അറിയിപ്പ്
Declaration
(Spoiler alert: Contains part of the film story)
പുതുമയുള്ള ചിത്രങ്ങൾ കാഴ്ചവെക്കുന്ന തിരക്കഥാകാരനും സംവിധായകനും ആയ മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന
പുതിയ ചിത്രമാണ് "അറിയിപ്പ്". എഴുത്തിനും
സംവിധാനത്തിനും പുറമെ അദ്ദേഹം എഡിറ്റിങ്ങിലും നിർമാണത്തിലും കൂടി പങ്കു
ചേർന്നിരിക്കുന്നു. രണ്ടു മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ കൊച്ചു ചിത്രം
നെറ്റ്ഫ്ലിക്ക്സ് OTT പ്ലാറ്റുഫോമിലാണ്
റിലീസ് ചെയ്തിരിക്കുന്നത്.
കോവിഡ് കാലത്ത് ദില്ലിയിലെ ഒരു കൈ ഉറ നിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്യുകയാണ് മലയാളികളായ ഹരീഷും ഭാര്യ രശ്മിയും. വിദേശത്ത് ജോലി നേടുവാനായി പ്രവർത്തി പരിചയം ഉണ്ടാക്കാനുള്ള ഇടത്താവളമായാണ് അവർ പല കഷ്ടപ്പാടുകളും സഹിച്ച് ആ ഫാക്ടറിയിൽ ജോലി ചെയ്യുന്നത്. മൊബൈലും വിഡിയോയും ഫാക്ടറിയിൽ അനുവദനീയമല്ലെങ്കിലും വിസയുടെ ആവശ്യത്തിനായി രശ്മിയുടെ ജോലി ചെയ്യുന്ന ഒരു ‘സ്കിൽ വിഡിയോ’ ഹരീഷ് പകർത്തുന്നു. ജോലിക്കിടെ ഹരീഷുമായി ചെറിയ ഉരസലുണ്ടായ ഒരു ട്രക്ക് ഡ്രൈവർ ആ വീഡിയോയുടെ കൂടെ രശ്മിയുടേതെന്നു തോന്നിക്കുന്ന അശ്‌ളീല വീഡിയോ ചേർത്തിണക്കി പുറത്തു വിടുന്നതോടെ അവരുടെ ദാമ്പത്യത്തിൽ അപസ്വരങ്ങൾ ഉയരുന്നു. രശ്മി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോദ്ധ്യമുണ്ടെങ്കിലും വിസ കിട്ടാത്തതിൽ നിരാശനായിരിക്കുന്ന ഹരീഷിന് ഇത് കൂടുതൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പോലീസിൽ പരാതിപ്പെട്ട അവർക്ക് പരാതിക്കാരെ പ്രതികളാക്കുന്ന വിചിത്ര നീതിയാണ് നേരിടേണ്ടി വന്നത്. ഇതിനിടെ ഫാക്ടറിയിലെ സത്യസന്ധരായ ജോലിക്കാർക്ക് അവിടെ പല ശരികേടുകളും നടക്കുന്നതായി സംശയം തോന്നുന്നു. ഉപയോഗിക്കപ്പെട്ട കയ്യുറകൾ ഫാക്ടറിയിൽ എത്തുന്നതായും അവ വൃത്തിയാക്കിയ ശേഷം പുറത്തു വിടുന്നതായും മറ്റും. പോലീസിൽ നൽകിയ പരാതി പിൻവലിക്കാൻ സമ്മർദം വന്നതോടെ ഹരീഷ് സ്വന്തം നിലക്ക് അന്വേഷണം ആരംഭിക്കുന്നു. അതോടെ പുതിയ പുതിയ നിഗൂഢതകളാണ് ഹരീഷിനെയും രശ്മിയെയും തേടി വരുന്നത്.
ദില്ലിയുടെ പ്രാന്ത പ്രദേശങ്ങളിൽ മറ്റു സ്ഥലങ്ങളിൽ നിന്നും കുടിയേറി ഫാക്ടറികളിൽ ജോലി ചെയ്യുന്ന സാധാരണ മനുഷ്യരുടെ പരിതാപകരമായ ജീവിത സാഹചര്യങ്ങളുടെ യഥാതഥമായ നേർചിത്രം ഈ ചിത്രത്തിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. ജോലി സ്ഥലത്തു നടക്കുന്ന സ്ത്രീ പീഡനങ്ങളുടെയും പണവും അധികാരവും ഉള്ളവർ നിർഭയം നടത്തുന്ന ശരികേടുകളുടെയും രക്ഷപ്പെടുവാൻ നടത്തുന്ന ഒത്തുതീർപ്പുകളുടെയും സൂചനകൾ ഈ ചിത്രത്തിലുണ്ട്. എന്നാൽ അവക്കൊന്നും വിശദീകരണം ഇല്ലാതെ സൂചനകളായി മാത്രം അവതരിപ്പിക്കുകയാണ് തിരക്കഥാകൃത്തു കൂടിയായ സംവിധായകൻ. ശുഷ്കമായ സംഭാഷണങ്ങളും അപൂർണമായ ദൃശ്യങ്ങളും ചിത്രത്തെ പൂർണമായും ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എഴുപതുകളിലെ ആർട് ഫിലിമുകളെപ്പോലെ. ഈ ചിത്രം OTT പ്രദർശനത്തിനായി തന്നെ തയ്യാറാക്കിയതാണെന്നും പ്രേക്ഷകർക്ക് എപ്പോൾ വേണമെങ്കിലും ‘പോസ്’ ചെയ്യുകയും വീണ്ടും കാണുകയും ചെയ്യാം എന്നും ശ്രീ മഹേഷ് നാരായണൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതായി കണ്ടു. അത്തരത്തിൽ ആസ്വദിക്കട്ടെ എന്ന് കരുതിയായിരിക്കണം ഒരുപക്ഷെ ഇത്തരത്തിൽ ചുരുക്കി അൽപ സ്വല്പം ദുരൂഹമാക്കി കഥ പറയുന്നത്. ഈ പറഞ്ഞതിലൂടെ ഏതായാലും, ചില ജനപ്രിയ സിനിമകളിൽ അവസാനം നായകനായ സൂപ്പർ സ്റ്റാർ നെടു നെടുങ്കൻ പ്രഭാഷണത്തിലൂടെ അതുവരെ അവതരിപ്പിച്ച നിഗൂഢതകൾ വെളിപ്പെടുത്തുന്നത് പോലെ വെളിപ്പെടുത്തണമെന്നല്ല അർത്ഥമാക്കുന്നത്. ചില നിഗൂഢതകൾ പ്രേക്ഷകരുടെ ഊഹത്തിനായി വിടുന്നതും കല തന്നെ. അധികമാവരുതെന്നു മാത്രം.
രശ്മി ചിത്രത്തിലെ ശക്തമായൊരു കഥാപാത്രമാണ്. ഹരീഷ്
തന്നെ സംശയിക്കുന്നെന്നു വന്നപ്പോൾ അവൾ തന്റെ നിരപരാധിത്വം തെളിയിക്കാനായി മറുനാട്ടിൽ
ഒറ്റയ്ക്ക് പൊരുതേണ്ടി വന്നാലും, ഭാഷാ
പരിമിതികളെല്ലാം ഉണ്ടെങ്കിലും ശക്തമായ നിലപാടെടുക്കുന്നുണ്ട്. കാര്യങ്ങളെല്ലാം
വ്യക്തമായപ്പോൾ ഹരീഷ് പിന്മാറാൻ നിർബന്ധിച്ചിട്ടു കൂടി. ഒരിക്കലും കാണുകയോ
പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്ത ദുരൂഹ
സാഹചര്യത്തിൽ മരണപ്പെട്ട ഒരു മുൻ ഫാക്ടറി തൊഴിലാളി പെൺകുട്ടിക്ക് വേണ്ടി വിവാഹ
ജീവിതവും വിദേശ ജോലിയും എല്ലാം ഉപേക്ഷിക്കുന്നുണ്ട് അവൾ; വെറും മനസ്സാക്ഷികുത്തിന്റെ പേരിൽ. രശ്മിയുടെ റോൾ
ദിവ്യപ്രഭ മികച്ചതാക്കി. കുഞ്ചാക്കോ ബോബനും പതിവിൽ നിന്നും വ്യത്യസ്തമായ ഹരീഷിന്റെ റോളിൽ മികച്ച അഭിനയമാണ് കാഴ്ച
വെച്ചത്. ഒട്ടേറെ മനസ്സംഘർഷങ്ങൾ
അനുഭവിക്കുന്ന ഒരു കഥാപാത്രമാണ് ഹരീഷ്.
ചിത്രത്തിലെ സംഭാഷണങ്ങൾ, അത്
വിരളമാണെങ്കിലും, അതാത് കഥാപാത്രങ്ങൾക്കനുസരിച്ച് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ
തന്നെയാണ്. കഥാപാത്രങ്ങൾക്ക് യോജിച്ച അഭിനേതാക്കളെ തിരഞ്ഞെടുത്തതിലും ചിത്രത്തിന്റെ
അണിയറ ശിൽപികൾ പ്രശംസയർഹിക്കുന്നു. അഭിനയമെന്നു തോന്നാത്ത രീതിയിലുള്ള പ്രകടനമാണ്
എല്ലാവരും കാഴ്ച വെച്ചത്. സാനു വർഗീസിന്റെ
ഛായാഗ്രഹണം ഉത്തരേന്ത്യയിലെ മഞ്ഞ് പുക മൂടിയ ഗല്ലികളെയും വ്യവസായവത്കൃതമായ നഗര
പ്രാന്തങ്ങളിലെ തെരുവുകളെയും അതേപടി പ്രേക്ഷകരിലെത്തിക്കുന്നു. ചിത്രത്തിലുടനീളം
യഥാർത്ഥ ശബ്ദങ്ങളാണ് മിക്കവാറും ഉപയോഗിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം
അപൂർവമായേ കടന്നു വരുന്നുള്ളു. എല്ലാം ചേർന്ന് ചിത്രത്തിന് അല്പമൊരു ഡോക്യുമെന്ററി
ഛായയും കൈവന്നിട്ടുണ്ട്.
നിറഞ്ഞ പ്രതീകങ്ങളും ബിംബങ്ങളുമാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിഷേത. കയ്യുറ നിർമാണ പ്രക്രിയയിലെ നീങ്ങിക്കൊണ്ടിരിക്കുന്ന കൃത്രിമ കൈകൾ, തന്റെ പിൻവിളി അവഗണിച്ചു മുന്നോട്ട് പോവുന്ന രശ്മിയെ നോക്കി രാത്രി ഗല്ലിയിൽ നിൽക്കുന്ന ഹരീഷിന്റെ അടുത്തേക്ക് വന്നു നോക്കി തിരിച്ചു പോവുന്ന നായ, രശ്മിയുടെ വിരലിലെ ഊരിയാൽ കിട്ടാത്ത വിവാഹ മോതിരം, അശ്‌ളീല വിഡിയോയിൽ കാണുന്ന, ആരെന്നറിയാത്ത ഒരു പുരുഷന്റെ കയ്യിലെ തെറ്റിന്റെയും ശരികേടുകളുടെയും പ്രതീകമായ വള.....അങ്ങിനെ പലതും. താൻ ഏറെ സ്വപ്നം കണ്ട വിദേശ ജോലിക്ക് ഹാജരാവുമ്പോൾ ആദ്യം ഹരീഷിന്റെ കണ്ണിൽ പെടുന്നതാവട്ടെ, അവിടുത്തെ ഉദ്യോഗസ്ഥന്റെ കയ്യിലെ, തെറ്റുകളുടെ പ്രതീകമായ ആ വളയും; പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടി എവിടെ ചേക്കേറിയലും പുതിയ പ്രതിസന്ധികൾ അവിടെ കാത്തിരിക്കുന്നുണ്ടാവുമെന്ന ഓർമ്മപ്പെടുത്തൽ പോലെ. പൊതുജനങ്ങൾക്കായി റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ പല വിദേശ മേളകളിലും പങ്കെടുത്തു ശ്രദ്ധേയമായ ഈ ചിത്രം പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം തന്നെ.

Fantastic review of movie അറിയിപ്പ്.keep going!!
ReplyDeleteThank you.
ReplyDelete