Monday, October 21, 2024

 

ഗ്രാൻഡ് പേരെൻറ്സ് ഡേ





കൊച്ചുമോൾ പഠിക്കുന്ന എലഗൻറ് പ്ലെ സ്കൂളിലെ ടീച്ചർ ശനിയാഴ്ച   ഗ്രാൻഡ് പാരെൻറ്സ് ഡേ’ ആണ്, വരണം, എന്ന് പറഞ്ഞപ്പോൾ വാസ്തവത്തിൽ അങ്ങിനെ ഒരു ദിവസത്തെപ്പറ്റിയോ ആഘോഷത്തെപ്പറ്റിയോ എനിയ്ക്ക് വലിയ ധാരണ ഇല്ലായിരുന്നു. ഞാൻ പഠിക്കുന്ന കാലത്ത് കുട്ടികൾ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ മാത്രമായിരുന്നു രക്ഷിതാക്കളെയോ വീട്ടുകാരെയോ സ്കൂളിലേക്ക് വിളിക്കുന്നത്. അക്കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ വീട്ടുകാരോളം തന്നെ ഉത്തരവാദിത്തം അദ്ധ്യാപകർക്കും ഉണ്ടായിരുന്നതായിരിക്കണം അതിനുള്ള കാരണം. എന്റെ കുട്ടികളുടെ വിദ്യാഭ്യാസ കാലമായപ്പോഴേക്കുംപാരെൻറ് ടീച്ചേർസ് മീറ്റിങ്ങ്’ എന്ന പരിപാടി തുടങ്ങിയിരുന്നു. ജോലി ഒഴിച്ച് മറ്റൊന്നും എൻ്റെ വകുപ്പല്ല എന്ന നിലപാട് കാരണം ഞങ്ങളെസ്സംബന്ധിച്ചിടത്തോളം അത് എന്നുംമദർ - ടീച്ചേർസ് മീറ്റിങ്ങ്” മാത്രമായി ചുരുങ്ങി.

പണ്ടുകാലത്ത് 'ടീച്ചേർസ് ഡേ' ആഘോഷം ഉണ്ടായിരുന്നു. വടവൃക്ഷത്തിന്റെയോ മറ്റോ ചുവട്ടിലിരിക്കുന്ന ഗുരു. മുന്നിൽ ഇരിക്കുന്ന ശിഷ്യർ. കറുപ്പിലും ചുവപ്പിലും പൗരാണികത തുളുമ്പുന്ന ആ ചിത്രമുള്ള സ്റ്റാമ്പ് ടീച്ചർ വലിയ ഷീറ്റിൽ നിന്നും ഓരോന്നായി ചീന്തി ക്ളാസ്സിൽ എല്ലാവർക്കും തരും. പിറ്റേ ദിവസം അതിന്റെ വില ടീച്ചറെ ഏൽപ്പിക്കണം. മറ്റുപലർക്കും അവരുടേതായ 'ഡേ' കളുണ്ട്. ഡോക്ടർമാർക്ക്, ഡോട്ടർമാർക്ക്, മദർമാർക്ക് അങ്ങിനെ അങ്ങിനെകച്ചവടക്കാർ മുൻകയ്യെടുത്ത് ആഘോഷിക്കുന്ന ചിലഡേ’കളും ഉണ്ട്: വാലന്റീൻസ് ഡേ പോലെ. അക്ഷയ തൃതീയയും ധൻ തേരസ്സും പോലെ. അതിനിടയ്ക്ക് 'ഗ്രാൻഡ് പേരെന്റ്സ് ഡേ' ഞാൻ ശ്രദ്ധിക്കാതെ പോയതായിരിക്കണം. അതുകൊണ്ട് അതിനെപ്പറ്റി അല്പം ഗവേഷണം നടത്തുവാൻ തന്നെ തീരുമാനിച്ചു.

മരിയൻ മക് ക്വേഡ് (Marian McQuade) എന്ന അമേരിക്കൻ വീട്ടമ്മയാണ് ആഘോഷത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപീകരണത്തിലും മുത്തശ്ശനും മുത്തശ്ശിക്കും വലിയ പങ്കുണ്ട് എന്നായിരുന്നു അവരുടെ അഭിപ്രായം. അങ്ങിനെ വർഷങ്ങളോളം നീണ്ട അവരുടെ ശ്രമത്തിന്റെ ഫലമായി ജിമ്മി കാർട്ടർ പ്രസിഡന്റായിരിക്കുമ്പോൾ അമേരിക്കയിൽ ഗ്രാൻഡ് പാരെൻറ്സ് ഡേ ദേശീയ ഒഴിവു ദിനമായി പ്രഖ്യാപിക്കപ്പെട്ടു. സപ്തംബർ മാസത്തെ ആദ്യ ഞായറാഴചയാണ് അതിനായി തിരഞ്ഞെടുത്തത്. ഇന്ന് ലോകത്ത് പല രാജ്യങ്ങളും ഗ്രാൻഡ് പാരെൻറ്സ് ഡേ ആഘോഷിക്കുന്നുണ്ട്. പല ദിവസങ്ങളിലായി. ഇന്ത്യയിൽ നമ്മളും സപ്തംബർ മാസത്തെ ആദ്യ ഞായറാഴ്ച തന്നെയാണ്ദേശീയ ഗ്രാൻഡ് പാരെൻറ്സ് ഡേ’ ആയി ആഘോഷിക്കുന്നത്.

പണ്ട് മുതലേ മുത്തശ്ശിക്കഥകളിലൂടെയും മറ്റും മുതിർന്ന രക്ഷിതാക്കൾ പേരക്കുട്ടികളുടെ പൊതു വിജ്ഞാനത്തിലും സ്വഭാവ രൂപീകരണത്തിലും സജീവമായി പങ്കെടുത്തിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥ ശിഥിലമായതോടെ കുട്ടികൾക്ക് നഷ്ടമായ സ്നേഹവും ലാളനയും തിരിച്ചു പിടിക്കാനായിട്ടാവണം ഒരു പക്ഷെ പുതിയ 'ഡേ' ആഘോഷം. ഇപ്പോൾ എത്ര വീടുകളിൽ മുത്തശ്ശനും മുത്തശ്ശിയും ഉണ്ട് എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും.

‘ഗ്രാന്റ് പാരെൻറ്സ് ഡേ’ ആഘോഷമൊന്നുമില്ലെങ്കിലും കൊച്ചു മക്കളോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ എന്റെ അച്ഛനോ മുത്തച്ഛനോ അല്പം പോലും കുറവുണ്ടായിരുന്നില്ല എന്ന് ഞാൻ പിന്തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കുന്നു. പ്രകൃതി പാഠമായിരുന്നു മുത്തശ്ശനിൽ നിന്നും ഞാൻ ഏറെ മനസ്സിലാക്കിയത്. ആദ്യകാല ഓർമകളിൽ, പിറന്നാളിന്ന് നിലയ്ക്കാതെ ചനുപിനെ പെയ്യുന്ന കർക്കിടക മഴയിൽ ഞാനും മുത്തശ്ശനും കുട പിടിച്ച് നടക്കുകയായിരുന്നു. കോട്ടയിൽ അമ്പലത്തിലേക്കും മോക്ഷത്തേക്കും. വെള്ളം കുത്തിയൊലിച്ച് കുഴികൾ രൂപപ്പെട്ട ഇടവഴികളിലൂടെ. ഞണ്ടുകൾ പോടുകൾ തീർത്ത പാടവരമ്പുകളിലൂടെവെൽവെറ്റുപോലെ പച്ച പിടിച്ച കല്പടവുകളിലൂടെ. എങ്ങും നിറഞ്ഞ നാട്ടു പ്രകൃതി.

മോക്ഷത്ത് ശിവലിംഗ പ്രതിഷ്ഠയ്ക്ക് മുന്നിൽ മഴയും വെയിലും ഏറ്റുവാങ്ങി നിശ്ചലനായി കിടക്കുന്ന നന്ദി. വള്ളികൾ പടർന്നു കയറിയ ആലിൻ ചുവട്ടിൽ ചാറ്റൽ മഴയിൽ നനയുന്ന നാഗത്താന്മാർമഴയുടെ പശ്ചാത്തല സംഗീതത്തിന് അകമ്പടി തീർക്കുന്ന മുത്തശ്ശന്റെ ജപ മർമ്മരങ്ങൾ.... നമഃശിവായ..നമഃശിവായ.

ശങ്കരീ.. മഹാമായേ.. വിശ്വ ഭ്രമണ കാരിണീ...

നാടിന്റെ ചരിത്ര സാക്ഷികളായ നാലുകെട്ടും എട്ടുകെട്ടും പത്തായപ്പുരകളും കുളങ്ങളും. മുത്തശ്ശന്റെ സംഭാഷണങ്ങളിൽ ചരിത്രവും സ്ഥാനം പിടിക്കും.

"മാവ് പൂത്തിട്ടുണ്ടോ നോക്കെടോ.." മഴ മാറി മഞ്ഞ് തുടങ്ങുന്ന കാലത്ത് ഉള്ള യാത്രകളിൽ മുത്തശ്ശൻ ചോദിക്കും; ഋതു ഭേദങ്ങളുടെ പാഠങ്ങൾ!

മുതിർന്ന് പഠനത്തിനും ജോലിക്കുമായി ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി ഗെയ്റ്റിന് പുറത്തു കടക്കുമ്പോൾ മുത്തശ്ശൻ എന്നും എതിരെ വരുന്നുണ്ടാവും; ശകുനം നന്നാകുവാനായി മുൻകൂട്ടി പ്ലാൻ ചെയ്ത വരവ്! പിന്നെ കയ്യുയർത്തി അനുഗ്രഹിച്ചു യാത്രയാക്കും. വായിൽ മുറുക്കാനുള്ളത് കൊണ്ട് നിശ്ശബ്ദമായി.

അച്ഛനും മുത്തശ്ശന്റെ റോൾ ഭംഗിയായി നിർവഹിച്ചു. ഞങ്ങളോട് ഉള്ളതിലധികം സ്നേഹവും അടുപ്പവും പേരക്കുട്ടികൾക്ക് മുത്തശ്ശനോടും മുത്തശ്ശിയോടുമായിരുന്നു. കോച്ചിങ് ക്ലാസ്സിലെ പരീക്ഷാ മാർക്കുകളുടെ അടിസ്ഥാനത്തിൽ ദിവസവും മുന്നോട്ടും പിന്നോട്ടും മാറുന്ന ഇരിപ്പിടത്തിന്റെ പിരിമുറുക്കങ്ങൾക്കിടയിൽ ആശ്വാസത്തിനും പ്രോത്സാഹനത്തിനുമായി മകൻ ദിവസവും രാവിലെ അച്ഛനെ വിളിക്കുമായിരുന്നു. ചില ദിവസങ്ങളിൽ മാർക്ക് കുറഞ്ഞ് സീറ്റ് പിറകോട്ടു പോയതിൽ വിഷാദവാനായ മകനോട് അച്ഛൻ പറയും

"അതൊന്നും സാരല്ല്യാ.. ഇന്നത്തെ പരീക്ഷ നന്നായി ചെയ്താൽ നാളെ മുന്നിലെ സീറ്റ് കിട്ടോലോ.... പിന്നെന്താ!".

സ്കൂളിലെ പരിപാടി എന്തായാലും ഗംഭീരമായി. ഉദ്ഘാടന, കലാ പരിപാടികൾക്ക് ശേഷം കുട്ടികളെക്കൊണ്ട് ഗ്രാൻഡ് പാരെൻറ്സിനെ ആദരിക്കലും ഉണ്ടായി. തലമുറകൾ തമ്മിലുള്ള വിടവുകൾ തീർക്കാൻ, അടുപ്പം അരക്കിട്ടുറപ്പിക്കാൻഗ്രാൻഡ് പാരെൻറ്സ് ഡേ’ എന്ന ദിനാചരണം സഹായകരമാവട്ടെ! മക്കളും പേരക്കുട്ടികളും വൃദ്ധ രക്ഷിതാക്കളെ ഉപാധികളില്ലാതെ സ്നേഹിക്കട്ടെ.

ഭാവിയിൽ വൃദ്ധസദനങ്ങൾ ആളൊഴിഞ്ഞ് സമൂഹത്തിന്റെ ഒരു വിദൂര ഓർമ്മ മാത്രമായിത്തീരട്ടെ!      

 





 വാഴൈ

(Spoiler Alert: Contains part of the film story)


(Poster Courtesy)


തിക്കും തിരക്കും ബഹളവും നിറഞ്ഞ നഗര ജീവിതത്തിനിടയ്ക്ക് നിങ്ങൾക്ക് സ്വച്ഛ്‌വും ശാന്തവും ആയ ഒരു ദിവസത്തെ ഗ്രാമജീവിതം കിട്ടിയാൽ എങ്ങിനെ ഇരിക്കും? അൽപ സ്വല്പം കുറവുകളും അസൗകര്യങ്ങളും ഉണ്ടായാൽ പോലും അതൊരു പ്രത്യേക അനുഭവമായിയ്ക്കും തീർച്ച. ക്രൈമും സസ്‌പെൻസും ത്രില്ലും മറ്റും നിറഞ്ഞ ചിത്രങ്ങളുടെ വേലിയേറ്റത്തിനിടയിൽ അത്തരത്തിലൊരു ആശ്വാസം നൽകുന്ന തമിഴ് ചിത്രമാണ് "വാഴൈ". മലയാളത്തിൽ അടുത്തിടെ വന്ന "വാഴ" അല്ല ഇത് എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. "കർണ്ണൻ" തുടങ്ങിയ നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത മാരി സെൽവരാജ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

1999 ൽ തൂത്തുക്കുടിക്ക് അടുത്ത് ഒരു ഗ്രാമത്തിൽ നടന്ന ദുരന്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ മെനഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാം ജോലി ചെയ്യുന്നത് അവിടുത്തെ പ്രധാന കൃഷിയായ വാഴത്തോട്ടങ്ങളിലാണ്. വലിയ വാഴക്കുലകൾ തലച്ചുമടായി കുറെ ദൂരം കടത്തി ലോറിയിൽ കയറ്റുന്നതാണ് ജോലി. ജോലിക്കു പോകാനായി ലോറി രാവിലെ വന്ന് അവരെ കയറ്റി പോകും. വൈകീട്ട് ജോലി കഴിഞ്ഞ് വാഴക്കുലകൾ കയറ്റിയ ലോറിയുടെ മുകളിൽത്തന്നെ ഇരുന്നു വേണം തിരിച്ചു വരുവാൻ. അവർക്ക് ഒരു വാഹന സൗകര്യം ഏർപ്പെടുത്താൻ മുതലാളിയോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അത് ചെവിക്കൊണ്ടില്ല.

ഗ്രാമത്തിലെ സ്കൂളിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ ദൈനം ദിന ചെയ്തികളെ പിൻപറ്റിയാണ് സംവിധായകൻ കഥ ചുരുളഴിക്കുന്നത്. ശിവാനന്ദനും ശേഖറും. ശിവാനന്ദൻ പഠിത്തത്തിൽ കേമനാണെങ്കിലും ശേഖർ പിന്നോക്കമാണ്. ഒഴിവു ദിനങ്ങളിൽ രണ്ടു പേരും വീട്ടിൽ നിന്നുള്ള നിർബന്ധം കാരണം കായ ചുമക്കുവാൻ പോകും: ആ ജോലി തീരെ ഇഷ്ടമല്ലെങ്കിലും. ശിവാനന്ദന്റെ ചേച്ചിയും അമ്മയും എല്ലാം ഈ ജോലി തന്നെ ചെയ്യുന്നു. എന്നിട്ടും അവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട്പെടുന്നു. 

ശിവാനന്ദന്റെയും ശേഖറിന്റെയും നിർദോഷമായ കൊച്ചു കൊച്ചു കുസൃതികളിലൂടെയും തെറ്റുകളിലൂടെയും അതിന്റെ പശ്ചാത്താപങ്ങളിലൂടെയും ആണ് കഥ മുന്നേറുന്നത്. ഒപ്പം കായ മുതലാളിയുടെ ചൂഷണവും അതിനെതിരെയുള്ള ഗ്രാമീണരുടെ സംഘടിത ചെറുത്തു നിൽപ്പും ശിവാനന്ദന്റെ ചേച്ചിയുടെ പ്രണയവും എല്ലാം കടന്നു വരുന്നുണ്ട്. ചെറിയ തോതിൽ. ഒന്നും കടുത്തനിറങ്ങളുള്ള ചിത്രങ്ങളാവാതിരിക്കാൻ സംവിധായകൻ ബോധപൂർവം മനസ്സ് വെച്ച മട്ടുണ്ട്. ഒരുപക്ഷെ കടുത്ത വർണങ്ങളെല്ലാം ഒടുവിലേക്ക് വേണ്ടി മാറ്റി വെച്ചതുമാവാം.

അറിയപ്പെടുന്ന അഭിനേതാവ് അല്ലെങ്കിൽ അഭിനേത്രി ആയി നിഖില വിമൽ മാത്രമാണ് ഈ ചിത്രത്തിലുള്ളത്. അവർക്കാകട്ടെ ചിത്രത്തിന് അല്പം താരമൂല്യം കൊടുക്കുകയെന്നതിലുപരി കാര്യമായൊന്നും ചെയ്യാനുമില്ല. എന്നാൽ കുട്ടികളുടെയും മറ്റു ഗ്രാമീണരുടെയും റോളുകൾ കൈകാര്യം ചെയ്ത, താരതമ്യേന അറിയപ്പെടാത്ത നടീനടന്മാർ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.   തമിഴ്‌നാടൻ ഗ്രാമ ജീവിതം അവതരിപ്പിക്കുന്നതിൽ സംവിധായകനുള്ള മിടുക്ക് മുൻപ് "കർണ്ണൻ" എന്ന ചിത്രത്തിലും കണ്ടതാണ്. ഭാരതി രാജയെയും ബാലചന്ദറെയും ഓർമ്മിപ്പിക്കുന്നതായി ആ ഗ്രാമ ചിത്രം. ചിത്രത്തിന്റെ പൊതു സ്വഭാവത്തിന് ചേർന്ന് നിൽക്കുന്നതായി സന്തോഷ് നാരായണന്റെ പാട്ടുകളും പശ്ച്ചാത്തല സംഗീതവും. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും മനോഹരം.

ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ ഉയർത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു സവിശേഷത. ഗ്രാമീണരുടെ കഠിന ജീവിതവും തുച്ഛമായ വരുമാനവും, അവരനുഭവിക്കുന്ന ചൂഷണം, നിർബന്ധിത ബാലവേലയുടെ പ്രശ്നങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൊടുക്കുന്ന താരതമ്യേന കുറഞ്ഞ പ്രാധാന്യം, പോഷക മൂല്യമില്ലാത്ത ഭക്ഷണം തുടങ്ങി പല സാമൂഹിക പ്രശ്നങ്ങളും. തന്റെ ബാലസഹജമായ ഉപേക്ഷ മൂലം പ്രശ്നത്തിലായ അമ്മയോട് പശ്ചാത്താപ വിവശനായ ശിവാനന്ദൻ ക്ഷമ ചോദിക്കുന്നത് പോലെ ഹൃദയസ്പർശിയായ, പ്രേക്ഷകനെ നൊമ്പരപ്പെടുത്തുന്ന ഒട്ടേറെ രംഗങ്ങളും ഈ ചിത്രത്തെ ശരാശരിയിൽ നിന്നും ഉയർത്തുന്നു. ഭക്ഷണത്തിനായി പണം ദുർവ്യയം ചെയ്യുന്ന ആധുനിക സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ പോന്നതാണ് ശിവാനന്ദന്റെ വിശപ്പ് ചിത്രീകരണം. കലാപരമായും സോദ്ദേശപരമായും ഈ ചിത്രം മികച്ച വിജയം തന്നെ. 'ഡിസ്‌നി പ്ലസ് ഹോട് സ്റ്റാർ' ൽ ഈ ചിത്രം കാണാവുന്നതാണ്