വാഴൈ
(Spoiler
Alert: Contains part of the film story)
(Poster Courtesy)
തിക്കും
തിരക്കും ബഹളവും നിറഞ്ഞ നഗര ജീവിതത്തിനിടയ്ക്ക് നിങ്ങൾക്ക് സ്വച്ഛ്‌വും ശാന്തവും ആയ
ഒരു ദിവസത്തെ ഗ്രാമജീവിതം കിട്ടിയാൽ എങ്ങിനെ ഇരിക്കും? അൽപ സ്വല്പം കുറവുകളും അസൗകര്യങ്ങളും
ഉണ്ടായാൽ പോലും അതൊരു പ്രത്യേക അനുഭവമായിയ്ക്കും തീർച്ച. ക്രൈമും സസ്‌പെൻസും ത്രില്ലും
മറ്റും നിറഞ്ഞ ചിത്രങ്ങളുടെ വേലിയേറ്റത്തിനിടയിൽ അത്തരത്തിലൊരു ആശ്വാസം നൽകുന്ന തമിഴ്
ചിത്രമാണ് "വാഴൈ". മലയാളത്തിൽ അടുത്തിടെ വന്ന "വാഴ" അല്ല ഇത് എന്ന്
പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. "കർണ്ണൻ" തുടങ്ങിയ നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത
മാരി സെൽവരാജ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
1999
ൽ തൂത്തുക്കുടിക്ക് അടുത്ത് ഒരു ഗ്രാമത്തിൽ നടന്ന ദുരന്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്
ഈ ചിത്രത്തിന്റെ കഥ മെനഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും
കുട്ടികളും എല്ലാം ജോലി ചെയ്യുന്നത് അവിടുത്തെ പ്രധാന കൃഷിയായ വാഴത്തോട്ടങ്ങളിലാണ്.
വലിയ വാഴക്കുലകൾ തലച്ചുമടായി കുറെ ദൂരം കടത്തി ലോറിയിൽ കയറ്റുന്നതാണ് ജോലി. ജോലിക്കു
പോകാനായി ലോറി രാവിലെ വന്ന് അവരെ കയറ്റി പോകും. വൈകീട്ട് ജോലി കഴിഞ്ഞ് വാഴക്കുലകൾ കയറ്റിയ
ലോറിയുടെ മുകളിൽത്തന്നെ ഇരുന്നു വേണം തിരിച്ചു വരുവാൻ. അവർക്ക് ഒരു വാഹന സൗകര്യം ഏർപ്പെടുത്താൻ
മുതലാളിയോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അത് ചെവിക്കൊണ്ടില്ല.
ഗ്രാമത്തിലെ
സ്കൂളിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ ദൈനം ദിന ചെയ്തികളെ പിൻപറ്റിയാണ്
സംവിധായകൻ കഥ ചുരുളഴിക്കുന്നത്. ശിവാനന്ദനും ശേഖറും. ശിവാനന്ദൻ പഠിത്തത്തിൽ കേമനാണെങ്കിലും
ശേഖർ പിന്നോക്കമാണ്. ഒഴിവു ദിനങ്ങളിൽ രണ്ടു പേരും വീട്ടിൽ നിന്നുള്ള നിർബന്ധം കാരണം
കായ ചുമക്കുവാൻ പോകും: ആ ജോലി തീരെ ഇഷ്ടമല്ലെങ്കിലും. ശിവാനന്ദന്റെ ചേച്ചിയും അമ്മയും
എല്ലാം ഈ ജോലി തന്നെ ചെയ്യുന്നു. എന്നിട്ടും അവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ
പാട്പെടുന്നു.
ശിവാനന്ദന്റെയും
ശേഖറിന്റെയും നിർദോഷമായ കൊച്ചു കൊച്ചു കുസൃതികളിലൂടെയും തെറ്റുകളിലൂടെയും അതിന്റെ പശ്ചാത്താപങ്ങളിലൂടെയും
ആണ് കഥ മുന്നേറുന്നത്. ഒപ്പം കായ മുതലാളിയുടെ ചൂഷണവും അതിനെതിരെയുള്ള ഗ്രാമീണരുടെ സംഘടിത
ചെറുത്തു നിൽപ്പും ശിവാനന്ദന്റെ ചേച്ചിയുടെ പ്രണയവും എല്ലാം കടന്നു വരുന്നുണ്ട്. ചെറിയ
തോതിൽ. ഒന്നും കടുത്തനിറങ്ങളുള്ള ചിത്രങ്ങളാവാതിരിക്കാൻ സംവിധായകൻ ബോധപൂർവം മനസ്സ്
വെച്ച മട്ടുണ്ട്. ഒരുപക്ഷെ കടുത്ത വർണങ്ങളെല്ലാം ഒടുവിലേക്ക് വേണ്ടി മാറ്റി വെച്ചതുമാവാം.
അറിയപ്പെടുന്ന
അഭിനേതാവ് അല്ലെങ്കിൽ അഭിനേത്രി ആയി നിഖില വിമൽ മാത്രമാണ് ഈ ചിത്രത്തിലുള്ളത്. അവർക്കാകട്ടെ
ചിത്രത്തിന് അല്പം താരമൂല്യം കൊടുക്കുകയെന്നതിലുപരി കാര്യമായൊന്നും ചെയ്യാനുമില്ല.
എന്നാൽ കുട്ടികളുടെയും മറ്റു ഗ്രാമീണരുടെയും റോളുകൾ കൈകാര്യം ചെയ്ത, താരതമ്യേന അറിയപ്പെടാത്ത
നടീനടന്മാർ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. തമിഴ്‌നാടൻ ഗ്രാമ ജീവിതം അവതരിപ്പിക്കുന്നതിൽ സംവിധായകനുള്ള
മിടുക്ക് മുൻപ് "കർണ്ണൻ" എന്ന ചിത്രത്തിലും കണ്ടതാണ്. ഭാരതി രാജയെയും ബാലചന്ദറെയും
ഓർമ്മിപ്പിക്കുന്നതായി ആ ഗ്രാമ ചിത്രം. ചിത്രത്തിന്റെ പൊതു സ്വഭാവത്തിന് ചേർന്ന് നിൽക്കുന്നതായി
സന്തോഷ് നാരായണന്റെ പാട്ടുകളും പശ്ച്ചാത്തല സംഗീതവും. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും
മനോഹരം.

No comments:
Post a Comment