂടെ നടക്കാം. ഇടതു വശത്തേക്ക്, അതായത് തെക്കോട്ട്, നോക്കിയാൽ അബുദാബിയെയും ഷാർജയെയും മറ്റും കൂട്ടിയിണക്കുന്ന ഷെയ്ക്ക് സായിദ് റോഡും ആധുനിക ദുബായിലെ വമ്പൻ ടവറുകളും കെട്ടിടങ്ങളും കാണാം. മറുഭാഗത്തേക്ക് നോക്കിയാലാവട്ടെ ദെയ്റയും കരാമയും എല്ലാം അടങ്ങിയ പുരാതന ദുബായിയും. അങ്ങിനെ ആ പടുകൂറ്റൻ ഫ്രെയിം പുരാതന ദുബൈക്കും ആഡംബരം വിളിച്ചോതുന്ന ആധുനിക ദുബായ്ക്കും ഇടയിൽ പക്ഷ ഭേദമില്ലാതെ, കാലത്തെ പരസ്പരം ഓർമിപ്പിച്ചുകൊണ്ട് നിലകൊള്ളുന്നു.

അടുത്ത ദുബായ് കാഴ്ചകൾ, പിറകെ.

 


Saturday, February 15, 2025

 

ദുബായ് കാഴ്ചകൾ 1

(Photo Courtesy)


പണ്ട് പണ്ട്.... വിവര സാങ്കേതിക വിദ്യയും അനുബന്ധ സേവനങ്ങളും യുവാക്കൾക്ക് തൊഴിൽ മേഘലയായി മാറുന്നതിനു മുൻപ്, വീട്ടിൽ ഒരു ആൺ കുഞ്ഞു ജനിക്കുമ്പോഴേ വീട്ടുകാർ പ്രാർത്ഥിക്കും: ഇവൻ വലുതായി, ദുബായിൽ പോയി കുടുംബം രക്ഷപ്പെടുത്തണെ, ദൈവമേ.... പെൺകുട്ടിയാണെങ്കിൽ, ഇവൾ വലുതായി ഒരു ദുബായിക്കാരന് കെട്ടിച്ചു കൊടുക്കാൻ പറ്റണെ, ദൈവമേ... എന്നായിരിക്കും പ്രാർത്ഥന. അങ്ങിനെ ആരുടെയെങ്കിലും മോഹം സാധിച്ചാൽ അയല്പക്കങ്ങളിലും അതിന്റെ സന്തോഷം അലയടിക്കും!

കിഴക്കേലെ ഗോപാലകൃഷ്ണന്റെ മകൾക്ക് കല്യാണം ഒറച്ചൂ.... ത്രേ. ദുബായിക്കാരനാന്നാ കേട്ടേ.... കല്യാണം കഴിഞ്ഞ് പിന്നത്തെ വരവിന് അവള്ടെ അനിയനേം ദുബായി കൊണ്ടയി ജോലി ആക്കാന്ന് പറഞ്ഞിട്ടുണ്ട് ത്രേ.. എന്തായാലും ഗോപാലകൃഷ്ണൻ രക്ഷപ്പെട്ടു..

അങ്ങിനെ ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷയും സ്വപ്നവും യാഥാർഥ്യവും ഭാഗ്യവും പലരുടെയും നിരാശയും കഷ്ടപ്പാടും എല്ലാം എല്ലാമായ ദുബായിലേക്ക് ഈ അർദ്ധ രാത്രി ഇതാ ഞാൻ പറന്നിറങ്ങിയിരിക്കുകയാണ്. കൂടെ ഉഷയും മകളും മരുമകനുമുണ്ട്. ഉഷയുടെ സഹോദരി ദീപയും ഭർത്താവ് മണിയും മകൻ നീരുവും അബുധാബി എയർപോർട്ടിൽ നിന്നും ഞങ്ങളെ കൂട്ടി ദുബായിലേക്ക് പോവുകയാണ്.

ഇരുവശത്തോട്ടും ആറു വരി പാത പരന്നു കിടക്കുന്നു. വിലകൂടിയ വലിയ കാറുകൾ അതിവേഗത്തിൽ പാഞ്ഞു പോവുന്നു. പാതയോരത്ത് ഹൈമാസ്‌റ് വിളക്കുകൾ വെള്ളി വെളിച്ചം ചൊരിഞ്ഞ് വരി നിരന്ന് സ്വാഗതമോതുന്നു. വിളക്ക് കാലിന്റെ മുകൾ ഭാഗത്ത് വെളിച്ചം വീഴുന്നതിനാൽ ദൂരെ ഇരുണ്ട ആകാശത്ത് തെളിഞ്ഞു നിൽക്കുന്ന വാൽനക്ഷത്രങ്ങൾ പോലെ ഉണ്ട് അവ.

അബുധാബി നഗരത്തിന്റെ പരിധി കടന്നതോടെ കെട്ടിടങ്ങൾ മാറി മരുഭൂമിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പിന്നെ ഞങ്ങൾ ദുബായ് എമിറേറ്റിന്റെ പരിധിയിൽ കടന്നു. വെള്ളി വാൽനക്ഷത്രങ്ങൾക്ക് പകരം സ്വർണ വാൽ നക്ഷത്രങ്ങൾ സ്ഥാനം പിടിച്ചു.

വർഷങ്ങളായി ക്ഷണിച്ചു കൊണ്ടിരിക്കുന്നതാണ് ദീപ. ഇത്രയും കാലം പോകുവാൻ സാധിച്ചില്ല. MD പരീക്ഷ കഴിഞ്ഞതിനാൽ ഞങ്ങൾ പോകുന്നു എന്ന് മകളും മരുമകനും പറഞ്ഞപ്പോൾ ഇനി വൈകിക്കേണ്ടെന്ന് കരുതി. അങ്ങിനെ ഇതാ ഇവിടെ, ഡിസ്കവറി ഗാർഡൻ എന്ന അവരുടെ വാസ സ്ഥലത്ത് ഞങ്ങൾ എത്തിയിരിക്കുന്നു.  സമയം ഏതാണ്ട് പ്രഭാതമാകാറായി. നല്ല മഞ്ഞും തണുപ്പും ആയിരുന്നു പുറത്ത്.

നാലുദിവസമായിരുന്നു ദുബായ് കാഴ്ചകൾക്കായി ഞങ്ങൾക്കുള്ളത്. നാലു ദിവസം കൊണ്ട് ഒന്നും ആവില്ല... അത്രയേറെ ഉണ്ട് കാണുവാൻ. ദീപ പറഞ്ഞു. എനിക്കും ഉഷയ്ക്കും ദിവസങ്ങൾ നീണ്ടു പോയാലും കുഴപ്പമില്ല. പക്ഷെ ജോലിക്കാരായ മകളുടെയും മരുമകന്റെയും സ്ഥിതി അതല്ലല്ലോ. അതിനാൽ നാലു ദിവസത്തിൽ സാദ്ധ്യമാവുന്നത് പരമാവധി ആസ്വദിക്കുക. അതേ വഴിയുള്ളു. അങ്ങിനെ ഞങ്ങൾ രാവിലെ തന്നെ കാറിൽ പുറപ്പെട്ടു. പകലും സുഖകരമായ തണുപ്പുള്ള കാലാവസ്ഥയായിരുന്നു. നമ്മുടെ നാട്ടിലെ ധനു മാസം പോലെ. ദുബായിൽ ഇത്തരത്തിലൊരു കാലാവസ്ഥയുള്ള കാര്യം എനിക്ക് അജ്ഞാതമായിരുന്നു.

എത്ര വൃത്തിയുള്ള റോഡുകൾ! റോഡ് സൈഡിൽ കടകളോ വാഹനങ്ങളുടെയും ആളുകളുടെയും തിരക്കോ ഒന്നും കാണുന്നില്ല. ഒരു നഗരത്തിന്റെയോ തെരുവിന്റെയോ നമ്മുടെ മനസ്സിലുള്ള ചിത്രത്തിൽ നിന്നും വളരെ വിഭിന്നം. കടകളെല്ലാം വലിയ മാളുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുകയാണെന്ന് തോന്നുന്നു. റോഡിലൂടെ വലിയ വിലപിടിപ്പുള്ള കാറുകൾ ഒഴുകി നീങ്ങുന്നു. ചെറിയ കാറുകളും ഇന്ത്യൻ ബ്രാൻഡുകളായ മാരുതിയും ടാറ്റയും മറ്റും കാണുന്നേയില്ല. ഇരു ചക്ര വാഹനങ്ങളുടെ തികഞ്ഞ അഭാവമാണ് എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഗതി. അപൂർവമായി എപ്പോഴെങ്കിലും ഒരു ഇരുചക്രവാഹനം കണ്ണിൽ പെടുന്നത് ഫുഡ് ഡെലിവറി ബോയ് സിന്റേതായിരുന്നു. സാമ്പത്തികമായി വൻകിട കാറുകൾ ഉപയോഗിക്കുവാൻ പര്യാപ്തരായിരിക്കാം ഇവിടെയുള്ളവർ. എങ്കിലും ഇന്ത്യൻ യുവ ജനതയുടെ രക്തത്തിലെ ടൂ വീലർ എന്ന ഹരം ഇവിടുത്തെ യുവ രക്തത്തിലും ഉണ്ടാവില്ലേ? വർഷത്തിൽ ഭൂരിഭാഗവും കനലാളുന്ന സൂര്യനായിരിക്കണം ആ ഹരം ഇല്ലാതാക്കുന്നത്. ഞാൻ വിചാരിച്ചു.

കൂറ്റൻ കെട്ടിടങ്ങളും ടവറുകളും അതിരിടുന്ന ചക്രവാളം. ദുബായ് ലാൻഡ് മാർക്കുകൾ ഓരോന്നായി അടുത്ത് വരികയായിരുന്നു. അടുത്ത കാലത്ത് വാർത്തകളിൽ പ്രത്യക്ഷപ്പെട്ട ഫ്യൂച്ചർ മ്യുസിയം (Museum of the Future) ആയിരുന്നു ആദ്യം കണ്ണിൽ പെട്ടത്. ജ്യോമെട്രിയിൽ "റിങ് ടോറസ്" (Ring Torus) എന്ന് വിളിക്കുന്ന രൂപത്തിലാണ് അത്യാകർഷകമായ ഈ കെട്ടിടത്തിന്റെ നിർമാണം. അറബിക് സൂക്തങ്ങളും കവിതയും കാലിഗ്രാഫി മാതൃകയിൽ എഴുതിയതുപോലെ ജനലുകൾ രൂപ കൽപ്പന ചെയ്തിരിക്കുന്നു. അദ്ഭുതകരമായ നിർമ്മിതി!

പൊതുവെ മ്യുസിയങ്ങൾ ഭൂതകാലത്തേക്ക് കണ്ണും നട്ടാണ് ഇരിക്കുന്നത്. ചരിത്രം അതിന്റെ ഇടനാഴികളിലും തളങ്ങളിലും ഉറങ്ങി കിടക്കുന്നുണ്ടാവും. കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ട പലതും അവർ വീണ്ടെടുത്ത് തങ്ങളുടെ ഗർഭത്തിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു: വരും തലമുറയ്ക്ക് പരിചയപ്പെടുത്തുവാനായി. എന്നാൽ ഏഴു നിലകളിലായി നിലകൊള്ളുന്ന ഫ്യൂച്ചർ മ്യൂസിയം ഭാവിയിലേക്കാണ് ഉറ്റു നോക്കുന്നത്. നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ് തുടങ്ങിയ വിഷയങ്ങളിലാണ് പ്രദർശനം ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. പ്രദർശന ഹാളുകളിലേക്കുള്ള ടിക്കറ്റുകൾ ഒരാഴ്ചത്തേക്ക് വിറ്റുപോയതിനാൽ നിഭാഗ്യവശാൽ ഞങ്ങൾക്ക് പ്രദർശനം കാണുവാൻ സാധിച്ചില്ല. എങ്കിലും കെട്ടിടത്തിന് ഉള്ളിലേക്ക് പ്രവേശനമുണ്ട്. അതിനാൽ താഴത്തെ നിലയിലും ഒന്നാം നിലയിലും ചുറ്റി നടന്ന് കെട്ടിടത്തിന്റെ തനിമ ആസ്വദിക്കുവാനായി.  ഏതാനും സമയം ചിലവഴിച്ച ശേഷം ഞങ്ങൾ ഭാവിയോട് വിടപറഞ്ഞ് വർത്തമാനത്തിലേക്ക്, ഇളം ചൂടുള്ള വെയിലിലേക്ക്, തിരിച്ചിറങ്ങി.

 അടുത്ത ദുബായ് കാഴ്ചയുമായി വീണ്ടും കാണാം. വൈകാതെ.