ജോജി
Spoiler
alert: Contains part of the film story
കുറ്റബോധം; രാത്രിയുടെ ഏകാന്ത യാമങ്ങളിൽ ദു:സ്വപ്നമായി ഞെട്ടി ഉണർത്തുന്ന
കുറ്റബോധം. ഭയം; കാറ്റടിച്ചു
ഇലയിളകിയാൽ ഉടലാകെ പടരുന്ന ഭയം. അതിൽ
നിന്നും രക്ഷപ്പെടുവാനായി അഴിക്കും തോറും മുറുകുന്ന കുരുക്കുകൾ.
അരുതാത്തതെന്നറിഞ്ഞിട്ടും ചെയ്തുപോവുന്ന പാപത്തിന്റെ പരിണത ഫലങ്ങൾ. അത്തരത്തിലൊരു
സമസ്യയിൽ അകപ്പെടുന്ന യുവാവിന്റെ കഥയാണ് ഫഹദ് ഫാസിലും കൂട്ടുകാരും ചേർന്നൊരുക്കിയിരിക്കുന്ന
നല്ല ചിത്രം " JOJI ".
തോട്ടം ഉടമയും ബിസിനെസ്സ്കാരനുമായ പനച്ചെൽ കുട്ടപ്പൻ ( വി പി സണ്ണി)
മർക്കട മുഷ്ടിക്കാരനാണ്. ജോമോൻ (ബാബുരാജ്), ജെയ്‌സൺ (ജോജി മുണ്ടക്കയം) ജോജി (ഫഹദ്
ഫാസിൽ) എന്ന മൂന്നു പുത്രന്മാരും ജെയ്‌സന്റെ ഭാര്യ ബിൻസിയും ജോമോന്റെ മകൻ
പോപ്പിയും അടങ്ങുന്നതാണ് അയാളുടെ കുടുംബം. വിവാഹ ബന്ധം വേർപെടുത്തിയ ജോമോൻ ഒഴിച്ച്
മറ്റെല്ലാവരും കുട്ടപ്പന്റെ ഏകാധിപത്യത്തിൽ വളരെ അസ്വസ്ഥരാണ്. പ്രത്യേകിച്ചും
വിദ്യാഭ്യാസം മുടക്കി വലിയ ഭാവി സ്വപ്‌നങ്ങൾ കണ്ടു നടക്കുന്ന എന്നാൽ എങ്ങുമെങ്ങും
എത്താത്ത ജോജി. ചുരുക്കി പറഞ്ഞാൽ സ്നേഹ ബന്ധങ്ങളുടെ കെട്ടുറപ്പില്ലാത്ത അസ്വസ്ഥകൾ
നിറഞ്ഞ ഒരു സമ്പന്ന കുടുംബം.
പൊതുവെ അരോഗ ദൃഢ ഗാത്രനായ കുട്ടപ്പൻ ഒരു ദിവസം സ്ട്രോക്ക് വന്ന്
ആശുപത്രിയിലാവുകയും രക്ഷപ്പെടുവാൻ പ്രയാസമാണെന്ന് ഡോക്ടർമാർ വിധിക്കുകയും ചെയ്തതിൽ
ജോജിയും മറ്റും അകമേ ആശ്വസിക്കുന്നുണ്ട്. എന്നാൽ തുടർ ചികിത്സകൾക്ക് ശേഷം അയാൾ
വീട്ടിൽ മടങ്ങിയെത്തി. വീൽ ചെയറിൽ ഇരുന്നാണെങ്കിലും പഴയ രീതിയിൽ സർവ്വാധികാരം
കയ്യാളി ഏകാധിപത്യപരമായ ഗൃഹ ഭരണം തുടർന്നു. ജോമോനൊഴിച്ചുള്ളവർക്കെല്ലാം, മുത്തച്ഛന്റെ അക്കൗണ്ടിൽ ഓൺലൈൻ
പർച്ചെസിനായി ചില്ലറ തിരിമറി നടത്തുന്ന പോപ്പിക്കടക്കം, ഇത് കുറച്ചൊന്നുമല്ല അലോസരമായത്. തങ്ങൾക്കോരോരുത്തർക്കും
പല പദ്ധതികളുണ്ട്. അതിനാൽ സ്വത്ത്
ഭാഗിച്ചു നൽകണമെന്ന ജേസന്റെയും
ജോജിയുടെയും അപേക്ഷ കാരണവർ
ചെവിക്കൊണ്ടില്ല. മാത്രവുമല്ല ശേഷി
ഉള്ള ഒരുകൈ കൊണ്ട് ചങ്കിൽ
കയറിപ്പിടിച്ചപ്പോൾ ഭാഗ്യത്തിനാണ് ജോജി മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഷേക്‌സ്‌പേരിന്റെ മാൿബെത് ആണ് ഈ ചിത്രത്തിന്റെ പ്രചോദനം
എന്ന് പറയുന്നു. മാൿബെത്തിനു തെറ്റുകളുടെ
പ്രചോദനം മന്ത്രവാദിനികളുടെ പ്രവചനമാണെങ്കിൽ ജോജിക്ക് ഒരു പക്ഷെ ബന്ധുവായ ഫെലിക്സ്
ഡോക്ടറുടെ (ഷമ്മി തിലകൻ ) ' Millionaire ' എന്ന വിളിയാണെന്നു തോന്നുന്നു പ്രചോദനമായത്.
അപ്പനില്ലാത്ത കാലം വന്നാൽ താൻ സ്വാതന്ത്രനായൊരു ലക്ഷാധിപതി ആവുമെന്ന് അയാൾ
മനസ്സിൽ നിരൂപിച്ചു ഉറപ്പിച്ചിരിക്കണം. എന്തായാലും അപ്പന് കൊടുക്കാനുള്ള ഗുളിക
മാറ്റി വെച്ചു അയാൾ അദ്ദേഹത്തെ കാല
യവനികക്കുള്ളിലേക്കു തള്ളി വിടുന്നു.
ഒരു തെറ്റിനെ മൂടി വെക്കാനായി വീണ്ടും വീണ്ടും മനുഷ്യൻ തെറ്റുകളിലേക്ക്
വഴുതുന്നത് സ്വാഭാവികം. അസുഖം മാറിവരുന്നതിനിടെ കുട്ടപ്പന്റെ പെട്ടെന്നുള്ള മരണം നാട്ടിൽ പല ഊഹാപോഹങ്ങൾക്കും ഇടയാക്കി. മരണ
ദിവസം ജോജി കാണിച്ച നിസ്സംഗതയായിരുന്നു അതിലൊന്ന്. അപ്പന്റെ മരണത്തിൽ ജോമോനും
തന്നെ സംശയിക്കുന്നെന്നു മനസ്സിലാക്കിയ ജോജി അയാളുടെയും അന്തകനായി മാറുന്നു. അതോടെ
ചിത്രം അതിന്റെ
സ്വാഭാവികമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.
ശ്യാം പുഷ്‌കരന്റെ തിരക്കഥ പതിവ് രീതിയിൽ മികച്ചതായി. പോപ്പി ഓൺലൈനിൽ
വരുത്തിയ, ഒടുവിൽ
കുടുംബത്തിന് ദുരന്തമായി മാറിയ എയർ ഗണ്ണിന്റെ കൊറിയർ ആപ്പീസിൽ നിന്നുള്ള നീണ്ട
പ്രയാണം തിരക്കഥയുടെ തുടക്കമാക്കിയത് ക്രാഫ്റ്റിങ്ങിന്റെ മികവ് തന്നെ.
സംഭാഷണം വളെരെ മിതത്വത്തോടെ ആണ് ഈ
ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പലയിടത്തും സംഭാഷണത്തിന് വ്യക്തത കുറഞ്ഞോ എന്നും
സംശയമുണ്ട്. പശ്ചാത്തല സംഗീതവും (ജസ്റ്റിൻ വർഗീസ്) ഒതുക്കത്തോടെയാണ്
ഉപയോഗിച്ചിരിക്കുന്നത്. ഉദ്യോഗ ജനകമായ രംഗങ്ങളിലാവട്ടെ അത് വളരെ ഫലപ്രദവുമായി.
സംവിധായകൻ ദിലീഷ് പോത്തനും ഛായാഗ്രഹണം നിർവഹിച്ച ഷൈജു ഖാലിദും
പ്രത്യേക പ്രശംസ അർഹിക്കുന്നു. റബ്ബർ എസ്റ്റേറ്റും പൈനാപ്പിൾ കൃഷിയും ചേർന്ന മനോഹരമായ ഭൂപ്രകൃതി ഉടനീളം
ഒപ്പിയെടുത്തതിന് പുറമെ ഇരുവരും ചേർന്നൊരുക്കിയ ഹൃദ്യമായ ഒട്ടേറെ മുഹൂർത്തങ്ങളുമുണ്ട് ഈ ചിത്രത്തിൽ. ഗുളികകളുടെ പെട്ടി മാറ്റിവെച്ച
ശേഷം പതുങ്ങി തിരിച്ചു പോവുന്ന ജോജി കണ്ണാടിയിൽ ബിൻസിയുടെ പ്രതിച്ഛായ കണ്ടു
ഞെട്ടുന്നത്; കുട്ടപ്പന്റെ
മരണ ശേഷം മനസ്സിലെ നിഗൂഢമായ ആനന്ദം മുഖത്തു പ്രതിഫലിക്കുന്ന ജോജിയോട് മാസ്ക് ധരിച്ചു ശവമഞ്ചത്തിനടുത്തേക്കു
വരാൻ ബിൻസി പറയുന്ന രംഗം തുടങ്ങിയവ അവയിൽ ചിലതു
മാത്രം. ഈ രംഗങ്ങളിലെല്ലാം തന്നെ ഫഹദ് ഫാസിൽ ഒന്നാംതരമായി.
എല്ലാ അഭിനേതാക്കളുടെയും തന്മയത്വ പൂർണമായ അഭിനയമാണ് ഈ ചിത്രത്തിന്റെ
എടുത്തു പറയേണ്ടുന്ന ഒരു മികവ്. എന്നിരുന്നാലും ഫഹദ് ഫാസിലിന്റെ പ്രദർശനം
പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. അല്പം അസാധാരണമായ മാനസിക നിലയുള്ള
കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിനുള്ള കഴിവ് അപാരം തന്നെ. കുമ്പളങ്ങി
നെറ്റിസിലും നമ്മൾ അത് കണ്ടതാണ്.
ക്യാമറക്കു മുന്നിലും പിന്നിലുമായി നിരവധി കലാകാരന്മാരുടെ
പ്രയത്നമാണ് ഒരു സിനിമയുടെ പിറവിക്കു പിന്നിൽ. അവരുടെയെല്ലാം പ്രയത്‌നം ചേരുംപടി ചേരുമ്പോഴാണ് ചിത്രം
ഹൃദ്യമാവുന്നത്. ഈ സിനിമയുടെ കാര്യത്തിൽ അത് സംഭവിച്ചിരിക്കുന്നു. വളരെ ഹൃദ്യമായ
ദൃശ്യാനുഭവം തന്നെ.

👍
ReplyDeleteExcellent 👌
ReplyDeleteGood review
ReplyDeleteGood review
ReplyDeleteഈ അടുത്തകാലത്ത് കണ്ട ചിത്രങ്ങളിൽ തികച്ചും ഹൃദ്യമായ ഒരു വിരുന്നു.
ReplyDeleteYes.Thank you.
DeleteThis comment has been removed by the author.
ReplyDelete👍
ReplyDelete