യാദൃച്‌ഛികതകൾ
നമ്മൾ മുന്നൊരുക്കത്തോടുകൂടിയോ
നേരത്തെ ആലോചിച്ചുറപ്പിച്ചോ അല്ലാതെ, ആകസ്മികമായി ചിലപ്പോൾ ചിലത് ചെയ്തെന്നിരിക്കും.
അല്ലെങ്കിൽ അറിയാതെ തന്നെ ചിലപ്പോൾ ദൈനംദിന ജീവിതത്തിൽ ചിലത് സംഭവിച്ചെന്നിരിക്കും. പിന്നീട് നമ്മളെ ആശ്ചര്യപ്പെടുത്തുമാറ് നമ്മൾ ഉദ്ദേശിക്കാത്ത
ചില നല്ല കാര്യങ്ങളോ നന്മകളോ അതുകൊണ്ട് സംഭവിച്ചെന്നുമിരിക്കും. അത്തരം നിഗൂഢമായ യാദൃച്ഛികതകളെ
കണ്ടില്ലെന്നു നടിക്കുന്നത് ജീവിതത്തിന്റെ മനോഹരങ്ങളായ ചില വശങ്ങളെ നിരാകരിക്കലാവും
എന്ന് മിലൻ കുന്ദേര അഭിപ്രായപ്പെട്ടിട്ടുണ്ട്. എനിക്ക് അങ്ങിനത്തെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പിന്നീട് വളരെയധികം സന്തോഷം തോന്നിയ അത്തരം ഒരു സംഭവത്തെ പറ്റി പറയട്ടെ.
മംഗലാപുരത്തേക്കുള്ള തീവണ്ടിയിൽ
നിന്നും പറഞ്ഞുതുടങ്ങാം. മൂകാംബികക്ക് പോവുമ്പോൾ പണ്ടെപ്പോഴോ ആ വഴി പോയിട്ടുണ്ടെങ്കിലും
മംഗലാപുരം എനിക്ക് അപരിചിതമാണ്. പക്ഷെ ഇനി മൂന്നു വർഷങ്ങൾ ആ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി
ജീവിക്കേണ്ടിയിരിക്കുന്നു. മാനന്തവാടിയിലെ വന്മരങ്ങൾ നിഴലുവിരിച്ച ഊടുവഴിയിലൂടെ തിരിച്ചടവ്
തെറ്റിച്ച ഇടപാടുകാരനെ അന്വേഷിച്ച് നടക്കുമ്പോഴായിരുന്നു ഒരു സുഹൃത്ത് ആ വാർത്ത വിളിച്ചു
പറഞ്ഞത്: മംഗലാപുരം ഇൻസ്പെക്ഷനിലേക്ക് മാറ്റമായിരിക്കുന്നു.
വാർത്ത അത്ഭുതപ്പെടുത്തുന്നതായിരുന്നു.
കാരണം മാനന്തവാടിയിലേക്ക് വന്ന് ഒരു വർഷം പോലും ആയിട്ടില്ല്യ. വന്ന് ജോലിയിൽ ചേർന്നു;
വീട് കണ്ടുപിടിച്ചു. ജംഗമ സ്വത്തുക്കൾ ലോറിയിൽ താമരശ്ശേരി ചുരം കയറ്റി കൊണ്ടുവന്നു.
പാചക വാതകം, കേബിൾ ടീവീ, ഫോൺ തുടങ്ങിയവക്ക് പുതിയ മേൽ വിലാസമുണ്ടാക്കി. ഭാവിയുടെ പ്രതീക്ഷയും
ജീവന്റെ സുരക്ഷയുമായ പോളിസികളെ ചുരത്തിനു മുകളിലെ LIC ആപ്പീസിലെത്തിച്ചു. മകളെ പുതിയ
സ്കൂളിൽ ചേർത്തു. പല പരീക്ഷണങ്ങൾക്ക് ശേഷം നല്ല പച്ചക്കറിയും പലചരക്കുസാധനങ്ങളും കിട്ടുന്ന
കട കണ്ടുപിടിച്ചു. അങ്ങിനെ ഒരുവിധം എല്ലാം കഴിഞ്ഞ് ഒന്ന് "ഹാവൂ" എന്ന് പറഞ്ഞതേയുള്ളു.
അപ്പോഴേക്കും ഇതാ അടുത്ത പറിച്ചുനടീൽ വന്നെത്തിക്കഴിഞ്ഞു!
ഏതായാലും പോവുക തന്നെ. ഇത്രയും കാലം ചെയ്യാത്ത ജോലിയാണ്. അറിയാത്ത ഭാഷ. അറിയാത്ത സ്ഥലങ്ങളും. എല്ലാം എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തെ ത്രസിപ്പിക്കുന്നവ. കോഴിക്കോട്ടു നിന്നാണ് മാനന്തവാടിക്ക് പോയത്. കുടുംബത്തെ തിരിച്ച് കോഴിക്കോട് തന്നെ കൊണ്ടുവന്നു. കാരണം ഞാൻ മാംഗളൂരിൽ ഒരു സ്ഥലത്ത് സ്ഥിരമായി ഉണ്ടാവില്ല. കുടുംബം കോഴിക്കോട്ടാണെങ്കിൽ ഇടക്കെല്ലാം വന്നു പോകാൻ ട്രെയിൻ സൗകര്യവുമുണ്ട്. ജംഗമങ്ങളും വാതകവും ഫോണും പോളിസികളും തിരിച്ച് ചുരമിറങ്ങി. പോളിസികളെ മാത്രം മംഗലാപുരത്തേക്ക് കൂടെ കൂട്ടി; ജീവന് സുരക്ഷ വേണമല്ലോ! മകൾക്ക് പഴയ സ്കൂളിൽ തന്നെ അഡ്മിഷൻ വാങ്ങി. ഒരു വർഷത്തെ വേർപാടിനു ശേഷം തിരിച്ചു വരുന്ന അവൾക്ക് കൂട്ടുകാരികൾ ഹൃദ്യമായ വരവേൽപ്പ് നൽകി. അങ്ങിനെ ഒടുവിൽ ഞാൻ ഇതാ ഏകനായി, പിറ്റേ ദിവസം ജോലിയിൽ ചേരുവാനായി, ട്രെയിനിൽ ലക്ഷ്യത്തോടടുക്കുന്നു.
നേരം സന്ധ്യയോടടുക്കെ ട്രെയിൻ
നേത്രാവതി പാലത്തിൽ കയറി. അറബിക്കടലിൽ ലയിക്കുവാനുള്ള ഏറെനാളത്തെ ആശയുടെ സാഫല്യത്തിൽ
നേത്രാവതിയിലെ വെള്ളം അത്യാഹ്ളാദത്തോടെ ധൃതിയിൽ കീഴെ പരന്നൊഴുകുന്നു. ദൂരെ അസ്തമയ സൂര്യൻ
വർണ്ണങ്ങൾ വാരി വിതറിയ ചക്രവാളത്തിൽ ആ സംഗമത്തിന്റെ ധന്യത. ട്രെയിൻ മന്ദമന്ദം പാലം
കടന്ന് നഗരത്തിലേക്ക് കയറിയപ്പോഴേക്കും നല്ലപോലെ ഇരുട്ടായിരുന്നു. ഒരു സുഹൃത്ത് പറഞ്ഞു
തന്ന ഹോട്ടലിൽ നേരത്തെ തന്നെ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. നേരെ അവിടെ പോയി ചെക്ക്
ഇൻ ചെയ്ത് ഭക്ഷണവും കഴിച്ച് ഔദ്യോഗിക നാളെകളെക്കുറിച്ചും കോഴിക്കോട് പുതിയ വാടക വീട്ടിൽ,
പുതിയ ചുറ്റുപാടിൽ താമസം തുടങ്ങിയ കുടുംബത്തെ കുറിച്ചും അൽപ സ്വല്പം ആശങ്കപ്പെട്ട്
ഉറക്കത്തിലേക്ക് വഴുതി.
പിറ്റേ ദിവസം ദിനചര്യകളെല്ലാം
നേരെത്തെ തന്നെ കഴിഞ്ഞു. ഹോട്ടെൽകാരുടെ വക പ്രാതലും തരമായി. പത്തുമണിക്കേ ഓഫിസിൽ റിപ്പോർട്ട്
ചെയ്യേണ്ടതുള്ളൂ. അതിനാൽ നഗരക്കാഴ്ചകൾ കണ്ട് 'ചോദിച്ച് ചോദിച്ച്' പോയെത്തിച്ചേരാം.
അങ്ങിനെ ഹോട്ടെലിൽ നിന്നുംപുറത്തിറങ്ങി പത്തടി നടന്നു കാണും. അപ്പോഴാണ് അത് കാണുന്നത്;
റോഡരികിൽത്തന്നെ ഒരു ഗണപതിക്ഷേത്രം. മാലകളാൽ അലംകൃതമായ മനോഹരമായ വിഗ്രഹം. പുതിയ ജോലി
തുടങ്ങുകയല്ലേ. ഗണപതിയേക്കാൾ നല്ല മറ്റേതു ദേവനിൽ നിന്ന് അനുഗ്രഹം വാങ്ങാൻ!
ഷൂ മാത്രം ഊരി അകത്തു കയറി
അനുഗ്രഹം വാങ്ങി നടന്നു നീങ്ങിയപ്പോൾ ആണ് റോഡിനപ്പുറത്ത് മറ്റൊരു ക്ഷേത്രം കാണുന്നത്.
ശിവനാണെന്ന് തോന്നുന്നു. പ്രാചീനമാണ്. ഗോപുരവും ചുറ്റമ്പലവും എല്ലാം ഉണ്ട്. പുറത്തു നിന്ന് തന്നെ കാര്യങ്ങൾ ഗ്രഹിപ്പിച്ചു. എല്ലാം
മംഗളമാവട്ടെ! ലോകാ സമസ്താ സുഖിനോ ഭവന്തു!
വഴി ചോദിച്ചറിഞ്ഞ് ആപ്പീസിൽ സമയത്തിന് വളരെ മുൻപ് തന്നെ റിപ്പോർട്ട് ചെയ്തു. ഉപചാരങ്ങൾക്ക് ശേഷം സെക്ഷൻ തലവൻ പറഞ്ഞു: "ഇവിടെ അടുത്തൊന്നും ഇപ്പോൾ ഇൻസ്‌പെക്ഷൻ നടക്കുന്നില്ല. ഏറ്റവും അടുത്തുള്ളത് ഹൊന്നാവറിലാണ്. അവിടെ ഒരു നായക് ആണ് ലീഡർ. അദ്ദേഹത്തിന് ശിഷ്യപ്പെട്ട് പുതിയ ജോലി പഠിക്ക!" ഞാൻ ഇതുവരെ കേൾക്കാത്ത സ്ഥലമാണ്.കുഴപ്പമില്ല; ട്രാൻസ്‌പോർട് സ്റ്റാൻഡിൽ പോയാൽ ബസ്സു കിട്ടും എന്നായി തലവൻ.
ഹോട്ടലിൽ പോയി ചെക്ക് ഔട്ട്
ചെയ്ത് ഓട്ടോ പിടിച്ച് ബസ് സ്റ്റാന്റിലെത്തി. ഒരുമണിക്കൂറിലധികം സമയം കഴിയണം ബസ്സിന്.
ഹൊന്നാവാറിലെത്താൻ അഞ്ചു മണി കഴിയും. അതിനാൽ സാവധാനം ഭക്ഷണം കഴിച്ച് ബസ്സിൽ കയറി. കൊല്ലൂർ
പോകുമ്പോൾ ഉഡുപ്പി കുന്ദാപുര വഴി പോയിട്ടുണ്ട്. കശുമാവുകൾ വളർന്നു നിൽക്കുന്ന ചുവന്ന
കല്ല് നിറഞ്ഞ ഭൂപ്രകൃതി. കേരളത്തിനോട് സാമ്യമുള്ള സ്ഥലങ്ങളും ഓടുമേഞ്ഞ വീടുകളും.
ഉഡുപ്പിയും കുന്ദാപുരയും
ഭട്ട്കലും കഴിഞ്ഞ് സർക്കാർ ശകടം മുന്നോട്ടു നീങ്ങി. ഇടക്ക് നിറുത്തിയും ഭക്ഷണം കഴിച്ചും
ചായ കുടിച്ചും ആർക്കും അശേഷം ധൃതിയില്ലാത്ത യാത്ര. ചില കാഴ്ചകൾ ഞാൻ മനസ്സിൽ കുറിച്ചിട്ടു.
സാദ്ധ്യമായാൽ വീണ്ടും വന്ന് നേരാം വണ്ണം കാണുവാൻ. ദൂരെ ബസ്സിൽ നിന്നും കണ്ട, മുരുഡേശ്വർ
പ്രതിമ അക്കൂട്ടത്തിൽ പെട്ടതായിരുന്നു. കടൽക്കരയിൽ വാനിലേക്ക് തലയുയർത്തി നിൽക്കുന്ന
പ്രൗഡ്ഢ ഗംഭീരമായ ശിവരൂപം. പിൽക്കാലത്ത് കുടുംബ സമേതം അവിടെ ഒരു രാത്രി താമസിച്ചു.
ബെഡ്റൂമിന് തൊട്ടപ്പുറത്ത് കടൽത്തിരകൾ ആഞ്ഞടിക്കുന്ന അവിടുത്തെ ഹോട്ടൽ എറ്റവും ആകർഷകമായി
തോന്നി. നിലാവിൽ തിരയിളകുന്ന ഇരുണ്ട കടലിനെ ചെറിയ ബാൽക്കണിയിൽ നിന്നും ഉറക്കം വരുവോളം
നോക്കിയിരിക്കാം. പിന്നെ, അന്യഥാ നിശ്ശബ്ദമായ രാവിൽ അനന്തമായ സാഗരത്തിന്റെ അലയൊഴിയാത്ത
രാപ്പാട്ടും കെട്ടുകൊണ്ടുള്ള സുഖനിദ്ര.....
സന്ധ്യയോടെ ബസ്സ് ശരാവതി
നദിയുടെ പാലത്തിലേക്ക് കയറി. പാലത്തിനക്കരെ ശരാവതിയുടെ കരയിലായിരുന്നു ഹൊന്നാവർ എന്ന
പട്ടണം സ്ഥിതി ചെയ്തത്. തലേദിവസം സന്ധ്യക്ക് കണ്ട നേത്രാവതി സംഗമത്തിന്റേതു പോലെ, ഇന്നിതാ,
ഈ സന്ധ്യയിൽ, ദൂരെ ശരാവതി സംഗമം സമാനമായ അനുഭവമാവുന്നു. മനോഹരമായ കാഴ്ച!
ഹൊന്നാവറിൽ അധിക ദിവസത്തെ
ജോലി ബാക്കിയില്ലായിരുന്നു. അതിനാൽ ഉടനെ തന്നെ എനിക്ക് ഗുരു നായക്കിനോട് യാത്ര പറഞ്ഞ്
‘ഹൊസനഗര’ എന്ന മറ്റൊരു ശാഖയിലേക്ക് പോകേണ്ടിവന്നു. താമസ സൗകര്യമില്ലാത്ത ചെറിയ ഗ്രാമമായതിനാൽ
‘സാഗര’ എന്ന ചെറു പട്ടണത്തിൽ താമസിച്ചു വേണം ജോലിക്ക് പോകുവാൻ. രാവിലെയും വൈകുന്നേരവും
ഓരോ മണിക്കൂർ ബസ്സു യാത്ര.
അങ്ങിനെ ഞാൻ തീര ദേശം വിട്ടു.
പശ്ചിമ ഘട്ടത്തിന്റെ പേരറിയാത്ത ഒരു ചുരം കയറി വന്മരങ്ങൾ നിറഞ്ഞ, എന്നാൽ അടിക്കാടുകൾ
ദൂരക്കാഴ്ച മറയ്ക്കാത്ത, കാടുകൾ താണ്ടി ഒരു സർക്കാർ ബസ്സ് എന്നെ സാഗരയിൽ എത്തിച്ചു.
പൊതുവെ തണുപ്പുള്ള സ്ഥലമാണ് സാഗര. നല്ല മഴക്കാലമായിരുന്നു. ജോഗ് ഫാൾസ് എന്ന വെള്ളച്ചാട്ടം
സാഗരയ്ക്കടുത്താണ്. ചുറ്റിനും കറുത്ത പാറക്കെട്ടുകൾ കോട്ട തീർത്ത അഗാധ ഗർത്തത്തിലേക്ക്
മുകളിലെ പച്ചപ്പുകൾക്കിടയിലൂടെ പരന്ന് ഒഴുകി നുരഞ്ഞ് കുതിച്ചു ചാടുന്ന ശരാവതി നദി.
മഴ കനത്ത് ശരാവതി നിറഞ്ഞു മദിക്കുമ്പോൾ ജോഗ് വെള്ളച്ചാട്ടങ്ങൾ സന്ദർശകരുടെ ഹരമായി മാറുന്നു.
നനഞ്ഞ് ശരീരത്തിലൊട്ടിയ വസ്ത്രങ്ങളും വെള്ളം വാർന്നൊഴുകുന്ന തലമുടിയുമായി യുവതികളും
യുവാക്കളും വീശിയടിക്കുന്ന മഴയിലിറങ്ങി ശരാവതിയുടെ ഹർഷോന്മാദം പങ്കിടുന്നു. പെരുമഴക്കാലത്തെ
ഉന്മാദ ഉത്സവം!
ശരാവതിയിൽ അണക്കെട്ട് പണിതപ്പോൾ
സാഗരയ്ക്ക് അടുത്തുള്ള സിഗന്ദുർ എന്ന ഗ്രാമം മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു.
സിഗന്ദുരിൽ ചൗഡേശ്വരി ദേവിയുടെ ഒരു ക്ഷേത്രമുണ്ട്. കള്ളന്മാരിൽ നിന്നും കവർച്ചക്കാരിൽ
നിന്നും ചൗഡേശ്വരി ദേവി രക്ഷ നൽകുന്നെന്നാണ് വിശാസം. ഭക്തർക്ക് ദേവിയെ ദർശിക്കുവാൻ
വാഹനങ്ങളും ആളുകളും ഒരുമിച്ചു കയറുന്ന വലിയ ‘ബാർജ്’ ശരാവതിയുടെ നോക്കെത്താ ദൂരം വരെ
പരന്നു കിടക്കുന്ന റിസെർവോയർ ജലപ്പരപ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും യാത്ര നടത്തുന്നു.
ഹൊസനഗരയ്ക്ക് ശേഷം മറ്റു രണ്ടു ചെറിയ ശാഖകളും ഇൻസ്പെക്ട് ചെയ്ത ശേഷമായിരുന്നു ഞാൻ മംഗലാപുരത്ത് തിരിച്ചെത്തുന്നത്. ഏകദേശം ആറു മാസങ്ങൾക്ക് ശേഷം. ഹമ്പൻകട്ടയിലെ വലിയ ശാഖയിൽ. അപ്പോഴേക്കും എനിക്ക് ക്വാർട്ടേഴ്സ് അനുവദിച്ചു കിട്ടിയിരുന്നു. ഒരു നൂറ്റാണ്ട് മുൻപ് തുടങ്ങിയ കാനറാ ബാങ്കിന്റെ ആദ്യ ശാഖക്ക് തൊട്ടടുത്ത്, ഡോങ്ഗ്രെകേരയിൽ. ക്വാർട്ടേഴ്സിന്റെ ചുറ്റുപാടുമുള്ള, മംഗലാപുരം ശൈലിയിൽ ഓടുമേഞ്ഞ, വീടുകളും ഇടവഴികളും വെങ്കിട്ടരമണ ക്ഷേത്രവും കാനറാ സ്കൂളും കൊങ്കണി ഭാഷ സംസാരിക്കുന്ന മനുഷ്യരും എല്ലാം എല്ലാം ചരിത്രത്തിലൂടെ എന്നെ പിറകോട്ടു നടത്തി. ഈ ഇടവഴികളിലൂടെ ആയിരിക്കണം ബാങ്ക് സ്ഥാപിച്ച ശ്രീ സുബ്ബ റാവു പൈ കാനറാ ബാങ്കിന്റെ മൂലധനം കണ്ടെത്തുവാനായി കാള വണ്ടിയിൽ യാത്ര ചെയ്തത്. ആ മഹദ് വ്യക്തിയുടെ അവിടമെങ്ങും നിറഞ്ഞു നിൽക്കുന്ന അദൃശ്യ സാന്നിദ്ധ്യം ഒരു വൈകാരിക സ്പർശമായി എനിക്ക് അനുഭവപ്പെട്ടു.
ഹമ്പൻകട്ടയിലെ ജോലി എതാനും
ആഴ്ച നീണ്ടു നിന്നു. ഡോക്യുമെന്റ് പരിശോധന പൂർത്തിയായി ഫീൽഡ് വിസിറ്റിനായി ഞാനും ഒരു
ഓഫിസറും ദിവസം മുഴുവൻ മംഗലാപുരത്തും സമീപ പ്രദേശങ്ങളിലും കറങ്ങി നടന്നു. സന്ധ്യ ആയപ്പോൾ
അയാൾ പറഞ്ഞു. നമുക്കിനി നാളെ തുടരാം. മാംഗളൂരിൽ ആരുവന്നാലും ആദ്യം സന്ദർശിച്ച് അനുഗ്രഹം
വാങ്ങേണ്ട ഒരു ക്ഷേത്രമുണ്ട്. അവിടെ പോയി ദർശനം നടത്തി നമുക്ക് ഇന്നത്തെ ദിവസം അവസാനിപ്പിച്ചേക്കാം.
അയാൾ കാർ ഡ്രൈവർക്ക് നിർദ്ദേശം നൽകി:
"ശരവു ടെംപ്ൾ ഹൊഗീ.."
പിന്നെ ശരവു ഗണപതി ക്ഷത്രത്തിന്റെ
കഥ പറഞ്ഞു തുടങ്ങി. എണ്ണൂറു വർഷങ്ങൾക്ക് മുൻപ് വീരബാഹു എന്ന രാജാവ് വേട്ടയ്ക്ക് പോയപ്പോൾ
ഒരു കാഴ്ച കണ്ടു: ഒരു പുലിയും പശുവും ഒരുമിച്ചു നിൽക്കുന്നു! പശുവിനെ രക്ഷിക്കുവാനായി
രാജാവ് പുലിക്ക് നേരെ അമ്പെയ്തു. കഷ്ടകാലമേ..! അമ്പ് കൊണ്ട് പരലോകം പൂകിയത് പശുവായിരുന്നു. പശ്ചാത്താപ വിവശനായി,
പ്രായശ്ചിത്തം തേടി തന്നെ സമീപിച്ച രാജാവിനോട് ഭരദ്വാജമുനി ശരം വീണ സ്ഥലത്ത് ഒരു ശിവ
ക്ഷേത്രം പണിയുവാൻ ആഹ്വാനം ചെയ്തു. അങ്ങിനെയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ശരവു ക്ഷേത്രം
പണിചെയ്യപ്പെട്ടത്. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമാനമായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു.
ഗണപതി ക്ഷേത്രവും മംഗളാദേവി ക്ഷേത്രവും പിൽക്കാലത്ത് ഗണപതി തന്നെ സ്വപ്ന ദർശനം നൽകി
ആവശ്യപ്പെട്ട പ്രകാരം ബംഗരാജ എന്ന രാജാവ് പണിതതാണെന്നാണ് ഐതിഹ്യം.
മംഗലാപുരത്ത് വന്നാൽ ആദ്യം
ദർശിക്കേണ്ടതാണെന്നല്ലേ പറഞ്ഞത്. വൈകിയാണെങ്കിലും ദർശിച്ചേക്കാം. ഞാൻ മനസ്സിൽ വിചാരിച്ചു.
കാർ ഹമ്പൻകട്ട മെയിൻ റോഡ് വിട്ട് സൈഡ് റോഡിൽ കയറി ഒരു ക്ഷേത്രത്തിനു മുന്നിൽ നിന്നു.
ഓഫീസർ പുറത്തിറങ്ങി; "ഇതാണ് ഞാൻ പറഞ്ഞ ക്ഷേത്രം..."
ഞാൻ പുറത്തിറങ്ങി ആശ്ചര്യത്തോടെ
ആ ക്ഷേത്രം നോക്കി നിന്നു. മാംഗളൂരിൽ വന്ന് ആദ്യ ദിവസം ജോലിയിൽ ചേരാൻ പോകുമ്പോൾ രാവിലെ
കയറി തൊഴുത ക്ഷേത്രമായിരുന്നു അത്!



