Saturday, September 5, 2020

 

C U SOON.

Spoiler Alert:  May contain part of the film story.

 

സാഹിത്യത്തിനും സിനിമയ്ക്കും മറ്റും കൈകാര്യം ചെയ്യുവാനായി വളരെ കുറച്ചു ഇതിവൃത്തങ്ങൾ മാത്രമേ ലോകത്തു ലഭ്യമായുള്ളു എന്ന വസ്തുത പലരും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. അതെ സമയം നൂറു കണക്കിന് സിനിമകളാണ് ഓരോ ഭാഷയിലും വർഷാവർഷം പുറത്തിറങ്ങുന്നത്. അപ്പോൾ ലഭ്യമായ ഇതിവൃത്തത്തിന്റെ കെട്ടിലും മട്ടിലും അവതരണത്തിലുമെല്ലാം നൂതനത്വം കൊണ്ടുവന്നു വേറിട്ട ഒരു അനന്യത സൃഷ്ടിച്ചു പ്രേക്ഷകരെ ആകർഷിക്കുക മാത്രമാണ് ഒരു പോംവഴി.

മഹാ നഗരങ്ങളിൽ എത്തപ്പെട്ട്,  വഞ്ചിക്കപ്പെട്ടു ജീവിതം ദുരന്തത്തിലാവുന്ന നിഷ്കളങ്കരായ പെൺകുട്ടികളുടെ യാതനകൾ ചിത്രീകരിക്കുന്ന  നിരവധി സിനിമകൾ നാം കണ്ടിട്ടുണ്ട്. ഉദയായുടെ ജനകീയ സിനിമയായ 'പാവങ്ങൾ പെണ്ണുങ്ങൾ', ഗൗരവതരമായ സിനിമകൾ ചെയ്ത ബക്കറിന്റെ 'ചാരം', കലാപരമായി മികച്ചതും ഹൃദയ സ്പർശിയുമായ ' ഉംറാവോ ജാൻ' തുടങ്ങിയ വളരെ പഴയ ചിത്രങ്ങൾ വരെ ഓർമയിലെത്തുന്നു. അത്തരത്തിൽ ഒരു പ്രമേയത്തെ നൂതനമായ രീതിയിൽ അവതരിപ്പിക്കാനാണ്  ഫഹദ് ഫാസിലും സുഹൃത്തുക്കളും ചേർന്ന് നിർമിച്ചു മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഒരുക്കിയ “C U SOON” എന്ന  സിനിമ ശ്രമിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ഗൾഫിൽ ജോലി നോക്കുന്ന ജിമ്മി (റോഷൻ മാത്യു) ഓൺ ലൈനിലൂടെ അനു മോളെ (ദർശന രാജേന്ദ്രൻ) പരിചയപ്പെടുന്നതോടെ ആണ് ചിത്രം തുടങ്ങുന്നത്. പരിചയം വളർന്ന് ജിമ്മി അവളെ വിവാഹം കഴിക്കുവാൻ തീരുമാനിക്കുന്നു. ഓൺ ലൈനിൽ വരുമ്പോഴെല്ലാം അനു മോളുടെ പെരുമാറ്റത്തിൽ ദുരൂഹതകൾ ഉണ്ടെങ്കിലും ജിമ്മി എന്തുകൊണ്ടോ അത് ശ്രദ്‌ധിക്കുന്നില്ല. നേരിൽ കാണുക പോലും ചെയ്യാതെ വിവാഹം തീരുമാനിക്കുന്നത് പ്രേക്ഷകർക്ക് അല്‌പം ആശങ്ക ഉണ്ടാക്കുന്നുണ്ടെകിലും. ജിമ്മിയുടെ അമ്മ (മാല പാർവതി)  എന്തായാലും പെൺകുട്ടിയെ പറ്റി അന്വേഷിക്കാനായി അമേരിക്കയിൽ ഉള്ള ജിമ്മിയുടെ കസിൻ കെവിനെ (ഫഹദ് ഫാസിൽ)  ഭാരമേൽപ്പിക്കുന്നു. കംപ്യൂട്ടറിന്റെ  നിഗൂഡ വിവര ശേഖരങ്ങളിലേക്കു  അനധികൃതമായി  പോലും കടന്നു കയറാൻ കഴിവുള്ള ആളാണ് കെവിൻ. എങ്കിലും  ഫേസ് ബുക്കും മറ്റും മാത്രം നോക്കി കെവിൻ ഓകെ കൊടുക്കുന്നു. അതിനിടയ്ക്കാണ് ഒരിക്കൽ ജിമ്മിയുമായി  ചാറ്റ്   ചെയ്യുമ്പോൾ  അനുമോൾ രക്തം പുരണ്ട, ഭീതിതമായ മുഖവുമായി തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ജിമ്മിയോട്‌ കേണപേക്ഷിക്കുന്നത്. വീട്ടിലേക്ക്  കൊണ്ടുവന്നതോടെ ജിമ്മിക്ക് അവളോടുള്ള ഇഷ്ടം പതിന്മടങ്ങായി. തുടർന്ന് അവളെ ഉപദ്രവിച്ച അച്ഛനോട് അരിശം പൂണ്ടു ചോദ്യം ചോദിയ്ക്കാൻ ചെല്ലുന്നതോടെ കാര്യങ്ങൾ ജിമ്മിയുടെ കൈ വിട്ടു പോകുന്നു  . അനുമോൾ വീട്ടിൽ നിന്നും പറയാതെ ഇറങ്ങിപ്പോവുകയും ജിമ്മി പോലീസിന്റെ നോട്ടപ്പുള്ളിയാവുകയും ചെയ്തു. സഹായത്തിനായി ജിമ്മിക്ക് കെവിനെ അഭയം പ്രാപിക്കുക മാത്രമായിരുന്നു ഏക വഴി.അപ്പോഴാണ് അനുമോളെക്കുറിച്ചും അവളുടെ അച്ഛനെക്കുറിച്ചും എല്ലാം എത്ര കുറച്ചു മാത്രമേ തങ്ങൾക്ക് അറിയൂ എന്ന യാഥാർഥ്യം അവർക്കു  മനസ്സിലാവുന്നത്.  തുടർന്ന് ടെക് സാവി ആയ കെവിൻ നടത്തുന്ന ഓൺലൈൻ അന്വേഷണങ്ങൾ ആണ് ചിത്രത്തിന് ഉദ്വേഗം പകരുന്നത്. ഗോപി സുന്ദറിന്റെ സംഗീതം ഇതിനു വളരെ സഹായകമായിട്ടുണ്ട്.

തുടർച്ചയായി കമ്പ്യൂട്ടർ  / മൊബൈൽ സ്‌ക്രീനുകളിലൂടെ ഉള്ള ആഖ്യാന രീതി തന്നെയാണ് ഈ ചിത്രത്തെ തുടക്കത്തിൽ പറഞ്ഞത് പോലെ വേറിട്ട് നിർത്തുന്നത്. മകളെ നഷ്ടപെട്ട ഒരു അച്ഛൻ അവളെ കണ്ടുപിടിക്കുവാനായി നെറ്റിലൂടെ തിരഞ്ഞു  വിജയം കാണുന്ന ' Searching ' എന്ന ചിത്രത്തിന്റെ സാങ്കേതികമായ അവതരണ രീതി ആണ് ഇവിടെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന നടന്മാരുടെയെല്ലാം മികവുറ്റ പ്രകടനമാണ് ഈ ചിത്രത്തിലെ എടുത്തു പറയേണ്ട മറ്റൊരു കാര്യം. പുറം കാഴ്ചകളോ ഛായാഗ്രഹണത്തിന്റെ സൗന്ദര്യങ്ങളോ ഒന്നും ഇല്ലാത്ത ഈ ചിത്രം ആസ്വാദന യോഗ്യമായതും ഒരു പക്ഷെ ഇത് കൊണ്ട് മാത്രമായിരിക്കും.

വേറിട്ട രീതിയിലുള്ള അവതരണം ആണെങ്കിലും സാധാരണ സിനിമയുടെ ചുറ്റുവട്ടങ്ങൾ പൂർണമായും സംവിധായകനെ വിട്ടൊഴിയുന്നില്ല. ജിമ്മിയും അനുമോളും പരസ്പരം  അറിയാതെ കേരളത്തിലേക്കു യാത്ര തിരിച്ചു  ഒരേ സമയം വിമാനത്താവളത്തിൽ എത്തുന്നത് അതുകൊണ്ടാവണം. വിവരമറിഞ്ഞു അനുമോൾ പോകുന്ന   ബോർഡിങ്   ഗേറ്റ് ലക്ഷ്യമാക്കി മൊബൈൽ ക്യാമറ ഓണാക്കി ജിമ്മി നെട്ടോട്ടം ഓടിയ സീൻ  കണ്ടപ്പോൾ  ഒരു  സാധാരണ സിനിമ ക്ളൈമാക്സ്   മണത്തു: സെക്യൂരിറ്റിയെ വെട്ടിച്ചു ടാർമാക്കിലൂടെ ഓടി വിമാനത്തിൽ നിന്നും അനുമോളെ  പിടിച്ചിറക്കി ഒന്നിയ്ക്കുന്ന ശുഭ പര്യവസായി ആയ രംഗം... നല്ലകാലത്തിനു അതുണ്ടായില്ല. അനുമോളെയും കൊണ്ട് വിമാനം  പോയിക്കഴിഞ്ഞിരുന്നു.

ഈ പുതിയ പരീക്ഷണത്തെ  ഓരോ പ്രേക്ഷകനും അവരവരുടെ കമ്പ്യൂട്ടർ  ലിറ്ററസി അനുസരിച്ചാവും വിലയിരുത്തുക എന്ന് തോന്നുന്നു. നിത്യവും ലാപ്ടോപ്പിലും മൊബൈലിലും നെറ്റിലും വെബിനാറിലും എല്ലാം ജീവിക്കുന്നവർക്കു ഈ സിനിമയുടെ ഒന്നര മണിക്കൂർ അവരുടെ ജോലിയുടെ തന്നെ ഒരു ഭാഗമായി തോന്നാൻ മതി. പുതിയ തലമുറയ്ക്ക് ആസ്വാദന പ്രശ്നങ്ങളൊന്നും ഉണ്ടാവാനിടയില്ല. എന്നാൽ  തീരെ ടെക് സാവി അല്ലാത്തവർ പൂർണമായും ആസ്വദിക്കണമെന്നുമില്ല. എന്നിരുന്നാലും തീയേറ്റർ നിഷിദ്ധമായ ലോക്ക് ഡൌൺ കാലത്തു അവതരണത്തിലെ ഈ പുതിയ പരീക്ഷണം തികച്ചും സ്വാഗതാർഹവും ആസ്വാദ്യവും തന്നെ. ഒപ്പം പ്രധാനപ്പെട്ട രണ്ടു സാമൂഹിക പ്രശ്നങ്ങളിലേക്കും ഈ ചിത്രം വിരൽ ചൂണ്ടുന്നു - ഒന്ന്. ആരുടേയും സ്വകാര്യതകളിലേക്കു കടന്നു കയറി വിവരശേഖരണത്തിനുള്ള സാദ്ധ്യതകൾ. (ഇവിടെ കെവിൻ അത് സദുദ്ദേശത്തോടെ ആണ് ചെയ്യുന്നതെങ്കിലും). രണ്ട്. വിദേശ ജോലി കാണിച്ചു പെൺകുട്ടികളെ ദുരന്തത്തിലേക്ക് തള്ളി വിടുന്ന മനസ്സാക്ഷിയില്ലാത്ത മാഫിയ സംഘങ്ങളുടെ പ്രവർത്തനം. രണ്ടും ശ്രദ്ധയാകർഷിക്കേണ്ടത് തന്നെ.

 

 


4 comments: