Sunday, June 27, 2021

MINARI

(ഓസ്കാർ വസന്തം2021)

Spoiler Alert: Contains part of the film story.








Poster courtesy


2021 ലെ മികച്ച സഹ നടിക്കുള്ള ഓസ്കാർ അവാർഡ്  ലഭിച്ചത്  യൂൻ യുജുങിനായിരുന്നു. ( Youn Yuh-Jung ) . ' മിനാരി ' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ഒരു കുടുംബത്തിന്റെ കഥയാണ് മിനാരി എന്ന ചിത്രം പറയുന്നത്. ലീ ഐസക് ചുങ്  (Lee Isaac Chung ) ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 1980 കളിൽ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത അദ്ദേഹത്തിന്റെ ആത്മകഥാപരമായ ചിത്രമാണ് ഇതെന്നും പറയാം. മികച്ച ചിത്രത്തിനും, സംവിധായകനും, നടനും അടക്കം പല നോമിനേഷൻസ് ഉണ്ടായെങ്കിലും സഹ നടിക്കുള്ള ഓസ്കാർ മാത്രമാണ് മിനാരിക്ക്  ലഭിച്ചത്.

ജേക്കബ് യിയും കുടുംബവും കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്  ഒരുപാട് ജീവിത സ്വപ്നങ്ങളുമായായിരുന്നു. എന്നാൽ ഹാച്ചറികളിൽ കോഴിക്കുഞ്ഞുങ്ങളുടെ ലിംഗ നിർണയം നടത്തി കിട്ടുന്ന തുച്ഛ വരുമാനം അവരെ സാമ്പത്തിക  വിഷമതകളിലാഴ്ത്തി. അങ്ങിനെ ജേക്കബ്  സൗകര്യങ്ങൾ കുറവായ അർകാൻസസ്‌ ഗ്രാമീണ മേഖലയിൽ ചുരുങ്ങിയ വിലക്ക് ഭൂമിയും വീടും വാങ്ങി കുടുംബ സമേതം അങ്ങോട്ടേക്ക് താമസം മാറി. ഭാര്യ മോണിക്ക, മകൻ ഡേവിഡ്, മകൾ ആനി എന്നിവർ ഉൾപ്പെട്ടതാണ് കുടുംബം. മോണിക്കക്ക് സൗകര്യങ്ങൾ  കുറഞ്ഞ വീടും സ്ഥലവും തീരെ ഇഷ്ടപ്പെടുന്നില്ല. മാത്രവുമല്ല ഹൃദയത്തിന് അല്പം തകരാറുള്ള ഡേവിഡിന് പെട്ടന്ന് വൈദ്യ സഹായം ലഭിക്കുവാൻ സൗകര്യമില്ലാത്തതും മോണിക്കക്ക് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. എന്നാൽ കൊറിയയിൽ നിന്നും വർഷം തോറും കുടിയേറുന്ന പതിനായിരക്കണക്കിന് ആളുകൾക്ക്  ആവശ്യമുള്ള കൊറിയൻ പച്ചക്കറി തന്റെ ഫാർമിൽ   വിളയിച്ചെടുക്കുന്നത്  നല്ലൊരു വരുമാന മാർഗമായി ജേക്കബ് കണക്കു കൂട്ടി. അടുത്തുള്ള ഹാച്ചറിയിൽ മോണിക്ക ജോലിക്കു പോയപ്പോൾ അയാൾ ഫാർമിൽ ജോലി ചെയ്‌തു. കുട്ടികൾക്ക് കൂട്ടായി മോണിക്കയുടെ 'അമ്മ സൂൻ ജയേയും അമേരിക്കയിലേക്ക് വരുത്തി.

അമേരിക്കൻ ജീവിത   രീതി വശമില്ലാത്ത മുത്തശ്ശിയെ ആദ്യമാദ്യം ഡേവിഡ് ഇഷ്ടപ്പെടുന്നില്ല. എന്നാൽ ക്രമേണ അവർ കുട്ടികളുടെ സ്‌നേഹം പിടിച്ചു പറ്റുന്നു. ഫാർമിലും അതിനടുത്തുള്ള തൊട്ടിലുമെല്ലാം അവരെയും കൂട്ടി ചുറ്റി നടക്കുന്ന മുത്തശ്ശി, തോട്ടിൻ കരയിൽ പറ്റിയ ഒരു സ്ഥലം കണ്ടുപിടിച്ച് താൻ കൊറിയയിൽ നിന്നും വരുമ്പോൾ കൊണ്ടുവന്ന മിനാരിയുടെ വിത്തുകൾ പാവുന്നു. കൊറിയൻ ജനത ഭക്ഷണത്തിനും മരുന്നിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് മിനാരി. നമ്മുടെ ചീര പോലെ. മിനാരിയുടെ ഗുണഗണങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട് , മുത്തശ്ശി.

അർകാൻസസിലെ ജീവിതം ജേക്കബിനും  കുടുംബത്തിനും അത്ര പ്രശ്ന രഹിതമായിരുന്നില്ല. അവർ കുഴിച്ച കിണറിലെ വെള്ളം വറ്റിപ്പോയി. വിളവെടുപ്പ് കഴിഞ്ഞ സമയത്ത്   വാങ്ങാമെന്ന് ഏറ്റവർ ഓർഡർ ക്യാൻസൽ ചെയ്തു. മുത്തശ്ശിയാവട്ടെ സ്ട്രോക്ക് വന്ന് തളർന്നു പോയി. ആശുപത്രി ചികിത്സക്ക് ശേഷം അവർ കഷ്ടിച്ചു നടക്കാൻ തുടങ്ങുന്നുണ്ട്.  ജേക്കബിന്റെ ഫാം ജോലിക്കാരനായ പോൾ ഈ സമയത്തെല്ലാം  അയാൾക്ക്  മാനസികമായി ധൈര്യം കൊടുക്കുന്നുണ്ട്.  എങ്കിലും ഈ കഷ്ടപ്പാടുകളെല്ലാം ജേക്കബ് മോണിക്ക ദമ്പതിമാരുടെ ജീവിതത്തിൽ വിള്ളൽ വീഴ്ത്തുന്നുണ്ട്.

ഒരു ദിവസം ജേക്കബും കുടുംബവും മുത്തശ്ശിയെ വീട്ടിൽ തനിച്ചാക്കി നഗരത്തിലേക്ക് യാത്രയാവുന്നു. ഡേവിഡിനെ ഡോക്ടറെ കാണിക്കുക, ജേക്കബിന്റെ പച്ചക്കറിക്ക് പുതിയ വിപണി കണ്ടെത്തുക എന്നിവയായിരുന്നു യാത്രയുടെ ഉദ്ദേശം. ഡേവിഡിന്റെ ഹൃദയത്തിന്റെ പ്രശ്‌നം അവൻ വലുതാവുന്നതിനനുസരിച് സ്വയം ശരിയാവുന്നുണ്ട് എന്നത് മോണിക്കക്ക് വളരെ ആശ്വാസമാവുന്നു. പുതിയ ഒരു വ്യാപാരി പച്ചക്കറി എടുക്കാമെന്ന് പറഞ്ഞത് ജേക്കബിനും ആശ്വാസമാവുന്നുണ്ട്. എന്നിരുന്നാലും ജേക്കബ് കുടുംബത്തേക്കാളേറെ ഫാർമിംഗിന് മുൻ‌തൂക്കം കൊടുക്കുന്നു എന്നത് അവരുടെ കുടുംബ ജീവിതം തകർച്ചയുടെ വക്കിലെത്തിക്കുന്നു.  തിരിച്ചു വീട്ടിലേക്ക് പോകുന്ന അവരെ മറ്റൊരു ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു.

അതീവ ലളിത സുന്ദരമായ ഈ ചിത്രത്തിൽ രസകരവും ഉദ്വേഗ ജനകവുമായ നിരവധി മുഹൂർത്തങ്ങളുണ്ട്. അരപ്പിരി ഇളകിയ  ഫാം ജോലിക്കാരൻ പോൾ ചിത്രത്തിലുടനീളം നർമം വിതറുന്നു. ഡേവിഡിന്റേയും മുത്തശ്ശിയുടെയും അസുഖങ്ങൾ നൊമ്പരങ്ങളും. എങ്കിലും എടുത്തുപറയേണ്ടത് യുൻ യൂജംഗിന്റെ അഭിനയം തന്നെ.

ഏതു പ്രതികൂല ചുറ്റുപാടിലും തഴച്ചു വളരുന്ന മിനാരിയെ  സംവിധായകൻ പറിച്ചു നടപ്പെട്ട ജേക്കബിന്റെ കുടുംബത്തിന്റെ  കഥ പറയുവാൻ നല്ലൊരു പ്രതീകമായി ഉപയോഗിച്ചിരിക്കുന്നു. ലളിത സാധാരണമായ ഒരു കഥ പറയുന്ന ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്കുയർത്തുന്നതും ഈ പ്രതീകം തന്നെ.


Thursday, June 17, 2021

 

MANK 

(ഓസ്കാർ വസന്തം – 2021)

Spoiler Alert: Contains part of the film story


Picture courtesy

ഏറ്റവും നല്ല സിനിമാറ്റോഗ്രഫിക്കും പ്രൊഡക്ഷൻ ഡിസൈനിനും 2021 ലെ  അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ ചിത്രമാണ് "മാൻക്" . വിവിധ ഇനങ്ങളിലായി 10 നോമിനേഷനുകൾ ഉണ്ടായിരുന്നു ഈചിത്രത്തിന്. ആയിരത്തി തൊള്ളായിരത്തി മുപ്പത് - നാല്പതുകളിലെ ഹോളിവുഡ് സിനിമാ രംഗമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. 1941 ൽ പുറത്തിറങ്ങിയ "സിറ്റിസൺ കെയ്ൻ" എന്ന ചിത്രത്തിന്റെ രചയിതാവ് ഹെർമൻ മാൻകിവിക്സിന്റെ (Herman J. Mankievicz, മാൻക് എന്ന ചുരുക്കപ്പേര്) ജീവിതത്തിൽ നിന്നുള്ള ഒരു കാലഘട്ടമാണ് സംവിധായകനായ ഡേവിഡ് ഫിഞ്ചറും അദ്ദേഹത്തിന്റെ പിതാവും തിരക്കഥാ രചയിതാവുമായ ജാക്ക് ഫിഞ്ചറും രസകരമായി പ്രതിപാദിക്കുന്നത്. (1990 ൽ ജാക്ക് ഫിഞ്ചർ എഴുതിയ തിരക്കഥ 2020ൽ അദ്ദേഹത്തിന്റെ മരണ ശേഷമാണു ചിത്രമാവുന്നത്).

പഴയകാല ഹോളിവുഡ് പശ്ചാത്തലത്തിൽ അടുത്തകാലത്താണ് " Once upon a time in Hollywood " എന്ന ചിത്രം പുറത്തിറങ്ങിയത്. അതുപോലെ തന്നെ തെന്നിന്ത്യൻ താരങ്ങളായ സാവിത്രിയുടെയും ജമിനി  ഗണേശന്റേയും കഥ പറഞ്ഞ "മഹാനടി" എന്ന ചിത്രവും. കലാപരമായി മികവ് പുലർത്തിയെങ്കിലും വർണ ചിത്രങ്ങളായതിനാൽ  യഥാർത്ഥത്തിൽ കഥ നടക്കുന്ന കാലത്തിന്റെ പ്രതീതി പ്രേക്ഷകരിലുയർത്താൻ ഇവക്കായില്ല. ഇവിടെയാണ് മാൻക് എന്ന ചിത്രം വ്യത്യസ്തമാവുന്നത്. ഏകദേശം നൂറു വർഷങ്ങൾക്കു മുൻപുള്ള ഹോളിവുഡ് അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടി ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കുവാൻ തീരുമാനിച്ച അണിയറ പ്രവർത്തകരുടെ വകതിരിവ് ശ്‌ളാഘനീയം   തന്നെ.

ഒരു കാർ ആക്സിഡന്റിൽ അകപ്പെട്ട് കിടപ്പിലായ മാൻക് RKO കമ്പനിക്കുവേണ്ടി  തിരക്കഥയെഴുതുവാനായി വാടക വീട്ടിൽ വരുന്നിടത്താണ് ചിത്രം തുടങ്ങുന്നത്.  ടൈപ്പ് ചെയ്യുവാൻ റീത്ത എന്ന ഒരു അസ്സിസ്റ്റന്റും ശുശ്രുഷിക്കുവാനായി ഒരു നഴ്സും കൂടെ ഉണ്ട്.   ഓർസൺ വെൽസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. അറുപത് ദിവസം കൊണ്ട് തിരക്കഥ പൂർത്തിയാക്കിതരണം എന്ന് അയാൾ നിർബന്ധം പിടിക്കുന്നു. എഴുതി തുടങ്ങിയപ്പോൾ തന്നെ അത് കാലിഫോർണിയയിലെ വൻ ബിസിനെസ്സ്കാരനും മാധ്യമ മുതലാളിയും രാഷ്ട്രീയക്കാരനുമായ വില്യം റാൻഡോൾഫ് ഹെർസ്റ്റിന്റെ ( William Randolph Hearst) ജീവിത കഥയാണെന്ന് റീത്തക്കു മനസ്സിലായി. ഹോളിവുഡ് സിനിമാരംഗവുമായുള്ള മാൻകിന്റെ ബന്ധം ഇടവിട്ടുള്ള ഫ്ലാഷ് ബാക്കിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ആരോടും വെട്ടിത്തുറന്നു സംസാരിക്കുകയും ആരുടെ മുൻപിലും തലകുനിക്കാതിരിക്കുകയും ചെയ്യുന്ന മാൻകിന് എംജിഎം സ്റ്റുഡിയോ പാർട്ടണർ ആയ മേയറോടും വില്യം ഹെർസ്റ്റിനോടും പ്രശസ്‌ത നടിയായ മാറിയോൺ  ഡേവിസിനോടും അടുത്ത ബന്ധമുണ്ടായിരുന്നു. പ്രായത്തിൽ അന്തരമുണ്ടെങ്കിലും ഹെർസ്റ്റിന്റെ ഗേൾ ഫ്രണ്ട് ആയിരുന്നു മാറിയോൺ. സരസമായി സംസാരിക്കുന്ന മാൻകിനെ അവർക്കെല്ലാം വളരെ ഇഷ്ടമായിരുന്നു. എന്നാൽ കടുത്ത രാഷ്ട്രീയ നിലപാടുകളും അതിരുകവിഞ്ഞ മദ്യപാനവും ആരെയും കൂസാതെ തുറന്ന അഭിപ്രായ പ്രകടനവുമെല്ലാം മാൻകിന്റെ സുഹൃത്തുക്കളെ വെറുപ്പിച്ചു. ഒരിക്കൽ മേയറും മാറിയോണും ഹെർസ്റ്റും പങ്കെടുക്കുന്ന ഒരു അത്താഴ  വിരുന്നിൽ  അളവിൽ     കവിഞ്ഞു  മദ്യപിച്ച  മാൻക്  ക്ഷണിക്കപ്പെടാത്ത  അതിഥിയായെത്തി ഹെർസ്റ്റിനെ കോളുവെച്ച്   ഒരു കഥ പറഞ്ഞ് വിരുന്ന് അലങ്കോലപ്പെടുത്തുന്നുണ്ട്. ഇത്തരം ചെയ്തികൾ കാരണം നല്ല തിരക്കഥാകൃത്തായിട്ടുകൂടി അയാൾക്ക്‌ MGM സ്റ്റുഡിയോയിലെ ജോലി  നഷ്ടപ്പെടുന്നു.

തുടർച്ചയായ മദ്യപാനത്തിനും  അലസതക്കും   ഒടുവിൽ   അറുപത് ദിവസത്തിനകം  മാൻക് തിരക്കഥ പൂർത്തിയാക്കുക തന്നെ ചെയ്യുന്നു. എന്നാൽ ഹെർസ്റ്റിനെ പ്രകോപിപ്പിക്കുമെന്നതിനാൽ കഥ മാറ്റിയെഴുതുവാൻ മാൻകിന്റെ സഹോദരൻ അയാളെ ഉപദേശിക്കുന്നു. അത് മാൻക് ഇതുവരെ എഴുതിയിട്ടുള്ളതിൽ ഏറ്റവും മികച്ച തിരക്കഥയാണെങ്കിലും.  ആ തിരക്കഥ ചിത്രമാക്കരുതെന്നു മാറിയോണും മാൻകിനോട് പറയുന്നു. ശ്രമിച്ചാൽ അത് തടയുമെന്നും. എന്നാൽ മാൻക് അതിനൊന്നും വഴങ്ങുന്നില്ല. ഒടുവിൽ സമ്മർദ്ദങ്ങൾക്കൊന്നും വഴങ്ങാതെ ഓർസെൻ ആ തിരക്കഥ സ്വന്തമായി ചെയ്യുന്ന ചില മാറ്റങ്ങളോടെ സിനിമയാക്കാൻ തന്നെ തീരുമാനിക്കുന്നു.  തിരക്കഥയുടെ ക്രെഡിറ്റ് തനിക്ക് വേണമെന്ന് ശഠിക്കുന്ന മാൻകിനോട് ഓർസെൻ കലഹിക്കുന്നുണ്ടെങ്കിലും ഒടുവിൽ ക്രെഡിറ്റ് രണ്ടു പേരും പങ്കിടുന്നു. 1942 ൽ തിരക്കഥയ്ക്കുള്ള ഓസ്കാർ ഒർസനും മാൻകും പങ്കിടുന്നു. അവാർഡ് ദാന ചടങ്ങിൽ രണ്ടുപേരും പങ്കെടുക്കുന്നില്ലെങ്കിലും പിന്നീട് മാധ്യമങ്ങളോട് മാൻക് പറയുന്നുണ്ട് ഇത് തന്റെ മാത്രം രചനയാണെന്ന്. എന്നാൽ ഹോളിവുഡ് ചരിത്രത്തിൽ ഒരു നാഴിക കല്ലായി കണക്കാക്കപ്പെടുന്ന 'സിറ്റിസൺ കെയ്ൻ' എന്ന ചിത്രത്തിന്റെ തിരക്കഥയുടെ ക്രെഡിറ്റ് രണ്ടുപേരുടെയും പേരിലാണ് രേഖപ്പെടുത്തപ്പെട്ടത്.   

ഇരുളും വെളിച്ചവും മനോഹരമായി ഇഴചേർത്ത് അതിശയകരമായ വിധത്തിലാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിലാവുദിച്ച രാവിൽ മാൻകും മാറിയോണും പാർട്ടിക്കിടയിൽ നടക്കാൻ പോകുന്ന രംഗം; MGM ഓഫീസിൽ മാൻകും എക്സിക്യൂട്ടീവ് താൽബെർഗും സംസാരിക്കുന്ന സീനിൽ ജനലിലൂടെ, വെനീഷ്യൻ ബ്ലൈൻഡിലൂടെ, പ്രഭാത കിരണങ്ങൾ അരിച്ചിറങ്ങുന്നത്; ഇങ്ങനെ മനോഹരമായ ഒട്ടേറെ രംഗങ്ങൾ ഒരുക്കിയിട്ടുണ്ട് ഛായാഗ്രാഹകനായ എറിക് മെസ്സർഷ്മിഡ്റ് (Eric Messerschmidt). ഛായാഗ്രാഹകനും എൺപത്  വർഷം മുൻപുള്ള ഹോളിവുഡ് അന്തരീക്ഷം സൃഷ്ടിച്ചെടുത്ത കലാസംവിധായകനും പുരസ്‌കാരം നേടിയതിൽ അത്ഭുതമില്ല തന്നെ.

മാൻകിന്റെ റോളിൽ ഗാരി ഓൾഡ്മാൻ അവിസ്മരണീയമായ അഭിനയമാണ് കാഴ്ചവെച്ചത്. മാൻകിന്റെ സരസമായ സംഭാഷണവും അതിനനുസരിച്ച മുഖ ഭാവങ്ങളും മദ്യ ലഹരിയിൽ മത്തുപിടിച്ച രംഗങ്ങളും എല്ലാം രസകരം തന്നെ. സംഭാഷണമില്ലാത്ത, അംഗ വിക്ഷേപങ്ങൾ മാത്രമുള്ള ചില രംഗങ്ങളും ഓർമയിൽ തങ്ങി നിൽക്കും. ഉദാഹരണത്തിന് ഭാര്യ സാറ താൻ ഇനിമുതൽ 'പാവം സാറ' എന്ന് വിളിക്കപ്പെടരുത് എന്ന് പറയുന്ന രംഗം. പക്ഷെ  മുൻപൊരിക്കൽ അഭിനയത്തിന് ഓസ്കാർ ലഭിച്ചിട്ടുള്ള ഓൾഡ്‌മാൻന്  ഇപ്രാവശ്യം നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും  പുരസ്‌കാരം ലഭിക്കുകയുണ്ടായില്ല.

അധികം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കാണുവാൻ ഇടവന്നിട്ടില്ലാത്ത പുതിയ തലമുറക്ക് ഈ ചിത്രം ഒരു വ്യത്യസ്ത അനുഭവമായിരിക്കും. എൺപതു വർഷങ്ങൾക്ക് മുൻപ് ഹോളിവുഡിലെയും അമേരിക്കൻ രാഷ്ട്രീയത്തിലെയും പല യഥാർത്ഥ വ്യക്തിത്വങ്ങളും കടന്നു വരുന്നതിനാൽ കലാ പ്രേമികൾക്ക് മാത്രമല്ല, ചരിത്രാന്വേഷികൾക്കും ഈ ചിത്രം ഒരു ആസ്വാദ്യകരമായ അനുഭവമായിരിക്കും. റിലീസ് നെറ്റ്ഫ്ലിക്സിൽ.

(മികച്ച സപ്പോർട്ടിങ് നടിക്കുള്ള അവാർഡ് ലഭിച്ച 'മിനാരി' എന്ന ചിത്രത്തിന്റെ ആസ്വാദനം, പിറകെ).

 


Thursday, June 10, 2021

 

ഓസ്കാർ വസന്തം – 2021

(Another Round - Film Review)

 Spoiler Alert: Contains part of the film story


Picture courtesy


2021 ലെ അക്കാദമി അവാർഡുകൾക്കായി നോമിനേറ്റ് ചെയ്യപ്പെട്ടവയും വിവിധ ഇനങ്ങളിൽ പുരസ്‌കാരം ലഭിച്ചവയുമായ ചിത്രങ്ങളുടെ വസന്ത കാലം ഇതാ വന്നെത്തിയിരിക്കുന്നു, ഓ ടി ടി പ്ലാറ്റുഫോമുകളിൽ. സിനിമ കാണുവാനായി തീയേറ്ററുകളെ മാത്രം ആശ്രയിച്ചിരുന്ന കാലത്ത് സിനിമ പ്രേമികൾക്ക് ഈ സിനിമകൾ പലതും കാണുവാൻ അവസരം ലഭിക്കാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി എല്ലാവർക്കും മികച്ച വിദേശ ചിത്രങ്ങൾ ഈ പ്ലാറ്റുഫോമുകളിലൂടെ കണ്ട് ആസ്വദിക്കാം - ആസ്വാദനം തിയേറ്ററിലേതിനോളം വരില്ലെങ്കിലും.


Another Round

 

Picture courtesy


മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള അക്കാദമി അവാർഡ് ലഭിച്ച ഡാനിഷ് ചിത്രമാണ് "അനദർ റൌണ്ട്". സംവിധായകനായ തോമസ് വിന്റർബെർഗ് മികച്ച സംവിധായകനായി നോമിനേറ്റ് ചെയ്യപ്പെട്ടുവെങ്കിലും പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായില്ല. ചിത്രത്തിന്റെ രചനയിലും അദ്ദേഹം പങ്കാളിയാണ്.

മാർട്ടിൻ, പീറ്റർ, ടോമി, നിക്കോളാജ് എന്ന നാലു സുഹൃത്തുക്കൾ ഒരേ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരാണ്. അവർക്ക് ജോലിയും കുടുംബജീവിതവും ഒരുപോലെ വിരസമാവുന്ന ഒരു ഘട്ടത്തിലാണ് സിനിമ തുടങ്ങുന്നത്. ഒരു ഒത്തുചേരലിനിടെ അവർ, ഫിൻ സ്കാഡറൂദ് ( Finn Skarderude) എന്ന ഒരു സൈക്കാട്രിസ്റ്റിന്റെ, മനുഷ്യ രക്തത്തിലെ മദ്യത്തിന്റെ  അളവിനെ പറ്റിയുള്ള ഒരു നിരീക്ഷണം  ചർച്ചചെയ്യുന്നു.  രക്തത്തിൽ 0.05 ശതമാനം ആൽക്കഹോൾ നില നിർത്താനായാൽ ( Blood Alcohol Content – BAC ) അത് മനുഷ്യരെ കൂടുതൽ ക്രിയാത്മകമാക്കും എന്നും അവരുടെ മനസ്സിനെ ശാന്തമാക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ തിയറി. പൊതുവെ അവരാരും അതിനോട് യോജിക്കുന്നില്ലെങ്കിലും മാർട്ടിൻ രഹസ്യമായി അതൊന്നു പരീക്ഷിക്കുവാൻ തന്നെ തീരുമാനിക്കുന്നു. തന്റെ ക്ലാസുകൾ വേണ്ടത്ര നിലവാരം പുലർത്തുന്നില്ലെന്നും പരീക്ഷക്ക് ഉപകാരപ്രദമല്ലെന്നും കുട്ടികളും രക്ഷിതാക്കളും പരാതിയുയർത്തിയതും വീട്ടിൽ ഭാര്യയുമായുള്ള മാനസിക അകൽച്ചയും അയാളെ വല്ലാത്ത സമ്മർദ്ദത്തിലാക്കിയിരുന്നു.

രാവിലെ  രഹസ്യമായി മദ്യപിച്ച്  ശ്വാസം ബ്രീത് അനലൈസറിൽ പരിശോധിച്ച് BAC 0.05% ആണെന്ന് ഉറപ്പുവരുത്തിയാണ് അയാൾ ക്ലാസ്സിൽ കയറുന്നത്.  അത്ഭുതമെന്നു പറയട്ടെ എന്നയാൾക്ക് മുന്പില്ലാത്ത വിധം വിദ്യാർത്ഥികളുടെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റുന്ന വിധത്തിൽ ക്ലാസ്സെടുക്കുവാനായി.  ഈ വിവരം അറിഞ്ഞതോടെ  മറ്റു മൂന്നു പേരും ജോലിക്കു മുൻപ് മദ്യപിക്കുന്ന പരീക്ഷണത്തിനൊരുങ്ങി. അങ്ങിനെ അവർ നാലു പേരും സൈക്കാട്രിസ്റ്റിന്റെ തിയറിയിൽ വിജയം കണ്ടു. മാത്രവുമല്ല അവരുടെ കുടുംബ  ഇടപെടലുകളും സ്നേഹ ബന്ധവും എല്ലാം വളരെയധികം മെച്ചപ്പെട്ടു. ഒന്നാം ഘട്ടം ബി എ സി 0.05% പരീക്ഷണം വിജയമായതോടെ അവർ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ബി എ സി 0.10% ആയി ഉയർത്തിയായിരുന്നു പരീക്ഷണം. ഇത് കൂടുതൽ ഫലപ്രദമാണെന്നായിരുന്നു എല്ലാവരുടെയും അനുഭവം.  വര്ഷങ്ങള്ക്കു ശേഷം മാർട്ടിനും കുടുംബവും പിക്നിക്കിനു പോയി. ഇത്രയൂം കാലം തങ്ങൾ ജീവിതം ശരിക്കും ആസ്വദിക്കാതെ വെറുതെ പാഴാക്കിയല്ലോ എന്ന് അയാളും ഭാര്യയും പരിതപിച്ചു.

എന്നാൽ ഇതോടൊപ്പം തന്നെ മറ്റു ചില പ്രശ്നങ്ങളും ഉയർന്നു വരുന്നുണ്ടായിരുന്നു. സ്കൂളിൽ പലയിടത്തുനിന്നും  ഒഴിഞ്ഞ  മദ്യ കുപ്പികൾ കണ്ടെടുത്തത് വലിയ പ്രശ്നമായി. ടോമി തികച്ചും മദ്യപാനിയായി മാറിപ്പോയി. എല്ലാവർക്കും മദ്യാസക്തി കൂടുകതന്നെയായിരുന്നു. ഒരുദിവസം നിക്കോളാജിന്റെ പിറന്നാൾ പാർട്ടിയിൽ അവർ ബോധം നഷ്ടപ്പെടുന്നതുവരെ മദ്യപിക്കുവാൻ തീരുമാനിക്കുന്നു. ആദ്യം നിരസിക്കുന്നുണ്ടെങ്കിലും മാർട്ടിനും ആ പ്രലോഭനം ചെറുക്കുവാൻ ആകുന്നില്ല. അതോടെ അവരുടെയെല്ലാം ജീവിതങ്ങൾ ദുരന്തത്തിലേക്ക് നീങ്ങുന്നതാണ്  നാം പിന്നീട് കാണുന്നത്. ടോമിയുടെയും മാർട്ടിന്റെയും കഥയിൽ പലതും പ്രേകഷകരുടെ ഭാവനക്ക് വിട്ടുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.  

തുടക്കത്തിൽ നിരുപദ്രവകാരിയായി തോന്നുന്ന മദ്യപാനം ക്രമേണ എങ്ങിനെ മദ്യപന്മാരുടെയും കുടുംബങ്ങളുടെയും ദുരന്തത്തിൽ അവസാനിക്കുന്നു എന്ന സോദ്ദേശപരമായ  ഒരു സന്ദേശം ഈ ചിത്രത്തിൽ അടങ്ങിയിരിക്കുന്നു. എന്നാൽ അത് കേവലം ഒരു സാമൂഹ്യ പ്രസക്തിയിൽ ഒതുക്കി ഡോക്യുമെന്ററി തലത്തിലേക്ക് താഴ്ത്താതെ ശ്രദ്ധിച്ചിട്ടുണ്ട് സംവിധായകൻ. നാല് അധ്യാപർക്കും ഇടയിലുള്ള സുഹൃദ് ബന്ധം, മാർട്ടിന്റെയും നിക്കോള്ളാജിന്റെയും കുടുംബ ബന്ധങ്ങൾ, ടോമിയും അല്പം അന്തർ മുഖനായ ഒരു വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം, ആത്മ വിശ്വാസമില്ലാത്ത വിദ്യാർത്ഥിയെ പീറ്റർ വിജയത്തിലെത്തിക്കുന്നത് തുടങ്ങി ഒട്ടേറെ രസകരവും വികാരഭരിതവുമായ  രംഗങ്ങൾ കോർത്തിണക്കിയിട്ടുണ്ട് തിരക്കഥയിൽ.   ഡാനിഷ് താരങ്ങൾ എല്ലാവരും തന്നെ നല്ല അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. മികച്ച ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും എല്ലാം ഒത്തുചേർന്ന  ഈ ചിത്രം തികച്ചും ആസ്വാദ്യകരം തന്നെ. റിലീസ് ആമസോൺ പ്രൈമിൽ.

(മികച്ച ഛായാഗ്രഹണത്തിനു ഓസ്കാർ നേടിയ “Mank”  എന്ന ചിത്രത്തിന്റെ ആസ്വാദനം,  പിറകെ).

Wednesday, June 2, 2021

 

ഉയരങ്ങളിൽ ചേക്കേറുന്നവർ


Photo courtesy



കല്ലും കട്ടയും നിറഞ്ഞ മൺറോഡിനു കുറുകെ ഒരു കൊച്ചരുവി മുകളിൽ നിന്നും ഒലിച്ചു വന്ന് താഴോട്ടിറങ്ങുന്നിടത്ത്   ബാങ്ക് മാനേജർ ബൈക്ക് നിറുത്തി ചുറ്റിനും നോക്കി. മനുഷ്യ വാസം തീരെ ഇല്ലാത്ത സ്ഥലം. ചുറ്റിനും പശ്ചിമ ഘട്ടം തലയുയർത്തി നിൽക്കുന്നു. സന്ധ്യയാവാറായതു കൊണ്ടാവാം മലനിരകൾക്ക് ഇരുണ്ട നീല നിറമാണ്. പടിഞ്ഞാറു നിന്നും സൂര്യ കിരണങ്ങൾ പതിക്കുന്ന കിഴക്കു വശത്തെ മലകൾക്കു മാത്രം ചെമ്പിന്റെ നിറമാണ്. ഇനിയും എത്ര പോകണമാവോ മേരിയുടെ വീടെത്താൻ. എന്തായാലും ഇനി ഈ കല്ലുകൾക്ക് മുകളിലൂടെ ബൈക്ക് പോകുമെന്ന് തോന്നുന്നില്ല. നടന്നു നോക്കുക തന്നെ. കണ്ണപ്പൻ കുണ്ടിൽ നിന്നും മല കയറി ഇതുവരെ വന്നിട്ട് തന്നെ നടുവൊടിഞ്ഞ പോലെ തോന്നുന്നു. ഇനി ഏതായാലും നിരപ്പായ സ്ഥലമാണ്. വയനാട് റോഡിലെ ലക്കിടിക്കു തുല്യമായ ഉയരത്തിൽ എത്തി എന്ന് തോന്നുന്നു. 

ഏറെ നാളായി അയാൾ മേരിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുന്നേ അവർ ബാങ്കിൽ നിന്നും എടുത്ത ലോണാണ് അടവ് മുടങ്ങി കിട്ടാക്കടമായി കിടക്കുന്നത്.  തിരിച്ചടവിനു ഇനിയും സമയം കിട്ടണമെങ്കിൽ അതിനായുള്ള ഫോറം ഒപ്പിട്ടു വാങ്ങണം. അല്ലെങ്കിൽ ഇപ്പോൾ തന്നെ കോടതിയിൽ കേസാക്കണം.  മറ്റു പോംവഴിയില്ലെങ്കിൽ അത് ചെയ്യുക തന്നെ. എന്നാലും ബുദ്ധിമുട്ടോർത്ത് ബാങ്ക് മാനേജർ, ( ഇനി  നമുക്കിയാളെ സൗകര്യത്തിനായി ബിഎം എന്ന് ചുരുക്കി വിളിക്കാം ), ഓ കെ, ബി എം, ഒരു അവസാന ശ്രമം കൂടി നടത്തുവാൻ തീരുമാനിച്ചതായിരുന്നു. ബാങ്കിൽ നിലവിലുള്ള അഡ്രസ് കണ്ണപ്പൻകുണ്ടിലേതായിരുന്നു. അയച്ച രേജിസ്റെർഡ് നോട്ടീസ് മടങ്ങി വന്നു. കണ്ണപ്പൻ കുണ്ടിലുള്ള ചില ഇടപാടുകാരോട് അന്വേഷിച്ചു. ആർക്കും വ്യക്തമായി അറിയില്ല. പിന്നീടാണ് മേരിയുടെ ഫോട്ടോ കാണിച്ച് അങ്ങാടിയിൽ അന്വേഷിച്ചത്. അപ്പോഴാണ്  അവർ വീടും സ്ഥലവുമെല്ലാം വിറ്റ് മലമുകളിലെവിടെയോ സ്ഥലം വാങ്ങി താമസം മാറിയ വിവരം ഒരാൾ പറഞ്ഞ് അറിയുന്നത്.  ബി എം അയാളുടെ ജോലിയെ പഴിക്കുന്ന അപൂർവ അവസരങ്ങളിൽ ഒന്നായിരുന്നു അത്. ഏതായാലും മല കയറി ഒരു ശ്രമം നടത്തുവാൻ തന്നെ അയാൾ തീരുമാനിക്കുകയായിരുന്നു.

അരുവിയിൽ അവിടവിടെ പൊങ്ങി കിടന്ന കല്ലുകളിൽ ചവുട്ടി ഷൂ നനയാതെ ഒരു വിധം മറുപുറം കടന്നു. ചക്രങ്ങളുടെ രണ്ടു ചാലൊഴിച്ചാൽ ബാക്കി മുഴുവനും പുല്ലും കടും കയറി കിടക്കുന്ന വഴി. കാലങ്ങൾക്കു മുൻപ് എന്നെങ്കിലും ഉരുൾ പൊട്ടി ഒലിച്ചിറങ്ങിയ വഴിയായിരിക്കണം ഇത്.  ഇരു വശത്തുമുള്ള കാടുകളിൽ  നിന്നും പലതരം ജീവികളുടെ ശബ്ദങ്ങൾ ഉയരുന്നുണ്ടായിരുന്നു.  ചുറ്റിനും മല നിരകൾ ഉയർന്നും താഴ്ന്നും അയാളെ ചൂഴ്ന്നു നിന്നു. കാടിന്റെ ഗന്ധം  ഉള്ളിലേക്കാവാഹിച് അയാൾ നടക്കുവാൻ തുടങ്ങി. 

മുൻപ് ഒരു  ദിവസം എടുത്തുവെച്ചകല്ല് എന്ന സ്ഥലത്ത് ഇതുപോലെ ഒരാവശ്യത്തിന് പോയതായിരുന്നു.  നാലുമണി  കഴിഞ്ഞ സമയം. താഴെ അങ്ങാടിയിൽ നിന്നും ദൈനംദിന അവശ്യ സാധനങ്ങളുമായി പ്രായമായവരും സ്കൂൾ വിട്ടു പുസ്തക സഞ്ചിയും തൂക്കി  ചെറിയ  കുട്ടികളും മല കയറുന്നത് അയാളെ അമ്പരപ്പിച്ച കാഴ്ചയായിരുന്നു. ഇവിടങ്ങളിൽ താമസമാക്കിയവർക്ക് പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാൽ...! മല കയറുവാൻ പ്രത്യേക ഗിയറുകളുള്ള ജീപ്പ് മാത്രമായിരിക്കും ഇത് വഴി വരുന്നത്.  താഴെ കണ്ണപ്പൻകുണ്ടിലെത്തി താമരശ്ശേരിയോ കോഴിക്കോടോ എത്തുമ്പോഴേക്കും.....കഷ്ടം തന്നെ. താഴെ കണ്ണപ്പൻകുണ്ടിൽ ഉള്ള വീട് വിറ്റ് മേരി എന്തിന്  ഇതുപോലൊരെ സ്ഥലത്തു വന്നു കൂടി? അയാൾക്ക്‌ ആശ്ചര്യം തോന്നി.

താൻ കഷ്ടപ്പെട്ട് ഇത്ര ദൂരം വന്ന് ഇനി കാര്യം നടക്കാതെ  വരുമോ? അയാൾ ഭയന്നു. അത്തരം സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. കുറച്ചു ദിവസം മുൻപായിരുന്നു ചാക്കോ എന്ന ഒരാളെ അന്വേഷിച്ചു പോയത്. പോസ്റ്റ് കാർഡ് അയച്ചും രജിസ്റ്റർഡ് കത്തയച്ചും അയാൾ ബാങ്കിൽ വന്നില്ല. അയൽക്കാരോട് വിവരം പറഞ്ഞയച്ചു. എന്നിട്ടും വന്നില്ല. ഒടുവിൽ ബി എം മല (ഈ മലയല്ല, മറ്റൊരു മല) കയറി   വീട്ടിൽ ചെന്നപ്പോൾ അയാളില്ലായിരുന്നു.

അയാളൊരു കുഴപ്പക്കാരനാ സാറെ. രാവിലെ ആറ് മണിക്ക് ചെന്നാൽ റബ്ബർ തോട്ടത്തിൽ വെട്ടുന്നുണ്ടാവും. അപ്പോൾ പോയി പിടികൂടാം”.  അയാളുടെ ഒരു അയൽക്കാരനായിരുന്നു ഉപദേശിച്ചു തന്നത്. അങ്ങിനെ ഒരു ഹർത്താൽ  ദിവസം അതി രാവിലെ  ബി എം പകുതി ദൂരം ബൈക്കിലും ബാക്കി നടന്നും വീണ്ടും അയാളുടെ വീട്ടിലെത്തി. നേരം വെളുത്തു വരുന്നേയുള്ളൂ. ലുങ്കിയും ബനിയനും തലയിൽ ലൈറ്റുമായി ചാക്കോ ഒരു മരത്തിൽ നിന്നും അടുത്ത മരത്തിലേക്കു ധൃതിയിൽ പോവുന്നത് ബി എം വീട്ടു മുറ്റത്തു നിന്ന് കണ്ടു.

"ചേട്ടാ..."

ബി എം വിളിച്ചപ്പോൾ അയാൾ കയറി വന്നു. ആദ്യമായായിരുന്നു ബി എം അയാളെ കാണുന്നത്. എങ്കിലും ഫോട്ടോ പലവട്ടം കണ്ടിട്ടുള്ളതിനാൽ മുഖം സുപരിചിതമായിരുന്നു. സ്വയം പരിചയപ്പെടുത്തി ബി എം കാര്യം പറഞ്ഞു.

" ചേട്ടന് ബാങ്കിലൊരു ലോണുണ്ടല്ലോ. അതിന്റെ കാലവുധി നീട്ടാനാണ് ഈ കടലാസിലൊന്നു ഒപ്പിട്ടു തരണം." ബി എം തോൾ ബാഗിൽ നിന്നും ഫോറം എടുത്തു നീട്ടി.

അതി രാവിലെ ഒരു അജ്ഞാത വിരുന്നുകാരനെ കണ്ട ആകാംക്ഷ  അപ്പോഴേക്കും അയാളുടെ മുഖത്ത് നിന്നും മാറിയിട്ടുണ്ടായിരുന്നു.

"ഇത് എന്നാത്തിനാ..?" അയാളുടെ ശബ്ദത്തിലെ ഗൗരവം ബിഎമ്മിനെ ചെറുതായി ഒന്ന് ഞെട്ടിച്ചു.

"ഇത് ഒപ്പിട്ടു കിട്ടിയാലേ തിരിച്ചടവിനു ഇനി സമയം കിട്ടുകയുള്ളു. ഇല്ലെങ്കിൽ കേസ് കൊടുക്കേണ്ടിവരും." ബി എം കഴിയുന്നത്ര ഭവ്യതയോടെയായിരുന്നു പറഞ്ഞത്. എങ്ങിനെയെങ്കിലും കാര്യം നടക്കേണ്ടേ...

" റബറിന്റെ വിലയെല്ലാം സാറിനറിയാലോ.  അടക്കാനൊന്നും നിവർത്തിയില്ല. വല്യേ കോടീശ്വരന്മാരുടെയെല്ലാം കോടികൾ എഴുതി തള്ളുന്നുണ്ടല്ലോ.. ആദ്യം സാറ് പോയി വിജയ് മല്ലയ്യടെ ഒപ്പു വാങ്ങീട്ടു വാ. എന്നിട്ടു ഞാൻ ഒപ്പിടാം."

അയാൾ തോട്ടത്തിലേക്ക് ഇറങ്ങി പോയി.

ബി എം കുറച്ചു നേരം തരിച്ചു നിന്നു. പിന്നെ കയറിയ പോലെ മലയിറങ്ങി. പക്ഷെ കയറുന്നതിനേക്കാൾ കിതപ്പിലായിരുന്നു ഇറക്കം. സാമാന്യം വലിയ തുകയ്ക്കുള്ള ലോണാണ്. ചാക്കോ ഒപ്പിടാത്ത സ്ഥിതിക്ക് അയാളുടെ   ഓർമ്മ ശരിയാണെങ്കിൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കേസ് കൊടുക്കേണ്ടിവരും. അതിനുള്ളിൽ മുകളിൽ നിന്നുള്ള അനുമതി വാങ്ങണം, പേപ്പറുകൾ വക്കീലിന് കൊടുക്കണം ....ഹർത്താൽ  കാരണം അന്നൊന്നും നടക്കില്ല. പിറ്റേദിവസമാണെങ്കിൽ അയാൾക്കൊരു മുഴുവൻ ദിവസ മീറ്റിങ്ങുണ്ട്. ഒഴിവാക്കാൻ പറ്റാത്തത്‌. ഇത്രയും വൈകിച്ചതിനു മേലധികാരിയുടെയും വക്കീലിന്റെയും എല്ലാം ശകാരം കേൾക്കേണ്ടി വരും; തീർച്ച!  ചാക്കോ ഇന്ന് വരും നാളെ വരും എന്ന് കാത്തിരുന്നതിന്റെ ഫലം! ഇൻഷുറൻസ്, ഡിജിറ്റൽ ബാങ്കിങ്, ഡെപ്പോസിറ്റ്  തുടങ്ങി മറ്റു ത്രൈമാസിക ബിസിനെസ്സ് ടാർഗെറ്റുകളുടെ പിറകെ പോയി ദിവസങ്ങൾ കൊഴിഞ്ഞു വീണത് അറിഞ്ഞില്ല. അവയെല്ലാം ചെയ്യിക്കുവാൻ മുകളിൽ ആളുണ്ടായിരുന്നു.സമ്മർദ്ദമുണ്ടായിരുന്നു. ഇതാവട്ടെ തന്റെ മാത്രം ഉത്തരവാദിത്വവും. തുടർന്ന് ഉറക്കമില്ലാത്ത രാത്രികളായിരുന്നെങ്കിലും അവസാന ദിവസം ഒരു വിധത്തിൽ കേസ് ഫയൽ ചെയ്യുക   തന്നെ ചെയ്തു.

ആലോചനയിൽ മുഴുകി നടക്കുമ്പോൾ പെട്ടെന്നായിരുന്നു ഉച്ചത്തിൽ ഒരു വന്യ മൃഗത്തിന്റെ ശബ്ദം കേട്ട് അയാൾ ഞെട്ടി തരിച്ചു നിന്നത്. ഇതുവരെ താൻ കേൾക്കാത്ത  ശബ്ദം. ജുറാസിക് പാർക്ക് സിനിമയിലെ ദിനോസറിന്റേത് പോലെ. മുന്നോട്ടു പോണോ പിറകോട്ടു പോണോ എന്നറിയാത്ത അവസ്ഥയിലായി   അയാൾ. ഒടുവിൽ മുന്നോട്ടു തന്നെ നീങ്ങി. അല്പം കഴിഞ്ഞ് ദൂരെ നിന്നും ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്ന ശബ്ദങ്ങൾ കേട്ട് തുടങ്ങിയപ്പോൾ അയാൾക്ക്‌ ആശ്വാസമായി. താമസിയാതെ ദൂരെ പണി പൂർത്തിയാവാത്ത ഒരു വീട് അയാളുടെ ശ്രദ്ധയിൽ പെട്ടു.

വീടിന്റെ മുറ്റത്ത് അഞ്ചാറ് കോഴികൾ കൊത്തിപ്പെറുക്കി കൊണ്ടിരുന്നു. വീടിനടുത്ത് കെട്ടിയിട്ട രണ്ട് ആടുകൾ മുന്നിൽ തൂക്കിയിട്ട ചെറിയ പ്ലാവിൻ കൊമ്പിൽ നിന്നും ഇലകൾ ചവച്ചുകൊണ്ടിരുന്നു. ബി എം അടഞ്ഞു കിടക്കുന്ന മര പലകകൾ ചേർത്തുണ്ടാക്കിയ താത്കാലിക വാതിലിനു നേരെ നോക്കി  അകത്തേക്ക് വിളിച്ചു.

"ഇവിടെ ആരുമില്ലേ ..."

മുഷിഞ്ഞ വീട്ടു  വേഷവുമായി  ഒരു  മധ്യ  വയസ്ക  വാതിൽ  തുറന്ന്  പ്രത്യക്ഷപ്പെട്ടു. ഫോട്ടോയിൽ കണ്ടതിലും വളരെ കൂടുതൽ വയസ്സ് തോന്നിച്ചു മേരിക്ക്. ബി എം സ്വയം പരിചയപ്പെടുത്തി ആവശ്യം പറഞ്ഞു. ഒപ്പിടുവാനായി ഫോറം നീട്ടി. ഭാഗ്യം. മേരി വിജയ് മല്യയെയും നീരവ് മോദിയെയും പറ്റി കേട്ടിട്ടുള്ളതായി തോന്നിയില്ല. എന്തിനെന്നു പോലും ചോദിക്കാതെ വീടിന്റെ തിണ്ണയിൽ ഒരു പേപ്പറിന് മുകളിൽ ഫോറം വെച്ച്  അവർ ഒപ്പിടുവാൻ തയ്യാറായി. ചൂണ്ടി കാണിച്ച ഇടങ്ങളിൽ വിറയാർന്ന കയ്യോടെ മലയാളത്തിൽ മേരി എന്നെഴുതി 'രി' യുടെ വള്ളിയ്ക്കു മുകളിൽ ലൈറ്റനിംഗ് കണ്ടക്ടർ പോലെ ഒരു കുരിശും  വരച്ചതോടു കൂടി ബി എമ്മിന് ശ്വാസം നേരെ വീണു.

" എന്താ കണ്ണപ്പൻകുണ്ടിൽ നിന്നും ഇങ്ങോട്ടു പോന്നത്?" അയാൾ ചോദിച്ചു.

"മോക്കടെ കല്യാണത്തിന് കുറെ രൂപ വേണാരുന്നു. അതാ ആ വസ്തു വിറ്റ് കുറഞ്ഞ വിലയ്ക്ക്  ഇവിടെ വസ്തു വാങ്ങിയേ. പക്ഷെ വീട് പണി എല്ലാം തുടങ്ങിയപ്പോഴേക്കും മിച്ചം വന്ന കാശു തീർന്നു,"

" ലോൺ കുറെ കാലമായില്ലേ. പലിശയടച്ചു പുതുക്കാൻ നോക്കിക്കൂടെ? ഇനി അധികം വെച്ചിരിക്കാൻ പറ്റില്ല ". അയാൾ പറഞ്ഞു.

"വരുമാനം ഒന്നും ഇല്ല സാറെ. ചേട്ടനാണേൽ ഇപ്പോൾ അസുഖം കാരണം പണിക്കുപോകാൻ മേലാ. നോക്കട്ട്. സാറിന് കട്ടൻ എടുക്കട്ടേ?"

അയാൾ വേണ്ടെന്നു പറഞ്ഞു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. മല മുകളിൽ എപ്പോൾ വേണമെങ്കിലും മഴയും തുടങ്ങാം. തിരിച്ചു പോകേണ്ട വഴി ആലോചിച്ചപ്പോൾ അയാളിൽ നിന്നും ഒരു ദീർഘ നിശ്വാസം ഉയർന്നു. അപ്പോൾ നേരത്തെ കേട്ട ദിനോസറിന്റെ ശബ്ദം വീണ്ടും വളരെ അടുത്ത് നിന്നും  ഉയർന്നു പൊങ്ങി. അയാളുടെ പരിഭ്രമം കണ്ടിട്ടാവണം മേരി പറഞ്ഞു:

" അത് പന്നിയാണ് സാറെ. അപ്പുറത് ഒരു ചേട്ടൻ പന്നി വളർത്തുന്നുണ്ട്."

ആശ്വാസത്തോടെ അയാൾ ഇറങ്ങി. ഇരുൾ വീണ ദുർഘട വഴി അയാൾക്ക്‌ മുന്നിൽ നീണ്ടു കിടന്നു.