HOME
(Spoiler
alert: May contain part of the film story)
കോവിഡ് അടച്ചുപൂട്ടലിനു ശേഷം ഇറങ്ങിയ ഭൂരിഭാഗം സിനിമകളിലെയും സവിഷേത അവയിൽ ഒന്നിലും ഒരു പ്രസാദാത്മക അന്തരീക്ഷം ഇല്ലായിരുന്നു എന്നതാണ്. പ്രതികാരത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും കഥകൾ; മത സ്‌പർധകളെ പൊലിപ്പിച്ചു കാട്ടുന്ന കഥകൾ; തിന്മകളെ മഹത്വവത്ക്കരിക്കുന്ന കഥകൾ; വെറുപ്പും വിദ്വേഷവും പ്രതികാര വാഞ്ഛയും മനുഷ്യരൂപം പൂണ്ട കഥാപാത്രങ്ങൾ. (ജീവിച്ചിരിക്കുന്നവരും മരിച്ചവരുടെ ആത്മാക്കളും ഉണ്ട് ഇക്കൂട്ടത്തിൽ); കുറ്റവാളികളെ സഹതാപത്തോടെ നോക്കിക്കാണുന്ന പ്രവണതകൾ.....അങ്ങിനെ, അങ്ങിനെ. നായാട്ട്, ആർക്കറിയാം, ദ പ്രീസ്റ്, മാലിക്, കോൾഡ് കേസ്, ജോജി,കള, കുരുതി തുടങ്ങിയ സിനിമകളെല്ലാം തന്നെ ഇത്തരം ഇരുണ്ട ഇതിവൃത്തങ്ങളെ കൈകാര്യം ചെയ്തവയാണ്. ഇവയിൽ പലതും കലാപരമായും സാങ്കേതികമായും മികവ് പുലർത്തി എന്നത് നല്ല കാര്യം തന്നെ. എന്നിരുന്നാലും പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പ്രസാദാത്മകമായ സിനിമാ അന്തരീക്ഷം, ഒരു വേറിട്ട ആസ്വാദനം തന്നെയാണ്. അത്തരത്തിൽ ഒരു ആസ്വാദനാനുഭവമാണ് വിജയ് ബാബു നിർമിച്ച് റോജിൻ തോമസ് സംവിധാനം ചെയ്ത " ഹോം" എന്ന ചിത്രം നമുക്ക് നൽകുന്നത്. രചനയും റോജിൻ തോമസ് തന്നെ നിർവഹിച്ചിരിക്കുന്നു. ചിത്രം റിലീസ് ചെയ്തിരിക്കുന്നത് ആമസോൺ പ്രൈമിൽ.
ഒലിവർ
ട്വിസ്റ്റ് (ഇന്ദ്രൻസ്), ഭാര്യ കുട്ടിയമ്മ
(മഞ്ജു പിള്ളൈ ), യുവാക്കളായ രണ്ടു മക്കൾ ആന്റണിയും ചാൾസും
(ശ്രീനാഥ് ഭാസിയും നസ്ലെൻ ഗഫൂറും) പിന്നെ വാർദ്ധക്യ സഹജമായ അസുഖങ്ങൾ കൊണ്ട് വിഷമിക്കുന്ന ഒലിവറിന്റെ അച്ഛനും
ചേർന്നതാണ് കഥയിലെ കുടുംബം - ഹോം. ഒലിവർ നേരത്തെ
ചെയ്ത വീഡിയോ കാസ്സെറ്റ് കച്ചവടമെല്ലാം മതിയാക്കി ഇപ്പോൾ ടെറസ്സിനു മുകളിലെ
പച്ചക്കറി കൃഷിയുമെല്ലാമായി വീട്ടിൽ സ്വസ്ഥമായി കഴിയുന്നു. കാലാനുസൃതമായി
കാസ്സറ്റിൽ നിന്നും മൊബൈൽ പോലുള്ള പുതിയ ഉപകരണങ്ങളിലേക്ക് മാറാൻ കഴിയാത്തതാണ് അയാളുടെ
ജീവിത പരാജയം. മൂത്ത മകൻ ആന്റണി വിജയകരമായി ഒരു സിനിമ രചിച്ചു സംവിധാനം ചെയ്‌തെങ്കിലും
രണ്ടാമതൊന്ന് രചിക്കുവാൻ കഴിയാത്തതിന്റെ പിരിമുറുക്കത്തിലാണ്. ചാൾസ് മഹാ മടിയനായി
വീട്ടിൽ ഒതുങ്ങിക്കൂടുന്നു. നേരത്തെ നേഴ്സ് ആയി ജോലിനോക്കിയിരുന്നെ കുട്ടിയമ്മ
ഇപ്പോൾ ഗൃഹ ഭരണം മാത്രം കൈകാര്യം
ചെയ്യുന്നു.
കൊടുക്കാമെന്നേറ്റ് അഡ്വാൻസും വാങ്ങിയ തിരക്കഥ തീർത്തു കിട്ടുന്നതിനായി നിർമാതാവ് ബേബിയുടെ (മണിയൻ പിള്ള രാജു ) സമ്മർദ്ദം സഹിക്കാതെയായപ്പോൾ ആന്റണി വാടക ഫ്ലാറ്റ് ഉപേക്ഷിച്ചു വീട്ടിന്റിനെ ശാന്തതയിൽ ഇരുന്നു എഴുതാൻ തീരുമാനിക്കുന്നു. എന്നാൽ അവൻ വരുന്നതോടെ ഒലിവർ ട്വിസ്റ്റിന്റെ കുടുംബത്തിലെ "തലമുറകൾ തമ്മിലുള്ള വിടവ്" കുടുംബ ബന്ധങ്ങളിലെ വിള്ളലായി പരിണമിക്കുവാൻ തുടങ്ങി. കാരണം സ്മാർട്ട് ഫോണും ഇന്റർനെറ്റും വാട്‍സ്ആപ്പും ഫേസ്ബുക്കും യൂട്യൂബുമെല്ലാം ഒലിവർ ട്വിസ്റ്റിന് അജ്ഞാതമായിരുന്നു. ആന്റണിയാവട്ടെ പലപ്പോഴും താൻ വിവാഹം കഴിക്കുവാൻ പോകുന്ന പ്രിയയുടെ അച്ഛന്റെ ജീവിതത്തെയും ആധുനിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള അയാളുടെ കഴിവിനെയും താരതമ്യപ്പെടുത്തി സ്വന്തം പപ്പയെ ഇകഴ്ത്തി കാട്ടുവാൻ മുതിർന്നു. അത് അയാളെ വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും അറുപതു വർഷത്തെ തന്റെ ജീവിതം വ്യർത്ഥമായി തോന്നി അയാൾക്ക്. ടെക് സാവി ആയ മക്കൾക്കൊപ്പം ഓടിയെത്താനുള്ള അയാളുടെ പരിശ്രമങ്ങൾ പലപ്പോഴും പരിഹാസ്യമായി പരിണമിച്ചു. ചിലപ്പോഴാവട്ടെ അവ മക്കൾക്ക് പാരയുമായി. സ്തുത്യർഹമായ സ്വാഭാവികതയോടെ, പ്രേക്ഷക മനസ്സിനെ നൊമ്പരപ്പെടുത്തുന്ന തരത്തിലാണ് ഇന്ദ്രൻസ് ഒലിവർ ട്വിസ്റ്റിനെ അവതരിപ്പിച്ചിരിക്കുന്നത്.
സാധാരണ
എല്ലാവരുടെയും കുടുംബ ജീവിതത്തിലുണ്ടാവുന്ന കൊച്ചു കൊച്ചു രസകരമായ സംഭവങ്ങൾ
കോർത്തിണക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒട്ടും മുഷിയാത്ത വിധത്തിൽ
ഒരുക്കിയിരിക്കുന്നത്. ഒലിവർ ട്വിസ്റ്റിന്റെ സൂര്യനുമായുള്ള ചിരകാല സുഹൃദ് ബന്ധവും
മക്കളോടും രോഗിയായ അപ്പച്ചനോടും ഉള്ള സ്നേഹ ബന്ധവും എല്ലാം മികച്ച രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
വാട്ട്സാപ്പിന്റെയും ഫേസ്ബുക്കിന്റേയും അമിത ഉപയോഗം കാരണം ഹൈപ്പോകോൺഡ്രിയക്
ആയിത്തീർന്ന സൂര്യനും ചുറ്റുപാടുകളും ഉത്തരവാദിത്വങ്ങളും സ്നേഹബന്ധങ്ങളും മറന്ന്
സാദാ സമയവും മൊബൈലിലും ലാപ്‌ടോപ്പിലും സമയം ചിലവഴിക്കുന്ന ആന്റണിയും എല്ലാം നാം എത്തിച്ചേർന്നിരിക്കുന്ന സാമൂഹ്യ വിപത്തിന്റെ പ്രതീകങ്ങൾ തന്നെ.
ലക്ഷ്യമില്ലാത്ത, മടിപിടിച്ച യുവത്വത്തിന്റെ പ്രതീകമായി ചാൾസും. അഭിനേതാക്കൾ എല്ലാവരും താന്താങ്ങളുടെ വേഷങ്ങൾ
നന്നായി ചെയ്തുവെങ്കിലും ഇന്ദ്രൻസിന്റെയും മഞ്ജു പിള്ളയുടെയും പ്രകടനം പ്രത്യക
പരാമർശം അർഹിക്കുന്നു.
ഓരോ
രംഗവും മനോഹരമാക്കുവാൻ ഛായാഗ്രാഹകനും കലാ സംവിധായകനും ശ്രദ്ധിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിനോട്
ചേർന്ന് പോകുന്നവ തന്നെ. ഒലിവർ ചാൾസിൽ നിന്നും സ്മാർട്ട് ഫോൺ ഉപയോഗിക്കുവാൻ
പഠിക്കുന്നിടത്ത് പശ്ചാത്തലത്തിൽ നഴ്സറി റൈമിന്റെ ഈണം കൊടുത്തതുപോലുള്ള
രസബിന്ദുക്കൾ ഏറെയുണ്ട് ചിത്രത്തിൽ. പകർച്ചവ്യാധിയും കാലാവസ്ഥയും ഒരുപോലെ നിറം
കെടുത്തിയ ഒരു ഓണക്കാലത്താണ് നമുക്ക് ഈ ചിത്രം ലഭിച്ചിരിക്കുന്നത്. അതും ഇരുണ്ട കഥാചിത്രങ്ങളുടെ
ഒരു പരമ്പരക്ക് ശേഷം. അതുകൊണ്ടു തന്നെ ഈ ചിത്രം തികച്ചും സ്വാഗതാർഹവും ആസ്വാദ്യകരവും ആവുന്നു.

