Monday, November 14, 2022

 

ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ് ദ

(The Seven Moons of Maali Almeida)

നോവൽ ആസ്വാദനം




വർഷത്തെ ബുക്കർ പ്രൈസ് ലഭിച്ചത് ശ്രീലങ്കൻ ഇംഗ്ലീഷ് എഴുത്തുകാരനായ ഷെഹാൻ കരുണതിലകെ എഴുതിയ  'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ് ദ ' എന്ന നോവലിനായിരുന്നു. തെക്കൻ ശ്രീലങ്കയിലെ 'ഗല്ലെ' (Galle) എന്ന സ്ഥലത്ത് 1975 ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കൊളോമ്പോയിൽ വളർന്ന അദ്ദേഹം ന്യൂസീലൻഡിലായിരുന്നു ഇംഗ്ലീഷ് സാഹിത്യ പഠനം പൂർത്തിയാക്കിയത്. പിന്നീട് ലണ്ടൻ, ആംസ്റ്റർഡാം, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ പരസ്യ കമ്പനികളിൽ ജോലി നോക്കി. അതിനു ശേഷമായിരുന്നു എഴുത്തിലേക്ക് തിരിഞ്ഞത്. അതിൽ ഏതാനും നോവലുകളും തിരക്കഥയും ബാലസാഹിത്യവും എല്ലാം ഉൾപ്പെടും. എന്നാൽ ഇംഗ്ലീഷ് പുസ്തക പ്രസിദ്ധീകരണത്തിന് ബുദ്ധിമുട്ടുള്ള ശ്രീലങ്കയിൽ അവയിൽ പലതും വെളിച്ചം കണ്ടില്ല."ചൈന മാൻ', 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ് ദ' എന്നിവയാണ് പ്രസിദ്ധീകൃതമായത്. അതിൽ തന്നെ 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ് ദ ' എന്ന നോവൽ ആദ്യം 'ചാറ്റ്സ് വിത്ത് ദി ഡെഡ്' എന്ന പേരിലായിരുന്നു  പ്രസിദ്ധീകരിക്കപ്പെട്ടത്. നോവലിനെ ശ്രീലങ്കൻ രാഷ്ട്രീയവും പുരാണങ്ങളും അറിയാത്തവർക്ക് കൂടി മനസ്സിലാകുന്ന വിധത്തിൽ മാറ്റി എഴുതപ്പെട്ടതാണ് ഇപ്പോൾ സമ്മാനം ലഭിച്ച 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ് ദ' എന്ന നോവൽ.



(Photo Courtesy)


ആഭ്യന്തര യുദ്ധങ്ങൾ കലുഷിതമാക്കിയ 1980 കളിലെ ശ്രീലങ്കയുടെ രാഷ്ട്രീയ അന്തരീക്ഷം പശ്ചാത്തലമാക്കിയാണ് നോവൽ രചിച്ചിട്ടുള്ളത്. LTTE യും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായ JVP യും IPKF ഉം ശ്രീലങ്കൻ ഭരണകൂടത്തിന്റെ STF ഉം പരസ്പരം അംഗങ്ങളെയും സംശയത്തിന്റെ പേരിൽ സാധാരണക്കാരെയും ഒന്നിലും പെടാത്ത പാവം ഗ്രാമീണരെയും നിഷ്കരുണം കൊന്നു കൂട്ടുന്ന കാലമായിരുന്നു അത്. കൊല ചെയ്യപ്പെട്ടവരുടെ മൃത ശരീരങ്ങൾക്കു പോലും യാതൊരു മര്യാദയും കൊടുക്കാതെ തെരുവോരത്തും തടാകങ്ങളിലും ശവ ശരീരങ്ങൾ കൂടിക്കിടക്കുന്ന ബീഭത്സമായ അന്തരീക്ഷത്തിലാണ് നോവൽ ആരംഭിക്കുന്നത്. വാർത്താ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനും സ്വവർഗ സ്നേഹിയുമായ മാലി അൽമെയ് കൊല്ലപ്പെട്ട് പരലോകത്തെത്തുന്നു. താൻ കൊലചെയ്യപ്പെട്ടത് എങ്ങനെയാണെന്നോ തന്നെ കൊലചെയ്തത് ആരാണെന്നോ അയാൾക്കറിയില്ല. മരണാന്തര ജീവിതത്തിൽ അയാൾ നടത്തുന്ന അന്വേഷണമാണ് നോവൽ.

യുദ്ധഭൂമിയിലെ വാർത്താമൂല്യമുള്ള ദൃശ്യങ്ങൾ പകർത്തുന്നതിൽ നിപുണനാണ് മാലി. അതുകൊണ്ടു തന്നെ അയാളുടെ ചിത്രങ്ങൾക്ക് വിദേശ മാധ്യമങ്ങളും സന്നദ്ധ സംഘടനകളും പട്ടാള മേധാവികളും എല്ലാം തന്നെ ആവശ്യക്കാരായിരുന്നു. LTTEയും ശ്രീലങ്കൻ പട്ടാളവും IPKFഉം JVPയും കൂട്ടക്കൊലകളും തീവെപ്പും നിർബാധം നടത്തുന്ന ശ്രീലങ്കയിൽ അയാളുടെ ക്യാമറ കണ്ണുകൾക്ക് പകർത്തുവാൻ പറ്റിയ ദൃശ്യങ്ങൾക്കാവട്ടെ യാതൊരു പഞ്ഞവും ഉണ്ടായിരുന്നുമില്ല. വിദേശ മാധ്യമ പ്രവർത്തകർക്ക് LTTE പോലുള്ള സംഘടനകളുടെ ഒളിവിൽ കഴിയുന്ന നേതാക്കളുമായി അഭിമുഖം നടത്തുവാൻ അവസരമൊരുക്കുവാനും മാലിക്ക് കഴിയുമായിരുന്നു. കുത്തഴിഞ്ഞ ജീവിതമായിരുന്നു അയാളുടേത്പ്രൊഫെഷനിൽ നിന്ന് കിട്ടുന്ന വരുമാനമെല്ലാം തന്നെ അയാൾ ബാറിലും കാസിനോകളിലും കുടിച്ചും ചൂതാട്ടം നടത്തിയും ചിലവഴിച്ചു. ജോലിക്കിടയിൽ ഭരണ രംഗത്തെ നേതാക്കളും പട്ടാളത്തലവന്മാരും ഭീകര സംഘടനകളും വിദേശ ആയുധ വില്പ്പനക്കാരും അവർ തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുകളും അഴിമതിയും എല്ലാം മാലി അറിയുന്നുണ്ടായിരുന്നു. അവ വെളിവാക്കുന്ന അവരുടെ ഒത്തുകൂടലിന്റെ ദൃശ്യങ്ങളും അയാളുടെ ക്യാമറ കണ്ണുകൾ ഒളിഞ്ഞും മറഞ്ഞും ഒപ്പിയെടുത്തു. ഇതെല്ലാം മാലിയ്ക്ക് ആവശ്യത്തിലധികം ശത്രുക്കളെ നേടിക്കൊടുത്തിരുന്നു. എന്നാൽ ഇവരിൽ ആരാണ് തന്റെ കൊലക്കുത്തരവാദി എന്ന് അയാൾക്ക് മരണ ശേഷം വേർതിരിച്ചറിയുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല.   

മിത്തിലും ഭാവനയിലും അധിഷ്ഠിതമായ ഒരു മരണാനന്തര ലോകത്തെ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട് ഷെഹാൻ കരുണതിലകെ ഈ നോവലിൽ; ജെ. കെ. റൗളിങ് ഹാരി പോർട്ടർക്കു വേണ്ടി സമാന്തരമായ ഒരു മാന്ത്രിക ലോകത്തെ തന്നെ വികസിപ്പിച്ചെടുത്തത് പോലെ. ജീവിച്ചിരുന്ന കാലത്ത് താനുമായി ഇടപെട്ട പലരെയും മാലി മരണാനന്തര ലോകത്ത് കണ്ടുമുട്ടുന്നുണ്ട്. ആ പരിചയക്കാരുടെ സഹായത്തോടെ സ്വന്തം ഘാതകനെ കണ്ടുപിടിക്കുക, അർഹിക്കുന്ന ശിക്ഷ കൊടുക്കുക എന്ന ദൗത്യം അയാൾ ഏറ്റെടുക്കുന്നു. പരലോക നിയമപ്രകാരം അയാൾക്കതിനു കിട്ടുന്നത് ഏഴ് ചാന്ദ്ര ദിനങ്ങൾ മാത്രം.

കൈകാര്യം ചെയ്യുന്നത് ഭീകര വാദവും കൊലപാതകവും അഴിമതിയും പോലുള്ള ഇരുണ്ട വിഷയങ്ങളാണെങ്കിലും ഭാഷയും ആഖ്യാനവും   നർമവും ആക്ഷേപ ഹാസ്യവും കൊണ്ട് വായന രസകരമാക്കുണ്ട് നോവലിസ്റ്റ്. മരണാനന്തര ലോകവും യഥാർത്ഥ ലോകവും ഇഴ ചേർത്തുള്ള ആഖ്യാന രീതിക്ക് നൂതനത്വമുണ്ട്. ആ രീതിയിലാണ് നോവലിസ്റ്റ് മാലിയുടെ കുത്തഴിഞ്ഞ ജീവിതത്തിന്റെയും ഒപ്പം തന്നെ ശ്രീലങ്കയുടെ രക്തപങ്കിലവും അശാന്തവും ആയ ഒരു കാലഘട്ടചരിത്രത്തിന്റെയും ചുരുളഴിക്കുന്നത്. തുടക്കത്തിലെ അല്പംമെല്ലെപ്പോക്ക്’ ഒഴിവാക്കിയാൽ ഒരു കുറ്റാന്വേഷണ കഥയിൽ വായനക്കാർക്ക് വേണ്ടുന്ന ആകാംക്ഷയും ജിജ്ഞാസയും സസ്പെൻസും എല്ലാം ചേരുംപടി ചേർത്തിട്ടുണ്ട് നോവലിൽ

2 comments:

  1. വായിക്കാൻ പ്രേരിപ്പിക്കുന്ന രചന

    ReplyDelete