Thursday, December 24, 2020

 

സഹയാത്രികൻ




കാണുന്നില്ലല്ലോ... ഞാൻ വിചാരിച്ചു…..അയാളെ കാണുന്നില്ലല്ലോ...

നേരം വെളുത്തു വരുന്നതേയുള്ളു. റബ്ബർ തോട്ടങ്ങൾക്കുള്ളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്. ഞാൻ കാറിന്റെ സ്പീഡ് ചരുക്കി. വഴിയിലെങ്ങാനും അയാളുണ്ടെങ്കിൽ കാണാതെ പോകരുതല്ലോ, കാര്യം എനിക്ക് ആറരയാകുമ്പോഴേക്കും ആര്യേമ്പാവിൽ എത്തണമെങ്കിലും. ആറരക്കുള്ള ബസ്സു പിടിച്ചാലേ പെരിന്തൽമണ്ണ പോയി നിലംബൂർ ബസ്സു പിടിച്ചു ഒമ്പതരയ്ക്ക് മുൻപ് ഓഫീസിലെത്താൻ പറ്റുള്ളൂ. പിന്നെ രാത്രി എട്ട് എട്ടരയ്ക്ക് തിരിച്ചു വരുന്നത് വരെ വെയിലും മഴയുമേറ്റു നിൽക്കുന്ന കാറിനു ദേശീയ പാതാ ദേവതകൾ തുണ. എല്ലാ മാസവും അഞ്ചു ദിവസം നിലംബൂർ.  അഞ്ചു ദിവസം എടക്കര. മറ്റു ദിവസങ്ങളിൽ വേറെ രണ്ടു ഓഫിസുകൾ. അങ്ങിനെയായിരുന്നു എന്റെ മാസാമാസമുള്ള ഡ്യൂട്ടി. അതിനാൽ മാസത്തിൽ പത്തു ദിവസം  ഈ റൂട്ടിൽ  യാത്ര. വേണമെങ്കിൽ ഹോട്ടലിൽ താമസിക്കുവാൻ വകുപ്പുണ്ടെങ്കിലും രണ്ടു മാസം മുൻപ്  അച്ഛൻ മരിച്ചതിനാൽ ദിവസവും വീട്ടിൽ തിരിച്ചെത്തുവാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു.

രണ്ടുമാസം മുൻപ് ഇതുപോലൊരു പ്രഭാതത്തിൽ ആയിരുന്നു അയാളെ ആദ്യമായി കണ്ടുമുട്ടുന്നത്. വെളിച്ചമായിട്ടില്ല. ഇല പൊഴിഞ്ഞ റബ്ബർ മരങ്ങൾക്കിടയിലൂടെ പിന് നിലാവ് പരന്നൊഴുകി. ജന വാസമില്ലാത്ത  വഴി. ആ ശാന്ത സൗന്ദര്യം നുകരുവാനായി മങ്ങിയ ലൈറ്റിട്ടു പതുക്കെയായിരുന്നു ഞാൻ കാറോടിച്ചത്. ഒരു വളവു തിരിഞ്ഞപ്പോൾ പെട്ടെന്നായിരുന്നു വെളുത്ത വസ്ത്രം ധരിച്ച, വെളുത്ത തലയിൽ കെട്ടുമായി ആ രൂപം കൈ നീട്ടി റോഡിലേക്കാഞ്ഞത്. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ പകച്ചു. നിറുത്തണോ വേണ്ടയോ...

രാത്രി വൈകിയാൽ വിജനമായ ഈ വഴി വരരുത് എന്ന് മുൻപ് അച്ഛൻ  പലപ്പോഴും പറയുമായിരുന്നു. കുറച്ചു കിലോമീറ്ററുകൾ അധികമാണെങ്കിലും മെയിൻ റോഡ്‌ വഴി വന്നാൽ മതി. പോലീസുകാരുടെ കണ്ണ് വെട്ടിക്കുവാനായി പല നിയമ വിധേയമല്ലാത്ത ബിസിനെസ്സ് വാഹനങ്ങളും രാത്രി കാലങ്ങളിൽ മെയിൻ റോഡ് ഒഴിവാക്കി ഈ വഴി വരുന്നതായും കേട്ടിരുന്നു.  ഈ റൂട്ടിൽ ബസ്സു ഗതാഗതവും ഇല്ലായിരുന്നു. അതിനാൽ സ്വന്തമായി വാഹനമില്ലാത്തവർക്ക് ഇതു പോലെ കൈ കാണിച്ചു യാത്ര ചെയ്യേണ്ടതായി വരും. ഏതായാലും ഞാൻ കാറ് നിറുത്തി. രാത്രി ഒന്നുമല്ലല്ലോ. ഭയപ്പെടാനില്ല.  അയാൾ ഡോർ തുറന്നു മുന്നിൽ തന്നെ കയറി. ഡോറടച്ച ശേഷം പറഞ്ഞു: പൂവ്വാ...

ഒരു അറുപത്തഞ്ചു വയസ്സെങ്കിലും  ആയി  കാണണം അയാൾക്ക്‌. വിനയമോ സൗഹൃദമോ ഒന്നും ഉള്ളതായി തോന്നിയില്ല അയാളുടെ പെരുമാറ്റത്തിൽ. അത് എനിക്കൽപം മാനസിക അകൽച്ച ഉണ്ടാക്കി. അത് കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല. എന്നാൽ  അയാൾ ചോദിച്ചു:

ങ്ങള് എവടക്കാ?

ഞാൻ ജോലിയുടെ കാര്യം പറഞ്ഞു. സംഭാഷണത്തിൽ ഞാൻ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും അയാൾ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി കൊണ്ടിരുന്നു. ക്രമേണ എനിക്ക് തോന്നിയ വിനയത്തിന്റെയും സൗഹൃദത്തിന്റെയും അഭാവം അയാളുടെ ഗ്രാമീണ ശുദ്ധത കൊണ്ടാണെന്നു മനസ്സിലായി. അതുകൊണ്ടു തിരിച്ചു ഞാനും അയാളുടെ വിവരങ്ങൾ തിരക്കാൻ തുടങ്ങി.

അയാളൊരു ബിരിയാണി പാചകക്കാരനായിരുന്നു. യൗവ്വന കാലത്തു ബോംബെയിലും ഉത്തരേന്ത്യയിലും  എല്ലാം ഇതേ തൊഴിലായി കറങ്ങി നടന്നു. ഇപ്പോൾ ഞാൻ പോകുന്ന  റൂട്ടിൽ ഒരു ചെറിയ ഗ്രാമീണ ഹോട്ടലിലായിരുന്നു ജോലി. പത്തു പതിനഞ്ചു കിലോമീറ്റർ ദൂരെയുള്ള വീട്ടിൽ നിന്നായിരുന്നു അയാൾ ദിവസവും ജോലിക്കു വരുന്നത്.

അപ്പോൾ ഇത്രയും രാവിലെ എങ്ങിനെ ഇവിടെ വരെ  എത്തി?

എനിക്ക് അത്ഭുതമായി.

കുളക്കാട്ടുകുറിശ്ശി വരെ ഒരു ലോറി കിട്ടി. അവിടന്ന് നടന്നു വരുമ്പോളാണ് ങ്ങൾടെ വണ്ടി. ചില ദിവസം ബൈക്ക്കാരെ  കിട്ടും. എന്തായാലും മുഴുവൻ ദൂരം നടക്കേണ്ടി വരില്ല. അങ്ങനെ ഓരോ ദിവസം ഓരോ മാതിരി. വൈന്നേരം നേരത്തെ ബസ്സിന്‌ പോകും.

ജീവിതം മുന്നോട്ടു കൊണ്ടുപോവാനായി ഈ വയസ്സിലും എത്ര കഷ്ടപ്പെടുന്നു ഇയാൾ!   ഞാൻ ആലോചിച്ചു. ഈ സമയത്ത് ഇവിടെ എത്തണമെങ്കിൽ അഞ്ചു മണിക്ക് മുൻപേ പുറപ്പെട്ടിട്ടുണ്ടാവണം. ഇത്രയൂം   കഷ്ടപ്പെട്ട്   ഉൾനാട്ടിലെ ഒരു ചെറിയ ഹോട്ടലിൽ നിന്നും അയാൾക്ക്‌ എന്ത് തന്നെ വരുമാനം കിട്ടും?

മക്കളൊന്നും ഇല്ലേ,  ഇനി വീട്ടിൽ സ്വസ്ഥമായി ഇരുന്നൂടെ? ഞാൻ ചോദിച്ചു.

വീട്ടിലിരിക്കാൻ ഓളും മക്കളും സമ്മതിക്കൂല. ഒരുത്തനു കച്ചോടം ണ്ട്. ഒരുത്തൻ വീട്ടിൽ വെറുതെ ഇരിക്കാ. ഓന് മാനസികം ണ്ട്  ന്നാ  ഓള് പറയണ്. ഡോക്ടർമാരെ ഒക്കെ കാണിച്ചു. കൊഴപ്പോന്നും കണ്ടില്ല. അയാൾ കുറച്ചു നേരം മൗനമായിരുന്നു. പിന്നെ പറഞ്ഞു: ഓന് മരുങ്ങാൻ  വയ്യാഞ്ഞിട്ടാന്നാ നിക്ക് തോന്നണ്.

അടുത്ത ഗ്രാമ കവല എത്തിയപ്പോൾ  അയാൾ  പറഞ്ഞു:

ങ്ങള് വലത്തോട്ടല്ലേ. ഞാൻ ഇവടെ ഇറങ്ങാം. കൊറച്ചു നടക്കാനേ ഉള്ളു.

പുറത്തിറങ്ങി ഡോറടക്കുമ്പോൾ അയാൾ അനുഗ്രഹിച്ചു: ദൈവം നല്ലതു വരുത്തട്ടെ!

അടുത്ത ദിവസം രാവിലെയും അയാൾ കൂടെ വന്നു. കാത്തു നിൽക്കുകയായിരുന്നില്ല; നടക്കുകയായിരുന്നു. ഞാൻ കാറ് നിറുത്തി അയാളെ കയറ്റി. പിന്നെ ഇത്  പതിവായി.  കഴിഞ്ഞ രണ്ടു മാസം ഈ വഴി പോയ പത്തു ദിവസങ്ങളിൽ മിക്കവാറും എല്ലാ ദിവസവും അയാളുണ്ടാവുമായിരുന്നു.  ഒരുമിച്ചു നാലോ അഞ്ചോ കിലോമീറ്റർ, പത്തോ പതിനഞ്ചോ നിമിഷം  മാത്രം നീളുന്ന യാത്ര. അതിനിടക്ക് ചില്ലറ വർത്തമാനം. ഒടുവിൽ ഇറങ്ങി പോവുമ്പോൾ ദൈവം നല്ലതു വരുത്തട്ടെയെന്ന അനുഗ്രഹം.

പക്ഷെ ഈ മാസം   ഇപ്പോൾ എട്ടു ദിവസം കഴിഞ്ഞിട്ടും ഇതുവരെ അയാളെ കണ്ടില്ല.  എന്റെ ആരുമല്ലാതിരുന്നിട്ടും അയാളുടെ അഭാവം എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.  അയാൾക്കെന്തു പറ്റി?     അത് അറിയുവാൻ വെറുതെ ഒരു ജിജ്ഞാസ. ഒരുപക്ഷെ അയാൾ ഇവിടുത്തെ ജോലി മതിയാക്കിയിട്ടുണ്ടാവും. ഞാൻ ഊഹിച്ചു.  അയാളെ കാണാത്തതിന്റെ  വേറെയും പല പല കാരണങ്ങൾ ഊഹിക്കാം. ഊഹത്തിന്റെ സംഖ്യാ രേഖയിൽ ഒരറ്റം സന്തോഷകരവും മറ്റേ അറ്റം ദുഃഖകരവുമാണ്. ദുഖകരമായ വല്ലതും സംഭവിച്ചിരിക്കുമോ അയാൾക്ക്‌? വേണമെങ്കിൽ അയാൾ ജോലിചെയ്യുന്ന ഹോട്ടലിൽ പോയി അന്വേഷിക്കാം. പക്ഷെ അപ്പോൾ അറിയുന്നത് വെറും ഊഹമായിരിക്കില്ല; യാഥാർഥ്യം ആയിരിക്കും. ആ യാഥാർഥ്യം സങ്കടകരമായ വല്ലതുമാണെങ്കിലോ? വേണ്ട; ഞാൻ തീരുമാനിച്ചു. സന്തോഷകരമായ ഊഹം തന്നെ മതി.

ദിവസങ്ങൾ കടന്നു പോയി. അധികം താമസിയാതെ കോവിഡ് മഹാമാരി വന്നു; ലോക്ക് ഡൌൺ  വന്നു. യാത്രകൾ കുറഞ്ഞു. ജീവിത യാത്രയിൽ നമ്മൾ എത്രയോ പേരെ കണ്ടുമുട്ടി. വേർപിരിഞ്ഞു. എങ്കിലും വല്ലപ്പോഴും ഈ വഴി പോവുമ്പോൾ ഞാൻ അയാളെ ഓർക്കുന്നു. കാറിൽ നിന്നും ഇറങ്ങി പോവുമ്പോൾ അയാൾ പറയാറുള്ളത് ഓർക്കുന്നു - ദൈവം  നല്ലതു വരുത്തട്ടെ!