Nomadland
(ഓസ്കാർ വസന്തം2021)
(poster courtesy)
2021ലെ മികച്ച
ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് ലഭിച്ചത് "നൊമാഡ് ലാൻഡ്" (Nomadland)
എന്ന
ചിത്രത്തിനായിരുന്നു. മികച്ച സംവിധാനത്തിന് ക്ളോയീ ഷാവോയ്ക്കും (Chloe’
Zhao)
മികച്ച അഭിനേത്രിക്കുള്ള അവാർഡ് ഫ്രാൻസിസ്
മാക് ഡോർമെന്റിനും (Frances
McDormand) ഈ ചിത്രത്തിലൂടെ ലഭിച്ചു. ഡിസ്നി പ്ലസ് ഹോട് സ്റ്റാർ എന്ന ഓ ടി ടി
പ്ലാറ്റഫോമിലൂടെ ഈ ചിത്രം ഇപ്പോൾ നമുക്ക് ആസ്വദിക്കാവുന്നതാണ്.
സ്വന്തമായി വീടോ സ്ഥിരമായി ഒരിടത്തു താമസമോ
ഇല്ലാത്ത ഒരു കൂട്ടം മനുഷ്യർ ചരിത്രത്തിൽ എക്കാലത്തും ഉണ്ടായിരുന്നു. അവർ നൊമാഡ്സ്
എന്ന് അറിയപ്പെട്ടു. പലപ്പോഴും അവർക്കിടയിൽ തൊഴിലിനും ജോലിക്കും അനുസരിച്ച
കൂട്ടായ്മകളും ഉണ്ടായിരുന്നു. ഉദാഹരണമായി നായാട്ടുകാർ (hunter-gatherers); ആട് പശു
തുടങ്ങിയവയെ വളർത്തുന്നവർ (pastoral
nomads); ഇരുമ്പു പണികളും
മറ്റും ചെയ്യുന്ന വ്യാപാരികൾ (tinkers
or trader nomads) എന്നിങ്ങനെ. സ്വന്തമായി വീടില്ലാതെ ഇത്തരം ജീവിതം നയിക്കുവാൻ
നിർബന്ധിതരായവരും സ്വന്തം ഇഷ്‌ടപ്രകാരം അത്തരത്തിലൊരു
ജീവിതം തിരഞ്ഞെടുക്കുന്നവരും ഉണ്ട്, ആധുനിക കാലത്ത്. ഏകാന്തമായ ജീവിതം ഇഷ്ടപ്പെടുന്നതുകൊണ്ടോ, പ്രകൃതി സ്നേഹം
കൊണ്ടോ,
അജ്ഞാത സ്ഥലികൾ
തേടി പോകാനുള്ള തൃഷ്ണ കൊണ്ടോ, എന്തുകൊണ്ടുമാവാം അത്തരത്തിലൊരു ജീവിതം
തിരഞ്ഞെടുക്കുന്നത്. അവർ വീടിനുള്ളിലെന്ന പോലെ വാനിനുള്ളിൽ ജീവിച്ചു; നിരന്തരം
ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്തു; മരുഭൂമികൾ പോലുള്ള വിജന സ്ഥലങ്ങളിൽ വാൻ പാർക്ക് ചെയ്തു; താത്കാലികമായ ചെറിയ ജോലികൾ ചെയ്തു വരുമാനമുണ്ടാക്കി.
ചിത്രത്തിലെ നായികയായ ഫേൺ (Frances McDormand), താൻ ഏറെ സ്നേഹിച്ചിരുന്ന ഭർത്താവ് മരിക്കുകയും അവർ ജോലി ചെയ്തിരുന്ന ജിപ്സം ഫാക്ടറി സാമ്പത്തിക മാന്ദ്യം കാരണം പൂട്ടി പോവുകയും ചെയ്തതോടെ മുകളിൽ പറഞ്ഞ തരത്തിലുള്ള ഒരു ജീവിതമാണ് തിരഞ്ഞെടുത്തത്. വീട്ടിലെ അത്യാവശ്യ സാധനങ്ങളും മരിച്ചു പോയ ഭർത്താവിന്റെ സ്മരണയുമായി ബന്ധപ്പെട്ട സാധനങ്ങളും എടുത്ത് ഒരു വാനിലേക്ക് അവർ താമസം മാറ്റുന്നു. തുടർന്ന് ആമസോൺ കമ്പനിയിൽ ജോലിചെയ്യുന്ന സമയത്ത് സുഹൃത്തായ ലിൻഡ മേയിൽ നിന്നും ഫേൺ ബോബ് വെൽസിനെ (Bob Wells) പറ്റി മനസിലാക്കുന്നു. നൊമാഡുകളുടെ സഹായത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ബോബ് വെൽസ്. യൂട്യൂബെർ കൂടിയായ അദ്ദേഹം വർഷത്തിൽ ഒരിക്കൽ നൊമാഡുകൾക്കായി ഒരു ഒത്തുചേരലും ഒരുക്കുന്നു. ആ ഒത്തുചേരലിൽ പങ്കെടുക്കുന്ന ഫേൺ ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കുന്നുണ്ട്. കാൻസർ രോഗബാധിതയായ, ഡോക്ടർമാർ ഏതാനും മാസങ്ങൾ മാത്രം ആയുസ്സ് പ്രവചിച്ചിട്ടുള്ള സ്വാൻകീ ആണ് ഒരു സുഹൃത്ത്. നൊമാഡ് ജീവിതത്തിന്റെ പല അതിജീവന ഉപായങ്ങളും ഫേൺ സ്വാൻകീയിൽ നിന്നാണ് മനസ്സിലാക്കുന്നത്. ഡേവ് (David Strathairn) ആണ് മറ്റൊരു സുഹൃത്ത്. പിൽക്കാലത്ത് നൊമാഡ് ജീവിതം മതിയാക്കി മകനോടും പേരക്കുട്ടിയോടും ചേർന്ന് സ്ഥിര ജീവിതം തിരഞ്ഞെടുക്കുന്ന അയാൾ ഫെർണിനെയും തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുണ്ട്. എന്നാൽ ഫേൺ അത് നിരസിച്ചു. തന്റെ കൂടെ സ്ഥിര ജീവിതത്തിനായുള്ള സ്വന്തം സഹോദരിയുടെ ക്ഷണവും ഫേൺ നിരസിക്കുന്നുണ്ട്. മരിച്ചുപോയ ഭർത്താവുമൊത്തുള്ള മുൻ ജീവിതത്തിന്റെ ഓർമ്മകൾ കൊണ്ട് സജീവമായ നൊമാഡ് ജീവിതം തന്നെയായിരുന്നു ഫെർണിന് ഇഷ്ടം. വിരഹങ്ങളുടെയും രോഗങ്ങളുടെയും ദുഃഖങ്ങൾ പേറുന്ന നൊമാഡ് ജീവിതം; അപരിചിതർ സുഹൃത്തുക്കളാവുകയും സുഹൃത്തുക്കളെ വേർപിരിയുകയും ചെയ്യുന്ന നൊമാഡ് ജീവിതം; വേർപിരിഞ്ഞ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടുന്ന നൊമാഡ് ജീവിതം. ആത്മഹത്യയാൽ മകനെ നഷ്ടപെട്ട ബോബ് വെൽസ് പറഞ്ഞത് പോലെ ഒരു വേർപാടും എന്നെന്നേക്കുമായല്ല; തുടർ യാത്രയുടെ വഴിയിൽ വെച്ച് എല്ലാവരും എല്ലാവരെയും വീണ്ടും കണ്ടുമുട്ടുന്നു...
ലിൻഡ മേ,
സ്വാൻകീ, ബോബ് വെൽസ് തുടങ്ങി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന
ഒരുപാടുപേർ യഥാർത്ഥ ജീവിത നൊമാഡുകളാണ്. പ്രൊഫഷണൽ അഭിനേതാക്കളല്ലാത്ത അവരെല്ലാം
തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഫേണിന്റെ സ്ഥായിയായ വിഷാദ ഭാവവും
കൊച്ചു കൊച്ചു സന്തോഷങ്ങളും ഏകാന്തതയുമെല്ലാം മനോഹരമായി അവതരിപ്പിച്ച മാക്
ഡോർമാൻഡിന്റെ അഭിനയം ഓസ്കാർ അവാർഡ് അർഹിക്കുന്നത് തന്നെ!
ഈ
ചിത്രത്തിന്റെ
ലൊക്കേഷനുകളും ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്. മഞ്ഞു മൂടിയ മരുഭൂമികളും
കള്ളിമുൾ ചെടികൾ വളർന്നു നിൽക്കുന്ന തരിശു ഭൂമികളും പാറക്കല്ലുകളിൽ
തിരയടിക്കുന്ന സമുദ്ര തീരങ്ങളും എല്ലാം ചിത്രത്തിന്റെ
മൂഡിനും കഥാപാത്രങ്ങളുടെ മനസികാവസ്ഥക്കും
അനുസരിച്ചു് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വിദൂരതയിലെ അസ്തമയ സൂര്യനെ ഉൾപ്പെടുത്തിയുള്ള
ഫേണിന്റെ ലോങ്ങ് ഷോട്സ് പോലെ പ്രകൃതി ഉൾപ്പെട്ട മനോഹര രംഗങ്ങൾ ഒരുപാടുണ്ട് ഈ ചിത്രത്തിൽ. സ്വാൻകിയുടെയും ബോബ് വെൽസിന്റെയും എല്ലാം
ജീവിതങ്ങൾ മനസ്സിൽ തട്ടുന്ന രീതിയിലാണ് സംവിധായികയായ ക്ളോയീ ഷാവോ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാം ചേർന്ന്
നൊമാഡ് ലാൻഡ് തികച്ചും ആസ്വാദ്യകരമായ ഒരു ദൃശ്യാനുഭവമായി മാറുന്നു.
(ഓസ്കാർ വസന്തം 2021 എന്ന പരമ്പര അവസാനിക്കുന്നു).
No comments:
Post a Comment