ബിസില ഹള്ളി
Photo courtesy: Internet
വർഷങ്ങൾക്ക്
മുൻപ് കർണ്ണാടകയിൽ ജോലി ചെയ്യുന്ന സമയം. ബ്രാഞ്ച് ഇൻസ്പെക്ഷൻ ആണ് ജോലി. ഒരു ബ്രാഞ്ചിലെ
ജോലി കഴിഞ്ഞാൽ അടുത്തത് ഏതു ബ്രാഞ്ചാണെന്നു മുകളിൽ നിന്നും പറയും. അങ്ങോട്ട് യാത്രയാകണം.
അതിനാൽ ജോലിയും താമസവും സ്ഥിരമായി ഒരിടത്തല്ല എന്നു
ചുരുക്കം. ഒരിക്കൽ അങ്ങിനെ ‘ബിസിലഹള്ളി’ എന്ന ഒരു ഗ്രാമത്തിലെ ബ്രാഞ്ച് ഇൻസ്പെക്ഷൻന്ന്
ഉത്തരവായി. എനിക്ക് കൂട്ടിന്ന് ഒരാൾ കൂടി ഉണ്ട്. ഞങ്ങൾ ആ ഗ്രാമത്തിന്റെ ഏറ്റവും അടുത്ത
ടൌൺ ആയ കടൂരിലെ ഒരു ഹോട്ടലിൽ തലേ ദിവസം വൈകുന്നേരം എത്തിച്ചേർന്നു.
രാത്രി അല്പം വൈകിയാണെങ്കിലും ബിസിലഹള്ളിയെപ്പറ്റി ഹോട്ടലിൽ ഞങ്ങൾ ചെറുതായി ഒരു അന്വേഷണം നടത്തി. വരുന്ന ഒന്നുരണ്ടാഴ്ച കഷ്ടകാലത്തിന്റേതാണെന്ന് അതിൽ നിന്നും വ്യക്തമായി. സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കുഗ്രാമമാണ് ബിസിലഹള്ളി. കർഷകർ മാത്രമുള്ള ചെറിയ ഒരു ഗ്രാമം. കടൂരിൽ നിന്നും ചിക്കമഗളൂർ ഹൈവേയിലൂടെ എട്ടു പത്ത് കിലോമീറ്റർ പോയി ഇടത്തോട്ട് ഒരു മണ്ണ് റോഡിലൂടെ ഏതാണ്ട് അഞ്ചു കിലോമീറ്റർ ദൂരം പോകണം. ഗ്രാമത്തിലേക്ക് നേരിട്ട് പോകുന്ന ബസ്സുകൾ ഒന്നും തന്നെ ഇല്ല.
ഭേഷ്!
അങ്ങിനെ ആദ്യ ദിവസം ഞങ്ങൾ മാനസികമായി എന്തിനും തയ്യാറായി ഹൈവേയിലെ ബിസിലഹള്ളി ജംക്ഷനിൽ ബസ്സിറങ്ങി. അവിടെ ഹോട്ടലോ കടകളോ ഇല്ല. പക്ഷെ റോഡരികിൽ തന്നെ മുകളിൽ കാക്കയുടെ രൂപം കൊത്തിവെച്ച ഒരു ശനീശ്വരൻ കോവിൽ ഉണ്ടായിരുന്നു. ഇൻസ്പെക്ഷനായി ഇവിടെ വരുന്നവർക്ക് ശനിദശ തീരുവാനായി പ്രാർത്ഥിക്കേണ്ടി വരുമെന്ന് കണ്ടറിഞ്ഞ് ആരോ പണിതതായിരിക്കണം. ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു: ശനിദശ തീർത്തു തരേണമേ...!
അൽപ നേരത്തെ അനിശ്ചിതമായ കാത്തിരിപ്പിന്, അല്ല നിൽപ്പിന് ശേഷം രണ്ടു പേർക്കും ഗ്രാമത്തിലേക്ക് പോകുന്ന ഓരോ ബൈക്കുകാരെ കിട്ടി. ഗ്രാമീണർ. ദയാനിധികൾ. കല്ലും കട്ടയും നിറഞ്ഞ മണ്റോട്ടിലൂടെ, താഴെ ഉരുട്ടിയിടാതെ, അവർ ഒരുവിധത്തിൽ ഞങ്ങളെ ഗ്രാമത്തിലെത്തിച്ചു.
വളരെ ചെറിയ ശാഖയായിരുന്നു, ബിസിലഹള്ളി. സ്ഥിര വരുമാനക്കാർക്ക് കൊടുക്കുന്ന കാർ ലോണുകളോ ഭാവന വായ്പ്പകളോ ഇല്ലെന്നു തന്നെ പറയാം. വലിയ ബിസിനെസ്സ് വായ്പ്പകളും ഇല്ല. കാർഷിക ലോണുകൾ മാത്രം. അതിനാൽ ഞങ്ങളുടെ ജോലി അധികം ദിവസം നീളാൻ സാദ്ധ്യതയില്ല..
അത്രയും
ആശ്വാസം!
ഗ്രാമത്തിൽ
ഹോട്ടലുകളും ചായക്കടകളും ഒന്നും ഇല്ലാത്തതിനാൽ മാനേജർ ഞങ്ങൾക്ക് ഭക്ഷണം തരുവാൻ ഒരു
കൃഷിക്കാരനെ ഏർപ്പാടാക്കി. ദിവസവും ഉച്ചയ്ക്ക് അയാൾ രണ്ടു നാക്കിലയും തട്ടുകളുള്ള ടിഫ്ഫിൻ
കാരിയറുമായി വന്ന് സ്നേഹത്തോടെ ഭക്ഷണം വിളമ്പി തന്നു. വീട്ടിലുണ്ടാക്കിയ ലളിതമായ ‘ഊട്ട’.
(ഊണ്). സ്വന്തം പാടത്തും പറമ്പിലും ഉള്ള പച്ചക്കറികൾ കൊണ്ടുള്ള വിഭവങ്ങൾ. സ്ഥിരമായി
ഹോട്ടൽ ‘ഊട്ട മാടൽ’ മാത്രം വിധിച്ചിട്ടുള്ള ഞങ്ങൾക്ക് അത് വലിയ ഒരു സന്തോഷമായി.
ആദ്യ ദിവസം വൈകുന്നേരം കടൂരിൽ തിരിച്ചെത്തിയ ഉടനെ തന്നെ ഒരു ഓട്ടോ ഡ്രൈവറുമായി ചർച്ച ചെയ്ത് ഞങ്ങൾ ഒരു എഗ്രിമെന്റിൽ ഒപ്പു വെച്ചു. രാവിലെ അയാൾ ഞങ്ങളെ ഗ്രാമത്തിലെത്തിക്കും. വൈകുന്നേരം തിരിച്ചും. ചിലവല്പം കൂടിയെങ്കിലും സാരമില്ല. യാത്രയിലെ അനിശ്ചിതത്വം മാറിക്കിട്ടിയല്ലോ. ശനീശ്വരന്റെ കൃപ!
രാവിലെ ഹൈവേയിൽ കൂടിയുള്ള ഓട്ടോയാത്ര മനം കുളിർപ്പിക്കുന്നതായിരുന്നു. രണ്ടു വശത്തും വിശാലമായ കൃഷി സ്ഥലങ്ങൾ. അവയിൽ സ്ത്രീകളും പുരുഷന്മാരും ജോലി ചെയ്യുന്നു. ഇളം ചൂടുള്ള പ്രഭാത വെയിലും കുളിർ കാറ്റും. 'ഉദയ സൂര്യന്റെ ഗ്രാമം' എന്നാണ് ബിസിലഹള്ളി എന്ന പേരിന്റെ അർഥം തന്നെ. ഞാൻ മനസ്സിൽ പറഞ്ഞു: കർഷകരെ, നിങ്ങൾ ഭാഗ്യവാൻമാർ! പ്രകൃതിയുടെ ഈ ശാന്തതയിലാണല്ലോ നിങ്ങൾ ജോലി ചെയ്യുന്നത്; ജീവിക്കുന്നതും.
അങ്ങനെ ഒരു ദിവസം ഞങ്ങൾ പതിവുപോലെ ഓട്ടോയിൽ വരികയായിരുന്നു. തെളിഞ്ഞ പ്രഭാതം. ഞാൻ ഹൈവേയുടെ രണ്ടുവശത്തുമുള്ള കാഴ്ചകൾ നോക്കിയിരുന്നു. കൃഷിയിടങ്ങളിൽ സവാളയുടെ വിളവെടുപ്പ് നടക്കുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരും മണ്ണിൽ നിന്നും സവാള പറിച്ച് കുട്ടകളിലാക്കി പാടത്ത് അങ്ങിങ്ങായി വിരിച്ച വലിയ ടാർപോളിൻ ഷീറ്റിൽ കൂനകൂട്ടിക്കൊണ്ടിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ആ കൃഷിക്കാഴ്ച എന്റെ മനം നിറച്ചു.
ബ്രാഞ്ചിൽ പതിവുപോലെ നല്ല തിരക്കായിരുന്നു. ഉച്ച കഴിഞ്ഞ് നാലുമണിയായതോടെ പെട്ടെന്ന് കനത്ത ഒരിടി വെട്ടി. പ്രകൃതി ഇരുണ്ടു കൂടി. അതോടെ മഴയും തുടങ്ങി. മഴയെന്നു പറഞ്ഞാൽ കനത്ത മഴ. ശക്തമായ മിന്നലും ഭൂമി കുലുക്കുന്ന ഇടിയൊച്ചയും. മണിക്കൂറുകൾ കഴിഞ്ഞും ആ മഴ തോരാനുള്ള വട്ടമില്ലായിരുന്നു. റോഡും ചുറ്റുപാടുമെല്ലാം വെള്ളത്തിൽ മുങ്ങി. യാതൊരു മുന്നറിയിപ്പുമില്ലാത്ത കാലാവസ്ഥാ മാറ്റം.
അന്ന് ഞങ്ങൾക്ക് പോകുവാനുള്ള ഓട്ടോ ഏറെ വൈകിയിട്ടും വന്നില്ല. ഹൈവേയിൽ വെള്ളം കയറി ഗതാഗതമെല്ലാം തടസ്സപ്പെട്ടിട്ടുണ്ട്; മാനേജർ പറഞ്ഞു. ഞങ്ങൾ വിഷമത്തിലായി. എങ്ങിനെ ഹോട്ടലിൽ തിരിച്ചെത്തും. ഒടുവിൽ ബ്രാഞ്ചിനടുത്തുള്ള ഒരാളുടെ ഓട്ടോ മാനേജർ ഏർപ്പാടാക്കിത്തന്നു. പറഞ്ഞ പോലെ ഹൈവേയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായിരുന്നു. ശക്തമായ മഴ ഓട്ടോവിനകത്തേക്കും കാറ്റടിച്ച് കയറി. ഞങ്ങൾ നനഞ്ഞു കുളിച്ച് ഒരു വിധത്തിൽ ഹോട്ടലിൽ എത്തി.
പിറ്റേന്ന് ഒരു നനഞ്ഞ പ്രഭാതമായിരുന്നു. വെയിലും ചൂടുമില്ല. ഓട്ടോയിലിരുന്ന് ഞാൻ ആ വിഷാദപ്രകൃതിയെ ഉൾക്കൊണ്ടു. ഹൈവേയുടെ ഇരുവശത്തും പാടങ്ങൾ ചെളിയിൽ കുതിർന്നു കിടന്നു. ഇന്നലെ രാവിലെ കണ്ട സവാളകൂനകൾ നനഞ്ഞു പരന്നു കിടന്നു. മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒഴുകി വന്ന സവാളകൾ റോഡിനിരുവശത്തുമുള്ള ചാലിലെ ചെളിയിൽ പുതഞ്ഞു കിടന്നു. കഷ്ടം! എത്ര ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്! എത്രപേരുടെ, എത്ര മാസത്തെ, അദ്ധ്വാനവും ശ്രദ്ധയും പ്രതീക്ഷയും ആണ് അപ്രതീക്ഷിതമായ ഒരൊറ്റ മഴ തകർത്തു കളഞ്ഞത്! ആ കർഷകരെ ഓർത്ത് എന്റെ ഹൃദയം തേങ്ങി:
എല്ലാ
കഷ്ടനഷ്ടങ്ങളും സഹിച്ച് നിസ്വാർത്ഥനായി നാടിന്ന് ഭക്ഷണമൊരുക്കുന്ന കർഷകാ.. അങ്ങേയ്ക്കു
പ്രണാമം!


