പൂതൻ
മണ്ണാൻ
പൂതൻ.
പാണൻ
പൂതൻ.
പറയൻ
പൂതൻ.
കെട്ടിയാടുന്നവരുടെ
ജാതി അനുസരിച്ച് പൂതനും ജാതിപ്പേരോടെ അറിയപ്പെട്ടു. വള്ളുവനാട്ടിലെ പൂരങ്ങൾക്ക് ദേവിയുടെ ഭൂതഗണങ്ങളായ പൂതനും തിറയും നിറവും താളവും നൽകി. പുലാപ്പറ്റയിൽ ചെറുനാലിശ്ശേരി കാവിലെ പൂരത്തിനായിരുന്നു പൂതനും തിറയും കെട്ടിയാടിയത്. കുംഭ മാസത്തിലെ മകയിരം നാൾ മുളയിടുന്നത് മുതൽ പൂരം നാൾ വരെ പലരും കെട്ടിയാടുമായിരുന്നു, പണ്ട്. കാലം മാറിയപ്പോൾ അത് പൂരം ദിവസത്തേക്ക് മാത്രമായി ചുരുങ്ങി.
പറയൻ
പൂതൻ തീർത്തും നാമാവശേഷമായി. കുട്ടിക്കാലത്ത് കണ്ട ഓർമ്മയെ ഉള്ളു. അല്പം ഭീതി പുരണ്ട ഓർമ്മ. പൂരത്തിന് ഒന്നോ രണ്ടോ ദിവസം മുൻപ് മകരക്കൊയ്ത്ത് കഴിഞ്ഞ് വിണ്ടുകീറിയ അരിയാനിപ്പാടത്ത് എവിടെനിന്നെന്നില്ലാതെ
പറയൻ പൂതൻ പ്രത്യക്ഷപ്പെട്ടു. വട്ടത്തിൽ കുരുത്തോല തൂക്കിയ പട്ടക്കുട. ചുട്ടി കുത്തിയ മുഖവും ദേഹവും. വെളിച്ചപ്പാടിന്റേതുപോലുള്ള
ഉടയാടകൾ. തലയിൽ കൂർപ്പൻ പാളത്തൊപ്പി. പറ കൊട്ടുവാനും നെല്ലുചുമക്കുവാനുമായി ഒരു അകമ്പടിക്കാരൻ. പൂതൻ പ്രത്യക്ഷപ്പടുന്നതിനു മുന്നേ തന്നെ പറയുടെ ശബ്ദം ആ വരവറിയിച്ചു.
പടിപ്പുരയ്ക്ക്
പുറത്ത് തണ്ടുവരമ്പിൽ നിന്ന് കുട്ടികളെ ഭീതിപ്പെടുത്തുന്ന ശബ്ദത്തിൽ പൂതൻ ഉറക്കെ വിളിച്ചു: തംബ്രാനേയ്.....
കുളപ്പുരയിൽ
ഉരലിൽ അരി ഇടിച്ച് പിറ്റേന്ന് അപ്പത്തിനുള്ള പൊടി തയ്യാറാക്കുന്ന പെണ്ണുങ്ങൾ വിളിച്ച് പറഞ്ഞു; പറയൻ പൂതൻ വന്നർക്കുണൂ..... കുട്ട്യോളെ അങ്ങട്ട് പോണ്ട. ഇവിടുന്ന് കണ്ടാ മതി.
അവരുടെ
ശബ്ദത്തിൽ ഭീതി നിഴലിച്ചിരുന്നു; ഒടി വിദ്യ വശമുള്ള ആൾക്കാരാണ്!
പൊന്നമ്പലേട്ടൻ
മുറത്തിൽ നെല്ലും അരിയും പൈസയും മറ്റും കൊണ്ടുപോയി കൊടുക്കുന്നത് ഞങ്ങൾ ദൂരെ നിന്ന് നോക്കി കണ്ടു. അസാമാന്യ ധൈര്യവാൻ തന്നെ! പൂതൻ നിന്ന നിൽപ്പിൽ രണ്ടുമൂന്നു വട്ടം തിരിഞ്ഞു. പട്ടക്കുടയും കുരുത്തോലകളും വട്ടം കറങ്ങി. പൊന്നമ്പലേട്ടൻ പിൻവാങ്ങി. പറയൻ പൂതൻ വരണ്ട പാടത്തുകൂടെ നടന്ന് എങ്ങോ അപ്രത്യക്ഷനായി.
കാഴ്ചയിൽ
സുന്ദരൻ മണ്ണാൻ പൂതൻ തന്നെ. ചുവപ്പും വെള്ളയും ഇടകലർന്ന കഥകളി വേഷത്തോട് സാമ്യമുള്ള ഉടയാടകളും സ്വർണ വർണ്ണമുള്ള അലങ്കാരങ്ങളും. കൊച്ചു കൊച്ചു കണ്ണാടികൾ തുന്നിപ്പിടിപ്പിച്ച മുഖം മൂടിയും പിന്നിൽ പീലിത്തലമുടിക്കെട്ടും. ഇടത്തെ കയ്യിൽ ചെറിയ മരപ്പരിചയും വലത്തേ കയ്യിൽ ചുരികക്കോലും. കൂട്ടിന്ന് പുരുഷത്വത്തിന്റെ പ്രതീകമായ തിറയും.
തിറയ്ക്ക്
കൊട്ട് പറ.
പൂതന്ന്
കൊട്ട് തുടിയും.
വീട്ടുമുറ്റത്തേക്ക്
ആവേശത്തോടെ ഓടി വന്നുള്ള ആദ്യ കളി കഴിഞ്ഞാൽ തിറ പക്വതയോടെ മാറി നിൽക്കും. എന്നാൽ പൂതൻ തന്റെ കുസൃതികൾ തുടങ്ങുകയായി. അച്ഛമ്മ വിളിച്ച് പറയും:
കുട്ട്യോളെ
പേടിപ്പിക്കരുത് ട്ടൗ പൂതാ....
പൂതൻ
തലയാട്ടും. മരപ്പരിചയിൽ ചുരിക കൊണ്ട് വട്ടം വരച്ച് കുട്ടികളോട് കാശ് ചോദിക്കും. കിട്ടിയില്ലെങ്കിൽ ചുരിക മൂക്കിൽ വെച്ച് കഷ്ടം എന്ന് കാണിക്കും. കൃഷ്ണൻ മാമൻ ചോദിക്കും:
പൂതനെന്തിനാ
കാശ്......!
പൂതൻ
മേലോട്ട് നോക്കി ചുരിക വായിലേക്ക് ചൂണ്ടി കാണിക്കും: കള്ളു കുടിക്കാൻ! പിന്നെ നാണം അഭിനയിക്കും.
അപ്പോഴേക്കും
അച്ഛനോ മുത്തശ്ശനോ എല്ലാവർക്കും പൈസയും തോർത്തുമുണ്ടും കൊടുത്തിട്ടുണ്ടാവും. മൊത്തം സംഘത്തിനായി നെല്ലും അപ്പവും. പൂതക്കോപ്പ് മുകളിലേക്കുയർത്തി പൂതൻ വെള്ളം കുടിയ്ക്കും. അപ്പോഴാണ് ഞങ്ങൾ അത്ഭുതത്തോടെ മനസ്സിലാക്കുന്നത്, പൂതൻ വീട്ടിൽ കല്ലു പണിക്ക് വരുന്ന ചെറുപ്പക്കാരനാണെന്ന്!
"കാണാൻ ചന്തം
ണ്ടെങ്കിലും മണ്ണാൻ പൂതന്ന് ജീവൻ ല്ല്യ. കണ്ടിലെ ചാവുമ്പോ അയിന്റെ നാവ് കടിച്ചർക്കണ്......" പാണൻ പൂതൻ കെട്ടുന്ന രാമൻ തന്റെ കലാരൂപത്തെ പിന്താങ്ങി വാദിച്ചു. ശരിയാണ്. മണ്ണാൻ പൂതന്റെ മീശയ്ക്ക് താഴെ ചുവന്ന മരക്കട്ട പോലെ നാവ് കടിച്ചു പിടിച്ചിട്ടുണ്ട്.
പാണൻ
പൂതൻമാർ കുന്നത്ത് കോളനിയിൽ നിന്നും കൂട്ടത്തോടെ ഇറങ്ങി വരും. എട്ടു പത്തു പൂതൻമാരെങ്കിലും ഉണ്ടാവും. കൂടെ തുടി കൊട്ടുകാരും നെല്ല് ചുമക്കുന്നവരും കരിവേല കുട്ടികളും. മുറ്റത്ത് ബഹളമയം. പക്ഷെ കാലം മാറി. ഇപ്പോൾ ഒരു പൂതൻ വന്നാലായി. അത്ര തന്നെ.
പൂതനായി
ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും
പൂതനെന്ന പേരിൽ അറിയപ്പെടുന്ന ഒരു കലാരൂപം കൂടിയുണ്ട്.
ചപ്പില
പൂതൻ.
ജാതി
മത പ്രായ ഭേദമെന്യേ ആർക്കും കെട്ടാവുന്നത്. നല്ലപോലെ ഉണങ്ങിയ വാഴയില പാദം മുതൽ കഴുത്തു വരെ, കൈകളടക്കം, വരിഞ്ഞു കെട്ടണം. ശരീരം കാണാത്ത വിധത്തിൽ. കവുങ്ങിൻ പാളയിൽ കണ്ണിന്റെ സ്ഥാനത്ത് രണ്ടുദ്വാരമിട്ട് കരിക്കട്ട കൊണ്ട് പുരികവും മൂക്കും മീശയുമെല്ലാം വരച്ച് ഒരു മുഖം മൂടിയും ധരിക്കണം. കൂടുതൽ സൗന്ദര്യ ബോധമുള്ളവരാണെങ്കിൽ ചുണ്ണാമ്പുകൊണ്ട് പല്ലും വരയ്ക്കാം. ലളിതമായി ചപ്പില പൂതൻ തയ്യാറായി.
തങ്ങളുടെ
പരിണാമം പൂർത്തിയായിട്ടില്ലെന്ന് അബോധമനസ്സിൽ ചിന്തയുള്ള ചുരുക്കം ചിലർ ഹനുമാന്റെ മുഖം മൂടിയും ധരിക്കും. എന്തായാലും വീട്ടുമുറ്റത്തു നിന്ന് രണ്ടു കൂക്ക് കൂക്കി കിട്ടിയ ചില്ലറയും വാങ്ങി ശാന്തനായി പോകുന്ന ചപ്പില പൂതൻ നിരുപദ്രവകാരിയാണ്. സഹതാപം തോന്നിയിട്ടാവാം കൃഷ്ണമ്മാമൻ ഒരു ചെറു പുഞ്ചിരിയോടെ അവരെ ഉപദേശിക്കുന്നത്:
തീയ്യിന്റെ
അടുത്തുക്കൂടെ പോവരുത് ട്ടൗ കുട്ട്യേ.......!

