ഓപ്പൺഹൈമെർ
(സിനിമ ആസ്വാദനം)
(Spoiler Alert: Contains part of the film story)
(poster courtesy)
മനുഷ്യരെ സഹായിക്കാനായി
അവർക്ക് തീ
സമ്മാനിച്ച്
ഒളിമ്പസ് മലയിലെ
ഗ്രീക്ക് ദൈവങ്ങളെ
പിണക്കിയ ആളായിരുന്നു,
'പ്രൊമെത്യൂസ്'. മനുഷ്യരെ
സംബന്ധിച്ചിടത്തോളം തീ
ഉണ്ടാക്കാൻ പഠിച്ചത്
അവരുടെ പരിണാമ
ചരിത്രത്തിലെ ഏറ്റവും
വലിയ സംഭവമായിരുന്നു.
എന്തായാലും ഗ്രീക്ക്
ദൈവങ്ങളുടെ രാജാവായ
സീയൂസ് പ്രൊമെത്യൂസിനെ
കഠിനമായി ശിക്ഷിച്ചു.
ഒരു വലിയ
പാറക്കല്ലിൽ അദ്ദേഹത്തെ
കെട്ടിയിട്ടു. എന്നിട്ട്
അദ്ദഹത്തിന്റെ കരൾ
കൊത്തിപ്പറിക്കുവാനായി ഒരു
കഴുകനെ ദിനവും
അദ്ദേഹത്തിനടുത്തേക്ക് പറഞ്ഞുവിട്ടു.
കഴുകൻ പകൽ
കൊത്തിപ്പറിച്ച കരൾ
രാത്രിയിൽ വളർന്ന്
പൂർവ സ്ഥിതിയിലാവും. വീണ്ടും അടുത്ത പകൽ
കഴുകൻ വന്ന്
കൊത്തിപ്പറിക്കും. ഈ ദുരന്തത്തുടർച്ചയിൽ നിന്നും പ്രൊമെത്യൂസിനെ
രക്ഷിച്ചത് ഹെറാകെലെസ്
എന്ന ഗ്രീക്ക്
ഹീറോയായിരുന്നു. (റോമൻ
മിത്തോളജി പ്രകാരം
ഹെർക്കുലീസ്).
ഇപ്പോൾ പ്രൊമെത്യൂസിനെ ഓർക്കാൻ കാരണമുണ്ട്. 'അമേരിക്കൻ പ്രൊമെത്യൂസ്' എന്ന് വിളിക്കപ്പെട്ട ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ ഉണ്ട്: ജെ റോബർട്ട് ഓപ്പൺഹൈമെർ. പ്രൊമെത്യൂസ് മനുഷ്യന് തീ സമ്മാനിച്ചതുപോലെ ഓപ്പൺഹൈമെർ മനുഷ്യരാശിക്ക് സംഭാവന ചെയ്തത് ആദ്യത്തെ ആറ്റം ബോംബായിരുന്നു. ലഭിച്ച് അധിക ദിവസം കഴിയുന്നതിനു മുൻപ് തന്നെ അമേരിക്കക്കാർ അതിന്റെ പ്രഹര ശേഷി രണ്ടാം ലോക മഹാ യുദ്ധത്തിൽ ജപ്പാനിൽ രണ്ടിടത്ത് രണ്ടു ദിവസങ്ങളിലായി പ്രയോഗിച്ച് ലോകത്തിനു സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പതിനായിരക്കണിക്കിന് ജനങ്ങൾ നേരിട്ടും പിന്നീട് റേഡിയേഷൻ പ്രത്യാഘാതങ്ങൾ മൂലവും മരണപ്പെട്ടു. തന്റെ ഒരു ഉൽപ്പന്നം ഇത്രയും നാശമുണ്ടാക്കിയതിൽ ഓപ്പൺഹൈമെർക്ക് അപ്പോൾ കുറ്റബോധമോ ദുഖമോ ഉണ്ടായിരുന്നെന്ന് പറഞ്ഞുകൂടാ. പിൽക്കാലത്ത് ഉണ്ടായെങ്കിലും. ലോക മഹായുദ്ധം അവസാനിപ്പിക്കുവാൻ അത് അനിവാര്യമാണെന്ന് അമേരിക്കൻ ഭരണകൂടത്തെപോലെ അദ്ദഹവും വിശ്വസിച്ചു. അമേരിക്കക്കാർ അപ്പോഴത്തെ വിജയ ലഹരിയിൽ ഒപ്പൺഹൈമറെ 'ആറ്റം ബോംബിന്റെ പിതാവ്' എന്ന് സ്നേഹപൂർവ്വം വിളിച്ചു. എന്നാൽ പിന്നീട് ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ വ്യക്തി വിരോധങ്ങൾ അദ്ദേഹത്തെ ആരുമല്ലാതാക്കി. എങ്കിലും വർഷങ്ങൾക്കു ശേഷം, നിരന്തരമായ പുകവലികാരണം പിടിപെട്ട കാൻസർ രോഗം കീഴടക്കുന്നതിനു മുൻപ്, മാറി വന്ന അമേരിക്കൻ ഭരണകൂടം അദ്ദേഹത്തെ 'എൻറികോ ഫെർമി അവാർഡ്' നൽകി ആദരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ജീവിതകഥയായ 'അമേരിക്കൻ പ്രൊമെത്യൂസ്: ദി ട്രയാംഫ് ആൻഡ് ട്രാജഡി ഓഫ് ജെ റോബർട്ട് ഓപ്പൺഹൈമെർ' എന്ന പുസ്തകത്തെ ആസ്പദമാക്കി ഇപ്പോൾ സുപ്രസിദ്ധ ഹോളിവുഡ് സംവിധായകനായ ക്രിസ്റ്റഫർ നോളൻ ഒരു ബയോപിക് അവതരിപ്പിക്കുന്നു - ഓപ്പൺഹൈമെർ.
ന്യൂയോർക്കിൽ ജർമനിയിൽ നിന്നും കുടിയേറിപ്പാർത്ത ജൂത ദമ്പതിമാരുടെ മകനായിട്ടായിരുന്നു ഓപ്പൺഹൈമറുടെ ജനനം. ഹാർവാർഡിൽ നിന്നും ബിരുദം നേടിയ അദ്ദേഹം കേംബ്രിഡ്ജിൽ ഒരു ലാബിൽ പഠിക്കുന്ന സമയത്ത് ഗൃഹാതുരത്വവും മാനസികാസ്വാസ്ഥ്യവും കാരണം തന്റെ അദ്ധ്യാപകന് കഴിക്കുവാൻ വിഷം കലർത്തിയ ആപ്പിൾ വെക്കുന്നിടത്തു നിന്നാണ് നോളൻ സിനിമ ആരംഭിക്കുന്നത്. അത് അബദ്ധത്തിൽ കഴിക്കുന്നതിൽ നിന്നും ഓപ്പൺഹൈമെർക്ക് പ്രിയപ്പെട്ട ശാസ്ത്രജ്ഞൻ നീൽസ് ബൊഹെർ കഷ്ടിച്ച് രക്ഷപ്പെടുന്നു.അതുവഴി ഓപ്പൺഹൈമറും. പിന്നീട് ജർമനിയിൽ നിന്നും ഗവേണ ബിരുദങ്ങൾ നേടിയ ഓപ്പൺഹൈമെർ 'ക്വാണ്ടം ഫിസിക്സ്' ശാഖയിൽ പ്രശസ്തനാവുന്നു.
അമേരിക്കയിലേക്ക് തിരിച്ചുവരുന്ന ഓപ്പൺഹൈമെർ ജീൻ ടാറ്റ്‌ലോക്ക് എന്ന യുവതിയുമായി പരിചയത്തിലാവുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായിരുന്ന അവരുമായുള്ള ബന്ധം ആശയപരമായും ബൗദ്ധികമായും ശാരീരികമായും വളരെ അടുത്തായിരുന്നു. എങ്കിലും പിന്നീട് പരിചയപ്പെട്ട മറ്റൊരു കമ്മ്യൂണിസ്റ്റ് മെമ്പറായ കാത്തറീൻ കിറ്റിയെയായിരുന്നു ഓപ്പൺഹൈമെർ വിവാഹം കഴിച്ചത്. ഓപ്പൺഹൈമെർ ഗവേഷണത്തിനും ജോലിക്കും ജീവിതത്തിൽ മുൻതൂക്കം കൊടുത്തതിനാൽ അവരുടെ വിവാഹജീവിതം എല്ലായ്പ്പോഴും സംഘർഷഭരിതമായിരുന്നു.
രണ്ടാം ലോകമഹായുദ്ധം
നടക്കുന്ന സമയമായിരുന്നു
അത്. മറ്റാർക്കും
നിർമ്മിക്കാനാവാത്തത്ര ശക്തിയേറിയ
ബോംബുകൾ നിർമിക്കാനുള്ള
ശ്രമത്തിലായിരുന്നു വിവിധ
രാജ്യങ്ങൾ. അങ്ങിനെയാണ്
അമേരിക്ക അണുബോംബ്
നിർമിക്കുവാൻ പദ്ധതിയിടുന്നതും അതിനായി മൻഹാട്ടൻ
പ്രൊജക്റ്റ് എന്ന
പേരിലുള്ള സംരംഭം
തുടങ്ങുന്നതും. അതിന്റെ
മുഴുവൻ ഉത്തരവാദിത്വവും
ജനറൽ ലെസ്ലീ
ഗ്രോവ്‌സിന്റെ പട്ടാള
മേൽനോട്ടത്തിന് കീഴിൽ
ഓപ്പൺഹൈമെർക്ക് ആയിരുന്നു.
ഭരണകൂട സമ്മർദ്ദങ്ങൾക്ക് വഴങ്ങി സമയാധിഷ്ഠിതമായി
ആദ്യത്തെ ആറ്റം ബോംബ്
നിർമ്മിക്കുവാനും വിജയകരമായി
പരീക്ഷിക്കുവാനും അദ്ദേഹത്തിനായി.
അങ്ങിനെ അദ്ദേഹം
അമേരിക്കക്കാരുടെ കണ്ണിലുണ്ണി
ആയി. എന്നാൽ
ഉന്നത തല
യോഗങ്ങളിലും ചർച്ചകളിലും
മറ്റും ആളും
തരവും നോക്കാതെയുള്ള
അഭിപ്രായ പ്രകടനങ്ങളും
തന്റെ പഴയ
കമ്മ്യൂണിസ്റ്റ് ബന്ധങ്ങളും
ഓപ്പൺഹൈമെറെ ഭരണകൂടത്തിലെ
ഉന്നതന്മാരുടെ അപ്രീതിക്കിരയാക്കി. ലെവിസ് സ്‌ട്രോസ് എന്ന
സെനറ്റർ ആയിരുന്നു
അതിൽ പ്രധാനി.
അദ്ദേഹത്തിന്റെ ഗൂഡാലോചനയുടെ
ഫലമായി ഓപ്പൺഹൈമെർ
സുരക്ഷാ അനുമതി
കിട്ടുവാനായി ദീർഘകാലം
വിചാരണ ചെയ്യപ്പെട്ടു.
ഒടുവിൽ അത്
നിഷേധിക്കപ്പെടുകയും ചെയ്തു.
ഉന്നത ജോലികൾക്ക്
സുരക്ഷാ അനുമതി
അനിവാര്യമായിരുന്നതിനാൽ അത്തരം
സ്ഥാനങ്ങളിൽ നിന്നെല്ലാം
അങ്ങിനെ അദ്ദേഹം ഒഴിവാക്കപ്പെട്ടു.
ദീർഘമായ സുരക്ഷാ വിചാരണയെ അടിസ്ഥാനമാക്കിയാണ് നോളൻ തന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഓപ്പൺഹൈമറുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം വിചാരണ ചെയ്യപ്പെടുന്നതിനനുസരിച്ച് അവ ഫ്ലാഷ് ബാക്കിലൂടെ പ്രേക്ഷകന് മുന്നിലെത്തുന്നു. കറുപ്പ് വെളുപ്പ് വർണ്ണം എന്നീ മാധ്യമങ്ങൾ ഇതിനായി നോളൻ വിദഗ്‌ദ്ധമായി ഇഴ ചേർത്തിരിക്കുന്നു. ഭൂരിഭാഗവും സംഭാഷണങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. ഇത് ചിത്രത്തെ അല്പം വലിച്ചിഴക്കുന്നുണ്ട്. പ്രത്യേകിച്ചും ആദ്യ പകുതിയെ. നോളന്റെ മുൻ ചിത്രങ്ങളിലുള്ള തരത്തിലുള്ള ചടുലതയേറിയ ആക്ഷൻ രംഗങ്ങൾക്ക് ഈ ചിത്രത്തിൽ സ്ഥാനമില്ല. എന്നിരുന്നാലും ഒരു കലാകാരൻ എത്രയായാലും തന്റെ 'തനിനിറം' കാണിക്കുക തന്നെ ചെയ്യുമല്ലോ. 'ട്രിനിറ്റി' എന്ന് പേരിട്ട ആദ്യത്തെ ആറ്റം ബോംബ് സ്ഫോടന പരീക്ഷണ രംഗത്തിൽ നോളൻ തന്റെ ആ ‘തനിനിറം’ കാണിക്കുക തന്നെ ചെയ്തു. അത്യന്തം ഉദ്വേഗ ജനകമായ രീതിയിൽ ആണ് ആ സീക്വൻസ് ചിത്രീകരിച്ചിട്ടുള്ളത്. യഥാർത്ഥ നോളൻ ടച്ചോടുകൂടി.
ഈ ചിത്രത്തിലെ കാസ്റ്റിംഗും അഭിനയവും എടുത്തു പറയേണ്ടിയിരിക്കുന്നു. യഥാർത്ഥ വ്യക്തികളുമായി അതിശയകരമായ രൂപ സാദൃശ്യത്തോട് കൂടിയാണ് ഓരോ അഭിനേതാവും നമുക്ക് മുന്നിലെത്തുന്നത്. കീലി മർഫി, മാറ്റ് ഡാമ്മൻ, റോബർട്ട് ഡോവ്ണി Jr, എമിലി ബ്ലാൻഡ് തുടങ്ങിയവരെല്ലാം മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചെറിയ റോളുകളിൽ ഗാരി ഓൾഡ്മാനെപ്പോലുള്ളവരുമുണ്ട്. പലരും ഈ ചിത്രത്തിൽ അഭിനയിക്കുവാൻ വേണ്ടി തങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതായി പോലും റിപ്പോർട്ടുകളുണ്ട്. വിഷ്വൽ സാദ്ധ്യതകൾ കമ്മിയായ, ഡയലോഗുകൾ മാത്രമുള്ള രംഗങ്ങളിൽ പശ്ചാത്തല സംഗീതം കൊണ്ടും വിഷ്വൽ സാദ്ധ്യത കൂടിയ ബോംബ് വിസ്ഫോടനം പോലുള്ള രംഗങ്ങളിൽ നിശ്ശബ്ദത കൊണ്ടും വിജയകരമായി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് സംവിധായകനും കൂട്ടരും.
ശാസ്ത്ര സാങ്കേതിക വിദ്യയായാലും മനുഷ്യന്റെ മറ്റെന്തു തന്നെ നേട്ടങ്ങളായാലും അത് അധികാരവും ഭരണവും കയ്യാളുന്നവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് തോന്നിയപോലെ ഉപയോഗിക്കപ്പെടുന്നു. ആ നേട്ടങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ശാസ്ത്രജ്ഞരുടെയും മറ്റും ഭാവിയും വ്യക്തിജീവിതവും അത്തരക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് നിർണ്ണയിക്കപ്പെടുന്നു. ഓപ്പൺഹൈമറുടെ ജീവിതം ഈ സത്യം ഒരിക്കൽ കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു. നോളൻ ഒരുക്കിയ ഈ ചിത്രം റിച്ചാർഡ് ആറ്റൺബോറോയുടെ 'ഗാന്ധി' ക്കു ശേഷമുള്ള ഏറ്റവും മികച്ച ബയോപിക് സിനിമ ആണെന്ന് തന്നെ പറയാം.

An outstanding review that does justice to the movie.... 👏
ReplyDeleteThank you.
Delete👌
ReplyDeleteThank you.
ReplyDeleteExcellent review, compelling to watch the movie and apart from that, a highly informative write-up.
ReplyDeleteThank you.
DeleteSuperb...Your thoughtful and eloquent movie review provided a fantastic analysis of the film, leaving me even more excited to watch it
ReplyDeleteThank you.
Delete