കൗമാര സ്വപ്നങ്ങളിലെ മാന്ത്രിക സ്വരം
കോളേജിൽ പഠിക്കുന്ന കാലത്ത് ദിവസവും
ഒഴിച്ചുകൂടാനാവാത്ത വിധത്തിൽ ഞാൻ
കേൾക്കാറുള്ള രണ്ടു റേഡിയോ പ്രോഗ്രാമുകൾ
ഉണ്ടായിരുന്നു. രാവിലെ എട്ടു മണിക്ക് ശ്രീലങ്കയിൽ നിന്നുള്ള "അഭി കെ ഗീത്"
എന്ന പുതിയ ഹിന്ദി സിനിമ ഗാനങ്ങളുടെ പരിപാടിയാണ് ഒന്ന്. റാഫിയുടെയും കിഷോർ
കുമാറിന്റെയും വേർപാടിനു തൊട്ടുമുൻപുള്ള കാലമായിരുന്നു അത്. പരിപാടി
മുഴുമിക്കുന്നതിനു മുൻപ് തന്നെ കോളേജിലേക്ക് മനസ്സില്ല മനസ്സോടെ ഇറങ്ങേണ്ടി വരും.
വൈകുന്നേരം വിവിധ ഭാരതിയിൽ നിന്നുള്ള ജയമാല പ്രോഗ്രാം ആണ് അടുത്തത്. ജവാന്മാരെ
ഉദ്ദേശിച്ചുള്ള ഈ പരിപാടിയിൽ പഴയ ഹിന്ദി ഗാനങ്ങളായിരിക്കും. റാഫി, കിഷോർ, ലതാമങ്കേഷ്കർ, ആശ
ഭോസ്ലെ, മുകേഷ്, മഹേന്ദ്ര കപൂർ തുടങ്ങിയവരുടെ ഗാനങ്ങൾ കൊണ്ട്
സമ്പന്നമാവുന്ന പരിപാടി.
ഹിന്ദി സിനിമ ഗാന ശാഖയുടെ സുവർണകാലം ഈ
പരിപാടിയിലൂടെ എന്റെ മനം നിറയ്കുമായിരുന്നു.
കോളേജ് കഴിഞ്ഞു അധികം താമസിയാതെ തന്നെ
ജോലി കിട്ടി. പാലക്കാടുജില്ലയിലെ തന്നെ കോയമ്പത്തൂർ അതിർത്തിയിലുള്ള വേലന്താവളത്ത്.
പാലക്കാട് ജില്ലയാണെങ്കിലും പ്രകൃതിയും സംസ്കാരവും തമിഴ് നാടിന്റേതായിരുന്നു. ഭാഷയാവട്ടെ തമിഴും. മൂന്ന് നാലു കിലോമീറ്റർ
ദൂരെ സ്വരപ്പാറ എന്ന സ്ഥലത്തായിരുന്നു താമസം. നാഗരികത തൊട്ടു തീണ്ടിയിട്ടില്ലാത്ത
സ്വച്ഛമായ ഗ്രാമം. റോഡ് അരികിൽ വലിയൊരു ഉയർന്നു പോകുന്ന പാറ. പാറയ്ക്കു മുകളിലെ
ക്രിസ്ത്യൻ പള്ളി. പാറ തുടങ്ങുന്നിടത്തൊരു വേളാങ്കണ്ണി മാതാവിന്റെ കപ്പേളയും. അതിനരികിലൂടെ
വടക്കോട്ടു പോകുന്ന മണ്ണ് പാതയ്ക്കിരുവശവും കൃഷിക്കാരുടെ ചെറിയ വീടുകൾ. ആ വഴി കുറച്ചു
നടന്നാൽ ഞങ്ങൾ മൂന്ന് നാലുപേർ താമസിക്കുന്ന
ബാച്‌ലർ വീടായി. കുറച്ച്കൂടി
നടന്നാൽ ഗ്രാമ വീടുകൾ കഴിഞ്ഞു കൃഷി
തുടങ്ങുകയായി. കരിമ്പിൻ കാടുകളും തെങ്ങിൻ
തോപ്പുകളും ഇടകലർന്ന പച്ചപ്പുകൾ.
ജോലി കിട്ടിയതോടെ രാവിലെയും
വൈകുന്നേരവുമുള്ള എന്റെ സംഗീത സപര്യ അവസാനിച്ചെന്ന് പറയേണ്ടതില്ലല്ലോ. റേഡിയോയും
എല്ലാവര്ക്കും സ്വന്തമാക്കാവുന്ന വിലകുറഞ്ഞ സാധനമല്ലായിരുന്നു അക്കാലത്തു്.
പക്ഷെ മറ്റൊന്ന് സംഭവിച്ചു. ദിവസവും രാവിലെ അടുത്ത വീടുകളിൽ നിന്നും
"കോവൈ വാനോളി നിലയ"ത്തിൽ നിന്നുമുള്ള പാട്ടുകൾ കൊണ്ട് ഗ്രാമമാകെ
മുഖരിതമായി. പാട്ടുകളിൽ സ്ത്രീ ശബ്ദം S.ജാനകി, P.സുശീല, S.P. ശൈലജ, ചിത്ര തുടങ്ങിയവരുടേത്
ആകുമെങ്കിലും പുരുഷ ശബ്ദം മിക്കവാറും ഒന്ന് തന്നെയായിരുന്നു.
കേൾക്കുന്ന മാത്രയിൽ ചുറ്റുപാടും മറന്നു
നമ്മൾ മറ്റൊരു ലോകത്തെത്തുന്ന പ്രതീതി. പാട്ടിനനുസരിച്ചു അത് പ്രണയത്തിന്റെ
ലോകമാകാം; തീവ്ര
ദുഖത്തിന്റെ ലോകമാകാം; കളി തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന വരുടെ ലോകമാകാം. എന്തായാലും ആ ശബ്ദം കർണ്ണ പുടത്തിൽ പതിക്കുന്നതോടെ നമ്മൾ ചിത്രം
കണ്ടിട്ടില്ലെങ്കിലും ആ ലോകത്തെത്തുകയായി. അതെ. SPB എന്ന് നമ്മൾ സ്നേഹത്തോടെ പറയുന്ന S P ബാലസുബ്രമണ്യത്തിന്റെ മാസ്മരിക ശബ്ദം. രാവിലെ ജോലിക്കു പോകുമ്പോൾ ബസ്സു
കയറുന്നതു വരെ വഴിയിലെ ഓരോ വീട്ടിൽ നിന്നായി ആ സംഗീതം എന്നെ അനുഗമിച്ചു.
ശങ്കരാഭരണം, നിനൈത്താലേ ഇനിക്കും തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ ശബ്ദം
നേരത്തെ തന്നെ എന്നെ വശീകരിച്ചു
കഴിഞ്ഞിരുന്നു. നിനൈത്താലേ ഇനിക്കും എന്ന ചിത്രത്തിലെ "നമ്മ ഊരു
ശിങ്കാരി" എന്ന ഗാനം അതിലെ ശബ്ദ
കസർത്തുകൾ കൊണ്ട് തികച്ചും
അത്ഭുതപെടുത്തിയിരുന്നു. കിഷോർ കുമാറിന് മാത്രം സാധ്യമായതാണ് ഇതെല്ലാം
എന്നായിരുന്നു എന്റെ വിചാരം. ദിവസവും രാവിലെ അയല്പക്കങ്ങളിൽ നിന്നുമുള്ള ഈ ഗാന സ്നാനം
കാരണം SPB മറ്റെല്ലാവരെയും പിന്തള്ളി എന്റെ
മനസ്സിൽ നിറഞ്ഞു നില്ക്കാൻ തുടങ്ങി. ആ
ശബ്ദത്തിന്റെ അനന്ത സാദ്ധ്യതകൾ എന്നെ വിസ്മയിപ്പിച്ചുകൊണ്ടേ ഇരുന്നു. എത്ര
അനായാസമാണ് ഏതു ഭാവവും ഏതു വികാരവും അതിലേക്കു ചേരുന്നത്! അതൊരു ചിരിയാവാം (തങ്ക മനം സിരിക്കിതു, തുടങ്ങി നിരവധി ഗാനങ്ങൾ). അതൊരു
ചുമയാവാം. (മണിയോസെ കേട്ട് എഴുന്ത്).അതൊരു രോദനമാവാം. (കാതൽ റോജാവേ). നിസ്സഹായന്റെ നഷ്ട ബോധമാകാം (രാഗദീപം ഏറ്ററും (etrum) നേരം ) പ്രണയമാവാം, കുസൃതിയാവാം, ഭക്തിയാവാം........എല്ലാം
ചിത്രങ്ങളായി കേൾവിക്കാരുടെ മനസ്സിൽ തെളിയുന്നു. ഒരേ ഗാനത്തിൽ ഒന്നിലധികം
ഭാവങ്ങൾ വരുന്ന സന്ദർഭങ്ങളുമുണ്ട്; "പുല്ലാങ്കുഴൽ മൊഴി തമിഴ്
തമിഴ്..." എന്ന ഗാനത്തിൽ കാത്തിരിപ്പിന്റെ ദുഃഖം പെട്ടെന്ന് ആഹ്ലാദത്തിലേക്കു
മാറുന്നതുപോലെ. എന്തൊരു അനുഗ്രഹീതനായ കലാകാരൻ! ഹിന്ദിയിലാവട്ടെ കുസൃതി നിറഞ്ഞ സൽമാൻ
ഖാന്റെ യുവത്വത്തിന് ഇത്രയും ഇണങ്ങുന്ന മറ്റൊരു ശബ്ദമുണ്ടെന്നു
തോന്നുന്നില്ല. പ്രത്ത്യേകിച്ചും കിഷോറിന്റെ അഭാവത്തിൽ. "ഹം ആപ് കെ ഹൈ കോൻ" എന്നെ
ചിത്രത്തിൽ ഉത്തരേന്ത്യൻ വിവാഹത്തിന്റെ അന്തരീക്ഷം ഒരുക്കുന്നതിൽ SPB യുടെ പാട്ടുകൾ വലിയ പങ്ക് വഹിച്ചു. ചാനൽ
പ്രോഗ്രാമുകളിൽ വരുമ്പോഴും വളരെ പ്രസാദാത്തമകമായ സാന്നിധ്യം ആയിരുന്നു അദ്ദേഹത്തിന്റേത്.
ഇളയരാജ, ഭാരതിരാജ,
ബാലചന്ദർ, കമലഹാസൻ, രജനികാന്ത് തുടങ്ങിയവരെല്ലാം ഒത്തൊരുമിച്ച തമിഴ് സിനിമയുടെ സുവർണ
കാലം! അതിൽ SPB
ക്കുള്ള പങ്ക് ചില്ലറയല്ല. അദ്ദേഹത്തിന്റെ വിയോഗം തമിഴിന് മാത്രമല്ല കന്നടയും
തെലുങ്കും പോലെ നമുക്ക് സുപരിചിതമല്ലാത്ത
ഭാഷകളിലെ ചലച്ചിത്ര ഗാന ശാഖക്കും വലിയൊരു തീരാ നഷ്ടം തന്നെ. കോവിഡ്
എന്ന മഹാമാരി അദ്ദേഹത്തെ കവർന്നത് വഴി
സിനിമ ലോകത്തെ മൊത്തത്തിലാണ് നഷ്ടത്തിലാഴ്ത്തിയത്.
ഒരു തമിഴ് ചാനലിൽ SPBയ്ക്ക് ജനങ്ങൾ
അന്തിമോപചാരമർപ്പിക്കുന്നത് ലൈവ് ആയി കാണിക്കുന്നുണ്ടായിരുന്നു. അതിനു
പശ്ചാത്തലമായി അവർ തേവർ മകൻ സിനിമയിലെ
അദ്ദേഹം പാടിയ ദുഃഖ സാന്ദ്രമായ 'പോറ്ററി (potri) പാടടി പെണ്ണെ... ' എന്ന ഗാനത്തിന്റെ ചില
വരികൾ തുടർച്ചയായി കേൾപ്പിക്കുന്നുണ്ടായിരുന്നു.
SPBയുടെ അന്ത്യ യാത്രക്കുള്ള അനുശോചന ഗീതം അദ്ദേഹം തന്നെ പാടി തയ്യാർ ചെയ്തു
വെച്ചത് പോലെ…..
എന്റെ തലമുറയുടെ കൗമാര സ്വപ്‌നങ്ങൾ
സംഗീത സാന്ദ്രമാക്കിയ അനുഗൃഹീതനായ കലാകാരാ... ആദരാഞ്ജലികൾ!

