Saturday, February 15, 2025

 

ദുബായ് കാഴ്ചകൾ 1

(Photo Courtesy)


പണ്ട് പണ്ട്.... വിവര സാങ്കേതിക വിദ്യയും അനുബന്ധ സേവനങ്ങളും യുവാക്കൾക്ക് തൊഴിൽ മേഘലയായി മാറുന്നതിനു മുൻപ്, വീട്ടിൽ ഒരു ആൺ കുഞ്ഞു ജനിക്കുമ്പോഴേ വീട്ടുകാർ പ്രാർത്ഥിക്കും: ഇവൻ വലുതായി, ദുബായിൽ പോയി കുടുംബം രക്ഷപ്പെടുത്തണെ, ദൈവമേ.... പെൺകുട്ടിയാണെങ്കിൽ, ഇവൾ വലുതായി ഒരു ദുബായിക്കാരന് കെട്ടിച്ചു കൊടുക്കാൻ പറ്റണെ, ദൈവമേ... എന്നായിരിക്കും പ്രാർത്ഥന. അങ്ങിനെ ആരുടെയെങ്കിലും മോഹം സാധിച്ചാൽ അയല്പക്കങ്ങളിലും അതിന്റെ സന്തോഷം അലയടിക്കും!

കിഴക്കേലെ ഗോപാലകൃഷ്ണന്റെ മകൾക്ക് കല്യാണം ഒറച്ചൂ.... ത്രേ. ദുബായിക്കാരനാന്നാ കേട്ടേ.... കല്യാണം കഴിഞ്ഞ് പിന്നത്തെ വരവിന് അവള്ടെ അനിയനേം ദുബായി കൊണ്ടയി ജോലി ആക്കാന്ന് പറഞ്ഞിട്ടുണ്ട് ത്രേ.. എന്തായാലും ഗോപാലകൃഷ്ണൻ രക്ഷപ്പെട്ടു..

അങ്ങിനെ ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷയും സ്വപ്നവും യാഥാർഥ്യവും ഭാഗ്യവും പലരുടെയും നിരാശയും കഷ്ടപ്പാടും എല്ലാം എല്ലാമായ ദുബായിലേക്ക് ഈ അർദ്ധ രാത്രി ഇതാ ഞാൻ പറന്നിറങ്ങിയിരിക്കുകയാണ്. കൂടെ ഉഷയും മകളും മരുമകനുമുണ്ട്. ഉഷയുടെ സഹോദരി ദീപയും ഭർത്താവ് മണിയും മകൻ നീരുവും അബുധാബി എയർപോർട്ടിൽ നിന്നും ഞങ്ങളെ കൂട്ടി ദുബായിലേക്ക് പോവുകയാണ്.

ഇരുവശത്തോട്ടും ആറു വരി പാത പരന്നു കിടക്കുന്നു. വിലകൂടിയ വലിയ കാറുകൾ അതിവേഗത്തിൽ പാഞ്ഞു പോവുന്നു. പാതയോരത്ത് ഹൈമാസ്‌റ് വിളക്കുകൾ വെള്ളി വെളിച്ചം ചൊരിഞ്ഞ് വരി നിരന്ന് സ്വാഗതമോതുന്നു. വിളക്ക് കാലിന്റെ മുകൾ ഭാഗത്ത് വെളിച്ചം വീഴുന്നതിനാൽ ദൂരെ ഇരുണ്ട ആകാശത്ത് തെളിഞ്ഞു നിൽക്കുന്ന വാൽനക്ഷത്രങ്ങൾ പോലെ ഉണ്ട് അവ.

അബുധാബി നഗരത്തിന്റെ പരിധി കടന്നതോടെ കെട്ടിടങ്ങൾ മാറി മരുഭൂമിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പിന്നെ ഞങ്ങൾ ദുബായ് എമിറേറ്റിന്റെ പരിധിയിൽ കടന്നു. വെള്ളി വാൽനക്ഷത്രങ്ങൾക്ക് പകരം സ്വർണ വാൽ നക്ഷത്രങ്ങൾ സ്ഥാനം പിടിച്ചു.

വർഷങ്ങളായി ക്ഷണിച്ചു കൊണ്ടിരിക്കുന്നതാണ് ദീപ. ഇത്രയും കാലം പോകുവാൻ സാധിച്ചില്ല. MD പരീക്ഷ കഴിഞ്ഞതിനാൽ ഞങ്ങൾ പോകുന്നു എന്ന് മകളും മരുമകനും പറഞ്ഞപ്പോൾ ഇനി വൈകിക്കേണ്ടെന്ന് കരുതി. അങ്ങിനെ ഇതാ ഇവിടെ, ഡിസ്കവറി ഗാർഡൻ എന്ന അവരുടെ വാസ സ്ഥലത്ത് ഞങ്ങൾ എത്തിയിരിക്കുന്നു.  സമയം ഏതാണ്ട് പ്രഭാതമാകാറായി. നല്ല മഞ്ഞും തണുപ്പും ആയിരുന്നു പുറത്ത്.

നാലുദിവസമായിരുന്നു ദുബായ് കാഴ്ചകൾക്കായി ഞങ്ങൾക്കുള്ളത്. നാലു ദിവസം കൊണ്ട് ഒന്നും ആവില്ല... അത്രയേറെ ഉണ്ട് കാണുവാൻ. ദീപ പറഞ്ഞു. എനിക്കും ഉഷയ്ക്കും ദിവസങ്ങൾ നീണ്ടു പോയാലും കുഴപ്പമില്ല. പക്ഷെ ജോലിക്കാരായ മകളുടെയും മരുമകന്റെയും സ്ഥിതി അതല്ലല്ലോ. അതിനാൽ നാലു ദിവസത്തിൽ സാദ്ധ്യമാവുന്നത് പരമാവധി ആസ്വദിക്കുക. അതേ വഴിയുള്ളു. അങ്ങിനെ ഞങ്ങൾ രാവിലെ തന്നെ കാറിൽ പുറപ്പെട്ടു. പകലും സുഖകരമായ തണുപ്പുള്ള കാലാവസ്ഥയായിരുന്നു. നമ്മുടെ നാട്ടിലെ ധനു മാസം പോലെ. ദുബായിൽ ഇത്തരത്തിലൊരു കാലാവസ്ഥയുള്ള കാര്യം എനിക്ക് അജ്ഞാതമായിരുന്നു.

എത്ര വൃത്തിയുള്ള റോഡുകൾ! റോഡ് സൈഡിൽ കടകളോ വാഹനങ്ങളുടെയും ആളുകളുടെയും തിരക്കോ ഒന്നും കാണുന്നില്ല. ഒരു നഗരത്തിന്റെയോ തെരുവിന്റെയോ നമ്മുടെ മനസ്സിലുള്ള ചിത്രത്തിൽ നിന്നും വളരെ വിഭിന്നം. കടകളെല്ലാം വലിയ മാളുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുകയാണെന്ന് തോന്നുന്നു. റോഡിലൂടെ വലിയ വിലപിടിപ്പുള്ള കാറുകൾ ഒഴുകി നീങ്ങുന്നു. ചെറിയ കാറുകളും ഇന്ത്യൻ ബ്രാൻഡുകളായ മാരുതിയും ടാറ്റയും മറ്റും കാണുന്നേയില്ല. ഇരു ചക്ര വാഹനങ്ങളുടെ തികഞ്ഞ അഭാവമാണ് എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഗതി. അപൂർവമായി എപ്പോഴെങ്കിലും ഒരു ഇരുചക്രവാഹനം കണ്ണിൽ പെടുന്നത് ഫുഡ് ഡെലിവറി ബോയ് സിന്റേതായിരുന്നു. സാമ്പത്തികമായി വൻകിട കാറുകൾ ഉപയോഗിക്കുവാൻ പര്യാപ്തരായിരിക്കാം ഇവിടെയുള്ളവർ. എങ്കിലും ഇന്ത്യൻ യുവ ജനതയുടെ രക്തത്തിലെ ടൂ വീലർ എന്ന ഹരം ഇവിടുത്തെ യുവ രക്തത്തിലും ഉണ്ടാവില്ലേ? വർഷത്തിൽ ഭൂരിഭാഗവും കനലാളുന്ന സൂര്യനായിരിക്കണം ആ ഹരം ഇല്ലാതാക്കുന്നത്. ഞാൻ വിചാരിച്ചു.

കൂറ്റൻ കെട്ടിടങ്ങളും ടവറുകളും അതിരിടുന്ന ചക്രവാളം. ദുബായ് ലാൻഡ് മാർക്കുകൾ ഓരോന്നായി അടുത്ത് വരികയായിരുന്നു. അടുത്ത കാലത്ത് വാർത്തകളിൽ പ്രത്യക്ഷപ്പെട്ട ഫ്യൂച്ചർ മ്യുസിയം (Museum of the Future) ആയിരുന്നു ആദ്യം കണ്ണിൽ പെട്ടത്. ജ്യോമെട്രിയിൽ "റിങ് ടോറസ്" (Ring Torus) എന്ന് വിളിക്കുന്ന രൂപത്തിലാണ് അത്യാകർഷകമായ ഈ കെട്ടിടത്തിന്റെ നിർമാണം. അറബിക് സൂക്തങ്ങളും കവിതയും കാലിഗ്രാഫി മാതൃകയിൽ എഴുതിയതുപോലെ ജനലുകൾ രൂപ കൽപ്പന ചെയ്തിരിക്കുന്നു. അദ്ഭുതകരമായ നിർമ്മിതി!

പൊതുവെ മ്യുസിയങ്ങൾ ഭൂതകാലത്തേക്ക് കണ്ണും നട്ടാണ് ഇരിക്കുന്നത്. ചരിത്രം അതിന്റെ ഇടനാഴികളിലും തളങ്ങളിലും ഉറങ്ങി കിടക്കുന്നുണ്ടാവും. കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ട പലതും അവർ വീണ്ടെടുത്ത് തങ്ങളുടെ ഗർഭത്തിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു: വരും തലമുറയ്ക്ക് പരിചയപ്പെടുത്തുവാനായി. എന്നാൽ ഏഴു നിലകളിലായി നിലകൊള്ളുന്ന ഫ്യൂച്ചർ മ്യൂസിയം ഭാവിയിലേക്കാണ് ഉറ്റു നോക്കുന്നത്. നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ് തുടങ്ങിയ വിഷയങ്ങളിലാണ് പ്രദർശനം ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. പ്രദർശന ഹാളുകളിലേക്കുള്ള ടിക്കറ്റുകൾ ഒരാഴ്ചത്തേക്ക് വിറ്റുപോയതിനാൽ നിഭാഗ്യവശാൽ ഞങ്ങൾക്ക് പ്രദർശനം കാണുവാൻ സാധിച്ചില്ല. എങ്കിലും കെട്ടിടത്തിന് ഉള്ളിലേക്ക് പ്രവേശനമുണ്ട്. അതിനാൽ താഴത്തെ നിലയിലും ഒന്നാം നിലയിലും ചുറ്റി നടന്ന് കെട്ടിടത്തിന്റെ തനിമ ആസ്വദിക്കുവാനായി.  ഏതാനും സമയം ചിലവഴിച്ച ശേഷം ഞങ്ങൾ ഭാവിയോട് വിടപറഞ്ഞ് വർത്തമാനത്തിലേക്ക്, ഇളം ചൂടുള്ള വെയിലിലേക്ക്, തിരിച്ചിറങ്ങി.

 അടുത്ത ദുബായ് കാഴ്ചയുമായി വീണ്ടും കാണാം. വൈകാതെ.

1 comment:

  1. നല്ല വിവരണം ; കൂടുതൽ കാഴ്ച്ചാ വിവരണങ്ങൾക്ക് കാത്തിരിക്കുന്നു.

    ReplyDelete