ചന്ദ്രഗ്രഹണം
പൂർണ്ണ ചന്ദ്രഗ്രഹണമായിരുന്നു അന്ന്. നമ്മുടെ നാട്ടിൽ ഏതാണ്ട് പൂർണ്ണമായും ദൃശ്യമാവുന്ന ഗ്രഹണം. എന്തോ ചില ആവശ്യങ്ങൾക്കായി പാലക്കാട്ടെത്തിയതായിരുന്നു ഞാൻ. കാര്യങ്ങൾ കഴിഞ്ഞപ്പോഴേക്കും നേരം സന്ധ്യയായി. പ്രകൃതി ഒരുക്കുന്ന ബഹിരാകാശ നാടകം തുടങ്ങാൻ ഇനി അധികം നേരമില്ല; പുലാപ്പറ്റയിൽ തിരിച്ചെത്താൻ മാത്രം സമയവുമില്ല. അതിനാൽ ആ അസുലഭ ദൃശ്യം ഒഴിവാക്കരുതെന്നു കരുതി ഒലവക്കോട്ട് അനിയന്റെ വീട്ടിലെത്തി. ചന്ദ്രൻ ഉദിക്കുന്നതിനു മുന്നേ തന്നെ ഞങ്ങൾ അവരുടെ വീടിന്റെ മട്ടുപ്പാവിൽ സമ്മേളിച്ചു.
കുറച്ചു
കഴിഞ്ഞപ്പോൾ
കോളനിയിലെ മരങ്ങൾക്കും കെട്ടിടങ്ങൾക്കും
മുകളിൽ പൂർണ്ണ ചന്ദ്രൻ മെല്ലെ ഉദിച്ചു പൊങ്ങി വന്നു; ആദ്യം വിളറിയ മുഖവും ക്രമേണ പാൽ നിലാവ് പൊഴിയുന്ന തിളക്കവുമായി. വഴിഞ്ഞൊഴുകുന്ന ആ നിലാവിൽ നക്ഷത്രങ്ങൾ കൂട്ടത്തോടെ അപ്രത്യക്ഷരായി.
ഞങ്ങളുടെ
കുട്ടിക്കാലത്ത്
ഗ്രഹണം, സൂര്യഗ്രഹണമായാലും
ചന്ദ്രഗ്രഹണമായാലും,
തറവാട്ടിൽ വളരെ ഗൗരവത്തോടെ ആചരിക്കുമായിരുന്നു. തറവാട്ടിൽ ഭൂരിഭാഗവും അഭ്യസ്തവിദ്യരാണ്. ഗ്രഹണത്തിനു പിന്നിലെ ശാസ്ത്രം അറിയാത്തവരുമല്ല;
എന്നാലും....
ഗ്രഹണ
സമയമനുസരിച്ച്
പലപ്പോഴും അത് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി.
കാരണം ഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നതിന്ന് വിലക്കുണ്ടായിരുന്നു.
ഗ്രഹണം കഴിഞ്ഞ് ആദ്യം സ്ത്രീകളും പിന്നെ ആണുങ്ങളും കുളത്തിൽ കുളിച്ചു വരും. കുളിക്കു ശേഷമേ ഭക്ഷണം പാകം ചെയ്യാൻ തുടങ്ങുകയുള്ളു. അത് വെന്തു പാകമാകുന്നതുവരെ വിശന്നിരിക്കുക
തന്നെ.
ഗ്രഹണ സമയത്ത് ഒഴിച്ചുകളയാൻ പറ്റാത്ത പാല് മോര് തുടങ്ങിയവയിൽ ദർഭപ്പുല്ലിന്റെ ചെറിയ കഷ്ണം ഇട്ടു വെക്കും; അന്തരീക്ഷത്തിൽ നിന്നും വിഷം തീണ്ടാതിരിക്കുവാൻ. അഥവാ അത് വിഷലിപ്തമാക്കാനായി അദൃശ്യ നാഗം ഒരമുള്ള ദർഭപ്പുല്ല് നക്കിയെന്നിരിക്കട്ടെ; വിവരം അറിയും. പിന്നല്ലാ!അല്ലെങ്കിലേ രണ്ടായി പിളർന്ന നാവാണ് കക്ഷിക്ക്.
തറവാട്ടിൽ
ആരുടെയെങ്കിലും ജന്മനാളിൽ ഗ്രഹണം വന്നാൽ അവരെക്കൊണ്ട് വെള്ളിയിൽ തീർത്ത കുഞ്ഞു നാഗവും
നാഗ മുട്ടകളും ബ്രാഹ്മണർക്ക് ദാനം ചെയ്തിരുന്ന കാലം....
അധികം
താമസിയാതെ തന്നെ ഗ്രഹണം തുടങ്ങി. പൂർണചന്ദ്രന്റെ വക്ക് പൊട്ടിയപോലെ ഒരു കറുത്ത പാടായിട്ടായിരുന്നു തുടക്കം.
ക്രമേണ ആ
കറുത്ത പാട് വളർന്നു വന്ന് അമ്പിളിയെ കാർന്നു തിന്നുവാൻ തുടങ്ങി. നിലാവിന്റെ തിളക്കം കുറഞ്ഞു വന്നു. സമയം നീങ്ങുംതോറും ചന്ദ്രന്റെ വലിപ്പം കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോൾ ചെറിയ ഒരു കഷണം മാത്രമേ ബാക്കിയുള്ളു. നിലാവ് ഏതാണ്ട് മുഴുവനായും അസ്തമിച്ചു. വാനിൽ നക്ഷത്രങ്ങൾ തെളിഞ്ഞു മിന്നി. നിലാവിന്റെ പ്രകാശത്തിൽ മങ്ങിപ്പോയ കോളനിയിലെ വൈദ്യുത ദീപങ്ങൾ പ്രകാശമാനമായി. ഏതാനും നിമിഷങ്ങൾ മാത്രം ആ നില തുടർന്നു. പിന്നെ ചന്ദ്രൻ പൂർവ സ്ഥിതി പ്രാപിച്ചു തുടങ്ങി. നിലാവിന് പ്രകാശം കൂടി വന്നു. നക്ഷത്രങ്ങൾ വീണ്ടും പിൻവലിഞ്ഞു. ബഹിരാകാശ നാടകം അതിന്റെ മൂർദ്ധന്യാവസ്ഥ പിന്നിട്ട് പരിസമാപ്തിയിലേക്ക്
നീങ്ങുകയായിരുന്നു.അതോടെ ഞാൻ അനിയനോടും കുടുംബത്തോടും യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.
മുണ്ടൂർ
കഴിഞ്ഞ് കല്ലടിക്കോട് വഴി വരുമ്പോൾ എതാനും കിലോമീറ്റർ പിന്നിട്ടാൽ വിജനമായൊരു സ്ഥലമുണ്ട്. റോഡിനു നല്ല വീതിയുള്ള ഒരു ഉയർന്ന പ്രദേശം. അവിടെ നിന്ന് കിഴക്കോട്ടു നോക്കിയാൽ പശ്ചിമ ഘട്ടം നിരകളിലെ ഒരു സാമാന്യം ഉയർന്ന മല വളരെ അടുത്തായി കാണാം. വൃശ്ചികം ധനു മാസങ്ങളിൽ
അതിരാവിലെ മഞ്ഞു മറയിലൂടെ സൂര്യൻ ചുവന്ന ഗോളമായി ആ മലകൾക്കിടയിലൂടെ ഉദിച്ചു വരുന്ന സുന്ദര ദൃശ്യം ഞാൻ
പലകുറി കണ്ടിട്ടുണ്ട്.
ആ സ്ഥലമെത്തിയപ്പോൾ ഞാൻ കാർ ഒരു അരികിൽ പാർക്ക് ചെയ്തു, റോഡ് മുറിച്ച് കടന്ന് താഴോട്ടുള്ള ചെരുവിൽ നിലയുറപ്പിച്ചു. എനിക്ക് മുന്നിൽ ആ വലിയ മലയും അതിന്റെ പശ്ചാത്തലത്തിൽ മങ്ങിയും തെളിഞ്ഞും മറ്റു മല നിരകളും നിലാവിൽ കുളിച്ചു കിടന്നു. ഗ്രഹണം പൂർണമായും കഴിഞ്ഞിട്ടില്ലായിരുന്നു. മലയിൽ നിന്നും കുറെ ഉയരത്തിൽ എത്തിയ ചന്ദ്രൻ എതാണ്ട് പകുതിയോളം ഇനിയും ആ കറുത്ത, അദൃശ്യ, സർപ്പത്തിന്റെ വായിൽ തന്നെയാണ്. ഇടക്ക് മാത്രം റോഡിലൂടെ പോവുന്ന വാഹനങ്ങളുടെ ശബ്ദമൊഴിച്ചാൽ എങ്ങും നിശ്ശബ്ദത. ചെറിയ ഉൾക്കിടിലത്തോടെ ഞാൻ ആ ഏകാന്തത ഉൾക്കൊണ്ടു.
ഗ്രഹണത്തിന്റെ
ഈ മുഹൂർത്തത്തിൽ, ഇരുളിന്റെ ഏകാന്തതയിൽ, പുലാപ്പറ്റയിലെ ആദിമ വിഷഹാരി കുട്ടിരാമൻ മന്നാടിയാരെ
പറ്റിയുള്ള കേട്ടറിവുകൾ എന്നെ ഗ്രസിച്ചു. മിത്തുകളും യാഥാർഥ്യങ്ങളും കൂടിക്കുഴഞ്ഞ അലിഖിത
ചരിത്രം....... കാട്ടിൽ, മലഞ്ചെരുവിൽ, ഗ്രഹണ
സമയത്ത് മറ്റ് വൃക്ഷ ലതാദികളെല്ലാം അനക്കമറ്റ് നിൽക്കുമ്പോൾ ഒരു വള്ളി മാത്രം ഇളകിയാടി; ശീൽക്കാരത്തോടെ
ഫണം വിടർത്തി ആടുന്ന സർപ്പത്തെപ്പോലെ.
ഉൾക്കിടിലത്തോടെയല്ലാതെ
ആർക്കും അതിന്
അടുത്ത് ചെല്ലാൻ പറ്റാത്ത വിധം. വിഷലിപ്തമായ ശരീരത്തിൽ പടർന്നു കയറി വിഷം നിർവീര്യമാക്കുവാൻ ശക്തിയുള്ള
ആ ഒറ്റമൂലിക്കായി ഗ്രഹണ സമയത്ത് കുട്ടിരാമ മന്നാടിയാർ കാട്ടിൽ അലഞ്ഞു നടന്നു. രാപ്പകൽ
ഭേദമില്ലാതെ..
പുലാപ്പറ്റ
ഗ്രാമം മയങ്ങിക്കിടന്ന
അപരാഹ്നങ്ങളിൽ
അയാൾ തന്റെ വീടിന്റെ ഉമ്മറക്കോലായിൽ തോർത്തുമുണ്ട് ചുറ്റി, ചുമരു ചാരി,
ശുഷ്കിച്ച കാലും നീട്ടി പുറം പ്രകൃതിയെ നോക്കിയിരുന്നു. കവുങ്ങും വാഴയും വളർന്ന തൊടിയെ ചുറ്റി പതുങ്ങി വന്ന കാറ്റിനെ; ആകാശത്തിലെ മേഘങ്ങളെ; വെയിലിന്റെ നിറഭേദങ്ങളെ;അന്തരീക്ഷത്തിലെ വിവിധ ഗന്ധങ്ങളെ. അവ നൽകിയ മുന്നറിയിപ്പുകളെ
അയാൾ വിനീതനായി ഏറ്റുവാങ്ങി;
അകത്തളത്തിൽ
പാതി മയക്കത്തിലാണ്ട ഭാര്യയെ വിളിച്ചു പറഞ്ഞു:
“എടിയേ............എടിയേ......വെളക്ക് തൊടച്ച് മണ്ണെണ്ണ ഒഴിച്ച് വെച്ചോ ...ന്ന്...വരണ് ണ്ട്........”
പിന്നെ
അകാരണമായി പൊട്ടിച്ചിരിച്ചു.
ആ
വെളിപാടുകൾ
തെറ്റാറില്ലായിരുന്നു.
സന്ധ്യ കഴിഞ്ഞപ്പോൾ പടിക്കൽ സർപ്പ ദംശനമേറ്റ രോഗിയുമായി ആളെത്തി. ഒറ്റമൂലികൾ…..കുറ്റിക്കാട്ടിലെ
മാളങ്ങളിൽ നിന്നും കടിച്ച നാഗത്തെ വലിച്ചിഴച്ച് കൊണ്ടുവരുന്ന മന്ത്രങ്ങൾ...
വീണ്ടും കടിച്ച് ആദ്യകടിയിൽ വമിച്ച വിഷം വലിച്ചെടുത്ത് മാനഹാനിയാൽ പടിക്കല്ലിൽ സ്വയം തല തല്ലി ജീവൻ വെടിയാൻ നിർബന്ധിതരായ നാഗങ്ങൾ.... വിഷഹാരി മന്ത്രങ്ങളിൽ മുക്കി ചീന്തിയിടുന്ന വെറ്റിലക്ക് സമാനമായി കുറ്റിക്കാട്ടിൽ നെടുകെ ചീന്തിയെറിയപ്പെടുന്ന നാഗങ്ങൾ; അവരുതിർക്കുന്ന ശാപം.......നാഗശാപം; ആ നാഗശാപം അനപത്യതാ ദുഃഖമായി നീറി നീറി ജീവിതം കഴിച്ച വിഷഹാരി ദമ്പതികൾ....
നാഗത്താന്മാരെ...!
നാഗങ്ങളെപ്പോല വള്ളികൾ പടർന്നുകയറിയ മോക്ഷത്തമ്പലത്തിലെ വലിയ മരച്ചുവട്ടിൽ നിരന്നിരിക്കുന്ന ശിലാ നാഗങ്ങൾ; വലുതും ചെറുതും ഒന്നിലധികം തലകളുള്ളതുമായ നാഗങ്ങൾ.....
മോക്ഷത്തപ്പാ...!
നാഗത്താന്മാരേ....!
പെട്ടെന്ന്
എനിക്ക് മുന്നിൽ
കരിയിലകൾ ഇളകി ശബ്ദിച്ചു; എന്തോ ഇഴഞ്ഞകലുന്ന ശബ്ദം. ഇപ്പോൾ പിറകിൽ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം എനിക്ക് കേൾക്കാം. ഗ്രഹണം കഴിഞ്ഞ് ചന്ദ്രൻ പൂർണമായും പുറത്തു വന്നു കഴിഞ്ഞിരുന്നു. മല നിരകൾ നിലാവിൽ മയങ്ങിക്കിടന്നു.
റോഡ് മുറിച്ചുകടന്ന് ഞാൻ കാറിൽ കയറി. വീടണയാൻ ഇനി ഏതാനും നിമിഷങ്ങളുടെ യാത്ര
മാത്രം…
