ദ പവർ ഓഫ് ദ ഡോഗ്
(ഓസ്കാർ 2022)
ഹോളിവുഡ് സിനിമാ രംഗത്തെ മികവിനുള്ള വിവിധ ഓസ്കാർ അവാർഡുകൾ, (തൊണ്ണൂറ്റി നാലാമത് അക്കാഡമി അവാർഡുകൾ), മാർച്ച് 27ന് പ്രഖ്യാപിച്ചു. കോവിഡ് മഹാമാരി കാരണം നീണ്ടു പോയ തൊണ്ണൂറ്റി
മൂന്നാമത് മത്സരത്തിൽ 2021 ഫെബ്രുവരി വരെ
റിലീസ് ചെയ്ത ചിത്രങ്ങൾ പരിഗണിച്ചിട്ടുണ്ടായിരുന്നു. അതിനാൽ 2021 മാർച്ച് ഒന്ന്
മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത ചിത്രങ്ങളാണ്
ഈ വർഷത്തെ അവാർഡിന് പരിഗണിക്കപ്പെട്ടത്. മികച്ച സംവിധാനത്തിനുള്ള അവാർഡ്
ന്യൂസീലാൻഡുകാരിയായ ജേൻ കാമ്പ്യന്
(Jane Campion) നേടിക്കൊടുത്ത "ദ പവർ ഓഫ് ദ
ഡോഗ്" എന്ന സിനിമയെ നമുക്ക് പരിചയപ്പെടാം. നെറ്റ്ഫ്ലിക്സിൽ
ഇപ്പോൾ ഈ ചിത്രം കാണാവുന്നതാണ്.
1925 കാലഘട്ടത്തിൽ
അമേരിക്കയിലെ മൊണ്ടാനയിലാണ് കഥ നടക്കുന്നത്. നമ്മൾ കണ്ടു പരിചയിച്ച "വെസ്റ്റേൺസ്"
എന്ന് തരം തിരിക്കപ്പെട്ട കൗബോയ് സിനിമകളെ ഓർമ്മിപ്പിക്കുന്നതാണ് ചിത്രത്തിന്റെ
തുടക്കം. സഹോദരന്മാരായ ഫിൽ
ബർബാങ്ക്, ജോർജ് ബർബാങ്ക് എന്നിവർ നിരവധി പശുക്കളും
കുതിരകളും ഉള്ള വളരെ വലിയ ഫാർമിന്റെ ഉടമസ്ഥന്മാരാണ്. സഹോദരങ്ങളാണെങ്കിലും വളരെ
വ്യത്യസ്തമായ സ്വഭാവക്കാരാണ് രണ്ടുപേരും. ജോർജ് വളരെ സൗമ്യനും മര്യാദയോടെ
പെരുമാറുന്നവനും ആണെങ്കിൽ ഫിൽ പെരുമാറ്റത്തിൽ പരുക്കനും ആരോടും സ്നേഹമോ മര്യാദയോ
ഇല്ലാത്തവനുമാണ്. പശുക്കളെയും കൊണ്ടുള്ള ഒരു യാത്രയിൽ അവർ റോസ് എന്ന ഒരു വിധവയും
മകൻ പീറ്ററും നടത്തുന്ന ഭക്ഷണ ശാലയിൽ എത്തുന്നു. ആത്മഹത്യ ചെയ്ത മദ്യപാനിയായ ഭർത്താവ് താറുമാറാക്കിയ ജീവിതം
തിരിച്ചുപിടിക്കാനുള്ള പ്രയത്നത്തിലാണ് റോസും പീറ്ററും. അമ്മ റോസിന്റെ സന്തോഷം മാത്രമാണ് തന്റെ ജീവിതലക്ഷ്യം എന്ന് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ പീറ്റർ പറയുന്നത് നമ്മൾ കേൾക്കുന്നുണ്ട്.
ഭക്ഷണ
ശാലയിൽ വെച്ച് ഫിൽ പീറ്ററിനോടും മറ്റുള്ളവരോടും വളരെ മോശമായി പെരുമാറുന്നു. ഇത് റോസിനെ വളരെയധികം ദുഖിപ്പിക്കുന്നു.
അടുക്കളയിൽ രഹസ്യമായി കരഞ്ഞുകൊണ്ടിരുന്ന റോസിനെ ജോർജ് സമാധാനിപ്പിക്കാൻ
ശ്രമിക്കുന്നു. റോസിനോടുള്ള സഹതാപം ക്രമേണ ജോർജിന്റെയും റോസിന്റെയും വിവാഹത്തിൽ കലാശിക്കുന്നു. തുടർന്ന് പീറ്റർ മെഡിക്കൽ വിദ്യാഭ്യാസത്തിനു
പോയതോടെ റോസും ജോർജിന്റെയും ഫില്ലിന്റെയും വീട്ടിലേക്ക് താമസം മാറ്റുന്നു.
സഹോദരനാണെങ്കിലും സുഹൃത്തിനെ പോലെയായിരുന്ന ജോർജ് വിവാഹിതനായതോടെ ഫിൽ പലവിധ മാനസിക പ്രശ്നങ്ങളിൽ
പെട്ട് തന്റെയും മറ്റുള്ളവരുടെയും ജീവിതം പ്രശ്നപൂർണമാക്കുന്നു.
റോസിനെയും അവധി കാരണം വീട്ടിൽ തിരിച്ചെത്തിയ മകൻ പീറ്ററെയും അയാൾ
കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം അപമാനിക്കുവാനും ദുഖിപ്പിക്കുവാനും ശ്രമിക്കുന്നു.
തന്മൂലം മാനസിക സംഘർഷം താങ്ങുവാനാകാതെ റോസ് ഒളിച്ചും പാത്തും മദ്യപാനം
തുടങ്ങുന്നു. പീറ്റർ ഇതെല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. ഫിൽ തന്റെയും അമ്മയുടെയും സ്വൈര ജീവിതം
തകർക്കുന്നതിൽ അയാൾ വളരെ വേവലാതിപ്പെടുന്നുണ്ട്.
തിരക്കഥ കൂടി തയ്യാറാക്കിയ സംവിധായിക ഫില്ലിന്റെ
കഥാപാത്രത്തിനാണ് ചിത്രത്തിൽ കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്. ചെറുപ്പത്തിൽ ഫിൽ മിടുക്കനായിരുന്നു. പിന്നീട് സ്വന്തം
ഫാർമിലാണെങ്കിലും കന്നുകാലി മേപ്പുകാരനായി. അയാളെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് ബ്രോൻകോ ഹെൻറി
എന്ന അയാളുടെ ഗുരുവായിരുന്നു. കുതിര സവാരി ചെയ്യുവാൻ ഫില്ലിന്നെ പഠിപ്പിച്ചത് അയാളായിരുന്നു. ഇരുപത്തഞ്ചു
വർഷങ്ങൾക്കു ശേഷവും ഫിൽ മരിച്ചുപോയ ബ്രോൺകോയെ പറ്റി വളരെ വൈകാരികമായി പലപ്പോഴും സംസാരിക്കുകയും
അയാളോടുള്ള വിധേയത്വം പ്രകടമാക്കുകയും ചെയ്യുന്നുണ്ട്.
ഒരു ദിവസം പീറ്റർ, ഫിൽ പലപ്പോഴും കയറിപ്പോകുന്ന,
വള്ളിപ്പടർപ്പുകളും
ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടവും മരങ്ങളും പുഴയും ഉള്ള ഏകാന്തമായ സ്ഥലത്തേക്ക്
എത്തിപ്പെടുന്നു. കെട്ടിടത്തിനുള്ളിൽ പഴയ പെട്ടിയിൽ അവൻ പുരുഷന്മാരുടെ നഗ്ന
ചിത്രങ്ങൾ ഉള്ള പുസ്തകങ്ങൾ കാണുവാൻ ഇടയാകുന്നു. പുഴയിൽ നഗ്നനായി ബ്രോൻകോയുടെ
ടൗവലുമായി കുളിക്കുന്ന ഫിൽ ക്രൂദ്ധനായി അവനെ ആട്ടി ഓടിച്ചു. സംവിധാന മികവും അഭിനയ മികവും ഒത്തു ചേർന്ന
രംഗങ്ങളാണിവ. ഉദ്വേഗ ജനകവും.
പക്ഷെ പിന്നീട് എപ്പോഴോ അവനെ കുതിര സവാരി
പഠിപ്പിക്കുവാൻ അയാൾ തയ്യാറായി. അയാളുമൊത്തുള്ള ഒരു യാത്രക്കിടയിൽ ബ്രോൻകോയും
ഫില്ലും സ്വവർഗ സ്നേഹികളായിരുന്നെന്ന് പീറ്റർ മനസിലാക്കുന്നു. ഒരിക്കൽ പീറ്റർ ഒരു
ചത്ത പശുവിന്റെ തുകൽ വളരെ ശ്രദ്ധയോടെ കൈകളിൽ ഗ്ലൗസിട്ട ശേഷം എടുത്തു
കൊണ്ടുവരുന്നുണ്ട്. ആന്ത്രാക്സ് എന്ന
മാരക രോഗത്തെപ്പറ്റി ചിത്രത്തിൽ പലയിടത്തും പരാമർശമുണ്ട്. ഫില്ലിന് കയറു പിരിക്കുവാനായി തുകലിന്റെ ആവശ്യം
വന്നപ്പോൾ പീറ്റർ ആ തുകൽ കൊടുക്കുന്നു. കൈകളിൽ മുറിവുണ്ടായിരുന്ന ഫിൽ അതോടെ രോഗ
ഗ്രസ്തനായി. ജോർജ് പിറ്റേ ദിവസം അയാളെ ആശുപത്രിയിൽ കൊണ്ടുപോവുന്നുണ്ടെങ്കിലും അയാൾ
മരിച്ചു പോയി. മരണ കാരണം ആന്ത്രാക്സ് ആവാനുള്ള സാദ്ധ്യത ഡോക്ടർ ജോർജിനോട്
പറയുന്നുണ്ട്. മരണാനന്തര ചടങ്ങിൽ
നിന്നും പീറ്റർ ദുരൂഹമായി വിട്ടു നിന്നു. വേദ പുസ്തകത്തിലെ
മരണാനന്തര ചടങ്ങുകളുടെ ഭാഗം അയാൾ വായിക്കുന്നുണ്ട്: “deliver my
soul from the sword;my darling from the power of dog”. മുകൾ നിലയിലെ
മുറിയിൽ നിന്നും ചടങ്ങുകൾ കഴിഞ്ഞു തിരിച്ചു വരുന്ന തന്റെ അമ്മയും ഭർത്താവ് ജോർജും
ശാന്തതയോടെ, സ്നേഹത്തോടെ
വീട്ടിനു മുന്നിൽ നിന്ന് കെട്ടിപ്പിടിക്കുന്നത് പീറ്റർ നോക്കിക്കാണുന്നു.
സമാധാനത്തിന്റെ ഒരു പുഞ്ചിരി അവന്റെ മുഖത്തു വിരിയുന്നിടത്താണ് ചിത്രം
അവസാനിക്കുന്നത്.
മൊത്തം പന്ത്രണ്ടു വിഭാഗങ്ങളിൽ നോമിനേറ്റ്
ചെയ്യപ്പെട്ടെങ്കിലും സംവിധാനത്തിന് മാത്രമാണ് ഈ ചിത്രം പുരസ്‌കാരം നേടിയത്. (അതും
ഒരു റെക്കോർഡ് ആണ്). തുടർച്ചയായി രണ്ടുവർഷം സ്ത്രീകളാണ് മികച്ച സംവിധാനത്തിനുള്ള
അവാർഡ് കരസ്ഥമാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. (കഴിഞ്ഞ വർഷം " നൊമാഡ് ലാൻഡ്" എന്ന ചിത്രത്തിന്ന് ക്ലോയി ഷാവോയ്ക്കായിരുന്നു (Chloe Zhao) കിട്ടിയത്). വളരെ സങ്കീർണതകളുള്ള ഫിൽ എന്ന പുരുഷ കേന്ദ്രീകൃത കഥാപാത്രത്തെ
മികച്ച രീതിയിൽ വാർത്തെടുക്കുവാൻ ജെയിൻ
കാംപിയോണിന്ന് സാധിച്ചിരിക്കുന്നു.
ബെനഡിക്ട് കമ്പർബാച്ച് (Benedict Cumberbatch) ആ കഥാപാത്രത്തെ
അവിസ്മരണീയമാക്കുകയും ചെയ്തു. റോസി, പീറ്റർ എന്നീ
കഥാപാത്രങ്ങളും ശക്തമായവർ തന്നെ. അവരെ അവതരിപ്പിച്ച കിർസ്റ്റൺ ഡൻസ്റ്റും (Kirsten Dunst) കോടി സ്മിത്ത്
മാക് ഫീയും ( Kodi Smith Mc Phee) മികച്ച അഭിനയം
തന്നെയാണ് കാഴ്ച വെച്ചത്.
സംഭാഷണങ്ങളെക്കാൾ ദൃശ്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജെയ്‌നിന്റെ ആഖ്യാന രീതിക്ക് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം വളരെ സഹായകമായി. കഥാ പാത്രങ്ങളുടെ മനസ്സംഘർഷങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുവാൻ പശ്ചാത്തല സംഗീതം തുണയായി നിന്നു. സിനിമാറ്റോഗ്രഫിയും മികച്ചത് തന്നെ. ചുരുക്കി പറഞ്ഞാൽ എല്ലാം ചേർന്നിണങ്ങിയ ഒരു ഒന്നാംതരം ചിത്രം.

No comments:
Post a Comment