Thursday, June 6, 2024

 

കുളപ്പുര



കുളപ്പുര ജീർണ്ണാവസ്ഥയിലായിരിക്കുന്നു. നീണ്ട കോലായ ഉള്ള താഴ്വാരത്തിന്റെയും വെയിലും മഴയും കൊള്ളാതെ കുളിക്കുവാനുള്ള കിഴക്കു വശത്തെ ചായ്പ്പിന്റെയും കഴുക്കോലും പട്ടികയും ദ്രവിച്ച് ദുർബ്ബലമായിരിക്കുന്നു. സിമന്റും ചാന്തും ഇട്ട് മിനുക്കിയിരുന്ന കോലായ നിലം പൊട്ടിപ്പൊളിഞ്ഞു കഴിഞ്ഞു.  തടിമാടന്മാരായ മയിലുകളുടെ പറന്നിറങ്ങലും പറന്നു പൊങ്ങലും കാരണം മേൽപ്പുരയുടെ ഓടുകൾ ഇളകിനീങ്ങിയും പൊട്ടിയും മഴപെയ്താൽ തട്ടിൻപുറത്ത് ചോർച്ച തുടങ്ങി.

കൃഷിയോട് അനുബന്ധിച്ച സാമഗ്രികളും തേങ്ങയും മറ്റും സൂക്ഷിച്ച മുറികളിൽ നടുവിലത്തേതിലായിരുന്നു മുകളിലേക്കുള്ള കോണി. മുകളിലേക്ക് കയറിയാൽ വലിയ ഹാളും ഒരു കിടപ്പു മുറിയും. ഹാളിലെ കിഴക്കോട്ടുള്ള ജനൽ തുറന്നാൽ കുളത്തിന്റെയും തെങ്ങും കവുങ്ങും നിറഞ്ഞ തൊടിയുടെയും മനോഹര ദൃശ്യം കാണാം. തറവാട്ടിൽ സ്ഥലമേറെയുണ്ടെങ്കിലും സൗകര്യമുള്ള കിടപ്പുമുറികൾ അംഗങ്ങളുടെ എണ്ണം വെച്ച് നോക്കിയാൽ കുറവായിരുന്നു. അതിനാൽ വിവാഹ സമയങ്ങളിൽ വധൂവരന്മാർക്കും വേനലവധിക്ക് വിരുന്നു വരുന്ന തറവാട്ടിലെ പേരക്കുട്ടികൾക്കും കുളപ്പുര കിടപ്പറ ഒരുക്കി.

ഒരുകാലത്ത് തറവാടിന്റെയും കുളപ്പുരയുടെയും ഓട്ടിൻപുറത്ത് അമ്പലപ്രാവുകൾ കൂട്ടമായി നിരന്നിരിക്കുമായിരുന്നു. കഴുക്കോലുകളെ കൂട്ടിയിണക്കിയ വളകളിൽ പ്രണയ ജോഡികൾ രാപ്പകൽ ഭേദമെന്യേ കൊക്കുരുമ്മി കുറുകിയിരുന്നു. തട്ടിൻപുറത്ത് കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു.

ഞങ്ങൾ കുട്ടികൾ വൈകുന്നേരങ്ങളിൽ മുറ്റത്ത് നിന്നും പ്രാവുകളെ നോക്കി കൈകൾ ഉയർത്തി ഉയർന്നു ചാടി നിലവിളിക്കും:

ഒര്.....ര്..ര്.....

പ്രാവുകൾക്കറിയാം അത് വ്യായാമത്തിനുള്ള നിർദ്ദേശമാണെന്ന്. അവർ കൂട്ടത്തോടെ മേൽപ്പുരയിൽ നിന്നും ഉയർന്നു പൊങ്ങും. തൊടിയിലെ കവുങ്ങുകൾക്കും തെങ്ങുകൾക്കും മേലെ, പച്ച വിരിച്ച അരിയാനിപ്പാടത്തിനു മേലെ, മൂന്നു ചുറ്റ് വട്ടം കറങ്ങി പറന്ന് പൂർവ സ്ഥാനത്തു തന്നെ വന്ന് ഇരിക്കും. ഞങ്ങൾ വീണ്ടും ചാടി നിലവിളിക്കും. ഇത്തവണ ഏതാനും പേടിത്തൊണ്ടന്മാരും പറക്കൽ വ്യായാമത്തിൽ ശരിക്കും ആനന്ദം കണ്ടെത്തുന്ന ചിലരും മാത്രമായിരിക്കും പറന്നുയരുന്നത്.

ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണെങ്കിലും വീട്ടുകാർ ഇവരെ വലിയ ശല്ല്യക്കാരായാണ് കണ്ടിരുന്നത്. പണിക്കാരും കാര്യസ്ഥന്മാരും ഒരുപോലെ പ്രാകി:

"തട്ടിൻ പുറത്ത് ഒരു സാധനം ഉണക്കാൻ ഇടാൻ തരല്ല്യ. മുഴോൻ പ്രാവിന്റെ കാട്ടാ...."

അവർ അകത്തു കടക്കുന്നത് തടയാൻ അയ്യപ്പനാശാരിയെക്കൊണ്ട് ചുമരിനും ഓടിനും ഇടയിൽ പലകയെല്ലാം അടിച്ചു നോക്കി. എന്നിട്ടും പ്രാവുകൾ വിടവുകളിലൂടെ അകത്ത് കടന്ന് തങ്ങളുടെ മെയ് വഴക്കം പ്രദർശിപ്പിച്ചു.

കുളപ്പുര കൊലയായുടെ വടക്കേ അറ്റത്ത് ശീലക്കസേരയിൽ പ്രഭാത കർമ്മങ്ങൾക്കും ഭക്ഷണത്തിനും ശേഷം എന്നും പാപ്പു സ്ഥലം പിടിച്ചു. (മുത്തച്ഛന്റെ അനുജനെയായിരുന്നു ഞങ്ങൾ "പാപ്പു" എന്ന് വിളിച്ചത്. (അച്ഛന്റെ അനുജന്മാരും പാപ്പുമാർ തന്നെ. വേർതിരിച്ച് അറിയാനായി അവരെ പേരുകൂട്ടി വിളിക്കും.) അറുപതിനോടടുത്ത പ്രായം. കുളികഴിഞ്ഞ് വിസ്തരിച്ച് ഭസ്മക്കുറി അണിഞ്ഞ ചടച്ച ദേഹം. ഇടക്കിടെ ബീഡി വലിക്കണം. പാർകിൻസൺസ് അസുഖം കാരണം സദാ വിറയാർന്ന കൈവിരലുകൾ. കാണുന്നവർക്ക് നാമം ജപിക്കുകയാണെന്നേ തോന്നുള്ളൂ. പൂർണ്ണ അന്ധതയോട് ഏതാണ്ട് അടുത്ത പാപ്പുവിന്ന് കാഴ്ചകളെല്ലാം നിഴലനക്കങ്ങൾ മാത്രമായിരുന്നു. കുളപ്പുരയ്ക്ക് അപ്പുറത്ത് അരിയാനിപ്പാടത്തുകൂടെ ആരെങ്കിലും പോയാൽ നിഴലനക്കങ്ങൾ പാപ്പുവിനെ ജിജ്ഞാസാ ഭരിതനാക്കും. "ആരാ പാടത്തുകൂടെ പോണ്..."

തൊട്ടടുത്ത് വെറ്റിലത്തോട്ടത്തിൽ തോർത്തുമുണ്ടുടുത്ത് കൗപീനം വെളിയിൽ ദൃശ്യമാക്കി പണിയെടുക്കുന്ന പൊന്നമ്പലേട്ടൻ വിളിച്ചു ചോദിക്കും:

"ഇദൊക്കെ അറിഞ്ഞിട്ട് പ്പോ നിങ്ങൾക്കെന്തിനാ..."

പാപ്പു പരിഭവിക്കും:

"എന്താടോ നീയിങ്ങനൊക്കെ ചോദിക്കണ്........നെന്റെ ഒരു നിയമം....!"

കോലായയുടെ തിണ്ണയിലിരുന്നു വിക്രസ്സുകൾ കാണിക്കുന്ന ഞങ്ങൾ കുട്ടികൾക്ക് അറിയുന്ന ആരെങ്കിലും ആണെങ്കിൽ പറഞ്ഞുകൊടുക്കും. പ്രത്യേകിച്ചും പടിഞ്ഞാറേതിലെ തമ്പുരാനാണെങ്കിൽ. വെളുത്ത മുണ്ടും കയ്യുള്ള ബനിയനും ധരിച്ച സുഭഗനായിരുന്നു അദ്ദേഹം. പാപ്പുവിന്റെ സുഹൃത്ത്. അദ്ദേഹമാണെന്ന് പറയുമ്പോൾ മാത്രം അതി രാവിലെ വന്ന് ക്ഷുരകൻ രാമൻ നായർ വടിച്ചു മിനുക്കിയ പാപ്പുവിന്റെ മുഖം പ്രസന്നമാവും. സൗഹൃദത്തിന്റെ പ്രകാശം!

പതിനൊന്നു മണിക്ക് കോട്ടയിൽ അമ്പലത്തിൽ നിന്നും കദിന വെട്ടി പൊട്ടി. പാപ്പു എഴുന്നേറ്റ് കിഴക്കോട്ടു നോക്കി കോട്ടയിൽ ഭഗവതിയെ വന്ദിച്ചു. പിന്നെ വീട്ടിലേക്ക് നീട്ടി വിളിച്ചു: കമലാക്ഷീ....കമലാക്ഷീ...

വീട്ടിൽ നിന്നും അമ്മ വിളികേട്ടു: ഞാൻ ഇവിടെ ഓരോ തിരക്കിലാണ് പാപ്പ്വോ.....ഇപ്പൊ വരാം..

"ന്ന് എന്താ കൂട്ടാൻ? ഉപ്പേരി?" പിന്നീട് അമ്മയുടെ നിഴലനങ്ങിയപ്പോൾ പാപ്പു ചോദിച്ചു.

"മാങ്ങാ കൂട്ടാനും കയ്പ്പക്ക ഉപ്പേരീം".

"ചക്കക്കുരു ഇട്ടിട്ടുണ്ടോ..?"

"ഓ...ണ്ട്." പാപ്പുവിന്ന് സമാധാനമായി.

പടിപ്പുര ഭാഗത്തുനിന്നും ഒരു പിറുപിറുപ്പ് കുളപ്പുര ഭാഗത്തേക്ക് അടുത്തടുത്ത് വന്നു. കാളിത്തള്ളയായിരുന്നു അത്. പത്തെഴുപത് വയസ്സായിക്കാണണം. നരച്ച ചുരുണ്ട മുടിയും ചുളിവുകൾ വീണ മുഖവും. ആ മുഖം ഒരിക്കലും ചിരിച്ചു കാണാറില്ലായിരുന്നു. എങ്കിലും യുവത്വത്തിലെ സൗന്ദര്യത്തിന്റെ പോക്കുവെയിൽ ആ മുഖത്ത് മായാതെ കിടന്നു.  അശാന്തമായ മനസ്സുമായി അവർ സദാ വാതോരാതെ ജീവിത ദുഃഖങ്ങൾ പിറുപിറുത്തു നടന്നു. മുഖമുയർത്താതെ തൊടിയിൽ അടക്ക വല്ലതും വീണു കിടക്കുന്നുണ്ടോ എന്ന് തിരയുകയാണ്. കൂട്ടത്തിൽ പൊന്നമ്പലേട്ടന്റെ വെറ്റിലത്തോട്ടത്തിൽ നിന്നും ഏതാനും വെറ്റിലയും നുള്ളി. "അതൊന്നും നുള്ളാറായിട്ടില്ല, തള്ളെ....!" പൊന്നമ്പലേട്ടൻ ഉറക്കെ തൊള്ളയിട്ടു. ആ ശബ്ദം നടന്നു നീങ്ങിയ കാളിത്തള്ളയുടെ ചെവികളോ മനസ്സോ സ്പർശിക്കാതെ വ്യർത്ഥമായി അന്തരീക്ഷത്തിൽ ലയിച്ചു.

വൈകുന്നേരം ചായ കഴിഞ്ഞപ്പോൾ പാപ്പു ഞങ്ങളെയും കൂട്ടി സുഹൃത്ത് തമ്പുരാന്റെ വൈദ്യശാലയിലേക്ക് പുറപ്പെട്ടു. വീട്ടിലെ കാളു നായയും ഞങ്ങളുടെ കൂടെ പുറപ്പെട്ടു. വൻ മരങ്ങളും അടിക്കാടും നിറഞ്ഞ വലിയ തൊടിയുടെ നടുവിലായിരുന്നു ഓടിട്ട ആ ഇരുനില കെട്ടിടം. കെട്ടിടത്തിന്റെ പിറകു വശത്ത് ഒന്നാം നിലയിലുള്ള കല്ല് ഓവിന്റെ നാക്ക് പുറത്തേക്കു നീണ്ടു നിന്നു. ഗേറ്റിന് എതിർവശത്തുള്ള മുള അത്താണി കടന്ന് ഞങ്ങൾ തൊടിയിലേക്കു കയറി. കാളു ആചാര പ്രകാരം പിൻ കാൽ പൊക്കി അത്താണിക്കാലിനെ മൂത്രം തെളിച്ചു ശുദ്ധി വരുത്തി, താഴത്തെ കള്ളിയിലൂടെ പ്രയാസപ്പെട്ട് നൂണ്   കടന്നു. തൊടിയിൽ പ്രവേശിച്ചതോടെ ഏകാന്തമായ ഒരു വന്യത ഞങ്ങളെ ഗ്രസിച്ചു.

പാടത്തു നിന്നും റോഡിലേക്ക് ആളുകൾ അനധികൃതമായി നടന്നുണ്ടായ വഴിക്കിരുവശവും തൊട്ടാവാടിയും കുറുന്തോട്ടിയും വളർന്നു നിന്നു.

ഞങ്ങൾ ആൾപ്പെരുമാറ്റം കുറഞ്ഞ ആ വീടിന്റെ കോലായിലേക്കു കയറി. തനിക്കു കയറിചെല്ലാവുന്ന ഇടങ്ങളുടെ പരിധി നല്ലപോലെ അറിയാവുന്ന കാളു മുറ്റത്തുനിന്നു. തന്റെ വാലിൽ ഇക്കിളി കൂട്ടുന്ന ഒരു ഈച്ചയെ തുരത്തുവാനായി അവൻ വട്ടം കറങ്ങുവാൻ തുടങ്ങി. വീട് അടിച്ചു വാരുകയും കിണറിൽ നിന്ന് വെള്ളം കോരി വെക്കുകയും മറ്റും ചെയ്യുന്ന വൃദ്ധ, അമ്മുക്കുട്ടി അമ്മ, കോലായ തിണ്ണയിൽ ഇരുന്നിരുന്നു. മുകളിലത്തെ  നിലയിലായിരുന്നു തമ്പുരാൻ. ഞങ്ങൾ പാപ്പുവിന്റെ കൈ പിടിച്ച് കോണി മുറിയിലേക്ക് കയറി. പഴക്കം ചെന്ന മരക്കോണി ആയിരുന്നു അത്. പിടിച്ചുകയറാൻ കൈവരിക്കു പകരം തട്ടിൽ നിന്നും ഒരു ചൂടിക്കയർ ഞാത്തി ഇട്ടിരിക്കുകയായിരുന്നു. പാപ്പു ഒരു കൈ ചുമരിൽ പിടിച്ച് പതുക്കെ മുകളിലേക്ക് കയറി. പിറകെ ഞങ്ങളും. കാഴ്ചയില്ലെങ്കിലും പല വഴികളും ആൾ സഹായമില്ലാതെ തന്നെ പോകുവാൻ മാത്രം പാപ്പുവിന്ന് ഹൃദിസ്ഥമായിരുന്നു.

പാപ്പുവിന്റേത് പോലെ തന്നെ ഒരു ശീല ചാരുകസേരയിൽ തമ്പുരാൻ കാലു നീട്ടി വെച്ച് ഇരുന്നു. അടുത്ത് തന്നെ ഒരു ചെറിയ മര അലമാരിയിൽ അരിഷ്ടങ്ങളുടെയും ആസവങ്ങളുടെയും എണ്ണകളുടെയും കുപ്പികൾ അടുക്കി വെച്ചിരുന്നു. താഴെ നിലത്ത് ലേഹ്യങ്ങളുടെ ടിന്നുകളും. അന്തരീക്ഷത്തിന് ആയുർവേദ മരുന്നുകളുടെ മണമായിരുന്നു. തമ്പുരാൻ ഞങ്ങളെ പ്രസന്ന വദനനായി വരവേറ്റു. പാപ്പു ചുമർ ചാരി നിലത്ത് കുന്തിച്ചിരുന്നു. ഞങ്ങളും മരുന്നുകളുടെ പേരുകളും വലിയ മര അഴികളുള്ള ജനലുകളിലൂടെ കാണുന്ന പുറത്തെ പച്ചപ്പും നോക്കി നിലത്തിരുന്നു. തമ്പുരാൻ സ്കൂളിനെ പറ്റിയും പഠനത്തെപ്പറ്റിയും പലതും ചോദിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് കോണിപ്പലക ശബ്ദിച്ചു. ആരോ കയറി വരുന്നു. പാപ്പു ചോദിച്ചു: ആരാ...

തമ്പുരാൻ ശബ്ദം ചുരുക്കി ഗൗരവത്തിൽ പറഞ്ഞു: കാരണോരാ....

സ്വരൂപത്തിലെ മറ്റൊരു തമ്പുരാനെ ഉദ്ദേശിച്ചായിരുന്നു അങ്ങിനെ പറഞ്ഞത്. അദ്ദേഹത്തിന്റെ മുഖത്ത് ഒരു കുസൃതിച്ചിരി അപ്പോൾ ഞങ്ങൾക്ക് കാണാമായിരുന്നു. പാപ്പു പെട്ടെന്ന് പരിഭ്രമിച്ച് ധൃതിയിൽ ചാടി എഴുന്നേറ്റ് തൊഴുതു വണങ്ങി നിന്നു. തമ്പുരാൻ പൊട്ടിച്ചിരിച്ചു.

“അരൂല്യാടോ.....അത് അമ്മുട്ട്യേമേ...”

"എന്താ അങ്ങുന്നേ ദ്...." പാപ്പു പരിഭവിച്ചു. സൗഹൃദത്തിലും കൈവിടാത്ത രാജഭക്തി ആ പരിഭവത്തിൽ പ്രകടമായിരുന്നു. തമ്പുരാൻ ഹൃദ്യമായ ചിരി തുടർന്നുകൊണ്ടേ ഇരുന്നു. ഈ നാടകം ഞങ്ങൾ കാണുന്നത് ആദ്യമല്ലായിരുന്നു.

തമ്പുരാൻ എഴുന്നേറ്റു. അലമാരിയിൽ നിന്നും ഒരു സ്പൂണും താഴെനിന്നും ഒരു ലേഹ്യത്തിന്റെ ടിന്നും എടുത്തു. റൂമിന്റെ ഒരു മൂലയ്ക്കുള്ള കല്ല് ഓവിൽ സ്പൂൺ കഴുകി ഞങ്ങൾ രണ്ടു കുട്ടികൾക്കും ലേഹ്യം കഴിക്കുവാൻ തന്നു. ച്യവനപ്രാശമോ വില്ല്വാദിയോ മറ്റോ ആയിരുന്നു അത്.

ഒരിക്കലും ആരും ചികിത്സക്കായോ മരുന്ന് വാങ്ങുവാനായോ അങ്ങോട്ട് വരുന്നത് ഞങ്ങൾ കണ്ടില്ല. എങ്കിലും, ഒരുപക്ഷെ കൂട്ടുകുടുംബത്തിലെ ആൾക്കൂട്ടത്തിൽ നിന്നും ഏകാന്തന്ത തേടിയാവണം, തമ്പുരാൻ ദിവസവും രാവിലെയും ഉച്ചതിരിഞ്ഞും വൈദ്യശാലയിലെത്തി. ഇടയ്ക്കെല്ലാം പാപ്പുവും കുറച്ചു നേരം ആ ഏകാന്തത പങ്കിട്ടു.

സന്ധ്യ ആയപ്പോൾ ഞങ്ങൾ താഴെ ഇറങ്ങി വീട്ടിലേക്ക് തിരിച്ചു. ഈച്ച സംഹാരം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന കാളുവും എഴുന്നേറ്റു ഞങ്ങളെ അനുഗമിച്ചു.

ഇപ്പോൾ കുളപ്പുരയിലോ തറവാട്ടിലോ ഒരു പ്രാവുപോലും ഇല്ല. എന്റെ നീണ്ട വർഷങ്ങളുടെ തിരോധാനത്തിൽ എപ്പോഴാണ് അവ അപ്രത്യക്ഷമായത്? അംഗസംഖ്യ കുറഞ്ഞു കുറഞ്ഞു വന്നോ അതോ ഒരു ദിവസം കൂട്ടത്തോടെ പലായനം ചെയ്തോ? അറിയില്ല.

കുളപ്പുരയുടെ ഉച്ചിയിലിരുന്ന് ഒരു ആൺമയിൽ ചുറ്റുപാടും നിരീക്ഷിക്കുകയാണ്. പണ്ട് പഠിച്ച മയൂര സന്ദേശത്തിൽ പറഞ്ഞ പോലെ:

കണ്ടാലാർക്കും കൃതക പതഗം തന്നെയാണെന്നതല്ലാ-

തുണ്ടാകൊല്ലാ മനമതിൽ മറിച്ചെണ്ണമവ്വണ്ണമായി.....