നൻപകൽ നേരത്ത് മയക്കം
(Spoiler alert: Contains part of the film story)
മലയാള സിനിമ ആസ്വാദകർ വളരെ പ്രതീക്ഷയോടെയാണ് ലിജോ പെല്ലിശ്ശേരിയുടെ സിനിമകളെ കാത്തിരിക്കുന്നത്. ചലച്ചിത്ര മേളകളിലൂടെ വലിയ വാർത്താ പ്രാധാന്യം കൈവരിച്ച അദ്ദേഹത്തിന്റെ പുതിയ ചിത്രം "നൻപകൽ നേരത്ത് മയക്കം" ഇപ്പോൾ തീയറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നടൻ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ സഹ നിർമാതാവ് എന്ന കാര്യവും ശ്രദ്ധേയമാണ്. ലിജോയുടെ കഥാ തന്തുവിന് ചലച്ചിത്ര ഭാഷ്യം തയ്യാറാക്കിയിരിക്കുന്നത് S. ഹരീഷും.
കേരളത്തിൽ നിന്നും വേളാങ്കണ്ണിക്ക് യാത്ര പോയ ഒരു സംഘം തിരിച്ചു പുറപ്പെടുന്നിടത്തു നിന്നാണ് സിനിമ തുടങ്ങുന്നത്. ജെയിംസും (മമ്മൂട്ടി) ഭാര്യയും മകനും ആ സംഘത്തിലുണ്ട്. വരുന്ന വഴി ഉച്ചക്ക് എല്ലാവരും വണ്ടിയിൽ മയക്കത്തിലാണ്ട നേരത്ത്, പെട്ടെന്ന് ഞെട്ടി ഉണർന്ന ജെയിംസ് ഡ്രൈവറോട് വണ്ടി നിറുത്തുവാൻ ആവശ്യപ്പെടുന്നു. വിളഞ്ഞു കിടക്കുന്ന വലിയ പാടശേഖരത്തിനു നടുവിലൂടെ പോകുന്ന വിജനമായ റോഡിൽ വണ്ടി നിന്നു. വണ്ടിയിൽ നിന്നും ഇറങ്ങി അയാൾ ആ തമിഴ്നാടൻ ഗ്രാമത്തിലേക്കുള്ള ഒറ്റ വഴിയിലൂടെ നടന്നു നീങ്ങുന്നു. ആധുനിക ജീവിത സൗകര്യങ്ങൾ ഒന്നും തന്നെ വന്നെത്തിയിട്ടില്ലാത്ത ആ കുഗ്രാമത്തിലെ വഴികൾ, ആശ്ച്ചര്യമെന്നു പറയട്ടെ, അയാൾക്ക് വളരെ പരിചിതമായി തോന്നി. നടന്നു നടന്നു അയാൾ ഒരു ചെറിയ വീട്ടിൽ ചെന്ന് കയറി. പ്രായമായ ഒരു പുരുഷനും സാദാ സമയവും ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ വളരെ പഴയ തമിഴ് സിനിമകൾ കണ്ടു കൊണ്ടിരിക്കുന്ന വൃദ്ധയും സദാ വിഷാദ ഭാവമുള്ള ഒരു ചെറുപ്പക്കാരിയും പിന്നീട് സ്കൂൾ വിട്ടു വരുന്ന അവരുടെ മകളും ആയിരുന്നു ആ വീട്ടിലെ അന്തേവാസികൾ. അവർ അയാളുടെ പെരുമാറ്റം കണ്ട് അന്തിച്ചു നിന്നെങ്കിലും അയാൾ അവരോടെല്ലാം അച്ഛനോടും അമ്മയോടും ഭാര്യയോടുമെന്ന പോലെ പരിചയപൂർവം പെരുമാറി. വീടിന്നുൾവശവും പശുവും നായയും എല്ലാം അയാൾക്ക് പരിചിതരായിരുന്നു. അതെ, ജെയിംസ് മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു!
(Dr.സണ്ണിയുടെ വാക്കുകൾ ഓർക്കുക: പഴമക്കാർ ഇതിനെ ബാധ കൂടിയതാണെന്നെല്ലാം പറയും. ആധുനിക വൈദ്യ ശാസ്ത്രം ഇതിനെ സ്പ്ലിറ്റ് പേഴ്സണാലിറ്റി, ഡ്യൂവൽ പേഴ്സണാലിറ്റി തുടങ്ങിയ ചെറിയ ചെറിയ മാനസിക രോഗങ്ങളായിട്ടാണ് കാണുന്നത്).
വല്ല മൂത്രമൊഴിക്കാനോ മറ്റോ വേണ്ടി ഇറങ്ങിയതായിരിക്കുമെന്നു കരുതിയ മറ്റു യാത്രക്കാർ ഏറെ നേരമായിട്ടും ജെയിംസ് തിരികെ വരാതായപ്പോൾ അയാളെ അന്വേഷിച്ച് ഗ്രാമത്തിലെത്തി. അപ്പോഴേയ്ക്കും ജെയിംസ് ഒരു
"മൊഫട്ട്"
(moped) ൽ അവരെ മറികടന്ന് ഗ്രാമീണ വഴിയിലൂടെ കുതിച്ചു പോയി. യാത്രക്കാരിൽ ഒരാളും ഒരു ഗ്രാമീണനും ജയിംസിന്റെ
"നമ്മ ഊര് വണ്ടി, TVS
XL”
നു പിന്നാലെ സൈക്കിളിൽ വച്ച് പിടിച്ചു. അയാൾ പോകാൻ ഇടയുള്ള സ്ഥലങ്ങളെല്ലാം ഗ്രാമീണന് നല്ല നിശ്ചയമായിരുന്നു. കാരണം ജയിംസിന്റെ പെരുമാറ്റത്തിൽ നിന്നും അയാൾ രണ്ടു വര്ഷം മുൻപ് നാട് വിട്ടു പോയ സുന്ദരം
ആണെന്ന്
ഗ്രാമീണർക്കെല്ലാം ഇതിനകം മനസ്സിലായി കഴിഞ്ഞിരുന്നു; ശരീര
രൂപമൊഴിച്ച്, നടപ്പും പെരുമാറ്റവുമെല്ലാം സുന്ദരത്തിന്റേതു തന്നെ.
വൈകുന്നേരം അയാൾ വീട്ടിൽ തിരിച്ചുവന്നപ്പോൾ യാത്രക്കാരും ഗ്രാമീണരും അയാളെ തിരിച്ച് ഭാര്യക്കും മകനും ഒപ്പം അയക്കുവാൻ വളരെ പരിശ്രമിച്ചു നോക്കി. എന്നാൽ തനിക്ക് അവരെ ആരെയും അറിയില്ലെന്നും തന്റെ നാട് ഇത് തന്നെയാണെന്നും അയാൾ ശഠിച്ചു. അതോടെ യാത്രക്കാരും ഗ്രാമീണരും സുന്ദരത്തിന്റെ വീട്ടുകാരും എല്ലാം വലിയ വിഷമത്തിലായി. അവരുടെ പ്രശ്നങ്ങളിലൂടെയാണ് പിന്നീട് ചിത്രം മുന്നേറുന്നത്.
ജെല്ലിക്കെട്ട് പോലുള്ള ബഹളമയമായ ലിജോ ചിത്രങ്ങളിൽ നിന്നും തുലോം വ്യത്യസ്തമാണ് ഈ ചിത്രം. മലയാളികൾക്ക് മലയാളം എന്നും തമിഴർക്ക് തമിഴ് എന്നും വിചാരിച്ച് ഈ സിനിമ കാണാവുന്നതാണ്. ആധുനികതകൾ എത്തിനോക്കിയിട്ടില്ലാത്ത ഉൾനാടൻ തമിഴ് ഗ്രാമത്തിന്റെ അവതരണം ഗംഭീരമായിട്ടുണ്ട്. എന്നിരുന്നാലും അതിൽ നൂതനത്വം അവകാശപ്പെടുവാനില്ല. കാരണം കെ ബാലചന്ദറിന്റെ തണ്ണീർ തണ്ണീർ, അച്ചമില്ലെ അച്ചമില്ലെ, ഭാരതീരാജയുടെ 16 വയതിനിലെ തുടങ്ങിയ ചിത്രങ്ങളിൽ വളരെ മുൻപുതന്നെ മികച്ച രീതിയിൽ ആ ഗ്രാമാന്തരീക്ഷത്തിന്റെ അവതരണം നമ്മൾ കണ്ടതാണ്. അടുത്തയിടെ ഇറങ്ങിയ കർണൻ എന്ന ചിത്രവും ഓർമ്മ വരുന്നു. കർണ്ണന്റെ ഛായാഗ്രഹണം നിർവഹിച്ച തേനി ഈശ്വർ തന്നെയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. ക്യാമറ നിശ്ചലമാക്കി വെച്ചുള്ള ചിത്രീകരണ രീതിയാണ് ഈ ചിത്രത്തിൽ മിക്കവാറും അവലംബിച്ചിരിക്കുന്നത്. കഥാ പാത്രങ്ങളായി
കണ്ടു പഴകിയ അഭിനേതാക്കൾക്ക് പകരം വൃദ്ധരായ ഗ്രാമീണരും ഛായാഗ്രഹണത്തിന്റെ പഴയ രീതിയും കൂടിയായപ്പോൾ എന്തുകൊണ്ടോ 'തണ്ണീർ തണ്ണീർ' ഓർമ്മ വന്നു. രാത്രി, ജയിംസിന്റെ ഭാര്യയും മകനും ഒരു ജനലിലും സുന്ദരത്തിന്റെ ഭാര്യയും മകളും മറ്റൊരു ജനലിലും, ഒരേ ഫ്രേമിൽ ജക്സ്റ്റ പൊസിഷനിൽ (Juxta position) വരുന്നുണ്ട് ഒരു സീനിൽ;
ഭർത്താവിന്റെ നഷ്ടത്തിൽ തുല്യ ദുഖിതരായ അവരുടെ വിഷാദം താരതമ്യപ്പെടാനെന്ന പോലെ. ഇത്തരത്തിൽ ശ്രദ്ധേയമായ പല രംഗങ്ങളും ഒരുക്കിയിട്ടുണ്ട് സംവിധായകനും ഛായാഗ്രാഹകനും ചേർന്ന്.
ഗ്രാമ അന്തരീക്ഷ ചിത്രീകരണ സാദ്ധ്യതകൾ തീർച്ചയയും ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു പ്രചോദനം ആയിട്ടുണ്ടാവണം. എന്നാൽ അതിലും ശ്രമകരവും വിജയകരവും ആയി തോന്നിയത് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ്. അതാകട്ടെ പ്രേക്ഷകർക്ക് നൂതനമായ ഒരു അനുഭവം
തന്നെ
ആകുന്നുണ്ട്. പഴയകാല മലയാളം തമിഴ് ചിത്രങ്ങളിലെ പാട്ടുകളും സംഭാഷണങ്ങളും അതിലെ പശ്ചാത്തല സംഗീതവും TV യിൽ നിന്നോ റേഡിയോയിൽ നിന്നോ ഒഴുകി വരുന്നത് ദൃശ്യങ്ങൾക്ക് അനുസരിച്ച് കോർത്തിണക്കിയാണ് ഈ ചിത്രത്തിലെ മുഴുവൻ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങൾക്ക് അർത്ഥവും വൈകാരികമായ ആഴവും നൽകുവാൻ ഈ പഴയ ഗാനങ്ങളും ചലച്ചിത്ര സംഭാഷണങ്ങളും വളരെ സഹായിക്കുന്നുണ്ട്. തമിഴ് അറിയാവുന്ന പ്രേക്ഷകർക്ക് ഇത് കൂടുതൽ ആസ്വാദ്യകരമായിരിക്കും. എന്തായാലും വിജയകരമായ ഈ പുതിയ പരീക്ഷണം അഭിനന്ദനം അർഹിക്കുന്നു.
മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ജെയിംസിൽ നിന്നും സുന്ദരംത്തിലേക്കുള്ള പരകായപ്രവേശം അഭിനയ പ്രകടനത്തിനുള്ള മികച്ച ഒരു അവസരമായിരുന്നു. അത് അദ്ദേഹം മികവുറ്റതാക്കുകയും ചെയ്തു. അറിയപ്പെടുന്ന അഭിനേതാവായി പിന്നെ അശോകൻ മാത്രമാണ് ഉള്ളത്. എന്നിരുന്നാലും ഈ ചിത്രത്തിലെ ഓരോ കഥാപാത്രവും അവരുടെ ഗ്രാമീണ രൂപം കൊണ്ടും സ്വഭാവ സവിഷേത കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കും.
മദ്ധ്യാഹ്ന മയക്കത്തിലെ കിനാവ് പോലെ തോന്നിക്കുന്ന സംഭവ പരമ്പരകളിലൂടെ സുന്ദരത്തിന്റെ കുടുംബ സ്നേഹവും അയാളുടെ വേർപാട് അവർക്കുണ്ടാക്കിയ തീരാ ദുഖവും കഷ്ടപ്പാടുമെല്ലാം നമുക്ക് മുൻപിൽ അനാവൃതമാവുന്നുണ്ട്. ഒപ്പം അത്യദ്ധ്വാനം ചെയ്ത് നമുക്ക് വേണ്ടി ധാന്യങ്ങളും പച്ചക്കറിയും ഉണ്ടാക്കിത്തരുന്ന പാവപ്പെട്ട തമിഴ് കർഷകരുടെ ദുരിത ജീവിതത്തിന്റെ നേർക്കാഴ്ചയും ഈ ചിത്രം മുന്നോട്ടു വെക്കുന്നു.
