നീലവെളിച്ചം
(സിനിമ ആസ്വാദനം)
(Spoiler
Alert: Contains part of the film story)
(Poster Courtesy)
മനുഷ്യന്റെ സവിശേഷ ബുദ്ധിക്കും അറിവിനും ശാസ്ത്ര പരിജ്ഞാനത്തിനും അപ്പുറത്തുള്ള നിഗൂഢതയുടെ, വിസ്മയത്തിന്റെ ഒരു തുള്ളി. എണ്ണ തീർന്നു പോയ ഒരു ഹരിക്കേൻ വിളക്ക് മണിക്കൂറുകൾക്ക് ശേഷം മുറി മുഴുവൻ നീല പ്രകാശം പരത്തി നീല ജ്വാലയുമായികത്തി നിൽക്കുന്നു! ശാസ്ത്രീയ പിൻബലത്തോടെ വിശദീകരിക്കുവാൻ പറ്റാത്ത ഈ സംഭവമാണ് ബഷീറിന്റെ "നീലവെളിച്ചം" എന്ന ചെറുകഥയെ സാഹിത്യപരമായി ഒരു ഉയർന്ന തലത്തിലേക്ക് ഉയർത്തുന്നത്.
ഈ വിസ്മയമൊഴിച്ചാൽ മരണവുമായോ ദുർമരണവുമായോ ബന്ധപ്പെട്ട ഭീതി ജനകമായ ഒരു വിവരണവും ഈ കഥയിലില്ല. എന്നാൽ ഈ കഥയെ ആസ്പദമാക്കി "ഭാർഗവിനിലയം" എന്ന സിനിമയ്ക്ക് അദ്ദേഹം തിരക്കഥ ഒരുക്കിയപ്പോൾ അതിൽ പ്രേക്ഷകരെ ഭീതിയിലാഴ്ത്തുന്നതും ഉദ്വേഗത്തിലേക്ക് തള്ളി വിടുന്നതുമായ രംഗങ്ങൾ കടന്നു വന്നു. പ്രണയവും വിദൂഷകരും വില്ലനും കടന്നു വന്നു. അങ്ങിനെ അര നൂറ്റാണ്ട് മുൻപ് മലയാള സിനിമയിലെ ആദ്യത്തേതെന്നു പറയാവുന്ന ഹൊറർ ചിത്രം ജന്മമെടുത്തു.
സിനിമ എന്ന മാധ്യമത്തിന് വേണ്ടി ബഷീർ തന്റെ ചെറുകഥയെ അതിന്റെ ഔന്നത്യത്തിൽ നിന്നും എല്ലാവർക്കും കയ്യെത്താവുന്ന തലത്തിലേക്ക് ഇറക്കി കെട്ടിയത് നമുക്ക് മനസ്സിലാക്കാം. വലിയ മുതൽമുടക്ക് ആവശ്യമായ ഈ മാധ്യമത്തിന്റെ നിലനിൽപ്പിന് മുതൽ മുടക്കിയ ആൾക്ക് അത് തിരിച്ചു കിട്ടുകയും വേണം. എന്നിരുന്നാലും "ഭാർഗവി നിലയം" കച്ചവടത്തിനൊപ്പം കലയ്ക്കും പ്രാധാന്യം കൊടുക്കുന്നതിൽ വിജയിച്ചിരുന്നു.
"നീലവെളിച്ചം", എഴുതിയ വരികൾക്കപ്പുറം വായനക്കാരനെ വിസ്മയത്തിന്റെ ഒരു ഉയർന്ന തലത്തിലേക്ക് എത്തിച്ചുവെങ്കിൽ "ഭാർഗവിനിലയം" മൊത്തത്തിൽ പ്രേക്ഷകനെ കാണിച്ച ദൃശ്യങ്ങൾക്കപ്പുറം അത്തരമൊരു തലത്തിലേക്ക് എത്തിക്കുകയുണ്ടായില്ല. എന്നിരുന്നാലും "ഏകാന്തതയുടെ അപാര തീരം" എന്ന ഗാനത്തിന്റെ ചിത്രീകരണം പ്രേക്ഷകനെ മരണ സാഗരത്തിന്റെ ഏകാന്ത തീരത്തിലൂടെ നടത്തുന്നുണ്ട് താനും. പി ഭാസ്കരനും ബാബുരാജിനും കമുകറക്കും വിൻസെന്റിനും നന്ദി.
ഭാർഗ്ഗവിയുടെ ഏകാന്തവും അശാന്തവുമായ മരണാനന്തര ജീവിതത്തിന്റെ തീക്ഷണത മുഴുവൻ പ്രേക്ഷകരിലെത്തിക്കുവാൻ ഈ വരികൾക്കും സംഗീതത്തിനും ദൃശ്യങ്ങൾക്കും സാധിച്ചു. ഇരുളും വെളിച്ചവും ക്രമീകരിച്ചുള്ള കറുപ്പും വെളുപ്പും ഛായാഗ്രഹണവും മികച്ചതായിരുന്നു. പ്രത്യേകിച്ചും അക്കാലത്തെ പരിമിതമായ സാങ്കേതിക വിദ്യകൾ വെച്ച് പരിഗണിക്കുമ്പോൾ.
അര നൂറ്റാണ്ടിനു ശേഷം കൃത്യമായി പറഞ്ഞാൽ അൻപത്തെട്ടു വർഷങ്ങൾക്കു ശേഷം നീലവെളിച്ചത്തിന്റെ മറ്റൊരു ദൃശ്യാവിഷ്ക്കാരം കൂടി നമുക്ക് മുന്നിലെത്തുകയാണ്. നീലവെളിച്ചം എന്ന അതേ പേരിൽ. ആഷിഖ് അബുവും റീമ കല്ലിങ്കലും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിഖ് അബു ആണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഒറിജിനൽ തിരക്കഥയിൽ അല്പസ്വല്പം മാറ്റങ്ങൾ അങ്ങിങ് വരുത്തിയിട്ടുണ്ടെന്നു മാത്രം.
എഴുത്തുകാരൻ ഏകാന്തത തേടി ഒരു പഴയ വാടക വീട്ടിൽ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ആ വീട്ടിലെ അടിഞ്ഞുകൂടിയ പൊടിയും ചപ്പും ചവറും കണ്ടാലറിയാം വളരെക്കാലമായി അവിടെ ആരും താമസിച്ചിട്ടില്ലെന്ന്. അയാൾ തന്നെ അവയെല്ലാം അടിച്ചു വാരി വൃത്തിയാക്കി. വീട് അയാൾക്ക് വളരെ ഇഷ്ടമായി. ഏകാന്തമായി ഇരുന്ന് എഴുതുവാൻ, വൈദ്യുതി ഇല്ലെന്ന ഒരു കുറവുണ്ടെങ്കിലും, ഇതിലും നല്ല ഒരു വീട് ഉണ്ടാവില്ല. പക്ഷെ പുറത്തിറങ്ങി തന്റെ പുതിയ വാസസ്ഥലത്തെക്കുറിച്ചു പറഞ്ഞതോടെ സുഹൃത്തുക്കളിൽ നിന്നും മനസ്സിനെ വിഷമിപ്പിക്കുന്ന പല കഥകളും ആ വീടിനെ പറ്റി കേട്ട് തുടങ്ങി. ആ വീടിനു മുന്നിലെ കിണറിൽ ചാടി ഭാർഗവി എന്നൊരു യുവതി പ്രേമ നൈരാശ്യം കാരണം ആത്മഹത്യ ചെയ്തതിന്റെയും അവളുടെ പ്രേതം ആ വീട്ടിൽ ആരെയും അന്തി ഉറങ്ങാൻ സമ്മതിക്കാത്തതിന്റെയും കഥകൾ. ശശികുമാർ എന്നായിരുന്നു അവളുടെ കാമുകന്റെ പേര്. അയാൾ എവിടെയാണെന്നറിയില്ല. ഭാർഗ്ഗവിയുടെ മുറച്ചെറുക്കനായ നാണുക്കുട്ടനും അവളെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഭാർഗവി അതിനു തയ്യാറായിരുന്നില്ല. ആകെപ്പാടെ ദുരൂഹതകൾ ചുറ്റിപറ്റി നിൽക്കുന്ന വീട്. എന്തായാലും എഴുത്തുകാരന് അവിടെ താമസിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല.
അങ്ങിനെ അയാൾ അദൃശ്യയായ ഭാർഗ്ഗവിയുമായി ചങ്ങാത്തത്തിലാവുകയും അവളുടെ കഥ എഴുതുവാൻ തുടങ്ങുകയും ചെയ്യുന്നു. ആ മാളികയിലെ പൂട്ടിയിട്ട പല മുറികളിലും നിന്ന് അയാൾക്ക് അവളുടെ ജീവിതത്തിലേക്കും പ്രണയ ദുരന്തത്തിലേക്കും വെളിച്ചം വീശുന്ന പല കത്തുകളും ചിത്രങ്ങളും പഴയ പത്ര വാർത്തകളും കണ്ടു കിട്ടുന്നു. അങ്ങിനെ പ്രേക്ഷകന് മുന്നിൽ ഭാർഗ്ഗവിയുടെ കഥയിലെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ ചരുളഴിയുന്നു.
പ്രമുഖ സാഹിത്യകാരന്റെ പ്രശസ്ത കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ പുനർ നിർമാണമാവുമ്പോൾ അതിനെ പഴയതുമായ തട്ടിച്ചു നോക്കി വിലയിരുത്തുന്നത് സ്വാഭാവികം മാത്രം. അങ്ങിനെ നോക്കുമ്പോൾ പുതിയ ചിത്രത്തിൽ എടുത്തു പറയേണ്ടുന്ന മേന്മ അതിന്റെ സാങ്കേതിക മികവാണ്. ഇതുപോലൊരു പ്രമേയം അതിനായി അനന്ത സാദ്ധ്യതകൾ തുറന്നിടുന്നുണ്ട് താനും. ഛായാഗ്രഹണവും ശബ്ദ ലേഖനവും മികച്ചതായി. പഴയ ചിത്രത്തിന്റെ കറുപ്പിലും വെളുപ്പിലുമുള്ള ഛായാഗ്രഹണ മികവ് മറന്നുകൊണ്ടല്ല പറയുന്നയത്.
എഴുത്തുകാരന്റെ റോളിൽ ടോവിനോയും ഭാർഗ്ഗവിയുടെ റോളിൽ റീമ കല്ലിങ്കലും ശശികുമാറിന്റെ റോളിൽ റോഷൻ മാത്യുവും യഥാക്രമം പഴയ ചിത്രത്തിലെ മധുവിനും വിജയ നിർമലക്കും പ്രേംനസിറിനും പകരമെത്തുന്നു. നിഭാഗ്യവശാൽ മുൻ തലമുറക്കാരുടെ ആയാസ രഹിതമായ പ്രകടനത്തിനൊപ്പമെത്താൻ അവർക്കാർക്കും ആയില്ല. ടോവിനോയും റീമയും കഷ്ടിച്ച് ഒപ്പിച്ചു മാറിയെങ്കിൽ റോഷൻ അതുല്യനായ പ്രേം നസീറിന് മുന്നിൽ തികച്ചും നിഷ്പ്രഭനായി. എന്നാൽ ഷൈൻ ടോം ചാക്കോയുടെ നാണുക്കുട്ടൻ പഴയതിൽ നിന്നും തികച്ചും സ്വതന്ത്രമായ പ്രകടനം കാഴ്ചവെച്ചു. പഴയ ചിത്രത്തിൽ പി ജെ ആന്റണിക്ക് വേണ്ടത്ര പ്രാധാന്യം സംവിധായകനും ഛായാഗ്രാഹകനും കൊടുക്കാതിരുന്നതും അതിനൊരു കാരണമാകാം. അതുപോലെ തന്നെ ശശികുമാറിന്റെയും ഭാർഗ്ഗവിയുടെയും പ്രണയ വികാസത്തിനും തീവ്രതക്കും പുതിയ സംവിധായകനും വേണ്ടത്ര പ്രാധാന്യം കൊടുത്തു കാണുന്നില്ല.
പഴയ ചിത്രത്തിലെ ഗാനങ്ങൾ പുതിയ ഗായകർ പാടിയാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിൽ കമുകറ പുരുഷോത്തമന്റെയും യേശുദാസിന്റെയും ഗാനങ്ങൾ ഷഹബാസ് അമൻ പാടിയത് താരതമ്യപ്പെടുത്തുന്നതിൽ അർത്ഥമില്ല. ജാനകിയുടെ ഗാനങ്ങൾ കെ എസ് ചിത്ര പാടിയത് ഒറിജിനലിനോട് കിടപിടിക്കുന്നതായി.
ഒരു താരതമ്യ വിലയിരുത്തലിൽ കാര്യങ്ങൾ ഇങ്ങിനെയെല്ലാമാണെങ്കിലും ആകെ മൊത്തം ഈ ചിത്രം ബഷീറിന്റെ തിരക്കഥയോട് നീതിപുലർത്തുകയും പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യ ശ്രവ്യ അനുഭവം പകർന്നു തരുകയും ചെയ്യുന്നുണ്ട്.


നല്ലൊരു നിരൂപണം. രണ്ടു സിനിമകളും കാണാൻ പ്രേരിപ്പിക്കുന്നു
ReplyDeleteYes. Worth watching.Thank you.
Deleteഒന്നാംതരം പഠനം നടത്തിയാണ് ശശി ഇതിൽ കൈ വെച്ചതെന്ന് കാണാം. ബഷീർ നീലവെളിച്ചം ഭാർഗ്ഗവീനിലയം എന്നെല്ലാം കേൾക്കുമ്പോൾത്തന്നെ മലയാളിക്ക് തോന്നുന്ന ഒരു ഗൃഹാതുരത്വം ഉണ്ടല്ലോ
ReplyDeleteഅതിനെ മുറിവേൽപ്പിക്കാതെ തന്നെ വിലയിരുത്തികാണുന്നതിൽ സന്തോഷം.
ഭാർഗ്ഗവീനിലയം എന്ന ഇതിഹാസം
സാധാരണ പ്രേക്ഷകരെ ഇന്നും സന്തുഷ്ട
രാക്കുന്നു. നീലവെളിച്ചം, ബഷീർ എന്ന സാ
ഹിത്യകാരനോടാണോ വിൻസന്റ് സംവിധാനം ചെയ്ത ചലച്ചിത്രത്തി
നോടാണോ നീതി പുലർത്തിയത് എന്ന്
സിനിമ കണ്ടതിന് ശേഷം ആസ്വാദകർ തീരമാനിക്കട്ടെ.
Thank you.
Delete