Judas and the black Messiah
(ഓസ്കാർ വസന്തം2021)
Spoiler Alert: Contains part of the film story
(Poster and photo Courtesy)
പട്ടാ പകൽ ക്യാമറകൾ മുന്നിൽ കണ്ണ് തുറന്നിരിക്കുമ്പോൾ, ജോർജ് ഫ്ലോയ്ഡ് (George Floyd) എന്ന ഒരു കറുത്ത വർഗക്കാരെന്റെ കഴുത്തിൽ
ഒരു വെളുത്ത വർഗ അമേരിക്കൻ പോലീസുകാരൻ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു
കൊന്നത് ഞെട്ടിക്കുന്ന മാധ്യമ കാഴ്ചയായിരുന്നു. 2020 മെയ് ഇരുപത്തിയഞ്ചിന് അമേരിക്കയിലെ മിന്ന്യപോളിസിൽ (Minneapolis) ആയിരുന്നു സംഭവം
നടന്നത്. കഴുത്തു മോചിപ്പിക്കുവാനായി തനിക്കു
ശ്വാസം മുട്ടുന്നെന്ന് ദയനീയമായി കേണപേക്ഷിച്ചിട്ടും കഴുത്തിൽ നിന്നും
കാൽമുട്ടെടുക്കുവാൻ ഡെറിക് ചോവിൻ എന്ന ആ പോലീസുകാരൻ തയ്യാറായില്ല. കൂടെയുള്ള മറ്റു
പോലീസുകാരാവട്ടെ അയാളെ പിന്തുണക്കുകയാണ് ചെയ്തത്. മാത്രവുമല്ല, കണ്ടുനിന്നവരെ
ഇടപെടുവാൻ അനുവദിച്ചതുമില്ല. അങ്ങിനെ ഒരു കോഴിയെ കൊല്ലുന്ന ലാഘവത്തോടെ നാട്ടിൽ
നിയമവും സമാധാനവും ഉറപ്പുവരുത്താൻ നിയുക്തനായ ഒരു പോലീസുകാരൻ അതി ലളിതമായി ഒരു മനുഷ്യ ജീവൻ കവർന്നെടുത്തു.
ഫ്ലോയ്ഡ് കള്ള നോട്ട് കൈവശം വെച്ചെന്ന സംശയത്തിന്റെ പേരിലായിരുന്നു ഹീനമായ ഈ കൊലപാതകം.
അമേരിക്കയിൽ ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല തന്നെ. ലോക മനസ്സക്ഷിയെ പിടിച്ചുലച്ച ഈ
സംഭവത്തിൽ അമേരിക്കയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉണ്ടായതു കാരണം ആ
പോലീസുകാർ ശിക്ഷിക്കപ്പെട്ടു. പലപ്പോഴും അത് പോലും ഉണ്ടാകാറില്ല. ഈ സംഭവം ഇപ്പോൾ
ഓർക്കാൻ കാരണം " Judas
and the Black Messiah" എന്ന ചിത്രം കണ്ടതുകൊണ്ടാണ്.
രണ്ടായിരത്തി
ഇരുപത്തൊന്നിലെ രണ്ടു ഓസ്കാർ പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രമാണ് " Judas
and The Black Messiah ". തുല്യ പ്രാധാന്യമുള്ള
രണ്ടു കഥാപാത്രങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. . അവരെ അവതരിപ്പിച്ച ഡാനിയേൽ കാലുയ (Daniel
Kaluuya),
ലക്കീത് സ്റ്റാൻഫീൽഡ് (Lakeith
Stanfield) എന്നിവർ രണ്ടുപേരും സഹ നടന്മാർക്കുള്ള
പുരസ്കാരത്തിനാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്;
അപ്പോൾ ഈ ചിത്രത്തിലെ നായകൻ ആരാണെന്ന
ചോദ്യം അവശേഷിക്കുന്നെങ്കിലും. പുരസ്‌കാരം ലഭിച്ചതാവട്ടെ ഫ്രെഡ് ഹാംപ്ടൺ എന്ന
വിപ്ലവ നായകനെ അവതരിപ്പിച്ച ഡാനിയേൽ കാലുയക്കും. ചിത്രത്തിലെ "Fight for
You" എന്ന ഗാനത്തിന് ആയിരുന്നു
രണ്ടാമത്തെ ഓസ്കാർ. "Best Original Song" വിഭാഗത്തിൽ.
ആയിരത്തി
തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും അമെരിക്കയിലെ പ്രബലമായിരുന്ന വിപ്ലവ പാർട്ടി ആയിരുന്നു
"ബ്ലാക് പാന്തേഴ്സ് ". കറുത്ത വർഗക്കാർക്കെതിരെ നടന്നു വന്ന പോലീസ്
അതിക്രമങ്ങൾക്കെതിരെ സായുധ വിപ്ലവം
നടത്തുന്നതോടൊപ്പം തന്നെ കറുത്ത വർഗക്കാരുടെ സാമൂഹ്യ ക്ഷേമത്തിലും പാർട്ടി ശ്രദ്ധ
ചെലുത്തി. ഭരണകൂടത്തിന് തലവേദനയായ ഈ സംഘടന മറ്റെന്തിനേക്കാളും വലിയ രാജ്യ
വിപത്തായി മുദ്രകുത്തപ്പെട്ടു. അതിന്റെ ഉന്മൂല നശീകരണത്തിനായി ഫെഡറൽ ബ്യുറോ ഓഫ്
ഇൻവെസ്റ്റിഗേഷൻ (FBI) ഒറ്റുകാരെയും
ചരന്മാരെയും സംഘടനയിലേക്ക് കയറ്റി വിട്ടു. അത്തരത്തിലുള്ള ഒരു നീക്കത്തിന്റെ ഭാഗമായായിരുന്നു റോയ് മിച്ചൽ
എന്ന FBI ഓഫീസർ ഒരു ചെറുകിട കാർ മോഷ്ടാവായ ബിൽ ഓ നീൽ
എന്ന ചെറുപ്പക്കാരനെ പ്രലോഭിപ്പിച്ചും
ഭയപ്പെടുത്തിയും ബ്ലാക്ക് പാൻതെർ മെമ്പർ
ആക്കിയത്. പാർട്ടി
ചെയർമാനായ ഫ്രെഡ് ഹാംപ്‌റ്റന്റെ സൗഹൃദം സമ്പാദിച്ച് പാർട്ടിക്കുള്ളിലെ തീരുമാനങ്ങൾ
അപ്പപ്പോൾ റോയിയെ അറിയിക്കുകയായിരുന്നു അയാളുടെ ദൗത്യം. അതിനാകട്ടെ ബില്ലിന്
പണമായും മറ്റു സൗകര്യങ്ങളായും പ്രതിഫലം കിട്ടിക്കൊണ്ടിരുന്നു. അസാമാന്യ പ്രസംഗ പാടവം കൈമുതലായുള്ള ഫ്രെഡ്
ഹാംപ്ടൺ ഇടക്ക് വെച്ച് ജയിലിൽ പോയപ്പോൾ ബിൽ പാർട്ടിയിൽ കൂടുതൽ ഉന്നത സ്ഥാനത്തെത്തുകയും
ചെയ്യുന്നു..
ഫ്രെഡ് ജയിലിലായ സമയത്ത് അയാളുടെ സുഹൃത്തും പാർട്ടിക്കാരനുമായ ജിമ്മി പാമറെ പോലീസ് വക വരുത്തുന്നുണ്ട്. ജയിൽ
മോചിതനായ ഫ്രെഡ് പാർട്ടി മെമ്പർ ആയ ജേക്ക് വിന്റേഴ്സിന്റെ അമ്മയെ പോയികാണുന്നത് ചിത്രത്തിലെ ഒരു ഹൃദയ സ്പർശിയായ
രംഗമാണ്. ഫ്രഡും ഗർഭിണിയായ കാമുകി ദെബോര
ജോൺസണും തമ്മിലുള്ള സംഭാഷണ രംഗങ്ങളും
വൈകാരിക തീവ്രതയുള്ളത് തന്നെ. അപ്പീൽ
നിരസിക്കപ്പെട്ടു ഫ്രഡിന് കാമുകിയെയും മറ്റു സഖാക്കളേയും പിരിഞ്ഞ് വീണ്ടും ജയിലിലേക്ക് തന്നെ തിരിച്ചു
പോകേണ്ടിവരുന്നു. ഈ സമയം, ജയിലിലെത്തുന്നതിനു മുൻപ് തന്നെ അയാളെ
ഇല്ലാതാക്കുവാൻ FBI കരുക്കൾ നീക്കുന്നു. FBI ഡയറക്ടർ തന്നെ റോയിയെ ബില്ലിന്റെ സഹായത്തോടെ ഫ്രഡിനെ വധിക്കുവാൻ നിർബന്ധിക്കുന്നു. മികച്ച രീതിയിൽ, നാടകീയമായി ചിത്രീകരിച്ച ഒരു രംഗമാണിത്. വിരസമായ
തുടക്ക രംഗങ്ങളിൽ നിന്നും ചിത്രത്തെ
രക്ഷിച്ചു പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ഇത്തരം രംഗങ്ങളാണ്. റോയിയുടെ നിർബന്ധവും
ഭീഷണിയും കാരണം മനസ്സില്ലാമനസ്സോടെ ആണെങ്കിലും ബിൽ ഫ്രഡിന് മദ്യത്തിൽ മയക്കമരുന്നു
കൊടുത്ത് ഉറക്കിക്കിടത്തുന്നു. പോലീസുകാർ അവരുടെ താമസ സ്ഥലം വളഞ്ഞു വെടിയുതിർത്ത്
ഫ്രെഡ് ഹാംപ്‌റ്റനെ വധിക്കുകയും ചെയ്യുന്നു.
ബ്ലാക്ക്
പാന്തർ പാർട്ടിയുടെ ചെയർമാനായിരുന്ന ഫ്രെഡ് ഹാംപ്‌റ്റന്റെയും FBI ഒറ്റുകാരനായ ബിൽ ഓ നീലിന്റെയും യഥാർത്ഥ ജീവിത
കഥയായ ഈ ചിത്രത്തിൽ മികച്ചു നിന്നത് അവരെ യഥാക്രമം അവതരിപ്പിച്ച ഡാനിയേൽ കാലുയയും
ലകീത് സ്റ്റാൻഫീൽഡും തന്നെ. ചിത്രത്തിന്റെ ആദ്യ പകുതി അല്പം വിരസമായി ഇഴഞ്ഞാണ്
നീങ്ങുന്നതെങ്കിലും രണ്ടാം പകുതി വൈകാരികവും നാടകീയവുമായ രംഗങ്ങൾ കൊണ്ട് അല്പം മെച്ചമായി.
ഒരു തീപ്പൊരി വിപ്ലവകാരിയുടെ ജീവിത കഥയായതിനാൽ കൂടുതൽ വിനോദ രംഗങ്ങളൊന്നും
പ്രതീക്ഷിക്കേണ്ടതുമില്ല. എൺപതുകളുടെ തുടക്കത്തോടെ പാന്തർ പാർട്ടി തികച്ചും ദുർബ്ബലമായി. ഫ്രഡിന്റെയും
ബില്ലിന്റെയും യഥാർത്ഥ ജീവിത ക്ലിപ്പിംഗുകളും ബില്ലിന്റെ ഒരു ഇന്റർവ്യൂവിന്റെ
ക്ലിപ്പിങ്ങും കാണിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ജയിലിലേക്ക് പോകുന്നത്തിനു മുൻപ് ഫ്രഡിനെ കൊലപ്പെടുത്തുവാൻ നിഷ്കർഷിക്കുന്ന FBI ചീഫ് റോയിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ചിത്രത്തിൽ: എട്ടു മാസം മാത്രം പ്രായമായ റോയിയുടെ മകൾ ഭാവിയിൽ, കൗമാരത്തിലെത്തുമ്പോൾ, ഒരു കറുത്തവർഗക്കാരനെ വീട്ടിലേക്കു കൂട്ടി കൊണ്ടുവന്നാൽ അയാൾക്കെന്തു തോന്നും? റോയിക്കതിന് വ്യക്തമായ ഒരു ഉത്തരമില്ലായിരുന്നു. അതൊരു അഗ്നി സ്ഫുലിംഗമാണ്. വംശീയ വിദ്വേഷത്തിന്റെ കാട്ടുതീ ആളിക്കത്തിക്കാൻ കെല്പുള്ള അഗ്നിസ്ഫുലിംഗം. ചിത്രത്തിൽ പ്രതിപാദിക്കുന്ന സംഭവങ്ങൾ കഴിഞ്ഞു ഏറെ കാലമായെങ്കിലും ആഫ്രിക്കൻ അമേരിക്കക്കാരുടെ നേരെയുള്ള പോലീസ് അതിക്രമങ്ങൾ ഇപ്പോഴും നിർബാധം തുടരുന്നു എന്ന് ഫ്ലോയ്ഡ് സംഭവം നമ്മെ ഓർമിപ്പിക്കുന്നു.


ചിത്രം കാണാൻ ഉള്ള പ്രചോദനം തന്നതിന് നന്ദി.
ReplyDelete