Monday, September 4, 2023

 

രാധാഷ്ണൻ മാഷ്ടെ മകൻ






മൂന്നു വശവും തൊടുകളാലും ഒരു വശം പുഴയാലും ചുറ്റപ്പെട്ട ഗ്രാമമാണ് പുലാപ്പറ്റ. നാലുപുറവും സമുദ്രമോ കായലോ ആയിരുന്നെങ്കിൽ യഥാക്രമം ദ്വീപെന്നോ തുരുത്തെന്നോ ഒക്കെ വിളിക്കാമായിരുന്നു. ഇതിപ്പോൾ എന്ത് വിളിക്കും? മറ്റെവിടെയും ഇതുപോലെ പുഴകളാലും തൊടുകളാലും ചുറ്റപ്പെട്ട ഭൂപ്രദേശം ഇല്ലാത്തതുകൊണ്ടായിരിക്കുമോ ഭാഷാ പണ്ഡിതന്മാർ ഇതിന് ഒരു ഒറ്റവാക്ക് കണ്ടുപിടിക്കാതിരുന്നത്? എന്തോ!

വർഷങ്ങൾക്ക് മുൻപ് സത്രം കാവിലും ചീനിക്കടവിലും കോരങ്കടവിലും കൊളശ്ശേരിയിലും പുഴയ്ക്കും തൊടുകൾക്കും കുറുകെ പാലങ്ങളില്ലായിരുന്നു. അതുകൊണ്ട് പുലാപ്പറ്റയിലേക്ക് വരുവാനുള്ള ഏക മാർഗം പാലക്കാട് ചെർപ്പുളശ്ശേരി റൂട്ടിൽ പെരിങ്ങോട് വഴിയായിരുന്നു. പെരിങ്ങോട് നിന്നും നാലുകിലോമീറ്റെർ സഞ്ചരിച്ച്, പുലാപ്പറ്റ തോടിന്റെ പാലം കടന്ന്, പുലാപ്പറ്റയിലെത്താം.

പക്ഷെ സംഗതി പറയുന്നത്ര എളുപ്പമായിരുന്നില്ല. പെരിങ്ങോടെത്തുന്ന ഒരാൾക്ക് വല്ലപ്പോഴും ഇടവിട്ടുള്ള ബസ്സ് കാത്തു നിൽക്കണം. അല്ലെങ്കിൽ ആള് തികയുമ്പോൾ എടുക്കുന്ന ജീപ്പിൽ കയറി വരാം; സ്വന്തമായി ഓട്ടോ റിക്ഷ വിളിക്കാം. അതുമല്ലെങ്കിൽ പുലാപ്പറ്റയിലേക്ക് വരുന്ന ഇരുചക്ര വാഹനങ്ങളിലോ കാറിലോ കയറി വരാം. അക്കാലത്ത് കോങ്ങാട് ജോലി ചെയ്തിരുന്ന ഞാൻ സ്കൂട്ടറിലായിരുന്നു ദിവസവും പോവുന്നതും വരുന്നതും. മിക്കവാറും ദിവസവും പെരിങ്ങോട് നിന്ന് ഒരു 'സവാരി' തരമാവും. അത് പരിചയക്കാരനാവാം; അപരിചിതനുമാവാം.

ഒരു ദിവസം അങ്ങിനെ തരമായത് ഒരു അപരിചിതനെയായിരുന്നു. എന്നെക്കാൾ അല്പം പ്രായക്കൂടുതലുള്ള ആൾ. ഇരു ചക്രങ്ങൾ മുന്നോട്ടു നീങ്ങിയപ്പോൾ അയാൾ സംഭാഷണം തുടങ്ങി. "എനിക്ക് മനസ്സിലായില്ലല്ലോ, എവിടെയാണ് വീട്....?"

"ഞാൻ രാധാകൃഷ്ണൻ മാഷ്ടെ മകനാണ്.."

"കടമ്പഴിപ്പുറത്ത്...പി എ രാധാഷ്ണൻ മാഷടെയോ...." അയാളുടെ ശബ്ദം പ്രസന്നമായി. "ന്നെ മാഷ് പഠിപ്പിച്ചിട്ടുണ്ട്.......അല്ലാ… ആളൊന്ന് ലേശം കറുത്ത് പോയല്ലോ..."

"ജന്മനാ ഇങ്ങനെത്തന്നെയാണ്...." ഞാൻ ചിരിച്ചു. കുട്ടിക്കാലത്ത് മുത്തശ്ശൻ ചിരിച്ചുകൊണ്ട് സ്രഷ്ടാവിനെ പഴിച്ചു പാടാറുള്ള കവിതാ ശകലം ഓർക്കുകയും ചെയ്തു: സൃഷ്ടിച്ച മണ്ണിൽ കരി കൂട്ടി ദുഷ്ടൻ....വീട്ടിൽ ഞങ്ങൾ രണ്ടുപേരോടുമാണല്ലോ മൂപ്പർ ഇത്രയും ദുഷ്ടത്തരം കാണിച്ചത്! കുട്ടിക്കാലത്ത് വീട്ടിൽ വരുന്ന രാമേട്ടൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറയുമായിരുന്നു: "ഇത് മുത്തശ്ശൻ തന്നേണ്....അതേ ചേലും തരോം....ആ വയറും കൂടി കിട്ടിയാമതി. ല്ല്യാ....വലുതായ കിട്ടിക്കോളും". മുപ്പതു നാൽപ്പതു വർഷങ്ങൾക്ക് ശേഷം രാമേട്ടന്റെ ആ പ്രവചനം സഫലമാവുന്ന ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ജനിതക ജാതകങ്ങളെ ആർക്കു മാറ്റാനാവും!

"റെയിൽവെയിലല്ലേ ജോലി ചെയ്യുന്നത്...?"

"അല്ല....ഞാൻ ബാങ്കിലാണ്..." അതോടെ അയാൾ മൗനിയായി. അയാളുടെ മനസ്സിൽ ഒരു നിശ്ശബ്ദ കോലാഹലം    നടക്കുന്നത്, സംശയങ്ങൾ, ചോദ്യങ്ങൾ ഉയരുന്നത് ഹെൽമെറ്റിനുള്ളിലൂടെ ഞാൻ അറിഞ്ഞു.

"സുരേഷ് ന്നല്ലേ പേര്.."

"അല്ല……." ഞാൻ പേര് പറഞ്ഞു. ‘അപ്പോൾ പേരും മാറ്റിയോ’ എന്ന് അയാൾ ചോദിക്കുമോ എന്ന് ഞാൻ ഭയന്നു. എന്നാൽ ഭാഗ്യത്തിന് അതുണ്ടായില്ല. പകരം പ്രതീക്ഷയറ്റവനെപ്പോലെ,രണ്ടിലൊന്ന് തീരുമാനിക്കുവാനെന്നോണം അയാൾ ചോദിച്ചു: "അപ്പോൾ രാധാഷ്ണൻ മാഷ്ക്ക് രണ്ടു മക്കളല്ലേ...?" മൂന്നു മക്കളുണ്ടെന്നും മൂത്തവൻ ഈ ഞാനാണെന്നും ഞാൻ അയാളെ അറിയിച്ചു. ഏഴാം ക്ലാസ്സു കഴിഞ്ഞ മുതൽ പഠിത്തം ഒറ്റപ്പാലത്തായിരുന്നു. വല്ലപ്പോഴും മാത്രം നാട്ടിൽ വരുന്നതിനാൽ അധികമാർക്കും രാധാകൃഷ്ണൻ മാസ്റ്റർക്ക് ഇങ്ങനെ ഒരു മകനുള്ള കാര്യം അറിയില്ലായിരുന്നു. ഏതാണ്ട് പത്തു സംവത്സരങ്ങൾ നീണ്ടുനിന്ന വിജ്ഞാനവാസത്തിനു ശേഷം ഞാൻ നാട്ടിൽ തിരിച്ചെത്തിയതായിരുന്നു.

എന്റെ കുട്ടിക്കാലത്ത് ഏറ്റവും അടുത്തുള്ള ഹൈസ്കൂൾ കടമ്പഴിപ്പുറത്തായിരുന്നു. എട്ടു പത്തു കിലോമീറ്റെർ ദൂരെ. അക്കാലത്തു പുലാപ്പറ്റയിലേക്ക് ബസ് സർവീസ് തുടങ്ങിയിട്ടില്ല. പറമ്പുകളും തോടും പാടവും താണ്ടി നടന്നു തന്നെ പോകണം. അതുകൊണ്ടായിരുന്നു ഏഴാം ക്ളാസ് കഴിഞ്ഞപ്പോൾ സ്ഥിരം അസുഖക്കാരനായ എന്നെ ഒറ്റപ്പാലത്ത് പഠിക്കുവാൻ വിട്ടത്.

അച്ഛനും കടമ്പഴിപ്പുറം സ്കൂളിലായിരുന്നു ജോലി ചെയ്തത്. ദിവസവും രാവിലെ അച്ഛൻ കടമ്പഴിപ്പുറത്തേക്ക് നടന്നു. ഉച്ചക്ക് സ്കൂൾ മൈതാനത്തിനരികിൽ കിട്ടുണ്ണി ഗുപ്തൻ എന്ന ആൾ നടത്തിയ ചെറിയ ഹോട്ടലിൽ നിന്നും ഊണ് കഴിച്ചു. വൈകുന്നേരം തിരിച്ചും നടന്നു. ഈ യാത്രയിൽ എല്ലാം നാട്ടിൽ നിന്നും ഉള്ള മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു കൂടെ. ആരോഗ്യവാന്മാർ. പിന്നീടെപ്പോഴോ ഹോട്ടൽ ഊണ് മടുത്തപ്പോൾ ഉച്ചക്കുള്ള ഭക്ഷണം ബാഗിലാക്കി കൊണ്ടുപോയിത്തുടങ്ങി. നടത്തത്തിനു പകരമായി ഒരു സൈക്കിളും വാങ്ങി. പച്ച നിറമുള്ള റാലി സൈക്കിൾ. തനിക്ക് വളരെ പ്രിയപ്പെട്ട ആ വാഹനത്തെ അച്ഛൻ എപ്പോഴും കഴുകിയും തുടച്ചും മിനുക്കി വെച്ചു. ഹാൻഡിൽ ബാറിലെ കൈപ്പിടിയിൽ അറ്റത്ത് തൊങ്ങലുള്ള കവർ ഇട്ടു. പച്ച നിറമുള്ള പ്ലാസ്റ്റിക് കവർ ബ്രേക്കിനും. രണ്ടു ചക്രങ്ങളിലും നടുവിൽ വർണ്ണ രോമങ്ങളുള്ള ബ്രഷുകൾ പിടിപ്പിച്ചു. നല്ല തിളങ്ങുന്ന സ്റ്റീൽ ലൈറ്റും പിൻചക്രത്തിനടുത്ത് അതിന്റെ ഡൈനാമോയും. ആകെക്കൂടി ഒരു സുന്ദരി. പക്ഷെ ഞങ്ങൾ കുട്ടികൾക്ക് അവളുമായി ഇടപഴകുവാൻ അനുവാദമുണ്ടായിരുന്നില്ല.

പുലാപ്പറ്റയിൽ അക്കാലത്ത് വൈദ്യുതി എത്തിയിട്ടില്ലായിരുന്നു. ദിവസവും സന്ധ്യക്ക് മുൻപ് അച്ഛമ്മ നാലഞ്ചു കമ്പിറാന്തൽ വിളക്കുകൾ തുടച്ചു മിനുക്കി മണ്ണെണ്ണ നിറച്ചു വെക്കും. നാട കൊമ്പു കേറി കത്തി ചിലവയുടെ കുപ്പികൾ വല്ലാതെ കരിപിടിച്ചിട്ടുണ്ടാവും. അത് ഉള്ളിൽ ശീലയിട്ട് തുടച്ചു വൃത്തിയാക്കുന്നത് ശ്രമകരമായ പണിയാണ്. അപകടം പിടിച്ചതും. കുപ്പി കയ്യിൽ നിന്നും വഴുതി താഴെ വീണ് പൊട്ടാം; ഉള്ളിൽ കയ്യിട്ടു തുടക്കുമ്പോൾ തള്ള വിരലിനും ചൂണ്ടുവിരലിനും ഇടക്കുള്ള ചർമ്മം നെടുകെ മുറിയാം. എങ്കിലും ആ പണിയിൽ എല്ലാ വിലക്കുകളെയും മറികടന്ന് അച്ഛമ്മയെ സഹായിക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. പൊതുവെ വളരെ മോശമായ നിലയിലുള്ളതെന്തും വൃത്തിയാക്കി എടുക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടു. മഴക്കാലത്ത് ഉപയോഗിക്കാതെ പൂപ്പ് പിടിച്ച ലെതർ ഷൂ പോളിഷ് ചെയ്ത് തിളക്കുന്നത് പോലെ; വൃത്തികേടായായ വാഷ് ബേസിൻ കൊക്കുള്ള പ്ലാസ്റ്റിക് കുപ്പിയിലെ നീല കുഴമ്പ്   ഒഴിച്ച് കഴുകി തിളക്കുന്നത് പോലെ; മുടി ചീകുന്ന ചീർപ്പ് കഴുകി പുത്തനാക്കുന്നത് പോലെ; ചെളി പിടിച്ച കാർ, സ്കൂട്ടർ.... അങ്ങിനെ എന്തും മോശമായത് പുത്തനായി തിളങ്ങുമ്പോൾ വല്ലാത്തൊരു ആനന്ദം കിട്ടുന്നു. (എന്നിരുന്നാലും ഇതൊരു റിട്ടയർമെന്റ് പ്രൊഫഷൻ ആക്കാൻ എനിക്ക് ഉദ്ദേശമില്ല, കേട്ടോ. സോറി).

സന്ധ്യ മയങ്ങിയാൽ പിന്നെ അത്താഴത്തിന് അധികം താമസമില്ല. അതുകഴിഞ്ഞാൽ അച്ഛന്റെ ഒരിക്കലും തെറ്റിയിട്ടില്ലാത്ത പതിവ് തുടങ്ങുകയായി: പിറ്റേ ദിവസത്തെ ക്ളാസ്സിലേക്കുള്ള തയ്യാറെടുപ്പ്. കോലായിൽ ഒരു നീണ്ട ബെഞ്ചും ഡെസ്കും ഉണ്ട്. തുറന്ന അടച്ചുറപ്പില്ലാത്ത കോലായയാണ്. വട്ട തൂണുകളും അതിനു മുകളിലെ താങ്ങും മേഞ്ഞ ഓടിനു താഴെ മരപ്പലക അടിച്ച താഴ് വാരവും. താഴ് വാരത്തിന്റെ വളകളിൽ തൂക്കിയ മുളം തട്ടികകൾ കോലായയെ മുറ്റത്തു നിന്നും മറയ്ക്കുന്നു. മേശയിൽ നിന്നും പുറത്തെടുത്ത ഒരു തടിയൻ ഡിക്ഷ്ണറിയും മറ്റ് ഒന്നോ രണ്ടോ ടെക്സ്റ്റുകളും, ഇംഗ്ലീഷും സോഷ്യൽ സ്റ്റഡീസും ആണ് അവ, പിന്നെ ഒരു കമ്പിറാന്തലും ഡെസ്കിൽ സ്ഥാനം പിടിക്കും. അച്ഛൻ ബഞ്ചിലും ഞങ്ങൾ കുട്ടികൾ ബഞ്ചിലോ ഡെസ്കിനു മുകളിലോ ആയും ഇരിപ്പുറപ്പിക്കും. ഡിക്ഷ്ണറി നോക്കാനാണ് ഞങ്ങൾക്ക് താൽപ്പര്യം. പല വാക്കുകൾക്കും ചെറിയ ചിത്രങ്ങൾ സഹിതം അർഥം വ്യക്തമാക്കുന്ന ഡിക്ഷ്ണറി ആയിരുന്നു അത്. അക്കാലത്ത് ആ ചെറിയ ചിത്രങ്ങളിലായിരുന്നു താല്പര്യമെങ്കിലും പിൽക്കാലത്ത് എനിക്ക് ഡിക്ഷ്ണറി നോക്കൽ ഒരു ശീലമായത് ഈ ദിനചര്യ കാരണമായിരുന്നു.

തട്ടികക്കു പുറത്ത് ഋതുക്കൾ മാറി വന്നു. ഇടവപ്പാതിക്ക് കോരിച്ചൊരിയുന്ന മഴ; ധനുമാസത്തിൽ മഞ്ഞും കുളിരും; സ്‌കൂൾ പൂട്ടാറാവുമ്പോൾ ഉരുകുന്ന ചൂട്. പിന്നെ കാലം തന്നെ മാറി. തട്ടികകൾ പോയി ചുമരുകളായി; കോലായയ്ക്ക് അടച്ചുറപ്പായി. റാന്തലുകൾ മാറി വൈദ്യുത വിളക്കുകളായി. തൊടുകൾക്കും പുഴക്കും പാലങ്ങളായി. സ്‌കൂളിൽ പോകുവാൻ നടന്നോ സൈക്കിൾ ചവിട്ടിയോ ബുദ്ധിമുട്ടേണ്ടതില്ല; ഒറ്റപ്പാലത്തേക്കു പോകുന്ന ബസ്സിലെ തിരക്ക് സഹിച്ചാൽ മതി എന്ന നില വന്നു. പക്ഷെ വർഷങ്ങളുടെ അദ്ധ്യാപനത്തിനു ശേഷവും അച്ഛന്റെ ആ പതിവിന് ഒരു മാറ്റവും ഇല്ലായിരുന്നു.

പിൽക്കാലത്ത് പല പല ആവശ്യങ്ങൾക്കായി എനിക്ക് എത്രയോ ആപ്പീസുകളിൽ കയറി ഇറങ്ങേണ്ടി വന്നു. എല്ലായിടത്തും അച്ഛന് ശിഷ്യന്മാരുണ്ടായിരുന്നു. അവർ ഹൃദ്യമായി പുഞ്ചിരിച്ചു ചോദിച്ചു: രാധാഷ്ണൻ മാഷ്ടെ മകനാണല്ലേ. കാര്യവും എളുപ്പത്തിൽ സാധിച്ചു തന്നു. മഹത്തായ അദ്ധ്യാപകവൃത്തിയുടെ ഗുണഫലങ്ങൾ അടുത്ത തലമുറക്കും കിട്ടുന്നു. ബാങ്കിൽ സഹപ്രവർത്തകർക്കിടയിലും അച്ഛന്റെ ശിഷ്യന്മാരുണ്ടായിരുന്നു. ബാങ്കിലെ വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ അച്ഛൻ അവരെപ്പറ്റിയും ചോദിക്കും: ...അയാൾ ഇപ്പോൾ ഏതു ബ്രാഞ്ചിലാ.. ഏതു പോസ്റ്റിലാ...എന്നിങ്ങനെ. ഒരിക്കൽ ഞാൻ പറഞ്ഞു: ഞങ്ങളുടെ ഡി ജി എമ്മിന്റെ വീട് പെരിങ്ങോടാണ്. പേരും പറഞ്ഞു. അച്ഛൻ പറഞ്ഞു: "എന്റെ ക്ലാസ്സിൽ പെരിങ്ങോട് നിന്നും ആ പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നല്ലോ...".അതെ. അദ്ദേഹം അച്ഛന്റെ ശിഷ്യനായിരുന്നു. ഞാനതു പറഞ്ഞപ്പോൾ ആശ്ചര്യത്തോടെ, സന്തോഷത്തോടെ അദ്ദേഹവും പറഞ്ഞു: ഓ! രാധാഷ്ണൻ മാഷ്ടെ മകനാണോ...!

കുറച്ചു ദിവസം മുൻപ് ചില സാധനങ്ങൾ വാങ്ങുവാനായി ഞാൻ ഒരു കടയിൽ നിൽക്കുകയായിരുന്നു. അവിടെ കടക്കാരനുമായി സൊള്ളിക്കൊണ്ടിരുന്ന ഒരാൾ ഇടക്കിടെ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. എന്നേക്കാൾ അല്പം കൂടുതൽ പ്രായം കാണും. തലമുടി വെളുപ്പാണെങ്കിലും മറ്റു വാർദ്ധക്യ ലക്ഷണങ്ങളൊന്നും തന്നെയില്ല. കുറേ നേരത്തെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അയാൾ ചോദിച്ചു: “രാധാഷ്ണൻ മാഷ്ടെ മകനല്ലേ.....”

"അതെ..". ഞാൻ വിനയത്തോടെ പറഞ്ഞു. പിന്നെ അയാൾ ആഹ്ളാദവാനായി അച്ഛന്റെ ക്ലാസിനെപ്പറ്റിയും അക്കാലത്തെ മറ്റു മാഷന്മാരെയും പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. പക്ഷെ എന്റെ മനസ്സ് മറ്റെവിടെയോ വ്യാപരിക്കുകയായിരുന്നു: അറുപതിലധികം വർഷമായി ഞാൻ ഈ ഭൂമിയിൽ പ്രാണവായു കാർബൺ ഡയോക്സൈഡായി മാറ്റിക്കൊണ്ടിരിക്കുന്നു. മുപ്പത്തെട്ടിലധികം വർഷങ്ങൾ ഒരു പ്രമുഖ ബാങ്കിൽ ജോലി ചെയ്തു. ആധാർ, പാൻ എന്ന് വേണ്ട ഇനി സ്വന്തം പേരിൽ ഇല്ലാത്ത ‘കെ വൈ സി’ കാർഡുകളൊന്നും തന്നെ ഇല്ല. എങ്കിലും അവക്കെല്ലാം ഉപരിയായി നാട്ടിൽ എനിക്ക് ഒരേയൊരു  മേൽവിലാസമേയുള്ളൂ എന്ന് ഞാൻ അറിയുന്നു:

‘രാധാഷ്ണൻ മാഷ്ടെ മകൻ....’









 

16 comments:

  1. നമ്മുടെ ബാല്യത്തിലേക്കുള്ള ഒരു മടക്കയാത്ര! എല്ലാം വരച്ചിട്ട ചിത്രങ്ങൾ പോലെ ഓർമ്മ വരുന്നു. ഒപ്പം അച്ഛന് അർഹിക്കുന്ന മംഗള പത്രവും!

    ReplyDelete
  2. Sreenivasan thekkeppatSeptember 4, 2023 at 7:05 PM

    We, his students like to see him and worship him through his children. That’s a kind of paying back the debt. Don’t worry. Be proud of your father. He was a perfect example for teachers. Thank you for reminding me of one of my favourite teachers.

    ReplyDelete
  3. രാധാകൃഷ്ണൻ മാഷുടെ ശിഷ്യനായതിൽ ഞാൻ അഭിമാനിക്കുന്നു. ഇംഗ്ലീഷിനോട് എന്തെങ്കിലും താൽപ്പര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാഷുടെ ഇംഗ്ലീഷ് ക്ലാസിൽ ഇരുന്നതുകൊണ്ടാണ് ( പഠിച്ചതു കൊണ്ടാണ് എന്നു പറയാൻ പറ്റുമോ എന്നറിയില്ല). കുട്ടിക്കാലത്ത് അച്ഛനോടൊപ്പം അങ്ങയുടെ വീട്ടിൽ വരുമ്പോൾ ആ റാലി സൈക്കിളിൻ്റെ ഭംഗി നോക്കി നിൽക്കും തൊട്ടു നോക്കണമെന്നുണ്ടെങ്കിലും ആ സാഹസത്തിനു മുതിരാറില്ല. ഈ അദ്ധ്യാപക ദിനത്തിൽ പ്രിയപ്പെട്ട മാഷുടെ ഓർമ്മകൾ പങ്കുവെച്ചതിന് നന്ദി പറഞ്ഞാൽ അത് അനൗചിത്യ മാകും. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുന്നിൽ വിനീത പ്രണാമം.

    ReplyDelete
  4. മാഷുടെ ലാളിത്യം ഇംഗ്ലീഷിലെ അവഗാഹം എല്ലാം അസൂയാവഹമാണ്. മാഷുടെ ഇംഗ്ലീഷ് പലപ്പോഴും അവസരമുണ്ടായിട്ടുണ്ട്. ചില ഒഴിവു ക്ലാസുകളിൽ മാഷുടെ സാന്നിധ്യം ഞങ്ങൾ ഏറെ കൊതിച്ചിരുന്നു. ഇംഗ്ലീഷിലെ ചില ഗ്രാമർ ടെക്നിക്കുകൾ എത്ര ലളിതം ആയിട്ടാണ് ഞങ്ങളിൽ എത്തിയിരുന്നത്. മറ്റാർക്കും ആ സിദ്ധി ഉണ്ടായതായി വിശ്വസിച്ചതുമില്ല. ഒരു ശിൽപത്തിന്റെ ചിത്രത്തിന്റെ ഡീറ്റയിലിംഗ് പോലെ എത്ര സുന്ദരമായ എഴുത്തിലൂടെയാണ് മാഷേ ഓർമിപ്പിച്ചത്. നന്ദിയോടെ ആ ഓർമ്മകൾക്കു മുൻപിൽ 🙏

    ReplyDelete
  5. CUP ഗ്രൂപ്പിൽ അദ്ധ്യാപകനെ സ്മരിച്ചു.. ഇനി സ്നേഹനിധിയായ, എന്റെ നാട്ടുകാരനെ ഓർക്കട്ടെ.. ചിന്നക്കുട്ടി ടീച്ചർ എന്ന് നിങ്ങൾ വിളിക്കുന്ന മാധവികുട്ടി ടീച്ചർ എന്ന എന്റെ ചിന്നോപ്പോളുടെ ഒരു നിഴയായി ഞാൻ നടക്കുന്ന കാലം..പല ദിക്കിലും വെച്ച് മാഷെ കാണും.. മിക്കവാറും കോട്ടയിൽ വെച്ച്.. മൂലം നക്ഷത്രം, മുപ്പെട്ടു വെള്ളിയാഴ്ച, ഈ ദിവസങ്ങളിൽ കണിശമായും കോട്ടയിൽ എത്തും മാഷ്.. " രാധാകൃഷ്ണന്റെ നാളാണ് മൂലം " ഒരുദിവസം ചിന്നോപ്പോൾ പറഞ്ഞു.. അവർ തമ്മിൽ സഹോദര സ്നേഹത്തോടെ സംസാരിക്കുന്നത് ഞാൻ നോക്കി നിൽക്കും, കേട്ടുനിൽക്കും. ഒരിക്കൽ ചിന്നോപ്പോൾ പറഞ്ഞു," രാധാകൃഷ്ണന് ഒരു ഏടത്തിയുണ്ടായിരുന്നു.. അമ്മാളു കുട്ടി.. എന്റെ പ്രായമാ... ഒപ്പം പഠിച്ചവരുമാണ്.. പാവം.. അകാലത്തിൽ പൊലിഞ്ഞു പോയി.. ഈ കുട്ടി എനിക്ക് അനിയൻ പോലെ തന്നെ" അകാലത്തിൽ പൊലിഞ്ഞ, ചിന്നോപ്പോളുടെ അറിയാത്ത, കണ്ടിട്ടില്ലാത്ത സുഹൃത്തിന്റെ ഓർമ്മയിൽ എന്റെ കണ്ണും നനഞ്ഞുവോ.. മനസ്സ് തേങ്ങിയോ... ഏതായാലും അന്ന് മുതൽ മാഷെ മറ്റൊരു ഭാവത്തിലും കാണാൻ തുടങ്ങി.. ചിന്നോപ്പോളുടെ സഹോദരൻ എന്റെയും സഹോദരൻ തന്നെ..മാഷ് ആ സ്നേഹം എനിക്കും പങ്കുവെച്ചു, ചിന്നോപ്പോൾക്കെന്നപോലെ.. മരണം വരെ അത് നിലനിർത്താനും കഴിഞ്ഞു.. ആ " ഗുരുത്വം" കൊണ്ടാവാം ശ്രീനിവാസന്റെ കൂടെ അവസാനം ഒന്ന് കാണാനും കഴിഞ്ഞത് .. നന്ദി, ശശി...

    ReplyDelete
    Replies
    1. മാധവികുട്ടി ടീച്ചർ എന്നെയും പഠിപ്പിച്ചിട്ടുണ്ട്. ടീച്ചറുടെ സൗമ്യമായ പെരുമാറ്റവും കളിയുടെ പീരിയഡിൽ കൊടുക്കുന്ന നേതൃത്വവും പാട്ടും എല്ലാം സുഖം തരുന്ന ഓർമകളാണ്. അച്ഛനെപ്പറ്റി എഴുതിയ നല്ല വാക്കുകൾക്കും ഓർമ്മക്കുറിപ്പിനും വളരെ നന്ദി.

      Delete
  6. Gopinath M
    വ്യക്തി മുദ്ര പതിപ്പിച്ച അച്ഛനെ ഒന്നു രണ്ടു തവണ ഞാനും ബാങ്കിൽ വെച്ചു കണ്ടിട്ടുണ്ട്. നിങ്ങളുടെ ആത്മബന്ധ ത്തിന്റെ സ്പന്ദനങ്ങൾ ഞാൻപലതവണ കണ്ടറിഞ്ഞിട്ടുണ്ടു്. രാധാകൃഷ്ണൻ മാഷുടെ വിലാസത്തിൽ അറിയപ്പെടുന്നതും ആ അച്ഛനെ അഭിമാനത്തോടെ സ്മരിക്കുന്നതും മാറ്റുകൂട്ടുകയെയുള്ളു.

    ReplyDelete
  7. ഞാൻ 3 വർഷം കടമ്പഴിപ്പുറം സ്കൂളിൽ പഠിചിരുന്നെങ്കിലും രാധാകൃഷ്ണൻ മാ സ്ററുടെ ക്ലാസ്സിൽ ഇരിക്കാൻ അവസരം കിട്ടിയിരുന്നില്ല .പക്ഷേ വഴിയിൽ കാണുമ്പോഴൊക്കെ സ്കൂളിലെ വിശേഷങ്ങൾ ചോദിച്ചു അറിയുമായിരുന്നു.cup സ്കൂളിലെ വികസന പദ്ധതികളെ കുറിച്ചു നല്ല മതിപ്പായിരുന്നു .അത് പറയാൻ ഒരു മടിയും ഇല്ലായിരുന്നു.ശശിയുടെ ഓർമ്മക്കുറിപ്പ് എല്ലാ അധ്യാപകരക്കും അഭിമാനം പകരുന്നു👏

    ReplyDelete