കഫെ മോണ്ടേഗർ
(Café Mondegar)
“ഇന്ന് നമുക്ക് മുംബയിലെ ഒരു ഐകോണിക് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാം”. മകൾ പറഞ്ഞു.
വല്ലപ്പോഴുമുള്ള
മുംബൈ സന്ദർശനത്തിനായി വന്നതായിരുന്നു ഞങ്ങൾ. ഒരു നേരമെങ്കിലും
പുറത്ത് ഹോട്ടലിൽ പോയി കഴിക്കുന്നത് ഇപ്പോൾ ബന്ധു സന്ദർശനങ്ങളുടെ ഒരു ഒഴിവാക്കുവാനാവാത്ത ചടങ്ങായി മാറിയിട്ടുണ്ട്. അതില്ലെങ്കിൽ അതിഥിയ്ക്കും ആതിഥേയർക്കും മനസ്സിന് സംതൃപ്തിയുണ്ടാവില്ല.
“കഫെ
മോണ്ടേഗർ. പാർസി റെസ്റ്റോറന്റ്”. അവൾ കൂട്ടിച്ചേർത്തു.
അങ്ങനെ രാത്രി എട്ടു മണിയോടെ ഞങ്ങൾ കൊളാബയിലെത്തി. തിരക്കുള്ള തെരുവിൽ ഒരു മൂലയിലായിരുന്നു ‘കഫെ മോണ്ടേഗർ’. കഫെയിൽ ഇരിക്കുവാൻ സ്ഥലമില്ലായിരുന്നു. ഒരു വെയിറ്റർ വന്ന് ഞങ്ങളോട് വെയിറ്റർമാരാവാൻ ആവശ്യപ്പെട്ടു. അതിൻപ്രകാരം വഴിവാണിഭക്കാർ കയ്യേറിയ തിരക്കുള്ള ആ ഫുട് പാത്തിൽ ഞങ്ങൾ കാത്തുനിന്നു. കടകളിൽ നിന്നുള്ള വർണ്ണ വെളിച്ചത്തിൽ ഫുട് പാത്തിലൂടെ ആളുകൾ തിക്കി തിരക്കി നടന്നു. ആധുനിക, അൽപ, വസ്ത്രധാരികളായ പെൺകുട്ടികളും ആൺകുട്ടികളും ആയിരുന്നു ഭൂരിഭാഗവും.
അൽപ സമയത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക്ക് പ്രവേശനം കിട്ടി. ഹാൾ നിറയെ സമചതുരത്തിലുള്ള ചെറിയ മേശകളും ചുറ്റും നാല് കസേരകളുമായിരുന്നു. ഒഴിഞ്ഞ ഒരു മേശയ്ക്കു ചുറ്റും ഞങ്ങൾ ഇരുന്നു. മെനു വിവരങ്ങൾ മേശയിൽ തന്നെ ഒട്ടിച്ച നിലയിലായിരുന്നു. ന്യൂജൻ ആതിഥേയർ മേശ നോക്കി ഭക്ഷണം തീരുമാനിക്കുന്നതിനിടയിൽ ഞാൻ ചുറ്റുപാടും നോക്കി. ഹാളിന്റെ ചുമരുകളിലുള്ള ചിത്രങ്ങൾ എന്നെ അത്ഭുത സ്തബ്ധനാക്കി. ഒരുകാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മരിയോ മിറാൻഡ എന്ന കാർട്ടൂണിസ്റ്റിന്റെ ചിത്രങ്ങളായിരുന്നു അവ.
മിറാൻഡയുടെ കാർട്ടൂൺലോകത്തിലെ എല്ലാവരും ഉണ്ട് ആ ചുമരുകളിൽ. കോട്ടും ടയ്യും ധരിച്ച വലിയ വയറുള്ള കോർപൊറേറ്റ് എക്സിക്കുട്ടീവ്, സ്ഥൂലിച്ച ശരീരമുള്ള, ജുബ്ബ ധരിച്ച രാഷ്ട്രീയ നേതാവ്, ഇറുകിയ സ്ലീവെലെസ്സ് വസ്ത്രം ധരിച്ച മദാലസയായ യുവതി, ചെവികൾ ഒടിഞ്ഞു തൂങ്ങിയ നായ അങ്ങനെ അങ്ങനെ... ചുമരുകളിൽ മാത്രമല്ല, മേശപ്പുറത്തിരുന്ന കപ്പുകളിലും പ്ലേറ്റിലും ടിഷ്യു പേപ്പർ ഹോൾഡറിൽ പോലും ആ കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്നു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
റെസ്റ്റോറന്റ് എന്റെ കണ്മുന്നിൽ നിന്നും മാഞ്ഞുപോയി. കൗമാര പ്രായത്തിലുള്ള ഞാനിപ്പോൾ ഇരിക്കുന്നത് ഒറ്റപ്പാലത്തെ ഒരു വലിയ വായന ശാലയിലാണ്. ചേർത്തിട്ട വലിയ മര മേശകൾക്ക് ചുറ്റിനുമുള്ള കസേരകളിൽ ഒന്നിൽ. എനിക്ക് എതിരെ ഇരിക്കുന്ന മദ്ധ്യവയസ്കന്റെ കയ്യിലുള്ള, എനിയ്ക്കു പ്രിയപ്പെട്ട വീക്കിലി അയാൾ താഴെ വെക്കുന്നതും നോക്കി അക്ഷമനായി മറ്റേതോ മാസിക മറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്. ‘ഇല്ലസ്ട്രെയ്റ്റഡ് വീക്കിലി ഓഫ് ഇന്ത്യ’ (The Illustrated Weekly of India) എന്നാണ് അതിന്റെ പേര്. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വീക്കിലി. ടൈംസ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണ ശാലയുടെ അഭിമാനം. സായിപ്പന്മാർക്ക് ശേഷം ഖുഷ് വന്ത് സിങ്, എം വി കാമത്ത് തുടങ്ങിയ പ്രഗത്ഭർ എഡിറ്റർമാരായ പ്രസിദ്ധീകരണം.
ആർ കെ ലക്ഷ്മണന്റെ രാഷ്ട്രീയ കാർട്ടൂണുകളും കാരിക്കേച്ചറുകളും ആ വീക്കിലിയെ സമ്പന്നമാക്കി. ഒപ്പം സമാനതകളില്ലാത്ത, പേരെഴുതിയില്ലെങ്കിലും എവിടെ കണ്ടാലും തിരിച്ചറിയുന്ന, മരിയോവിന്റെ രാഷ്ട്രീയേതര കാർട്ടൂണുകളും ചിത്രങ്ങളും. വീക്കിലിയുടെ രണ്ടു മുഴുവൻ പേജുകളും കോമിക്കുകൾക്കും കോമിക്ക് സ്ട്രിപ്പുകൾക്കുമായി മാറ്റിവെച്ചിരിക്കുന്നു. ഫാന്റം, മാൻഡ്രേക്ക്, ബീറ്റിൽ ബെയ്ലി, പീനട്ട്സ് തുടങ്ങി ഒട്ടേറെ. എല്ലാം എനിക്ക് പ്രിയപ്പെട്ടവ. പിന്നെ പ്രധാന വിഭവങ്ങളായ രാഷ്ട്രീയ വിശകലനങ്ങളും വിലയിരുത്തലുകളും മറ്റു സമകാലിക വിഷയങ്ങളും. പ്രീതീഷ് നന്ദി എന്ന ഒരു എഡിറ്ററുടെ വരവോടെ ആ വീക്കിലി സാവകാശം ക്ഷയിച്ച് ഓർമ്മയായി എന്നത് ദുഖകരം തന്നെ.
പരീക്ഷണങ്ങളാൽ ദുരന്തപൂർണ്ണമായിരുന്നു ആ പര്യവസാനം. വർഷങ്ങളായി വായനക്കാർ പരിചയിച്ച വീക്കിലിയുടെ വലുപ്പം പെട്ടെന്ന് ഒരു ലക്കത്തോടെ വളരെ ചെറുതായി. കുറച്ച് ആഴ്ചകൾ കഴിഞ്ഞപ്പോൾ പെട്ടെന്ന് രൂപം സാധാരണക്കാരുടെ കൈകളിൽ ഒതുങ്ങി വായിക്കാൻ പറ്റാത്ത വിധം വലുതായി. വീണ്ടും പെട്ടെന്ന് ഒരു ദിവസം വീക്കിലി പോയി അതൊരു ടാബ്ലോയിഡ് പേപ്പർ ആയി മാറി. അപ്പോഴേക്കും പ്രചാരം പത്തിലൊന്നായി കൂപ്പുകുത്തിയിരുന്നു. അതോടെ ഇനി നഷ്ടം സഹിക്കാൻ വയ്യെന്ന് പറഞ്ഞ് മാനേജ്മെന്റ് വീക്കിലി അടച്ചു പൂട്ടി. അങ്ങനെ ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓർമ്മയായി.
ഭക്ഷണമെത്തിയതോടെ ഞാൻ റെസ്റ്റാറ്റാന്റിൽ തിരിച്ചെത്തി. ഇപ്പോഴാണ് ഞാൻ മറ്റു കാര്യങ്ങൾ ശ്രദ്ധിച്ചത്. നമ്മുടെ ഇഷ്ട ഗാനങ്ങൾ പ്ലൈ ചെയ്തു കേൾക്കാവുന്ന ‘ജൂക്ക്ബോക്സ്’ ഹാളിൽ ഒരിടത്ത് സ്ഥാപിച്ചിട്ടുള്ളത് ഇവിടുത്തെ ഒരു ആകർഷണമാണ്. ‘കഫെ’ എന്നാണ് പേരെങ്കിലും ഇതൊരു ബിയർ പാർലർ ആണ്. ജനം ക്യൂ നിന്ന് തിക്കിത്തിരക്കുന്നത് വെറുതെയല്ല!
പ്രായഭേദമെന്യേ സ്ത്രീകളും പുരുഷന്മാരും വലിയ മഗ്ഗുകളിൽ ചുണ്ടു ചേർത്ത് ബിയർ നുണഞ്ഞുകൊണ്ടിരിക്കുന്നു. കുടുംബത്തോടെ നുണയുന്നവർക്കായി മേശയ്ക്കു നടുവിൽ രണ്ടടിയിലധികം പൊക്കമുള്ള ബിയറും ഐസും നിറച്ച, ചെറിയ ഉലക്ക പോലുള്ള ഗ്ലാസ്സ് സിലിണ്ടറും പ്രതിഷ്ഠിച്ചിട്ടുണ്ട്. 'ബിയർ ജിറാഫ്’ ഡിസ്പെൻസർ എന്നാണ് ഈ ഉലക്ക ഭൈരവന്റെ പേരെന്ന് ഞാൻ പിന്നീട് ഗവേഷണം നടത്തി കണ്ടുപിടിച്ചു.
"മദ്യം ആരോഗ്യത്തിന്
ഹാനികരം" തുടങ്ങിയ നിയമപ്രകാരമുള്ള സൂക്തങ്ങൾക്ക് പകരം ഇവിടെ ചുമരിലും വിൽപ്പനയ്ക്കായി തൂക്കിയിട്ട ടി ഷർട്ടിലും മറ്റും
ഇടം പിടിച്ച സൂക്തങ്ങൾ രസകരമായി തോന്നി.
Reality
is an illusion caused by alcohol deficiency.
Save water, drink beer.
In wine there is truth. In
beer there is joy.
എന്തായാലും ഞങ്ങൾ ആ പ്രലോഭനങ്ങളിൽ
വീഴാതെ
ഖരവിഭവങ്ങൾ
മാത്രം
അകത്താക്കി. ഭക്ഷണം മികച്ചത് തന്നെ. കഴിച്ചുകൊണ്ടിരിക്കുമ്പോൾ
ഞാൻ
കൂടെയുള്ള ന്യൂജെന്നിനോട് ചോദിച്ചു: ഈ ചുമരിലെ ചിത്രങ്ങൾ ആരുടേതാണെന്ന് അറിയാമോ? സ്വാഭാവികമായും അവർക്ക് അറിയില്ലായിരുന്നു. കൗമാരത്തിൽ എന്നെ ത്രസിപ്പിച്ച ചിത്രകാരനും ചിത്രങ്ങൾക്കും ഒരു തലമുറയ്ക്കപ്പുറം ആയുസ്സില്ലെന്നത് എന്നെ ദുഖിപ്പിച്ചു.
1932 ൽ പാർസികൾ തുടങ്ങിയ ഈ റസ്റ്റോറന്റ് 1990 കളിൽ പുതുക്കി പണിതപ്പോഴാണ് ചുമർ ചിത്രങ്ങൾക്കായി അവർ മരിയോയെ സമീപിക്കുന്നതും അദ്ദേഹം ആ ചുമർ ചിത്രങ്ങൾ ഒരുക്കുന്നതും. എന്തായാലും വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന്റെയും ചിത്രങ്ങളുടെയും ഓർമ്മ നിലനിറുത്തുന്നതിന് കാരണക്കാരായ കഫേ മോണ്ടേഗർ
റെസ്റ്റോറന്റ് ഉടമസ്ഥർക്ക് അഭിനന്ദനങ്ങൾ! നന്ദി.


No comments:
Post a Comment