Thursday, March 23, 2023

 

പന്തലുകൾ



(photo courtesy)


ഉച്ച കഴിഞ്ഞപ്പോൾ പന്തല് പൊളിക്കുവാനായി ചെറിയ ലോറിയിൽ പണിക്കാർ വന്നു. തുണിപ്പന്തൽ ആയതിനാൽ പന്തൽ 'പൊളിക്കുക' എന്നല്ല; 'അഴിക്കുക' എന്ന് വേണം പറയുവാൻ. പുറം തിരിഞ്ഞ് പന്തലിനടുത്തേക്കു വന്ന ലോറിയിൽ നിന്നും പണിക്കാർ ചാടിയിറങ്ങി. അവർ ചിതറിക്കിടന്ന കസേരകളും ഉള്ളിലേക്ക് കാലുകൾ മടക്കി നിലത്ത് നിവർന്നു കിടന്ന ഊൺ മേശകളും ലോറിയിൽ അടുക്കി വെക്കാൻ തുടങ്ങി.

അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞ ദിവസമായിരുന്നു തുണിപ്പന്തൽ ഉയർത്തിയത്. പുറം തിരിഞ്ഞ് മുറ്റത്തു നിന്ന ഇതേ ലോറിയിൽ നിന്നും അവർ പന്തലിനുള്ള തുണിക്കെട്ടും പ്ലാസ്റ്റിക് കസേരകളും ഊൺ മേശകളും ഇറക്കി വെച്ചു. എത്ര വേഗമാണ് പന്തലുയർന്നത്! അമ്മയുടെ വിയോഗത്തിൽ അനുശോചിക്കാനും ആശ്വസിപ്പിക്കാനുമായി എത്തിയ ബന്ധു മിത്രാദികൾക്ക് മീനച്ചൂടിൽ നിന്നും ആശ്വാസം നൽകുകയെന്ന കർത്തവ്യം നിർവഹിച്ച് പന്തലിതാ ഇന്ന് പടിയിറങ്ങുന്നു. സിറ്റ് ഔട്ടിലെ കസേരയിൽ ഏകനായി കാഴ്ച നോക്കിയിരിക്കെ ഞാൻ വിവിധ ജീവിത സന്ധികളിൽ ഉയരുകയും അഴിയുകയും ചയ്യുന്ന പന്തലുകളെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു. ...

കൊല്ലപ്പരീക്ഷ തുടങ്ങുവാൻ അധികം താമസമില്ല. അപ്പോഴാണ് നാലിശ്ശേരിക്കാവിലെ പൂരം വരിക. പൂരം മുളയിട്ടാൽ വീട്ടിൽ നടുമുറ്റത്ത് എല്ലാ വർഷവും പന്തലിടുക പതിവാണ്. പൂരം ദിവസം ഉച്ച കഴിഞ്ഞ് പാന നടക്കാനുള്ളതാണ്. നടുമുറ്റം എന്ന് പറഞ്ഞെങ്കിലും വാസ്തവത്തിൽ വലിയ സമചതുര മുറ്റത്തിന് രണ്ടു വശത്തു മാത്രമേ കെട്ടിടമുണ്ടായിരുന്നുള്ളു; കിഴക്കു വശത്ത് അടുക്കളയും ഊൺ മുറിയും അടങ്ങിയ നീണ്ട ഭാഗം. തെക്കു വശത്ത് ഒന്നാം നിലയും തട്ടിൻ പുറവുമുള്ള പ്രധാന വീട്വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ അതിരിടുന്ന ഉയരം കുറഞ്ഞ തിണ്ണ മാത്രം. വട്ടത്തൂണുകൾ  ഉള്ള തുറന്ന കോലായ ആണ് പ്രധാന വീടിന്. രാവിലെ ഞങ്ങൾ മനമില്ലാ മനസ്സോടെ സ്കൂളിലേക്ക് പോകുമ്പോൾ തന്നെ നടുമുറ്റത്ത് ഇരുമ്പു കമ്പിയും കൊക്കോട്ടും കൊണ്ട് പന്തക്കാലിനുള്ള കുഴികൾ കുഴിക്കുവാൻ തുടങ്ങിയിരിക്കും. ഉച്ചതിരിഞ്ഞ്, കൊയ്ത്തു കഴിഞ്ഞ് ഉണങ്ങി വരണ്ട അരിയാനിപ്പാടം താണ്ടി സ്കൂൾ വിട്ടു വരുമ്പോഴേക്കും പന്തലിന്റെ അസ്ഥികൂടം തയ്യാറായിരിക്കും; കരിമ്പനയുടെ ചെത്തിയ കാലുകൾ; അവക്ക് മുകളിൽ ഭാരം താങ്ങുവാൻ കവുങ്ങുകളുടെ നീണ്ട രണ്ടു തെണ്ടികകൾ; മിക്കവാറും അന്ന് തന്നെ വെട്ടിയ കവുങ്ങുകളാവും. തൊടിയിൽ കവുങ്ങിൻ പട്ടയും ആനക്കൊമ്പിന്റെ നിറമാർന്ന മിനുത്ത പൂക്കുലയും ചിതറിക്കിടക്കുന്നുണ്ടാവും. ഉത്സവങ്ങളുടെ അനിവാര്യ രക്തസാക്ഷികൾതെണ്ടികകൾക്കു മുകളിൽ ചതുര കള്ളികളായി പാന്തകം കൊണ്ട് കെട്ടി ഭദ്രമാക്കിയ മുള അലകുകൾ. കള്ളികളിലൂടെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം രാത്രി ഏറെ നേരം നോക്കിയിരിക്കും. പിറ്റേന്ന് തെങ്ങിൻ പട്ടകൾ കൊണ്ട് പന്തൽ മേയുന്നതോടുകൂടി മീനച്ചൂട് വീട്ടിൽ നിന്നും അകന്നു നിൽക്കും. ഉച്ചക്ക് രണ്ടു മണിക്ക് അച്ഛമ്മക്ക് പതിവുപോലെ രാമായണം വായിക്കുവാൻ ഊൺ തളത്തിൽ വേണ്ടത്ര വെളിച്ചം കിട്ടാത്തതിനാൽ പന്തൽക്കാലത്ത് വായന ഇടവഴിയിലെ വാതിലിനു മുന്നിലേക്ക് സ്ഥാനം മാറ്റും. വിഷു കഴിഞ്ഞ് മഴ തുടങ്ങുന്നതു വരെ പന്തലിന് ആയുസ്സുണ്ടാവും.

നാല് വയസ്സുള്ളപ്പോഴാണത്രെ അമ്മയുടെ അമ്മ മരിച്ചത്. പിന്നീട് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ചെറിയമ്മമാരുടെയും സംരക്ഷണയിലായിരുന്നു അമ്മ വളർന്നത്. അമ്മയുടെ തറവാടിനു മുന്നിൽ തെളിനീരൊഴുകുന്ന ചെറിയ തോടുണ്ട്. തോട്ടിനപ്പുറം നെൽപ്പാടങ്ങൾ. തോട്ടിൻ കരയിലൂടെ അല്പം നടന്നാൽ മാവുകളും പറങ്കിമാവുകളും നിറഞ്ഞ വലിയ പറമ്പ്. അതിരാവിലെ എഴുന്നേറ്റ് യോഗാസനം ചെയ്യുകയും ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്യുന്ന, ഭസ്മ കുറിയിട്ട, ചടച്ചു നീണ്ട മുത്തശ്ശൻ. മുത്തശ്ശന്റെ കയ്യും പിടിച്ച് പറമ്പിൽ മാങ്ങ പെറുക്കിയും കശുവണ്ടി ശേഖരിച്ചും നടന്ന അമ്മയുടെ ബാല്യം......മാങ്ങയും മധുരവും അമ്മയ്ക്കിന്നും പ്രിയപ്പെട്ടതായത് അങ്ങിനെയാവണം.

പതിനാറു വയസ്സിൽ വിവാഹിതയായി അമ്മ തറവാട്ടിലേക്ക് വന്നു. അമ്മയുടെ വിവാഹപ്പന്തൽ തറവാടിനു മുന്നിൽ ഉയർന്നിരിക്കണം. കവുങ്ങും മുളയും കൊണ്ട് തീർത്ത പന്തൽ. പന്തൽക്കാലുകൾ ഈന്തിൻ പട്ടകൾ കെട്ടി അലങ്കരിച്ചിരുന്നിരിക്കണംപന്തലിന്റെ കവാടത്തിൽ ഈന്തിൻ പട്ടകൾ കൊണ്ട് കമാനമുണ്ടായിരുന്നിരിക്കണം. ഇരുവശത്തും കുല വാഴകളും നടുവിൽ  'സ്വാഗതം' എന്നൊരു ബോർഡും. വർണ്ണ കടലാസു തോരണങ്ങൾ അക്കാലത്തുണ്ടായിരുന്നുവോ? ഏതായാലും എനിക്കോർമ്മ വെച്ച കാലത്ത് പങ്കെടുത്ത ചില കല്യാണങ്ങളിൽ ഉണ്ടായിരുന്നു.

കല്യാണത്തിൻറെ തലേ ദിവസം വൈകുന്നേരം കെട്ടുകെട്ടായി ഈന്തിൻ പട്ടകൾ കൊണ്ടുവന്നിടും. പന്തലിന്റെ പണി സന്ധ്യയായാലും കഴിഞ്ഞിട്ടുണ്ടാവില്ല. അപ്പോഴും തകൃതിയായി നടക്കുകയാണ്. സമയം പോകുന്നു. നേരം ഇരുട്ടി പെട്രോമാക്സുകൾ തെളിയുമ്പോഴേക്കും അടുത്തുള്ള ചെറുപ്പക്കാരെല്ലാം  വന്നെത്തും. നാളത്തെ വധുവിനെ മൂകമായി പ്രണയിച്ച് അകമേ കേഴുന്നവരുമുണ്ടാകാം അക്കൂട്ടത്തിൽ. വർണ്ണ കടലാസിൽ കൊക്കുരുമ്മുന്ന പക്ഷികളെയും പൂക്കളെയും വെട്ടുവാൻ  വൈദഗ്ധ്യമുള്ളവരും ഉണ്ട്. പന്തൽ കാലുകളിൽ ചണനൂൽ കെട്ടി മൈദ മാവ് പശ തേച്ച് വെട്ടിയ വർണ്ണക്കടലാസുകൾ ഒട്ടിക്കുകയാണവർ. എന്തൊരു ബഹളമാണ്!   പണി കഴിഞ്ഞ് തോരണങ്ങളെല്ലാം പന്തലിനു മുകളിലേക്ക് ഉയർത്തി കെട്ടി നിലം അടിച്ചു വാരി വൃത്തിയാക്കുമ്പോഴേക്കും വിവാഹ നാൾ പുലർന്നിരിക്കും. അതിതിഥികൾ വന്നെത്തുമ്പോഴേക്കും കടലാസു തോരണങ്ങൾ ഇളം കാറ്റിൽ ഹൃദ്യമായ ശബ്ദത്തിൽ കലപില കൂട്ടുന്നുണ്ടാവും.

കസേരകളും മേശകളും ലോറിയിൽ കയറ്റി കഴിഞ്ഞ് പണിക്കാർ പന്തലിനു മൂന്നു വശത്തും നാലടി പൊക്കത്തിൽ കെട്ടിയ തിരശ്ശീല അഴിക്കുവാൻ തുടങ്ങി. പൂക്കളുടെ വർണ്ണ ചിത്രങ്ങൾ നിറഞ്ഞ മനോഹരമായ തുണിയായിരുന്നു അത്. മരണ വീട്ടിലേക്കാൾ വിവാഹ വീട്ടിനു യോജിച്ചത്ഷാമിയാന. ഉത്തരേന്ത്യയിൽ ജോലിചെയ്തിരുന്ന കാലത്തെ മഞ്ഞുകാലം എന്റെ മനസ്സിൽ തെളിഞ്ഞു....

പർദേശി, പർദേശി...ജാനാ നഹി... 

മുജ്ഹേ ഛോഡ്ക്കെ...മുജ്ഹേ ഛോഡ്ക്കെ.....

മൂടൽ മഞ്ഞിലൂടെ, രാവിന്റെ കുളിരിലൂടെ, ഒഴുകി വരുന്ന ബാൻഡ് സംഗീതം; ശരറാന്തലുകൾ തലയിലേറ്റി രണ്ടു വരിയായി നടന്നു നീങ്ങുന്ന സ്ത്രീകൾ. അവരുടെ അലുക്കുകൾ തുന്നി ചേർത്ത തിളങ്ങുന്ന പാവാടയും ബ്ലൗസും തട്ടവും. നടുവിൽ തലപ്പാവുകെട്ടി മിന്നുന്ന ഷെർവാനി ധരിച്ച, അശ്വാരൂഢനായ വരൻ. ചുറ്റിനും പ്രായ ഭേദമെന്യേ നൃത്തം ചവുട്ടി നീങ്ങുന്ന കാലുകൾ... ബാരാത് വന്നു കയറുന്ന വർണ്ണ വെളിച്ചങ്ങളുടെ പ്രപഞ്ചമായ പന്തൽ. അതിനുള്ളിലെ യുവത്വങ്ങളുടെ സ്വപ്നങ്ങൾ...

തിരശ്ശീല മടക്കിവെച്ചു കഴിഞ്ഞ്  പണിക്കാർ കൂർത്ത അറ്റമുള്ള ഇരുമ്പു തൂണുകൾ ഇളക്കി മാറ്റുവാൻ തുടങ്ങി. തൊടിയിലെ മരക്കൊമ്പുകളിലേക്ക് മൂലകൾ വലിച്ചു കെട്ടിയ കയറുകൾ അഴിച്ചു വിട്ടു. അതോടെ പന്തൽ വർണ്ണ ചിത്രങ്ങൾ നിറഞ്ഞ വലിയ തുണിയായി നിലത്ത് തളർന്നു വീണു. നാല് പേർ ചേർന്ന് അത് മടക്കി ചുരുട്ടുവാൻ ആരംഭിച്ചു.  

ഇന്നലെയായിരുന്നു അമ്മയുടെ അന്ത്യക്രിയകൾ; അതിരാവിലെ; ഉദിച്ചുയരുന്ന സൂര്യ കിരണങ്ങളെയും നിളാ തീരത്ത് കൊളുത്തിവെച്ച ദീപത്തിലെ അഗ്നിയേയും സാക്ഷിയാക്കി. ഉച്ചയൂണിനു ശേഷം മക്കളും സഹോദരങ്ങളും ബന്ധുക്കളും യാത്ര പറഞ്ഞതോടെ വീട് ശാന്തമായി; വലിയ വീടും രണ്ടു മനുഷ്യരും ബാക്കിയായി. വീടിനിത് പുത്തരിയല്ല. മുൻപും വാർദ്ധക്യം ബാധിച്ച രണ്ടു പേർ ഇവിടെ ഒറ്റയ്ക്ക് കഴിയുന്നത് വീട് കണ്ടിട്ടുണ്ട്; അച്ഛനും അമ്മയും. കുരുന്നു വള്ളികൾക്ക് പിടിച്ചു കയറി പടർന്നു പന്തലിക്കുവാൻ പന്തൽ തീർത്തവർ; ജീവിത പ്രശ്നങ്ങളുടെ കൊടും ചൂടിൽ വലയുമ്പോൾ മക്കൾക്കും പേരക്കുട്ടികൾക്കും തണലായി ആശ്വാസ വചനങ്ങളിലൂടെ പന്തൽ തീർത്തവർ......

പന്തലിന്റെ തുണിക്കെട്ട് ലോറിയിൽ കയറ്റി പിറകിലെ വാതിൽ അടച്ചു. ലോറി സ്റ്റാർട്ട് ചെയ്തു. ജോലിക്കാർ പിറകിൽ പിടിച്ചു കയറിമുറ്റവും ഗേറ്റും കടന്ന് ലോറി റോഡിൽ കയറി മറയുന്നത് ഞാൻ നോക്കിയിരുന്നു.


(photo courtesy)

12 comments:

  1. ജീവന് വെടിഞ്ഞ അമ്മയുടെ ഓര്മ്മകളില്നിന്ന് ജീവനാവാഹിച്ചുണര്ന്ന പന്തലിന്റെ കഥ മനോഹരമായിട്ടുണ്ട് . എഴുത്ത് തുടരുക 🙏

    ReplyDelete
  2. ജീവിതത്തിൽ കുറച്ചു നാളുകൾ നമ്മെ ഇരുട്ടിലാക്കുന്ന നിമിക്ഷങ്ങളാണ് മാതാപിതാക്കളുടെ വിയോഗം. ഒഴിച്ചു കൂടാൻ കഴിയാത്ത ഈ ദശാസന്ധിയിൽ ഏതു പ്രതി രൂപങ്ങളും നമ്മിൽ വേദനയുണ്ടാക്കും. അതെല്ലാം ധൈര്യത്തോടെ തരണം ചെയ്യുക.

    ReplyDelete
  3. മനോഹരമായ രചനാ ശൈലി, തൻെറ മാതാപിതാക്കൾ വിട്ട് പിരിഞ്ഞു പോയത് സൃഷ്ടിച്ച ശൂന്യതയും അതുയർത്തിയ മറ്റു അവസ്ഥാന്തരങളും വരികളിൽ നിറഞ്ഞിരിക്കുന്നു.യഥാതഥമായ രചനാ ശൈലി വളരെയധികം ആകർഷിക്കുന്നു ,രചന തുടരുക.

    ReplyDelete
  4. നമ്മളൊക്കെ എത്തി നിൽക്കുന്ന വഴിത്താരയിലെ ഭാഗം കൃത്യമായി രേഖപ്പെടുത്തി. വായനയിൽ എവിടെയൊക്കെയോ എത്തി. വടക്കെ മുറ്റത്തെ ഓലപന്തലും ഉണങ്ങി വരണ്ട അരിയാനി പാടവും. സ്നേഹ സാമീപ്യങ്ങളായിരുന്ന അച്ഛനും അമ്മയും. ഞാൻ എന്നൊക്കെയോ ചാരി ഇരുന്ന ഉമ്മറത്തെ തൂണുകളും മറന്നു തുടങ്ങിയ പലതും മനസ്സിലേക്കു തള്ളിക്കയറി വന്നു. മുറ്റത്തെ അശോകത്തിൻ്റെ പുനർജന്മവും കണ്ടു. അമ്മക്ക് മിക്കവാറും മോക്ഷമായിരിക്കും. ഊർജ്ജമായി നിങ്ങൾക്കൊപ്പം ഉണ്ടാവും.മറ്റെന്തു പറയാൻ.

    ReplyDelete
  5. വിരഹങ്ങളും വേദനകളും ഉണർത്തുന്ന ഓർമച്ചിത്രങ്ങൾ മനസ്സിൽ തട്ടും വിധം വരച്ചിട്ട എഴുത്ത് 🙏

    ReplyDelete
  6. i had marked this for later reading and forgot all about it, till i saw the FB post. i did read it. and i thought i could comment here.
    it was good writing. the pandal becoming a trigger for wistful memory. the style is spartan and this helps in intesifying the sadness of your loss.
    keep writing. not just movie reviews.
    it is time you picked up writing again. the bank days are over anyway.
    now let the story teller in you come alive again.

    ReplyDelete
    Replies
    1. Yes. Thank you for the good words. And for sharing the FB post.

      Delete