ആർക്കറിയാം
Spoiler Alert: Contains part of the film story
Poster Courtesy
ദീർഘ കാലത്തെ അടച്ചിടലിനു ശേഷം സിനിമ തീയേറ്ററുകൾ കുറച്ചു ദിവസം തുറന്നു പ്രവർത്തിക്കുകയുണ്ടായല്ലോ. ഈ ഇടവേളയിൽ ഒരുപാടു ചിത്രങ്ങൾ തീയേറ്ററിൽ എത്തുകയുണ്ടായി. എന്നിരുന്നാലും സിനിമ പ്രേമികൾ എല്ലാവരും കൊറോണ ഭയം മൂലം തീയേറ്ററിൽ എത്തി എന്ന് പറയുവാൻ വയ്യ. അതിൽ തെറ്റില്ല താനും. ജീവനല്ലേ വിനോദത്തേക്കാൾ പ്രധാനം! എന്തായാലും തീയേറ്റർ പ്രദർശനം നഷ്ടമായവർക്ക് OTT പ്ലാറ്റഫോമ് ഒരനുഗ്രഹമാണ്. ഇടക്കാലത്തു റിലീസ് ആയ മിക്കവാറും ചിത്രങ്ങൾ ഇപ്പോൾ വിവിധ OTT പ്ലാറ്റുഫോമുകളിലായി റിലീസ് ചെയ്തിട്ടുണ്ട്. സാനു ജോൺ വർഗീസ് സ്വംവിധാനം ചെയ്ത "ആർക്കറിയാം" എന്ന ചിത്രം Nee Stream ലും മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത " നായാട്ട്" Net Flix ലും ഇപ്പോൾ ലഭ്യമാണ്.
മലയാള
സിനിമ ഇപ്പോൾ തികച്ചും വ്യത്യസ്തമായ
പ്രമേയങ്ങളും അവതരണ രീതികളും പരീക്ഷിച്ചു
കൊണ്ടിരിക്കുന്നത് കൗതുകകരമാണ്. സാമൂഹിക
പ്രശ്നങ്ങളും അധികാര, സാമ്പത്തിക
ദുരാഗ്രഹങ്ങളും അവയുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളും ഊരാക്കുടുക്കുകളും സാധാരണ മനുഷ്യന്റെ നിസ്സഹായതകളും എന്ന് വേണ്ട
അധികാര രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളടക്കം എല്ലാ വിഷയങ്ങളും പുതുമയോടെ
അവതരിപ്പിക്കുവാനും വേറിട്ട രീതിയിൽ നോക്കി കാണുവാനും പുതിയ തലമുറയിലെ അണിയറ
പ്രവർത്തകർ ശ്രദ്ധിക്കുന്നു. മുൻപും ഈ
വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം അതി ഭാവുകത്വവും
അതി നാടകീയതയും കലർത്തി താരപ്പൊലിമയോടെയായിരുന്നു അവതരിപ്പിക്കപ്പെട്ടത്. എന്നാൽ
ഇപ്പോൾ അവ കഴിയുന്നത്ര യഥാർത്ഥ ജീവിതത്തിന്റെ
ലാളിത്യത്തോടെ, പച്ചയായ മനുഷ്യരിലൂടെ, ലഘുവായ ദൃശ്യ പരമ്പരകളിലൂടെ ആണ് അവതരിപ്പിക്കപ്പെടുന്നത്. ഈ മാറ്റം തികച്ചും സ്വാഗതാർഹം തന്നെ. ഈ പറഞ്ഞ ആമുഖം തികച്ചും അനുയോജ്യമായ രണ്ടു
ചിത്രങ്ങളാണ് "ആർക്കറിയാം" "നായാട്ട്" എന്നിവ. ആദ്യം നമുക്ക്
ആർക്കറിയാം എന്ന ചിത്രത്തെ നോക്കാം.
ഇട്ട്യാവിര
(ബിജു മേനോൻ) എഴുപതു കഴിഞ്ഞ പഴയ കണക്കു
മാഷാണ്. മകൾ ഷേർളി ചെറിയ കൂട്ടിയായിരിക്കുമ്പോഴേ അയാളുടെ ഭാര്യ മരിച്ചു. തുടർന്ന്
ഷേർളിയെ വളർത്തിയതും വിശാലമായ പറമ്പും തൊടിയും നോക്കി നടത്തിയതും എല്ലാം അയാൾ
തനിയെ ആയിരുന്നു; അയൽക്കാരുടെ സഹകരണം ഉണ്ടെങ്കിൽ കൂടി.
ഷേർളി ( പാർവതി
തിരുവോത്ത് ) എന്നാൽ പ്രേമിച്ചതും വിവാഹം ചെയ്തതും അയാൾക്ക് തീരെ സമ്മതനല്ലാത്ത
അഗസ്റ്റിനെയായിരുന്നു. ഇട്ട്യാവിരക്കു
അഗസ്റ്റിനോടുള്ള വെറുപ്പ് ചിത്രത്തിലുടനീളം സംഭാഷണത്തിലൂടെ വ്യക്തമാവുന്നുണ്ട്.
ചിത്രത്തിന്റെ പ്രഭവ സ്ഥാനം ഈ
വെറുപ്പാണെന്നിരിക്കെ പ്രേക്ഷകന് വിശ്വസനീയമായ
രീതിയിൽ അതിനു മതിയായ കാരണങ്ങൾ നിരത്തുവാൻ തിരക്കഥാകൃത്തുക്കൾ
മിനക്കെട്ടിട്ടില്ല. അഗസ്റ്റിന്റെ മരണ
ശേഷമാണു ഷേർളി റോയിയെ വിവാഹം ചെയ്യുന്നത്. ഒരു അജ്ഞാത മൃതശരീരത്തെ, ആറു മാസത്തോളം നാട്ടിൽ നിന്ന് തിരോധാനം ചെയ്ത അഗസ്റ്റിന്റെ
മൃതശരീരമാണെന്നു ഷേർളിയും അയാളുടെ അമ്മയും കൂടി ഉറപ്പാക്കുകയായിരുന്നു. ഈ
കഥകളെല്ലാം പലപ്പോഴായുള്ള സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകരിലെത്തിക്കുന്നത്. ഒരു
സീനിലോ മറ്റോ മാത്രമാണ് അഗസ്റ്റിൻ രംഗത്ത് വരുന്നത്.
മുംബൈയിൽ
ബിസിനെസ്സ് ചെയ്യുന്ന റോയിയും ഷേർളിയും കോവിഡ് വ്യാപനത്തിന്റെ ആദ്യ കാലത്
നാട്ടിലേക്കു പുറപ്പെടുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. ലോക്ക് ഡൗണും മറ്റും
കാരണം സാമ്പത്തിക പ്രതിസന്ധിയിലായ റോയ് താൻ സുഹൃത്തിന്റെ കയ്യിൽ നിന്നും കടം
വാങ്ങിയ ഭീമമായ തുക തിരിച്ചു കൊടുക്കാനാവാത്ത മനഃപ്രയാസത്തിലാണ്. ഈ വിവരം മനസ്സിലാക്കിയ
ഇട്ട്യാവിര വീടും പറമ്പും വിൽക്കുവാൻ തീരുമാനിക്കുന്നു. റോയിക്കു കടം
വീട്ടുവാനുള്ള പൈസയും കിട്ടും,
വയസ്സായ തനിക്കു ഒരു ചെറിയ ഫ്ലാറ്റ് വാങ്ങി
അങ്ങോട്ടേക്ക് താമസം മാറ്റുകയുമാവാം. ഏക മകളും കുടുംബവും ദൂരെ ആയതിനാൽ അത്യാവശ്യ
ഘട്ടം വന്നാൽ ഒരു ഹോം നഴ്സിനെ ഏർപ്പാടാക്കാൻ അതാണ് സൗകര്യം. വളരെ കാലികവും സാമൂഹിക
പ്രസക്തിയുള്ളതുമായ ഒരു വിഷയത്തിലേക്കാണ്
ചിത്രം ഇവിടെ വിരൽ ചൂണ്ടുന്നത്.
ഷെർലിക്കും
റോയിയ്ക്കും സന്തോഷവും സമാധാനവുമായി. എന്നാൽ വീടിന്റെ അടുക്കള ചായ്പ്പിൽ ഒരു ബോഡി മറവു ചെയ്തിട്ടുണ്ടെന്നും
വിൽക്കുന്നതിന് മുന്നേ അതിന്റെ അവശിഷ്ടങ്ങൾ കത്തിച്ചു കളയണമെന്നും ഇട്ട്യാവിര
റോയിയെ വിളിച്ചു രഹസ്യമായി പറയുന്നതോടെ അയാളുടെ മനസ്സമാധാനം പോയി. ഏതാണ്ട്
പകുതിയോളം വളരെ അലസമായി പുരോഗമിച്ച തിരക്കഥയ്ക്ക് ഈ വെളിപ്പെടുത്തലോടെ അല്പം ജീവൻ
വെക്കുന്നുണ്ട്. എന്നാൽ വീണ്ടും
അഗസ്റ്റിനെപ്പറ്റിയുള്ള റോയിയുടെ അന്വേഷണങ്ങൾ ചിത്രീകരിച്ചു ഫോക്കസ്
നഷ്ടപ്പെട്ട് എങ്ങുമെങ്ങും എത്താതെയാണ് അത് മുന്നേറുന്നത്.
ജിജ്ഞാസയുടെ
രേഖ തലകീഴായ ‘V’
യിൽ അവസാനിക്കുന്നു ഈ ചിത്രത്തിൽ. സംവിധായകൻ
സാനു ജോൺ വർഗീസും അരുൺ ജനാർദ്ദനനും രാജേഷ് രവിയും ചേർന്ന് രചിച്ച തിരക്കഥയിൽ രസബിന്ദുക്കളും
തത്ത്വചിന്താപരമായ ആശയ സ്ഫുലിംഗങ്ങളും അങ്ങിങ്ങായി ഇല്ലെന്നല്ല. ഇട്ട്യാവിര ദിവസവും അത്താഴ ശേഷം
ഗേറ്റിനു പുറത്തുള്ള നായ്ക്കളെ ഊട്ടുന്നത്; ഫ്ലാറ്റിലേക്ക്
താമസം മാറ്റിയ ശേഷവും അറിയാതെ ആ പതിവിനായി പുറപ്പെടുന്നത്; "ഹോസ്പിറ്റൽ" എന്ന സ്റ്റിക്കർ ഒട്ടിച്ച കാറിൽ റിയൽ
എസ്റ്റേറ്റുകാർ ലോക്ക് ഡൌൺ കാലത്തു കറങ്ങുന്നത്; അതുപോലെയുള്ള രസബിന്ദുക്കൾ. താൻ എന്ത്
ചെയ്താലും, അത് വലിയ കുറ്റമായാലും, "അവൻ", കർത്താവ്,
ചെയ്യിക്കുന്നതാണെന്ന ഇട്ട്യാവിരയുടെ ന്യായവും കുറ്റ ബോധം അശേഷം തൊട്ടു
തീണ്ടാതെയുള്ള മനസ്ഥിതിയും; അറിവുകൾ മാനസിക സ്വാസ്ഥ്യം കെടുത്തുന്ന കുരിശുകളാണെന്ന
റോയിയുടെ പ്രസ്താവം; തന്റെയും അഗസ്റ്റിന്റെയും കഥക്ക്
എന്തായാലും ഒരന്ത്യം വേണമെന്നതിനാൽ ഉറപ്പില്ലാതിരുന്നിട്ടും അജ്ഞാത മൃത ദേഹത്തെ
അഗസ്റ്റിന്റേതാണെന്നു ഷേർലി തിരിച്ചറിയുന്നത്; ഇവയെല്ലാം
തത്വ ചിന്താപരമായ ആശയങ്ങൾ തന്നെ.
ഇട്ട്യേരയുടെ
റോളിൽ ബിജുമേനോൻ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഏതു റോളും തനിക്കു അനായാസം
കൈകാര്യം ചയ്യാനാവുമെന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു.
റോയിയുടെ റോളിൽ ഷറഫുദീനും ഷേർളിയുടെ റോളിൽ പാർവതിയും മികവ് കാട്ടി. ഈ ചിത്രത്തിൽ
പാട്ടുണ്ടെങ്കിലും അത്
അത്ര
പ്രസക്തമോ മനസ്സിൽ താങ്ങുന്നതോ അല്ലാതെ
പോയി. ശുഷ്കമായ കഥാതന്തു ആയതിനാലാവണം അതുമായി
ബന്ധമില്ലാത്ത പല രംഗങ്ങളും കൂട്ടി സിനിമയുടെ സമയം ദൈർഘിപ്പിക്കേണ്ടി
വരുന്നത്. അഭിനേതാക്കളുടെയും കലാസംവിധായകന്റെയും മികവും ശ്രദ്ധയും കൊണ്ട് അത്തരം
രംഗങ്ങളും ആസ്വാദ്യകരമാവുന്നത് ആശ്വാസം തന്നെ. സഞ്ജയ് ദിവേച്ചയുടെ പശ്ചാത്തല സംഗീതം ഒതുക്കമുള്ളതും മൃദുവുമായി. നിശ്ശബ്ദതയും വളരെ
ഫലവത്തായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ജി.ശ്രീനിവാസ റെഡ്ഢിയുടെ ഛായാഗ്രഹണവും മികച്ചത്
തന്നെ. മൊത്തത്തിൽ വിലയിരുത്തിയാൽ വളരെ ശ്രദ്ധയോടെ ചെയ്ത ഈ ചിത്രം ആസ്വാദ്യകരവും
പുതുമയുള്ളതും തന്നെ.
