Friday, August 19, 2022

 

ആവാസവ്യൂഹം

(Spoiler alert: Contains part of the film story)


(Poster courtesy)

മികച്ച ചിത്രത്തിനുള്ള ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് 'ആവാസ വ്യൂഹം' എന്ന സിനിമക്കാണ്കൃഷാൻഡ് (Krishand) സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ സോണി ലിവ് എന്ന OTT യിൽ കാണാവുന്നതാണ്. ഫാന്റസിയും യാഥാർഥ്യവും ഇടകലർത്തി തയ്യാറാക്കിയ ഈ ചിത്രം പ്രകൃതിയുടെയും ജീവ ജാലങ്ങളുടെയും സന്തുലിതാവസ്ഥ തകർക്കുന്ന മനുഷ്യന്റെ ജീവിത രീതികളിലേക്കും വികസന പ്രവർത്തനങ്ങളിലേക്കും ജീവികളോടുള്ള ക്രൂരതകളിലേക്കും വിരൽ ചൂണ്ടുന്നു.

ജോയി എന്ന ഒരു യുവാവിൻറെ കഥയാണ് കൃഷൻഡ് പറയുന്നത്. അവനെ ചുറ്റിപറ്റി ഏറെ നിഗൂഢതകളുണ്ട്. അവൻ എവിടുന്ന് വന്നു എന്നോ അവനെ പറ്റിയുള്ള മറ്റു കാര്യങ്ങളോ ഒന്നും തന്നെ ആർക്കും അറിഞ്ഞു കൂടാ. ആരെങ്കിലും ചോദിച്ചാൽ അവൻ അതിൽ നിന്നെല്ലാം തന്ത്രപൂർവ്വം ഒഴിഞ്ഞു മാറും. പക്ഷെ അവനോട് അടുത്ത പലരും ഒരു കാര്യം മനസ്സിലാക്കി; ഒരു പ്രത്യേക തരം ശബ്ദമുണ്ടാക്കി ജലാശയങ്ങളിൽ നിന്നും മീനിനെയും തവളയെയും മറ്റും  ആകർഷിക്കുവാനുള്ള അദ്ഭുതകരമായ ഒരു കഴിവ് അവനുണ്ട്. അവന്റെ ഈ കഴിവ് ആദ്യം മനസ്സിലാക്കിയത് രാഘവനായിരുന്നു. മീൻ കിട്ടാതായി ആ പണി തന്നെ നിർത്തി മറ്റു വല്ല തൊഴിലും നോക്കാൻ തീരുമാച്ചിരിക്കുമ്പോഴായിരുന്നു ജോയി അയാളുടെ കൂടെ കൂടിയത്. അതോടെ അയാൾക്ക് ഇഷ്ട്ടം പോലെ മീൻ പിടിക്കുവാനായി.

അങ്ങിനെ രാഘവന്റെ കാര്യങ്ങൾ മെച്ചപ്പെട്ടു വരുമ്പോഴാണ് മകൾ ലിസ്സിയെ കല്യാണം കഴിക്കുവാനുള്ള ആഗ്രഹവുമായി അവൾ പണിയെടുക്കുന്ന ചെമ്മീൻ കമ്പനിയുടെ മുതലാളി സജീവൻ വരുന്നത്. എന്നാൽ ലിസ്സിയ്ക്ക് അത് സമ്മതമായിരുന്നില്ല. കാരണം അയാളും അയാളുടെ അനുജൻ മുരളിയും ഗുണ്ട സ്വഭാവക്കാരായിരുന്നു. പെണ്ണുകാണാൻ വന്നപ്പോൾ തനിക്കു സമ്മതമല്ലെന്ന് അവൾ അയാളോട് തുറന്നു പറഞ്ഞു. അതോടെ അവർ അവരുടെ തനി സ്വഭാവം പുറത്തെടുത്ത് അവളെ ആക്രമിക്കാനായി ആഞ്ഞടുത്തു. എന്നാൽ അവിടെയുണ്ടായിരുന്ന ജോയി അവരെ തള്ളിമാറ്റി ചെറുത്തു നിന്നത് അവർക്ക് അവനോട് ബദ്ധ വൈരത്തിനിടയാക്കി. ലിസ്സിയാവട്ടെ രാപ്പകൽ ഭേദമില്ലാതെ കണ്ടൽ കാടുകളിലും തോണിയിൽ കയറി തോട്ടിലും മറ്റും അവന്റെ കൂടെ കറങ്ങി നടന്നു. ഇത് സജീവനെയും മുരളിയേയും കൂടുതൽ പ്രകോപിപ്പിച്ചു. ജോയിയെ വകവരുത്തുവാനായി അവർ ഒരു രാത്രി അവനും ലിസ്സിയും പതിവായി ചെന്നിരിക്കുന്ന കാട്ടിൽ ചെല്ലുന്നു. ജോയിയെ തിരയുന്നതിനിടയിൽ സജീവൻ ദുരൂഹമായ രീതിയിൽ കൊല്ലപ്പെടുന്നു. ടോർച്ചിന്റെ വെളിച്ചത്തിൽ മുഖത്തും വായിലും ചോരപുരണ്ട ജോയിയെ മുരളി ഒരു മിന്നൽ പോലെ കാണുന്നുണ്ട്. (മികച്ച ഛായാഗ്രഹണം കൊണ്ട് ശ്രദ്ധേയമാണ് ഈ രാത്രി രംഗങ്ങൾ). ഈ സംഭവത്തോടെ ജോയി അവിടെ നിന്നും അപ്രത്യക്ഷമാകുന്നു.

ജോയി പിന്നെ പ്രത്യക്ഷമാവുന്നത് മറ്റൊരു മീൻ പിടിത്തക്കാരന്റെ സഹായിയായിട്ടാണ്.സുശീലൻ  വാവയുടെ. കടപ്പുറത്ത് ബോധം കെട്ട നിലയിലായിരുന്നു വാവയ്ക്ക് ജോയിയെ കിട്ടിയത്. സാമ്പത്തികമായി തകർന്നിരുന്ന അയാൾ മീനുകളെ വിളിച്ചു വരുത്താനുള്ള ജോയിയുടെ കഴിവ് പരമാവധി മുതലാക്കി "വേറെ ലെവലിൽ" എത്തി. ജോയിയെ ഇവിടെയും കഷ്ടകാലം പിന്തുടരുന്നുണ്ട്. മാവോയിസ്റ് എന്ന് പോലീസ് കരുതുന്ന ഒരാളോടൊപ്പം അവനും പോലീസ് പിടിയിലായി.

ജോയിയെ വിട്ടുകിട്ടാൻ പലരും സ്റ്റേഷനിലെത്തി ശ്രമിക്കുന്നുണ്ട്. ഉണക്ക മീനിന്റെ   ഗന്ധമുള്ള പഴയ കാമുകന് വേണ്ടി ലിസ്സി; ജ്യേഷ്ഠനെ കൊന്നതിന്റെ പ്രതികാരം തീർക്കാനായി മുരളിയും കൂട്ടുകാരും; തന്റെ എല്ലാ ഉയർച്ചക്കും കാരണമായ വർക്കത്തമുള്ള സഹായിക്കായി സുശീലൻ വാവ…. ഒടുവിൽ അയാളെ മുരളിക്കും കൂട്ടർക്കും തന്നെ കിട്ടി. പക്ഷെ പ്രതികാരം തീർക്കുന്നതിന് മുൻപ് അയാൾ വീണ്ടും അപ്രത്യക്ഷനായി.

പിന്നെ അയാൾ പ്രത്യക്ഷനാവുന്നത് കൂടുതൽ ദുരൂഹമായ രൂപ മാറ്റങ്ങളോടെ ആയിരുന്നു. രൂപ ഭേദം വന്ന മനുഷ്യന്റെ കഥ 'മെറ്റമോർഫോസിസിലും' കടലിൽ നിന്നും മറ്റും കയറി വന്ന വിചിത്ര ജീവികളുടെ കഥകൾ ഹോളിവുഡ് ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജോയിയുടെ രൂപ മാറ്റത്തെ സാമൂഹികമായ ആക്ഷേപ ഹാസ്യമായി ഉപയോഗിച്ചാണ് സംവിധായകൻ പിന്നീട് മുന്നോട്ടു പോകുന്നത്.

നൂതനമായ  അവതരണ രീതി    കൊണ്ടാണ് ഈ     ചിത്രം വ്യത്യസ്തവും ആസ്വാദ്യകരവും ആവുന്നത്.  മോക്കുമെന്ററി' (Mockumentary) രീതിയിലാണ് ചിത്രം ഒരുക്കിയിയിരിക്കുന്നത്. എന്തെങ്കിലും ഒരു വിഷയത്തെ ആക്ഷേപ ഹാസ്യമായി ഗൗരവതരമായ ഡോക്യുമെന്ററി രൂപത്തിൽ അവതരിപ്പിക്കുന്ന രീതി ആണ് ഇത്. അതുകൊണ്ടു തന്നെ തുടക്കത്തിൽ താൻ കാണുന്നത് ഫീച്ചർ സിനിമയാണോ അതോ ഡോക്യൂമെന്ററിയാണോ എന്നൊരു വല്ലാത്ത സംശയ കുരുക്കിൽ അകപ്പെടുന്നുണ്ട് പ്രേക്ഷകൻ.  ഛായാഗ്രാഹകനായ വിഷ്ണു പ്രഭാകർ ഒരുക്കിയ ദൃശ്യങ്ങൾ ആവട്ടെ, തങ്ങൾ അനിമൽ പ്ലാനറ്റ് ചാനലിൽ ആമസോൺ കാടുകളെപ്പറ്റിയുള്ള ഡോക്യുമെന്ററി കാണുകയാണോ എന്ന സംശയം ഉളവാക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്. ഇന്റർവ്യൂ ചെയ്യുന്ന ആളോട് കാര്യങ്ങൾ വിശദീകരിക്കുന്ന പോലെയും യൂട്യുബിലും മറ്റും വിഷയങ്ങൾ അവതരിപ്പിക്കുന്ന പോലെയും കഥാപാത്രങ്ങൾ നേരിട്ട് പറയുന്ന രീതിയിലുള്ള കഥാ കഥനത്തോട് പതുക്കെ പതുക്കെ നമ്മൾ സമരസപ്പെട്ട് പോകും. എന്തായാലും മലയാള സിനിമയിൽ ഇതൊരു പുതിയ പരീക്ഷണം തന്നെ. 

വളരെയധികം അറിയപ്പെടാത്ത അഭിനേതാക്കളെ അണി നിരത്തിയതും ചിത്രത്തിന്റെ ഡോക്യുമെന്ററി സ്വഭാവത്തിന് അനുയോജ്യമായി. മികച്ച അഭിനയമാണ് എല്ലാവരും കാഴ്ചവെച്ചത്. ലിസ്സിയും വാവയും പാത്ര സൃഷ്ടി കൊണ്ടും അഭിനയ മികവുകൊണ്ടും തിളങ്ങി നിന്നു.  

പരിസ്ഥിതിയെയും വംശ നാശം സംഭവിക്കാനിടയുള്ള ജീവ ജാലങ്ങളെയും സംരക്ഷിക്കണമെന്ന സന്ദേശം ഉൾക്കൊള്ളിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലമായി പ്രധാനമായും തിരഞ്ഞെടുത്തിരിക്കുന്നത് പരിസ്ഥിതി ലോല പ്രദേശമായ പുതു വൈപ്പിനാണ്. കണ്ടൽ കാടുകളും ജലാശയങ്ങളും അഴിമുഖവും എല്ലാം ചേർന്ന പശ്ചാത്തലം ചിത്രത്തിന്റെ മനോഹാരിത കൂട്ടുന്നു. മികച്ച ഛായാഗ്രഹണവും  സംവിധാനവും പശ്ചാത്തല സംഗീതവും എല്ലാം ചേർന്ന് വളരെ നല്ല  അനുഭൂതിദായകമായിട്ടുണ്ട്  ഈ ചിത്രം. 

 

 

 

3 comments:

  1. വേറിട്ട ചിത്രത്തെക്കുറിച്ച് അറിവു പകരുന്ന വളരെ നല്ല റിവ്യൂ .

    ReplyDelete