Saturday, May 28, 2022

 

By the Sea

നോവൽ ആസ്വാദനം








2021 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അബ്ദുൾറസാഖ് ഗുർണ (Abdulrazak Gurnah) എന്ന ബ്രിട്ടീഷ് എഴുത്തുകാരനാണ് ലഭിച്ചത്. 1948 , ഇപ്പോൾ ടാൻസാനിയയുടെ  ഭാഗമായ സൻസിബാർ എന്ന സുൽത്താനേറ്റ്ൽ (Sultanate of Zanzibar) ആയിരുന്നു അദ്ദേഹം ജനിച്ചത്. പതിനെട്ടാം വയസ്സിൽ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് അഭയാർഥിയായി കുടിയേറി. സുൽത്താൻ ഭരണത്തെ അട്ടിമറിച്ച വിപ്ലവത്തെ തുടർന്നായിരുന്നു ഗുർണ ഇംഗ്ലണ്ടിലെത്തിയത്. പിന്നീട് ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം ചെയ്യുകയും വിവിധ യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപനം നടത്തുകയും ചെയ്തു. Memory of Departure, Paradise, By the sea, Afterlives തുടങ്ങിയവയാണ് അദ്ദഹത്തിന്റെ പ്രധാന നോവലുകൾ. By the Sea എന്ന നോവലിനെക്കുറിച്ചാണ് ഈ കുറിപ്പ്. കിഴക്കൻ ആഫ്രിക്കയുടെ പശ്ചാത്തലത്തിൽ, കൊളോണിയലിസത്തിന്റെയും ആഭ്യന്തര യുദ്ധങ്ങളുടെയും ദുരന്തങ്ങൾ പേറുന്ന സാധാരണ മനുഷ്യരുടെ കഥകളാണ് ഗുർണയുടെ രചനകളിലെല്ലാം തന്നെ എന്ന് കാണുന്നു. By the Sea എന്ന നോവലും വ്യത്യസ്തമല്ല.

ഇതൊരു കുറ്റാന്വേഷണ നോവൽ അല്ലെങ്കിലും സസ്‌പെൻസും ട്വിസ്റ്റുകളും ഇടകലർത്തി വായനക്കാരന്റെ ആകാംക്ഷ നിലനിർത്തുന്ന തരത്തിലാണ് ഗുർണ രചന നിർവഹിച്ചിരിക്കുന്നത്. റജബ് ഷാബാൻ മഹ്‌മൂദ്‌ എന്ന ആഫ്രിക്കക്കാരൻ  ഇംഗ്ലണ്ടിൽ അഭയാർത്ഥി ആയി  എത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. അറുപതിലധികം വയസ്സുണ്ട് അയാൾക്ക്. റജബ് ഷബാൻ മഹ്‌മൂദ്‌ എന്നത് യഥാർത്ഥത്തിൽ ദുരൂഹതകൾ ഏറെയുള്ള ആ അഭയാർത്ഥിയുടെ കള്ളപ്പേരാണ്. സലേഹ് ഒമർ എന്നാണ് അയാളുടെ ശരിയായ പേര്.  ഇംഗ്ലീഷ് ഭാഷ വശമില്ലെന്ന് നുണ പറഞ്ഞതിനാൽ എമിഗ്രേഷൻ ഓഫീസിലെ ഉദ്യോഗസ്ഥ, ആഫ്രിക്കൻ ഭാഷ വശമുള്ള, അയാളുടെ നാട്ടുകാരനായ, ഒരാളെ പരിചയപ്പെടുവാൻ ഏർപ്പാടാക്കുന്നു. ലത്തീഫ് മഹ്‌മൂദ്‌ എന്നാണ് അയാളുടെ പേര്. യഥാർത്ഥ  റജബ് ഷബാൻ മഹ്‌മൂദ്‌ ലത്തീഫ് മഹ്മൂദിന്റെ പിതാവാണ്.അയാൾ അഭയാർത്ഥിയായി ഇംഗ്ലണ്ടിലേക്കു വരുവാൻ തന്റെ അച്ഛന്റെ പേര് ഉപയോഗിച്ചതെന്തിനാണെന്ന് ലത്തീഫ് അത്ഭുതപ്പെടുന്നു. ഈ രണ്ടു കഥാപാത്രങ്ങളുടെ വിചാര വ്യവഹാരങ്ങളിലൂടെ ആണ് നോവലിന്റെ കഥ അനാവൃതമാവുന്നത്. തുടക്കത്തിൽ അവർക്ക് തമ്മിൽ ബന്ധമോ പരിചയമോ ഇല്ലെന്നു തോന്നുമെങ്കിലും വായന മുന്നേറുന്നതോടു കൂടി അവരുടെ ജീവിതങ്ങൾ തമ്മിൽ കൂടി കുഴഞ്ഞു കിടന്നിരുന്നതായി നാം മനസിലാക്കുന്നു. റജബ് ഷബാൻ മഹ്മൂദും സലേഹ് ഒമാറും തമ്മിൽ വൻ ശത്രുതയിലായിരുന്നു. റജബ് ഷാബാന്റെയും അമ്മായി ബി മറിയത്തിന്റെയും വീടും സ്വത്തുക്കളും സലേഹ് ഒമർ കൈവശപ്പെടുത്തിയതാണ് ആ വെറുപ്പിനും ശത്രുതയ്ക്കും കാരണം. കൈവശപ്പെടുത്തൽ ന്യായപ്രകാരമാണെന്ന് ഒമറും അന്യായമായാണെന്ന് റജബ് ഷാബാനും വിശ്വസിക്കുന്നു. റജബിന്റെ മകൻ ലത്തീഫ് മഹ്മൂദും ശത്രുതാ മനോഭാവത്തോടുകൂടിയാണ് ഉമറിനെ കാണുന്നത്. പതിനെട്ടാം വയസ്സിൽ ലത്തീഫ് ആഫ്രിക്ക വിട്ടിരുന്നു. കിഴക്കൻ ജർമനിയിൽ ഡെന്റിസ്റ്റു പഠനത്തിനായി. എന്നാൽ കറങ്ങി തിരിഞ് അയാൾ ഒടുവിൽ ഇംഗ്ലണ്ടിൽ അധ്യാപകനും കവിയും ആയിത്തീർന്നു. താൻ പോന്ന ശേഷമുള്ള കുടുംബത്തിന്റെയും നാടിന്റെയും കഥകൾ  ഒമറിൽ നിന്നും അയാൾ മനസിലാക്കുന്നു. വഞ്ചനയുടെയും വെറുപ്പിന്റെയും കഥകൾ. അവരുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളുടെ കഥകൾ. ശിഥിലമായ കുടുംബ ബന്ധങ്ങളുടെയും അപഥ സഞ്ചാരങ്ങളുടെയും  കഥകൾ.  ബിസിനെസ്സ് ചെയ്‌ത്‌ നല്ല രീതിയിൽ ജീവിച്ചിരുന്ന ഒമറിന്റെ അഭയാർഥിത്വത്തിലേക്കുള്ള പതനത്തിന്റെ കൂടി കഥയാണ് അത്. കഥ പുരോഗമിക്കുന്നതോടു  കൂടി ലത്തീഫിന് ഒമറിനോടുള്ള വിദ്വേഷം ക്രമേണ അലിഞ്ഞില്ലാതാവുന്നത് നാം കാണുന്നു.

ഗുർണയുടെ നർമം കലർന്ന രചനാരീതിയാണ് ഈ നോവലിനെ ആസ്വാദ്യകരമാക്കുന്നത്. സ്വത്തു തർക്കം പോലെ സാധാരണമായ ഒരു പ്ലോട്ട് കൈകാര്യം ചെയ്യുമ്പോഴും ഗഹനമായ ചിന്തകളും ജീവിത വീക്ഷണങ്ങളും ഉൾക്കാഴ്ചകളും  സന്നിവേശിപ്പിച്ചത്      നോവലിനെയും രചയിതാവായ ഗുർണയെയും നോബൽ നിലവാരത്തിലേക്ക് ഉയർത്തുന്നു.


1 comment:

  1. ആഫ്രിക്കൻ കഥയുടെ ആസ്വാദനക്കുറിപ്പ് വളരെ നന്നായിട്ടുണ്ട്.

    ReplyDelete