ഡ്രൈവിംഗ് ലൈസൻസ്
"മുഖം"
വിഷു പതിപ്പിൽ പ്രസിദ്ധീകരിച്ച എന്റെ ചെറുകഥ താഴെ കൊടുക്കുന്നു. മുഖം വിഷു പതിപ്പ്
വായിക്കുവാനുള്ള ലിങ്ക് കമന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട്. മുഖം മാസികയ്ക്കും അനിൽ പെണ്ണൂക്കര
മാഷിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.
സാമാന്യം ദീർഘമായ ഒരു യാത്രയ്ക്കിടെ, ഒരു ഞെട്ടലോടെ ഞാൻ ഓർത്തു:
ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാനുള്ള സമയം കഴിഞ്ഞു പോയല്ലോ.....! ആ ഷോക്കിൽ ഞാൻ കാർ റോഡിന്റെ ഒരു വശത്തേക്ക് ഒതുക്കി നിറുത്തി.
മുന്നോട്ടുള്ള യാത്രയിൽ ഏതെങ്കിലും വളവിൽ, മരച്ചുവട്ടിൽ നില്കുന്ന വെളുത്ത സ്കോർപ്പിയോ കാറും കൈ വീശി കാർ ഒരു വശത്തേക്ക് ഒതുക്കാൻ ആംഗ്യം കാണിക്കുന്ന പോലീസുകാരനെയും ഞാൻ ഭാവനയിൽ കണ്ടു. ടയറിൽ കാലുവെച്ച് ബോണ്ണറ്റിൽ ഒരടുക്ക് പേപ്പറിൽ എന്തെല്ലാമോ എഴുതുന്ന
കൂളിംഗ് ഗ്ലാസ് ധരിച്ച ഇൻസ്പെക്ടർക്കു മുന്നിൽ എനിക്ക് മുന്നേ പോയ കാറുകാർ ഓച്ഛാനിച്ച് നിൽക്കുന്നു.
ഹോ..! അത്തരമൊരു രംഗം എങ്ങിനെ അഭിമുഖീകരിക്കും.
ഞാൻ വിയർത്തു. എന്തായിരിക്കും ശിക്ഷ?
വലിയ പിഴ? എന്നോടും ഉഷയോടും ബസ്സിൽ വന്നുകൊള്ളാൻ പറഞ്ഞ് കാർ അവർ സ്റ്റേഷനിലേക്ക് കൊണ്ടുപോവുമോ?
അതോ കൂളിംഗ് ഗ്ലാസ് വെച്ചിട്ടുണ്ടെങ്കിലും നല്ലവനായ ജനമൈത്രി ഇൻസ്പെക്ടർ
" ഇപ്രാവശ്യം പൊയ്ക്കോളൂ മാഷേ,
എത്രയും വേഗം ലൈസൻസ് പുതുക്കണം
" എന്ന് പറഞ്ഞ് പൊയ്ക്കൊള്ളാൻ പറയുമോ....
എന്റെ പരിഭ്രമം കണ്ട് ഉഷ ചോദിച്ചു:
എന്തുപറ്റി...?
ലൈസൻസ് പുതുക്കുവാൻ വിട്ടു പോയി.
ഞാൻ പറഞ്ഞു.
നിങ്ങൾ കുറെ ദിവസമായി പറയുന്നതല്ലേ പുതുക്കാറായി എന്ന്.
എന്നിട്ടും മറന്നോ...
കുറ്റപ്പെടുത്തുന്ന സ്വരമായിരുന്നു അത്.
പറഞ്ഞിട്ട് കാര്യമില്ല.
പറ്റിപ്പോയില്ലേ. അല്ലങ്കിലും അവൾക്ക് കുറ്റപ്പെടുത്തുവാൻ അവകാശമുണ്ട്.
അവളുടെ ലൈസൻസ് എല്ലായ്പ്പോഴും യഥാസമയം ഓർമ്മവെച്ച് പുതുക്കാറുണ്ട്.
കഷ്ടപ്പെട്ട് 'H' ഇട്ട് നേടിയതാണ് അത്.
‘പിന്നെ എന്താണ് പ്രശ്നം....
ഉഷ ഓടിച്ചാൽ പോരെ’ എന്ന് നിങ്ങൾ ചോദിക്കും. പൊതുജന നന്മയെ കരുതി അവൾ വാഹനം ഓടിക്കാറില്ല
എന്നതാണ് സത്യം. കേവലം ഒരു അഡ്രസ് പ്രൂഫായി മാത്രം ജോലി ചെയ്യാനായിരുന്നു അവളുടെ ലൈസൻസിന്റെ നിയോഗം.
ഞാൻ ബാഗെടുത്ത് ലൈസൻസ് പരിശോധിച്ചു.
കാലാവധി കഴിഞ്ഞ് മൂന്നു ദിവസമേ ആയുള്ളൂ.
സമാധാനത്തിനായി ഉടനെ ഒരു ഡ്രൈവർ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു.
‘കാലാവധി കഴിഞ്ഞാലും ഗ്രേസ് പീരീഡ് ഉണ്ട്.
പേടിക്കേണ്ട’. സുഹൃത്ത് സമാധാനിപ്പിച്ചു.
അതോടെ എനിക്ക് ശ്വാസഗതി സാധാരണ നിലയിലായി. വണ്ടി സ്റ്റാർട് ചെയ്യാമെന്നായി.
ഒടുവിൽ, വഴിയിൽ സ്കോർപ്പിയോ സംഘത്തെ നേരിടാതെ തന്നെ യാത്ര വിജയകരമായി പര്യവസാനിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലത്ത് കോങ്ങാട് ജോലിചെയ്യുമ്പോഴായിരുന്നു അവിടെ ഒരു ഡ്രൈവിംഗ് സ്കൂൾ ഉൽഘാടനം ചെയ്യപ്പെട്ടത്.
ആദ്യ ബാച്ചിലെ തന്നെ
'അലുമ്നസ്' ആയാൽ അത് എന്നെന്നും ഓർമ്മിക്കപ്പെടുന്ന ഒരു സംഗതിയാവും.
മാത്രവുമല്ല, ഒരു കൈത്തൊഴിൽ പഠിച്ചിരിക്കുന്നത് നല്ലതാണ്.
ബാങ്കിലെ ജോലിയുടെ കാര്യമൊന്നും പറയാൻ പറ്റില്ല.
അങ്ങനെയെല്ലാം കണക്കു കൂട്ടി ആദ്യ ബാച്ചിൽ തന്നെ പഠിതാവായി ചേർന്നു.
നാട്ടുകാരനായ ഒരു സുഹൃത്ത് മുരളിയും ഉണ്ടായിരുന്നു.
അങ്ങനെ ബാങ്കുസമയം കഴിഞ്ഞ് ആദ്യ ദിവസം ഞാനും മുരളിയും ക്ലാസ്സിൽ ഹാജരായി.
തിരുമാന്ധാംകുന്നിലമ്മയുടെ മുറ്റത്തുവെച്ചായിരുന്നു ലഘുവായ തിയറി ക്ളാസ്.
പ്രാക്ടിക്കൽ തുടങ്ങുന്നതും അവിടെനിന്നു തന്നെ.
കൃശഗാത്രനായ ഒരു യുവാവായിരുന്നു ഗുരു.
ഇരുണ്ട നിറം. താടി വേഷം. സ്കൂൾ മാനേജർ സന്തോഷ പൂർവം ഞങ്ങളെ ഗുരുവിന്ന് പരിചയപ്പെടുത്തി.
ഗുരു ഞങ്ങളെ അടി മുതൽ മുടി വരെ ഒന്ന് ഇരുത്തി നോക്കി.
ആ മുഖത്ത് അശേഷം സന്തോഷം കണ്ടില്ല.
വൈകുന്നേരത്തെ ആ സ്ലോട്ടിൽ ഞങ്ങൾ മാത്രമായിരുന്നു പഠിതാക്കൾ.
ഗുരു ഞങ്ങളെ പഠനോപകരണത്തിലേക്ക് നയിച്ചു.
പണ്ടെങ്ങോ കഴിഞ്ഞുപോയ യൗവ്വനകാലത്തിന്റെ മധുര സ്മരണകൾ അയവിറക്കി മൈതാനത്തിനറ്റത്ത് ഒരു ജീപ്പ് കിടക്കുന്നുണ്ടായിരുന്നു.
അതായിരുന്നു ഇന്നത്തെ പഠനോപകരണം.
ഉപകരണങ്ങൾ മൂന്നുണ്ടെന്നും ഗുരു അദ്ദേഹത്തിന്റെ അന്നന്നത്തെ ഇംഗിതം പോലെ ഓരോ ദിവസം ഓരോന്നാണ് പഠനത്തിനായി കൊണ്ടുവരിക എന്നും പിന്നീട് മനസ്സിലായി.
അതിവൃദ്ധനായ ഒരു കറുത്ത അംബാസഡർ,
ടെമ്പോ ട്രാൿസ് എന്ന് ഞാൻ ഊഹിക്കുന്ന,
ഇപ്പോഴും തീർച്ചയില്ലാത്ത,
ദീർഘ ചതുരാകൃതിയിൽ പെട്ടിപോലെ മുൻവശമുള്ള ഒരു വാഹനം എന്നിവയായിരുന്നു മറ്റു പഠനോപകരണങ്ങൾ.
ആദ്യ ദിവസം ഗുരുവിനൊപ്പം കോക്ക്പിറ്റിൽ ആദ്യം ഇരിക്കാനുള്ള സൗഭാഗ്യം എനിക്കായിരുന്നു.
ഗുരു ക്ലച്ച്, ബ്രേക്ക്, ഗിയർ തുടങ്ങിയവയെ പരിചയപ്പെടുത്തിയശേഷം പ്രപഞ്ച ശക്തികളെ ധ്യാനിച്ച് ഞാൻ വാഹനം ഓടിക്കുവാൻ തുടങ്ങി.
കോങ്ങാട് ഭഗവതി ക്ഷേത്ര പറമ്പിൽ നിന്നും അഞ്ചു കിലോമീറ്റെർ ദൂരെ എഴക്കാട് കുന്നപ്പുള്ളിക്കാവ് മൈതാനം വരെ. തുടക്കവും അവസാനവും ക്ഷേത്രങ്ങളായത് യാദൃച്ഛികം മാത്രം.
ഇതിനിടയിൽ ബസ്സിൽ പോകുമ്പോഴൊന്നും തോന്നിയിട്ടില്ലാത്തത്ര മാരക ജംക്ഷനാണ് ചല്ലിക്കൽ എന്ന് അന്നെനിക്ക് ബോദ്ധ്യമായി.
ഒരു ട്രാൻസ്പോർട് ബസ്സ് മുന്നിൽ കയറ്റി നിറുത്തിയതും ഒരു ഓട്ടോ റിക്ഷ കുറുകെ വന്നതും എല്ലാംപെട്ടെന്നായിരുന്നു.
ആ സന്ദിഗ്ദ്ധ ഘട്ടത്തിൽ ഗുരു തന്റെ സ്വന്തം ക്ലച്ചും ബ്രേക്കും പൊതുവായ സ്റ്റിയറിങ്ങും മിന്നൽ വേഗത്തിൽ പ്രയോഗിച്ച് അപകടം ഒഴിവാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ. മുന്നറിയിപ്പൊന്നുമില്ലാതെ ഞാൻ പ്രയോഗിക്കുന്ന സ്റ്റിയറിങ്ങിൽ ഗുരു കയറിപ്പിടിച്ചത് അറിഞ്ഞൊ അറിയാതെയോ ഞാൻ ശക്തിയുകതം ചെറുത്തത് ഗുരു പിന്നീട് ശക്തമായ ഭാഷയിൽ അപലപിച്ചു.
“എട്ടേ...ഞാൻ സ്റ്റിയറിങ്ങിൽ പിടിച്ചാ നിങ്ങ ലൂസാക്കി വിടണം,
കേട്ടോളിൻ....”. ഗുരു താക്കീത് ചെയ്തു.
രണ്ടാം ദിവസം കറുത്ത അംബാസ്സഡറിന്റെ ഊഴമായിരുന്നു.
ഞങ്ങൾ ഉള്ളിൽ കയറി.
കാർ പുറമെ നിന്ന് കാണുന്നതിലധികം അവശനായിരുന്നു ഉള്ളിൽ നിന്നും കണ്ടാൽ.
ഡോറുകളുടെ ഉൾവശം അപ്പ്ഹോൾസ്റ്ററി കീറി ഓട്ടപ്പെട്ടും ലോഹഭാഗങ്ങൾ തുരുമ്പിച്ചും കാണപ്പെട്ടു.
ഞാൻ ഡോർ അടച്ചത് ആവശ്യത്തിലധികം ശക്തിയിലായിപ്പോയി.
കാറ് മൊത്തം ഒന്ന് കിലുങ്ങി കുലുങ്ങി.
"ഇത് പോളിക്ക്വോ..... ഏട്ടേ
...?" ഗുരു ഗൗരവത്തിൽ ചോദിച്ചു.
അടുത്ത തവണ ഭയപ്പാടോടെയായിരുന്നു ഞാൻ ഡോറടച്ചത്. ദുർബലമായ ഒരു ‘ടിക്ക്’ വന്നെങ്കിലും ഡോർ കട കടാന്ന് ആടിക്കൊണ്ടിരുന്നു. വീണ്ടും തുറന്ന് അടക്കുവാൻ ഗുരു ആജ്ഞാപിച്ചു.
ഫലം തഥൈവ. "ഞാൻ അപ്പൊ എന്തോ പറഞ്ഞൂച്ചിട്ട്....
നിങ്ങ അടയ്ക്കിൻ". ഗുരു മുരളിയോട് പറഞ്ഞു.
എന്തായാലും പഠനകാലത്തെ എന്റെ ഏറ്റവും വലിയ പേടിസ്വപ്നം ആ കാറിന്റെ ഡോറടയ്ക്കൽ ആയിരുന്നു.
പഠനം കഴിഞ്ഞു. ഞങ്ങൾ ഗുരുവിന്ന് ദക്ഷിണ കൊടുത്തു. പരീക്ഷാ ദിനം വന്നെത്തി. അന്ന് ഇപ്പോഴത്തേതുപോലെ
'H', 'ക്ഷ', 'ഞ്ഞ' തുടങ്ങിയ അക്ഷര രൂപത്തിൽ കമ്പി കുത്തി നിർത്തി അതിനിടയിലൂടെ കമ്പി തട്ടാതെ കാറോടിക്കലൊന്നും ഉണ്ടായിരുന്നില്ല.
തങ്ങളുടെ വാഹനത്തിൽ, (ഉള്ളതിൽ മികച്ച പഠനോപകരണം), പരീക്ഷാർത്ഥികളെയും കയറ്റി അതാത് സ്കൂൾ മാനേജർമാർ പാലക്കാട് കോയമ്പത്തൂർ ദേശീയ പാതയിൽ ചെല്ലും.
യൂണിഫോമിട്ട ഇൻസ്പെക്ടർ ഒരു കെട്ട് കടലാസ്സുകളുമായി കോക്ക്പിറ്റിൽ ഇടതുവശത്തിരിക്കും.
വലതുവശത്ത് ഓരോരുത്തരായി ഇരുന്ന് പരീക്ഷാർത്ഥികൾ അദ്ദേഹം പറയുന്ന പോലെ ഓടിച്ചു കാണിക്കണം.
അതാണ് ടെസ്റ്റ്.
അങ്ങനെ ആദ്യ പരീക്ഷാർത്ഥി കയറി.
ഫസ്റ്റ് ഗിയറിലിട്ട് വണ്ടി എടുത്തോ…
ഇൻസ്പെക്ടർ പറഞ്ഞു. പയ്യൻ വണ്ടി എടുത്തു. രണ്ടിലിട്…
ഇൻസ്പെക്ടർ പറഞ്ഞു. ദേശീയ പാതയാണ്. എതിരെ വലിയ പാണ്ടിലോറികൾ ഭാരം കയറ്റി വരുന്നുണ്ട്.
അതിവേഗത്തിൽ അവയെ മറികടന്ന് കാറുകളും.
പയ്യൻ ഒന്ന് വിറച്ചു. ഇൻസ്പെക്ടർ പെട്ടെന്ന് സ്റ്റീയറിഗിൽ കയറിപ്പിടിച്ചു. ടയറുകൾ ഞരങ്ങി.
ഇടിവെട്ടും പോലെ അയാൾ അലറി:
"ഏത് കോണത്തിലേക്ക് ആടോ വണ്ടി തിരിക്കണ്
...?"
പിറകിൽ ഊഴം കാത്തിരുന്ന ഞാനും മറ്റു പരീക്ഷാർത്ഥികളും വിറച്ചു.
സ്വന്തം കാൽച്ചുവട്ടിലെ ക്ലച്ചും ബ്രേക്കും പ്രയോഗിച്ച് ഇൻസ്പെക്ടർ വണ്ടി റോഡോരത്ത് നിറുത്തി.
"ഇവൻ ആദ്യേ വരട്ടെ…”.
അയാൾ ഒരു കടലാസ് പിറകിലിരുന്ന സ്കൂൾ മാനേജർക്ക് എറിഞ്ഞു കൊടുത്തു.
അടുത്ത ഊഴം എന്റേതായിരുന്നു.
ഫസ്റ്റിലിട്ട് വണ്ടി എടുക്ക്.
ആദ്യ നിർദ്ദേശം ദൂരെ എങ്ങോ നിന്നെന്ന പോലെ എന്റെ കാതിൽ മുഴങ്ങി.
ഏതെല്ലാമോ ദൈവങ്ങളെ ധ്യാനിച്ച് ഞാൻ വണ്ടിയെടുത്തു.
സെക്കൻഡ്..... അലൗകിക ശബ്ദം വീണ്ടും ഉയർന്നു.
തേർഡ്...ഫോർത്ത്..... സിഗ്നൽ കാണിച്ച് സൈഡാക്കി നിറുത്ത്…
വണ്ടി നിന്നു. എനിക്ക് ശ്വാസം നേരെ വീണു.
ജീവിതത്തിലെ ഒരു വലിയ കടമ്പ കടന്നു കിട്ടി. അങ്ങനെ കഷ്ടപ്പെട്ട് നേടി, കാലാകാലങ്ങളിൽ പുതുക്കി വന്ന ലൈസൻസാണ് ഇപ്പോൾ കാലാവധി കഴിഞ്ഞിരിക്കുന്നത്.
ഇനി ഇപ്പോൾ വീണ്ടും ടെസ്റ്റ് കൊടുക്കേണ്ടി വന്നാൽ പാസ്സാവില്ലെന്ന് ഉറപ്പ്.
ലൈസെൻസ് പുതുക്കാൻ
എന്തായാലും ഞാൻ ഭയപ്പെട്ടതുപോലെ ഒന്നും ഉണ്ടായില്ല.
പേപ്പറുകളെല്ലാം ശരിയാക്കി ജനസേവന കേന്ദ്രക്കാർ
ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതുക്കിയ ലൈസൻസ് കയ്യിൽ തന്നു.
ജനസേവനകേന്ദ്രത്തിന് നന്ദി!

No comments:
Post a Comment