Thursday, November 25, 2021

 

ചുരുളി

Spoiler alert: Contains part of the film story

(Poster Courtesy)

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ "ചുരുളി" എന്ന ചിത്രം സോണി ലൈവ് എന്ന ഓ ടി ടി പ്ലാറ്റുഫോമിൽ റിലീസ് ചെയ്തിരിക്കുന്നത്.  ഇറങ്ങിയ പാടെ തന്നെ ചിത്രം വിവാദങ്ങളുടെ നടുവിലകപ്പെടുകയും ചെയ്തു. അതിരു കവിഞ്ഞ അശ്‌ളീല സംഭാഷണങ്ങളാണ് വിവാദമുയർത്തിയിരിക്കുന്നത്. ഹൈറേഞ്ചിലെ, എത്തിപ്പെടാൻ വളരെ കഷ്ടപ്പെടേണ്ടുന്ന, ചുരുളി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കുറ്റകൃത്യങ്ങൾ ചെയ്ത് ഒളിവിൽ താമസിക്കുവാനായാണ് പുറം ലോകത്തുനിന്നും മനുഷ്യർ അവിടെ എത്തിപ്പെടുന്നത്. വളരെ പരുക്കൻ സ്വഭാവമുള്ള ആ മനുഷ്യരുടെ സംഭാഷണം യഥാതഥമായി അവതരിപ്പിക്കുകയാണ് ചിത്രത്തിൽ ചെയ്തിരിക്കുന്നത്; ചിത്രം പ്രദർശിപ്പിക്കുന്നതിനു മുൻപ്, പതിനെട്ടു വയസ്സിന്ന് മുകളിലുള്ളർ മാത്രം കാണുകയെന്ന മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്; സംവിധായകനും മറ്റു പിന്നണി പ്രവർത്തകർക്കും കലാപരമായ ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്  തുടങ്ങിയവയാണ് ചിത്രത്തെ പിന്തുണക്കുന്നവരുടെ വാദം. എന്നാൽ സദാചാര വാദികൾ ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറല്ല. ഇത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും നമ്മുടെ കുട്ടികൾ ഇത് കേട്ട് ദുഷിച്ച ഭാഷ പഠിക്കുമെന്നും അവർ ഭയപ്പെടുന്നു. ചർച്ചയും വിവാദവും അങ്ങിനെ തുടരട്ടെ. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ ഒരിക്കലും ലക്ഷ്യത്തിലെത്താതെ, വളഞ്ഞു ചുരുണ്ടു കിടക്കുന്ന ഇടനാഴികളിലൂടെ, താന്താങ്ങളുടെ  വാദമുഖങ്ങളുമായി അവർ അനന്തമായ യാത്ര തുടരട്ടെ. നമുക്ക് ഈ സിനിമയുടെ മറ്റു വശങ്ങൾ പരിശോധിക്കാം.   

ഉള്ളടക്കത്തിലേക്ക് പ്രേക്ഷകന് ഉൾകാഴ്ച നൽകുന്ന ഒരു ലഘു ആനിമേറ്റഡ് ചിത്രകഥയിലൂടെയാണ് വിനോയ് തോമസിന്റെ കഥയെ ആസ്പദമാക്കി നിർമിച്ച ഈ സിനിമ തുടങ്ങുന്നത്. മാടനെ  പിടിക്കാൻ കാട്ടിലേക്ക് പോകുന്ന ഒരു തിരുമേനിയുടെ കഥ.  പന്തെന്നു തെറ്റിദ്ധരിച്ച് ഈനാംപേച്ചിയെ കുട്ടയിലാക്കി തലയിലേറ്റിയ തിരുമേനിക്ക് ജീവിതകാലം മുഴുവൻ തലയിലിരുന്ന് അത് കാണിച്ചു കൊടുത്ത ഇടവഴികളിലൂടെ അലയേണ്ടിവന്നുവത്രെ; തലയിലിരിക്കുന്നത് മാടനാണെന്നു പോലും അറിയാതെ.  

ഒരു പിടികിട്ടാപ്പുള്ളിയെ തേടിയാണ് രണ്ടു പോലീസുകാർ വേഷവും പേരും മാറി ചുരുളിയിലേക്ക് വരുന്നത്. ആന്റണിയെന്നും (ചെമ്പൻ വിനോദ്) ഷാജീവൻ (വിനയ് ഫോർട്ട്) എന്നുമാണവരുടെ പുതിയ പേരുകൾ. കാടുകൾ നിറഞ്ഞ മലമുകളിലാണ് ആ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെന്നെത്തുക വളരെ ദുഷ്കരം. ബസ്സിൽ ചുരം കയറിയ ശേഷം നല്ലകാലം എന്നോ കഴിഞ്ഞ, പ്രത്യേക തരം ഗിയറുകളുള്ള, ഒരു ജീപ്പിൽ വേണം പിന്നീടുള്ള യാത്ര. മരങ്ങൾ കൂട്ടിക്കെട്ടി ഉണ്ടാക്കിയ   ഒരു പാലവും കടന്നു പോകണം. ആ പാലമാണ് ചുരുളിയിലേക്കുള്ള ഗേറ്റ് വേ. ആ പാലം കഴിഞ്ഞ ഉടനെ ചുരുളിയിലേക്കുള്ള യാത്രക്കാർ അവരുടെ തനി സ്വഭാവം കാണിച്ചു തുടങ്ങി; അതുവരെ മാന്യമായും ഭവ്യതയോടെയും പെരുമാറിയ അവർ പെട്ടെന്ന് പരുക്കൻ സ്വഭാവം പുറത്തെടുത്ത്  തെറിയുടെ അഭിഷേകം തുടങ്ങി. അതോടെ ഗ്രാമത്തിന്റെയും പുറം ലോകത്ത് നിന്നും ഒളിച്ചോടി അവിടെ ചേക്കേറിയ കുറ്റവാളികളുടെയും ജീവിതത്തെ പോലീസുകാർ തിരിച്ചറിയുവാൻ  തുടങ്ങുകയായിരുന്നു.

വാറ്റ്‌ ചാരായവും വെടി ഇറച്ചിയും പച്ച തെറിയും നിറഞ്ഞ ചുരുളിയിലെ ജീവിതത്തോട് ആന്റണി എന്തായാലും പെട്ടെന്നിണങ്ങി. ഷാജീവനാവട്ടെ പല വിചിത്ര അനുഭവങ്ങളും നേരിടുവാൻ തുടങ്ങി. ഉദാഹരണമായി രാത്രിയുടെ ഏകാന്ത യാമങ്ങളിൽ തലയിൽ ൽ L E D മാസ്കുമായി രണ്ടു മനുഷ്യ രൂപങ്ങൾ അലൗകികമായ ശബ്ദത്തിന്റെ അകമ്പടിയോടെ കാട്ടു വഴിയിലൂടെ നടന്നു നീങ്ങുന്നു…ചിലപ്പോൾ ഒരു തീ ഗോളം ശരം കണക്കെ അതിവേഗം  പാഞ്ഞു പോകുന്നു………കൊതുകു തിരി പോലെ പ്രകാശങ്ങൾ ചുറ്റിത്തിരിയുന്നു..... വരാൻ പോകുന്ന വൻ ഫാന്റസിയിലേക്ക് ഇത്തരം കൊച്ചു കൊച്ചു ഫാന്റസികളിലൂടെ മുന്നൊരുക്കം നടത്തുകയാണ് സംവിധായകൻ.

ചാരായ ഷാപ്പിനെ പള്ളിയാക്കി ഷാപ്പുടമ (ജാഫർ ഇടുക്കി) മകളുടെ ആദ്യ കുർബാന നടത്തുന്നത് പോലെ വിചിത്രമായ പല സംഭവങ്ങളിലൂടെയാണ് തിരക്കഥാകൃത്തായ എസ്. ഹരിഷ് പ്രേക്ഷകനെ കൊണ്ടുപോവുന്നത്. സംവിധായകനാവട്ടെ, ആന്റണി നടു ഉളുക്കിയപ്പോൾ  ചികിത്സക്ക് പോകുന്ന വൈദ്യശാല പോലെ അവയിൽ പലതിനും സ്വത സിദ്ധമായ ശൈലിയിൽ ഫാന്റസിയുടെ പരിവേഷവും ഒട്ടൊരു ദുർഗ്രാഹ്യതയും തീർത്തുകൊണ്ടാണ് മുന്നോട്ടു പോവുന്നത്. ഇങ്ങനെ യാഥാർഥ്യവും ഭ്രമാത്മകതയും ഇണക്കിച്ചേർത്തുള്ള കഥന രീതി ലിജോയുടെ ജെല്ലിക്കെട്ട്  എന്ന സിനിമയിലും നമ്മൾ കണ്ടതാണ്.  ജെല്ലിക്കെട്ടിൽ ആ ആഖ്യാന രീതി മനുഷ്യന്റെയുള്ളിൽ കുടികൊള്ളുന്ന മൃഗീയതയെയും പ്രാകൃതത്വത്തെയും പ്രേക്ഷകനിലേക്ക് ശക്തമായി പകർന്നു നല്കാൻ കെൽപ്പുള്ളതായി. എന്നാൽ ചുരുളിയുടെ ഭ്രമാത്മകമായ കഥാന്ത്യത്തിന്, ജീവിതത്തിന്റെ ഇടുങ്ങിയ ഇടവഴികളിൽ നിന്നും പുറത്തുകടന്ന് രക്ഷപ്പെടുവാനാകാതെ നിസ്സഹായനായി ചുറ്റിത്തിരിയുന്ന മനുഷ്യന്റെ അവസ്ഥ വേണ്ടത്ര ഭംഗിയായി പ്രേക്ഷകരിൽ എത്തിക്കാനായില്ല എന്നത് ഒരു ന്യൂനതയായി നിലകൊള്ളുന്നു.    

കാടിന്റെ മനോഹാരിത ഒട്ടും ചോർന്നു പോവാതെ ഒപ്പിയെടുത്ത്  അവതരിപ്പിച്ചതാണ് ഈ ചിത്രത്തിന്റെ എടുത്തുപറയേണ്ടുന്ന ഒരു മേന്മ. കോടമഞ്ഞിലൂടെ അരിച്ചിറങ്ങുന്ന പ്രഭാത രശ്മിയായാലും രാവിൻറെ ഭീകര സൗന്ദര്യമായാലും വന്മരങ്ങളുടെ, അരുവികളുടെ കാഴ്ചയായാലും അവയെല്ലാം തന്നെ നേരിട്ടനുഭവിക്കുന്ന പ്രതീതി ജനിപ്പിച്ചു. ഛായാഗ്രഹണം നിർവഹിച്ച മധു നീലകണ്ഠൻ ഇതിനുള്ള മുഴുവൻ പ്രശംസയും അർഹിക്കുന്നു. റാന്തൽ വെളിച്ചത്തിലുള്ള രാത്രി രംഗങ്ങളെല്ലാം മനോഹരമെന്നേ പറയാവൂ. മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയ ശ്രീരാഗ് സജിയാണ് പ്രശംസയർഹിക്കുന്ന പിന്നണി പ്രവർത്തകരിൽ മറ്റൊരാൾ. കാടിനുള്ളിലെ പക്ഷി മൃഗാദികളുടെ ശബ്ദങ്ങളും രാവിൻറെ വിവിധ ശബ്ദങ്ങളും ഭ്രമാത്മക രംഗങ്ങളിലെ അലൗകിക ശബ്ദങ്ങളുമെല്ലാം മികച്ച രീതിയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അഭിനയത്തിന്റെ കാര്യത്തിലും എല്ലാ നടീ നടന്മാരും ഒന്നാംതരം പ്രകടനമാണ് കാഴ്ചവെച്ചത്.  ജാഫർ ഇടുക്കിയുടെ ചാരായക്കടക്കാരൻ തന്നെ ഇവരിൽ മുൻപന്തിയിൽ നിൽക്കുന്നത്.

അതിരുവിട്ട അസഭ്യ ഭാഷയും ( കഥാപാത്രങ്ങളുടെ സ്വഭാവത്തിനും കഥയുടെ അന്തരീക്ഷത്തിനും കോട്ടം തട്ടാതെ തന്നെ ഇതല്പം നിയന്ത്രിക്കാമായിരുന്നു ) ദുർഗ്രഹമായ ഭ്രമാത്മകതയുമെല്ലാം പ്രതികൂലമായി ഉണ്ടെങ്കിലും പ്രേക്ഷകന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ഈ ചിത്രം പകർന്നു തരുന്നുണ്ട്. അത് തന്നെയാണ് ഇതിന്റെ വിജയവും.

Saturday, November 13, 2021

 

Nomadland

(ഓസ്കാർ വസന്തം2021)


(poster courtesy)


2021ലെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് ലഭിച്ചത് "നൊമാഡ് ലാൻഡ്" (Nomadland) എന്ന ചിത്രത്തിനായിരുന്നു. മികച്ച സംവിധാനത്തിന് ക്ളോയീ ഷാവോയ്ക്കും (Chloe’ Zhao) മികച്ച അഭിനേത്രിക്കുള്ള അവാർഡ്  ഫ്രാൻസിസ് മാക് ഡോർമെന്റിനും (Frances McDormand) ഈ ചിത്രത്തിലൂടെ ലഭിച്ചു. ഡിസ്നി പ്ലസ് ഹോട് സ്റ്റാർ എന്ന ഓ ടി ടി പ്ലാറ്റഫോമിലൂടെ ഈ ചിത്രം ഇപ്പോൾ  നമുക്ക് ആസ്വദിക്കാവുന്നതാണ്.

സ്വന്തമായി വീടോ സ്ഥിരമായി ഒരിടത്തു താമസമോ ഇല്ലാത്ത ഒരു കൂട്ടം മനുഷ്യർ ചരിത്രത്തിൽ എക്കാലത്തും ഉണ്ടായിരുന്നു. അവർ നൊമാഡ്സ് എന്ന് അറിയപ്പെട്ടു. പലപ്പോഴും അവർക്കിടയിൽ തൊഴിലിനും ജോലിക്കും അനുസരിച്ച കൂട്ടായ്മകളും ഉണ്ടായിരുന്നു. ഉദാഹരണമായി നായാട്ടുകാർ (hunter-gatherers); ആട് പശു തുടങ്ങിയവയെ വളർത്തുന്നവർ (pastoral nomads); ഇരുമ്പു പണികളും മറ്റും ചെയ്യുന്ന വ്യാപാരികൾ (tinkers or trader nomads) എന്നിങ്ങനെ. സ്വന്തമായി വീടില്ലാതെ ഇത്തരം ജീവിതം നയിക്കുവാൻ നിർബന്ധിതരായവരും സ്വന്തം ഇഷ്‌ടപ്രകാരം അത്തരത്തിലൊരു ജീവിതം  തിരഞ്ഞെടുക്കുന്നവരും ഉണ്ട്, ആധുനിക കാലത്ത്. ഏകാന്തമായ ജീവിതം ഇഷ്ടപ്പെടുന്നതുകൊണ്ടോ, പ്രകൃതി സ്നേഹം കൊണ്ടോ, അജ്ഞാത സ്ഥലികൾ തേടി പോകാനുള്ള തൃഷ്ണ കൊണ്ടോ, എന്തുകൊണ്ടുമാവാം അത്തരത്തിലൊരു ജീവിതം തിരഞ്ഞെടുക്കുന്നത്.  അവർ വീടിനുള്ളിലെന്ന പോലെ വാനിനുള്ളിൽ ജീവിച്ചു; നിരന്തരം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്തു; മരുഭൂമികൾ പോലുള്ള വിജന സ്ഥലങ്ങളിൽ വാൻ പാർക്ക് ചെയ്തു; താത്കാലികമായ ചെറിയ ജോലികൾ ചെയ്തു വരുമാനമുണ്ടാക്കി. 

ചിത്രത്തിലെ നായികയായ ഫേൺ (Frances McDormand), താൻ ഏറെ സ്നേഹിച്ചിരുന്ന ഭർത്താവ് മരിക്കുകയും അവർ ജോലി ചെയ്തിരുന്ന ജിപ്സം ഫാക്ടറി സാമ്പത്തിക മാന്ദ്യം കാരണം പൂട്ടി പോവുകയും ചെയ്തതോടെ  മുകളിൽ പറഞ്ഞ തരത്തിലുള്ള ഒരു ജീവിതമാണ് തിരഞ്ഞെടുത്തത്. വീട്ടിലെ അത്യാവശ്യ സാധനങ്ങളും മരിച്ചു പോയ ഭർത്താവിന്റെ സ്മരണയുമായി ബന്ധപ്പെട്ട സാധനങ്ങളും എടുത്ത് ഒരു വാനിലേക്ക് അവർ താമസം മാറ്റുന്നു. തുടർന്ന് ആമസോൺ കമ്പനിയിൽ ജോലിചെയ്യുന്ന സമയത്ത് സുഹൃത്തായ ലിൻഡ മേയിൽ നിന്നും ഫേൺ ബോബ് വെൽസിനെ (Bob Wells) പറ്റി മനസിലാക്കുന്നു. നൊമാഡുകളുടെ സഹായത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ബോബ് വെൽസ്. യൂട്യൂബെർ കൂടിയായ അദ്ദേഹം വർഷത്തിൽ ഒരിക്കൽ നൊമാഡുകൾക്കായി ഒരു ഒത്തുചേരലും ഒരുക്കുന്നു. ആ ഒത്തുചേരലിൽ പങ്കെടുക്കുന്ന ഫേൺ ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കുന്നുണ്ട്. കാൻസർ രോഗബാധിതയായ, ഡോക്ടർമാർ ഏതാനും മാസങ്ങൾ മാത്രം ആയുസ്സ് പ്രവചിച്ചിട്ടുള്ള സ്വാൻകീ ആണ് ഒരു സുഹൃത്ത്. നൊമാഡ്  ജീവിതത്തിന്റെ പല അതിജീവന ഉപായങ്ങളും ഫേൺ സ്വാൻകീയിൽ  നിന്നാണ് മനസ്സിലാക്കുന്നത്. ഡേവ് (David Strathairn) ആണ് മറ്റൊരു സുഹൃത്ത്. പിൽക്കാലത്ത് നൊമാഡ് ജീവിതം മതിയാക്കി മകനോടും പേരക്കുട്ടിയോടും ചേർന്ന് സ്ഥിര ജീവിതം തിരഞ്ഞെടുക്കുന്ന അയാൾ ഫെർണിനെയും തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുണ്ട്. എന്നാൽ ഫേൺ അത് നിരസിച്ചു. തന്റെ കൂടെ സ്ഥിര ജീവിതത്തിനായുള്ള സ്വന്തം സഹോദരിയുടെ ക്ഷണവും ഫേൺ നിരസിക്കുന്നുണ്ട്. മരിച്ചുപോയ ഭർത്താവുമൊത്തുള്ള മുൻ ജീവിതത്തിന്റെ ഓർമ്മകൾ കൊണ്ട് സജീവമായ നൊമാഡ് ജീവിതം തന്നെയായിരുന്നു ഫെർണിന് ഇഷ്ടം. വിരഹങ്ങളുടെയും രോഗങ്ങളുടെയും ദുഃഖങ്ങൾ പേറുന്ന നൊമാഡ് ജീവിതം; അപരിചിതർ സുഹൃത്തുക്കളാവുകയും സുഹൃത്തുക്കളെ വേർപിരിയുകയും ചെയ്യുന്ന നൊമാഡ് ജീവിതം; വേർപിരിഞ്ഞ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടുന്ന നൊമാഡ് ജീവിതം.  ആത്മഹത്യയാൽ മകനെ നഷ്ടപെട്ട ബോബ് വെൽസ് പറഞ്ഞത് പോലെ ഒരു വേർപാടും എന്നെന്നേക്കുമായല്ല; തുടർ യാത്രയുടെ വഴിയിൽ വെച്ച് എല്ലാവരും എല്ലാവരെയും വീണ്ടും കണ്ടുമുട്ടുന്നു...

ലിൻഡ മേ, സ്വാൻകീ, ബോബ് വെൽസ് തുടങ്ങി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരുപാടുപേർ യഥാർത്ഥ ജീവിത നൊമാഡുകളാണ്. പ്രൊഫഷണൽ അഭിനേതാക്കളല്ലാത്ത അവരെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഫേണിന്റെ സ്ഥായിയായ വിഷാദ ഭാവവും കൊച്ചു കൊച്ചു സന്തോഷങ്ങളും ഏകാന്തതയുമെല്ലാം മനോഹരമായി അവതരിപ്പിച്ച മാക് ഡോർമാൻഡിന്റെ അഭിനയം ഓസ്കാർ അവാർഡ് അർഹിക്കുന്നത് തന്നെ!

ചിത്രത്തിന്റെ ലൊക്കേഷനുകളും ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്. മഞ്ഞു മൂടിയ മരുഭൂമികളും കള്ളിമുൾ ചെടികൾ വളർന്നു നിൽക്കുന്ന തരിശു ഭൂമികളും പാറക്കല്ലുകളിൽ തിരയടിക്കുന്ന  സമുദ്ര തീരങ്ങളും എല്ലാം ചിത്രത്തിന്റെ മൂഡിനും കഥാപാത്രങ്ങളുടെ  മനസികാവസ്ഥക്കും അനുസരിച്ചു് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വിദൂരതയിലെ അസ്തമയ സൂര്യനെ ഉൾപ്പെടുത്തിയുള്ള ഫേണിന്റെ ലോങ്ങ് ഷോട്സ് പോലെ പ്രകൃതി ഉൾപ്പെട്ട മനോഹര രംഗങ്ങൾ ഒരുപാടുണ്ട് ഈ ചിത്രത്തിൽ. സ്വാൻകിയുടെയും ബോബ് വെൽസിന്റെയും എല്ലാം ജീവിതങ്ങൾ മനസ്സിൽ തട്ടുന്ന രീതിയിലാണ് സംവിധായികയായ ക്ളോയീ  ഷാവോ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാം ചേർന്ന് നൊമാഡ് ലാൻഡ് തികച്ചും  ആസ്വാദ്യകരമായ ഒരു ദൃശ്യാനുഭവമായി മാറുന്നു.

 

(ഓസ്കാർ വസന്തം 2021 എന്ന പരമ്പര അവസാനിക്കുന്നു).