Tuesday, May 23, 2023

 

ഓസ്‌കാർ 2023



Poster courtesy

 

2023 ലെ ഓസ്കാർ, അതായത് തൊണ്ണൂറ്റി അഞ്ചാമത് അക്കാദമി അവാർഡുകൾ മാർച്ച് മാസം ആദ്യം പ്രഖ്യാപിക്കപ്പെട്ടു. സമ്മാനിതരുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ ഇടം പിടിച്ചു എന്നത് ഭാരതീയർ എന്ന നിലക്ക് നമുക്ക് സന്തോഷിക്കുവാൻ ഇട തരുന്നതാണ്. ‘RRR’ എന്ന ചിത്രത്തിലെനാട്ടു നാട്ടുഎന്നഗാനത്തിന് മികച്ച ഒറിജിനൽ ഗാനത്തിനുംദി എലിഫന്റ് വിസ്‌പെറെർസ് ‘ (The Elephant Wisperers) എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യൂമെന്ററിയ്ക്കും (Best Documentary short subject) ആണ് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ സമ്മാനിതരായത്. ഇതിൽദി എലിഫന്റ് വിസ്‌പെറെർസ്’ അർഹിക്കുന്ന അംഗീകാരമാണ് നേടിയത്. കാർത്തികി ഗോൺസാൽവേസ് (Kartiki Gonsalves) സംവിധാനം ചെയ്ത ലഘു ചിത്രം ബൊമ്മൻ എന്നും ബെല്ലി എന്നും പേരുള്ള ആദിവാസി ദമ്പതികളും രഘു എന്ന് പേരുള്ള അനാഥനായ ഒരു ആനക്കുട്ടിയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ഹൃദയഹാരിയായ കഥ പറയുന്നു. അമ്മയിൽ നിന്നും അകന്ന് വൃണിതനായ രഘുവിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം വനം വകുപ്പാണ് ബൊമ്മനെയും ബെല്ലിയെയും ഏൽപ്പിക്കുന്നത്. അവർ അവന് വളർത്തച്ഛനും വളർത്തമ്മയും ആയിതീർന്നു. അവരുടെ സംരക്ഷണത്തിൽ അവൻ നല്ലൊരു കുസൃതി കുട്ടിയാനയായി വളർന്നു. എന്നാൽ ഫോറെസ്റ് വകുപ്പിന്റെ നിയമങ്ങൾക്ക് സ്നേഹ ബന്ധങ്ങളെ പറ്റി വേവലാതിയില്ലല്ലോ. ഒടുവിൽ രഘുവിന് വളർത്തച്ഛനേയും   അമ്മയെയും   പിരിയേണ്ടി വരുന്നു.   ഹൃദയദ്രവീകരണ ശക്തിയുള്ള ഒട്ടേറെ രംഗങ്ങൾ ലഘു ചിത്രത്തിലുണ്ട്. മുതുമലയുടെ ദൃശ്യഭംഗിയും മനോഹരം തന്നെ. മൃഗ സ്നേഹികൾക്ക്, ആന പ്രേമികൾക്ക് പ്രത്യേകിച്ചും, കാണുവാൻ   ഒഴിച്ചുകൂടാനാവാത്തതാണ് ചിത്രം.

 



വർഷത്തെ ഓസ്കാർ ചിത്രങ്ങളെ പറ്റി മികച്ചതായി പറയുവാനുള്ളതെല്ലാം, ദൗർഭാഗ്യവശാൽ, ഡോക്യൂമെന്ററിയെ പറ്റി പറഞ്ഞതോടെ കഴിഞ്ഞ മട്ടാണ്.  കുറിപ്പ് എഴുതുവാൻ മടിച്ചു മടിച്ചു ഇത്രയും ദിവസം നീണ്ടു പോയതും അതുകൊണ്ടു തന്നെ. എന്തായാലും മറ്റു ചിത്രങ്ങളെ നമുക്ക് ഒന്ന് ഓടിച്ചു നോക്കാം.

മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട ഗാനം ഇതിനകം എല്ലാവരും കേട്ട് കാണുമല്ലോ. ഇന്ത്യൻ സിനിമയിൽ സർവ സാധാരണമായ ഒരു 'ഡപ്പാൻ കൂത്ത്' പാട്ട്. സായിപ്പിന്റെ ഗാനാസ്വാദന വൈചിത്ര്യത്തിനോRRRടീമിന്റെ മാർക്കറ്റിംഗ് മികവിനോ ഏതിനാണ് സമ്മാനം എന്ന് അറിയില്ല. ഏതായാലും ഭാരതീയരായ നമുക്ക് സന്തോഷിക്കാം.





പതിനൊന്ന് നോമിനേഷനുകൾ ലഭിക്കുകയും അതിൽ ഏഴെണ്ണം പുരസ്കാരം നേടുകയും ചെയ്ത ചിത്രമാണ്എവെരിതിങ് എവെരിവെർ ഓൾ അറ്റ് വൺസ് ‘(Everything Everywhere All at Once). അതിൽ മികച്ച ചിത്രം, മികച്ച സംവിധായകർ, മികച്ച അഭിനേത്രി, മികച്ച സഹ നടൻ, സഹ നടി, മികച്ച തിരക്കഥ, എഡിറ്റിംഗ് എന്നിവ ഉൾപ്പെടും. ഇത്രയും അവാർഡുകൾ വാരിക്കൂട്ടിയ ഒരു സിനിമ എന്തോ മഹാ സംഭവമാണെന്ന് ആരെങ്കിലും ഊഹിച്ചാൽ അവരെ കുറ്റം പറയുവാൻ പറ്റില്ല. എന്നാൽ എനിക്ക് ചിത്രം കടുത്ത നിരാശയാണ് സമ്മാനിച്ചത്. 'മൾട്ടിവേർസ്' (Multiverse) എന്ന സിദ്ധാന്തത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  പല പല പ്രപഞ്ചങ്ങൾ ഉണ്ടെന്നും പ്രപഞ്ചങ്ങളിൽ ഒരേ സമയം നമ്മുടെ പ്രപഞ്ചത്തിൽ ഉള്ള ആളുകളുടെ പ്രതിരൂപങ്ങൾ വസിക്കുന്നുണ്ടെന്നും ചിത്രം ഉദ്ഘോഷിക്കുന്നു. നമ്മുടെ പ്രപഞ്ചത്തിൽ സ്നേഹത്തോടെ കഴിയുന്ന അമ്മയും മകളും മറ്റൊരു പ്രപഞ്ചത്തിൽ ബദ്ധവൈരികളായി കഴിയുന്നു. അതിനിടയിൽ തമോഗർത്തങ്ങളും കാലത്തിന്റെ അനന്തതയും മറ്റും മറ്റും കയറി വരുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു ഹോളിവുഡ് ചിത്രത്തിന് വേണ്ട മസാലകളെല്ലാം ചേർക്കാൻ പറ്റിയ ഒരു തട്ടിക്കൂട്ട് ചിത്രം. ഡാനിയേൽ ക്വആൻ, ഡാനിയേൽ ഷൈനെർട് (Daniel Kwan, Daniel Scheinert) എന്നിങ്ങനെ രണ്ടു പേർ ചേർന്നാണ് ഇത് സാധിച്ചെടുത്തിരിക്കുന്നത്. എന്തായാലും ഗണത്തിൽ പെട്ട പല സിനിമകളും ചെയ്ത ക്രിസ്റ്റഫർ നോളൻ (Christopher Nolan) എത്ര വലിയ കലാകാരനാണെന്ന് ഇവർ നമുക്ക് ബോധ്യപ്പെടുത്തി തരുന്നു. ദോഷം പറയരുതല്ലോ, പല പല പ്രപഞ്ചങ്ങളിലെ ഒരേ വ്യക്തികളെ ചടുലമായി വ്യത്യസ്ത ഭാവങ്ങളോടെ അവതരിപ്പിച്ച നടീ നടന്മാർക്ക് പുരസ്കാരം കൊടുത്തതിൽ എനിക്ക് പരാതിയില്ല.

മികച്ച നടനുള്ള അവാർഡ് ലഭ്ച്ചത് ബ്രെണ്ടൻ ഫ്രേസർ (Brendan Fraser) എന്ന നടനാണ്.   ‘ദി വേൽ’ (The Whale) എന്ന ചിത്രത്തിൽ   എഴുന്നേറ്റു നില്ക്കാൻ പോലും പ്രയാസമായ വിധം സ്ഥൂലിത ഗാത്രനായ (obese) ഒരു പ്രൊഫസറെ മികച്ച രീതിയിൽ അവതരിപ്പിച്ചതിനാണ് ഫ്രേസർക്ക് പുരസ്കാരം. ഭാര്യയും മകളും അടങ്ങുന്ന തന്റെ കുടുംബത്തിൽ നിന്നും അകന്ന് ഏകനായാണ് അയാൾ കഴിയുന്നത്. അകന്നതാവട്ടെ തന്റെ ശിഷ്യൻ കൂടിയായ ഒരു കുട്ടിയോടുള്ള സ്വവർഗ സ്നേഹം കാരണവും. അതിനാൽ ഇടക്ക് അയാളുടെ അടുത്ത് വരാറുണ്ടെങ്കിലും അയാളുടെ മകൾക്ക് അയാളോട് ഒടുങ്ങാത്ത വെറുപ്പാണ്. പ്രൊഫസർ ആവട്ടെ തന്റെ ചെയ്തിയിൽ പശ്ചാത്തപിക്കുകയും മകളുടെ സ്നേഹം തിരിച്ചു കിട്ടുവാൻ അത്യധികം ആഗ്രഹിക്കുകയും ചെയ്യുന്നു. തന്റെ ചികിത്സക്ക് പോലും ചിലവ് ചെയ്യാതെ ജീവിത സമ്പാദ്യം മുഴുവൻ അയാൾ അവൾക്കായി മാറ്റി വെച്ചിരിക്കുകയാണ്. ഓസ്കാർ ലഭിച്ച മികച്ച ചിത്രത്തിനേക്കാൾ ഗൗരവതാരമായാണ് ചിത്രം തയ്യാറാക്കിയിട്ടുള്ളത്. പ്രൊഫസറും മകളും ഉൾപ്പെടുന്ന നാടകീയവും വൈകാരികവും ആയ രംഗങ്ങൾ പലതുണ്ട് ചിത്രത്തിൽ. 'ദി വേൽ' (The Whale) എന്ന പേരിൽതന്നെയുള്ള നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ചിത്രത്തിന് കൂടുതലും ഒരു നാടകത്തിന്റെ പരിവേഷമാണ് ഉള്ളത്.




 

മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ' ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രന്റ് ' (All Quiet on the Western Front) എന്ന ജർമൻ ചിത്രമാണ്. ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി സിനിമയുണ്ടാക്കുന്നത് ഇത് മൂന്നാം തവണയാണെന്ന് കാണുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മെനഞ്ഞെടുത്ത ചിത്രം യുദ്ധത്തിന്റെ ഭീകരതയും നിരർത്ഥകതയും പ്രേക്ഷക മനസ്സിലെത്തിക്കുന്നു. ഭരണാധികാരികളുടെ അർത്ഥരഹിതമായ ഈഗോയും അഹങ്കാരവും അതിനു ബലിയാടാകേണ്ടിവരുന്ന നൂറു കണക്കിന് യോദ്ധാക്കളുടെ ജീവനും അവരുടെ കണ്ണീരും നമ്മെ ചിത്രം കണ്ടുകഴിഞ്ഞാലും വേട്ടയാടിക്കൊണ്ടിരിക്കും. വശ്യമായ പശ്ചാത്തല സംഗീതവും മികച്ച ഛായാഗ്രാഹണവും ചിത്രത്തിന്റെ എടുത്തു പറയേണ്ടുന്ന മേന്മകളാണ്. രണ്ടിനത്തിലും ഓസ്കാർ ലഭിക്കുകയും ചെയ്തു.

വിഷ്വൽ എഫക്ട്സിന് ' അവതാർ - ദി വേ ഓഫ് വാട്ടർ ' (Avatar: The Way of Water) എന്ന ചിത്രത്തിനും മികച്ച കോസ്റ്റും ഡിസൈനിന് ' ബ്ലാക്ക് പാന്തർ - വാകാൻഡ ഫോർ എവർ ' (Black Panther: Wakanda Forever) എന്ന ചിത്രത്തിനും അവാർഡ് ലഭിച്ചു. ഭേദപ്പെട്ട സിനിമകളാണ് ഇവ രണ്ടും എങ്കിലും  രണ്ടിന്റെയും ആദ്യ ഭാഗങ്ങളോട് കിട പിടിക്കുന്നതായില്ല രണ്ടാം ഭാഗം. ബ്ലാക്ക് പാന്തെറിന്റെ രണ്ടാം ഭാഗം കാണുമ്പോഴാവട്ടെ അകാലത്തിൽ പൊലിഞ്ഞുപോയ ചാഡ്വിക് ബോസ്മാൻ (Chadwick Boseman) ഒരു ദുഃഖ സമരണയായി നമ്മുടെ മനസ്സിലെത്തു കയും ചെയ്യുന്നു.

മൊത്തത്തിൽ നോക്കിയാൽ, ഹോളിവുഡ് സിനിമയുടെ ഓസ്കാർ എന്ന അത്യുന്നത പുരസ്കാരത്തിന്റെ നിലവാരം പുലർത്തുന്നവയായില്ല ഇത്തവണ ഓസ്കാർ ലഭിച്ച മിക്ക ചിത്രങ്ങളും എന്നതാണ് ഖേദകരമായ വസ്തുത.