അലയൊഴിയാതെ..
"ഏറ്റൻ....!"
കുഞ്ഞു വിരൽ
ഗേറ്റിനപ്പുറത്തേക്കു ചൂണ്ടി അമ്മു പറഞ്ഞു. ശബ്ദിക്കുന്ന കുഞ്ഞു ഷൂസുകളിട്ട് മുറ്റത്ത് തത്തി തത്തി നടക്കുകയാണവൾ; വീഴാതിരിക്കുവാൻ ശ്രദ്ധിച്ച് ഒപ്പം അവളുടെ
അമ്മ, അയാളുടെ
മരുമകളുമുണ്ട്. കട ഒഴിവുള്ള ദിവസമായതിനാൽ അയാളും സന്ധ്യക്ക് മുറ്റത്ത് ഉലാത്തുവാൻ
ഇറങ്ങിയതായിരുന്നു. പോക്കുവെയിലും ഇളം കാറ്റിൽ ഇളകുന്ന റബ്ബർ മരച്ചില്ലകളുടെ
നിഴലും മുറ്റത്ത് ഇളകി കളിക്കുന്നു. ഗേറ്റിനു പുറത്തു പന്ത് തട്ടി കളിക്കുന്ന
കുട്ടികളുടെ കൂടെ കൂടണമെന്നുണ്ട് അമ്മുവിന്ന്. കുട്ടികൾക്കെല്ലാം അവളെക്കാൾ രണ്ടും മൂന്നും
വയസ്സ് കൂടുതൽ ഉണ്ടെങ്കിലും.
"അങ്ങോട്ടൊന്നും
പോകരുത്. ആ കുട്ടികൾ മാസ്കും കൂടി ഇട്ടിട്ടില്ല". ഉമ്മറത്ത് അവളെയും നോക്കിയിരുന്ന അയാളുടെ അമ്മ
വിളിച്ചു പറഞ്ഞു.
രാധിക
അമ്മുവിൻറെ കൈ പിടിച്ചു വീട്ടിലേക്ക് നടത്തി. പിന്നിലേക്ക് തിരിഞ്ഞു നോക്കി
മനമില്ലാ മനസ്സോടെ അവൾ നടന്നു. കൂട്ടുകാരൊത്തു കളിക്കുന്ന ഒരു ബാല്യം അമ്മുവിന്
നിഷേധിക്കുന്നതിൽ അയാൾക്ക് വിഷമമുണ്ടായിരുന്നു. ഒരു നിമിഷത്തേക്ക് അയാൾ
തന്റെയും മകന്റെയും ബാല്യങ്ങൾ ഓർത്തു പോയി. ഈ നീണ്ട മുറ്റത്തു തന്നെയായിരുന്നു
ഓണത്തിന് നാട്ടിലെ കുട്ടികളെല്ലാം തലമ പന്ത് കളിക്കുവാനായി ഒത്തുകൂടിയിരുന്നത്.
ഉച്ചക്ക് തുടങ്ങുന്ന കളി നിറുത്തണമെങ്കിൽ രാത്രിയാവണം. മകന്റെ കാലമായപ്പോഴേക്കും
കളി ക്രിക്കറ്റ് ആയി. അംഗ സംഖ്യയും കുറഞ്ഞു. ഇപ്പോഴിതാ അമ്മുവിൻറെ
കാലമായപ്പോഴേക്കും കൂട്ട് കൂടുന്നത് തന്നെ നിഷിദ്ധമായി മാറിയിരിക്കുന്നു കോവിഡ്
നിയന്ത്രണാധീനമായതോടെ സർക്കാർ, നിയന്ത്രണങ്ങൾക്ക് അയവു വരുത്തിയിരുന്നു. കടകൾ തുറന്നു. കച്ചവടം
പതിയെ തിരിച്ചു വരുവാൻ തുടങ്ങി. മാസ്ക് നാമമാത്രമായി. സാനിറ്റൈസറും സാമൂഹിക അകലവും
ക്രമേണ മറന്നു തുടങ്ങുകയായിരുന്നു. ജന ജീവിതം കോവിഡിന്ന് മുന്നേ പോലെ ആകുവാൻ
തുടങ്ങി. ഇല്ല; അങ്ങിനെ പറഞ്ഞു കൂടാ. മുന്നേ പോലെ ആകാൻ
തുടങ്ങുന്നു എന്നേ പറയാവൂ.
അപ്പോഴേക്കും ഇതാ, വൈറസിന്റെ മറ്റൊരു
വകഭേദം പരന്നു തുടങ്ങിയിട്ടുണ്ടത്രെ. ഒമിക്രോൺ. എത്രത്തോളം തീവ്രമാണെന്നറിയില്ല. മൂന്നാമത്തെ
അലയായി മാറുമോ അതും.... എന്തായാലും സൂക്ഷിച്ചല്ലേ പറ്റൂ. പ്രത്യേകിച്ചും
കുട്ടികളുടെ കാര്യത്തിൽ.
കോവിഡ് പടർന്നു
വ്യാപിക്കുന്ന കാലത്തായിരുന്നു അമ്മുവിൻറെ ജനനം. യാത്രാ നിയന്ത്രണങ്ങൾ നിലവിൽ
വന്നു. പൊതു വാഹന ഗതാഗതം പാടെ നിലച്ചു. സ്വകാര്യ വാഹനങ്ങളിൽ യാത്രചെയ്യുന്നവരെ
റോഡിൽ നിറുത്തി പോലീസുകാർ ചോദ്യം ചെയ്യുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നവരെ
വിരട്ടി ഓടിക്കുന്നതും മാദ്ധ്യമ ദൃശ്യങ്ങളായി. അന്താരാഷ്ട്ര
വിമാന സർവീസുകൾ പാടെ നിലച്ചു. അതോടെ ഗൾഫിൽ ജോലിയുള്ള അയാളുടെ മകൻ രാഹുലിനാവട്ടെ നാട്ടിലെത്തുവാൻ
പറ്റാത്ത അവസ്ഥയിലായി. രാധികയാവട്ടെ ഗർഭിണിയായ സമയവും.
പ്രസവ തീയതി
അടുത്ത രാധിക അവളുടെ വീട്ടിലായിരുന്നു. ആശുപത്രികൾ രോഗവ്യാപനത്തിൻറെ കേന്ദ്രങ്ങളായ
സമയം. അവളുടെ വീട്ടുകാർ വലിയ ആശങ്കയിലായി. പക്ഷെ സമയമായാൽ അഡ്മിറ്റ് ചെയ്യുകയല്ലാതെ
മറ്റെന്തു ചെയ്യും. നൂറു കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യണം അയാളുടെ വീട്ടിൽ
നിന്നും രാധികയുടെ വീട്ടിലെത്താൻ. രാഹുൽ
പോലും സ്ഥലത്തില്ലാത്ത ഈ അത്യാവശ്യ സാഹചര്യത്തിൽ അതുവരെ പോകാൻ പറ്റാത്തതിൽ അയാളുടെ
ഭാര്യയും അമ്മയും വേവലാതിപ്പെട്ടു. ജില്ലക്ക് പുറത്തുപോകാൻ പോലീസ് അനുവാദം വേണമെന്നിരിക്കെ
മൂന്നു ജില്ലകൾ താണ്ടി എങ്ങിനെ പോകും?
"വല്ലാത്തൊരു
കലികാലം തന്നെ! രാധിക പ്രസവിച്ചാൽ കുട്ട്യേ കാണാൻ ഇനി ഇപ്പൊ എങ്ങിനേ
പോവ്വാ....." അയാളുടെ അമ്മ ദിവസം മുഴുവൻ പിറു പിറുത്തുകൊണ്ട് നടന്നു.
അയാളുടെ മകൾ
രശ്മി നഴ്‌സായി തല്ക്കാ
ലം മൂന്നു മാസത്തേക്ക് കോവിഡ് ആശുപത്രിയിൽ ജോലി
നോക്കുകയായിരുന്നു. രാത്രി ഡ്യൂട്ടി ഉള്ള ഒരു ദിവസം അവൾക്ക് തുണയായി അയാളും കൂടെ
പോയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പ്രവർത്തനം നിലച്ച ഒരു സ്വകാര്യ മെഡിക്കൽ
കോളേജ് ആയിരുന്നു അത്. കൂറ്റൻ കെട്ടിടവും സൗകര്യങ്ങളുമുള്ള അതിനെ സർക്കാർ താത്കാലിക കോവിഡ് ആശുപത്രിയാക്കി മാറ്റി. പ്രധാന പാതയിൽ
നിന്നും അകന്നു മാറി വിജനമായ കാട്ടു പ്രദേശത്ത് ആയിരുന്നു ആ ആശുപത്രി സ്ഥിതി
ചെയ്തിരുന്നത്. റെഡ് സോണെന്നും ഗ്രീൻ സോണെന്നും വേർതിരിച്ച വിശാലമായ മുറ്റത്ത്
ഏതാനും ട്യൂബ് ലൈറ്റുകളും ഒരു വലിയ മഞ്ഞ ലൈറ്റും കൂരിരുട്ടിനോട് പൊരുതി നിന്നു.
ഒരു ഭാഗത്ത് ഇരുളിൽ ഏതാനും ആംബുലൻസുകൾ വിളി കാത്ത് കിടന്നു. സന്ദർശകർക്ക് പ്രവേശനം
നിഷേധിച്ച റെഡ് സോണിലായിരുന്നു കോവിഡ് രോഗികൾ. കൊറോണ വൈറസുകൾ അവിടെ നുരച്ചു
പൊന്തുന്നതായി തോന്നി അയാൾക്ക്. മരണത്തിന്റെ അദൃശ്യസാന്നിധ്യം അനുഭവപ്പെടുന്ന ഭീതി
ജനകമായ അന്തരീക്ഷം. കോവിഡ് രോഗികളല്ലാത്തവർ ആ പരിസരത്തു ചെല്ലുവാൻ ഭയന്നു. ചുറ്റുമുള്ള
കുറ്റിക്കാടുകളിൽ നിന്നും ഉയരുന്ന ചെറുജീവികളുടെ ശബ്ദങ്ങളും ശ്രദ്ധിച്ച് അയാൾ
ആകാശത്തേക്കുയർന്നു പൊങ്ങിയ ആ കെട്ടിടത്തിന് മുന്നിൽ, ഇപ്പോൾ
വരാമെന്നു പറഞ്ഞ് അകത്തു പോയ മകളെയും കാത്തു നിന്നു.
"ബോഡി
കൊണ്ടുപോവാൻ വന്നതാ. എവിടെയാ പറയേണ്ടത്?"
പിന്നിൽ നിന്നും അപ്രതീക്ഷിതമായ ചോദ്യം കേട്ട്
അയാൾ ഞെട്ടിപ്പോയി.
മറ്റൊരു മരണം
കൂടി സംഭവിച്ചിരിക്കുന്നു.
വെന്റിലേറ്റർ ഒഴിവില്ലാത്തതുകൊണ്ടും ഓക്സിജൻ
ലഭ്യമല്ലാത്തതുകൊണ്ടുമെല്ലാം മരണങ്ങൾ സംഭവിക്കുന്നെന്നു വാർത്തകളുണ്ടായിരുന്നു.
പണവും പദവിയും എല്ലാം മനുഷ്യ ജീവൻ രക്ഷിക്കുന്നതിൽ അപര്യാപ്‌തമാണെന്നു
വെളിവാക്കുന്ന ജീവിത ഘട്ടങ്ങൾ.... ആധുനിക വൈദ്യ ശാസ്ത്രം പോലും രോഗത്തിന് മുന്നിൽ
നിസ്സഹായമാവുന്ന അവസ്ഥ.
ഈ മരണം എങ്ങിനെ
സംഭവിച്ചുവോ ആവോ. മരിച്ചയാൾ യുവാവോ വൃദ്ധനോ, അറിയില്ല. ചോദിയ്ക്കാൻ പറ്റിയ സമയമല്ല. അയാൾ
നിശ്ശബ്ദനായി ഗ്രീൻ സോണിലെ ഓഫീസിനു നേരെ കൈ
ചൂണ്ടി.
ബിസിനസ് പാടെ തകർന്ന ദിനങ്ങളായിരുന്നു അത്.
വരുമാനമില്ലാത്ത അവസ്ഥ. വാടക തുടങ്ങിയ ചിലവുകൾ ഉണ്ട് താനും. കടയിലെ സാധനങ്ങളാവട്ടെ
മിക്കവാറും നശിച്ചു പോയി.
പൈസ തരാനുള്ളവരെല്ലാം അവധികൾ മാറ്റി മാറ്റി
പറഞ്ഞു കൊണ്ടിരുന്നു. കൊടുക്കാനുള്ളവർക്കാവട്ടെ അധികം സമയം വൈകിക്കുവാൻ അയാളുടെ
ആത്മാഭിമാനം സമ്മതിച്ചതുമില്ല. ബിസിനെസ്സിന്റെയും വീടിന്റെയും ലോണുകൾക്ക് ബാങ്ക്
സമയം നീട്ടി നൽകിയത് മാത്രം ആശ്വാസമായി; പലിശ ബാധ്യത കൂടുമെങ്കിലും. അക്കാലത്ത് അയാൾ ദുസ്വപ്നങ്ങൾ
കണ്ട് രാത്രി ഞെട്ടി ഉണരുക പതിവായി. ഉണരുമ്പോൾ തനിക്ക് ശ്വസിക്കുവാൻ
സാധിക്കുന്നുണ്ടെന്ന അറിവ് വലിയ ഒരു ആശ്വാസമായിരുന്നു. ഇല്ല; താനിനിയും
രോഗത്തിനടിമപ്പെട്ടിട്ടില്ല. അയാളുടെ
ഭാര്യക്കും രാത്രി ഉറക്കമില്ലായിരുന്നു.
" ഗൾഫ്
രാജ്യങ്ങളിൽ രോഗം വളരെ കൂടുതലുണ്ടെന്നു കേൾക്കുന്നു. രാഹുലിന് എങ്ങാനും രോഗം
ബാധിച്ചാൽ അവനെ ആര് നോക്കും...അവൻ ഒറ്റയ്ക്ക് എന്ത് ചെയ്യും.... " അവൾ
വിതുമ്പി.
"അങ്ങിനെയൊന്നും
സംഭവിക്കില്ല. നീ വെറുതെ ഓരോന്ന് ആലോചിച്ച് വിഷമിക്കാതെ.."
സമാധാനിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും അയാളുടെ വാക്കുകളിൽ വേണ്ടത്ര
ആത്മവിശ്വാസമില്ലായിരുന്നു.
അമ്മു ജനിച്ച്
കുറെ ദിവസം കഴിഞ്ഞായിരുന്നു അവളെ കാണാൻ പോകുവാൻ തന്നെ സാധിച്ചത്. ജില്ലകൾ
താണ്ടിയുള്ള യാത്ര...എഴുപത്തെട്ടു വയസ്സുള്ള അമ്മ.... ഒരു കാറിൽ മൂന്നിൽ കൂടുതൽ
പേരുടെ യാത്ര... എല്ലാം എല്ലാം നിയന്ത്രണ വിധേയം. അയാളുടെ
ഭാര്യയും അമ്മയും ഇരിക്കപ്പൊറുതിയില്ലാതെ
കഴിച്ചു കൂട്ടിയ ദിനങ്ങളായിരുന്നു അത്.
"കുട്ടീടെ
ഫോട്ടോ വന്നോ...." രാവിലെയായാൽ അമ്മ അന്വേഷണം തുടങ്ങും. വാട്ട്സാപ്പ്
കണ്ടുപിടിച്ചവർക്കു നന്ദി!
ഒന്നുമില്ലെങ്കിലും വീട്ടിലെ പുതിയ അതിഥിയെ
മൊബൈൽ ഫോണിലെങ്കിലും കാണുകയും കൊഞ്ചിക്കുകയും ചെയ്യാമല്ലോ!
ചോറൂണിന്റെ
സമയത്തായിരുന്നു അമ്മു ആദ്യമായി വീട്ടിൽ വന്നത്. പുതിയ തലമുറയിലെ ആദ്യത്തെ കുട്ടി.
ക്ഷേത്രങ്ങൾ എല്ലാം അടഞ്ഞു കിടന്നതുകൊണ്ട് ചോറൂണ് ഭഗവൽ സന്നിധിയിലാക്കാൻ സാദ്ധ്യമായിരുന്നില്ല.
എന്നാലും ചടങ്ങ് ബന്ധുക്കളെ ഉൾപ്പെടുത്തി
ഗംഭീരമാക്കണമെന്നുണ്ടായിരുന്നു ഏല്ലാവർക്കും. പക്ഷെ വിവാഹങ്ങൾ
പോലും പത്തുപേരെ മുൻനിർത്തിയായിരുന്നു നടന്നു കൊണ്ടിരുന്നത്. അതും വളരെ
അത്യാവശ്യമുള്ള, വിരളമായ കേസുകൾ മാത്രം. കുട്ടിയെ കാണുവാൻ താൽപ്പര്യം പ്രകടിപ്പിച്ച
അടുത്ത ബന്ധുക്കളെപ്പോലും വിലക്കേണ്ടി വന്ന ധർമ്മ സങ്കടത്തിൽ പെട്ടു അവർ. അതിൽ
ആർക്കെങ്കിലും അലോഗ്യം തോന്നിയോ ആവോ. കുടുംബ ബന്ധങ്ങളിലും രക്ത ബന്ധങ്ങളിലും
സുഹൃദ്ബന്ധങ്ങളിലും എല്ലാം വിള്ളലുണ്ടാക്കിയ ഒരു സൂക്ഷമാണു.....കൊറോണ വൈറസ്. ബഹിരാകാശം
വരെ കീഴടക്കിയ ശാസ്ത്രജ്ഞാനവും ന്യുക്ലിയർ ബോംബിന്റെ പ്രഹരശേഷിയും ബൗദ്ധിക
അഹങ്കാരങ്ങളും ലൗകിക സുഖ ഭോഗങ്ങളും എല്ലാം നിഷ്പ്രഭമാക്കി വീട്ടിനുള്ളിൽ
അടച്ചിരിക്കുവാൻ മനുഷ്യനെ നിർബന്ധിതമാക്കിയ സൂക്ഷ്മാണു. എങ്കിലും ഒടുവിൽ
മനുഷ്യൻ അതി വേഗം ആ സൂക്ഷ്മാണുവിനെ പ്രതിരോധിക്കുവാനുള്ള വാക്‌സിൻ
കണ്ടുപിടിച്ചല്ലോ എന്ന് അയാൾ തെല്ലൊരു അഭിമാനത്തോടെ ഓർത്തു.
"ദീപം....ദീപം...അഛാ വിളക്ക് കണ്ടോളൂ.." രശ്മി തുളസിത്തറയിൽ വിളക്ക് വെക്കുകയായിരുന്നു. രാധിക അമ്മുവിന് ഭക്ഷണം കൊടുക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്. ബിബ് കെട്ടി മുറിക്കുള്ളിൽ തലങ്ങും വിലങ്ങും നടന്ന് അമ്മയുടെ ശ്രമം പരാജയപ്പെടുത്തുവാൻ അമ്മുവും ശ്രമിക്കുന്നു. അയാൾ അകത്തു കയറി സന്ധ്യാ വാർത്തകൾക്കായി ടി വി സ്വിച്ച് ഓൺ ചെയ്തു. അപ്പോൾ ന്യൂസ് ചാനലിൽ ബ്രെക്കിങ് ന്യൂസ് മിന്നി മറയുവാൻ തുടങ്ങിയിരുന്നു:
ഒമിക്രോൺ കേസുകളിൽ വൻ വർധന.....കേരളം നൈറ്റ് കർഫ്യുവിലേക്ക്....