Saturday, June 28, 2025

 

അയലത്തെ പിറന്നാൾ





അയല്പക്കത്ത് പിറന്നാളായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ ഒരു തൂക്കുപാത്രത്തിൽ പകർച്ച എത്തി. ചക്കപ്രഥമനായിരുന്നു. ഊണുകഴിഞ്ഞിരിക്കുമ്പോൾ ഒരു ഗ്ലാസ് ബൗളിൽ സ്പൂണുമായി പ്രഥമൻ മുന്നിലെത്തി. വശ്യമായ ഗന്ധവും ചോകൊലെറ്റ് നിറവും. സൂക്ഷ്മദൃക്കുകൾക്ക് ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന നെയ്യിൽ വറുത്ത കൊട്ടത്തേങ്ങ കഷണങ്ങളെ കാണാം. വളരെക്കാലമായി കണ്ടിട്ടില്ലാത്ത കാഴ്ച, ഗന്ധം.

അയലത്തെ പിറന്നാളും ചക്ക പ്രഥമനും രണ്ട് വ്യത്യസ്ത ഓർമ്മകളെ മനസ്സിലെത്തിച്ചു. കുട്ടിക്കാലത്ത് അടുത്ത വീടുകളിൽ പിറന്നാൾ ആഘോഷങ്ങളിൽ വി ഐ പി കളായി ഞാനും അനിയനും പങ്കെടുത്തിരുന്നതാണ് അതിൽ ആദ്യത്തേത്. ഞങ്ങൾക്ക് വീട്ടിലെ പിറന്നാൾ പോലെ തന്നെയായിരുന്നു ഒരുമിച്ച് സ്കൂളിൽ പോകുന്ന മണിയുടെ വീട്ടിലെ പിറന്നാളും. അതുപോലെ തന്നെ തിരിച്ചും.

 ഊണിനു സമയമായാൽ മണി വന്നു ഞങ്ങളെ കൂട്ടിപോകും. റോഡിൽ നിന്നും അവരുടെ വീട്ടിലേക്കു കയറുന്ന അത്താണിപ്പടി മുതൽ മുറ്റം വരെ ഒരു നടവഴി ഉണ്ട്. രണ്ടു വശത്തും ധനു വൃശ്ചികം മാസങ്ങളിൽ മമ്പണി (മണ്പണി) കഴിഞ്ഞ് ചാണകം തേച്ചു വൃത്തിയാക്കിയ വരമ്പുകൾ. ആ വരമ്പുകൾക്ക് അപ്പുറത്ത് പൂത്തു നിൽക്കുന്ന നിത്യകല്ല്യാണി, ചെണ്ടുമല്ലി, വാടാമല്ലി തുടങ്ങിയ പൂക്കൾ. അല്പം ദൂരെ ആൾമറയില്ലാത്ത കിണർ. മുറ്റത്ത് ചുറ്റി നടക്കുന്ന ഒരു തടിച്ച കോഴിയമ്മയും അവളുടെ മുട്ടയിൽ നിന്നും വിരിഞ്ഞ് അധികം ദിവസമായിട്ടില്ലാത്ത, നിരന്തരം ശബ്ദിച്ചു കൊണ്ടിരിക്കുന്ന, അഞ്ചാറു കുഞ്ഞുങ്ങളും. കൂടെ അവരുടെ രക്ഷിതാവായി തലയെടുപ്പോടെ ചന്തമുള്ള ഒരു ചേവലും ഉണ്ട്. കരിമ്പനപ്പട്ട മേഞ്ഞ വീടിനരികിലെ കൂട്ടിൽ തൂക്കിയിട്ട പ്ലാവിൻ ചില്ലയിൽ നിന്നും ഒരു വെളുത്ത ആട് ആസ്വദിച്ച് ഇല പറിച്ച് തിന്നുന്നു.

മണ്പണി കഴിഞ്ഞ് വെള്ളാരം കല്ലുകൊണ്ട് ഉരച്ച് മിനുസപ്പെടുത്തിയ നിലത്ത് പായ വിരിച്ച് ഞങ്ങൾ അവനൊപ്പം ഇരിക്കും. നാക്കിലയിൽ പാറുക്കുട്ടി അമ്മായി സദ്യ വിളമ്പും. നില വിളക്കിനു മുന്നിലെ ഇലയിലും പിന്നെ ഞങ്ങൾക്കും. പേര് ഒന്നാണെങ്കിലും ഓരോ വീട്ടിലെയും കറികൾക്ക് വ്യത്യസ്ത രുചിയാണ്. എങ്കിലും വിളമ്പുന്ന അമ്മമാരുടെ സ്നേഹം ഒന്നു തന്നെ. ഊണ് കഴിഞ്ഞ് വി ഐ പി കളെ ആരെങ്കിലും തിരികെ വീട്ടിൽ കൊണ്ടുവന്നാക്കും.

ഇനി നമുക്ക് രണ്ടാം ഓർമ്മയിലേക്ക് കടക്കാം. വർഷത്തിൽ ഒരു പ്രാവശ്യം ചക്ക പ്രഥമനും ചക്ക പലഹാരവും ഉണ്ടാക്കുക എന്നത് അക്കാലത്ത് നിർബന്ധമായും വീട്ടിൽ പിന്തുടർന്നു വന്ന ഒരു ആചാരമായിരുന്നു. ബേക്കറികൾ കേട്ട് കേൾവി പോലും ഇല്ലാത്ത കാലമായിരുന്നല്ലോ. പലഹാരപ്രിയന്മാർക്ക് വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ തന്നെ ഏക ആശ്രയം.

പടിഞ്ഞാറേ തൊടിയിൽ വലിയ പ്ലാവുണ്ട്. ചക്കയുടെ ആചാരപരമായ ആവശ്യം മേടം ഒന്നാം തിയ്യതിയാണ് തുടങ്ങുന്നത്. വിഷുക്കണി കണ്ടു കഴിഞ്ഞാൽ രാവിലെ വിഷുക്കഞ്ഞി കുടിക്കണം. അതിന് അകമ്പടി സേവിക്കേണ്ടത് ചക്കപ്പുഴുക്കാണ്. പലപ്പോഴും അതിനു പാകമായ മൂത്ത ചക്ക വീട്ടിലെ പ്ലാവിലുണ്ടാവില്ല. അയല്പക്കത്തെവിടെയെങ്കിലും മൂത്തിട്ടുണ്ടെങ്കിൽ വിഷുത്തലേന്ന് ഒരു കീറെങ്കിലും വീട്ടിലെത്തും. ചക്ക കിട്ടാതെ ആചാരം മുടങ്ങിയതായി ചരിത്രത്തിൽ രേഖപ്പെടുത്തി കാണുന്നില്ല. പിന്നീട് മൂത്തു പഴുത്ത ചക്ക കിട്ടുമ്പോഴാണ് നേരത്തെ പ്രസ്താവിച്ച ആചാരങ്ങൾക്ക് തുടക്കമാവുന്നത്. പൊന്നമ്പലേട്ടൻ ഘടാഘടിയനായ ആ ചക്കയെ അടുക്കളപ്പുറത്ത് വരാന്തയിൽ വെച്ച് മഴു കൊണ്ട് നെടുകെ വിഭജിച്ച് രംഗത്തുനിന്നും പിൻവാങ്ങും. അതോടെ വീട്ടിലെയും അയല്പക്കത്തേയും സ്ത്രീകൾ രംഗപ്രവേശം ചെയ്യുകയായി.

ചക്കയ്ക്ക് മുളഞ്ഞ് ദോഷം. പക്ഷെ എന്ത് ചെയ്യാൻ! ആചാരങ്ങൾ തുടർന്നല്ലേ പറ്റൂ. ദോഷത്തെ കയ്യിൽ വെളിച്ചെണ്ണ തേച്ച് പ്രതിരോധിച്ച് ചുള വേർപെടുത്തുക തന്നെ. മടലും ചകിണിയുമെല്ലാം പിന്നീട് ചെറു കഷ്ണങ്ങളായി തൊഴുത്തിലേക്ക് പോകും. പശുവിനും പോത്തുകൾക്കുമായി.

ഒടുവിൽ സ്വർണ്ണവർണ്ണമുള്ള ചുളകൾ സ്വതന്ത്രമായി കഴിഞ്ഞാൽ ഉരുളി അടുപ്പത്ത് കയറ്റുകയായി. ശർക്കരയും നെയ്യും ചേർത്ത് ചക്കച്ചുളകൾ വരട്ടുവാൻ. വരട്ടി തണുത്തുകഴിഞ്ഞാൽ ചീന ഭരണിയിലേക്കു മാറ്റി വായ് കെട്ടിവെക്കണം. പിന്നീട് സൗകര്യം പോലെ അരിപ്പൊടിയും ഏലക്കായും മറ്റും ചേർത്ത് വാഴയിലയിലോ ഇലവർങ്ങത്തിന്റെ ഇലയിലോ പൊതിഞ്ഞ് ഇഡ്ഡ്ലി ചെമ്പിൽ അടുക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുവാൻ. പിന്നെ ഈ യജ്ഞത്തിൽ പങ്കെടുത്തവരുടെ വീടുകളിലേക്കും വീട്ടിൽ നിന്നും വിവാഹിതരായി പോയ പെൺകുട്ടികളുടെ മറുനാടൻ വീടുകളിലേക്കും എല്ലാം ഓരിവെച്ച് എത്തിക്കുവാൻ.

പലഹാരപ്പണി കഴിഞ്ഞാൽ പിന്നെ ആ വർഷത്തെ ആചാരത്തിൽ ബാക്കി ചക്ക പ്രഥമൻ മാത്രമാണ്. ഏറ്റവും ആദ്യം വരുന്ന പിറന്നാളിന് തന്നെ അതും കൂടി നിർവഹിച്ചാൽ അച്ഛമ്മയ്ക്ക് അടുത്ത ചക്ക സീസൺ വരെ ആശ്വസിക്കാം.

ഞാൻ അയലത്തെ ചക്ക പ്രഥമൻ രുചിച്ചു നോക്കി. കൊള്ളാം. നാളികേരപ്പാലും മധുരവും പാകമാണ്. പ്രധാന ആകർഷണമായ കോട്ടത്തങ്ങ കഷണങ്ങൾ ധാരാളം.

കഴിച്ചു കഴിഞ്ഞ് പുറത്തിറങ്ങി. പടിഞ്ഞാറേ തൊടിയിൽ പ്ലാവിൽ ആർക്കും വേണ്ടാതെ പകുതി അളിഞ്ഞു വീണുപോയ ചക്കകൾ ചാറ്റൽ മഴയിൽ കുതിർന്നു നിൽക്കുന്നു. ഇപ്പോൾ നിരവധി വർഷങ്ങളായി തുടരുന്ന കാഴ്ച. കയ്യെത്താവുന്ന ഉയരത്തിലുള്ള ഇടിച്ചക്ക മാത്രം പൊട്ടിച്ച് പൊടിത്തൂവൽ ഉണ്ടാക്കുന്നു. വലിയ ചക്കകൾ ആർക്കും വേണ്ട. ചക്കപ്പണി മെനക്കേട്.

ചക്കയ്ക്ക് മുളഞ്ഞു ദോഷം.

റോഡിലേക്ക് കയറിയാൽ, ടൗണിൽ പോയാൽ, എങ്ങും ബേക്കറികൾ യഥേഷ്ടം. അവയിൽ പുതിയ പുതിയ രുചികൾ. വൈവിദ്ധ്യമാർന്ന രുചികൾ. സ്വദേശിയുണ്ട്, വിദേശിയുണ്ട്. ഏതു വേണമെന്ന് തീരുമാനിച്ചാൽ മാത്രം മതി. ദോഷമില്ല.

 

No comments:

Post a Comment