Saturday, June 28, 2025

 

അയലത്തെ പിറന്നാൾ





അയല്പക്കത്ത് പിറന്നാളായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ ഒരു തൂക്കുപാത്രത്തിൽ പകർച്ച എത്തി. ചക്കപ്രഥമനായിരുന്നു. ഊണുകഴിഞ്ഞിരിക്കുമ്പോൾ ഒരു ഗ്ലാസ് ബൗളിൽ സ്പൂണുമായി പ്രഥമൻ മുന്നിലെത്തി. വശ്യമായ ഗന്ധവും ചോകൊലെറ്റ് നിറവും. സൂക്ഷ്മദൃക്കുകൾക്ക് ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന നെയ്യിൽ വറുത്ത കൊട്ടത്തേങ്ങ കഷണങ്ങളെ കാണാം. വളരെക്കാലമായി കണ്ടിട്ടില്ലാത്ത കാഴ്ച, ഗന്ധം.

അയലത്തെ പിറന്നാളും ചക്ക പ്രഥമനും രണ്ട് വ്യത്യസ്ത ഓർമ്മകളെ മനസ്സിലെത്തിച്ചു. കുട്ടിക്കാലത്ത് അടുത്ത വീടുകളിൽ പിറന്നാൾ ആഘോഷങ്ങളിൽ വി ഐ പി കളായി ഞാനും അനിയനും പങ്കെടുത്തിരുന്നതാണ് അതിൽ ആദ്യത്തേത്. ഞങ്ങൾക്ക് വീട്ടിലെ പിറന്നാൾ പോലെ തന്നെയായിരുന്നു ഒരുമിച്ച് സ്കൂളിൽ പോകുന്ന മണിയുടെ വീട്ടിലെ പിറന്നാളും. അതുപോലെ തന്നെ തിരിച്ചും.

 ഊണിനു സമയമായാൽ മണി വന്നു ഞങ്ങളെ കൂട്ടിപോകും. റോഡിൽ നിന്നും അവരുടെ വീട്ടിലേക്കു കയറുന്ന അത്താണിപ്പടി മുതൽ മുറ്റം വരെ ഒരു നടവഴി ഉണ്ട്. രണ്ടു വശത്തും ധനു വൃശ്ചികം മാസങ്ങളിൽ മമ്പണി (മണ്പണി) കഴിഞ്ഞ് ചാണകം തേച്ചു വൃത്തിയാക്കിയ വരമ്പുകൾ. ആ വരമ്പുകൾക്ക് അപ്പുറത്ത് പൂത്തു നിൽക്കുന്ന നിത്യകല്ല്യാണി, ചെണ്ടുമല്ലി, വാടാമല്ലി തുടങ്ങിയ പൂക്കൾ. അല്പം ദൂരെ ആൾമറയില്ലാത്ത കിണർ. മുറ്റത്ത് ചുറ്റി നടക്കുന്ന ഒരു തടിച്ച കോഴിയമ്മയും അവളുടെ മുട്ടയിൽ നിന്നും വിരിഞ്ഞ് അധികം ദിവസമായിട്ടില്ലാത്ത, നിരന്തരം ശബ്ദിച്ചു കൊണ്ടിരിക്കുന്ന, അഞ്ചാറു കുഞ്ഞുങ്ങളും. കൂടെ അവരുടെ രക്ഷിതാവായി തലയെടുപ്പോടെ ചന്തമുള്ള ഒരു ചേവലും ഉണ്ട്. കരിമ്പനപ്പട്ട മേഞ്ഞ വീടിനരികിലെ കൂട്ടിൽ തൂക്കിയിട്ട പ്ലാവിൻ ചില്ലയിൽ നിന്നും ഒരു വെളുത്ത ആട് ആസ്വദിച്ച് ഇല പറിച്ച് തിന്നുന്നു.

മണ്പണി കഴിഞ്ഞ് വെള്ളാരം കല്ലുകൊണ്ട് ഉരച്ച് മിനുസപ്പെടുത്തിയ നിലത്ത് പായ വിരിച്ച് ഞങ്ങൾ അവനൊപ്പം ഇരിക്കും. നാക്കിലയിൽ പാറുക്കുട്ടി അമ്മായി സദ്യ വിളമ്പും. നില വിളക്കിനു മുന്നിലെ ഇലയിലും പിന്നെ ഞങ്ങൾക്കും. പേര് ഒന്നാണെങ്കിലും ഓരോ വീട്ടിലെയും കറികൾക്ക് വ്യത്യസ്ത രുചിയാണ്. എങ്കിലും വിളമ്പുന്ന അമ്മമാരുടെ സ്നേഹം ഒന്നു തന്നെ. ഊണ് കഴിഞ്ഞ് വി ഐ പി കളെ ആരെങ്കിലും തിരികെ വീട്ടിൽ കൊണ്ടുവന്നാക്കും.

ഇനി നമുക്ക് രണ്ടാം ഓർമ്മയിലേക്ക് കടക്കാം. വർഷത്തിൽ ഒരു പ്രാവശ്യം ചക്ക പ്രഥമനും ചക്ക പലഹാരവും ഉണ്ടാക്കുക എന്നത് അക്കാലത്ത് നിർബന്ധമായും വീട്ടിൽ പിന്തുടർന്നു വന്ന ഒരു ആചാരമായിരുന്നു. ബേക്കറികൾ കേട്ട് കേൾവി പോലും ഇല്ലാത്ത കാലമായിരുന്നല്ലോ. പലഹാരപ്രിയന്മാർക്ക് വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ തന്നെ ഏക ആശ്രയം.

പടിഞ്ഞാറേ തൊടിയിൽ വലിയ പ്ലാവുണ്ട്. ചക്കയുടെ ആചാരപരമായ ആവശ്യം മേടം ഒന്നാം തിയ്യതിയാണ് തുടങ്ങുന്നത്. വിഷുക്കണി കണ്ടു കഴിഞ്ഞാൽ രാവിലെ വിഷുക്കഞ്ഞി കുടിക്കണം. അതിന് അകമ്പടി സേവിക്കേണ്ടത് ചക്കപ്പുഴുക്കാണ്. പലപ്പോഴും അതിനു പാകമായ മൂത്ത ചക്ക വീട്ടിലെ പ്ലാവിലുണ്ടാവില്ല. അയല്പക്കത്തെവിടെയെങ്കിലും മൂത്തിട്ടുണ്ടെങ്കിൽ വിഷുത്തലേന്ന് ഒരു കീറെങ്കിലും വീട്ടിലെത്തും. ചക്ക കിട്ടാതെ ആചാരം മുടങ്ങിയതായി ചരിത്രത്തിൽ രേഖപ്പെടുത്തി കാണുന്നില്ല. പിന്നീട് മൂത്തു പഴുത്ത ചക്ക കിട്ടുമ്പോഴാണ് നേരത്തെ പ്രസ്താവിച്ച ആചാരങ്ങൾക്ക് തുടക്കമാവുന്നത്. പൊന്നമ്പലേട്ടൻ ഘടാഘടിയനായ ആ ചക്കയെ അടുക്കളപ്പുറത്ത് വരാന്തയിൽ വെച്ച് മഴു കൊണ്ട് നെടുകെ വിഭജിച്ച് രംഗത്തുനിന്നും പിൻവാങ്ങും. അതോടെ വീട്ടിലെയും അയല്പക്കത്തേയും സ്ത്രീകൾ രംഗപ്രവേശം ചെയ്യുകയായി.

ചക്കയ്ക്ക് മുളഞ്ഞ് ദോഷം. പക്ഷെ എന്ത് ചെയ്യാൻ! ആചാരങ്ങൾ തുടർന്നല്ലേ പറ്റൂ. ദോഷത്തെ കയ്യിൽ വെളിച്ചെണ്ണ തേച്ച് പ്രതിരോധിച്ച് ചുള വേർപെടുത്തുക തന്നെ. മടലും ചകിണിയുമെല്ലാം പിന്നീട് ചെറു കഷ്ണങ്ങളായി തൊഴുത്തിലേക്ക് പോകും. പശുവിനും പോത്തുകൾക്കുമായി.

ഒടുവിൽ സ്വർണ്ണവർണ്ണമുള്ള ചുളകൾ സ്വതന്ത്രമായി കഴിഞ്ഞാൽ ഉരുളി അടുപ്പത്ത് കയറ്റുകയായി. ശർക്കരയും നെയ്യും ചേർത്ത് ചക്കച്ചുളകൾ വരട്ടുവാൻ. വരട്ടി തണുത്തുകഴിഞ്ഞാൽ ചീന ഭരണിയിലേക്കു മാറ്റി വായ് കെട്ടിവെക്കണം. പിന്നീട് സൗകര്യം പോലെ അരിപ്പൊടിയും ഏലക്കായും മറ്റും ചേർത്ത് വാഴയിലയിലോ ഇലവർങ്ങത്തിന്റെ ഇലയിലോ പൊതിഞ്ഞ് ഇഡ്ഡ്ലി ചെമ്പിൽ അടുക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുവാൻ. പിന്നെ ഈ യജ്ഞത്തിൽ പങ്കെടുത്തവരുടെ വീടുകളിലേക്കും വീട്ടിൽ നിന്നും വിവാഹിതരായി പോയ പെൺകുട്ടികളുടെ മറുനാടൻ വീടുകളിലേക്കും എല്ലാം ഓരിവെച്ച് എത്തിക്കുവാൻ.

പലഹാരപ്പണി കഴിഞ്ഞാൽ പിന്നെ ആ വർഷത്തെ ആചാരത്തിൽ ബാക്കി ചക്ക പ്രഥമൻ മാത്രമാണ്. ഏറ്റവും ആദ്യം വരുന്ന പിറന്നാളിന് തന്നെ അതും കൂടി നിർവഹിച്ചാൽ അച്ഛമ്മയ്ക്ക് അടുത്ത ചക്ക സീസൺ വരെ ആശ്വസിക്കാം.

ഞാൻ അയലത്തെ ചക്ക പ്രഥമൻ രുചിച്ചു നോക്കി. കൊള്ളാം. നാളികേരപ്പാലും മധുരവും പാകമാണ്. പ്രധാന ആകർഷണമായ കോട്ടത്തങ്ങ കഷണങ്ങൾ ധാരാളം.

കഴിച്ചു കഴിഞ്ഞ് പുറത്തിറങ്ങി. പടിഞ്ഞാറേ തൊടിയിൽ പ്ലാവിൽ ആർക്കും വേണ്ടാതെ പകുതി അളിഞ്ഞു വീണുപോയ ചക്കകൾ ചാറ്റൽ മഴയിൽ കുതിർന്നു നിൽക്കുന്നു. ഇപ്പോൾ നിരവധി വർഷങ്ങളായി തുടരുന്ന കാഴ്ച. കയ്യെത്താവുന്ന ഉയരത്തിലുള്ള ഇടിച്ചക്ക മാത്രം പൊട്ടിച്ച് പൊടിത്തൂവൽ ഉണ്ടാക്കുന്നു. വലിയ ചക്കകൾ ആർക്കും വേണ്ട. ചക്കപ്പണി മെനക്കേട്.

ചക്കയ്ക്ക് മുളഞ്ഞു ദോഷം.

റോഡിലേക്ക് കയറിയാൽ, ടൗണിൽ പോയാൽ, എങ്ങും ബേക്കറികൾ യഥേഷ്ടം. അവയിൽ പുതിയ പുതിയ രുചികൾ. വൈവിദ്ധ്യമാർന്ന രുചികൾ. സ്വദേശിയുണ്ട്, വിദേശിയുണ്ട്. ഏതു വേണമെന്ന് തീരുമാനിച്ചാൽ മാത്രം മതി. ദോഷമില്ല.

 

Wednesday, June 25, 2025

 

സ്ട്രോ

(Straw)

Film Review

(Spoiler alert: Contains part of the film story)



നെറ്റ്ഫ്ലിക്സിൽ ഇറങ്ങിയ പുതിയ സിനിമയാണ് "സ്ട്രോ". ടൈലർ പെറി (Tyler Perry) എഴുതി സംവിധാനം ചെയ്ത ചിത്രം ആശയത്തിന്റെയും അവതരണത്തിന്റെയും കാര്യത്തിൽ സമകാലിക സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. അതേ സമയം ഒരു നല്ല ചിത്രത്തിന് വേണ്ട ഹൃദയ സ്പർശിയായ രംഗങ്ങൾ ഉദ്വേഗം നിറഞ്ഞ രംഗങ്ങൾ അപ്രതീക്ഷിത വഴിത്തിരിവുകൾ തുടങ്ങിയവയും ഉൾക്കൊള്ളിച്ചിരിക്കുന്നു. അങ്ങിനെ നല്ല സിനിമാ ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഇത് ഒഴിവാക്കാൻ പറ്റാത്ത ഒരു ചിത്രമായി മാറുന്നു. 

‘ജാനിയ വിൽക്കിന്സൺ’ എന്ന ഒറ്റയ്ക്ക് കഴിയുന്ന ഒരു അമ്മയുടെ (Single Mother) കഥയാണ് ചിത്രം പറയുന്നത്. സ്കൂളിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന മകൾ 'എറിയ' യായാണ് അവളുടെ ലോകം. കുഞ്ഞാകട്ടെ അസുഖക്കാരിയും. ഒരു സൂപ്പർമാർക്കെറ്റിൽ ജോലി ചെയ്യുന്ന ജാനിയയ്ക്ക് പരിമിതമായ വരുമാനമേയുള്ളു. അതുകൊണ്ടുതന്നെ താമസിക്കുന്ന ചെറിയ വീടിന്റെ വാടക കുടിശ്ശികയായിട്ടുണ്ട്, എറിയയുടെ ഭക്ഷണ ഫീസ് കുടിശ്ശികയായി, ഇനി ഉച്ച ഭക്ഷണം കൊടുക്കില്ലെന്ന് സ്കൂളിൽ നിന്ന് അറിയിച്ചിട്ടുണ്ട്......  എല്ലാം പ്രശ്നങ്ങൾ തന്നെ. സമൂഹത്തിൽ അവളെ സഹായിക്കുവാനായി ആരുമില്ല. എങ്കിലും ശമ്പളം കിട്ടുന്ന ദിവസം എല്ലാ കുടിശ്ശികകളും തീർക്കാമെന്ന് അവൾ എല്ലാവർക്കും ഉറപ്പു കൊടുക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു. അങ്ങിനെയാണ് അവൾ ദിവസം തുടങ്ങുന്നത്. പക്ഷെ ജീവിതം പലപ്പോഴും നമ്മൾ കണക്കു കൂട്ടുന്നത് പോലെ ആവില്ലല്ലോ. ദിവസം അവൾക്ക് കഷ്ടപ്പാടും പ്രശ്നങ്ങളും അഴിയാക്കുരുക്കുകൾ പോലെ കൂടിക്കൂടി വരുന്ന ഒരു ദിവസമായി മാറുന്നതാണ് നമ്മൾ കാണുന്നത്.   

സ്കൂളിൽ ഏറിയയെ ചൈൽഡ് പ്രൊട്ടക്ഷൻ സെർവീസുകാർ പിടിച്ച് കൊണ്ടുപോകുന്നു. സൂപ്പർ മാർക്കറ്റിലെ മാനേജർ അവൾക്ക് ശമ്പള പൈസ കൊടുക്കാതെ വൈകിപ്പിച്ച് വിഷമിപ്പിക്കുന്നു, അവിടെ കയറി വരുന്ന കള്ളന്മാർ അവളുമായി ഏറ്റുമുട്ടി കൊലചെയ്യപ്പെടുന്നു. ബാങ്കുകാർ അവളുടെ ചെക്ക് മാറ്റിക്കൊടുക്കാതെ അവളെ ബാങ്ക് കൊള്ളക്കാരിയായി പൊലീസിന് റിപ്പോർട്ടുചെയ്യുന്നു അങ്ങിനെ തീർത്താൽ തീരാത്ത പ്രശ്നങ്ങൾ. ഒരു ലേഡി പോലീസ് ഓഫീസറും ലേഡി ബാങ്ക് മാനേജരും മാത്രമാണ് അവളെ സഹതാപപൂർവം മനസ്സിലാകുകയും സഹായിക്കുകയും ചെയ്യുന്നത്.

സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളും ഇപ്പോഴും നിലനിൽക്കുന്ന വർണ്ണ വിവേചനവും കഥയിലുണ്ട്. നിരാലംബർക്കും നിസ്സഹായാർക്കും താങ്ങാവേണ്ട പോലീസ് സംവിധാനങ്ങൾ എങ്ങിനെ അവർക്കെതിരായി ജീവിതം ദുരന്തമാക്കുന്നു എന്നും കാണാം.  സഹജീവികളോട് മനുഷ്യത്വപരമായ നിലപാട് ഇല്ലായ്മ, ജോലിയിൽ ഇരിക്കുന്നവരുടെ കടുംപിടിത്തം തുടങ്ങിയവ സാധാരണ മനുഷ്യരെ ദുരന്തത്തിലാഴ്ത്തുന്നു.

ചിത്രത്തിന്റെ കഥാഖ്യാനം എടുത്തു പറയേണ്ട ഒന്നാണ്. ജാനിയ കടന്നു പോകുന്ന സംഭവങ്ങൾ യാഥാർഥ്യവും ഭ്രമാത്മകതയും വേർതിരിക്കുവാൻ പറ്റാത്തവണ്ണം കൂടിക്കുഴഞ്ഞതാണ്. സിനിമയുടെ അന്ത്യത്തിൽ കഥയ്ക്ക് വരുന്ന വഴിത്തിരിവ് (twist) പ്രേക്ഷകനെയും അങ്ങിനെ ഒരു അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും അവനവന്റെ ഭാവനയ്ക്ക് അനുസരിച്ച് ഹൃദയസ്പർശിയായതും ഉദ്വേഗജനകവുമായ സംഭവങ്ങൾ യാഥാർഥ്യമായോ ഭ്രമാത്മകതയായോ നോക്കിക്കാണാം.

ജാനിയയെ അവതരിപ്പിച്ച താരാജി ഹെൻസൺ (Taraji P Henson) മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ബാങ്ക് മാനേജർ നിക്കോൾ ആയി വരുന്ന ഷെറി ഷെപ്പേർഡ് (Sherry Shepherd) ഡിറ്റക്റ്റീവ് കേ റെയ്മോൻഡ് ആയി വരുന്ന ടെയാന ടൈലർ (Teyana Taylor) എന്നിവരും നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു. മൊത്തത്തിൽ ഇതൊരു മികച്ച സ്ത്രീ പക്ഷ സിനിമയാണെന്ന് പറയാം.  ജീവിതത്തിൽ അവസാന വൈക്കോൽ തുരുമ്പ് പിടിച്ച് അനിശ്ചിതത്വത്തിൽ നിൽക്കുന്ന ജാനിയയുടെ അവസ്ഥ കാരണമാകണം 'സ്ട്രോ' എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

 

Wednesday, June 4, 2025

 

മായുന്ന സ്വപ്ന കൊട്ടകകൾ



(Photo Courtesy)

 

ഒറ്റപ്പാലം ലക്ഷ്മി തീയേറ്റർ അടച്ചു പൂട്ടി എന്ന പത്ര വാർത്ത കണ്ടു.  എന്റെ കൗമാര സ്മൃതികളിലെ അവിഭാജ്യ ഘടകങ്ങളാണ് ഒറ്റപ്പാലത്തെ സിനിമാ തിയേറ്ററുകൾ. കൗമാര സ്വപ്നങ്ങൾക്ക് നിറം നൽകിയ കൊട്ടകകൾ! പത്ര വാർത്ത കണ്ട് വിഷമത്തിലായ എനിക്ക് മുന്നിലേക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വിഡിയോ വാർത്തയും എത്തി. മുന്നിൽ മഹാലക്ഷ്മിയുടെ മനോഹര ശില്പമുള്ള ലക്ഷ്മി തീയേറ്ററിന്റെ വിഡിയോ ദൃശ്യങ്ങൾ എന്നെ പെട്ടെന്ന് തന്നെ കൗമാരത്തിലേക്ക് ആനയിച്ചു.

അക്കാലത്ത് ഒറ്റപ്പാലത്ത് രണ്ടു തീയേറ്ററുകളായിരുന്നു ഉണ്ടായിരുന്നത്. ലക്ഷ്മി പിക്ച്ചർ പാലസും ഇംപീരിയൽ തീയേറ്ററും. പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ലക്ഷ്മി തീയേറ്റർ ബാൽക്കണിയോടുകൂടി കൊട്ടാര സദൃശമായിരുന്നു. മുന്നിൽ കയ്യിൽ താമരപ്പൂവുമായി നിൽക്കുന്ന മഹാലക്ഷ്മിയുടെ മനോഹര ശിൽപം. പുതിയ കാലത്തിന് അപര്യാപ്തമെങ്കിലും പഴയകാലത്ത് പര്യാപ്തമായ കാർ പാർക്കിങ് സൗകര്യം. വൃത്തിയായ പരിസരം. അക്കാലത്തു തന്നെ പുതിയ ഒരു മാനേജ്മന്റ് വരികയും ഉള്ളിൽ പല പരിഷ്കാരങ്ങളും കൊണ്ടുവരികയും ചെയ്തു. കർട്ടൻ ഉയരുമ്പോൾ ഉള്ള വർണ്ണ വെളിച്ചങ്ങളുടെ മനോഹാരിതയും അകമ്പടി സംഗീതവും ആയിരുന്നു അവയിൽ ഏറെ ആകർഷകം.

ഒറ്റപ്പാലം റെയിൽവെ സ്റ്റേഷന്ന് തൊട്ടടുത്തുള്ള ഇംപീരിയൽ തീയേറ്ററിന്ന് എന്നാൽ അത്ര മോടിയൊന്നും അവകാശപ്പെടുവാൻ ഇല്ലായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റു മേഞ്ഞ മേൽക്കൂര. മഴക്കാലത്ത് ചാറ്റൽ അനുഭവപ്പെട്ടാലുമായി. മര ഇരിപ്പിടങ്ങൾ. സ്റ്റേഷനിൽ ട്രെയിനുകൾ വന്നെത്തുമ്പോൾ റിക്ടർ സ്കെയിലിൽ രണ്ടോളം വരുന്ന ഭൂമി കുലുക്കവും അനുഭവപ്പെട്ടേക്കാം. ഇടക്കാലത്ത് ഇരിപ്പിടങ്ങൾ അല്പം പരിഷ്കരിക്കുകയും ചുമരുകളിൽ സ്പീക്കറുകൾ ഘടിപ്പിച്ച് സിനിമയ്ക്ക് മുൻപും ഇടവേളയ്ക്കും ഉള്ള ശബ്ദ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്തുപൊതുവെ അവർ യുവാക്കളെ കൂടുതൽ ലക്ഷ്യമിട്ടെന്നു തോന്നുന്നു.

പൊതുവെ രണ്ടു തീയേറ്ററുകളിലും ആഴ്ചയിൽ രണ്ടു സിനിമ വീതം ഉണ്ടാവും. വെള്ളി മുതൽ ചൊവ്വ വരെ ഒരു സിനിമ. ബുധനും വ്യാഴവും മറ്റൊന്ന്. 'ഗ്യാപ്പ് പടം' എന്നാണ് അത് അറിയപ്പെട്ടത്. മിക്കവാറും ലക്ഷ്മി തീയേറ്ററിൽ അത് തമിഴ് ആയിരിക്കും. തെന്നിന്ത്യൻ ജെയിംസ് ബോണ്ട് എന്ന പേരിൽ അറിയപ്പെട്ട ജയശങ്കറിന്റെ സിനിമകളായിരിക്കും അധികവും. തെലുങ്കിൽ നിന്നും തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത കൃഷ്ണ എന്ന നടന്റെ വെസ്റ്റേൺ കൗബോയ് ഇനത്തിൽ പെട്ടവയായിരിക്കും മറ്റുചിലത്. കുതിരകളുടെയും തോക്കുകളുടെയും സജീവ സാന്നിദ്ധ്യമുള്ളവ. അപൂർവമായി എം ജി ആർ, ശിവാജി ഗണേശൻ എന്നിവരുടെ പഴയ ചിത്രങ്ങളും വരാം. വെള്ളിയാഴ്ചയ്ക്കു തന്നെ യോഗ്യത തെളിയിച്ചവയായിരുന്നു അവരുടെ പുതിയ ചിത്രങ്ങൾ.

ഇംപീരിയലിലാവട്ടെ ഹിന്ദി സിനിമ കൊണ്ടായിരുന്നു ഗ്യാപ് അടച്ചത്. അങ്ങിനെയായിരുന്നു രാജേഷ് ഖന്ന, ധർമേന്ദ്ര, ജിതേന്ദ്ര തുടങ്ങിയവരുടെ സിനിമകൾ കണ്ട് വള്ളുവനാട്ടുകാർ ബോളിവുഡ്ഡ് രുചി അറിഞ്ഞത്. അന്ദാസ്, ഹരേ രാമ ഹരേ കൃഷ്ണ, യാദോം കി ബാരാത്, ഹം കിസീ സെ കം നഹി തുടങ്ങിയ ചില ബ്ലോക്ക് ബസ്റ്ററുകൾ ഇംപീരിയൽ തിയേറ്ററിന്റെ 'വെട്ടിത്തിളങ്ങുന്ന വെള്ളിത്തിരയിൽ' വെള്ളിയാഴ്ചതന്നെ വന്നെത്തി. രാജ രാജ ചോഴൻ പോലെയുള്ള ആദ്യകാല സിനിമാസ്കോപ്പ് ചിത്രങ്ങളും 3 D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനുമെല്ലാം ഇംപീരിയൽ തീയേറ്ററിലായിരുന്നു വന്നത്.

മാറ്റിനി മിക്കവാറും വെള്ളി ശനി ഞായർ ദിവസങ്ങളിൽ മാത്രമായിരുന്നു. പക്ഷെ ഉദയായുടെ 'വടക്കൻ പാട്ടിലെ വീര കഥകളും' നീലായുടെ 'പുണ്യ പുരാണ കളർ ചിത്രങ്ങളും' വരുമ്പോൾ മാത്രം "ആദ്യത്തെ പത്തു ദിവസം മാറ്റിനി" എന്നും "ആദ്യത്തെ പത്തു ദിവസം ഫ്രീ പാസുകൾ അനുവദിക്കുന്നതല്ല" എന്നും മഷികൊണ്ടെഴുതിയ വെള്ളക്കടലാസ് പോസ്റ്ററിൽ പ്രത്യകം ഒട്ടിച്ചിരിക്കും. പോസ്റ്റർ പ്രദർശിപ്പിക്കുന്ന ഉണ്ണിയേട്ടൻ, വിജയൻ തുടങ്ങിയ ചായക്കടക്കാർക്കുള്ളതാണ് ഫ്രീ പാസ്സ്. പ്രത്യേക അറിയിപ്പ് എനിക്ക് ഒരു പ്രത്യേക ഹരം തരുമായിരുന്നു.

ഇതാ ഒരു സിനിമ നമ്മുടെ നാട്ടിൽ രണ്ടാം വാരം ഓടാൻ പോകുന്നു!

ഇംപീരിയലിൽ ചില കാലങ്ങളിൽ ഇംഗ്ളീഷ് ചിത്രങ്ങളും ഉണ്ടാവും. ശനി ഞായർ മോർണിംഗ് ഷോ മാത്രം. 'ബെൻഹർ' എന്ന ക്ലാസ്സിക് സിനിമ അങ്ങിനെയായിരുന്നു ഞാൻ കണ്ടത്. എന്നാൽ ചിലപ്പോഴെല്ലാം 'പടം' എന്നു പറയുന്നതിലും ഭേദം 'പൊടി' എന്നു പറയുന്നതായിരിക്കും. അത്രയും പൊട്ടി പൊളിഞ്ഞു ചിതൽ അരിച്ചതു പോലെയായിരിക്കും പ്രിന്റ്. പലപ്പോഴും ഒന്നൊന്നര മണിക്കൂറിനു ശേഷം പൊടുന്നനെ "The End" എന്നെഴുതി കാണിച്ച് ദുരിതക്കാഴ്ചയ്ക്ക് അവസാനമാകും. കഥയറിയാതെ ആട്ടം കാണുന്ന, ആദ്യം മുതൽ അവസാനം വരെ നീല "ബിറ്റ്" ഉണ്ടാവുമോയെന്ന പ്രതീക്ഷയിൽ ഇരിക്കുന്ന, ഞങ്ങൾക്ക് അതൊരു പ്രശ്നമായിരുന്നില്ല. ബിറ്റ് ഇല്ലാത്തതിൽ കടുത്ത നിരാശ ഉണ്ടെങ്കിലും.

കാലം മാറി. വിനോദങ്ങളും അവയുടെ രീതികളും മാറി. അത്യാവശ്യം വേണ്ട സൗകര്യങ്ങൾ മാറി. അങ്ങനെ മാറാൻ പറ്റാത്തവയ്ക്ക് രംഗമൊഴിയേണ്ടി വരുന്നു. ഇംപീരിയൽ തീയേറ്റർ നേരത്തെ തന്നെ രംഗമൊഴിഞ്ഞു. ഇപ്പോഴിതാ ലക്ഷ്മിയും. രണ്ട് റോഡുകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന ലക്ഷ്മി തീയേറ്ററിന്ന് പുതിയ സൗകര്യങ്ങൾ ഒരുക്കാൻ വിഷമമാണ്. അതായിരിക്കാം ഒറ്റപ്പാലം നിവാസികളുടെ മനസ്സിൽ മധുര സ്മരണ അവശേഷിപ്പിച്ച് രംഗമൊഴിയുവാൻ അവർ നിശ്ചയിച്ചത്.