KING
RICHARD
Spoiler
Alert: Contains part of the film story
(Oscar
2022)
അഭിനയത്തിന് മികച്ച നടനുള്ള ഈ വർഷത്തെ ഓസ്കാർ
അവാർഡ് ലഭിച്ചത് വിൽ സ്മിത്തിനായിരുന്നു. ‘കിംഗ് റിച്ചാർഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം.
പുരസ്‌കാരം ലഭിക്കുന്നതിന് മുൻപ്, തന്റെ ഭാര്യയെ
പറ്റി മോശമായി അഭിപ്രായപ്പെട്ടതിന്റെ പേരിൽ അവതാരകനായ ക്രിസ് റോക്കിനെ വിൽ സ്മിത്ത് മുഖത്തടിച്ചത് തൊണ്ണൂറ്റി നാലാമത് അക്കാദമി
അവാർഡ് ചടങ്ങിന്റെ ശോഭ തന്നെ കെടുത്തിക്കളഞ്ഞു. ലോകം മുഴുവൻ
തത്സമയം കണ്ടുകൊണ്ടിരിക്കുന്ന വിശിഷ്ടമായ ഒരു പരിപാടിയുടെ അവതാരകൻ എന്ന
നിലയ്ക്ക് ക്രിസ് റോക്ക്, തമാശക്കാണെങ്കിൽ
പോലും, മറ്റുള്ളവർക്ക് മാനസിക വിഷമം ഉണ്ടാക്കുന്ന പരാമർശങ്ങളൊന്നും
ചെയ്യരുതായിരുന്നു. പ്രത്ത്യേകിച്ചും അവർക്ക് അത്യധികം മനോവിഷമമുണ്ടാക്കുന്ന
രോഗങ്ങളുമായി ബന്ധപെട്ട്. അതുപോലൊരു സദസ്സിൽ വിൽ സ്മിത്തും മനഃസംയമനം
പാലിക്കേണ്ടതായിരുന്നു. ഏതായാലും ഇതിന്റെ പേരിൽ വിൽ സ്മിത്തെന്ന ബഹുമുഖ
പ്രതിഭയ്ക്ക് വളരെയധികം വിലക്കുകളും
പഴികളും ഏറ്റുവാങ്ങേണ്ടി വന്നു. അഭിനയം തുടങ്ങുന്നതിനു മുൻപ് സംഗീതജ്ഞനായി
രംഗപ്രവേശം ചെയ്ത വിൽ സ്മിത്തിന് റാപ്പ് സംഗീതത്തിനുള്ള ഗ്രാമി അവാർഡും
ലഭിച്ചിട്ടുണ്ട്. നമുക്ക് ചിത്രത്തെ
പരിചയപ്പെടാം.
ബിയോപിക് വിഭാഗത്തിൽ പെടുന്ന ഈ ചിത്രം പ്രശസ്ത ടെന്നീസ് താരങ്ങളായ വീനസ് വില്യംസിന്റെയും സെറീന വില്യംസിന്റെയും അച്ഛനായ റിച്ചാർഡ് വില്യംസിന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കറുത്ത വർഗക്കാരനായതിന്റെ പേരിൽ ജീവിതകാലം മുഴുവൻ വെളുത്ത വർഗക്കാരിൽ നിന്നും അവഗണ നേരിട്ട അയാൾ തന്റെ മക്കൾക്ക് അവരർഹിക്കുന്ന ബഹുമാനം കിട്ടണമെന്ന് അതിയായി ആഗ്രഹിക്കുന്നു. മൂന്നു പെൺകുട്ടികളുള്ള ‘ബ്രാണ്ടി’ എന്ന സ്ത്രീയെ വിവാഹം കഴിക്കുന്ന അയാൾ, വീനസും സെറീനയും ജനിക്കുന്നതിനു മുന്നേ തന്നെ അവരെ ലോകത്തിലെ ഒന്നാം കിട ടെന്നീസ് താരങ്ങളാക്കുവാൻ തീരുമാനിച്ചിരുന്നു.
ആദ്യ കാലങ്ങളിൽ റിച്ചാർഡും ബ്രാണ്ടിയും
തന്നെയായിരുന്നു കുട്ടികൾക്ക് കോച്ചിങ് കൊടുത്തത്. ആദ്യ ഘട്ടം കഴിഞ്ഞെന്നു
ബോദ്ധ്യമായ റിച്ചാർഡ് അവർക്ക് തുടർന്ന് കോച്ചിങ് കൊടുക്കുവാനായി പല പ്രൊഫഷണൽ
കൊച്ചുകളെയും സമീപിക്കുന്നുണ്ടെങ്കിലും അവരാരും അതിനു തയ്യാറാവുന്നില്ല. ടെന്നീസ് ധനികർക്കുമാത്രം പറ്റുന്ന ഒന്നാണെന്ന് പറഞ്ഞ് അയാളെ മിക്കവരും നിരുത്സാഹപ്പെടുത്തുവാൻ ശ്രമിച്ചു. കറുത്ത
വർഗക്കാരായതും ഒരു പ്രതിബന്ധമായിരുന്നു. എന്നാൽ അതിനൊന്നും റിച്ചാർഡിനെ
പിന്തിരിപ്പിക്കുവാനായില്ല.
വളരെ പരിശ്രമത്തിനൊടുവിൽ കുട്ടികളുടെ അസാമാന്യ കഴിവ് മനസ്സിലാക്കിയ പ്രഗത്ഭനായൊരു പ്രൊഫഷണൽ കോച്ച്, പോൾ കോഹൻ, ഒരാളുടെ, വീനസിന്റെ, കോച്ചിങ് സൗജന്യമായി ഏറ്റെടുക്കുന്നു. സെറീനയുടെ കോച്ചിങ് അമ്മതന്നെ തുടർന്നു. അതിനു പുറമെ കോഹൻ വീനസ്സിനെ പരിശീലിപ്പിക്കുന്നതിന്റെ വീഡിയോ നോക്കിയും പരിശീലിച്ചു. ഏകലവ്യനെപ്പോലെ. അങ്ങിനെ വീനസ് ജൂനിയേർസ് മത്സരങ്ങളിൽ പങ്കെടുക്കുകയും വലിയ വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുവാൻ തുടങ്ങി. അതോടെ ഏജന്റുമാരും വലിയ പ്രലോഭനങ്ങളുമായി പിറകെ കൂടി. എന്നാൽ റിച്ചാർഡ് അതിലൊന്നും വഴങ്ങുന്നില്ലെന്നു മാത്രമല്ല അതിനു നിർബന്ധിച്ച കോഹനെ അയാൾ കോച്ച് സ്ഥാനത്തു നിന്നും ഒഴിവാക്കുകയും ചെയ്യുന്നു. അയാൾക്ക് മുന്നിൽ ഒരൊറ്റ ലക്‌ഷ്യം മാത്രമായിരുന്നു: വീനസ് ലോകത്തെ നമ്പർ വൺ ടെന്നീസ് താരമാവുക. അങ്ങിനെ അടുത്ത ലെവൽ പരിശീലനത്തിനായി, സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ സൗജന്യമായി പരിശീലിപ്പിക്കാൻ തയ്യാറുള്ള , അടുത്ത കൊച്ചിനായി അയാൾ അന്വേഷണം തുടങ്ങി. ഇവിടെയും ഭാഗ്യം അയാളെ തുണച്ചു. വീനസിന്റെ കഴിവുകൾ കണ്ട് സന്തുഷ്ടനായ റിക്ക് മാസി (Rick Macci) എന്ന കോച്ച് അവളെ പരിശീലിപ്പിക്കാൻ തയ്യാറായി; റിച്ചാർഡിന്റെ എല്ലാക്കാര്യങ്ങളിലുമുള്ള നിർബന്ധ ബുദ്ധി വീനസിനെയും അമ്മയെയും കോച്ചിനെയും പലപ്പോഴും വളരെ വിഷമത്തിലാഴ്ത്തിയെങ്കിലും. ഒടുവിൽ വീനസ് ഓൿലൻഡിലെ ഒരു പ്രൊഫഷണൽ മത്സരത്തിൽ അരാന്റാ സാഞ്ചേസ് വികാരിയോവിനെ (Arantxa Sanchez Vicario) നേരിടുന്ന അത്യന്തം ഉദ്വേഗ ജനകമായ മത്സരത്തോടെ ചിത്രം അവസാനിക്കുന്നു.
റീനൽഡോ മർക്കസ് ഗ്രീൻ (Reinaldo Marcus Green) ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും എല്ലാം മികച്ചത് തന്നെ. റിച്ചാർഡ് വില്യംസിനെ അവതരിപ്പിച്ച വിൽ സ്മിത്ത്(Will Smith), ഭാര്യയെ അവതരിപ്പിച്ച ആൻജിനു എല്ലിസ് (Aunjanue Ellis), വീനസ്സിനെ അവതരിപ്പിച്ച സാനിയ സിഡ്‌നി (Saniyya Sydney) എന്നിവരെല്ലാം തന്നെ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായി ചിത്രത്തിന്റെ ക്ലൈമാക്സിന്, വിജയിച്ച ഒരു മത്സരത്തിന് പകരം അണിയറ ശിൽപ്പികൾ വീനസ്സിന്റെ ജീവിതത്തിലെ ഒരു നിർണായക മത്സരമാണ് തിരഞ്ഞെടുത്തത് എന്ന വസ്തുത വളരെ ശ്രദ്ധേയമാണ്. ഒരു കളിക്കാരൻ തകർത്തു മുന്നേറുമ്പോൾ മഴ മൂലവും മറ്റും ഒരു ബ്രേക്ക് വന്നുകഴിഞ്ഞാൽ അയാൾക്ക് ആ ടെമ്പോ നഷ്ടപ്പെടുന്നതും എതിരാളി മേൽകൈ നേടുന്നതും വിംബിൾഡൺ പോലുള്ള വലിയ മത്സരങ്ങളിൽ പലപ്പോഴും നാം കണ്ടിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ കേവലം പതിന്നാലു വയസ്സ് മാത്രം പ്രായമുള്ള വീനസ്സിന് സാഞ്ചസിന്റെ അന്യായമായ, നീണ്ട ടോയ്‌ലറ്റ് ബ്രേക്ക് കാരണം പരാജയത്തിലേക്ക് നീങ്ങേണ്ടി വന്നത് പ്രേക്ഷകരിൽ അനുകമ്പ വളർത്താൻ ഉപകരിച്ചു. മകളെക്കുറിച്ചുള്ള ആകാംക്ഷയും മാനസിക പിരിമുറുക്കവും അന്യായം കാണിച്ച എതിരാളിയോട് ഒന്നും ചെയ്യുവാൻ പറ്റാത്ത നിസ്സഹായതയും ഒടുവിൽ മാനസികമായി തളർന്നു പോയ മകളെ സമാധാനിപ്പിക്കുവാനുള്ള ഉത്തരവാദിത്വവും എല്ലാം വിൽ സ്മിത്ത് ഈ രംഗങ്ങളിൽ മനോഹരമായി അവതരിപ്പിച്ചു. റിച്ചാർഡ് വില്യംസിൻറെ കഥയിലെ ക്ലൈമാക്സ് ഇത് തന്നെ. തുടർന്നുള്ള വീനസ്സിന്റെ ടെന്നീസ് ജൈത്ര യാത്രകളെല്ലാം ചരിത്രമാണ്.
ഗീത,
ബബിത എന്ന തന്റെ
രണ്ടു പെൺകുട്ടികളെ എതിർപ്പുകളോടെല്ലാം പൊരുതി ഗുസ്‌തി ചാമ്പ്യന്മാരാക്കിയ മഹാവീർ
സിങ് ഫോഗാട്ടിന്റെ കഥ പറഞ്ഞ 'ദംഗൽ ' എന്ന ചിത്രത്തോട്
വളരെ സാമ്യമുണ്ട് ഈ ചിത്രത്തിന്. അസാമാന്യ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുവാൻ
അസാമാന്യമായ സ്വപ്നങ്ങളും ദൃഢ നിശ്ചയവും വേണമെന്ന് ഈ രണ്ടു ജീവിതകഥാ ചിത്രങ്ങളും
നമ്മെ ഓർമിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും അവശ്യം
കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം.

