Saturday, February 24, 2024

 

കൂൺ ഇടി



(Photo Courtesy)


നഗരത്തിലെ വലിയൊരു സൂപ്പർ മാർക്കറ്റിൽ പച്ചക്കറി വിഭാഗത്തിൽ ലക്ഷ്യമില്ലാതെ അലയുകയായിരുന്നു ഞാൻ. ഇപ്പോൾ എല്ലാ പച്ചക്കറികളും എല്ലാ കാലത്തും ലഭിക്കുന്നു. എന്റെ കുട്ടിക്കാലത്ത് ഇതായിരുന്നില്ല സ്ഥിതി. ഓണകാലത്തു മാത്രമേ മിക്കവാറും എല്ലാ പച്ചക്കറികളും കിട്ടുകയുള്ളു. അല്ലാത്തപ്പോൾ അതാത് കാലത്തെ ചക്ക,മാങ്ങ തുടങ്ങിയവ മാത്രം. ഇവിടെ നിരവധി തരം വൈവിദ്ധ്യമാർന്ന പച്ചക്കറികൾ ഭംഗിയായി ശീതീകരിച്ച ഹാളിൽ ആകർഷകമായി അടുക്കി വെച്ചിരിക്കുന്നു. ദേശിയും വിദേശിയും ഉണ്ട്. തക്കാളിയുടെ ചുവപ്പ്, കാരട്ടിന്റെ മഞ്ഞ, ബീറ്റ്‌റൂട്ടിന്റെ കടും ചുവപ്പ്, വഴുതനങ്ങളുടെ വിവിധ വർണങ്ങളും രുപങ്ങളും, മല്ലി മുതൽ ലെറ്റൂസ് വരെയുള്ള ഇലകളുടെ ഹരിതാഭ....എല്ലാം ചേർന്നൊരു വർണ്ണപ്രപഞ്ചം. പുതിനയുടെയും മല്ലിയുടെയും നനുത്ത ഗന്ധം അവിടെ തങ്ങി നിന്നു. ഒരു വരിയുടെ അറ്റത്തുള്ള കള്ളിയിൽ, ചെറിയ സീലു ചെയ്ത പ്ലാസ്റ്റിക് പെട്ടികളിൽ ബട്ടൺ, ഓയിസ്റ്റർ കൂണുകൾ നിരന്നിരിക്കുന്നു. ആ കാഴ്ച എന്റെ മനസ്സിനെ എന്തുകൊണ്ടോ വർഷങ്ങൾക്കു മുൻപുള്ള ഒരു ഇരുണ്ട ഈറൻ കർക്കിടക മാസത്തിലേക്ക്‌ നയിച്ചു.

ചനുപിനെ പെയ്യുന്ന നനുത്ത മഴ തുടങ്ങി ഏറെ ദിവസങ്ങളായിരുന്നു. ആകാശം ഇരുണ്ടു നിന്നു. അന്തരീക്ഷം തണുപ്പ് പിടിച്ചു. അടുക്കളപ്പുറത്തെ തിണ്ണയിൽ കാലും നീട്ടിയിരുന്ന് മുറുക്കുന്നതിനിടയിൽ പാറുക്കുട്ടി ഇളയമ്മ, ഇളയമ്മയെന്നു പറഞ്ഞാൽ മുത്തശ്ശിയുടെ അനുജത്തിയാണ്, പിറു പിറുത്തു:

ആദിത്യ ലഷ്മിയെ കണ്ടിട്ട് ഒരാഴ്ചയായി. മഴെന്നെ...മഴെന്നെ...!

അന്ന് ഉച്ച തിരിഞ്ഞപ്പോൾ ഇടി മുരളുവാൻ തുടങ്ങി. ദൂരെ ദൂരെ ഏതോ ക്ഷേത്രത്തിലെ ഉത്സവ വെടിക്കെട്ടിന്റെ പതിഞ്ഞ ശബ്ദം കാറ്റിൽ ഒഴുകി വരുന്നത് പോലെ. ഇടിയാണോ വെടിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അത്ര സൗമ്യം. പാറുക്കുട്ടി ഇളയമ്മ വിളിച്ചു പറഞ്ഞു:

കുട്ട്യോളെ കൂൺ ഇടി വെട്ട്ണ് കേട്ട്വോ....ന്ന് കൂണ് വിരിയും.... 

ഞങ്ങൾ ഉറങ്ങുന്നത് വരെ ഇടിയുടെ മുരളൽ തുടർന്നു. രാവിന്റെ പശ്ചാത്തല സംഗീതം പോലെ.

പ്രഭാതമായപ്പോഴേക്കും മഴ ശമിച്ചിരുന്നു. അല്പം കഴിഞ്ഞപ്പോൾ ആകാശവും തെളിഞ്ഞു. 'ആദിത്യ ലഷ്മി' യും ആദ്യ കിരണങ്ങളിലൂടെ വരവറിയിച്ചു. അമ്മ പറഞ്ഞു:

പൊന്നമ്പല ഏട്ടോ.... തൊടീല് കൂണ് ണ്ടോ നോക്കിൻ. ഇന്നലെ ഇടി വെട്ടീതല്ലേ...

ഞങ്ങൾ മുറ്റത്തും പൊന്നമ്പലേട്ടൻ തൊടിയിലും കൂണിനായി തിരച്ചിൽ തുടങ്ങി. വെട്ടുകല്ലിന്റെ മുറ്റത്ത് രണ്ടു മൂന്നു കൂൺ മൊട്ടുകൾ മുളച്ചു പൊന്തിയിരുന്നത് ഞങ്ങൾ കണ്ടു. കുളക്കടവിൽ നീർക്കോലി കല്പടവിനിടയിലൂടെ പുറത്തിട്ടു കിടക്കുന്ന അതിന്റെ തല പോലെ. മിനുത്ത ചാരനിറമാർന്ന കൂണുകൾ. കൈകൊണ്ടു വലിച്ചാൽ അവ കിട്ടില്ലായിരുന്നു. ഞങ്ങൾ പിശ്ശാങ്കത്തി കൊണ്ട് കല്ലിൽ കുത്തിക്കുഴിച്ച് ചെറിയ കൂണുകൾ സന്തോഷാതിരേകത്തോടെ വലിച്ചെടുത്തു.

കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം പൊന്നമ്പലേട്ടനും തൊടിയിൽ നിന്നും ഉള്ള തന്റെ കണ്ടെത്തലുമായി വന്നെത്തി. അയാളുടെ കയ്യിൽ ഒരു തേക്കില കുമ്പിളിൽ വെളുത്ത കുടപോലുള്ള നാലഞ്ചു വലിയ കൂണുകളും എതാനും വെളുത്ത മൊട്ടുകളും ഉണ്ടായിരുന്നു!

വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അമൂല്യ നിധിയെ എല്ലാവരും സന്തോഷത്തോടെ കണ്ടു. എങ്കിലും സാധനം കമ്മിയായതിൽ പലർക്കും വിഷമവും ഉണ്ടായി.

ആകെ ത്രേ ഉള്ളൂ ല്ലേ. വേറെ എവിടെങ്കിലും ഉണ്ടാവോ പൊന്നമ്പലേട്ടാ...

പൊതുവെ ദേഷ്യക്കാരനായ പൊന്നമ്പലേട്ടന്ന് ശുണ്ഠി വന്നു.

ഞാൻ നട്ടുണ്ടാക്കീതൊന്ന്വല്ല ഇത്. ഇതെന്നെ കിട്ടീത് ഭാഗ്യം...

പാറുക്കുട്ടി ഇളയമ്മ പറഞ്ഞു:

വരും കൊല്ലം നോക്ക് പറമ്പിലും പാടത്തും ഒക്കെ കൂണിന്റെ വിത്ത് വാങ്ങി നട്ട് ണ്ടാക്കണം. 

പിന്നെ അവർ സസ്യ ശാസ്ത്രത്തിലെ അജ്ഞത കാരണം നിഗൂഢമായി തന്റെ ആ തമാശ ആസ്വദിച്ചു ചിരിച്ചു. കൂണിന് വിത്തില്ലാലോ!

അമ്മ ഉച്ചക്ക്ഇന്നത്തെ സ്പെഷ്യൽ’ തയ്യാറാക്കുവാൻ ശ്രമം തുടങ്ങി. ചെറിയ ഉള്ളിയും ചുവന്ന മുളകും ഉപ്പും ചേർത്തരച്ച് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയ കൂൺ മാരിനെറ്റ് ചെയ്തു. ചീനച്ചട്ടിയിൽചീനച്ചട്ടിയിൽ വെക്കാൻ മാത്രമുള്ള  സാധനമൊന്നുമില്ല; കരണ്ടിയായാലും മതി, അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി വറുത്തെടുത്തു. പിന്നെ അത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം രണ്ടു പിടി ചോറെടുത്ത് ചീനച്ചട്ടിയിൽ ഇളക്കിയെടുത്തു. ഊണിനു മുൻപ് ചുവന്ന ചോറിന്റെ ഓരോ ഉരുള കിട്ടി ഞങ്ങൾക്ക്. ഞാൻ ഒരു കഷ്ണം കൂണും ചേർത്ത് ചുവന്ന ഉരുള വായിൽ വെച്ച് ചവച്ചു.

വൗ! 

വൗ! എന്തൊരു എരുവ്! എന്തൊരു സ്വാദ്! പിന്നെ എന്തൊരു..എന്തൊരു....മഹാനു...ഭവം...!

സ്വാദൊന്ന് അപഗ്രഥിച്ചു വിവരിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ അതിനു മാത്രം സാധനമെവിടെ! കടയിൽ വാങ്ങാൻ കിട്ടുമെങ്കിൽ അടുത്ത ദിവസം വാങ്ങി വീണ്ടും പരീക്ഷിക്കാമായിരുന്നു.  പക്ഷെ അടുത്ത വർഷം പോലും ആകാശങ്ങൾ കനിഞ്ഞ് കൂൺ ഇടി വെട്ടുമോ   എന്ന് ആർക്കറിയാം!

കാലം മാറി. കൂണിന് വിത്തുണ്ടെന്നും (Spores)  വീട്ടിൽ പ്രത്യേക സാഹചര്യമൊരുക്കി അത് വർഷം മുഴുവൻ വളർത്താമെന്നും ഉള്ള സസ്യ ശാസ്ത്ര അറിവിനായി പാറുക്കുട്ടി ഇളയമ്മയോ പൊന്നമ്പലേട്ടനോ കാത്തു നിന്നില്ല...ആ കൂൺ സ്വാദിന്റെ കാര്യത്തിൽ ഇടി വെട്ടു കൂണിന്റെ സ്വാദിന് അടുത്തൊന്നും വരില്ലെങ്കിലും!.

എന്നെ തിരക്കി കയറി ഒരു നാല് വയസ്സുകാരി പെൺകുട്ടി ഒരു പെട്ടി കൂൺ കൈക്കലാക്കി. അവൾ അമ്മയോട് ചിണുങ്ങി പറഞ്ഞു:

മമ്മി, വാണ്ട് മഷ്റൂം ഫ്രൈ..

അവൾ അമ്മ ഉന്തിക്കൊണ്ട് നടന്ന സ്റ്റീൽ വണ്ടിയിലേക്ക് പെട്ടി നിക്ഷേപിച്ചു. ഞാൻ അവളെ അനുഗ്രഹിച്ചു:

മിടുക്കീ..നിനക്കെങ്കിലും രുചി അപഗ്രഥിച്ച് വിവരിച്ച് എഴുതുവാൻ കഴിയട്ടെ!

4 comments:

  1. തിരിഞ്ഞു നോക്കുമ്പോൾ, നിസ്വാർത്ഥമായി നമ്മളെ സ്നേഹിച്ച് ഒന്നും തിരിച്ചു വാങ്ങാൻ നിൽക്കാതെ , ഒരടയാളവും ശേഷിപ്പിക്കാതെ തിരിച്ചു പോയവരുടെ ഒരു നീണ്ട നിര ! കുണിൻ്റെ രുചിക്കൊപ്പം ഒരു നൊമ്പരമായി അനുഭവ പ്പെടുന്ന നല്ല രചന

    ReplyDelete
  2. അതേ ഇടിവെട്ടി വീട്ടിലെ തൊടിയിൽ വിരിഞ്ഞു ഉണ്ടാവുന്ന കൂൺ ന്റെ സ്വദ് ഒന്നും മാർക്കറ്റിലെ കൂണിന് കിട്ടില്ല

    ReplyDelete
  3. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

    ReplyDelete