Friday, February 27, 2026

 

കമ്പിളികണ്ടത്തെ കൽഭരണികൾ



വായിക്കണമെന്ന് കുറേക്കാലമായി ആഗ്രഹിക്കുന്ന പുസ്തകമാണ് 'കമ്പിളികണ്ടത്തെ കൽഭരണികൾ'. മാതൃഭൂമി പുസ്തകോത്സവത്തിൽ പുസ്തകം കണ്ടപ്പോൾ പിന്നെ വാങ്ങുവാൻ സംശയിച്ചില്ല.

തീക്ഷണമായ ജീവിത പരീക്ഷകളിലൂടെ ജയിച്ചു കയറിയ ഒരാളുടെയും കുടുബത്തിന്റെയും കഥയാണ് ശ്രീ ബാബു അബ്രഹാം എഴുതിയ 'കമ്പിളികണ്ടത്തെ കൽഭരണികൾ' എന്ന ജീവിതാനുഭവ ഓർമ്മക്കുറിപ്പുകൾ. ഭർത്താവുണ്ടായിരുന്നിട്ടും അദ്ദേഹത്തിൻ്റെ യാതൊരു സഹായവുമില്ലാതെ ഏകയായി മൂന്നു പെൺമക്കളെയും ഒരാൺകുട്ടിയെയും ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കരകയറ്റിവിട്ട ധീരയായ ഒരു അമ്മയുടെയും കൂടി കഥയാണ് ഇത്.

മദ്യപാനം കാരണം സ്വയം നശിച്ച അച്ഛൻ യുവതിയായ ഭാര്യയേയും നാലു മക്കളെയും അനാഥരാക്കി വീട് വിട്ടു പോയപ്പോൾ എല്ലാവരും ചേർന്ന് ഡാമിൽ ചാടി ജീവിതം അവസാനിപ്പിക്കുവാനാണ് അവർ ആദ്യം തീരുമാനിക്കുന്നത്. എന്നാൽ തങ്ങളെ അറിയാത്ത ഏതെങ്കിലും നാട്ടിൽ പോയി ഭിക്ഷയെടുത്തെങ്കിലും ജീവിക്കാമെന്ന മകളുടെ അഭിപ്രായം അവരെ മാറ്റി ചിന്തിപ്പിച്ചു. അങ്ങനെ അവർ എല്ലാ പ്രതിസന്ധികളെയും അവഗണകളെയും മറികടന്ന് ജീവിക്കുവാനുള്ള മനക്കരുത്ത് ആർജ്ജിച്ചു.  തന്നെയും മൂന്നു സഹോദരിമാരെയും ശരിയായ ഉപദേശങ്ങൾ നൽകി നേർവഴിയിൽ നയിച്ച അമ്മയോടുള്ള രചയിതാവിന്റെ സ്നേഹം പുസ്തകത്തിലുടനീളം വെളിപ്പെടുന്നുണ്ട്. വായനയ്ക്കിടയിൽ പലപ്പോഴും ശ്രീ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയിലെ അദ്ദേഹത്തിന്റെ അമ്മയുമായുള്ള അടുപ്പം ഓർമ്മ വന്നു.

ദുരന്തപൂർണ്ണമായ ബാല്യമായിരുന്നു ഗ്രന്ഥകാരന്റേത്. ട്വിസ്റ്റുകൾ നിറഞ്ഞതും. കഠിന പ്രയത്നം കൊണ്ട് വീണിടത്തുനിന്ന് നിവരാൻ നോക്കുമ്പോൾ പലപ്പോഴും മനുഷ്യത്വമില്ലാത്തവരും ചിലപ്പോൾ വിധിയും വീണ്ടും ചവിട്ടി വീഴ്ത്തുന്ന കാഴ്ച. അതിലൊന്നിലും തളരാതെ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്ര ആരെയും ത്രസിപ്പിക്കുന്നതാണ്.  

 കുറച്ച് കാലം അനാഥാലയത്തിൽ കഴിയേണ്ടിവന്ന ബാലന്റെ അനുഭവങ്ങൾ മനസ്സിൽ തട്ടുന്നതാണ്. ഏതാണ്ട് പത്തുനാല്പത് കൊല്ലം മുൻപ് കേരളത്തിലെ ഒരനാഥാലയത്തിൽ ഇങ്ങനെയെല്ലാം നടക്കുമോ എന്ന് നമ്മൾ അതിശയിച്ചുപോവും. ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലെല്ലാം സർക്കാർ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തേണ്ട ആവശ്യകതയിലേക്ക് ശ്രീ ബാബു അബ്രഹാമിന്റെ ബാല്യകാല അനുഭവങ്ങൾ വിരൽ ചൂണ്ടുന്നു. ബന്ധുക്കളുടെയും മനുഷ്യസ്നേഹത്തെ പറ്റി സദാസമയവും പ്രസംഗിക്കുന്ന വൈദികരുടെയും പുതിയ തലമുറയെ വാർത്തെടുക്കാൻ ഉത്തരവാദപ്പെട്ട അദ്ധ്യാപകരുടെയും കപട മുഖംമൂടികൾ തുറന്നു കാട്ടപ്പെടുന്നുണ്ട് പലയിടത്തായി കൃതിയിൽ. വിഭാഗങ്ങളിൽപെട്ട എല്ലാവരുടെതും എന്നല്ല; ഒപ്പം തന്നെ മനുഷ്യത്വവും ദൈവീകത്വവും ഉള്ള വളരെയേറെ നല്ല മനുഷ്യരെയും കാണാം. 

വളരെ ദുഖകരമായ ചുറ്റുപാടുകൾ വർണിക്കുമ്പോഴും നർമ്മം കലർന്ന ഭാഷ ഉപയോഗിക്കുന്നതിനാൽ വായനക്കാരന്ന് ഒട്ടും മുഷിയില്ല. സ്വന്തം ജീവിത കഥ വഴി രചയിതാവ് എത്ര മോശം സാഹചര്യത്തിൽ ജനിച്ചു വീണാലും ആർക്കും എല്ലാ പ്രതിബന്ധങ്ങളെയും അവഹേളനങ്ങളെയും അവഗണനകളെയും അതിജീവിച്ച് ഉയർന്ന നിലയിലെത്താം എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ തലമുറയിലെ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ഇത്.

Wednesday, February 18, 2026

 

ഐതിഹ്യപരമായ ചില നഷ്ടങ്ങൾ.




ഇപ്പോൾ നടക്കുന്ന ചാനൽ ചർച്ചകളും പത്രവാർത്തകളും കാണുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു…… കൊല്ലൂരിലെ മൂകാംബിക ക്ഷേത്രവും പളനിയിലെ ദണ്ഡായുധപാണി ക്ഷേത്രവും കൂടി നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നെകിൽ എത്ര നന്നായേനെ! ഈ രണ്ടു പേർക്കും, അതായത് മൂകാംബികാ ദേവിയ്ക്കും മുരുകനും, മലയാളികളോട് പ്രത്യേക മമതയുണ്ടെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാണത്രെ രണ്ടു പേരും കേരളത്തിലേക്ക് നോക്കിയിരിക്കുന്നത്.

മലയാളിയായ ആദി ശങ്കരാചാര്യരാണ് കൊല്ലൂരിൽ മൂകാംബിക ക്ഷേത്രം സ്ഥാപിച്ചത് എന്ന് പറയുന്നു. ഭാരത പര്യടനത്തിനിടയിൽ മറ്റെവിടെയോ വെച്ച് ദേവി അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷയാവുകയായിരുന്നു. ദേവിയെ പ്രതിഷ്ഠിച്ച് ആരാധിക്കുവാനായി തന്റെ കൂടെ വരണം എന്ന് അപേക്ഷിച്ച അദ്ദേഹത്തോട് ദേവി ഒരു ഉപാധി വെച്ചു:

ഞാൻ പിറകെ വരാം. പക്ഷെ എന്നെ തിരിഞ്ഞു നോക്കരുത്.

അങ്ങിനെ അവർ യാത്ര പുറപ്പെട്ടു. സ്വാഭാവികമായും സ്വന്തം നാട്ടിൽ ക്ഷേത്രം   സ്ഥാപിക്കണം എന്നാവും ശങ്കരാചാര്യർ ആഗ്രഹിച്ചിട്ടുണ്ടാവുക. ദേവിയുടെ കാൽച്ചിലങ്ക നാദവും ശ്രവിച്ച് അദ്ദേഹം മുന്നിൽ നടന്നു. ഏറെ നടന്നു ചെന്നപ്പോൾ ചിലങ്കയുടെ ശബ്ദം കേൾക്കാതായി. അവർ കൊല്ലൂരെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ചിലങ്ക ശബ്ദം നിലച്ചപ്പോൾ ദേവി പിന്തുടരുന്നില്ലേ എന്ന് ശങ്കരാചാര്യർക്ക് സംശയമായി. സംശയമാണല്ലോ എല്ലാ കുഴപ്പങ്ങൾക്കും കാരണം. അത് സഹിക്കാൻ പറ്റാതായപ്പോൾ അദ്ദേഹം തിരിഞ്ഞു നോക്കി.

ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു: നമ്മുടെ ഉടമ്പടി തെറ്റിച്ചല്ലോ ശങ്കരാ... ഇനി ഞാൻ മുന്നോട്ടില്ല. എന്നെ ഇവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചു കൊള്ളൂ..

കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ! എത്രവലിയ ജ്ഞാനിയാണ് ശങ്കരാചാര്യർ. എന്നിട്ടും അബദ്ധം പറ്റി. കുറച്ചുകൂടി നടന്ന് കാസർക്കോടോ നീലേശ്വരമോ എത്തിയിട്ടാണ് തിരിഞ്ഞു നോക്കിയിരുന്നതെങ്കിലോ. മൂകാംബിക ക്ഷേത്രം നമ്മുടെ കയ്യിലിരുന്നേനെ. എന്തെല്ലാം സാദ്ധ്യതകളാണ് നഷ്ടമായത് എന്ന് നിങ്ങൾ അറിയുന്നുണ്ടോ. ആലോചിച്ചു നോക്കൂ.

പിടി കിട്ടുന്നില്ലെങ്കിൽ ഞാൻ വഴിയേ പറയാം. ആദ്യം കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് പഴനി മുരുകനെ നഷ്ടമായ ഐതിഹ്യം കൂടി പറയട്ടെ. മുൻപൊരിക്കൽ പറഞ്ഞതാണ് എങ്കിലും. ആവർത്തന വിരസത ക്ഷമിക്കണം.

അതായത് കൈലാസത്തിൽ ഒരിക്കൽ ദേവന്മാരുടെ സമ്മേളനം നടക്കുമ്പോൾ ഭാരം താങ്ങാനാവാതെ ഭൂമിയുടെ ഉത്തരാർദ്ധം ചരിയുവാൻ തുടങ്ങിയത്രേ. ഉടനെ കൈലാസനാഥന്റെ ആവശ്യപ്രകാരം അഗസ്ത്യമുനി കുറച്ചു ഭാരം ദക്ഷിണാർദ്ധത്തിലേക്ക് മാറ്റുവാൻ ഒരാളെ ഏർപ്പാടാക്കി. ഇടുമ്പൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അസുരൻ. ശക്തൻ. അദ്ദേഹം ഉത്തരാർദ്ധത്തിൽ നിന്നും രണ്ടു മലകൾ പറിച്ചെടുത്ത് കാവടി കെട്ടി ദക്ഷിണ ദിക്കിലേക്ക് യാത്രയായി. പളനിയെത്തിയപ്പോൾ വിശ്രമിക്കുവാനായി മലകളെ താഴെ ഇറക്കി. പക്ഷെ വീണ്ടും എടുത്തു യാത്രതിരിക്കുവാൻ നോക്കുമ്പോൾ മലകൾ ഇളകുന്നില്ല. ആ മലയിലൊന്നിലായിരുന്നു പിന്നീട് മുരുകൻ താമസമാക്കിയത്.

ഞാൻ ആലോചിക്കുകയായിരുന്നു; ഇടുമ്പൻ പത്ത് അടി കൂടി നടന്ന് പൊള്ളാച്ചിക്കിപ്പുറം കൊഴിഞ്ഞാമ്പാറയിലോ ചിറ്റൂരോ ആയിരുന്നു മലകൾ ഇറക്കി വെച്ചിരുന്നതെങ്കിലോ! ദണ്ഡായുധപാണി ക്ഷേത്രം കേരളത്തിലിരുന്നേനെ. എങ്കിൽ... എങ്കിൽ... നമുക്ക് വർഷത്തിലൊരു ആഗോള മുരുക സംഗമം നടത്താമായിരുന്നു; അത്യാവശ്യം വരുമ്പോൾ ദണ്ഡായുധപാണി ക്ഷേത്രത്തിലെ ദ്വാരപാലക പോളകളോ കട്ടിൽ പടിയോ കൊണ്ടുപോയി സ്വർണം പൂശാമായിരുന്നു. എന്തെല്ലാം സാദ്ധ്യതകൾ!

മൂകാംബികാ ദേവിയുടെ കാര്യത്തിലും ഞാൻ നേരത്തെ പറഞ്ഞ സാദ്ധ്യതകൾ അത് തന്നെ. ആഗോള മൂകാംബികാ സംഗമം; സ്വർണ്ണം പൂശൽ.....

അതിനൊന്നുമുള്ള ബുദ്ധിവൈഭവം ഇല്ലാത്ത തമിഴന്മാരുടെയും കന്നടക്കാരുടെയും കയ്യിലായിപ്പോയി ആ ക്ഷേത്രങ്ങൾ. അല്ലെങ്കിലും വിഷമുള്ളവന്ന് കടിയ്ക്കാൻ അറിയില്ല; കടിയ്ക്കാൻ അറിയുന്നവന്ന് വിഷം കൊടുക്കില്ല എന്ന് പറഞ്ഞതു പോലെയാണ് ലോക നീതി.

ഇനിയിപ്പോൾ അതെല്ലാം ഓർത്ത് വിലപിച്ചിട്ടെന്തു പ്രയോജനം. കയ്യിലുള്ള ശബരിമലയെയും ഗുരുവായൂരിനെയും കൊണ്ട് പരമാവധി സംതൃപ്തി അടയുക തന്നെ.

സ്വാമി ശരണം!

( കഥ പറഞ്ഞപ്പോൾ ചാറ്റ് ജി പി ടി വരച്ച ചിത്രമാണ്  മുകളിൽ കൊടുത്തിരിക്കുന്നത്.)

Saturday, February 14, 2026

 

ഇത്തിരി നേരം

(Spoiler Alert: Contains part of the film story)


(Poster courtesy: Wikipedia)



നവംബറിൽ തീയേറ്ററിൽ റിലീസ് ആയ "ഇത്തിരി നേരം" എന്ന സിനിമ ഇപ്പോഴാണ് ഓടിടി യിൽ കാണുവാൻ സാധിച്ചത്. ആമസോൺ പ്രൈമിൽ. നല്ലൊരു ചെറുകഥ വായിച്ചതുപോലെ ആസ്വദിക്കാവുന്ന ഒതുക്കമുള്ള സിനിമ. വലിയ സംഭവങ്ങളോ ട്വിസ്റ്റുകളോ ഒന്നും ഇല്ലാതെ ഏതാനും കഥാപാത്രങ്ങൾ മാത്രമുള്ള ലളിതമായ പ്രണയ കഥ. അതാണ് വിശാഖ് ശക്തി എഴുതി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത "ഇത്തിരി നേരം". 

"ഇത്തിരി നേരം" എന്ന പേരിൽ ചാനൽ ഇന്റർവ്യൂ നടത്തുന്ന അനീഷ് സഹപ്രവർത്തകരായ രാജേട്ടന്നും ചഞ്ചലിന്നും ഒരു തണ്ണിപ്പാർട്ടി നടത്താൻ ഒരുങ്ങുന്നു. തന്റെ കുട്ടിയുടെ മാമോദീസ ചടങ്ങിന്റെ തലേ ദിവസമാണ് അതിന് അവസരം ഒത്തു വന്നത്. അങ്ങനെ അനീഷ് ജോലികഴിഞ്ഞ് വീട്ടിൽ വന്നു ഫ്രഷ് ആയി ഹോട്ടലിൽ കാത്തിരിക്കുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക് പോകുമ്പോഴാണ് വർഷങ്ങൾക്ക് മുൻപ് പ്രണയത്തിലായിരുന്ന, പിന്നീട് പിണങ്ങിപ്പിരിഞ്ഞ, കോളേജ് മേറ്റ് അഞ്ജനയുടെ ഫോൺകാൾ വരുന്നത്. അവൾ എന്തോ ആവശ്യത്തിനായി നഗരത്തിൽ എത്തിയിട്ടുണ്ട്. പിറ്റേ ദിവസം തിരിച്ചു പോകും. തമ്മിൽ ഒന്ന് കാണാൻ പറ്റിയാൽ നന്നായി. ഏഴെട്ടു വർഷമായി തമ്മിൽ കണ്ടിട്ട്. അനീഷിനും അവളെ കാണാൻ കൊതിയായി. സുഹൃത്തുക്കളോട് ഉടനെ എത്താമെന്ന് പറഞ്ഞ് അയാൾ അഞ്ജനയെ കാണുവാനെത്തി. അങ്ങനെ പഴയ സുഹൃത്തുക്കൾ പരിചയം പുതുക്കി നടക്കുന്നതിനിടയ്ക്ക് പെരുമഴയായി. അടുത്തുകണ്ട ബാറിലേക്ക് അവർ ഓടിക്കയറി. 

വർഷങ്ങൾ അവളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് അനീഷ് പതുക്കെ അറിയുകയായിരുന്നു. മദ്യവും പുകവലിയുമെല്ലാം അവൾക്ക് നിഷിദ്ധമല്ലാതായി. അവരുടെ സംഭാഷണങ്ങളിലൂടെ പഴയ പ്രണയവും അവർ അകന്നു നിന്ന കാലത്തെ അഞ്ജനയുടെ ദുരനുഭവങ്ങളും വിരഹവും അനീഷിന്റെ വിവാഹ ജീവിതവും എല്ലാം പതുക്കെ തെളിഞ്ഞു വരുന്നു. അപ്രതീക്ഷിതമായ കണ്ടുമുട്ടൽ പിറ്റേന്ന് രാവിലെ വരെ നീളുന്ന ചെറിയ ചെറിയ സംഭവങ്ങളിലേക്ക് അവരെ നയിക്കുന്നു. ആദ്യ പകുതിയിൽ അല്പം മെല്ലെപ്പോക്ക് അനുഭവപ്പെടുമെങ്കിലും നർമ്മവും ഉദ്വേഗവും പ്രണയവും വിരഹവും പശ്ചാത്താപവും എല്ലാം കൂടിച്ചേർന്ന സംഭവങ്ങൾ വളരെ ആസ്വാദ്യകരമാക്കിയിട്ടുണ്ട് തിരക്കഥാകൃത്തും സംവിധായകനും ചേർന്ന്. 

അഭിനേതാക്കൾ എല്ലാവരും താന്താങ്ങളുടെ റോളുകൾ ഭംഗിയാക്കി. അനീഷ് ആയി വന്ന റോഷൻ മാത്യു ഇതുവരെ അവതരിപ്പിച്ച പല റോളുകളിൽ നിന്നും വളരെയൊന്നും വ്യത്യസ്തമായില്ല. എങ്കിലും അഞ്ജന മദ്യപിച്ച് അബോധാവസ്ഥയിലായ ശേഷമുള്ള സീനുകളിൽ അനീഷിന്ന് അവളോടുള്ള തീവ്ര പ്രണയം പ്രേക്ഷക മനസ്സിലെത്തിക്കുന്നതിൽ തികച്ചും വിജയിച്ചു. സരിൻ ശിഹാബിന്റെ അഞ്ജനയും 'ആട്ട’ ത്തിലെ റോളിന്റെ തുടർച്ച തന്നെ. എടുത്തുപറയേണ്ടത് രാജൻ ചേട്ടനായി വന്ന നന്ദുവിന്റെ അഭിനയമാണ്. സംവിധായകനായ ജിയോ ബേബിയും ഉണ്ട് ഒരു ഓട്ടോക്കാരന്റെ വേഷത്തിൽ. 

രാകേഷ് ധരൻറെ ഛായാഗ്രഹണവും ബേസിൽ സി ജെ യുടെ സംഗീതവും ചിത്രത്തിന് മുതൽക്കൂട്ട് തന്നെ. സസ്പെൻസ് ത്രില്ലറുകളുടെ വേലിയേറ്റത്തിനിടയിൽ വലിയ താരസാന്നിദ്ധ്യം ഒന്നും ഇല്ലെങ്കിലും "ഇത്തിരി നേരം", "ഫെമിനിച്ചി ഫാത്തിമ" "അവിഹിതം" തുടങ്ങിയ സിനിമകൾ സിനിമ പ്രേമികൾക്ക് വലിയ ആശ്വാസമാണ്.