Friday, July 14, 2023

 

വീട്ടേയ് കെട്ടിപ്പാര്….

(കഥ)

2

(Picture Courtesy)

(ഈ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും സാങ്കല്പികമാണ്)

ഒരു തമിഴ് പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്; "വീട്ടേയ് കെട്ടിപ്പാര്…., കല്യാണത്തേയ് പണ്ണിപ്പാര്". ജീവിതത്തിലെ കഷ്ടപ്പാടുകളും ഉത്തരവാദിത്വങ്ങളും മനസ്സിലാകണമെങ്കിൽ സ്വന്തമായി വീടുണ്ടാക്കുകയോ കല്യാണം കഴിക്കുകയോ ചെയ്യണമെന്ന് സാരം. കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മിലൻ കുന്ദേരയുടെ മരണ വാർത്ത വരുന്നത്. അദ്ദേഹത്തിന്റെ 'അൺ ബെയറബിൾ ലൈറ്റ്നസ്സ് ഓഫ് ബീയിങ്' എന്ന നോവലും ഏതാണ്ട് ഇത് തന്നെ പറയുന്നു - അവിവാഹിതനായ ഒരാളുടേത് പാറിനടക്കുന്ന തൂവൽ പോലെ ലഘുത്വമാർന്ന സ്വത്വമാണ്. വീട്, കുടുംബം, കുട്ടികൾ തുടങ്ങിയ ഭാരങ്ങൾ ഒരാളെ ആകാശത്തു പറന്നു കളിക്കുവാൻ വിടാതെ ഭൂമിയിൽ പിടിച്ചു നിറുത്തുന്നു. അതില്ലെങ്കിൽ ജീവിതത്തിന്റെ ലഘുത്വം അസഹനീയമായേക്കാം. ഏതായാലും തമിഴ് പഴഞ്ചൊല്ല് സത്യമാണെന്ന് ഞാൻ പതുക്കെ പതുക്കെ മനസ്സിലാക്കുകയായിരുന്നു.

ഒരു മഴക്കാലത്തിന്റെ തുടക്കത്തിലായിരുന്നു വീടിന്റെ വാർപ്പ് പണികൾ കഴിഞ്ഞത്. മഴ കനത്തു തുടങ്ങിയതോടെ പണിസ്ഥലത്തേക്ക് എത്തുന്നതു തന്നെ ദുഷ്കരമായി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, വീടിന് സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ, പണിക്കാർ തട്ടുകളും മുട്ടുകളും എടുത്തു കൊണ്ടുപോയി. തുടർന്ന് വന്ന ഇലക്ട്രീഷ്യനും സംഘവും വീടിന്റെ ശരീരം കീറിമുറിച്ചു വൈദ്യുതിയും വെള്ളവും ഒഴുകേണ്ട പി വി സി സിരകൾ വെച്ചു പിടിപ്പിച്ചു. അവർ പണി തീർത്ത് പിൻവാങ്ങിയതോടെ ക്ഷതങൾ തേച്ചുകൂട്ടി ചർമം മിനുക്കേണ്ട സമയമായി. ഞാൻ തേപ്പു പണിക്കാരെ വിവരമറിയിച്ചു. തെക്കു നിന്നും വന്ന് നാട്ടിൽ സ്ഥിര താമസമാക്കിയവരായിരുന്നു പണിക്കാർ.  മറ്റൊരു ജോലി ഉടനെ തീരുമെന്നും വൈകാതെ പണി തുടങ്ങാമെന്നും അവർ അറിയിച്ചു. കാത്തിരിപ്പിന്റെ ദിവസങ്ങൾ ആഴ്ചകളായും പിന്നീട് മാസങ്ങളായും അടുക്കിക്കെട്ടി കാലത്തിന്റെ കലവറയിലേക്ക് മാറ്റി വെക്കപ്പെട്ടുകൊണ്ടിരുന്നു. പക്ഷെ പണി മാത്രം തുടങ്ങിയില്ല. നാട്ടിൽ പോയ പണിക്കാർ തിരിച്ചു വരാത്തതാണ് പ്രശ്നം എന്ന് തോന്നുന്നു. മറ്റുവല്ലവരെയും പണി ഏൽപ്പിക്കണോയെന്ന് ഞാൻ ആലോചിച്ചു തുടങ്ങി. എന്റെ നിരന്തരമായ ശല്യം ചെയ്യൽ ഒഴിവാക്കാനാണെന്ന് തോന്നുന്നു ഒടുവിൽ അടുത്ത ദിവസം തീർച്ചയായും വരാമെന്നവർ ഉറപ്പു തന്നത്.

ഇതോടൊപ്പം തന്നെ വീട്ടിൽ മരപ്പണി പുരോഗമിക്കുന്നുണ്ടായിരുന്നു. മരങ്ങൾ നാട്ടിൽ നിന്നും വാങ്ങി അളവിന് ഈർന്നെടുത്തു. പണി ആർക്ക് കൊടുക്കണം എന്നതിനെ പറ്റി അച്ഛനോ എനിക്കോ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ചന്ദ്രൻ ആശാരിക്ക് തന്നെ. സുന്ദരനായ ചെറുപ്പക്കാരൻ. എന്റെ കുട്ടിക്കാലം മുതൽക്കു തന്നെ ചന്ദ്രനും അച്ഛൻ കുട്ടപ്പനാശാരിയും വീട്ടിൽ പണിക്കു വരുമായിരുന്നു. അതുകൊണ്ടു തന്നെ ചന്ദ്രൻ, അല്പം വയസ്സ് കൂടുമെങ്കിലും, എനിക്ക് ഒരു ബാല്യകാല സുഹൃത്തിനെ പോലെ ആയിരുന്നു. മുത്തച്ഛൻ അവർക്കായി ഒരു തൊഴിലുറപ്പു പദ്ധതി തന്നെ നടപ്പാക്കിയിരുന്നെന്നു വേണം പറയുവാൻ. മഴക്കാലം ഒഴിച്ച് എല്ലാക്കാലത്തും അവർ വടക്കേ പടിപ്പുരയുടെ മുറ്റത്ത് അശോകമരങ്ങളുടെ തണലിൽ ഇരുന്ന് മരത്തിൽ മേടിക്കൊണ്ടിരുന്നു. മഴക്കാലത്ത് കുളപ്പുരയുടെ കോലായിലിരുന്നും.  മേശ, കസേര, വീടിന്റെ അറ്റകുറ്റപ്പണി, തൊഴുത്തിന്റെ, ആലയുടെ അങ്ങിനെ പല പല പണികളായി.

കുറച്ചു മുതിർന്നപ്പോൾ ചന്ദ്രൻ കുറേക്കാലം നാട് വിട്ടു പോയി. പിന്നെ നാട്ടിലേക്ക് വന്നത് ഫർണിച്ചർ പണിയിൽ വിദഗ്ദ്ധനായിട്ടായിരുന്നു. അക്കാലത്ത് നാട്ടിലെ മിക്ക വീടുകളിലും ചന്ദ്രൻ പണിത ഫർണിച്ചറുകൾ, പ്രത്യേകിച്ചും പ്ലാസ്റ്റിക് വയർ മെടഞ്ഞ വീട്ടിയുടെയും തേക്കിന്റെയും സെറ്റികൾ സ്ഥലം പിടിച്ചു. അക്കാലത്ത് വിവാഹിതരായ പല യുവ മിഥുനങ്ങൾക്കും ആദ്യമായി തോളുരുമ്മി ചേർന്നിരിക്കുവാൻ അവസരം ലഭിച്ചത് വിവാഹ ദിനത്തിൽ ചന്ദ്രൻ പണിത സ്വന്തം വീട്ടിലെയോ അയൽ വീട്ടിലെയോ സെറ്റിയിലായിരുന്നു. (ഇന്നത്തേത് പോലെ 'സേവ് ഡേറ്റ്' എന്ന കലാരൂപം അന്ന് നിലവിൽ വന്നിട്ടില്ലായിരുന്നു എന്ന് ഓർക്കുമല്ലോ. ഈയിടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഒരു 'സേവ് ഡേറ്റ്' കണ്ടപ്പോൾ റിലീസിന് മുൻപ് അവ സെൻസർ ബോർഡിന് സമർപ്പിച്ച് '' സർട്ടിഫിക്കറ്റോ 'യു' സർട്ടിഫിക്കറ്റോ സമ്പാദിക്കേണ്ട നിയമം വരുന്നത് അതി വിദൂരമല്ലെന്നു തോന്നി). അങ്ങിനെ തൊഴിൽപരമായി ചന്ദ്രൻ ഉയരുമ്പോഴായിരുന്നു അയാൾക്ക് അൽപ സ്വല്പം മാനസിക പ്രശ്നങ്ങൾ തുടങ്ങിയത്.

ഒരു സന്ധ്യക്ക് പണി മാറ്റി വരുന്ന കുട്ടപ്പനാശാരിയെ ഞാൻ വഴിയിൽ കണ്ടുമുട്ടി.വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുട്ടപ്പനാശാരിയിൽ കണ്ടു തുടങ്ങിയിരിക്കുന്നു. കയ്യിൽ പണിയായുധങ്ങൾ നിറച്ച തുണി സഞ്ചി. അതിൽ നിന്നും പുറത്തേക്ക് എത്തി നോക്കുന്ന മുഴക്കോൽ. ചില്ലു മങ്ങിയ വെള്ളെഴുത്തു കണ്ണട മുകളിലേക്കുയർത്തി കുട്ടപ്പനാശാരി ഹൃദ്യമായി പുഞ്ചിരിച്ചു. എന്റെ മനസ്സിൽ കാലം പുറകോട്ടോടി - നിലത്തിരുന്ന് വീതി കൂടിയ വടക്കനുളിയും വീതി കുറഞ്ഞ തെക്കനുളിയും മാറി മാറി പ്രയോഗിച്ച് പാദത്തിനു താഴെ ചവുട്ടിപ്പിടിച്ച മരത്തെ ഉരുപ്പടിയാക്കുന്ന തച്ചൻ. നിരന്തരം ഇരുമ്പിന്റെ വാളാമുട്ടി കൊണ്ടുള്ള   അടിയേറ്റ് ചതഞ്ഞ മരച്ചീളുകൾ ഉളികളുടെ കൈപ്പിടിയുടെ ഇരുമ്പു ചുറ്റിനു മുകളിലേക്ക് കവിഞ്ഞു കിടക്കുന്നു: കുട്ടപ്പനാശാരിയുടെ   വെട്ടാൻ വൈകിയ ചപ്രത്തലമുടി പോലെ തന്നെ. വള്ളി ട്രൗസറിട്ട ഞാൻ മുന്നിലിരിക്കുകയാണ്. ഒരു പമ്പരം പണിതു കിട്ടാനായി. ഉച്ചയൂണിനു ശഷം പണിതു തരാമെന്ന കുട്ടപ്പനാശാരിയുടെ ഉറപ്പിന്മേൽ. അക്ഷമനായി....

വൃശ്ചിക സന്ധ്യയുടെ കുളിരിലും ഞങ്ങൾക്കിടയിൽ  സൗഹൃദം  ഊഷ്മളമായി. അതിന്റെ നിറവിൽ കുട്ടപ്പനാശാരി ദുഃഖിതനായി മനസ്സ് തുറന്നു: ചന്ദ്രന്ന് പഴേ ഉത്സാഹം ഒന്നും ഇല്ല……മരുന്ന് കഴിച്ചില്ലെങ്കിൽ പ്രശ്നം തന്നെ. പണിക്ക് പോവുന്നുണ്ട് എന്ന് മാത്രം.

എപ്പോഴോ ഞാനും അത് കേട്ടിരുന്നു…. വീട്ടു വഴിയരികിലെ വലിയ കുളം. ഇടവപ്പാതിയിൽ കലങ്ങി മറിഞ്ഞ് കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ ഒന്നാവുന്ന ഇടവഴിയും കുളവും പാടവും. പൊലിഞ്ഞു പോയൊരു കുരുന്നു ജീവൻ... അതിൽ മനം തകർന്നു പോയ അച്ഛൻ, ചന്ദ്രൻ. നല്ല മനുഷ്യർക്കും എന്തുകൊണ്ട് തീരാ ദുഃഖങ്ങൾ വന്നു ചേരുന്നു? ആലോചിച്ചാൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ! കുട്ടപ്പനാശാരിയെ ആശ്വസിപ്പിക്കുവാൻ എനിക്ക് വാക്കുകളില്ലായിരുന്നു.  

കാലം എത്ര വലിയ മുറിവുകളും പൂർണ്ണമായല്ലെങ്കിലും കുറെയെല്ലാം ഭേദമാക്കുമല്ലോ. ജീവിതവും മുന്നോട്ടു പോകണമല്ലോ. അതുകൊണ്ടു തന്നെ ചന്ദ്രനുമായി സംസാരിച്ച് കരാർ ഉറപ്പിച്ചു. പണിക്ക് വന്നു തുടങ്ങിയപ്പോഴാണ് മനസ്സിലായത് മുഴുവൻ പണിയും അയാൾ ഒറ്റക്കാണ് ചെയ്യാൻ പോകുന്നതെന്ന്. ഞങ്ങൾ എത്ര നിർബന്ധിച്ചിട്ടും മറ്റാരെയും കൂട്ടിനു വിളിക്കുവാൻ അയാൾ തയ്യാറായില്ല. എങ്കിലും കട്ടിളയും ജനലുമെല്ലാം സമയാസമയത്ത് തയ്യാറാവുമെന്ന് ഉറപ്പ് തന്നു.

“ചന്ദ്രന്റെ ഡയഗണൽസ് എല്ലാം വളരെ കിറു കൃത്യമാണ്.." ജനലുകളും കട്ടിളകളും കൂട്ടുകയും അഴിക്കുകയും മൂലയിൽ വളരെ ചെറിയ മാറ്റം വരുത്തി വീണ്ടും കൂട്ടുകയും അഴിക്കുകയും ചെയ്യുന്ന പണി പലവട്ടം തുടരുമ്പോൾ അച്ഛൻ പറഞ്ഞു. സമയവും ബുദ്ധിമുട്ടും കൂലിയും ഒന്നും ചന്ദ്രന്ന് പ്രശ്നമല്ലായിരുന്നു. പെർഫെക്ഷൻ. അതായിരുന്നു ലക്ഷ്യം. നൂറു ശതമാനം കലാകാരൻ.

കണക്കിൽ അത്ര കണിശക്കാരനാണെങ്കിലും സയൻസിൽ അയാൾക്ക് വലിയ വിശ്വാസം ഇല്ലെന്നു വേണം വിചാരിക്കുവാൻ. ചന്ദ്രൻ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ തന്നെ അടുത്ത് പണികണ്ടിരിക്കുന്ന ഞാനുമായി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും. അങ്ങിനെ ഒരു ദിവസം പലതും പറഞ്ഞ കൂട്ടത്തിൽ  അയാൾ പറഞ്ഞു:

"ഭൂമി ഉരുണ്ടതാണത്രേ! രാത്രി ചിമ്മിനി വിളക്കും കത്തിച്ച് വെച്ച് അങ്ങനെ എന്തൊക്കെ വിഡ്ഢിത്തങ്ങൾ പഠിച്ചർക്കുണു സ്കൂളിൽ പോണ കാലത്ത്..."

ചന്ദ്രൻ തമാശ പറയുകയാണെന്നായിരുന്നു ഞാൻ വിചാരിച്ചത്. കാര്യമായാണ് പറയുന്നതെന്ന് പിന്നീടെനിക്ക് മനസിലായി.

"നമ്മള് എവിടൊക്കെ പോയിരിക്കുന്നു! എവിടെ പോയാലും ഭൂമി പരന്നിട്ടെന്നെ ആണ്. വയനാട്ടിലെ ചുരത്തിന്റെ മോളീന്ന് നോക്കീട്ടുണ്ട്. അവടേം ഭൂമി പരന്നിട്ടെന്നെ."

ഞാൻ ചന്ദ്രനെ വസ്തുത ശാസ്ത്രീയമായി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഭൂമി ഉരുണ്ടതാണെന്നതിനു തെളിവായി കപ്പലിന്റെ കഥ പറഞ്ഞു: പുറം കടലിൽ നിന്ന് വരുന്ന കപ്പലിനെ കടൽത്തീരത്ത് നിന്നും നോക്കിയാൽ ആദ്യം പുക കാണാം. പിന്നെ പുകക്കുഴൽ. പിന്നെ കപ്പലിന്റെ മദ്ധ്യഭാഗം. പിന്നെ മുഴുവൻ കപ്പൽ…. പക്ഷെ ചന്ദ്രൻ ഇതൊരു തെളിവായി സ്വീകരിക്കാൻ വിസമ്മതിച്ചു. ഒടുവിൽ ഞാൻ പിടുത്തം വിട്ടു. പരന്നിട്ടെങ്കിൽ പരന്നിട്ട്. അല്ലാ പിന്നെ!

മരപ്പണി അങ്ങിനെ പതുക്കെയാണെങ്കിലും നടന്നു കൊണ്ടിരിക്കെ ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ ചന്ദ്രൻ റോഡിൽ വെച്ച് എന്നെ തടഞ്ഞു നിറുത്തി. അയാളുടെ മുഖ ഭാവം അത്ര ശരിയല്ലെന്ന് എനിക്ക് തോന്നി. സാധാരണ എന്നോട് കാണിക്കുന്ന സൗഹൃദ ഭാവമില്ല. പ്രത്യേകിച്ചും കണ്ണുകളിലെ വന്യത എന്നെ ഭീതിപ്പെടുത്തി. ഇയാളിപ്പോൾ മരുന്ന് കഴിക്കുന്നത് നിറുത്തിയോ? എന്റെ ഉള്ളൊന്ന് ആളി.

"അവിടെ വീട്ടിൽ ഇരുന്ന് പണിഞ്ഞാൽ ശരിയാവുന്നില്ല...” അയാൾ മുഖവുരയില്ലാതെ പറഞ്ഞു.  എന്റോടെ ഇരുന്നു പണിയാം വിചാരിക്യാണ്. മരോം സാധനങ്ങളും എല്ലാം ഇങ്ങോട്ടു കൊണ്ട്വോരാം".

ഞാൻ ആലോചനയിലാണ്ടു. ഇപ്പോൾ തന്നെ പണി ഇഴഞ്ഞാണ് നീങ്ങുന്നത്. ഇനി അയാളുടെ വീട്ടിൽ കൊണ്ടുപോയാൽ... പക്ഷെ തീരുമാനിച്ച് ഉറച്ച പോലെയാണ് അയാൾ പറയുന്നത്. പെട്ടെന്ന് അയാളുടെ മാനസിക നില എനിക്ക് പിടി കിട്ടി. ദിവസം മുഴുവൻ ജോലിക്കായി അയാൾ എന്റെ വീട്ടിൽ വരുന്നു. ഭാര്യ പല പല വീട്ടു ജോലികളിൽ മുഴുകുന്നു. മുറ്റത്തു കളിക്കുന്ന ചെറിയ കുട്ടികൾ. മുറ്റം കഴിഞ്ഞാൽ മതിലോ വേലിപോലുമോ ഇല്ലാത്ത വഴി. നിറഞ്ഞു കവിയുന്ന കുളം. സ്നേഹ നിധിയായ ഒരു പിതാവിന്റെ ദുർബല മനസ്സിന്റെ വേവലാതികൾ! മരുന്നുകൾക്കും ആശ്വസിപ്പിക്കുവാൻ കഴിയാത്ത, കാടു കയറുന്ന ചിന്തകൾ; ഉറങ്ങാൻ കഴിയാത്ത രാത്രികൾ. എന്റെ ഉള്ളിൽ ഒരു തേങ്ങൽ ഉയർന്നു.

അങ്ങിനെ മരപ്പണി എന്റെ വീട്ടിൽ നിന്നും ചന്ദ്രന്റെ വീട്ടിലേക്ക് മാറ്റപ്പെട്ടു. അത് കൊണ്ട് വലിയ പ്രശ്നമൊന്നുമില്ല. ചന്ദ്രന്ന് അതുമൂലം മനസ്സമാധാനവും ശാന്തിയും കൈവരട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.

ഇതിനിടെ നടന്ന രണ്ടു കാര്യങ്ങൾ പറയുവാൻ വിട്ടു പോയി. ഒന്ന്: എന്റെ ഉദ്യോഗ കയറ്റത്തിന്റെ എഴുത്തു പരീക്ഷ കഴിയുകയും അതിൽ വിജയിക്കുകയും ചെയ്തു. താമസിയാതെ തന്നെ ഇന്റർവ്യൂയും തുടർന്ന് റിസൾട്ടും വരും. ഇപ്പോൾ പ്രൊമോഷൻ കിട്ടേണ്ടത് ഒരത്യാവശ്യമായിരുന്നു; രണ്ടു കാരണങ്ങളാൽ. ഒന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ വീടിന്റെ ലോണിലേക്കുള്ള തിരിച്ചടവ് തുടങ്ങും. വീട് പണി തീർന്നാലും തീർന്നില്ലെങ്കിലും. വരുമാനത്തിന്റെ പകുതിയിലധികം വരും അത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് ഞാൻ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത്. രണ്ട്, മകനെ ഒന്നാം ക്ലാസ്സിൽ ചേർക്കേണ്ട സമയമായിരിക്കുന്നു. പ്രൊമോഷന്റെയോ ട്രാൻസ്ഫെറിന്റെയോ വിവരമറിഞ്ഞു വേണം എവിടെ ചേർക്കണമെന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ. അങ്ങിനെ എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒരു ക്ലൈമാക്സിലേക്ക് നീങ്ങുകയായിരുന്നു.

കോടതിയിൽ ഹാജരാകേണ്ട തീയതി വീണ്ടും വന്നെത്തിയിരുന്നു. അതാണ് രണ്ടാമത്തെ കാര്യം. പതിവ് പോലെ ഞാൻ വക്കീലുമൊത്ത് കോടതിയിലെത്തി. കോടതി കൂടി. കേസ് വിളിച്ചു. രാജേഷിന്റെ പേര് വിളിച്ചപ്പോൾ ആരും വന്നില്ല. കഴിഞ്ഞ തവണത്തെതാത്കാലിക വക്കീൽ’ കേൾക്കാത്ത പോലെ മുന്നിൽ ഇരിക്കുന്നത് ഞാൻ കണ്ടു. നൂറു രൂപയുടെ കാലാവധി കഴിഞ്ഞു കാണും. ഏതാനും നിമിഷങ്ങൾക്ക് ശേഷം മുഖമുയർത്താതെ എന്തോ കുത്തിക്കുറിച്ചുകൊണ്ട് ന്യായാധിപൻ പറഞ്ഞു:

വാറൻറ്!

(വായനയ്ക്ക് നന്ദി. അവസാന ഭാഗം അടുത്ത വെള്ളിയാഴ്ച).

 

12 comments:

  1. മിലൻ കുന്ദേരക്കു പ്രണാമം.സേവ് ദ ഡേറ്റ് ഒരു തരത്തിൽ പറഞ്ഞാൽ പരിധിക്കു പുറത്തായി തോന്നാറുണ്ട് അതും ഈ എഴുത്തിനൊപ്പം തന്നെ വന്നിട്ടുണ്ട്.ചന്ദ്രനെയൊക്കെ ചെറിയ ഓർമ്മ മാത്രം. എന്തായാലും വീടുപണിയുന്നവൻ്റെ ആകുലതകൾ വളരെ കൃത്യമായി അടയാളപ്പെടുത്തിയ മികച്ച എഴുത്തിന് നന്ദി.

    ReplyDelete
  2. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  3. നല്ല വിവരണം, ഗൃഹാതുരത്വമുളവാക്കുന്ന സന്ദർഭങ്ങളും!

    ReplyDelete
  4. നല്ലൊരു വാങ്‌മയ ചിത്രം 😊

    ReplyDelete
  5. മരപ്പണിക്കാരെ ശ്രദ്ധിച്ചരിക്കുന്നു അത് വളരെ നന്നായി എഴുതു വാൻസഹായകമായിരിക്കുന്നു ഹൃദ്യമായ അഭിനന്ദനങ്ങൾ

    ReplyDelete