Monday, October 19, 2020

 

ഹലാൽ ലവ് സ്റ്റോറി

Spoiler Alert: May contain part of the story



ഒരു സിനിമ എടുക്കണം. നിബന്ധനകൾ ഒരുപാടുണ്ട്. കർശനമായും  അതിനുള്ളിൽ നിന്ന് വേണം എടുക്കുവാൻ. ബജറ്റ് കുറവായതിനാൽ ടെലി ഫിലിം മതി. അഭിനേതാക്കൾ സംഘടനയിലെ മെമ്പർമാർ തന്നെ. ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കാൻ ശരിക്കുള്ള ഭാര്യ ഭർത്താക്കന്മാർ തന്നെ വേണം. അന്യ പുരുഷനും സ്ത്രീയും കൂടി ഇടപഴകുന്നത് ഹറാമായതു കൊണ്ടാണ്. ചിത്രത്തിന്റെ പേര് 'മൂന്നാമതും ഉമ്മ'. അമ്മയുടെ  മഹത്വം   വിളിച്ചോതുന്ന ഇതിവൃത്തമായത് കൊണ്ടാണ് ഈ പേര് എന്ന്  തിരക്കഥാകൃത്തായ തൗഫീക്ക്‌ (സിറാജുദ്ധീൻ) പറയുന്നു. സിനിമ സംവിധാനം ചെയ്യുവാൻ അഭ്യർത്ഥനയുമായി വന്ന സംഘാടകർ പറഞ്ഞ ഇവയോടൊന്നും പൊരുത്തമില്ലാതിരുന്നിട്ടും സിനിമ രംഗത്ത് പരിചയ സമ്പന്നനായ സഹ സംവിധായകൻ സിറാജ്(ജോജു ജോർജ്) ആ ദൗത്യം ഏറ്റെടുത്തത് സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടു മാത്രമാണ്.

ആ സിനിമ നിർമാണത്തിന്റെ കഷ്ടപ്പാടുകളും പിറകിൽ പ്രവർത്തിച്ചവരുടെ മാനസിക സംഘർഷങ്ങളും പ്രധാന അഭിനേതാക്കളുടെ കുടുംബ പ്രശ്നങ്ങളുമാണ് സഖറിയാ മുഹമ്മദ് സംവിധാനം ചെയ്ത പുതിയ സിനിമയായ 'ഹലാൽ ലവ് സ്റ്റോറി'  നർമം കലർത്തി പറയുവാൻ ശ്രമിക്കുന്നത്. പ്രായോഗികതയ്ക്കപ്പുറം മത വിശ്വാസങ്ങളിൽ കുടുങ്ങിക്കിടക്കുന്ന, അമേരിക്കയുടെ  അന്യരാജ്യ അധിനിവേശങ്ങളിൽ രോഷാകുലരായ, പെപ്സി പോലുള്ള ബഹുരാഷ്ട്ര കോർപറേറ്റകൾക്കു എതിരെ കുപിതരായ, എന്നാൽ തങ്ങളുടെ സമുദായവും പുരോഗമനത്തിന്റെ പാതയിലാണെന്ന്  ഉറക്കെ വിളിച്ചു പറയുവാൻ വെമ്പുന്ന ഒരു സംഘം  ആളുകളാണ് മുകളിൽ പറഞ്ഞ ടെലി സിനിമ എടുക്കുന്നത്. സംഘത്തിന്റെ പ്രവർത്തനങ്ങളും  ഷൂട്ടിങ്ങിന്റെയും മെമ്പർമാരുടെ അഭിനയത്തിന്റെയും പ്രശ്നങ്ങളും നർമ്മങ്ങളിലൂടെ അവതരിപ്പിച്ചു  മുന്നേറുന്ന  തിരക്കഥ, പെട്ടെന്നൊരു വഴിത്തിരിവായി നായകനും നായികയുമായി അഭിനയിക്കുന്ന ഷെരീഫിന്റെയും (ഇന്ദ്രജിത് സുകുമാരൻ) ഭാര്യ സുഹ്‌റയുടെയും (ഗ്രേസ് ആന്റണി) കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളിലേക്കു കേന്ദ്രീകരിക്കുന്നു. കൂട്ടത്തിൽ സംവിധായകനായ സിറാജിന്റെ തകർന്ന കുടുംബ ജീവിതവും വിഷയമാവുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ തുടങ്ങുന്നിടത്തല്ല ചിത്രം അവസാനിക്കുന്നത്. തുടക്കത്തിൽ  പറഞ്ഞ പോലെ  'മൂന്നാമതും ഉമ്മ' എന്ന വിഷയവും ഷൂട്ടിങ്ങിന്റെ ചിത്രീകരണത്തിലൂടെ  വെളിവാകുന്ന ടെലി ഫിലിം  കഥയിലെങ്ങും കണ്ടില്ല. കഥയും സംഭാഷണവുമെല്ലാം ഷെരീഫിന്റെയും സുഹ്‌റയുടെയും വ്യക്തി ജീവിതമായി മാറുന്നതാണ് കണ്ടത്.  സഖറിയയും മുഹ്‌സിൻ  പരാരിയും ചേർന്ന് രചിച്ച തിരക്കഥയുടെ ലക്ഷ്യമില്ലായ്മയായി  ഇത് നിലകൊള്ളുന്നു. ചിത്രത്തിലെ ഗാനങ്ങളും സംഗീതവുമെല്ലാം  ശരാശരി എന്നേ പറയാവൂ. അപ്പോൾ പിന്നെ ഈ ചിത്രം ആസ്വാദ്യകരമാക്കുന്നതെന്താണ്? ഊറി ചിരിപ്പിക്കുന്ന നർമവും സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്‌തമായ ആഖ്യാന രീതിയും താരങ്ങളുടെ അഭിനയ മികവും തന്നെ. ഗ്രേസ്  ആന്റണി, ജോജു ജോർജ്, സംഘത്തിലെ പ്രവർത്തകനായ റഹീമിന്റെ വേഷമണിഞ്ഞ നാസർ എന്നിവർ എടുത്തു പറയേണ്ടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കോഴിക്കോടൻ ഗ്രാമാന്തരീക്ഷം ഒപ്പിയെടുത്ത അജയ് മേനോന്റെ സിനിമാറ്റൊഗ്രാഫിയും മികച്ചത് തന്നെ.

സക്കറിയയുടെ മുൻ ചിത്രമായ 'സുഡാനി ഫ്രം നൈജീരിയ' യുടെ മികവ് ഈ ചിത്രത്തിന് അവകാശപ്പെടാൻ ആവില്ല. എങ്കിലും  സാധാരണ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നു എന്നതും സിനിമ നിർമ്മാണത്തിന്റെ എല്ലാ വിഭാഗങ്ങളിലും താരതമ്യേന  നവാഗതരുടെ കൂട്ടായ്മകൊണ്ടാന്ന് ഇത് സാധ്യമാക്കുന്നത് എന്നതും തികച്ചും സ്വാഗതാർഹമാണ്. OTT പ്ലാറ്റുഫോമിൽ ആമസോൺ പ്രൈമിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കോവിഡ് അഞ്ചാം ഘട്ട തുറക്കൽ പ്രക്രിയയിൽ മൾട്ടിപ്ളെക്സ്/തിയേറ്റർ   കളെല്ലാം തുറക്കാൻ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ സിനിമാ രംഗം അധികം വൈകാതെ കോവിഡിന് മുൻപുള്ള കാലഘട്ടത്തിലേക്ക് തിരിച്ചു വരുമെന്ന് നമുക്ക് ആശിക്കാം. എന്നിരുന്നാലും വളരെ വലിയ ക്യാൻവാസ് ആവശ്യമില്ലാത്ത ഇതുപോലെയുള്ള ലളിതമായ, ചെലവ് കുറഞ്ഞ ചിത്രങ്ങൾക്ക് OTT പ്ലാറ്റുഫോം തുടർന്നും ഒരു സമാന്തര അവസരമായി നിലകൊള്ളുമെന്നു തോന്നുന്നു.

 

 

 

2 comments: